റെഡ് ബുക്ക് ഡേ ഓർമപ്പെടുത്തുന്നു,
വിപ്ലവകാരിയായ ഒരു എഴുത്തുകാരിയുടെ ജീവിതം

1848 ഫെബ്രുവരി 21 ന് ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ ഇംഗ്ലീഷ് വിവർത്തനം 1850-ലാണ് പുറത്തുവന്നത്. ഹെലൻ മാക്ഫർലെയ്ൻ എന്ന വിപ്ലവകാരിയായ പത്രപ്രവർത്തകയായിരുന്നു വിവർത്തക. വിവർത്തനം പുറത്തുവന്ന് ഒരു വർഷത്തിനുശേഷം, അവർ പൊതുമണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷയായി. വിപ്ലവചിന്താലോകത്തിന്റെ തിളയ്ക്കുന്ന സാന്നിധ്യമായി നിലകൊണ്ടിരുന്ന ഒരു വനിത മുഖ്യധാരയിൽനിന്ന് ഇത്ര പെട്ടെന്ന് എന്തുകൊണ്ടാണ് അപ്രത്യക്ഷയായത്?

തേതരമായ മറ്റൊരു ഗ്രന്ഥവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെപ്പോലെ ഇത്രയും തീവ്രവും അഗാധവുമായ നിലകളിൽ ലോകത്തെ പിടിച്ചുകുലുക്കിയിട്ടില്ല. എത്രയെത്ര സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും രാസത്വരകങ്ങളായിട്ടായിരുന്നു ആ ലഘുഗ്രന്ഥം ചരിത്രത്തിന്റെ നാഡീഞരമ്പുകളിലേക്ക് പടർന്നുകയറിക്കൊണ്ടിരുന്നത്.

1848 - നു ശേഷം ലോകചരിത്രം ദർശിച്ച എല്ലാ വിപ്ലവാഭിലാഷങ്ങളുടെയും പോരാട്ടസ്വരൂപങ്ങളുടെയും ജൈവ ഇന്ധമായി പ്രതിപ്രവർത്തിച്ചത് ആ ഗ്രന്ഥത്തിലെ ആശയലോകങ്ങളുടെ സൂക്ഷ്മതയായിരുന്നു. പാരീസ് കമ്യൂണും റഷ്യൻ വിപ്ലവും ചൈനീസ് വിപ്ലവവും ക്യൂബൻ വിപ്ലവപോരാട്ടങ്ങളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സ്വപ്നപ്രതീക്ഷകളുടെ ഏറ്റവും സമരോത്സുകങ്ങളായ ആവിഷ്‌ക്കാരങ്ങളായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആശയലോകങ്ങൾ ഇനിയും കടന്നുചെല്ലാത്ത ആധുനികമായ ഏതെങ്കിലുമൊരു ഭാഷയും ദേശവുമുണ്ടോ എന്ന കാര്യം സംശയമാണ്. അത്രയ്ക്ക് അതിവിപുലവും അത്യഗാധവുമായിട്ടായിരുന്നു ആ വിപ്ലവഗ്രന്ഥം മനുഷ്യലോകത്തിന്റെ സ്വപ്നങ്ങൾക്കും പുതു പ്രതീക്ഷകൾക്കുമൊപ്പം സഞ്ചരിച്ചത്.

ഇന്ന് കാണുന്ന ഈയൊരു ലോകത്തിന്റെ പുരോഗമനപരവും വിപ്ലവാത്മകവുമായ വശങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നതിൽ മാനിഫെസ്റ്റോയുടെ ധൈഷണിക പ്രായോഗിക ജീവിതം വഹിച്ച പങ്ക് പറഞ്ഞറിയിക്കാനാകാത്തതാണ്. പണിയെടുക്കുന്ന മനുഷ്യരോടും അടിച്ചമർത്തപ്പെട്ടവരോടും ഇത്രത്തോളം ശാസ്ത്രീയമായി ഐക്യപ്പെട്ടിട്ടുള്ള മറ്റൊരു രചനയും ലോകത്തിതുവരെ ഉണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെ ചൂഷണമെന്ന ചരിത്രാവസ്ഥ നിലനിൽക്കന്നിടത്തോളം കാലം ചരിത്രത്തിന്റെ സമൂർത്തതകൾക്കനുസരിച്ച് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും നിലനിൽക്കും. അതുകൊണ്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിലെഴുതിയ മാനിഫെസ്റ്റോയിലെ ഓരോ ഖണ്ഡികയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നമ്മുടെ കാലഘട്ടത്തിനാണ് കൂടുതൽ യോജിക്കുന്നതെന്ന് ലോക പ്രശസ്ത മാർക്‌സിസ്റ്റ് ചിന്തകനായ സമിർ അമിൻ നിരീക്ഷിക്കുന്നത്.

കമ്യണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട് 175 വർഷം പിന്നിട്ടിരിക്കുന്നു. എന്നാൽ മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണ ദിനമായ ഫെബ്രുവരി 21 ചുവപ്പു പുസ്തകദിനമായി ആചരിക്കപ്പെടാൻ തുടങ്ങിയിട്ട് അഞ്ച് വർഷങ്ങൾ ആകുന്നതേയുള്ളൂ. ഫെബ്രുവരി 21 - നെ ഇപ്പോൾ നമ്മൾ കൂടുതൽ ഗാഢമായി അറിയാനും പ്രചരിപ്പിക്കാനും ആഘോഷിക്കാനും തുടക്കമിട്ടതിന്റെ ചരിത്രസന്ദർഭമെന്തായിരുന്നു? മുമ്പെല്ലാ കാലങ്ങളിലും ഉണ്ടായിരുന്നെങ്കിലും അതിനെക്കാൾ ഭീകരവും ഭയാനകവുമായ നിലകളിൽ ലോകത്തിന്റെ ഭൂരിപക്ഷം ഇടങ്ങളിലും തീവ്രവലതുപക്ഷ ശക്തികളുടെ അയുക്തികതയും അശാസ്ത്രീയതയും മേൽക്കൈ നേടിക്കൊണ്ടിരിക്കുന്ന ഒരു സവിശേഷ സന്ദർഭത്തിലാണ് അതിനെതിരെയുള്ള സാംസ്‌കാരികവും ധൈഷണികവുമായ പ്രതികരണമെന്ന നിലയിൽ 2020 ഫെബ്രുവരി 21 ചുവപ്പു പുസ്തകദിനമായി ആചരിക്കാൻ തീരുമാനിക്കപ്പെടുന്നത്. ഇന്ത്യയിലെ ലെഫ്റ്റ് വേഡ് ഉൾപ്പെടെയുള്ള ലോകത്തിലെ ഇടതുപക്ഷ പുരോഗമന പ്രസാധകരുടെ ഐക്യവേദിയായിരുന്നു ഈ ചുവപ്പു പുസ്തകദിനത്തിന് ആരംഭം കുറിക്കുന്നത്.

redbooksday.org home page

ഇന്ത്യയിലാകട്ടെ നരേന്ദ്ര ധാബോൽക്കറും ഗോവിന്ദ് പൻസാരെയും ഗൗരി ലങ്കേഷും കൽബുർക്കിയും ഉൾപ്പെടെയുള്ള പുരോഗമന ചിന്തകർ വധിക്കപ്പെടുകയും അയുക്തികതയുടെ ഹിന്ദുത്വരാഷ്ട്രീയ സിദ്ധാന്തത്തിന് മേൽക്കൈ ലഭിക്കുകയും ചെയ്തു. ആഗോള മുതലാളിത്തത്തിന്റെ കേന്ദ്രസ്ഥാനമായ അമേരിക്കൻഐക്യനാടുകളിലാകട്ടെ വംശീയ വിദ്വേഷത്തിന്റെയും അശാസ്ത്രീയതയുടെയും അപ്പോസ്തലനായ പുതിയൊരു ഭരണാധികാരി ഭരണകേന്ദ്രത്തിലേക്ക് ഉയർന്നുവന്നു. ബ്രസീൽ ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പലയിടങ്ങളിലും തീവ്ര വലതുപക്ഷ പെന്തക്കോസ്തലിസ്റ്റ് രാഷ്ട്രീയ സംഘങ്ങൾ അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കാൻ തുടങ്ങിയിരുന്നു.

ലണ്ടനിലെ ഹൈഗേറ്റിലെ മാർക്‌സിന്റെ ശവകുടീരം ആക്രമിക്കപ്പെട്ടു. റോസാ ലെക്‌സംബർഗ്ഗിന്റെ സെമിത്തേരിയെ അടിച്ചുതകർത്തു. ചിലിയിലെ വിപ്ലവഗായകനായിരുന്ന വിക്ടർ ഹാറയുടെ അന്ത്യവിശ്രമസ്ഥലവും ഛിന്നഭിന്നമാക്കപ്പെട്ടു. പുരോഗമന പ്രസാധകശാലകളും പ്രസാധകരും പലയിടങ്ങളിലും വേട്ടയാടപ്പെട്ടു. ലണ്ടനിലെ ഇടതുപക്ഷ പ്രസാധകശാലയായ Bookmarks -ലേക്ക് നവനാസികൾ ഇരച്ചുകയറി. ഇങ്ങനെ ലോകത്തിന്റെ വിവിധയിടങ്ങളിൽ അരങ്ങുതകർത്തു കൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷ ശക്തികൾക്കും അതിന്റെ അടിസ്ഥാന പ്രേരകമായ മൂലധനാധിപത്യത്തിനും ഏതിരെയുള്ള സാംസ്‌കാരികവും ധൈഷണികമായ പ്രതിരോധമെന്ന നിലയിലാണ് ചുവപ്പു പുസ്തകദിനം ചരിത്രത്തിന്റെ സമൂർത്തകൾക്കുള്ളിലേക്ക് ഉയർന്നുവരുന്നത്.

ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽകർ

യഥാർത്ഥത്തിൽ, നവലിബറൽ മുതലാളിത്തത്തിനും അതിന്റെ സന്തതികളായ നവ ഫാസിസ്റ്റ് ലോകബോധത്തിനുമെതിരെയുള്ള സമരോത്സുകമായ സാംസ്‌കാരിക- ധൈഷണിക പ്രതിരോധത്തിന്റെ അടയാളവാക്യമായാണ് ചുവപ്പു പുസ്തകദിനം പിറന്നുവീഴുന്നത്. അതുകൊണ്ടുതന്നെ ഈയൊരു ബദൽ സാംസ്‌കാരിക - ധൈഷണിക പ്രതിരോധത്തിന്റെ മണ്ഡലങ്ങളെ സർഗ്ഗാത്മകമായി വികസിപ്പിക്കുകയും ചുവപ്പിന്റെ പോരാട്ടപാരമ്പര്യങ്ങളെ ധൈഷണികമായി വീണ്ടെടുക്കുകയും അതിലൂടെ പുതിയൊരു ലോകത്തിന്റെ സ്വപ്നങ്ങളെ തീക്ഷ്ണമാക്കുകയുമാണ് ഈയൊരു സന്ദർഭത്തിൽ പുരോഗമന പ്രവർത്തകരുടെ ഉത്തരവാദിത്തം. അതുതന്നെയായിരിക്കും സൂക്ഷ്മാർത്ഥത്തിൽ ചുവപ്പു പുസ്തകദിനത്തിന്റെ സന്ദേശവും.

ഹെലൻ മാക്ഫെർലെയ്നിന്റെ
വീണ്ടെടുപ്പ്

താൻ ജീവിച്ച കാലഘട്ടത്തിനുള്ളിൽ സമരോത്സുകമായി ഇടപെട്ടുകൊണ്ടിരുന്ന വിപ്ലവകാരിയായ വനിതയായിരുന്നു ഹെലൻ മാക്ഫർലെയ്ൻ. 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇംഗ്ലണ്ടിൽ സജീവമാകാൻ തുടങ്ങിയിരുന്ന റാഡിക്കൽ പ്രസിദ്ധീകരണങ്ങളിൽ തന്റെ സജീവ സാന്നിധ്യം കൊണ്ട് അവർ നിറഞ്ഞുനിൽക്കുകയായിരുന്നു. 1848-ൽ യൂറോപ്പിലാകമാനം ഉരുവംകൊണ്ട വിപ്ലവബോധ്യത്തിന്റെ അലയൊലികളായിരുന്നു മാക്ഫർലെയ്‌നിനെ നിരന്തരം നയിച്ചുകൊണ്ടിരുന്നത്. മഹാവിപ്ലവകാരികളായ കാൾ മാർക്‌സിന്റെയും ഫ്രെഡറിക് എംഗൽസിന്റെയും അടുത്ത സുഹൃത്തും അഭ്യൂദയകാംഷിയുമായിരുന്നു അവർ. 1848 ഫെബ്രുവരി 21 നായിരുന്നു കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. രണ്ടുവർഷങ്ങൾക്കുശേഷം 1850-ൽ ആദ്യ ഇംഗ്ലീഷ് വിവർത്തനം പുറത്തുവന്നു. ഫ്രെഡറിക് എംഗൽസായിരുന്നു ഇംഗ്ലീഷ് വിവർത്തനത്തിന്റെ ഉദ്യമം ആദ്യം ഏറ്റെടുത്തിരുന്നത്. എന്നാൽ പ്രായോഗിക പ്രവർത്തനങ്ങളുടെ മഹാപ്രളയങ്ങൾ കാരണം എംഗൽസിന് ആ ഉദ്യമം ഉപേക്ഷിക്കേണ്ടിവന്നു. അതിനെ തുടർന്ന് ആ വിവർത്തനലക്ഷ്യം ഏറ്റെടുത്തതാകട്ടെ ഹെലൻ മാക്ഫർലെയ്ൻ എന്ന വിപ്ലവകാരിയായ പത്രപ്രവർത്തകയായിരുന്നു.

ഹെഗല്‍

ഇന്ന് നമുക്കു സുപരിചിതമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഇംഗ്ലീഷ് വിവർത്തനം പുറത്തുവരുന്നത് ഹെലൻ മാക്ഫർലെയ്‌നിന്റെ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ട് 38 വർഷങ്ങൾക്കുശേഷമായിരുന്നു. സാമുവൽ മൂർ തയ്യാറാക്കിയ ആ ഇംഗ്ലീഷ് വിവർത്തനമാണ് ഇന്ന് പ്രചാരത്തിലുളളത്. എന്നാൽ സാമുവൽ മൂറിന്റെ ഏറ്റവും നിലവാരത്തിലുള്ള ഇംഗ്ലീഷ് വിവർത്തനം പുറത്തുവരുന്നതുവരെ ഇംഗ്ലീഷുകാർ മാനിഫെസ്റ്റോ വായിച്ചിരുന്നത് ഹെലൻ മാക്ഫർലെയ്നിന്റെ വിവർത്തനത്തിലൂടെയായിരുന്നു.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന മഹാഗ്രന്ഥത്തെ മാത്രമല്ല, ഹെഗൽ എന്ന മഹാതത്ത്വചിന്തകനെയും ഇംഗ്ലീഷുകാർക്ക് ആദ്യം പരിചയപ്പെടുത്തിക്കൊടുത്തതും ഹെലൻ മാക്‌ഫെർലെയ്‌നായിരുന്നു. തത്ത്വചിന്താസരണികളെ അതിന്റെ ഏറ്റവും അഗാധമായ തലങ്ങളിൽ മാക്ഫർലെയ്ൻ പിന്തുടർന്നുകൊണ്ടിരുന്നു. കാൾ മാർക്സ്സാകട്ടെ മാക്ഫർലെയ്നിന്റെ മൗലികമായ ആശയാവിഷ്‌കാരങ്ങളെ വലിയ മതിപ്പോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. വിപ്ലവചിന്താലോകത്തിലെ ‘ഒരു അപൂർവ പക്ഷി’ എന്നായിരുന്നു മാർക്‌സ് അവരെ വിശേഷിപ്പിച്ചിരുന്നത്.

കാള്‍ മാര്‍ക്സ്, ഏംഗല്‍സ്

ഇങ്ങനെ, റാഡിക്കൽ ചിന്താലോകത്തിന്റെ വിവിധതലങ്ങളിൽ അത്യഗാധമായി സാന്നിധ്യമുറപ്പിച്ചുകൊണ്ടായിരുന്നു ഹെലൻ മാക്ഫർലെയ്ൻ നിലയുറപ്പിച്ചിരുന്നത്. എന്നാൽ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഇംഗ്ലീഷ് വിവർത്തനം പുറത്തുവന്ന് ഒരു വർഷത്തിനുശേഷം, 1851-ഓടെ, അവർ പൊതുമണ്ഡലത്തിൽ നിന്നും അപ്രത്യക്ഷയാകുകയാണുണ്ടായത്. എന്തുകൊണ്ടാണ് വിപ്ലവചിന്താലോകത്തിന്റെ തിളയ്ക്കുന്ന സാന്നിധ്യമായി നിലകൊണ്ടിരുന്ന ഒരു വനിത മുഖ്യധാരയിൽനിന്ന് ഇത്ര പെട്ടെന്ന് അപ്രത്യക്ഷയായത്?

1818 സെപ്തംബർ 25ന് സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌കോയിലായിരുന്നു ഹെലൻ ജനിച്ചത്. ഹെലന്റെ അച്ഛനും അമ്മയും പരമ്പരാഗതമായിത്തന്നെ വർണ്ണച്ചായങ്ങൾ നിർമിക്കുന്ന മില്ലുകളുടെ ഉടമകളായിരുന്നു. അതുകൊണ്ടുതന്നെ സമ്പന്നമായ മധ്യവർഗ കുടുംബമായിരുന്നു അവരുടേത്. ഇവരുടെ പതിനൊന്നു മക്കളിൽ ഏറ്റവും ഇളയതായിരുന്നു ഹെലൻ. ഹെലന്റെ അമ്മയുടെ കുടുംബമാകട്ടെ റാഡിക്കൽ പാരമ്പര്യങ്ങളാൽ ബന്ധിതമായിരുന്നു. അവരുടെ മില്ലുകളിലെ തൊഴിലാളികളാകട്ടെ ഉയർന്ന നൈപുണ്യശേഷികൾആർജിച്ചവരും യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുന്നവരുമായിരുന്നു. അതോടൊപ്പം തൊഴിലാളികളുടെ വോട്ടവകാശത്തിനുവേണ്ടി പൊരുതിക്കൊണ്ടിരുന്ന ചാർട്ടിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അഭ്യുദയകാംഷികളായും അവർ നിലകൊണ്ടു. അതോടൊപ്പം, സ്‌കോട്ടിഷ് മിൽ ഉടമകളുടെ ഇടയിൽ വലിയ തരത്തിലുള്ള മത്സരാത്മകതയും നിരന്തരം വളർന്നുകൊണ്ടിരുന്നു. മറ്റ് മില്ലുകളോടൊപ്പം പിടിച്ചുനിൽക്കാനാകാതെ 1842-ൽമാക്ഫർലെയ്ൻ കുടുംബത്തിന്റെ മില്ലുകൾ തകർന്നടിഞ്ഞു. ആ കുടുംബത്തിന് വീടുൾപ്പെടെ സർവതും നഷ്ടപ്പെട്ടു. അങ്ങനെ വിദ്യാസമ്പന്നയായ ഹെലൻ ഉപജീവനത്തിന് പ്രഭുകുടുംബങ്ങളിലെ കുട്ടികളെ പഠിപ്പിക്കുന്ന ഗാർഹികാധ്യാപികയായി പണിയെടുക്കാൻ നിർബന്ധിതയായി. ജർമൻ ഭാഷയിലുള്ള അഗാധ പാണ്ഡിത്യം അധ്യാപനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്തു.

1848-ൽ വിപ്ലവം പൊട്ടിപ്പുറപ്പെടുമ്പോൾ ഹെലൻ മാക്ഫർലെയ്ൻ വിയന്നയിൽ അധ്യാപികയായിരുന്നു. ഭരണകൂടാധികാരികൾക്കെതിരെ ജനം തെരുവോരങ്ങളിൽ പൊരുതുന്നത് മാക്ഫയർലെയ്ൻ ആവേശത്തോടെ നോക്കിനിന്നു. വിയന്നയിൽ അരങ്ങേറിയ ആ വിപ്ലവകാഴ്ചകളെ ഏറ്റവും സന്തോഷകരമായ കാഴ്ചകളായിട്ടായിരുന്നു ഹെലൻ പിന്നീട് വിലയിരുത്തിയത്. അതോടൊപ്പം ഹെഗലിന്റെയും ഹെന്റിച്ച് ഹീനെയുടെയും കാൾ മാർക്സിന്റെയും ആശയപരിസരങ്ങളും ഹെലനെ ആവേശഭരിതയാക്കി. വ്യത്യസ്തങ്ങളും അതോടൊപ്പം ഐകരൂപ്യമാർന്നതുമായ ഇത്തരത്തിലുള്ള നിരവധി സന്ദർഭപരിസരങ്ങളിലൂടെയായിരുന്നു ഹെലൻ മാക്ഫർലെയ്ൻ തന്റെ രാഷ്ട്രീയ സാമൂഹ്യ കാഴ്ചപ്പാടുകളെ വികസിതമാക്കിക്കൊണ്ടിരുന്നത്.

ഹെന്റിച്ച് ഹീനെ

ഇംഗ്ലണ്ടിൽ തിരിച്ചെത്തിയശേഷം പുരോഗമന എഴുത്തിന്റെ അഗാധതയിലേക്ക് ഹെലൻ ആഴ്ന്നിറങ്ങാനാരംഭിച്ചു. എന്നാൽ വിക്ടോറിയൻ സദാചാര സങ്കല്പനങ്ങളും സ്ത്രീവിരുദ്ധതയും കൊടികുത്തിവാണിരുന്ന ബ്രിട്ടീഷ് പരിസരത്ത് സ്ത്രീ എന്ന നിലയിൽ എഴുത്തുകാരിയായി തുടരാൻ ഹെലന് സാധ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഹവാർഡ് മോർട്ടൺ എന്ന പുരുഷനാമത്തിയിലായിരുന്നു ഹെലൻ എഴുതിയത്. അക്കാലത്ത് ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സോഷ്യലിസ്റ്റ് പ്രസിദ്ധീകരണങ്ങളായിരുന്നു 'റെഡ് റിപ്പബ്ലിക്കൻ' വാരികയും 'ഡെമോക്രാറ്റിക് റിവ്യൂ' എന്ന മാസികയും. ചാർട്ടിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ജോർജ് ജൂലിയൻ ഹാർണെ ആയിരുന്നു ഈ പ്രസിദ്ധീകരണങ്ങൾക്ക് തുടക്കംകുറിച്ചത്. വിപ്ലവസോഷ്യലിസ്റ്റ് ആശയലോകത്തെ, തൊഴിലെടുക്കുന്ന മനുഷ്യർക്കുമുന്നിൽ എത്തിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

1847-ൽ കാൾ മാർക്‌സ് ലണ്ടനിലെത്തിയിരുന്നു. മാഞ്ചസ്റ്ററിൽ എംഗൽസും ഉണ്ടായിരുന്നു. ലണ്ടനിലെ ചാർട്ടിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടായിരുന്നു ഹെലൻ മാക്ഫർലെയ്ൻ മാർക്സിന്റെയും എംഗൽസിന്റെയും കമ്യൂണിസ്റ്റ് വലയങ്ങളിലെത്തിയത്. ഹെലന്റെ ആദ്യത്തെ ചില ലേഖനങ്ങൾ സ്വന്തം പേരിൽ തന്നെയായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. എന്നാൽ കൂടുതൽ വിപ്ലവാത്മകമായ എഴുത്തുജീവിതത്തിലേക്ക് മാറുന്നതോടെ സ്വന്തം പേരുപേക്ഷിക്കാൻ അവർ നിർബന്ധിതയായി.

ചാര്‍ട്ടിസ്റ്റ് സമ്മേളനം

1850 നവംബറിലായിരുന്നു കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ ഇംഗ്ലീഷ് വിവർത്തനം 'റെഡ് റിപ്പബ്ലിക്കൻ' വാരികയിൽ നാല് ഭാഗങ്ങളായി അവർ പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് ഹെഗലിന്റെ ദാർശനികമായ കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.

യേശു ക്രിസ്തുവിന്റെ ഉദാത്തമായ ആശയലോകങ്ങളെ ഹെലൻ മാക്ഫർലെയ്ൻ പുണർന്നിരുന്നു. ക്രിസ്തുവിന്റെ ആശയാവലികളും കമ്യൂണിസ്റ്റ് സ്വപ്നങ്ങളുമായി അതിനുള്ള ബന്ധങ്ങളും ഹെലൻ മാക്ഫർലെയ്നിന്റെ ആലോചനകളിൽ നിറഞ്ഞുനിന്നിരുന്നു. ക്രിസ്തുവിന്റെ ജനാധിപത്യപരമായ ആശയാവലികളെയും, സമത്വത്തെയും സാഹോദര്യത്തെയും സ്‌നേഹത്തെയും കുറിച്ചുള്ള ആലോചനകളെയും ഉയർത്തിപ്പിടിക്കുമ്പോൾതന്നെ സംഘടിത ക്രിസ്തുമതത്തിന്റെയും സഭയുടെയും അതിശക്തയായ വിമർശകയായും ഹെലൻ നിലകൊണ്ടു. വർഗപരമായ അസമത്വത്തിനെതിരെ സംഘടിതസഭകൾ ശബ്ദമുയർത്താത്തതിനെതിരെ അവർ പൊട്ടിത്തെറിച്ചു. സഭയുടെ ആധിപത്യ വിധേയത്വ അധികാരഘടനകളോടും അവർ കലഹിച്ചു. ക്രിസ്തുവിന്റെ ആദർശങ്ങളോടും ആശയാവലികളോടും സംഘടിതമതത്തിന് ഒരു ബന്ധവുമില്ലെന്നും അവർ തുറന്നടിച്ചു.

സ്വകാര്യസ്വത്തിന്റെ അതിനിശിതമായ വിമർശനവും മാക്ഫർലെയ്‌നിൽനിന്ന് ഉയർന്നുവന്നു. സ്വത്തവകാശമെന്നത് വ്യക്തികേന്ദ്രിതമാകരുത്. അത് വിപുലമായൊരു വിഭാഗത്തിന്റെ അവകാശമായിരിക്കണം. സ്വത്തിന്റെ അവകാശം വ്യക്തികേന്ദ്രിതമായി നിശ്ചയിക്കപ്പെട്ടാൽ, മനുഷ്യജീവിതത്തിന്റെ ഉദാത്തതകൾ തകർന്നടിയുമെന്നും അസമത്വത്തിന്റെ ആകാശങ്ങൾ ഉയർന്നുപെരുകുമെന്നും അവർ എഴുതി. മനുഷ്യർ ഒരുതരത്തിലും പരസ്പര ചൂഷണത്തിന് വിധേയമാക്കപ്പെടാത്ത ഉദാത്തമായൊരു പുതിയ ലോകക്രമത്തെയായിരുന്നു അവർ സ്വപ്നം കണ്ടത്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചുവന്ന റെഡ് റിപ്പബ്ലിക്കൻ മാസിക

നീതിയെക്കുറിച്ചായിരുന്നു മാക്ഫർലെയ്ൻ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നത്. മാക്ഫർ ലെയ്ൻ എഴുതുന്നു: ‘‘നമുക്കാവശ്യം നീതിയാണ്; സേവനമല്ല. അവകാശമാണ്; അല്ലാതെ മുകളിൽനിന്നുള്ള ആരുടെയും ഔദാര്യമല്ല’’.

ചാരിറ്റിയെ (സേവനം) അതിനിശിതമായി വിമർശിക്കാനും ഹെലൻ മറക്കുന്നില്ല. സമ്പത്ത് കുന്നുകൂട്ടിക്കൊണ്ടിരിക്കുന്ന, തൊഴിലാളികളെ അടിമകളാക്കി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന സമ്പന്നവർഗ്ഗത്തിന്റെ തന്ത്രമാണ് ചാരിറ്റിയെന്നും അവർ വിശദീകരിക്കുന്നുണ്ട്. എല്ലാ മനുഷ്യർക്കും എല്ലാ വിഭവങ്ങളും അവകാശപ്പെട്ടതാണ്. അല്ലാതെ ഒരു മനുഷ്യരും മറ്റു മനുഷ്യരുടെ സൗജന്യത്താൽ കഴിയേണ്ടവരല്ല. എല്ലാവർക്കും ലഭിക്കേണ്ട അവകാശങ്ങൾ കുറച്ചുപേർ മാത്രം കയ്യടക്കുമ്പോഴാണ് ചാരിറ്റി പോലുള്ള സൗജന്യങ്ങൾപിറവിയെടുക്കുന്നത്. വംശത്തിന്റെയും വർഗത്തിന്റെയും ലിംഗത്തിന്റെയും യാതൊരുവിധ വ്യത്യാസവുമില്ലാത്ത പുതിയൊരു സോഷ്യലിസ്റ്റ് ജനാധിപത്യക്രമത്തിനുള്ളിലായിരിക്കും മനുഷ്യർ അവരുടെ ഉദാരതകളെ അനുഭവിക്കുകയെന്നും മക്ഫർലെയ്ൻ അടിവരയിടുന്നു. സാർവത്രിക വോട്ടവകാശത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സമത്വം, സ്വാതന്ത്ര്യം തുടങ്ങിയുള്ള ഉദാത്തങ്ങളായ മൂല്യങ്ങളെക്കുറിച്ചും പുതിയൊരു ലോകത്തെക്കുറിച്ചും വിപ്ലവാത്മകവും ധീരവുമായ സങ്കല്പനങ്ങൾ മുന്നോട്ടുവയ്ക്കുന്നവയായിരുന്നു ഹെലൻ മക്ഫർലെയ്‌നിന്റെ ആലോചനകളെന്ന് ജീവചരിത്രകാരനായ ഡേവിഡ് ബ്ലാക്ക് (Helen Macfarlane, Lexington Books, 2004) നിരീക്ഷിക്കുന്നുണ്ട്.

എഴുത്തും ജീവിതവും വിപ്ലവാത്മകമായ ആലോചനകളും തീവ്രമായിക്കൊണ്ടിരുന്ന സന്ദർഭത്തിലായിരുന്നു ഹെലൻ മാക്ഫർലെയ്നിന്റെ വ്യക്തിജീവിതത്തിൽ വലിയ മാറ്റം വന്നത്. 1850 ഡിസംബറിനുശേഷം അവർ ഒന്നും എഴുതിയില്ല. അതോടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് അവർ അപ്രത്യക്ഷയാകാൻ തുടങ്ങി. 1852- ഓടെ ഹെലൻ വിവാഹിതയായി. ഒരു മകൾ പിറന്നു. ബോയർ റിപ്പബ്ലിക്കിലേക്ക് ഒരു കപ്പൽ യാത്ര നടത്താൻ ഹെലന്റെ കുടുംബം പദ്ധതിയിട്ടു. അവിടെ താമസിച്ചിരുന്ന സഹോദരങ്ങളെ കാണലായിരുന്നു ലക്ഷ്യം. എന്നാൽ കടുത്ത രോഗബാധയെ തുടർന്ന് ഹെലന്റെ ഭർത്താവിന് യാത്ര തുടരാനായില്ല. ഹെലനും കുഞ്ഞും സഹോദരങ്ങളുടെ അടുത്ത് എത്തിച്ചേരുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹെലന്റെ കുഞ്ഞ് മരിച്ചു. തന്റെ ഭർത്താവും രോഗബാധയെ തുടർന്ന് മരിച്ചുവെന്ന വിവരം താമസിയാതെ ഹെലന്റെ ചെവികളിലേയ്ക്ക് തുളച്ചുകയറി.

ഹെലൻ മാക്ഫർലെയ്ന്റെ കല്ലറ / chartistancestors.co.uk

ഒരു വർഷത്തിനുശേഷം ഏകാകിയായി ഹെലൻ ഇംഗ്ലണ്ടിലേക്കു മടങ്ങി, അവിടെ എത്തിയശേഷം അവിവാഹിതയായ തന്റെ സഹോദരിയ്‌ക്കൊപ്പമായിരുന്നു താമസം. സംഘടിത മതത്തിനും സഭയ്ക്കുമെതിരെ എഴുത്തിലൂടെ ധീരമായി പടപൊരുതിക്കൊണ്ടിരുന്നവളായിരുന്നു ഹെലൻ. എന്നാൽ ജീവിതദുരന്തങ്ങളുടെ ആഴക്കടലുകളിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ഹെലന്റെ ദുരിതജീവിതത്തിലേക്ക് ഒടുവിൽ പള്ളിയിലെ ഒരു പുരോഹിതനെത്തന്നെ അവർക്ക് ആനയിക്കേണ്ടിവന്നു. ആ പുരോഹിതന്റെ ഭാര്യ മരിച്ചിരുന്നു. പതിനൊന്നു മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവിൽ ആ പുരോഹിതനെത്തന്നെ വിവാഹം ചെയ്യാൻ ഹെലൻ നിർബന്ധിതയായി. രണ്ടു മക്കൾക്കും ഹെലൻ ജന്മം നൽകി. എന്നാൽ ബ്രോങ്കൈറ്റിസ് എന്ന രോഗം അവരെ പിന്തുടർന്നു. 41ാമത്തെ വയസ്സിൽ ഹെലൻ മാക്ഫർലെയ്ൻ എന്ന ആ മഹാവനിത മരണത്തിന് കീഴടങ്ങി.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണ ദിനമായ ഫെബ്രുവരി 21 ലോകത്താകമാനമുള്ള പുരോഗമനപ്രസാധകരുടെയും വിപ്ലവ സംഘടനകളുടെയും നേതൃത്വത്തിൽ ഇപ്പോൾ ചുവപ്പു പുസ്തകദിനമായി ആഘോഷിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഈ ആഘോഷവേളകളിൽ മാനിഫെസ്റ്റോയുടെ ആദ്യത്തെ ഇംഗ്ലീഷ് വിവർത്തനം തയ്യാറാക്കിയ ഹെലൻ മാക്ഫെർലെയ്ൻ എന്ന ആ വിപ്ലവകാരിയായ എഴുത്തുകാരിയെയും നമ്മൾ ഓർമ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുവരേണ്ടതുണ്ട്. കാരണം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യകാല ചരിത്രജീവിതത്തിൽ നിന്നും ഹെലൻ മാക്ഫർലെയ്ൻ എന്ന സ്ത്രീയുടെ സാന്നിദ്ധ്യത്തെ ഒരിക്കലും പറിച്ചുകളയാനാവില്ല.


പി.എസ്​. പൂഴനാട്​

പുരോഗമന കലാസാഹിത്യസംഘത്തില്‍ പ്രവര്‍ത്തിക്കുന്നു. ആള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ മുഖ മാസികയായ 'എംപ്ലോയീസ് ഫോറ'ത്തിന്റെ അസോ എഡിറ്റര്‍. ലോകദര്‍ശനങ്ങള്‍: ചാര്‍വാകന്‍ മുതല്‍ മാര്‍ക്‌സ് വരെ, മാര്‍ക്‌സ് വീണ്ടും മാര്‍ക്‌സ : സമകാലിക വായനകള്‍, ജനങ്ങള്‍ക്കുവേണ്ടി മരിച്ചുവീഴാം: മാല്‍ക്കം എക്‌സും പോരാളികളും എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments