നെടുമുടി വേണുവിനെ ആദ്യമായി കാണുന്നത്, 1978 ൽ, ഒരു വൈകിട്ട്, തീപ്പന്തങ്ങളുടെ ആളുന്ന വെട്ടത്തിൽ. ‘അവനവൻ കടമ്പ' ചുവടുറപ്പിച്ചു വരുന്ന കാലം.
ഇന്ത്യൻ നാടകവേദി അതുവരെ കണ്ടിരുന്നില്ലാത്ത ചിട്ടവട്ടങ്ങളോടെ അരങ്ങേറിയ ആ നാടകത്തിന്റെ ആരംഭ അവതരണങ്ങളിലൊന്ന് കോട്ടയത്ത്, സംവിധായകൻ അരവിന്ദന്റെ കുടുംബ വീട്ടിനടുത്തുള്ള ഞങ്ങളുടെ ഹൈസ്‌ക്കൂൾ ഗ്രൗണ്ടിൽ വച്ച്. അവിടെ വെച്ചായിരുന്നു നെടുമുടി വേണു എന്ന നടനവൈഭവത്തെ ആദ്യമായി കാണുന്നത്.
രംഗപരീക്ഷണങ്ങളുടെ പേരിൽ അതിനകം പേരുകേട്ടു തുടങ്ങിയിരുന്ന കടമ്പ കാണാൻ, ആ കളിക്കളത്തിനു ചുറ്റുമായി താമസിച്ചിരുന്ന ഞങ്ങൾ, കൗമാരം പിന്നിടുന്ന കുറേ കൂട്ടുകാർ, അന്നു പുറപ്പെട്ടത്, പക്ഷേ, കൗതുകമൊന്നു കൊണ്ടു മാത്രമല്ല, അവിടെ അന്ന് കാണാനിടയുള്ള പ്രശസ്ത സംവിധായകനെ കണ്ടെത്തി ഞങ്ങളുടെ കോളേജ് യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യസാധ്യത്തിന് അദ്ദേഹത്തെ സമീപിക്കുകയായിരുന്നു ആത്യന്തിക ലക്ഷ്യം. നാടകാനന്തരം അണിയറ ശിൽപ്പികളെ ആദരിക്കാനായി ഒരുക്കിയിരുന്ന വിരുന്ന് മൈതാനത്തിനടുള്ള ഒരു ബന്ധുവീട്ടിലാണെന്ന വിവരവും പ്രോത്സാഹനമായി. സൽക്കാരം പൊടിപൊടിക്കുന്ന വേളയിലാണ്, നാടകകൃത്ത് കാവാലം നാരായണപ്പണിക്കർ, സംവിധായകൻ അരവിന്ദൻ, അഭിനേതാക്കളായ എസ്. നടരാജൻ, നെടുമുടി വേണു, ജഗന്നാഥൻ തുടങ്ങിയവരടങ്ങിയ ആ മഹാസദസ്സിലേക്ക് ഞങ്ങൾ കടന്നുകയറിയത്. തന്നെ കാണാൻ വന്ന പിള്ളാരെ അലോസരം തീരെയില്ലാതെ, സ്‌നേഹസ്മിതത്തോടെ സ്വീകരിച്ച അരവിന്ദൻ, മേളക്കൊഴുപ്പിൽ നിന്ന് അൽപ്പം മാറിയിരുന്ന്, ഞങ്ങളുടെ സന്ദർശനോദ്ദേശ്യം ശ്രദ്ധയോടെ ചോദിച്ചറിയുകയും ഉദ്ദിഷ്ടകാര്യം സാദ്ധ്യമാക്കിത്തരികയും ചെയ്തു.

തിരുനക്കര തെക്കുംഗോപുരത്തിനും കാരാപ്പുഴയ്ക്കുമിടയ്ക്ക്, കോട്ടയം മുനിസിപ്പാലിറ്റിയുടെ യൂണിയൻ ക്ലബ്ബ് വാർഡിലുള്ള ഒരേ പറമ്പിന്റെ ഇരു മൂലകളിലായിരുന്നു ഞങ്ങളുടെ കുടുംബ വീടുകളെങ്കിലും, അരവിന്ദൻ ചേട്ടനെ അടുത്തു കണ്ട് സംസാരിക്കുന്നത് അന്നാണ്. അന്നു തന്നെയാണല്ലോ വേണുച്ചേട്ടനെയും ആദ്യമായി കാണാനിടയായതെന്ന ആകസ്മികത ഇതെഴുതാനിരിക്കുമ്പോൾ സങ്കടത്തോടെ ഓർമയിലെത്തി.
അഞ്ചാറു വർഷങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടുമ്പോൾ മലയാള സിനിമാവേദിയിലെ ‘നെടുമുടി'യായി പേരുറപ്പിച്ചു വളർന്നു പടർന്നിരുന്നു നമ്മുടെ പഴയ പന്തക്കാരൻ ‘പാട്ടുപരിഷ’. ഞാനാകട്ടെ, പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം പൂർത്തിയാക്കാനാവാതെ തിരിച്ചെത്തി, വരുമാനമാർഗ്ഗമായ ബാങ്ക് ജോലിക്കൊപ്പം, അരവിന്ദൻ ചേട്ടന്റെ ശിഷ്യത്വത്തിൽ ചലച്ചിത്ര വിദ്യാഭ്യാസം തുടരുന്ന രംഗത്തിലും.
കടമ്മനിട്ടയും ജോൺ എബ്രഹാമും ചുള്ളിക്കാടുമൊക്കെ രാത്രിരാത്രി മാറിമാറി ചേക്കേറി ചൊൽക്കാഴ്ചാമുഖരിതമായിരുന്ന ആ സങ്കേതത്തിന് വേണുച്ചേട്ടൻ വിലാസമായി കൊടുത്തിരുന്ന വീട്ടുപേര് ‘തമ്പ്'.

ചിദംബരം സിനിമയുടെ ഒന്നുരണ്ടു ചെറിയ സീനുകൾ ചിത്രീകരിച്ചത് അക്കാലത്ത് നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ ഇടത്താവളമായ, ശാസ്തമംഗലത്തുള്ള ഒരു വാടക വസതിയിൽ. കടമ്മനിട്ടയും ജോൺ എബ്രഹാമും ചുള്ളിക്കാടുമൊക്കെ രാത്രിരാത്രി മാറിമാറി ചേക്കേറി ചൊൽക്കാഴ്ചാമുഖരിതമായിരുന്ന ആ സങ്കേതത്തിനും വേണുച്ചേട്ടൻ വിലാസമായി കൊടുത്തിരുന്ന വീട്ടുപേര് ‘തമ്പ്'. കൊടിയേറ്റം ഗോപിച്ചേട്ടനും സ്മിതാ പാട്ടീലും ശ്രീനിവാസനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തിന്റെ മേജർ ലൊക്കേഷൻ മാട്ടുപ്പെട്ടി. അവിടേക്ക് അപ്രധാനമായ ഒരു അതിഥി വേഷം ചെയ്യാൻ ഒരു ദിവസത്തേക്കു വന്ന വേണുച്ചേട്ടൻ, സന്ധ്യ കഴിഞ്ഞാൽ കൊടും തണുപ്പത്ത് മുറികളിൽ പുതച്ചുമൂടി ഒതുങ്ങാറുള്ള ഞങ്ങളുടെ ഷൂട്ടിങ്ങ് സംഘത്തെ മുറികളിൽ നിന്ന് വിളിച്ചിറക്കി, ആഴികൂട്ടി ചുറ്റിനുമിരുത്തി പാട്ടും വെടിപറച്ചിലുമായി ചൂടാക്കിയെടുത്ത ആ രാത്രി, മറവിയുടെ മൂടൽമഞ്ഞിലൂടെ തെളിയുന്ന മറ്റൊരു ദൃശ്യം.
ഏതു പിരിമുറുക്കത്തിലും ഊറിവരുന്ന കുസൃതിച്ചിരിയോടെ അരവിന്ദൻ ചേട്ടൻ പറഞ്ഞു: ‘രാജീവന് അറിയാമ്മേലാത്തതു കൊണ്ടാ. ഈ വേണുവൊക്കെ നല്ല ടാലന്റുള്ളവരാ'.
‘ഒരിടത്ത്' സമയത്താണ് ഞങ്ങളുടെ സൗഹൃദ സാഹോദര്യ ബന്ധങ്ങൾ ഇഴമുറുകി ശക്തമായത്. ഗ്രാമത്തിൽ വൈദ്യുതി വരുന്നതിന്റെ കഥ പറയുന്ന സിനിമയിൽ, പദ്ധതിയുടെ മേൽനോട്ടക്കാരനായി കറൻറ് കമ്പനി നിയോഗിച്ച തനി തിരുവനന്തപുരത്തുകാരൻ ഓവർസിയറുടെ റോളിലാണ് വേണുച്ചേട്ടൻ അഭിനയിക്കുന്നത്. അതിരാത്രം പുകൾ പരത്തിയ വള്ളുവനാട്ടെ പാഞ്ഞാൾ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഭാരിച്ച തേക്കിൻകഴകൾ പണിപ്പെട്ടുയർത്തി നാട്ടി അവയുടെ തലപ്പത്തേക്കു വലിഞ്ഞു കയറി ദുഷ്‌ക്കരമായ കമ്പിവലിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന അന്നാട്ടുകാരായ തൊഴിലാളികളോട് താഴെ ദൂരെ മാറിനിന്ന് ‘ഷാക്കിള് ചെയ്യെടേ, ചൊവ്വിന് ഷാക്കിള് ചെയ്യെടേ ' എന്നൊക്കെ തിരുവനന്തപുരം ശൈലിയിൽ വിളിച്ചു കൂവുന്ന ആ അണ്ണന്റെ ഡയലോഗുകൾ, വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇപ്പോഴും കാതിൽ ഇടയ്ക്കിടെ വന്നു മുഴങ്ങാറുണ്ട്. ഓവർസിയർ സുന്ദരേശൻ നായരുടെ തിരുവനന്തപുരം ശൈലി ഡയലോഗുകൾ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം അരവിന്ദൻ ചേട്ടൻ അന്ന് ഏതാണ്ട് പൂർണമായും നെടുമുടി വേണുവിനും അസിസ്റ്റൻറ് ഡയറക്ടർക്കുമായായി വിട്ടുതന്നിരുന്നു.

ഒരേ ഭാഷയിലെ പ്രാദേശിക മൊഴിഭേദങ്ങളെ അന്യോന്യം കളിയാക്കിപ്പറഞ്ഞ് രസിക്കുന്ന നേരമ്പോക്ക്, ഒരു പക്ഷേ ലോകമെമ്പാടുമുണ്ടാവാമെന്ന്, ലന്തക്കാരുമായി ബന്ധുത്വം ആരംഭിച്ചു കഴിഞ്ഞിരുന്ന എനിക്ക് അന്നേ തോന്നിയിരുന്നു. ഭാഷാദേദങ്ങൾ തമ്മിലുള ഉച്ചനീചത്വ വിലയിരുത്തലുകൾ അന്നാടുകളിലെ ചരിത്ര ഗതി - വിഗതികളനുസരിച്ചുമാവാം. എന്നാലും ഓവർസിയർ സുന്ദരേശൻ നായർ കുറച്ച് ഓവറാകുന്നില്ലേ? ‘ഒരിടത്ത്' സെറ്റിലേക്ക് തൃശൂരുനിന്ന് നിരന്തരം വന്നുപോയി നിർമാണ സഹായങ്ങൾ ചെയ്തു തന്നിരുന്ന ഡോ. എസ്.പി. രമേഷും നെടുമുടിയുമായി കൂടുമ്പോൾ പുറത്തുചാടാറുള്ള ‘അമ്മാവൻ' മിമിക്രിയുടെ ഭൂതം ഈ കഥാപാത്രത്തെയും ബാധിക്കുന്നില്ലേ? സംവിധായകാധിപത്യത്തിന്റെ ഊറ്റം ഒട്ടുമില്ലാത്ത ചലച്ചിത്ര സ്രഷ്ടാവാണെന്നു വെച്ച് അഭിനേതാക്കളെ ഇങ്ങനെ കയറൂരിവിടുന്നത് ശരിയാണോ? ആളും വെളിച്ചവും പതിവിലും വളരെക്കൂടുതലായിരുന്ന, അസാമാന്യ പിരിമുറുക്കമുണ്ടായിരുന്ന, ആ ഷൂട്ടിങ്ങ് സ്ഥലത്ത് സംവിധായകനെ പെട്ടെന്നൊന്ന് ഒറ്റയ്ക്കു കിട്ടിയപ്പോൾ ആ ചോദ്യങ്ങൾ ഉന്നയിക്കാൻ ഞാൻ ധൈര്യപ്പെട്ടു. ഏതു പിരിമുറുക്കത്തിലും ഊറിവരുന്ന കുസൃതിച്ചിരിയോടെ അരവിന്ദൻ ചേട്ടൻ പറഞ്ഞു: ‘രാജീവന് അറിയാമ്മേലാത്തതു കൊണ്ടാ. ഈ വേണുവൊക്കെ നല്ല ടാലന്റുള്ളവരാ'.
തുടർന്ന് ഗുരുജിയുടെ സ്വതസിദ്ധമായ മുക്ക്മൂളലുകളോടെയുള്ള ഒരു പതിവു വചനവും: ‘നമുക്ക് ആവശ്യമുള്ളത് കിട്ടി'.

ഒരിക്കലും അങ്ങിനെ അഭിസംബോധന ചെയ്തിട്ടില്ലെങ്കിലും,
ഞങ്ങളുടെയെല്ലാം ‘ഗുരുജി’ ആയിരുന്ന അരവിന്ദൻ ചേട്ടന്റെ ആകസ്മിക മരണത്തിനു ശേഷവും നെടുമുടി വേണുവുമായുള്ള സാഹോദര്യം പലനിലയിലും തുടർന്നു. മറ്റൊരു ജ്യേഷ്ഠ സഹോദരനും അരവിന്ദന്റെ പ്രിയ സുഹൃത്തുക്കളിലൊരാളും കഥാകൃത്തുമൊക്കെയായിരുന്ന, ഞാൻ കൊച്ചുമോൻ ചേട്ടൻ എന്നു വിളിച്ചിരുന്ന ഡോ. എസ്.പി.രമേഷുമായും വേണുച്ചേട്ടന് വലിയ അടുപ്പമുണ്ടായിരുന്നു. സിനിമാനടനെന്ന ബന്ധത്തിലുപരി, കോട്ടയത്തും തിരുവനന്തപുരത്തും മറ്റു പലയിടങ്ങളിലുമുള്ള നിരവധി സിനിമാ സാഹിത്യ സംഗീത സുഹൃത്തുക്കൾ അടങ്ങിയ വലിയൊരു സുഹൃദ് വലയത്തിലെയും മുഖ്യകണ്ണിയായിരുന്നു വേണുച്ചേട്ടൻ.
സിനിമാ സെറ്റിൽ വെച്ച് വേണുച്ചേട്ടനെ വീണ്ടും കണ്ടുകൂടാനുള്ള അവസരങ്ങളുണ്ടായത്, അടുത്ത കൂട്ടുകാരുടെ ചലച്ചിത്ര പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിലുള്ള സന്തോഷത്തിനായി എം.പി. സുകുമാരൻ നായരുടെ ‘കഴകം', വേണുവിന്റെ ‘ദയ' തുടങ്ങിയ സിനിമകളിൽ പങ്കെടുത്തപ്പോഴാണ്. ഒറ്റപ്പാലത്തിനടുത്തെ തൃക്കടീരി മൂന്നുമൂർത്തി ക്ഷേത്രപരിസരത്തും രാജസ്ഥാനിലെ ജയ്‌സാൽമീറിലും അങ്ങനെ ഒത്തൊരുമിച്ചു ചിലവഴിക്കാൻ കഴിഞ്ഞ കുറേ ദിനരാത്രങ്ങൾ എത്ര സൗഹൃദാർദ്രം, അവിസ്മരണീയം.
മാർഗം തിയ്യേറ്ററുകളിൽ റിലീസ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. തന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങളടങ്ങിയ ചിത്രം ജനങ്ങൾ വ്യാപകമായി കണ്ടിട്ടില്ലല്ലോ എന്ന വിഷമം വേണുച്ചേട്ടനുണ്ടായിരുന്നു.
‘ശാസ്ത്രകൗതുകം' ആയിരുന്നു ഞങ്ങളെ തൊഴിൽപരമായി വീണ്ടും ബന്ധിപ്പിച്ചത്. സീഡിറ്റ് നിർമിച്ച് ദൂരദർശൻ സംപ്രേഷണം ചെയ്ത ഈ പ്രതിമാസ സയൻസ് പ്രോഗ്രാമിന്റെ അവതാരകൻ നെടുമുടി വേണു. സീഡിറ്റിലെ അസോസിയേറ്റ് പ്രൊഡ്യൂസർ ജോലിയുടെ ഭാഗമായി, പരിപാടിയുടെ സംഘാടകരിൽ ഒരാളായും വല്ലപ്പോഴും ചില എപ്പിസോഡുകളുടെ ഡയറക്ടറായും പിന്നെ കമെന്ററി ടെക്സ്റ്റ്എഴുതുന്ന അൻവർ അലിക്ക് കൂട്ടായുമൊക്കെ പ്രവർത്തിക്കുകയായിരുന്നു എന്റെ പണി. ‘അഞ്ചു പൈസയ്ക്ക് സയൻസ് അറിയാമ്മേലാത്ത നീയും അമ്മാവനും ആ അൻവറുമൊക്കെക്കൂടല്ലേ ശാസ്ത്രകൗതുകം പടച്ചു വിടുന്നത് ' എന്ന വേണുവിന്റെ കളിയും കാര്യവുമുള്ള കമൻറ്, ഞങ്ങളോടൊപ്പം ജയനോ സണ്ണിയോ ജോസോ അങ്ങനെ ആത്മസ്‌നേഹിതരാരൊക്കെയോ മാത്രമുണ്ടായിരുന്ന വേളയിൽ ഞാൻ കൈമാറിയപ്പോൾ പതിവുള്ള ‘പുച്ഛം പുച്ഛം പരമപുച്ഛം' എന്ന കഥകളി മുദ്രാസഹിത മറുപടിയായിരുന്നില്ല, വേണുച്ചേട്ടന്റേത്. കുടുകുടെ ചിരിച്ചിട്ട് പറഞ്ഞു: ‘ഇടയ്ക്ക് ചില പിള്ളേര് ഫോൺ വിളിച്ച് സയൻസിലെ സംശയങ്ങൾ എന്നോട് ചോദിക്കാറുണ്ട് '.

എം.സുകുമാരൻ എഴുതിയ പിതൃതർപ്പണം എന്ന കഥയെ അടിസ്ഥാനമാക്കി എസ്.പി. രമേഷും അൻവർ അലിയും ഞാനും കൂടി ഒരു തിരക്കഥ തയ്യാറാക്കി എൻ.എഫ്. ഡി.സി ലോണിന് അപേക്ഷിച്ചു. സ്‌ക്രിപ്റ്റ് അംഗീകരിക്കപ്പെട്ട് ലോൺ പാസ്സാവാൻ ഏതാനും കൊല്ലമെടുത്തു. പ്രൊഡക്ഷനിലേക്കു കടക്കുന്ന ഘട്ടത്തിൽ സിനിമയിൽ പ്രവർത്തിക്കാൻ സമ്മതിച്ച നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയുമൊക്കെ പേരുവിവരങ്ങളും പ്രതിഫലത്തുകയുമൊക്കെ രേഖപ്പെടുത്തി വിശദമായ ബജറ്റ് പ്രപ്പോസൽ സമർപ്പിക്കണം. അപ്പോൾ, ചോദിക്കാതെ തന്നെ വെയ്ക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു പ്രമുഖനടന്റെ പേര് നെടുമുടി വേണു. തിരക്കഥ വായിക്കാൻ കൊടുത്തതുപോലും പിന്നീട്.
തമ്പ് സിനിമയുടെ 25ാം വാർഷികം തിരുനാവായിൽ വി.കെ. ശ്രീരാമന്റെയും നെടുമുടി വേണുവിന്റെയും നേതൃത്വത്തിൽ ആഘോഷിക്കുന്ന വാർത്ത കേട്ടറിഞ്ഞ്, തലേന്നു രാത്രി അവിടേക്ക് ഓടിച്ചെന്നാണ് വേണുച്ചേട്ടന് ചെറിയൊരു തുക അഡ്വാൻസായി സമർപ്പിച്ചത്. ശ്രീരാമേട്ടനും നൽകി ചെറിയൊരു അഡ്വാൻസ്. പിറ്റേന്ന് ആഘോഷമൊക്കെ കഴിഞ്ഞ് അക്കൗണ്ട് സെറ്റിൽ ചെയ്യാൻ ഞങ്ങൾ കൊടുത്ത പൈസ സന്ദർഭോചിതമായി ഉപകാരപ്പെട്ട കാര്യം വേണുച്ചേട്ടൻ പറഞ്ഞത് വർഷങ്ങൾക്കു ശേഷം ജർമനിയിൽ വച്ച് കണ്ടപ്പോൾ. കൂട്ടത്തിൽ, പണത്തിന്റെ വില അതിന്റെ സ്ഥലകാല ആവശ്യങ്ങൾ അനുസരിച്ചെന്ന ധനതത്വശാസ്ത്രവും.
മാർഗം ഓൺലൈനിലൊന്നും ഇല്ലാത്തതിൽ വേണുച്ചേട്ടന് അവസാന കാലത്ത് വലിയ സങ്കടമുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ പലരോടും എന്നോട് ഫോണിലും അത് സൂചിപ്പിച്ചിരുന്നു.
മാർഗം ഒരു സിനിമയായും നെടുമുടി വേണു തന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥപാത്രങ്ങളിലൊന്നായ വേണുകുമാരമേനോനായും രൂപം പ്രാപിച്ച നാളുകളെക്കുറിച്ച് നിരവധി ഓർമകളുണ്ടെങ്കിലും അതൊക്കെ എഴുതാൻ അശക്തനാണ് ഞാനിപ്പോൾ. ഒരു കാര്യം മാത്രം പറയട്ടെ. മാർഗത്തിലെ അഭിനയത്തിന് നെടുമുടി വേണുവിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും ദേശീയതല പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ടെന്ന് സിനിമാസ്‌നേഹികളിൽ പലർക്കും അറിയാം. പക്ഷേ അതിനു കരഗതമായ വിലപ്പെട്ട ഒരു
അന്തർദേശീയ പുരസ്‌കാരത്തെപ്പറ്റി മിക്കവർക്കും അറിഞ്ഞുകൂടാ. വിഖ്യാത ചലച്ചിത്രകാരനായിരുന്ന ഹംബെർട്ടോ സൊളാസിന്റെ നേതൃത്വത്തിൽ ക്യൂബയിലെ ജിബാറാ പട്ടണത്തിൽ നടന്ന സിനി പോബ്രേ ഫെസ്റ്റിവലിൽ ലഭിച്ച മികച്ച നടനുള്ള അവാർഡ് ആണത്. ഒരു പക്ഷേ, മറ്റൊരു മലയാളി അഭിനേതാവിനും കിട്ടിയിട്ടില്ലാത്ത ആഗോളതല അംഗീകാരം.
മാർഗം തിയ്യേറ്ററുകളിൽ റിലീസ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. തന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങളടങ്ങിയ ചിത്രം ജനങ്ങൾ വ്യാപകമായി കണ്ടിട്ടില്ലല്ലോ എന്ന വിഷമം വേണുച്ചേട്ടനുണ്ടായിരുന്നു. ‘നാട്ടുകാരൊന്നും കണ്ടിട്ടില്ലെങ്കിലും നമ്മുടെ പടത്തെ പറ്റി ചില പി.എച്ച്. ഡി. ഗവേഷകരൊക്കെ വന്ന് ഇന്റർവ്യൂ എടുത്തിട്ടുണ്ട് ' എന്ന് പണ്ടൊരിക്കൽ നർമം പറഞ്ഞതോർക്കുന്നു.
മാർഗം ഓൺലൈനിലൊന്നും ഇല്ലാത്തതിൽ വേണുച്ചേട്ടന് അവസാന കാലത്ത് വലിയ സങ്കടമുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ പലരോടും എന്നോട് ഫോണിലും അത് സൂചിപ്പിച്ചിരുന്നു. ദൂരദർശന്റെ നാഷണൽ ടെലികാസ്റ്റ് ഫീസ്, അവാർഡ് പടങ്ങൾക്കുള്ള സർക്കാർ സബ്‌സിഡി, അന്തർദേശീയ അവാർഡുകൾക്കൊപ്പം ലഭിച്ച കാഷ്‌പ്രൈസ് വരുമാനങ്ങൾ എന്നിവയെല്ലാം സ്വരുക്കൂട്ടി ലോൺ ഒട്ടുമുക്കാലും അടച്ചു തീർത്തിട്ടും പലിശയൊടുക്കാൻ പഴുതില്ലാതെ സിനിമയുടെ റൈറ്റ് എൻ.എഫ്.ഡി.സി യ്ക്ക് തിരിച്ചെഴുതി കൊടുക്കേണ്ടി വന്ന സങ്കടം, പറയാൻ മടിച്ചു മടിച്ചിരുന്നിട്ടു് അടുത്തകാലത്താണ് വേണുച്ചേട്ടനുമായി പങ്കിട്ടത്. അതു കേട്ടപ്പോൾ, എന്നാപ്പിന്നെ നമ്മളാരും നേരിട്ടതു ഇന്റർനെറ്റിൽ ഇടണ്ട, മറ്റു മാർഗ്ഗമെന്തെങ്കിലും നോക്കണം എന്ന് കരുതലോടെ നിർദ്ദേശിക്കുകയായിരുന്നു. അതായിരിക്കാം ഞങ്ങൾ തമ്മിലുണ്ടായ അവസാനത്തെ ഫോൺ സംസാരം.
ഈയിടെ ഞങ്ങളുടെ ആത്മസുഹൃത്തുക്കളിൽ ചിലരുടെ അകാല മരണം എന്നെയും വേണുച്ചേട്ടനെയും അതുപോലുള്ള പലരേയും ശരിക്കും തകർത്തുകളഞ്ഞു. എറ്റവും ഒടുവിൽ ജോസ് തോമസിന്റെ വിയോഗം. വി.കെ. ശ്രീരാമേട്ടനും വേണുച്ചേട്ടനും ഞാനും അൻവറും എം.ആർ. രാജനുമെല്ലാം അംഗങ്ങളായ ഞാറ്റുവേല എന്ന വാട്ട്‌സ് ആപ് ഗ്രൂപ്പിൽ ആ വേദനയെക്കുറിച്ച് വേണുച്ചേട്ടൻ എഴുതിയത്, ‘എന്റെ ജോസേ ' എന്ന സംബോധനയോടെയായിരുന്നു. അതെ. വേണുച്ചേട്ടന്റെ സ്വന്തമായിരുന്നു ജോസ്, എന്റെയും. നെടുമുടി വേണുവിന്റെ മരണ ദിനത്തിൽ ഏഷ്യാനെറ്റ് റീ ടെലികാസ്റ്റ് ചെയ്തത്, അവിടെ പ്രൊഡ്യൂസറായിരുന്ന കാലത്ത് ജോസ് തോമസ് നെടുമുടി വേണുവുമായി നടത്തിയ ഉജ്വലമായ, ഊഷ്മളമായ ഒരഭിമുഖം.
ഓർക്കാൻ ഇനിയുമെത്രയോ.... അവയൊന്നും എഴുതാനുള്ള ശക്തി തൽക്കാലം എനിക്കു കിട്ടുന്നില്ല, എന്റെ വേണുച്ചേട്ടാ... ▮
(ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കുന്ന നെടുമുടി വേണു സ്മരണകളുടെ പുസ്തകമായ ‘നാട്യപ്രകാര’ത്തിനു (എഡിറ്റർ: വി.കെ. ശ്രീരാമൻ) വേണ്ടി എഴുതിയ ഓർമ ലേഖനം)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.