ഭാഗം മൂന്ന്:
കമലയും അമ്മമ്മയും
ബാല്യത്തില്‍ അമ്മമ്മയുടെ സംരക്ഷണത്തില്‍ പുന്നയൂര്‍ക്കുളത്തെ നാലാപ്പാട്ടു തറവാട്ടില്‍കഴിയുന്ന കാലം മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. അമ്മമ്മയും നാലാപ്പാട്ടു നാരായണമേനോനെന്ന വല്യമ്മാവനും കമലയോടു കാണിക്കുന്ന സ്‌നേഹവാത്സല്യങ്ങളും അവരില്‍ നിന്നു കിട്ടുന്ന മൂല്യങ്ങളും മൂല്യസംഘര്‍ഷങ്ങളും പ്രോത്സാഹനങ്ങളും കമലയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നു നിസ്സംശയം പറയാം.
ആമിയ്ക്ക് എന്നുമെന്നും സ്മരണയില്‍ പൊങ്ങുന്ന യാഥാര്‍ത്ഥ്യം അമ്മമ്മയുടെ വാത്സല്യമായിരുന്നു, വെളുത്ത പൂഴിമണ്ണു വിരിച്ച നാലാപ്പാട്ടെ അങ്കണമായിരുന്നു. അമ്മമ്മയുടെ മുഖത്തിന് നീര്‍മാതളപൂക്കളുടെ വിളര്‍പ്പുണ്ടായിരുന്നു. ജഗന്നാഥന്‍ മുണ്ടുകള്‍ മാത്രം ധരിക്കുന്ന അവര്‍ സന്യാസിനിയെ പോലെ ആയിരുന്നു. അവരോടൊപ്പം ഉറങ്ങാന്‍ കിടന്നിരുന്നപ്പോള്‍ അനുഭവിച്ചിരുന്ന വൈകാരികസുരക്ഷിതത്വം പിന്നീടൊരിക്കലും തനിക്കു കൈവന്നിട്ടില്ലെന്ന് കമല എഴുതുന്നുണ്ട്.
മുത്തശ്ശിമാര്‍ മിക്കപ്പോഴും തങ്ങളുടെ കൊച്ചുമക്കള്‍ക്ക് നിരുപാധികമായ സ്‌നേഹവും വൈകാരിക പിന്തുണയും നല്‍കുന്നവരാണ്. ക്ഷമയും ദയയും സഹിഷ്ണുതയും പ്രകടിപ്പിക്കുന്ന അവര്‍ കൊച്ചുമക്കള്‍ക്കു മാതൃകയാകുന്നു. കുട്ടികള്‍ പലപ്പോഴും മുത്തശ്ശിമാരുടെ പെരുമാറ്റവും മനോഭാവവും അനുകരിക്കുന്നു. അനുഭവസ്ഥരായ അവരുടെ ഉപദേശങ്ങള്‍ കുട്ടികള്‍ക്ക് മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കിയിരുന്നു. പ്രശ്‌നപരിഹാരത്തിനുള്ള കഴിവുകളും പ്രതിരോധശേഷിയും വികസിപ്പിക്കാന്‍ കുട്ടികളെ സഹായിച്ചിരുന്നു. ഇത് വൈകാരികമായ പ്രതിരോധവും സുരക്ഷിതത്വവും പരിപോഷിപ്പിക്കുന്നു. തങ്ങള്‍ അംഗീകരിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന സുരക്ഷിതമായ ഇടമായി കുട്ടികള്‍ മുത്തശ്ശിമാരെ കണ്ടെത്തുന്നു.
മുത്തശ്ശിമാരുടെ അടുത്ത് സ്വതന്ത്രമായി പെരുമാറുന്ന അവരില്‍ ആത്മവിശ്വാസം വളരുകയും അത് ഫലപ്രദമായ ആശയവിനിമയത്തിനുള്ള ശേഷികളുടെയും ധിഷണയുടെയും ഉത്തേജനത്തിനു സഹായകമാകുകയും ചെയ്യുന്നു. പാരമ്പര്യത്തെയും മൂല്യങ്ങളെയും കൊച്ചുമക്കള്‍ക്ക് കൈമാറുന്നതില്‍ മുത്തശ്ശിമാര്‍ വലിയ പങ്കു വഹിച്ചിരുന്നു, കേരളത്തിന്റെ സമീപഭൂതകാലത്തില്‍. കുട്ടികളില്‍ സ്വത്വബോധവും ബന്ധങ്ങളോടുള്ള മതിപ്പും വളരുന്നതിനു ഇതു സഹായിച്ചിരുന്നു.
അമ്മമ്മയോടൊപ്പം പുന്നയൂര്‍ക്കുളത്തു നിന്ന് ആറു നാഴിക നടന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ പോകുന്ന അനുഭവങ്ങള്‍ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. കയ്യും കാലും മുഖവും കഴുകാനായി അമ്മമ്മ ഒരു കുളത്തിലിറങ്ങുന്നു. മുഖം കഴുകുന്നതിന്നിടെ അമ്മമ്മ പറയുന്നു; ‘വെള്ളം വലിയൊരു അനുഗ്രഹമാണ്’.
ഏതു മഹത്കവിതയേയും പിന്നിലാക്കുന്ന ഈ വാക്കുകള്‍ കേള്‍ക്കുന്ന കമല പിൽക്കാലത്ത് കവിയായതി അതിശയിക്കാനൊന്നുമില്ല.
‘പിന്നെ, എന്തൊക്കെയാണ് അനുഗ്രഹങ്ങള്‍?', കമല അമ്മയോടു ചോദിക്കുന്നു.
വായുവും കാറ്റും വെളിച്ചവും ഒക്കെ അനുഗ്രഹങ്ങളാണെന്ന് അമ്മമ്മ പറയുന്നു.
അമ്മമ്മ പറയുന്ന കഥകളും കുടുംബചരിത്രവും ജീവിതാനുഭവങ്ങളും കമല കേള്‍ക്കുന്നുണ്ട്. ഏതോ തുടര്‍ച്ചയുടെ ബോദ്ധ്യം കമല ആര്‍ജ്ജിക്കുന്നുണ്ട്.
‘എനിക്ക് ഇവിടെ ഏറ്റവും ഇഷ്ടപ്പെടുന്നത് ഈ പാമ്പിന്‍കാവിലെ പൂക്കളുടെ മണമാണ്’, ഞാന്‍ ഒരിക്കല്‍ അമ്മമ്മയോടു പറഞ്ഞു. അഭിമാനത്തോടെ അവര്‍ തന്റെ ചുറ്റും നോക്കി. കാഞ്ഞിരവും ഇലഞ്ഞിയും പരിയും നീര്‍മാതളവും കുങ്കുമവും പൂവണിഞ്ഞ സമയമായിരുന്നു അത്. പടിഞ്ഞാറേ മുറ്റത്ത് പാരിജാതവും തന്റെ കൊച്ചരിപ്പൂക്കള്‍ ഉതിര്‍ത്തു.
‘പിന്നെ ഈ ഊഞ്ഞാലും’, ഞാന്‍ പറഞ്ഞു.
മറ്റൊരു സന്ദര്‍ഭം.
മുകളിലത്തെ വരാന്തയില്‍ നൂല്‍ നൂല്‍ക്കുന്ന അമ്മമ്മയോട് ഞാന്‍ പറഞ്ഞു, ‘എന്തിനാ ഇവിടെ എല്ലാ മുറീലും ഗാന്ധീടെ ഫോട്ടോ?'
‘മഹാത്മജി നമുക്കു ദൈവത്തെ പോലെയല്ലേ?'
‘മഹാത്മജി ചോദിച്ചാല്‍ എല്ലാം കൊടുക്ക്വോ?’
‘കൊടുക്കും. ചോദിച്ചാല്‍ കൊടുക്കാതിരിക്കാന്‍ പറ്റ്വോ?'
‘എന്നെ വേണംന്ന് പറഞ്ഞാല്‍ എന്നെ പിടിച്ചു കൊടുക്ക്വോ?'
അമ്മമ്മ തക്‌ളി നിലത്തു വച്ചു പൊട്ടിച്ചിരിച്ചു. ‘കമലെ കൊടുക്കില്യ. അതു തീര്‍ച്ചയാ. മഹാത്മജീന്നല്ല, സാക്ഷാല്‍ ഗുരുവായൂരപ്പന്‍ വന്നു ചോദിച്ചാലും കമലേ ഞാന്‍ കൊടുക്ക്‌ല്യ’.
അമ്മമ്മ പറയുന്ന കഥകളും കുടുംബചരിത്രവും ജീവിതാനുഭവങ്ങളും കമല കേള്‍ക്കുന്നുണ്ട്. ഏതോ തുടര്‍ച്ചയുടെ ബോദ്ധ്യം കമല ആര്‍ജ്ജിക്കുന്നുണ്ട്. അമ്മമ്മ നല്‍കുന്ന നിരുപാധികമായ സ്‌നേഹവും വൈകാരിക പിന്തുണയും കമലയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. അമ്മമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ നാലാപ്പാട്ടെ പടിഞ്ഞാറേ മുറ്റത്തു വളര്‍ന്നു നിന്നിരുന്ന കഞ്ഞിക്കൂര്‍ക്കയുടേയും ആടലോടകത്തിന്റേയും ചെടികളെ കൂടി കമല ഓര്‍ക്കും. ചുമ വരുമ്പോള്‍ അമ്മമ്മ നല്‍കിയിരുന്ന തേന്‍ ചേര്‍ത്ത ആടലോടകനീരിനെ ഓര്‍ക്കും. പനി മാറ്റുവാന്‍ നല്‍കുന്ന കുരുമുളകും തുളസിയിലയും ചുക്കും തെങ്ങിന്‍ ചക്കരയും ചേര്‍ത്ത കാപ്പിയെ ഓര്‍ക്കും. ആ പാനീയം കുടിച്ച് പുതപ്പിന്നടിയില്‍ കിടന്ന് ഉറങ്ങുന്നതിനേയും പനി വിട്ട് ഉണരുന്നതിനേയും ഓര്‍ക്കും. പനി മാറുമ്പോള്‍ തരുന്ന പൊടിയരിക്കഞ്ഞിയേയും ചുട്ട പപ്പടത്തേയും ഓര്‍ക്കും. കറിവേപ്പിലയും മഞ്ഞളുമിട്ട കാച്ചിയ മോരു കൂട്ടി പൊടിയരിച്ചോറു കഴിക്കുന്നത് ഓര്‍ക്കും. അമ്മമ്മയോടൊപ്പം ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മമ്മ കഥകള്‍ പറയുമായിരുന്നു. കഥകള്‍ അവളില്‍ പല സന്ദേഹങ്ങളുണര്‍ത്തി. എല്ലാ സന്ദേഹങ്ങളും എവിടെയും ഉന്നയിക്കുന്ന കമല അമ്മമ്മയോടും തന്റെ സംശയങ്ങള്‍ ചോദിച്ചു. ഇതിനൊന്നും ഉത്തരം പറയാനുള്ള അറിവു തനിക്കില്ലെന്ന് അമ്മമ്മ കമലയോടു പറയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നുണ്ട്. അമ്മമ്മയുടെ അമിതവിനയം തന്നെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നു കമല എഴുതിയിരിക്കുന്നു.
ആവര്‍ത്തിച്ചു വരുന്ന സംശയങ്ങള്‍ ചിലപ്പോള്‍ ‘ഈ കമലയ്ക്കു പ്രാന്താ’ എന്ന അമ്മമ്മയുടെ വാക്കുകളില്‍ അവസാനിച്ചു. അമ്മമ്മ പറഞ്ഞു തന്ന കഥകള്‍ക്ക് പകരമായി കമല ടോള്‍സ്റ്റോയിയും ഡിക്കന്‍സും എഴുതിയ കഥകള്‍ അമ്മമ്മയ്ക്കു പറഞ്ഞു കൊടുത്തിരുന്നുവത്രെ. കമലയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചു കൊണ്ടിരിക്കുന്നവരെല്ലാവരും അവരുടെ സമാനമായ ബാല്യകാലസ്മൃതികളിലേക്കു പോകും. മനസ്സില്‍ അറിയാതെ ഏതോ സങ്കടം നിറഞ്ഞ് വിതുമ്പും.
അമ്മമ്മയെ നല്ല കസവുമുണ്ടുകള്‍ ധരിച്ചും ആഭരണങ്ങളണിഞ്ഞും കാണണമെന്ന് കമല ആഗ്രഹിച്ചിരുന്നു. വിധവയായ താന്‍ അങ്ങനെ ചെയ്തുകൂടെന്നാണ് അമ്മമ്മ കരുതിയിരുന്നത്.
കമല ആദര്‍ശദമ്പതികളായി കണ്ടത് തന്റെ അമ്മമ്മയെയും അവരുടെ തമ്പുരാനെയുമായിരുന്നുവെന്ന് സുലോചന നാലാപ്പാട്ട് എഴുതുന്നുണ്ട്. മൂത്ത മകളായ ബാലാമണിയമ്മയെ പതിനഞ്ചാം വയസ്സില്‍ പ്രസവിച്ച കൊച്ച്വമ്മമ്മ മുപ്പത്തിയേഴാം വയസ്സില്‍ വിധവയായി. തമ്പുരാന്റെ മരണശേഷം എട്ടുമാസം കഴിഞ്ഞപ്പോഴാണ് ബാലാമണിയമ്മ കമലയെ പ്രസവിച്ചത്. കമല തമ്പുരാന്റെ പുനര്‍ജന്മമാണെന്ന് അമ്മമ്മ വിശ്വസിച്ചിരുന്നുവെന്നും അവര്‍ക്കു കമലയോടുണ്ടായിരുന്ന സവിശേഷവാത്സല്യത്തിന്റെ കാരണം ഇതായിരുന്നുവെന്നും കമലയുടെ അനിയത്തി എഴുതിയിരിക്കുന്നു. കമലയും അതിനെ കുറിച്ചു പറയുന്നുണ്ട്. അമ്മമ്മയെ നല്ല കസവുമുണ്ടുകള്‍ ധരിച്ചും ആഭരണങ്ങളണിഞ്ഞും കാണണമെന്ന് കമല ആഗ്രഹിച്ചിരുന്നു. വിധവയായ താന്‍ അങ്ങനെ ചെയ്തുകൂടെന്നാണ് അമ്മമ്മ കരുതിയിരുന്നത്. മുത്തച്ഛന്‍ തിരിച്ചുവന്നാല്‍ നല്ല വേഷം ധരിക്കാമല്ലേയെന്ന് കമല പറയുമ്പോള്‍ ‘മുത്തച്ഛന്‍ മറ്റു രൂപത്തില്‍ ലോകത്തില്‍ വന്നുകഴിഞ്ഞു, കമലയുടെ രൂപത്തില്‍, അതുകൊണ്ടാവണം കമലയ്ക്ക് എന്നോട് ഇത്രകണ്ട് സ്‌നേഹം തോന്നുന്നത്’ എന്ന് അവര്‍ മറുപടി പറയുന്നു. അമ്മമ്മയ്ക്ക് തന്നോടുള്ള സ്‌നേഹവാത്സല്യങ്ങളെ കുറിച്ച്, അവരില്‍ പ്രവര്‍ത്തിക്കുന്ന നല്ലബുദ്ധിയേയും ദീനാനുകമ്പയേയും കുറിച്ച് മാധവിക്കുട്ടി പിന്നെയും പിന്നെയും എഴുതുന്നുണ്ട്.
പിന്നെ, വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന്‍ പണി കഴിപ്പിച്ച സര്‍വ്വോദയ എന്ന വീട്ടില്‍ കമല വന്നു താമസിക്കുമ്പോള്‍, അമ്മമ്മ അവരെ സന്ദര്‍ശിച്ച് നാലാപ്പാട്ടു വന്ന് തന്നോടൊപ്പം ഒരു ദിവസം താമസിക്കാന്‍ പറയുന്നുണ്ട്. കമല സമ്മതിക്കുന്നു. തുലാമാസമഴയിലും ഇരുട്ടിലും നാലാപ്പാട്ടേക്കു പോകാന്‍ തന്നെ അച്ഛന്‍ സമ്മതിച്ചില്ലെന്നാണ് കമല എഴുതുന്നത്.
‘അന്നു രാത്രി രണ്ടു മണിക്കോ മറ്റോ ഞാന്‍ ഉണര്‍ന്ന് വരാന്തയില്‍ ചെന്നു കിഴക്കോട്ടു നോക്കി. അപ്പോഴും നാലാപ്പാട്ടെ അമ്മമ്മയുടെ ജനാലപ്പടി മേല്‍ വച്ച കോഴിമുട്ടവിളക്ക് മങ്ങിക്കത്തിക്കൊണ്ടിരുന്നു’.
ഇതിനെ കുറിച്ച് അനിയത്തി സുലോചന എഴുതുന്നതു കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കണം. ആമിയോപ്പുവിന് അപരാധബോധമുണ്ടാക്കിയ ഒരു കാര്യമായിട്ടാണ് സുലോചന ഇതിനെ ഓര്‍ത്തെടുക്കുന്നത്.
സുലോചനയുടെ വാക്കുകള്‍:
‘പഴയ കമലയായി ഒരേയൊരു രാത്രി നീയെന്റെ കൂടെ കഴിയൂ. നമുക്കു പുലരുവോളം സംസാരിച്ചിരിക്കാം’ എന്നപേക്ഷിച്ച അമ്മമ്മയ്ക്ക് ആ രാത്രി സമ്മാനിക്കാനായില്ല, കമലയ്ക്ക്. സന്ധ്യയോടെ തെക്കേക്കോലായില്‍ പടിഞ്ഞാട്ടേക്കും പാമ്പിന്‍കാവിലെ നാഗര്‍കുടുംബത്തിനു മുന്നില്‍ കിഴക്കോട്ടും തിരി കൊളുത്തിയ ശേഷം മുത്തശ്ശി സ്വന്തം കിടപ്പറയുടെ ജനാലപ്പടിമേല്‍ ഒരു ചില്ലുവിളക്കു കൊളുത്തിവച്ച് കുട്ടിക്കായി കാത്തിരുന്നു. അവളെത്തിയില്ല. അതിനുള്ള കാരണങ്ങള്‍ തേടിപ്പോകുന്നത് നിരര്‍ത്ഥകം. അവള്‍ക്കു തന്നെ ഉള്‍ക്കൊള്ളാനാവാത്തവയായിരുന്നു അവ.
പിന്നീട്, ബോംബെയിലേക്കു മടങ്ങിപ്പോകാന്‍ കമല ടാക്‌സിയില്‍ കേറുമ്പോള്‍ അമ്മമ്മ ചുവന്ന കണ്ണുകളുമായി പടിപ്പുരയുടെ ചവിട്ടുപടിമേല്‍ വന്നുനിന്നു.
‘വിഷുവിനു വരില്യേ?' അവര്‍ ചോദിച്ചു.
‘വിഷുവിനു വരാം’, ഞാന്‍ പറഞ്ഞു.
വിഷുവിനു രണ്ടാഴ്ച മുമ്പ് അവര്‍ മരിക്കുകയും ചെയ്തു, 1954-ല്‍.
കമലയുടെ മൂത്തമ്മാവന്‍ മരിച്ചു. അധികം താമസിയാതെ ആറു മാസത്തോളം പക്ഷാഘാതം ബാധിച്ചു കിടന്ന അമ്മമ്മയും മരിച്ചു. അപ്പോള്‍, കമല ബോംബെയിലാണ്. അമ്മമ്മയുടെ അസുഖവിവരങ്ങള്‍ കമലയെ അറിയിച്ചിരുന്നില്ലെന്ന് കമലയും സുലോചനയും എഴുതുന്നുണ്ട്.
‘ഒന്നിലും ആസക്തി പാടില്ല കമലേ’, അമ്മമ്മ നാട്ടില്‍ വച്ചു പറഞ്ഞു, ‘ഒന്നും നമ്മുടേതല്ല’.
അവര്‍ക്ക് സ്വന്തമായി മരം കൊണ്ടുണ്ടാക്കിയ ഒരു വലിയ പെട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ താക്കോല്‍ അമ്മമ്മ വാതില്‍പ്പടി മേല്‍ വയ്ക്കാറുണ്ടായിരുന്നു. ആ പെട്ടി തുറക്കുമ്പോഴൊക്കെയും ഞാന്‍ അമ്മമ്മയുടെ പിന്നില്‍ച്ചെന്നുനിന്ന് അതിന്റെ ഉള്ളിലേക്ക് ഉറ്റുനോക്കി. അനവധി അറകളുള്ള ഒരു എഴുത്തുപെട്ടിയും അതില്‍ ചില കടലാസുതുണ്ടുകളും നാലോ അഞ്ചോ കരയില്ലാത്ത മുണ്ടും ചില നീണ്ട കൈയുള്ള റവുക്കകളും മാത്രമായിരുന്നു ആ പെട്ടിയില്‍.
‘അമ്മമ്മയ്ക്ക് വേറെ ഒന്നുമില്ലേ?', ഞാന്‍ ഒരിക്കല്‍ ചോദിച്ചു.
‘എനിക്ക് കമല ഇല്ലേ’, അവര്‍ ചിരിച്ചുകൊണ്ട് ഒരു മറുചോദ്യം ചോദിച്ചു.
ഞാന്‍ അവരുടെ ചുമലുകള്‍ ആലിംഗനം ചെയ്ത് എന്റെ മുഖം അവരുടെ തണുത്ത കപോലങ്ങളില്‍ ഉരസി. ഒരു വേനലവധിക്കു നാട്ടില്‍ വന്നെത്തുമ്പോള്‍ അമ്മമ്മയുടെ മുറിയും കട്ടിലും ഒഴിഞ്ഞു കാണുമെന്ന് അന്നൊന്നും ഞാന്‍ വിശ്വസിക്കുമായിരുന്നില്ല. അവരുടെ വാത്സല്യം എന്നെ താങ്ങുന്ന നിലമായിരുന്നു. ആ നിലത്തെ ഒരു പരവതാനിയെ എന്ന പോലെ വിധി പൊക്കിയെടുത്തു കുടയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.
My Grandmother's House (എന്റെ അമ്മമ്മയുടെ വീട്) എന്ന കവിതയില്‍ കമലാദാസ് ഇങ്ങനെ എഴുതി:
There is a house now far away where once
I received love...That woman died,
The house withdrew into silence, snakes moved...
(ഒരു വീടുണ്ട്, ഇപ്പോള്‍ ദൂരെ.
ഒരിക്കല്‍ എവിടെ എനിക്ക് സ്‌നേഹം ലഭിച്ചു
... ആ സ്ത്രീ മരിച്ചു,
വീട് നിശ്ശബ്ദതയിലേക്ക് മാറി,
അവിടെ പാമ്പുകള്‍ ഇഴഞ്ഞു...)
കമലാദാസിന്റെ സമ്മർ ഇൻ കൽക്കട്ട (കല്‍ക്കത്തയിലെ വേനല്‍) എന്ന സമാഹാരത്തിലാണ് ഈ കവിത പ്രസിദ്ധീകരിക്കപ്പെടുന്നത്. ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന കവിതയാണത്. ഏകാകിനിയും ദുര്‍ബ്ബലയുമായവള്‍ കവിതയില്‍ പ്രത്യക്ഷപ്പെടുന്നു. വികാരങ്ങള്‍ കൊണ്ടു കുതിര്‍ന്നിരിക്കുന്നവളുടെ മനോവേദനയുടെ അതിതീവ്രതകളും ചിന്തകളിലെ അപൂര്‍ണ്ണതയും തടസ്സവും വ്യക്തമാക്കുന്ന മുദ്രകള്‍ കവിതയിലുണ്ട്. തന്റെ സുരക്ഷിതത്വം നഷ്ടപ്പെട്ടതറിഞ്ഞവള്‍ തണുത്തുറയുന്നു. ആ വീടിന്റെ ജനാലകള്‍ അന്ധമായിരിക്കുന്നു. അമ്മമ്മയുടെ ശക്തമായ വ്യക്തിത്വത്തിന്റെ സ്വാധീനവും അവരുടെ ബന്ധത്തിന്റെ ചലനാത്മകതയും കമലയുടെ കവിതകളുടെ നിര്‍മ്മിതിയില്‍ ഇഴചേര്‍ന്നിരിക്കുന്നു.
18 വര്‍ഷങ്ങള്‍ക്കു ശേഷം അമ്മമ്മ തന്റെ സ്വപ്നത്തില്‍ വന്ന കാര്യം മാധവിക്കുട്ടി ഒരു ലേഖനത്തില്‍ അനുസ്മരിക്കുന്നുണ്ട്. മദ്ധ്യാഹ്നത്തിലെ ഉറക്കത്തിലായിരുന്നു അത്. പുന്നയൂര്‍ക്കുളത്തു നിന്ന് വളരെ അകലെ മാധവിക്കുട്ടി താമസിച്ചിരുന്ന ബേങ്ക് ഹൗസ് കെട്ടിടത്തിന്നടുത്ത് അമ്മമ്മ പ്രത്യക്ഷപ്പെട്ടു.
ഞങ്ങളുടെ ഗേറ്റിന്റെ ഇരുവശത്തും നില്‍ക്കുന്ന കള്ളിച്ചെടികള്‍ മഴയില്‍ കുളിച്ചു സുന്ദരികളായി. അപ്പോഴാണ് ഞാന്‍ എന്റെ അമ്മമ്മയെ കണ്ടത്. ഗേറ്റിന്റെ പൂട്ടും പിടിച്ചു കൊണ്ട് അവര്‍ മുകളിലേക്കു നോക്കി നില്‍ക്കുകയാണ്. സാധാരണ ധരിക്കാറുള്ള ജഗന്നാഥന്‍ മുണ്ടും നീണ്ട കയ്യുള്ള ജാക്കറ്റും. ചുമലില്‍ ഒരു തോര്‍ത്തുമുണ്ട്. ഞാന്‍ സന്തോഷവായ്‌പോടെ ഉറക്കെ വിളിച്ചുപോയി, കൊച്ച്വമ്മമ്മേ - അവരുടെ മുഖത്ത് എന്തുകൊണ്ട് എനിക്കായി ഒരു പുഞ്ചിരി വിടര്‍ന്നില്ല? ഞാനെന്തു തെറ്റാണ് ചെയ്തത്? പൊടുന്നനെ അവര്‍ അപ്രത്യക്ഷയായി. ഞാന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ എന്റെ കിടപ്പറയുടെ ജന്നലില്‍ കൂടി വെയിലിന്റെ ഒരു നീണ്ടനാക്ക് എന്റെ കിടക്കയുടെ കാല്‍ക്കല്‍.
കിനാവിലെ മഴയ്ക്കും ഉണര്‍ച്ചയിലെ വെയിലിനുമിടയ്ക്കള്ള ഈ സ്വപ്നവിവരണത്തിനു ശേഷം അമ്മമ്മയെ കുറിച്ചുള്ള അതുവരെ പറയാത്ത ചില ഓർമകളെ കൂടി മാധവിക്കുട്ടി എഴുതുന്നുണ്ട്. അത് മുതിര്‍ന്നുകഴിഞ്ഞ തനിക്കും അമ്മമ്മയ്ക്കും ഇടയില്‍ രൂപപ്പെട്ടിരുന്ന വൈരുദ്ധ്യങ്ങളെ കുറിച്ചാണ്.
'ലിപ്സ്റ്റിക് ചുണ്ടില്‍ തേയ്ക്കുന്നതു കൂടി പാപകര്‍മ്മമായി അവര്‍ കണക്കാക്കി. എന്നെ എത്രയോ അധികം വിമര്‍ശിച്ചു. അന്ന് ഞാന്‍ ക്ഷോഭിച്ചിരുന്നു. ഒരിക്കല്‍ അവരോട് ഞാന്‍ പറഞ്ഞു, കൊച്ച്വമ്മമ്മ മരിച്ചാല്‍ മാത്രമേ എനിക്കു സ്വാതന്ത്ര്യം കിട്ടുകയുള്ളൂ. അവര്‍ മൗനം പാലിച്ചു. ഉമ്മറത്തിണ്ണ മേല്‍ ഇരുന്നു. സ്‌നേഹിക്കുന്നവര്‍ മരിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ എന്ന ദുഃഖസത്യം അന്നേ എനിക്കറിയാമായിരുന്നുവോ? അന്നു തീരെ അറിഞ്ഞിരുന്നില്ല, മറ്റൊരു സത്യം - സ്വാതന്ത്ര്യത്തേക്കാള്‍ സുഖദായകമാണ് സ്‌നേഹമെന്ന്.'
അമ്മമ്മയോടുള്ള തന്റെ ബന്ധത്തേയും ഈ വൈരുദ്ധ്യത്തേയും തനിക്ക് മകന്‍ ചിന്നനുമായുള്ള വൈരുദ്ധ്യവുമായി മാധവിക്കുട്ടി ചേര്‍ത്തു വയ്ക്കുകയും 'മരിക്കൂ, എനിക്കു സ്വാതന്ത്ര്യം തരൂ' എന്ന് തന്നോടു അവന്‍ പറയുന്നതായി തോന്നിയ സന്ദര്‍ഭങ്ങളെ എഴുതുകയും ചെയ്യുന്നു. ചിന്നന്‍ എന്തുകൊണ്ടാണ് തന്നില്‍നിന്ന് അകന്നു പോയതെന്ന് അന്വേഷിക്കുന്ന ചില വാക്കുകളെ അവര്‍ പിന്നീട് മറ്റൊരു ലേഖനത്തില്‍ എഴുതുന്നുണ്ട്. താന്‍ മാനസികമായി തളര്‍ന്നിരുന്ന നാളുകളില്‍ കൊച്ചുകുട്ടിയായിരുന്ന ചിന്നന് സംരക്ഷണയായി നിന്നത് പരിചാരികയായിരുന്ന പാറുവമ്മയായിരുന്നുവെന്ന് മാധവിക്കുട്ടി ഓര്‍ത്തെടുക്കുന്നു.
അവരുടെ ചുളിഞ്ഞ മുലകള്‍ ചാരിക്കൊണ്ട് ചിന്നന്‍ ഉറങ്ങി. അവന്‍ പാലു കുടിക്കുന്ന മുലക്കുപ്പിക്ക് പാറുവമ്മയുടെ, വെറ്റിലയുടെ, ചുണ്ണാമ്പിന്റെ, ചന്ദനത്തിന്റെ മണമുണ്ടായിരുന്നു. പിന്നീട് തനിക്കു മനോരോഗം സുഖപ്പെട്ടപ്പോഴും അവന്‍ തന്റെ വൃദ്ധയായ ആയയ്ക്കുവേണ്ടി കരഞ്ഞു. അവരുടെ കിടക്കയില്‍ കിടന്നാലേ ചിന്നന് ഉറക്കം വന്നിരുന്നുള്ളൂ. പാറുവമ്മ പട്ടാമ്പിയിലേക്കു ആയുര്‍വ്വേദചികിത്സക്കായി പോയപ്പോള്‍ ചിന്നന്‍ രണ്ടു ദിവസം പട്ടിണി കിടന്നു. ഒരു മാസത്തി്‌നുള്ളില്‍ പാറുവമ്മ മരിച്ചു. അത് അവന്‍ മനസ്സിലാക്കിയില്ല. 'ഇടയ്ക്കിടയ്ക്ക് അവന്‍ ചോദിച്ചു കൊണ്ടിരുന്നു. ആമീ, പാറുവമ്മ എപ്പോഴാ വരാ’ - ഉത്തരം പറയാതെ മുഖം തിരിച്ചു നടന്നപ്പോള്‍ അവനു കാര്യം മനസ്സിലായെന്നു തോന്നുന്നു. അന്നു മുതല്‍ അവന്‍ ആ വൃദ്ധയെപ്പറ്റി അന്വേഷിച്ചതേയില്ല.
അവനവന്റെ കുട്ടികളില്‍ നിന്നു മാത്രമേ ഒരാള്‍ക്കു വിനയം പഠിക്കാന്‍ സാധിക്കൂ എന്ന് മാധവിക്കുട്ടി എഴുതിയിരിക്കുന്നു.
'ക്രൂരതയുടെ അര്‍ത്ഥം മനസ്സിലാക്കിത്തരാന്‍ ഒരാള്‍ക്കു തന്റെ മക്കളുടെ സഹായം വേണ്ടിവരും - മറ്റാര്‍ക്കു വേദനിപ്പിക്കാം ഒരമ്മയെ, ഒരച്ഛനെ.'
ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നെല്ലാം പാഠങ്ങള്‍ അഭ്യസിക്കുന്നവളെ പോലെ മാധവിക്കുട്ടി എഴുതുന്നതായി നമുക്കു തോന്നുന്നു.
അമ്മമ്മ തന്നെ സ്‌നേഹിച്ചിരുന്നില്ലെങ്കില്‍ നയന്‍താരയെന്ന പേരക്കുട്ടിയെ സ്‌നേഹിക്കുവാന്‍ തനിക്കു കഴിയുമായിരുന്നില്ലെന്ന് മാധവിക്കുട്ടി എഴുതുന്നു.
മദ്ധ്യവയസ്‌ക്കയായ മാധവിക്കുട്ടിക്ക് നാലാപ്പാട്ടെ ഇരുണ്ട തളങ്ങളുടെ മദ്ധ്യാഹ്നസുഖം വേണമെന്നു തോന്നുന്നുണ്ട്. താന്‍ അമ്മമ്മയായപ്പോള്‍, അവര്‍ തന്റെ അമ്മമ്മയെ കുറിച്ച് ഓര്‍ക്കുന്നു. കനഡയില്‍, സുഹൃത്തായ മെറിലിയുടെ വീട്ടില്‍, അവരുടെ മകളായ അന്നയെ കാണുമ്പോള്‍ സായാഹ്നത്തില്‍ അമ്മമ്മ കത്തിച്ചുവച്ചിരുന്ന നിലവിളക്കിനെയാണ് കമല ഓര്‍ക്കുന്നത്. തനിക്ക് എപ്പോഴും സുരക്ഷ നല്‍കിയതും അഭയം നല്‍കിയതും അമ്മമ്മയായിരുന്നുവെന്ന് കമല മെറിലിയോടും പറഞ്ഞിരിക്കുന്നു. 'എന്റെ ആദ്യപ്രണയം എന്റെ അമ്മമ്മയാണ്.'
അമ്മമ്മ തന്നെ സ്‌നേഹിച്ചിരുന്നില്ലെങ്കില്‍ നയന്‍താരയെന്ന പേരക്കുട്ടിയെ സ്‌നേഹിക്കുവാന്‍ തനിക്കു കഴിയുമായിരുന്നില്ലെന്ന് അവര്‍ എഴുതുന്നു. അമ്മമ്മയുടെ സ്‌നേഹത്തിന്റെ പാലാഴി തന്നില്‍ വറ്റാതെ നില്‍ക്കുന്നുവെന്ന് സ്വയം മനസ്സിലാക്കുന്നു. അമ്മമ്മയുടെ സ്‌നേഹവായ്പാണ് ഞാന്‍ ഇന്നും എടുത്തുപയോഗിക്കുന്നത്. ‘ഞാനും അച്ഛമ്മയും മതി. ബാക്കി എല്ലാവരേയും പറഞ്ഞയയ്ക്കൂ' എന്നു സന്ദര്‍ശകരെ നോക്കി എന്റെ പേരക്കുട്ടി മന്ത്രിക്കുമ്പോള്‍ വീണ്ടും ഞാനും അമ്മമ്മയും തമ്മിലുണ്ടായിരുന്ന സ്‌നേഹബന്ധത്തെ ഓര്‍ക്കുന്നു.
അമ്മമ്മയുടെ മരണത്തെ കുറിച്ച് എഴുതിയതിനുശേഷം തുടര്‍ന്നുള്ള വാക്കുകള്‍ ഇങ്ങനെയാണ്: ''അമ്മമ്മ ഒരു യാഥാസ്ഥിതികയും സദാചാരനിഷ്ഠയുള്ളവളുമായിരുന്നു. എന്റെ ജീവിതരീതികള്‍ അവരെ വേദനിപ്പിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ടായിരുന്നു. അതുകൊണ്ട് എന്നെ ലോകത്തില്‍ വച്ച് ഏറ്റവും സ്‌നേഹിച്ചിരുന്ന ആ വ്യക്തിയുടെ മരണത്തില്‍ ഞാന്‍ ഒരു നിമിഷത്തില്‍ കഠിനമായി ദുഃഖിക്കുകയും മറ്റേ നിമിഷത്തില്‍ പുതിയ സ്വാതന്ത്ര്യലബ്ധിയില്‍ സന്തോഷിക്കുകയും ചെയ്തു’’.
പല മരണങ്ങളും ആദര്‍ശഭാരങ്ങളെ കുറയ്ക്കുന്നു. ഏറ്റവും സ്‌നേഹിക്കുന്ന മുതിര്‍ന്നവര്‍ മരിക്കുമ്പോള്‍ഒരു മൂല്യലോകം കൂടി മരിക്കുകയും ഇളയ തലമുറ കുറച്ചു കൂടി സ്വതന്ത്രരാകുകയും ചെയ്യുന്നു. ക്വാണ്ടം ഭൗതികം രൂപീകരിച്ച ശാസ്ത്രജ്ഞന്മാരുടെ തലമുറ മൃതരാകുമ്പോള്‍ അതിന്റെ ഔദ്യോഗികവ്യാഖ്യാനങ്ങള്‍ കൂടി മൃതമായേക്കാമെന്നു പ്രത്യാശിച്ച ബുദ്ധിജീവിതങ്ങളെ പോലെ തന്നെ.
ഡോ. ഇ.വി. രാമകൃഷ്ണനും മറ്റും മാധവിക്കുട്ടിയുടെ ചില കവിതകളില്‍ കണ്ടെത്തുന്ന ഏറ്റുപറച്ചിലിന്റെയോ കുമ്പസാരത്തിന്റെയോ രീതികള്‍ ആത്മകഥാപരമായ കുറിപ്പുകളിലും സ്മരണകളിലും കൂടി നമുക്കു കണ്ടെത്താം. ദമിതമായിരിക്കുന്നതില്‍ ഇടപെടുന്ന കമലാദാസിന്റെ കവിതയിലെ കുമ്പസാരങ്ങള്‍ ഒരു പീഡിതമായ മനസ്സിനെ കുറിച്ചുള്ള ക്ഷണപ്രകാശങ്ങളെയാണ് നല്‍കുന്നതെന്ന സ്മൃതി സിങിന്റെ അഭിപ്രായവും ഈ ഓര്‍മക്കുറിപ്പുകള്‍ക്കു കൂടി ബാധകമാണ്.
അവലംബം:
1. ബാല്യകാലസ്മരണകള്‍ - മാധവിക്കുട്ടി, ഡി സി ബുക്‌സ്, കോട്ടയം, 2023.
2. വര്‍ഷങ്ങള്‍ക്കു മുമ്പ് - മാധവിക്കുട്ടി, കറന്റ് ബുക്‌സ്, തൃശൂര്‍, 2019.
3. എന്റെ കഥ - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 1987.
4. സ്ത്രീ, സ്വത്വം, സമൂഹം - മാധവിക്കുട്ടി പഠനങ്ങള്‍ - എഡി. ഇ.വി. രാമകൃഷ്ണന്‍, പൂര്‍ണ പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 1994.
6. എന്റെ ജ്യേഷ്ഠത്തി കമല - സുലോചന നാലാപ്പാട്ട്, മാതൃഭൂമി ബുക്‌സ്, 2023.
7. നീര്‍മാതളം പൂത്ത കാലം - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 1997.
8. ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 2019.
9. 'An end, a pure, total freedom ...' Confessional Elements in Kamalad Das's Poetry - Smriti Singh Collected in Kamala Das and Her Poetry - Ed. Jaydip Sarkar, Books Way, Kolkata, 2013.
10. Selected Poems - Kamala Das (Ed. Devendra Kohli), Penguin Books, India, 2014.