ചെലവൂർ വേണുവിനെ കുറിച്ച് ഫിലിം സൊസൈറ്റി ഫെഡറേഷനും കേരളാ ചലച്ചിത്ര അക്കാദമിയും ചേർന്ന് നിർമിച്ച (സംവിധാനം: ജയൻ മങ്ങാട്) ഡോക്യുമെൻ്ററിയുടെ തുടക്കത്തിൽ, ഗാന്ധിജി വെടിയേറ്റുമരിച്ച അന്ന് വൈകുന്നേരം തൻ്റെ അച്ഛൻ മടങ്ങിവന്ന് ആ വിവരം വീട്ടിൽ പറഞ്ഞതിനെക്കുറിച്ചുള്ള ഓരോർമ പങ്കുവെക്കുന്നുണ്ട്. തന്റെ ജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ ഓർമയായി ഗാന്ധിവധത്തെ എന്നും കൊണ്ടുനടന്നിരുന്ന വേണുവേട്ടന് അത് തൻ്റെ രാഷ്ട്രീയജീവിതത്തിന്റെ ഭാഗമായിരുന്നു. ആ ഡോക്യുമെന്ററിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ചില സന്ദർഭങ്ങളിൽ വേണുവേട്ടനുമായി ദീർഘമായി സംസാരിക്കാൻ ഇടവന്നിട്ടുണ്ട്. യഥാർത്ഥത്തിൽ വേണുവേട്ടന്റെ ഓർമകൾ ഒട്ടും വ്യക്തിപരമല്ല; മറിച്ച് അതൊരു കാലഘട്ടത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിന്റെ തീക്ഷ്ണവും സത്യസന്ധവുമായ ആവിഷ്കാരമാണ്.
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാൾ, നിരവധിയായ സംരംഭങ്ങളുടെ പ്രോദ്ഘാടകൻ, എഴുത്തുകാരന്‍, തന്നെക്കാള്‍ ഉപരി തനിക്കു ചുറ്റുമുള്ള പ്രതിഭകള്‍ക്ക് വളരാൻ സാഹചര്യങ്ങള്‍ ഒരുക്കിയയാള്‍, അങ്ങനെ പല തലങ്ങളില്‍ ഒഴുകിപ്പരന്നതായിരുന്നു വേണുവേട്ടന്റെ ജീവിതം. കേരളത്തിലെ ആദ്യത്തെ വനിതാ മാസിക, ആദ്യത്തെ സ്പോർട്സ് മാസിക, ആദ്യത്തെ മനശാസ്ത്ര മാസിക തുടങ്ങി പ്രസാധനത്തെ അതിന്റെ എല്ലാ തലങ്ങളിലേക്കും സാധ്യതകളിലേക്കും വളർത്തുകയും മാതൃകയാവുകയും ചെയ്തു വേണുവേട്ടന്‍.
വേണുവേട്ടൻ കോഴിക്കോട് സംഘടിപ്പിച്ച ഗംഭീരമായ ചലച്ചിത്രോത്സവങ്ങളെ ഓര്‍മയില്‍ സൂക്ഷിക്കാത്തവര്‍ കുറവായിരിക്കും. കൽക്കത്തയിൽ നിന്ന് സത്യജിത് റേയുടെ സിനിമ കോഴിക്കോട്ടെത്തിക്കാൻ ഏര്‍പ്പാട് ചെയ്തതും ഫ്ലൈറ്റിൽ എത്തിയ ഫിലിം പ്രിൻ്റ് കിട്ടാൻ വൈകിയതും സിനിമ കാണാൻ എത്തിയ കാണികൾ തിയറ്ററിൽ അക്ഷമരായി കാത്തിരുന്നതും അതിനിടയിലൂടെ കാറിനു മുകളില്‍ വെച്ചുകെട്ടിയ ഫിലിം പ്രിന്റുമായി വന്നതും വേണുവേട്ടൻ പറയുമ്പോൾ, ഒരു സാഹസിക സിനിമ കാണുന്നതുപോലെ നാം കണ്ണുമിഴിച്ചിരുന്നുപോകും.
വേണുവേട്ടൻ്റെ ജീവിതത്തിലെ ആകാംക്ഷയുണര്‍ത്തുന്ന ഇത്തരം മുഹൂർത്തങ്ങൾ പുനഃസൃഷ്ടിച്ച് ഡോക്യുമെൻ്ററിയിൽ പകർത്തണം എന്ന് ഞങ്ങൾ കരുതിയിരുന്നു. അമ്മാവനായ എസ്.കെ. പൊറ്റക്കാടിന്റെ സൈക്കിളിനുമുന്നിലിരുന്ന് കോഴിക്കോട് നഗരവും കടപ്പുറവും ആദ്യമായി കാണുന്ന ഒരു കുട്ടിയുടെ ഓർമ വേണുവേട്ടൻ അതിൽ പങ്കുവെക്കുന്നുണ്ട്. അത് ചിത്രീകരിക്കാന്‍ സാധിച്ചിരുന്നു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായ എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും മാധ്യമപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരുമെല്ലാം വേണുവേട്ടനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും എത്രമാത്രം വിലപ്പെട്ടതായാണ് വിലയിരുത്തുന്നതെന്നത് ആ ഔന്നത്യത്തിന്റെ നിദര്‍ശനമാണ്. വേണുവേട്ടൻ, കോഴിക്കോട് ഒരു വലിയ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു എന്നതിനർത്ഥം, ചെലവൂരിലെ തറവാട്ടുസ്വത്തിലെ അഞ്ച് സെന്റുകൂടി വിറ്റു എന്നാണെന്ന് ആ ഡോക്യുമെന്ററിയില്‍ ആരോ പറയുന്നുണ്ട്.
വേണുവേട്ടനുമായുള്ള വ്യക്തി ബന്ധം ഫിലിം സൊസൈറ്റി ഫെഡറേഷൻ റീജിയണല്‍ കൗൺസിലിൽ വരുന്നതോടു കൂടിയാണ് ദൃഢമാകുന്നത്. അക്കാലത്ത് ദൃശ്യതാളം പ്രസിദ്ധീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും പലകാരണങ്ങൾ കൊണ്ടും നിന്നുപോകുമായിരുന്ന ദൃശ്യതാളത്തെ ഇന്നും സജീവമായി നിലനിര്‍ത്തുന്നത് വേണുവേട്ടന്റെ നിശ്ചയദാര്‍ഢ്യമാണ്.
അതിന്റെ പത്രാധിപസമിതി അംഗം എന്ന നിലയില്‍ കഴിയുംവിധം വേണുവേട്ടനെ സഹായിക്കാൻ സാധിച്ചിരുന്നു. വേണുവേട്ടൻ ആവശ്യപ്പെട്ടതനുസരിച്ച് പലവട്ടം ലേഖനങ്ങൾ എഴുതി. പലരെക്കൊണ്ടും എഴുതിച്ചു. പയ്യന്നൂരിൽ ഓപ്പണ്‍ ഫ്രെയിമിന്റെ ക്ലാസിക് മേള ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം എത്തിയിരുന്നു. ഓപ്പണ്‍ ഫ്രെയിമിന്റെ പ്രവര്‍ത്തനങ്ങളെ എന്നും അങ്ങേയറ്റം താത്പര്യത്തോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. അശ്വിനിയുടെ അമ്പതാം വാര്‍ഷികത്തില്‍ നടത്തിയ 50 സിനിമകളുടെ മേളയിലെ സിനിമകള്‍ നല്‍കാനും പ്രദര്‍ശിപ്പിക്കാനും സാധിച്ചു.
അവസാന നാളുകളിലും സൈക്കോ മാസിക വീണ്ടും പ്രസിദ്ധീകരിക്കണമെന്നാഗ്രഹിക്കുകയും ഒപ്പം ഉണ്ടാകണമെന്നുഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായി വേണുവേട്ടൻ്റെ സ്നേഹവാത്സല്യങ്ങള്‍ അങ്ങേയറ്റം അനുഭവിക്കാനും സാധിച്ചിരുന്നു. സിനിമയെക്കുറിച്ച് എഴുതണം എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ പ്രവർത്തനങ്ങളെയും അങ്ങേയറ്റം ശ്രദ്ധയോടെ വീക്ഷിക്കുകയും സൂക്ഷ്മഘടകങ്ങളെപോലും എടുത്തുകാട്ടുകയും ചെയ്തിരുന്നു.
ചെലവൂർ വേണുവേട്ടൻ ഇല്ലാതാകുമ്പോള്‍ പലരും സൂചിപ്പിച്ചതുപോലെ, ത്യാഗനിര്‍ഭരമായ കലാസാഹിത്യപ്രവര്‍ത്തനങ്ങളുടെ, സാംസ്കാരികകൂട്ടായ്മയുടെ ഒരു യുഗത്തിന് കൂടിയാണ് അവസാനമാകുന്നത്.
പ്രിയപ്പെട്ട വേണുവേട്ടന് വ്യക്തിപരമായും പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിമിന്റെയും ആദരാഞ്ജലികള്‍.