പരിചാരികമാരിൽ നിന്ന് പഠിച്ചവൾ

2024 മാധവിക്കുട്ടിയുടെ നവതി വർഷമാണ്. മാധവിക്കുട്ടി എഴുതിയ സ്മരണകളെയും ഓർമക്കുറിപ്പുകളെയും അടിസ്ഥാനമാക്കി, ആ എഴുത്തുകാരിയിലേക്ക് ഒരു സഞ്ചാരം. ‘നീർമാതളത്തിന്റെ പൂവ്’ എന്ന പരമ്പരയുടെ രണ്ടാം ഭാഗം.

നീർമാതളത്തിന്റെ പൂവ്: ഭാഗം രണ്ട്.

പെറ്റമ്മയുടെ ഭാഷയല്ല, പോറ്റമ്മയുടെ, ആയയുടെ ഭാഷയാണ് മാതൃഭാഷ എന്ന ഡാന്റെയുടെ വിശ്രുതമായ നിരീക്ഷണം മാധവിക്കുട്ടിയുടെ ബാല്യകാല ജീവിതത്തിന് ഉചിതമായി ചേരും. മാധവിക്കുട്ടി ഭാഷ അഭ്യസിച്ചത് നാലാപ്പാട്ടെ പരിചാരികമാരിൽ നിന്നാണെന്നു പറയാം. വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന പരിചാരകർ നാലാപ്പാട്ടേക്ക് വ്യത്യസ്ത ജീവിതസംസ്‌കാരങ്ങളെ കൊണ്ടുവന്നു. കമലയ്ക്ക് വിവിധ ആചാരങ്ങളും ഭാഷാഭേദങ്ങളുമായി ഇടപഴകാനും അറിയാനുമുള്ള അന്തരീക്ഷം നാലാപ്പാട്ട് ഉണ്ടായിരുന്നു. ലോകത്തെക്കുറിച്ച് ഇടുങ്ങിയ വീക്ഷണങ്ങൾ ഉറയ്ക്കാതിരിക്കാനും വിശാലമായ ഒരു തലത്തിൽ കാര്യങ്ങളെ നോക്കിക്കാണാനും ഇത്‌കമലയെ പഠിപ്പിച്ചിട്ടുണ്ട്.

ഉയർന്ന നിരീക്ഷണശേഷിയോടൊപ്പം പെട്ടെന്നു കരച്ചിലിലേക്കു നീങ്ങിയേക്കാവുന്ന അതിവൈകാരികത കലർന്ന സംവേദനശേഷിയും ചെറുപ്പത്തിൽ തന്നെ കമലയ്ക്കുണ്ടായിരുന്നു

നാലാപ്പാട്ട് ജോലി ചെയ്യുന്നവരുടെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾ കണ്ടുവളർന്ന കമലയിൽ സഹാനുഭൂതിയും കാര്യങ്ങളെ ഗ്രഹിക്കാനുള്ള ശേഷിയും വളരുന്നുണ്ട്. മറ്റുള്ളവരുടെ അദ്ധ്വാനത്തെയും അർപ്പണബോധത്തെയും ഉൾക്കൊള്ളാൻ ഇത് കമലയ്ക്ക് അവസരം നൽകി. പരിചാരകരുടെ ജോലികൾ നിരീക്ഷിക്കുന്ന കുട്ടികളിൽ ഉത്തരവാദിത്തബോധവും തൊഴിൽ നൈതികതയും വളരും. സാമൂഹികപദവി പരിഗണിക്കാതെ എല്ലാവരോടും ആദരവോടെ പെരുമാറുന്നതിനുള്ള വിലപ്പെട്ട പാഠങ്ങൾ കമല ഇവരിൽ നിന്നും പഠിച്ചിട്ടുണ്ടെന്നു വേണം അനുമാനിക്കാൻ. പ്രായോഗികകഴിവുകൾവികസിപ്പിക്കാനും ഇതു സഹായിച്ചിട്ടുണ്ടാകണം. ഒരു പക്ഷേ, വിവിധ ഭാഷാഭേദങ്ങൾ കേട്ടു വളർന്ന കമലയ്ക്ക് പുതിയൊരു ഭാഷയിലേക്കു കടക്കുകയെന്നതും താരതമ്യേന എളുപ്പമായിരുന്നിരിക്കണം. തന്റെ ബാല്യകാലത്തെ കുറിച്ചുള്ള സ്മരണകൾ മറ്റാർക്കും കഴിയാത്ത രീതിയിൽ വളരെ ലളിതവും ആകർഷകവുമായ ശൈലിയിൽ മലയാളഭാഷയിൽ എഴുതിയ മാധവിക്കുട്ടി താൻ ഏറിയ കൂറും ഇംഗ്ലീഷിലാണ് ചിന്തിക്കുന്നതെന്നെഴുതിയതു വായിക്കുമ്പോൾ മറ്റെന്താണ് നിഗമിക്കാൻ കഴിയുക ?

മാധവിക്കുട്ടി

കുട്ടിയായിരുന്ന കമലയുടെ വലിയ ആശ്രയം അമ്മമ്മയായിരുന്നെങ്കിലും നാലാപ്പാട്ടു തറവാട്ടിൽ ജോലിക്കു വന്നിരുന്ന ദേവകി, ശങ്കരൻ, വള്ളി, മാധവിയമ്മ, ലക്ഷ്മി, കലി നാരായണൻ നായർ എന്നിവരോടും ആ വീട്ടിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന വിവിധ തുറയിൽ പെട്ട മനുഷ്യരോടും അയൽവക്കത്തെ ബന്ധുവീടുകളിലുള്ളവരോടും സങ്കോചങ്ങളില്ലാതെ, അതീവ അന്വേഷണബുദ്ധിയോടെ അവൾ ഇടപെടുന്നതിന്റെ ചിത്രമാണ് സ്മരണകളിൽ നിന്നും നമുക്കു ലഭിക്കുന്നത്. ഇവരോടുള്ള ഇടപെടലുകളിൽ സൂക്ഷ്മമായ നിരീക്ഷണശേഷിയും ബാല്യസഹജമായ ജിജ്ഞാസയും ഏറിയ തോതിൽ കമല പ്രകടിപ്പിക്കുന്നതു കാണാം. എല്ലാ മനുഷ്യരേയും ജീവികളേയും സമഭാവനയോടെ കാണാനുള്ള ശേഷി കമലയ്ക്ക് എങ്ങനെയോ സിദ്ധിച്ചിരുന്നു. ഒരു എഴുത്തുകാരി ഇങ്ങനെയാണ് രൂപപ്പെടുന്നത് എന്നു പറയുന്നതോടൊപ്പം ഒരു കവിമനസ്സ് ബാല്യത്തിൽ തന്നെ കമലയിൽ പ്രവർത്തിച്ചിരുന്നുവെന്നും ബാല്യകാലസ്മരണകൾ വെളിപ്പെടുത്തുന്നു.

ഉയർന്ന നിരീക്ഷണശേഷിയോടൊപ്പം പെട്ടെന്ന് കരച്ചിലിലേക്കു നീങ്ങിയേക്കാവുന്ന അതിവൈകാരികത കലർന്ന സംവേദനശേഷിയും ചെറുപ്പത്തിൽ തന്നെ കമലയ്ക്കുണ്ടായിരുന്നു. ഈ അതിവൈകാരികത പിന്നീടും കുറഞ്ഞ രൂപത്തിലെങ്കിലും കമലയുടെ ജീവിതത്തിലുടനീളം പ്രവർത്തിക്കുന്നുണ്ട്. തീവ്രവികാരങ്ങൾ കാര്യങ്ങളെ ഉൾക്കൊള്ളുന്നതിനുള്ള ശേഷിയുടെ ലക്ഷണം കൂടിയാകാം. കുട്ടിയായിരുന്ന കമലയെ നാലാപ്പാട്ടെ വേലക്കാർ എങ്ങനെ പരിചരിച്ചുവെന്ന് പറയുന്ന ചില സംഭവങ്ങളും സംഭാഷണങ്ങളും ശ്രദ്ധിക്കാം.

‘‘ശങ്കരൻ ആരോടാ മാഷേ പറ്റി പറയണത’’, ഞാൻ ചോദിച്ചു.
‘‘ആരോടാ പറയ്? ഇബടത്തെ കുട്ട്യേ ഊദ്രവിച്ചാ മാഷല്ല എഡ്മാഷായാലും ചങ്കരൻ അയാളെ പിടിച്ച് ചെപ്പിക്കുറ്റിക്ക് ഒന്നു കൊട്ക്കും ഇയ്ക്ക് ആരേം പേടീല്യ കുട്ട്യേ''
ശങ്കരൻ രോഷാകുലനായി പറഞ്ഞു.
‘‘നമ്പിടി മാഷെ അടിക്കണ്ട, ശങ്കരാ’’.
‘‘കുട്ടി അടിക്കണ്ടാന്ന് പറഞ്ഞാ ചങ്കരൻ അടിക്കില്യ. കുട്ടീടെ ഇഷ്ടാ ചങ്കരന്റെ ഇഷ്ടം’’.

°

‘‘ഇയ്ക്ക് എന്തേ പറ്റീതെന്ന് ഇയ്ക്കന്നെ അറീല്യ കുട്ട്യേ’’, അവൾ പറഞ്ഞു : ‘‘ആ നമ്പൂര്യച്ചന്റെ കാര്യസ്സന്റെ കണ്ണ് കണ്ടപ്പഴേ ഞാൻ കൊഴഞ്ഞു. കോഴിക്കുഞ്ഞിനെ കൊത്തിപ്പെറുക്കാൻ വരണ പരുന്തിനെപ്പോലെയല്ലേ അയ്യാള് ഇന്നേ നോക്കീത്! ഇങ്ങനേണ്ട ഒരു നോട്ടം? കുട്ടി ഇന്റെ നെഞ്ഞത്തു കുട്ടീടെ കൈ വച്ചു നോക്വാ..നെഞ്ചിന്റെകത്തു നിന്നൊരു തുള്ളല്. ഇന്റെ ശരീരത്തില് ആകെ ഒരു വെറയല്. ഇന്റെ തൊടേല് അയ്യാടെ നഖം അമർന്നു കുട്ട്യേ. ഇന്നെ എന്ത് കാട്ട്യാലും ചോയിക്കാൻ ആരുല്യലോ. ഇയ്ക്കു കാശൂല്യ. ഇയ്ക്കു പഠിപ്പൂല്യ. ഇന്നെ ആർക്കും മാന്താലോ. ആരും ചോയിക്കില്യലോ’’.

... പെട്ടെന്ന് എന്റെ കണ്ണുകൾ നിറഞ്ഞു. പാവങ്ങളിലെ കൊസത്തിനെ പോലെ ഒരു ദു:ഖിത കഥാപാത്രമാണ് ദേവകി എന്ന് എനിക്കു തോന്നി. ഞാൻ അവളുടെ പരുത്ത കൈത്തലം പിടിച്ചു.എനിക്കു കരച്ചിൽ നിയന്ത്രിക്കാനായില്ല. എന്റെ തേങ്ങൽ കേട്ട് ഉണ്ണിമായ തിരിഞ്ഞു നോക്കി. അതേപ്പോ നന്നായത്, കുട്ട്യേ കരേപ്പിച്ചു അമ്രാള് '' അവൾ പറഞ്ഞു.

°

‘‘വള്ളിയ്ക്ക് എത്ര വയസ്സായി?'', ഞാൻ ചോദിച്ചു.
‘‘വള്ളിയ്ക്ക് ഇമ്മിണി വയസ്സായി ചെറിയമ്പ്രാട്ട്യരേ. അടിയനു നുപ്പത്തിമൂന്നു വയസ്സാ. വരണ ചിങ്ങത്തില് നുപ്പത്തിനാലാവും’’.
‘‘അഞ്ചക്കാളനെത്ര വയസ്സായി?'' ഞാൻ ചോദിച്ചു.
‘‘ഓനു ഇരുപത്തിയാറു വയസ്സാ’’.
‘‘വള്ളിടെ മൂത്ത മോൾ കാളിക്കോ?''
‘‘ഓളക്ക് നുപ്പത്തിരണ്ടാ’’.
‘‘വള്ളി എങ്ങനെയാ ഒര് വയസ്സില് പ്രസവിച്ച്?''

ഈ മൂന്നു സംഭാഷണങ്ങളിലും കമല പരിചാരകരോടു പുലർത്തുന്ന സ്‌നേഹവും സമഭാവനയും കാണാം. പരിചാരകരാകട്ടെ, കുട്ടിയോടു വലിയ വാത്സല്യവും കാണിക്കുന്നു. വള്ളിയുമായുള്ള സംഭാഷണം കമലയ്ക്കും അവർക്കുമിടയിലുള്ള തുറന്ന ബന്ധത്തിന്റെ ദൃഷ്ടാന്തമാണ്.

മാധവിക്കുട്ടിയും കുടുംബവും

മുതിർന്നവർ പറയുന്നതു കേട്ടുനിൽക്കുന്നതിന്റെ പേരിൽ മറ്റുള്ളവരുടെ ആശ്ചര്യത്തിനും ചിലപ്പോൾ ശകാരത്തിനും കമല വിധേയയാകുന്നു. ഏറെ നേരം വേലക്കാരോടൊപ്പം ചെലവഴിക്കുകയും അവരോടു നിരന്തരം സംസാരിക്കുകയും ചെയ്യുന്നതിന്റെ പേരിൽ കൗമാരക്കാരിയായ കമലയെ അച്ഛൻ ശകാരിക്കുന്നുണ്ട്. 'കുട്ടി ഞങ്ങൾ പറയുന്നതും കേട്ടു നിൽക്കുകയായിരുന്നോ' എന്ന് ആശ്ചര്യപ്പെടുന്ന വേലക്കാരെ കുറിച്ചും കമല എഴുതിയിരിക്കുന്നു. പരിചാരകർ പറയുന്ന ചില നാട്ടുചൊല്ലുകളുടെ ആന്തരാർത്ഥങ്ങൾ അറിയാതെ ചോദ്യങ്ങൾ ഉന്നയിക്കുന്ന കമലയെ പലതവണ നാം കണ്ടുമുട്ടുന്നുണ്ട്. പിന്നെയും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായി അവൾ അമ്മമ്മയേയും സമീപിക്കുന്നു.

നാലാപ്പാട്ടെ വേലക്കാരോട് തനിക്കുള്ള കടപ്പാട് മാധവിക്കുട്ടി ഓർമ്മക്കുറിപ്പുകളിൽ പലയിടത്തായി കോറിയിടുന്നുണ്ട്. ''വാസ്തവത്തിൽ എന്റെ സർവ്വകലാശാല നാലാപ്പാട്ടെ വടക്കിനിയും വടക്കേ കോലായയുമായിരുന്നു. ഭാവിക്ക് ഉപകരിക്കുന്ന വല്ല പാഠവും ഞാൻ പഠിച്ചത് വേലക്കാരിൽ നിന്നാണ്. തലമുറകളായി ഒരാളിൽ നിന്നും മറ്റൊരാളിലേക്കു പകർത്തി അനന്തമാക്കിയ വിജ്ഞാനശകലങ്ങളും പഴഞ്ചൊല്ലുകളും അവർ എനിക്കു സമ്മാനിച്ചു. പഴുതാരയോ കടന്നലോ തേളോ കുത്തിയാൽ ഉടനെ അടമ്പുവള്ളിയുടെ തണ്ടും ഇലയും ചതച്ചു കിട്ടുന്ന നീര് കടവായിൽ വെച്ചാൽ വേദനയും വിഷവും മാറിക്കിട്ടുമെന്ന് വേലക്കാരാണ് എന്നെ പഠിപ്പിച്ചത്‌. നെറ്റിയിൽ തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാവാത്ത കറുത്ത അരിച്ചാന്ത് ഉണ്ടാക്കുവാനുള്ള വിധിയും അവരാണ് എനിക്കു പറഞ്ഞു തന്നത്. മനുഷ്യമനസ്സിന്റെ നിഗൂഢതകൾ അവരാണ് എനിക്ക്‌മനസ്സിലാക്കിത്തന്നത്. അല്ലാതെ അഭ്യസ്തവിദ്യരായ ഗുരുനാഥന്മാരല്ല. അവർ ഓരോരുത്തരുടേയും പ്രായോഗികബുദ്ധി എന്നെ വിസ്മയിപ്പിച്ചു. സംസ്‌കാരമുള്ളവരെന്നു പറയപ്പെടുന്ന മേലേക്കിടക്കാർ തങ്ങളുടെ ഹീനസ്വഭാവവൃത്തികളാൽ എന്നെ വളരെയേറെ വേദനിപ്പിക്കുകയും ചെയ്തു.''

നാലാപ്പാട്ടെ വേലക്കാരോട് തനിക്കുള്ള കടപ്പാട് മാധവിക്കുട്ടി ഓർമ്മക്കുറിപ്പുകളിൽ പലയിടത്തായി കോറിയിടുന്നുണ്ട്. വീട്ടിൽ കമലയുടെ കൂട്ടുകാർ ഈ വേലക്കാരായിരുന്നു.

നാലാപ്പാട്ടേയും കൽക്കത്തയിലെ വീട്ടിലേയും വേലക്കാരോടും മറ്റു മനുഷ്യരോടെന്ന പോലെ സമഭാവനയോടെയാണ് കുട്ടിയായ കമല പെരുമാറുന്നത്, വീട്ടിൽ കമലയുടെ കൂട്ടുകാർ ഈ വേലക്കാരായിരുന്നു. തന്നെ ഏറെ പഠിപ്പിച്ച അദ്ധ്യാപകർ വീട്ടിലെ വേലക്കാരായിരുന്നെന്നു പറയുന്ന കമല പല കാര്യങ്ങളിലും വിദ്യാലയജീവിതത്തെ വെറുത്തിരുന്നുവെന്നും അവിടുത്തെ അടഞ്ഞ വ്യവസ്ഥയോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നുവെന്നും കൂടി കാണണം.

നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയുടെ കനിവില്ലായ്മയോട് പല രീതികളിലും കലഹിച്ചിരുന്നവൾതന്റെ ഔപചാരികവിദ്യാഭ്യാസം സ്‌കൂൾ ക്ലാസുകളോടെ അവസാനിപ്പിക്കുന്ന സ്ഥിതിയിലാണ് എത്തിച്ചേരുന്നത്. എന്നാൽ, ലോകത്തിലെ മഹാകവികളിൽ ഒരു സ്ഥാനം കരസ്ഥമാക്കുന്നതിൽ നിന്നുംഅവരെ തടയാൻ ഔപചാരികമായി ഉയർന്ന വിദ്യാഭ്യാസമില്ലെന്ന അയോഗ്യത കാരണമായതേയില്ല. ലോകത്തെ സമഭാവനയോടെ കാണാനും കേൾക്കാനും അനുഭവിക്കാനും ശേഷിയുള്ള ഇന്ദ്രിയങ്ങളും തുറന്ന മനസ്സും ഈ അയോഗ്യതയെ എല്ലാ നിലയിലും മറികടക്കാൻ പോന്നതായിരുന്നു. കമല തന്നെ ഇതു സ്വയം കണ്ടെത്തിയിരുന്നു. ''...വിഷയങ്ങൾ എന്റെ തലയിൽ അടിച്ചമർത്തിയിരുന്നെങ്കിൽ ഞാൻ കവിത എഴുതുവാൻ പഠിക്കുമായിരുന്നില്ല. വിദ്യാഭ്യാസത്തിന്റെ പരിമിതിയാണ് എന്നെ രക്ഷപ്പെടുത്തിയത്.''

അച്ഛൻ വടേക്കര മാധവൻനായർക്ക് കമലയുടെ വിദ്യാഭ്യാസത്തിൽ വലിയ താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ, കമലയോ? കമല ഔപചാരികവിദ്യാഭ്യാസത്തിന്റെ ദയാരാഹിത്യത്തെ ഒട്ടുമേ ഇഷ്ടപ്പെട്ടില്ല. കൽക്കത്തയിൽ തന്റെ അദ്ധ്യാപകരായിരുന്നവരെ കുറിച്ചും മറ്റും കമല എഴുതുന്ന കാര്യങ്ങൾ ഇതു സുവ്യക്തമാക്കുന്നുണ്ട്. ''തന്റെ മക്കൾ ആരായിരുന്നുവെന്നോ അവരുടെ ജീവിതലക്ഷ്യങ്ങൾ എന്തെല്ലാമെന്നോ എന്റെ അച്ഛൻ മനസ്സിലാക്കാൻ ശ്രമിച്ചില്ല. അച്ഛൻ കുട്ടിയായിരുന്ന കാലഘട്ടത്തിൽ ഒരച്ഛനും മക്കളോട് അടുപ്പം കാണിച്ചിരുന്നില്ല. ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുകയെന്നതു മാത്രമാണ് ഒരച്ഛന്റെ കടമയെന്ന് ആ തലമുറ തെറ്റിദ്ധരിച്ചു. താരതമ്യേന സുഗമമായ ഒരു പാത മക്കൾക്കു കാണിച്ചു കൊടുക്കുവാനും മിനക്കെട്ടില്ല. തെറ്റു ചെയ്താൽ അതിന്റെ അനന്തരഫലമായ വേദന അനുഭവിച്ചു മാത്രമേ ഞങ്ങൾക്ക് തെറ്റ് എന്തെന്നു മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ.''

മാധവിക്കുട്ടി

കൽക്കത്തയിൽ, ഇംഗ്ലീഷുകാരുടെ സ്‌കൂളിൽ കമല അപകർഷതയും വിവേചനവും അനുഭവിച്ചിരുന്നു. എല്ലാ പൊങ്ങച്ചങ്ങളേയും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കാനും സ്വാഭാവികവും ആത്മാർത്ഥവുമായ ഇടപെടലുകളേയും വാക്കുകളേയും തിരിച്ചറിയാനും കുറെയൊക്കെ ഇളംപ്രായത്തിൽ തന്നെ കമലയ്ക്കു കഴിഞ്ഞിരുന്നുവെങ്കിലും പല കാര്യങ്ങളും ആ ബാലികയുടെ ഹൃദയത്തെ വ്രണപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ അച്ഛനും അമ്മയും അധികനേരം കുട്ടികളോടു സംസാരിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കമല നേർരൂപത്തിൽ എഴുതുന്നുണ്ട്. അതുകൊണ്ട് പുന്നയൂർക്കുളത്ത് നിന്നുള്ള സരളേച്ചി കൽക്കത്തയിലെ തങ്ങളുടെ വീടു സന്ദർശിച്ചപ്പോൾ, സ്‌കൂളിലെ വിശേഷങ്ങൾ അന്വേഷിച്ചത് കമലയെ ആഹ്ലാദിപ്പിക്കുന്നുണ്ട്. തന്മയീഭാവശക്തിയോ സഹാനുഭൂതിയോ ഇല്ലാത്ത വിദ്യാഭ്യാസവ്യവസ്ഥയും മുതിർന്നവർ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചു കുട്ടികളെക്കുറിച്ച് നേരത്തെ തന്നെ സ്വരൂപിച്ചു വയ്ക്കുന്ന പ്രതീക്ഷകളും കുട്ടികൾക്കു വലിയ ഭാരമാണ് നൽകുന്നത്. എന്തിനേയും പെട്ടെന്നു മനസ്സിലാക്കാനുള്ള ഗ്രാഹ്യശേഷിയും നിരന്തരം 'എന്താണ്? എന്താണ്?' എന്ന അന്വേഷണബുദ്ധിയും പ്രകടിപ്പിക്കുന്ന കമല തന്റെ മെട്രിക്കുലേഷൻ പരീക്ഷയിൽ ഗണിതത്തിനു പരാജയപ്പെടുന്നതും അതോടെ അവളുടെ ഔപചാരികവിദ്യാഭ്യാസം അവസാനിക്കുന്നതും വി.എം. നായർ തന്റെ മകൾക്ക് പെട്ടന്ന് വരനെ കണ്ടെത്തുന്നതുമെല്ലാം ആ കാലത്തിന്റെ മാത്രം ജീവിതാനുഭവങ്ങളല്ല. ഇതരരൂപങ്ങളിൽ ഇപ്പോഴും അതു തുടരുന്നുണ്ട്. എന്നാൽ, കമലയെ പോലെ ഈ പരിമിതികളെ ഭേദിക്കുന്നവർ വിരളമാണ്.

തന്നെ ഏറെ പഠിപ്പിച്ച അദ്ധ്യാപകർ വീട്ടിലെ വേലക്കാരായിരുന്നെന്നു പറയുന്ന കമല പല കാര്യങ്ങളിലും വിദ്യാലയ ജീവിതത്തെ വെറുത്തിരുന്നു, അവിടുത്തെ അടഞ്ഞ വ്യവസ്ഥയോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

ഖദർ വസ്ത്രം ധരിക്കുകയും ഗാന്ധിഭക്തയായി ജീവിക്കുകയും ചെയ്ത ബാലാമണിയമ്മയുടെ മകളിൽ സൗന്ദര്യത്തെക്കുറിച്ചുള്ള ആകാംക്ഷകൾ നിറച്ചതും വേലക്കാരികളായിരുന്നു. വെള്ളയും മഞ്ഞയും നിറമുള്ള ഖദർ വസ്ത്രങ്ങൾ ധരിച്ച അമ്മയെ മുതിർന്ന പുരുഷന്മാർ പോലും ആദരവോടെ നോക്കുന്നത് കമല കണ്ടിട്ടുണ്ട്. പക്ഷേ, അത് അനുകരിക്കേണ്ടതായി കമലയ്ക്കു തോന്നുന്നില്ല. നാലാപ്പാട്ടെ സ്ത്രീകൾ ആരും തന്നെ ആഭരണപ്രിയകളായിരുന്നില്ല. അവർ കണ്ണെഴുതിയില്ല. മുടിയിൽ പൂ ചൂടിയിരുന്നില്ല. സൗന്ദര്യം വർദ്ധിപ്പിക്കുകയെന്ന ആശയത്തിന് നാലാപ്പാട്ടെ വീട്ടിൽ യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ലെന്ന് കമല എഴുതുന്നുണ്ട്. ഇതിനെ സ്വീകരിക്കാൻ സന്നദ്ധയാകാതിരുന്ന കമല താൻ മറ്റേതോ ജനുസ്സിൽ പെട്ടതാണെന്നു കരുതി. നാലാപ്പാട്ടെ പരിചാരികകളുടെ സൗന്ദര്യബോധത്തിൽ അവൾ ആകർഷിതയാകുന്നതു സ്വാഭാവികമായിരുന്നു. അവർ പച്ചമഞ്ഞളരച്ചു കവിളത്തു പുരുട്ടുന്നതും കണ്ണിൽ മഷി കൊണ്ടു വരയ്ക്കുന്നതും മുടിയിൽ മുല്ലയടേയുും പിച്ചകത്തിന്റേയും കൈതയുടേയും പൂവുകൾ ചൂടുന്നതും നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും ആഭരണങ്ങൾ (അതു മുക്കുപണ്ടങ്ങൾ ആണെങ്കിൽ പോലും) അണിയുന്നതും വെറ്റില മുറുക്കി ചുണ്ടുകൾ ചുമപ്പിക്കുന്നതും കമലയെ ആകർഷിച്ചിരുന്നു. സൗന്ദര്യത്തോടുള്ള ഭ്രമങ്ങൾ കമലയിൽ അങ്കുരിപ്പിക്കുന്നതും പരിചാരികമാരായിരുന്നു. അമ്മമ്മ അവൾക്കായി പാവാട തുന്നാൻ നൽകുമ്പോൾ സന്തോഷചിത്തയാകുന്നവൾ തന്റെ വസ്ത്രം മറ്റൊരു കുട്ടിക്കു നൽകണമെന്നു പറയുമ്പോൾ പെട്ടെന്നു കരച്ചിലിലേക്കു നീങ്ങുന്നു.

ഖദർ വസ്ത്രം ധരിക്കുകയും ഗാന്ധിഭക്തയായി ജീവിക്കുകയും ചെയ്ത ബാലാമണിയമ്മയുടെ മകളിൽ സൗന്ദര്യത്തെക്കുറിച്ചുള്ള ആകാംക്ഷകൾ നിറച്ചത് വേലക്കാരികളായിരുന്നു

നാലാപ്പാട്ടുകാരേയും ആ വീട്ടിലെ പരിചാരകരേയും താരതമ്യം ചെയ്തുകൊണ്ടു തന്നെ മാധവിക്കുട്ടി ചില കാര്യങ്ങൾ എഴുതുന്നുണ്ട്. തങ്ങൾ സദ്ഗുണസമ്പന്നരാണെന്ന ഭാവം നാലാപ്പാട്ടുകാർക്ക് ഉണ്ടായിരുന്നുവെന്നും വേലക്കാർ ഈ അഹന്തയിൽ നിന്നും മോചനം നേടിയവരായിരുന്നെന്നും മാധവിക്കുട്ടി കാണുന്നുണ്ട്. നാലാപ്പാട്ടു തറവാടിനു സ്വാഭാവികമെന്നോണം സിദ്ധിച്ചിരുന്ന സവർണ്ണമനോഭാവത്തെ മറികടക്കാൻ പ്രേരിപ്പിക്കുന്ന പലതും പരിചാരികമാരിൽ നിന്നും അവൾ സ്വായത്തമാക്കുന്നുണ്ട്. നായർ മേധാവിത്വത്തിന്റെയും മനോഭാവങ്ങളുടെയും പൊതുസ്വഭാവത്തിൽ നിന്നു മാറിനിന്ന് പ്രശ്‌നങ്ങളെ കാണാനുള്ള സ്വതന്ത്രബുദ്ധി പലപ്പോഴും മാധവിക്കുട്ടി പ്രകടിപ്പിക്കുന്നു. മാധവിക്കുട്ടിയുടെ തന്നെ വാക്കുകളിൽ പരിചാരികമാർ ഇങ്ങനെയായിരുന്നു : ‘‘സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാനായി അവർ അധികമൊന്നും അഭിനയിച്ചില്ല. അതുകൊണ്ട് അവരുടെ സമീപത്തേക്കാണ് ചോദ്യങ്ങളും പേറി ഞാൻ ചെന്നിരുന്നത്. അവർക്കും തത്ത്വചിന്ത ഉണ്ടായിരുന്നു. അവർ ഉച്ഛരിച്ച ഭാഷ മാത്രം നാലാപ്പാട്ടുകാരിൽ നിന്നും വ്യത്യസ്തമായിരുന്നു. ഗ്രാമ്യത അവരുടെ സംഭാഷണത്തെ ശക്തമാക്കി. കഥകൾ എഴുതുവാൻ പ്രചോദനം ലഭിച്ചത് അവരിൽ നിന്നാണ്. അവരുടെ ഭാഷണശൈലി എന്നെ ആകർഷിച്ചു’’.

സഹജാവബോധത്തോടെ മറ്റുള്ളവരുമായി അടുക്കുവാനുള്ള കഴിവ് താൻ നേടുന്നത് വീട്ടുവേലക്കാരുമൊത്ത് വളരെയധികം സമയം ചെലവഴിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് 'എന്റെ കഥ' എന്ന കൃതിയിൽ തന്നെ മാധവിക്കുട്ടി പറയുന്നുണ്ട്. ആത്മാർത്ഥതയില്ലാത്ത ഇടത്തരം കൃതികളുടെ എഴുത്തുകാരേയും വായനക്കാരേയും വിമർശിച്ചു കൊണ്ട് ഇവ വായിക്കാത്ത വീട്ടുവേലക്കാരുടെ മനസ്സിൽ വിലങ്ങുകൾ വളരുന്നില്ലെന്ന് അവർ എഴുതുന്നു: ‘‘വേലക്കാരികളുടെ ജാക്കറ്റുകളുടെ വിയർപ്പുഗന്ധം വാത്സല്യത്തിന്റെ ഗന്ധമായി ഞാൻ കണക്കാക്കിയിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും മേൽ യാതൊരു സ്വാധീനവും ചെലുത്താൻ കഴിവില്ലാതിരുന്ന എന്നിൽ നിന്ന് വേലക്കാർക്കു സാരവത്തായ ഒരു സമ്പാദ്യവും ലഭിക്കുമായിരുന്നില്ല. എന്നുവേണമെങ്കിലും തങ്ങളെ പിരിച്ചു വിടാനുള്ള സ്വാതന്ത്ര്യം എന്റെ മാതാപിതാക്കൾക്കുണ്ടെന്നും അവർക്കറിയാമായിരുന്നു. മാസാരംഭത്തിൽ കിട്ടുന്ന അഞ്ചുറുപ്പികയുടെയോ ഇരുപതുറുപ്പികയുടെയോ തുച്ഛമായ ഒരു ബന്ധം മാത്രമേ തങ്ങൾക്കും യജമാനത്തികൾക്കും തമ്മിൽ ഉണ്ടാവുകയുള്ളൂ എന്നുമവർക്കറിയാമായിരുന്നു. എന്നിട്ടും, ഒരിക്കൽ ഞാൻ രാത്രിയിൽ പ്രേതങ്ങളെയും കള്ളന്മാരെയും ഭ്രാന്തന്മാരെയും ഓർത്ത് ഭയപ്പെട്ട് ഉറങ്ങാതെ കിടക്കുമ്പോൾ വൃദ്ധയായ ത്രിപുര തന്റെ പായയിൽ എഴുന്നേറ്റിരുന്നു കൊണ്ടു പറഞ്ഞു: ''ചെറിയ മകൾ എന്റെ കൂടെ വന്നു കിടന്നുകൊള്ളൂ. പേടിക്കേണ്ട, ത്രിപുര ഇവിടെയുണ്ട്’’.

‘‘സരസ്വതി ഞങ്ങൾക്കു ഭക്ഷണം പാചകം ചെയ്തു തന്നില്ലെങ്കിൽ എന്റെ ഭർത്താവിന്റെ ക്ഷീണം വർദ്ധിക്കും. എന്റെ അമ്മയ്ക്ക് ആരോഗ്യം കാണുകയില്ല. എന്റെ മേശയ്ക്കരികെ ഇരുന്നുകൊണ്ട് പിച്ചും പേയും എഴുതുവാനുള്ള ചൈതന്യം എനിക്കുമുണ്ടാവില്ല’’.

എന്നാൽ, ഈ പരിചാരികമാരുടെ ജീവിതത്തിന്റെ മറുയാഥാർത്ഥ്യം കമല അറിയാതിരിക്കുന്നില്ല. കമലയെ ജീവിതമെന്താണെന്നു പഠിപ്പിച്ചവരുടെ കഠിനയാഥാർത്ഥ്യം കഞ്ഞുന്നാളിലേ ആ മനസ്സിനെ തൊടുന്നുണ്ട്. 'നീർമാതളം പൂത്തകാലം' എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ ഇങ്ങനെ വായിക്കാം: ‘‘... സേവകർ എന്നും മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ ധരിച്ചു. കഞ്ഞിയും മുളകു ചതച്ചതും ഭക്ഷിച്ചു. യജമാനന്മാരും യജമാനത്തിമാരും കസവുചൊട്ടികളുള്ള മുണ്ടുകൾ ധരിച്ചു. കഴുത്തിൽ ആഭരണങ്ങൾ അണിഞ്ഞു. വേലക്കാരുടെ ഇടയിൽ സൗന്ദര്യമുള്ള ഒരു കുഞ്ഞ് വന്നു പിറന്നേക്കാം. പക്ഷേ, പതിനഞ്ചോ പതിനാറോ വർഷങ്ങൾക്കു ശേഷം ആ കുട്ടിയും തന്റെ വർഗ്ഗത്തിന്റെ രൂപവിശേഷങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങും. മുഖവും കൈകാലുകളും ചെളിയും ചാണകവും മണ്ണും വൈക്കോലും തട്ടി കറുക്കും. ശരീരത്തിന് ഒരു ദുർഗന്ധം വന്നുചേരും. ...യജമാനത്തി ചിരിക്കുമ്പോൾ ഒപ്പം ചിരിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന ആശ്രിതകളും യജമാനൻ വെറുക്കുന്നവരെ വെറുക്കാൻ പഠിച്ച വേലക്കാരുമായി അവർ എത്രയോ വേഗം രൂപാന്തരപ്പെട്ടു’’.
എന്നാൽ, പരിചാരകർ പുലർത്തുന്ന ജാത്യാചാരങ്ങളെയും വിശ്വാസങ്ങളെയും സംശയത്തോടെ കാണാനുള്ള സിദ്ധിയും കമലയ്ക്കുണ്ടായിരുന്നു.

കുഞ്ഞുങ്ങളുടെ അന്വേഷണബുദ്ധിയിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ മുതിർന്നവരുടെ മനസ്സിനെ അഴിക്കാനും അവരിലെ പ്രത്യയശാസ്ത്രത്തെ വിവൃതമാക്കാനും സാമൂഹികബന്ധങ്ങളിലെ അടിയൊഴുക്കുകളെ മനസ്സിലാക്കാനും കഴിയുന്ന ആഖ്യാനങ്ങളായി മാറിത്തീരാമെന്ന് അത്ഭുതത്തോടെ നാം അറിയുന്നു. ഒരു സവിശേഷകാലഘട്ടത്തിലെ മലബാറിന്റെ സാമൂഹികജീവിതത്തിലെ ഏടുകളെ യഥാതഥവും സാമാന്യം വിശദവുമായി ഉള്ളടക്കിയിരിക്കുന്ന രേഖകളായി ഈ രചനകൾ മാറുന്നുണ്ട്‌. വിവിധ ശ്രേണികളിൽ പെട്ട നാനാജാതിമതസ്ഥരായ സ്ത്രീകളുടേയും പുരുഷന്മാരുടേയും സംഭാഷണങ്ങളും ശരീരഭാഷാവിവരണങ്ങളും പെരുമാറ്റരീതികളും സ്വഭാവവർണ്ണനകളും കൊണ്ടു നിറഞ്ഞിരിക്കുന്ന മാധവിക്കുട്ടിയുടെ ആഖ്യാനം ചൊൽചരിത്രമെന്ന പേരിൽ വളരെ ബോധപൂർവ്വമായ അക്കാദമിക് പഠനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന രേഖകളേക്കാളും വിശ്വാസ്യതയും സ്വാഭാവികതയും ഉള്ളവയാണ്. ഈ ആഖ്യാനങ്ങൾ വായിക്കുമ്പോൾ, സവിശേഷമായ ആ സ്ഥല-കാലങ്ങൾ നമ്മുടെ മുന്നിൽ എഴുന്നേറ്റു നിൽക്കുന്നതായി തോന്നും.

വേലക്കാരോടു പുലർത്തുന്ന സഹഭാവവും സ്‌നേഹവും മുതിർന്നപ്പോഴും മാധവിക്കുട്ടിക്കു നഷ്ടമായിരുന്നില്ല. സ്വന്തം ജീവിതത്തെ കുറിച്ചു പറയുന്ന ആദ്യപുസ്തകത്തിൽ തന്നെ വേലക്കാരോട് തനിക്കുള്ള കടപ്പാടും മനോഭാവവും എഴുതുന്നുണ്ടെന്നു നാം കണ്ടല്ലോ?
''ഞങ്ങളുടെ ജീവിതത്തിന്റെ പശ്ചാത്തലം സൃഷ്ടിച്ചിരുന്നവരും അരങ്ങിന്റെ താങ്ങുകളുമായിരുന്ന വേലക്കാരെ ഞാനൊരിക്കലും മറക്കുകയില്ല. നാടകം തുടങ്ങുന്നതിനു മുമ്പ് ചൂലുമായി വന്ന് അരങ്ങു വൃത്തിയാക്കുന്നവരായിരുന്നു അവർ. അവർ പൊയ്ക്കഴിഞ്ഞാൽ മുഖ്യവേഷങ്ങൾ പുറത്തേക്കു വരികയായി.''

മാധവിക്കുട്ടി

ജീവിതത്തിലുടനീളം ഈ മനോഭാവമാണ് വേലക്കാരോട് അവർ സൂക്ഷിക്കുന്നത്. മാധവിക്കുട്ടി അമ്മയോടും ഭർത്താവ് മാധവദാസിനോടുമൊപ്പം തിരുവനന്തപുരത്തു താമസിക്കുന്ന നാളുകളിൽ അവരോടൊപ്പം ആ വീട്ടിലെ വേലക്കാരിയായി പണിയെടുത്തിരുന്ന സരസ്വതിയെ കുറിച്ച് ഇങ്ങനെ എഴുതുന്നു: ''അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന സരസ്വതിയെക്കാൾ പ്രാധാന്യം എനിക്ക് ഈ കുടുംബത്തിൽ വെച്ചു കിട്ടുന്നത് അവളുടെ ശമ്പളം ഞാൻ കൊടുക്കുന്നതു കൊണ്ടാണ്. അല്ലെങ്കിൽ അവൾ തന്നെയാവും ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. അവൾ ഞങ്ങൾക്കു ഭക്ഷണം പാചകം ചെയ്തു തന്നില്ലെങ്കിൽ എന്റെ ഭർത്താവിന്റെ ക്ഷീണം വർദ്ധിക്കും. എന്റെ അമ്മയ്ക്ക് പുസ്തകം വായിക്കാനും എഴുതാനും നടക്കാനും വേണ്ട ആരോഗ്യം കാണുകയില്ല. എന്റെ മേശയ്ക്കരികെ ഇരുന്നുകൊണ്ട് പിച്ചും പേയും എഴുതുവാനുള്ള ചൈതന്യം എനിക്കുമുണ്ടാവില്ല. സരസ്വതിക്ക് തന്റെ സ്വന്തം സ്ഥാനത്തിന്റെ പ്രാധാന്യം അറിയുന്നില്ല. ...എന്റെ കൈനഖങ്ങളുടെ വെണ്മ നിലനിർത്തുവാനാണ് സരസ്വതി തന്റെ നഖങ്ങളിൽ കരിയും മെഴുക്കും പിടിപ്പിക്കുന്നത് എന്ന് ഓർക്കുമ്പോൾ എന്റെ ഹൃദയം അസ്വസ്ഥമാവുന്നു. എന്റെ ഗൃഹാന്തരീക്ഷത്തിൽ ഒരു കൊടുങ്കാറ്റോ വിപ്ലവമോ ഉണ്ടാവുന്നത് എന്റെ കുടുംബാംഗങ്ങൾക്കു ബുദ്ധിമുട്ടു വരുത്തും എന്നറിയാവുന്നതു കൊണ്ട് ഞാൻ എന്റെ നന്ദിയും അപരാധബോധവും വേലക്കാരിൽ നിന്നും അന്തസ്സോടെ ഒളിച്ചുവയ്ക്കുന്നു’’.

അവലംബം:
1. ബാല്യകാലസ്മരണകൾ - മാധവിക്കുട്ടി, ഡി സി ബുക്‌സ്, കോട്ടയം, 2023.
2. വർഷങ്ങൾക്കു മുമ്പ് - മാധവിക്കുട്ടി, കറന്റ് ബുക്‌സ്, തൃശൂർ, 2019.
3. എന്റെ കഥ - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 1987.
4. നീർമാതളം പൂത്ത കാലം - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 1997.
5. ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 2019.

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments