രാഹുൽ സംകൃത്യായൻ

ഗാന്ധിയൻ, കമ്യൂണിസ്റ്റ്, ബുദ്ധഭിക്ഷു…
രാഹുൽ സംകൃത്യായന്റെ കാലാതീത യാത്രകൾ

രാഹുൽ സംകൃത്യായന്റെ അറുപതാം ചരമവാർഷികം അധികമാരും അറിയാതെ കടന്നുപോയി. ഗാന്ധിയൻ, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, ബുദ്ധഭിക്ഷു, യാത്രികൻ, ചരിത്രാന്വേഷകൻ തുടങ്ങി പല തലങ്ങളിൽ വ്യാപരിച്ചു ആ ജീവിതം. ‘ബുദ്ധിസം: ഒരു മാർക്‌സിസ്റ്റ് സമീപനം’ എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ള ‘ബുദ്ധിസ്റ്റ് ഡയലക്ടിക്‌സ്’ എന്ന ലേഖനത്തിന്റെ വിവർത്തനവും ഇതോടൊപ്പം വായിക്കാം.

രാഹുൽ സംകൃത്യായന്റെ അറുപതാം ചരമവാർഷികം അധികമാരും അറിയാതെ കടന്നുപോയി. ബ്രിട്ടീഷ് ഭരണാധിപത്യകാലത്തെന്ന പോലെ പിന്നീടും (1963 വരെ അദ്ദേഹം ജീവിച്ചിരുന്നു) അതീവ പ്രതിജ്ഞാബദ്ധമായ ഒരു ജീവിതമായിരുന്നു അത്. രാഷ്ട്രീയത്തിലും തത്ത്വചിന്തയിലും സാഹിത്യത്തിലും യാത്രകളിലും (പരസ്പരം ബന്ധിപ്പിക്കാൻ കഴിയാത്ത മേഖലകളെന്നു കരുതുന്നവയിൽ പോലും) ആണ്ടു മുഴുകിയിരുന്ന ഒരു ജീവിതം. ഗാന്ധിയനായി, സോഷ്യലിസ്റ്റായി, കമ്മ്യൂണിസ്റ്റായി (ബീഹാറിലെ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു അദ്ദേഹം), ബുദ്ധഭിക്ഷുവായി, നിരന്തരം യാത്രികനായി, ഇന്ത്യയുടെ ചരിത്രം തിരയുന്ന സത്യാന്വേഷകനായി പല മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പാലിയും സംസ്‌കൃതവും ഉൾപ്പെടെ പല ഭാഷകൾ കൈകാര്യം ചെയ്തു. പല പ്രാവശ്യം രാഷ്ട്രീയക്കുറ്റങ്ങൾ ആരോപിക്കപ്പെട്ട് ജയിൽ ശിക്ഷകൾ അനുഭവിച്ചു.

തർക്കശാസ്ത്രത്തെയും യുക്തിയെയും കുറിച്ചുള്ള ഏറ്റവും മഹത്തായ ഇന്ത്യൻ കൃതിയായി കണക്കാക്കപ്പെടുന്ന ധർമ്മകീർത്തിയുടെ 'പ്രമാണവർത്തിക'യുടെ സംസ്‌കൃത കൈയെഴുത്തു പ്രതി തേടി അദ്ദേഹം നടത്തിയ യാത്രകളും അതിനായി നടത്തിയ പ്രയത്‌നങ്ങളും കെ.പി. ജയ്‌സ്വാളിനെ പോലുള്ളവർ ഏറെ പ്രകീർത്തിച്ചിരിക്കുന്നു. ഈ അപൂർവ കൈയെഴുത്തുപ്രതിയിൽ നിരവധി യൂറോപ്യൻ പണ്ഡിതന്മാർക്കും താൽപ്പര്യമുണ്ടായിരുന്നു. ടിബറ്റിലും നേപ്പാളിലും സിലോണിലും മറ്റും വർഷങ്ങെളടുത്തു നടത്തിയ അന്വേഷണത്തിന്നിടയിൽ നാഗാർജുന, അസംഗ, ജ്ഞാനശ്രീ, രത്‌നാകർ സജന്തി, ദുർവേക് മിശ്ര, വസുബന്ധു, ഭവ്യ, ധർമ്മകീർത്തി തുടങ്ങിയ ചിന്തകരുടെ കൈയെഴുത്തുപ്രതികൾ കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അവയിൽ പലതും അദ്ദേഹം കൈകൊണ്ട് പകർത്തി. തന്റെ റോളക്‌സ് ക്യാമറയിൽ പകർത്തിയെടുത്തവയുമുണ്ട്.

ഒടുവിൽ, 'പ്രമാണവർത്തിക'യുടെ പൂർണ്ണമായ കൈയെഴുത്തുപ്രതി കണ്ടെത്താൻഅദ്ദേഹത്തിനുകഴിഞ്ഞു. കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ വിവർത്തനവും എടുത്തു പറയണം. ദർശൻ-ദിഗ്ദർശൻ: ഗ്രീക്ക്, ഇസ്ലാമിക്, യൂറോപ്യൻ, ഇന്ത്യൻ തത്ത്വചിന്തകളെക്കുറിച്ചുള്ള ഒരു മാർക്‌സിസ്റ്റ് വിവരണം, 8,000 വർഷത്തെ ചരിത്രത്തിലൂടെ നീളുന്ന മറ്റൊരു മാസ്റ്റർപീസായ വോൾഗ മുതൽ ഗംഗ വരെ (മറ്റു പതിമൂന്നു ഭാഷകളോടൊപ്പം ഇത് മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്) എന്നിവ ബീഹാറിലെ കർഷകപ്രസ്ഥാനപ്രവത്തനത്തിന്നിടയിലെ രണ്ടരവർഷക്കാലത്തെ ജയിൽജീവിതക്കാലത്താണ് എഴുതിയത്.

ബുദ്ധദർശനത്തോടുള്ള താൽപ്പര്യമാണ് 'പ്രമാണവർത്തിക'യിൽ അദ്ദേഹത്തെ എത്തിക്കുന്നതെന്നും അതിന്റെ അന്വേഷണമാണ് ബുദ്ധഭിക്ഷുവായി മാറിത്തീർന്ന് ടിബറ്റിലെ ഗ്രന്ഥശാലകളിലും ബുദ്ധമതകേന്ദ്രങ്ങളിലും അലയാൻ പ്രേരിപ്പിച്ചതെന്നും തീർച്ചയാണ്. ബുദ്ധമതദർശനവും മാർക്‌സിസവും തമ്മിലുള്ള താരതമ്യം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. മുപ്പതുകളിലെ ചൈനയിൽ, മാസ്റ്റർ ജുസാനെ പോലുള്ള ബുദ്ധമതപണ്ഡിതർ മാർക്‌സിസ്റ്റ് സിദ്ധാന്തപഠനം ബുദ്ധദർശനപഠനത്തിനു സഹായകമാണെന്ന സമീപനം സ്വീകരിക്കുന്നുണ്ട്. 1935-ൽ രാഹുൽ സംകൃത്യായൻ സോവിയറ്റ് റഷ്യയിലേക്കു പോകുകയും ഫയദോർ സ്റ്റച്ചർബാറ്റ്‌സ്‌കിയോടൊപ്പം മാർക്‌സിസവും ബുദ്ധദർശനവും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് പഠനം നടത്തുകയും ചെയ്തു. 1939 വരെ ഇതു തുടർന്നു. 1939-ൽ, റഷ്യയിൽ നടന്ന പ്രത്യയശാസ്ത്ര ശുദ്ധീകരണങ്ങളുടെ ഭാഗമായി സ്റ്റച്ചർബാറ്റ്‌സ്‌കിയുടെ പ്രവർത്തനം ലെനിനിസത്തിനും വൈരുദ്ധ്യാത്മകഭൗതികവാദത്തിനും എതിരായ അപകീർത്തിയായി മുദ്രകുത്തപ്പെട്ടതോടെ രാഹുൽസംകൃത്യായൻ ഇന്ത്യയിലേക്കു മടങ്ങിപ്പോന്നു. (ഈ കാലയളവിൽ സ്റ്റച്ചർബാറ്റ്‌സ്‌കിയുടെ ആറു സഹപ്രവർത്തകർ അറസ്റ്റു ചെയ്യപ്പെടുന്നുണ്ട്. സോവിയറ്റ് മംഗോളിയയിൽ നിരവധി ലാമമാർ വധിക്കപ്പെടുന്നുണ്ട്).
ഇതിന്നിടയിൽ, ബീഹാറിലേക്കു പോരുന്നതിനു മുന്നേ സ്റ്റച്ചർബാറ്റ്‌സ്‌കിയുടെ വിദ്യാർത്ഥിനിയായിരുന്ന ടിബറ്റോളജിസ്റ്റ് ഇ .എൻ. കോസെറോവ്‌സ്‌കയെ അദ്ദേഹം വിവാഹം കഴിക്കുന്നുണ്ട്.

രാഹുൽ സംകൃത്യായൻ / Photo: medium.com

ബുദ്ധിസം: ഒരു മാർക്‌സിസ്റ്റ് സമീപനം എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ള ബുദ്ധിസ്റ്റ് ഡയലക്ടിക്‌സ് എന്ന ലേഖനമാണ് ഇവിടെ വിവർത്തനം ചെയ്തു നൽകുന്നത്. വായനക്കാരുടെ വലിയ പ്രീതി നേടിയ ലേഖനമാണിത്.


വൈരുദ്ധ്യാത്മകചിന്ത
ബുദ്ധമതത്തിൽ

രാഹുൽ സംകൃത്യായൻ
വിവർത്തനം: വി. വിജയകുമാർ

ബുദ്ധമതത്തിൽ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിനോ വെളിപാടുഗ്രന്ഥത്തിനോ സ്ഥാനമില്ല. ദൈവത്തിൽ വിശ്വസിക്കുന്നവർ ധാർമ്മികതയെ ദൈവഹിതത്തിന് വിധേയമാക്കുന്നു - ദൈവം നിർദ്ദേശിക്കുന്നതെല്ലാം നല്ലതും അവൻ വിലക്കിയതെല്ലാം തിന്മയുമാണ്. ഇവിടെ ബുദ്ധമതം വ്യത്യസ്തമാണ്. ധാർമ്മികത പ്രവൃത്തി നല്ലതോ ചീത്തയോ എന്നതിനെ അടിസ്ഥാനമാക്കിയാണ്. പലരുടെയും നന്മ, പലരുടെയും സന്തോഷം (ബഹുജന ഹിതായ ബഹുജന സുഖായ) നന്മതിന്മകളുടെ മാനദണ്ഡമായി അത് കണക്കാക്കുന്നു.

സാമൂഹിക- സാമ്പത്തിക വീക്ഷണങ്ങൾ:

സാമ്പത്തിക, രാഷ്ട്രീയമേഖലകളിലും ബുദ്ധന്റെ വീക്ഷണങ്ങൾ വ്യത്യസ്തമാണ്. ഭിക്ഷുക്കൾക്കും ഭിക്ഷുണികൾക്കും സേവനമെന്ന ആദർശം അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ഈ ആദർശം അനുസരിക്കാത്തവരെ 'രാജ്യത്തിന്റെ സമ്പത്തിന്റെ ഉപയോഗശൂന്യരായ ഉപഭോക്താക്കൾ' ('മോഗം സ രത്തപിണ്ഡോം ഭുഞ്ജതി') എന്ന് അദ്ദേഹം വിളിച്ചിരുന്നു. സാമുദായികജീവിതം സ്വീകരിക്കാൻ അദ്ദേഹം അവരോട് നിർദ്ദേശിച്ചു. ഭിക്ഷുക്കളുടെയും ഭിക്ഷുണികളുടെയും സമൂഹത്തിൽ സാമ്പത്തിക സമത്വത്തിന്റെ സമ്പ്രദായം അദ്ദേഹം അവതരിപ്പിച്ചു. വസ്ത്രങ്ങൾ, ഭിക്ഷാപാത്രം തുടങ്ങിയ വ്യക്തിഗത ഉപയോഗത്തിനുള്ള എട്ട് ഇനങ്ങൾക്ക് പുറമെയുള്ള മറ്റെല്ലാ വസ്തുക്കളും സംഘത്തിന്റെ സ്വത്തായി കണക്കാക്കപ്പെട്ടു. വീടുകൾ, കിടക്കകൾ, കിടക്കവിരിപ്പുകൾ, പൂന്തോട്ടങ്ങൾ, കാർഷികഉപകരണങ്ങൾ, എല്ലാം സാമുദായികസ്വത്തായി കണക്കാക്കപ്പെട്ടു. ബുദ്ധന്റെ കാലത്ത് എന്തു ഭൂമി ദാനം ചെയ്താലും അത് നാലു ദിക്കുകളിലെയും (അഗത അനഗത ചതുദിശാച സംഘച) ഇന്നത്തെയും ഭാവിയിലെയും കമ്യൂണുകൾക്ക് മാത്രം നൽകി. നാലോ അഞ്ചോ നൂറ്റാണ്ടുകളോളം ഈ സമ്പ്രദായം തുടർന്നു. സിലോണിലെ ലിഖിതങ്ങൾ സൂചിപ്പിക്കുന്നത് ക്രിസ്തുവിനു മുമ്പുള്ള നൂറ്റാണ്ടുകളിൽ, 'നാലു ദിക്കുകളിലെയും വർത്തമാന, ഭാവി കമ്മ്യൂണുകൾക്ക്' മാത്രമേ വയലുകൾ ജീവകാരുണ്യമായി നൽകിയിരുന്നുള്ളൂവെന്നാണ്. തീർച്ചയായും ബുദ്ധകമ്മ്യൂണിൽ സാമ്പത്തികസമത്വവാദത്തിന് ദീർഘകാലം തുടരാൻ കഴിഞ്ഞില്ല. സാഞ്ചിയിലെയും ബാർഹട്ടിലെയും ലിഖിതങ്ങളുടെ സാക്ഷ്യമനുസരിച്ച്, ഭിക്ഷുക്കളും ഭിക്ഷുണികളും അവരുടെ സ്വകാര്യവരുമാനം ഉപയോഗിച്ച് സ്തൂപങ്ങളും മറ്റും നിർമ്മിച്ചിരുന്നു. അതിനർത്ഥം ഇപ്പോൾ അവർക്ക് എട്ട് വ്യക്തിഗത ഉപയോഗത്തിന് പുറമെ മറ്റു സ്വകാര്യ സ്വത്തുക്കൾ ഉണ്ടെന്നാണ്.

ഗണങ്ങളുടെ (റിപ്പബ്ലിക്കുകളുടെ) രാഷ്ട്രീയവ്യവസ്ഥയാണ് ബുദ്ധൻ ഇഷ്ടപ്പെട്ടത്. ആ കാലഘട്ടത്തിൽ അടിമത്തം പ്രബലമായിരുന്നു. അതിനാൽ അക്കാലത്തെ ഏറ്റവും സമ്പന്നവും ശക്തവുമായ ലിച്ചവി (വൈശാലി) റിപ്പബ്ലിക്കിൽ, ജനാധിപത്യം നിലനിന്നിരുന്നത് ലിച്ചവി വംശത്തിൽപെട്ടവർക്ക് മാത്രമായിരുന്നു. അടിമകൾ ജംഗമ സ്വത്തായിരുന്നു, അവർ നിരവധിയായിരുന്നു, ലിച്ചവികളല്ലാത്ത ബ്രാഹ്‌മണർക്കോ അല്ലെങ്കിൽ ഗ്രഹപതി (വ്യാപാരി) ജാതിയിൽ പെട്ടവർക്കോ സംസദിൽ വോട്ടവകാശമില്ലായിരുന്നു. അവർ ലിച്ചവികളുടെ കാരുണ്യത്തിലായിരുന്നു. എങ്കിലും, ഈ റിപ്പബ്ലിക്കുകൾ രാജഭരണത്തേക്കാൾ മികച്ചതായിരുന്നു.

ബുദ്ധനെ സംബന്ധിച്ചിടത്തോളം രാജവാഴ്ചയുടെ ഉത്ഭവം ഒരു ദൈവികസ്രോതസ്സിലല്ല. മറിച്ച്, സ്വകാര്യസ്വത്തിന്റെ വളർച്ചയുടെ ഫലമാണ് രാജപദവി. സ്വകാര്യസ്വത്ത് ജനങ്ങൾക്കിടയിൽ അസമത്വത്തിനോ വർഗവിഭജനത്തിനോ കാരണമായി. അവർക്കിടയിൽ കലഹങ്ങളുണ്ടായി (പ്രച്ഛന്നമായോ രഹസ്യമായോ) അന്യോന്യം സ്വത്ത് തട്ടിയെടുക്കാൻ തുടങ്ങി. അതിനാൽ അവരിൽ നിന്ന് ഒരാളെ ന്യായാധിപനായി തിരഞ്ഞെടുക്കേണ്ടി വന്നു. ഈ ന്യായാധിപന്മാർ സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി അധികാരം വർദ്ധിപ്പിച്ചു വികസിച്ചു. രാജാവായി.

ബുദ്ധൻ ജീവിച്ചിരുന്നത് ബി സി 6-5 നൂറ്റാണ്ടിലാണ് (മരണം ബി സി 483). അക്കാലത്തും സാമ്പത്തികവും സാമൂഹികവുമായ വിവേചനം വളരെ രൂക്ഷമായിരുന്നു. സാമ്പത്തിക അസമത്വ നിർമാർജനത്തിനുള്ള തന്റെ ശ്രമങ്ങൾ ബുദ്ധൻ ഭിക്ഷുസംഘങ്ങളിൽ മാത്രമായി ഒതുക്കി, എന്നാൽ, സാമൂഹിക അസമത്വം ഇല്ലാതാക്കാൻ അദ്ദേഹം സാർവത്രികതലത്തിൽ ശ്രമിച്ചു. ജാതീയതയ്‌ക്കെതിരെ അദ്ദേഹം ഉയർത്തിയ ശബ്ദം സ്വാധീനം ചെലുത്തുന്നുണ്ട്. ജാതീയതയുടെ അടിത്തറ ഉയർന്ന ജാതിയിലെ 'ഉള്ളവർ', താഴ്ന്ന ജാതിയിലെ 'ഇല്ലാത്തവർ' എന്ന നിലയിലായിരുന്നു. ഒന്നിനെ നീക്കം ചെയ്യാതെ മറ്റൊന്ന് ഇല്ലാതാക്കാൻ കഴിയില്ല. ബുദ്ധന്റെ കമ്യൂണുകൾ ഭിക്ഷുക്രമത്തിൽ തുല്യാവകാശം അനുവദിച്ചു, ഏറ്റവും നീചജാതിയായി ഗണിക്കപ്പെട്ടിരുന്ന ചണ്ഡാളരെ ഏറെ ഉദാരതയോടെ മറ്റു മനുഷ്യരോടൊപ്പം സ്വീകരിക്കുകയും ഭിക്ഷുക്കളുടെ വ്യവസ്ഥയിൽ തുല്യാവകാശം നൽകുകയും ചെയ്തു. വംശ, ദേശ, ജാതിഭേദമില്ലാതെ മനുഷ്യസാഹോദര്യത്തിനു വേണ്ടി തീക്ഷ്ണമായി വാദിച്ചു. പഞ്ചശീലത്തെ ഉൾക്കൊള്ളുന്ന സഹവർത്തിത്വം ബുദ്ധമതം പ്രാവർത്തികമാക്കി. വിദേശരാജ്യങ്ങളിലെ അതിന്റെ മിഷനറിമാർ ഏതെങ്കിലും ഒരു രാജ്യത്തിന്റെ സംസ്‌കാരത്തെ നശിപ്പിക്കണമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

ബുദ്ധമത തത്ത്വശാസ്ത്രം

ബുദ്ധമതം നിരവധി മേഖലകളിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും തത്ത്വചിന്തയുടെ മേഖലയിലെ സംഭാവനകൾ അതുല്യമാണ്. തീർച്ചയായും, അത് മാർക്‌സിന്റെ തത്ത്വചിന്തയെ സഹായിച്ചു എന്നോ മാർക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് അടുത്തെത്തിയെന്നോ പറയുന്നത് തെറ്റായിരിക്കും. എന്നാൽ ബുദ്ധദർശനം പഠിച്ച വിദ്യാർത്ഥികൾക്ക് മാർക്‌സിസ്റ്റ് തത്ത്വചിന്തയെ കുറിച്ച് മനസ്സിലാക്കുന്നത് എളുപ്പമാണ്. മാർക്‌സിസ്റ്റ് തത്ത്വചിന്തയുടെ വികാസത്തിൽ ഹെഗലിന്റെ തത്ത്വചിന്ത ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് നമുക്കറിയാം. തന്റെ വൈരുദ്ധ്യാത്മകവാദത്തിൽ, മനസ്സ് അല്ലെങ്കിൽ ആശയം പ്രാഥമികവും യഥാർത്ഥവുമാണെന്നും പദാർത്ഥം അതിന്റെ ഉൽപ്പന്നമാണെന്നും ഹെഗൽ വിശ്വസിച്ചു. എന്നാൽ, ദ്രവ്യത്തെ പ്രാഥമികമായും മനസ്സിനെ അതിന്റെ ഏറ്റവും ഉയർന്ന വികാസമായും മാർക്‌സ് കണ്ടു. ബുദ്ധമതം അതിന്റെ ഏറ്റവും ഉയർന്നതും അന്തിമവുമായ രൂപത്തിൽ ഹെഗലിന്റെ ആദർശവാദത്തിന് സമാനമാണ്. യോഗാചാര തത്ത്വചിന്തയുടെ ആശയം (വിജ്ഞാനം) ചലനാത്മകവും അതിഭൗതികവുമാണ്. ഹെഗലിനെപ്പോലെ, ബുദ്ധമതത്തിലെ യോഗാചാരചിന്തയും ആശയത്തെയോ മനസ്സിനെയോ ആത്യന്തിക യാഥാർത്ഥ്യമായി കണക്കാക്കുന്നു.

ബുദ്ധമതത്തിന്റെ അടിസ്ഥാനതത്ത്വം ഇതാണ്: എല്ലാം നശ്വരമാണ്, ഒന്നും ശാശ്വതമല്ല. പിന്നീട് 'നൈമിഷികം' എന്ന വാക്ക് 'നിത്യമല്ലാത്തത്' എന്നതിന് പകരമായി ഉപയോഗിച്ചു, 'യഥാർത്ഥം' എന്താണോ അത് 'നൈമിഷികം' അല്ലെങ്കിൽ 'ചലനാത്മകം'. 'നൈമിഷികം' അല്ലാത്തത് 'യഥാർത്ഥം' അല്ലെന്നും പറഞ്ഞു. ബുദ്ധമതത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു അപവാദവുമില്ലാത്ത അടിസ്ഥാന സങ്കൽപ്പമാണ്. ബുദ്ധമതദർശനം ലോകം ശാശ്വതവും നിശ്ചലവുമാണെന്ന വാദത്തെ നിഷേധിക്കുന്നു. ദൈവത്തെയോ ആത്മാവിനെയോ നിഷേധിക്കുന്നത് ഈ തത്ത്വത്തിന്റെ അനന്തരഫലമാണ്. ബുദ്ധമത ദർശനം ആത്മാവിന്റെ നിഷേധത്തിൽ അഭിമാനിക്കുന്നു (അനാത്മവാദം).

ബുദ്ധന്റെ ജനനം ഉപനിഷത്തുകളുടെ കാലത്തിന്റെ അവസാനത്തിലാണ്. ഉപനിഷത്തുകളിലെ ഋഷികൾ ആത്മാവിന് (സ്വയമോ പ്രാപഞ്ചികമോ) ഏറ്റവും കൂടുതൽ ഊന്നൽ നൽകി - ആത്മാവ് എന്നത് ഭൗതികമല്ലാത്തതും ശാശ്വതവും മാറ്റമില്ലാത്തതുമാണ്. പ്രാഥമികമായി ഉപനിഷത്തുകളുടെ ഈ ശാശ്വത തത്ത്വചിന്തയെ തകർക്കുന്നതിനാലാണ്, ഉപനിഷത്തുകളുടെ ആത്മവാദത്തിന് വിരുദ്ധമായി ബുദ്ധമതത്തെ അനാത്മവാദം എന്നു വിളിച്ചത്.

ബുദ്ധമത തത്ത്വചിന്തയുടെ ചലനാത്മകത, അതായത്, ലോകം നിരന്തരമായ പ്രവാഹത്തിലാണെന്ന ആശയം തികച്ചും വ്യത്യസ്തമായ വീക്ഷണത്തിന് പ്രചോദനം നൽകി, ആത്മാവിന്റെയും അനശ്വരതാവാദത്തിന്റെയും വിശ്വാസികൾ പോലും ബാഹ്യലോകത്തെ മാറ്റാവുന്ന ഒന്നായി അംഗീകരിക്കാൻ തയ്യാറായിരുന്നു, പക്ഷേ അതിനുള്ളിലെ ശാശ്വതമായ അസ്തിത്വത്തിൽ അവർ വിശ്വസിച്ചു. ഇതിനെ അവർ ആത്മാവ് അല്ലെങ്കിൽ ബ്രഹ്‌മം എന്ന് വിളിച്ചു. ബുദ്ധമതക്കാർ പറയുന്നു: വാഴയുടെ തടിയുടെ ഉള്ളിലേക്ക് നോക്കിയാൽ പാളികൾക്കുള്ളിൽ പാളികൾ മാത്രമേ ലഭിക്കൂ, അവ ഒന്നിനുപുറകെ ഒന്നായി അടർന്നുപോകുന്നു, പക്ഷേ അതിനുള്ളിൽ ഒന്നുമില്ല, അതുപോലെ പ്രപഞ്ചത്തിലെ ഒരു വസ്തുവിലും ശാശ്വതമായ ഒന്നും അടങ്ങിയിട്ടില്ല . ആത്മാവ് അല്ലെങ്കിൽ ബ്രഹ്‌മം എന്നിങ്ങനെ വിളിക്കേണ്ടുന്ന ശാശ്വതമായ ഒരു ഘടകവും ഇല്ലാത്തതാണ് ലോകം.

1958- ലെ സാഹിത്യഅക്കാദമി അവാർഡ് രാഹുൽ സംകൃത്യായൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽനിന്ന് സ്വീകരിക്കുന്നു

ബുദ്ധമതം ശൂന്യവാദമാണെന്നു പറയുന്നത് അതുകൊണ്ടാണ്. ചലനാത്മകതയെക്കുറിച്ചുള്ള ബുദ്ധമതത്തിന്റെ ആശയം വിശദീകരിക്കാൻ മേഘങ്ങളുടെ അല്ലെങ്കിൽ വിളക്കിന്റെ ജ്വാലയുടെ ഉദാഹരണം അവർ ഉദ്ധരിക്കുന്നു. മേഘങ്ങൾ ഓരോ നിമിഷവും മാറുന്നതുപോലെ ഈ ലോകവും മാറുന്നു. ഏറ്റവും കട്ടിയുള്ള വജ്രം അല്ലെങ്കിൽ ഇരുമ്പ് പോലും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു. അപ്പോൾ, അവയുടെ മുൻരൂപത്തിലും തുടർന്നുള്ള രൂപത്തിലും സമാനതയും സാദൃശ്യവും വരുന്നതെങ്ങനെയാണ്? ഇതിന് ബുദ്ധമതത്തിന്റെ മറുപടി: സംഘാടനത്തിലെ സമാനത എന്നാണ്. പ്രഭാവം എല്ലായ്‌പ്പോഴും കാരണവുമായി സാമ്യമുള്ളതാണ്, അതിനാൽ ഏകത്വത്തിന്റെ മിഥ്യാധാരണയുണ്ടാകുന്നു. വിളക്കിന്റെ ജ്വാല ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു, പക്ഷേ പഴയ ജ്വാലയിൽ നിന്ന് പിറവിയെടുക്കുന്ന പുതിയ ജ്വാല അതിന് സമാനമാണ്, അതിനാൽ ഒരേ ജ്വാലയാണ്' എന്ന നിഗമനത്തിലേക്ക് നമ്മൾ തിടുക്കം കൂട്ടുന്നു.

കാര്യകാരണസിദ്ധാന്തം

ഒരു അപവാദവും കൂടാതെ, ആന്തരികവും ബാഹ്യവുമായ ലോകം മുഴുവൻ അനശ്വരമല്ലെന്നു പരയുമ്പോൾ കാര്യകാരണബന്ധത്തെ കുറിച്ചുള്ള മറ്റൊരു സിദ്ധാന്തവും ആവശ്യമാണ്. അണുക്കളെയോ ദ്രവ്യത്തെയോ മാറ്റമില്ലാത്ത ഇഷ്ടികകൾ പോലെയെന്നു കരുതുന്നവർക്ക് അവയുടെ കൂടിച്ചേരലിലൂടെ പുതിയ വസ്തു ഉണ്ടാകുന്നുവെന്ന് ഉറപ്പിക്കാം. അവയുടെ സംയോജനവും ശിഥിലീകരണവും വസ്തുക്കളുടെ ഉത്ഭവവും നാശവുമാകുന്നു. എന്നാൽ ബുദ്ധമതതത്ത്വശാസ്ത്രം അത്തരം മാറ്റമില്ലാത്ത ശാശ്വത ഇഷ്ടികകളുടെ അസ്തിത്വത്തിൽ വിശ്വസിച്ചില്ല. എല്ലാം ശാശ്വതസത്തയുടെ ഇല്ലായ്മയാണ്, അവ വസ്തുക്കളല്ല, ധർമ്മങ്ങളാണ്. അവയെ വളകളോ പതക്കങ്ങളോ പോലെ വ്യത്യസ്ത ആകൃതികളിൽ വാർത്തെടുക്കാൻ കഴിയുന്ന പ്രാഥമിക മൂലകമായ സ്വർണ്ണവുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. കൂടാതെ, കാര്യകാരണ നിയമം വിശദീകരിക്കാൻ ബുദ്ധൻ മറ്റൊരു പദസംയുക്തം ഉപയോഗിച്ചു; ആശ്രിതോത്ഭവം (പ്രതിത്യ സമുത്പാദം). ഈ പരികൽപ്പനയെ വ്യക്തമാക്കിക്കൊണ്ട് ബുദ്ധൻ പറയുന്നു: 'ഇതായിരിക്കുമ്പോൾ, ഇത് വരുന്നു, തുടർന്ന് ഇത് ആയിത്തീരുന്നു' (അസ്മിൻ സതി ഇദം ഭവതി). ഇത് പൂർത്തിയാകുമ്പോൾ, ഇത് ജനിക്കുന്നു. ഇപ്പോൾ മാത്രം അവസാനിച്ചത് കാരണമാകുന്നു, കാരണത്തിൽ നിന്നും ആവിർഭവിച്ചത് ഫലവുമാണ്. കാരണം ഉള്ളപ്പോൾ പ്രഭാവം പൂർണ്ണമായും ഇല്ലായിരുന്നു, പ്രഭാവം നിലവിൽ വന്നപ്പോൾ കാരണം പൂർണ്ണമായും അപ്രത്യക്ഷമായി. കാരണത്തിനകത്ത് ഫലത്തിലേക്ക് കൈമാറുന്ന ശാശ്വതമായ ഒന്നും ഉണ്ടായിരുന്നില്ല, യഥാർത്ഥത്തിൽ അവയ്ക്കിടയിൽ ഒന്ന് അടുത്തതിനു മുമ്പുള്ളതോ പിന്തുടരുന്നതോ എന്നതല്ലാതെ മറ്റൊരു ബന്ധവുമില്ല.

കാരണങ്ങൾ സഞ്ചിതമാകുമ്പോൾ

വസ്തുക്കളല്ല, സംഭവങ്ങളുടെ ഒരു കൂട്ടായ്മയായി ലോകത്തെ സ്വീകരിച്ചതിനാൽ, ആശ്രിതോത്ഭവം എന്ന ആശയം അനിവാര്യമായിത്തീരുന്നു. ശാശ്വതമായ ഒരു ഘടകമില്ല എന്ന സിദ്ധാന്തവും ചലനാത്മകതയും ലോകത്തെ സംഭവങ്ങളാൽ/വ്യവഹാരങ്ങളാൽ നിർമ്മിതമായതായി കാണാൻ അവരെ നിർബന്ധിച്ചു. കാരണത്തിന്റെയും ഫലത്തിന്റെയും പഴയ ആശയങ്ങൾ നിരസിക്കുന്നത് അനിവാര്യമായും ആശ്രിതോത്ഭവം എന്ന ആശയത്തിലേക്ക് നയിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആശ്രിതോത്ഭവം കാരണത്തിന്റെയും ഫലത്തിന്റെയും പഴയ സിദ്ധാന്തത്തെ മാറ്റിസ്ഥാപിച്ചു. ഇവിടെ ബുദ്ധമത തത്ത്വചിന്ത മറ്റൊരു പഴയ ആശയത്തെ തകർത്തു. ഇതനുസരിച്ച് ഒരു കാരണം ഒന്നോ അതിലധികമോ ഫലങ്ങൾ ജനിപ്പിക്കും. ഒരേ ആത്മാവിൽ നിന്ന് (ആത്മൻ) ഉത്ഭവിക്കുന്ന നിരവധി വിചിത്രമായ കാര്യങ്ങളിൽ ഉപനിഷത്തുകളിലെ ഋഷിമാർ വിശ്വസിച്ചിരുന്നു. ഭൗതികലോകത്തു പോലും ഒരു മൂലകത്തെ കാരണമെന്നും അതിൽ നിന്ന് ഉത്ഭവിക്കുന്ന മറ്റൊന്നിനെ ഫലമെന്നും വിളിക്കുന്നു. ബുദ്ധമത തത്ത്വചിന്ത വാദിക്കുന്നത് ഒരു വസ്തുവും അവയുടെ നാമധേയമായ ധർമ്മം ഉപയോഗിക്കുന്നതും ഒരു വസ്തുവിൽ നിന്നല്ല. ഒരു ഫലത്തിനും ഏകകാരണമേ ഇല്ല, പല കാരണങ്ങൾ ചേർന്ന് ഒരു ഫലത്തിന് (വസ്തു) ജന്മം നൽകുന്നു. ഈ സിദ്ധാന്തത്തെ കാരണങ്ങളുടെ കൂട്ടായ്മ (ഹേതുസമഗ്രിവാദ) എന്ന് വിളിക്കുന്നു. മഹാനായ തത്ത്വചിന്തകനായ ധർമ്മകീർത്തി പറയുന്നു: 'ഒന്ന് (വസ്തു) ഒന്നിൽ നിന്നല്ല, എല്ലാം കൂട്ടായ കാരണങ്ങളാൽ ജനിക്കുന്നു' (ന ചൈകം ഏകം ഏകസ്മാത്. സമഗ്ര സർവ സംഭവഃ). പല കാരണങ്ങൾ കൂടിച്ചേരുമ്പോൾ ഒരു പ്രഭാവം സൃഷ്ടിക്കപ്പെടുന്നു.

മാർക്‌സിസ്റ്റ് തത്ത്വചിന്തയിലെന്ന പോലെ വിപരീതങ്ങളുടെ ഐക്യം എന്ന സിദ്ധാന്തത്തെ പരാമർശിച്ചിട്ടില്ലെങ്കിലും, ഒരു പ്രഭാവം പല കാരണങ്ങളുടെ കൂടിച്ചേരലിന്റെ ഫലമാണെന്നും അവയിൽ ഏറ്റവും ചെറിയത് കാണാതെ പോയാൽ ആ ഫലം ഉണ്ടാകില്ലെന്നും വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. ബുദ്ധമതദർശനമനുസരിച്ച്, കാരണം ഫലത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഫലത്തിന്റെ ആവിർഭാവം ഒരു ഗുണപരമായ മാറ്റമാണ്. ഈ ഗുണപരമായ മാറ്റം (തികച്ചും വ്യത്യസ്തമായ ഒരു പ്രഭാവത്തിന്റെ ഉദയം) എല്ലാ കാരണങ്ങളും ആവശ്യമായ അളവിൽ സംയോജിച്ചില്ലെങ്കിൽ സംഭവിക്കുകയില്ല. കാരണവും പ്രഭാവവും എന്ന ആശയത്തിൽ ഗുണപരമായ മാറ്റവും ഇതു കൊണ്ടുവരുന്ന അളവും ഉൾപ്പെടുന്നു.

യാഥാർത്ഥ്യത്തിന്റെ നിർവ്വചനം

ലോകത്തെക്കുറിച്ചുള്ള ഈ സങ്കൽപ്പത്തിന്റെ വെളിച്ചത്തിൽ ബുദ്ധമത ചിന്തകർക്ക് 'യഥാർത്ഥം' എന്താണെന്നും 'അയഥാർത്ഥം' എന്താണെന്നും പുതിയതായി നിർവചിക്കേണ്ടതുണ്ട്. പുരാതന ചിന്തകരെ സംബന്ധിച്ചിടത്തോളം ഈ നിർവചനം വളരെ ലളിതമായിരുന്നു: ശാശ്വതമോ, മാറ്റമില്ലാത്തതോ ആയത് യഥാർത്ഥമാണ്, ശാശ്വതമല്ലാത്തതോ മാറ്റാവുന്നതോ ആയത് അയഥാർത്ഥമാണ്. ബുദ്ധമതത്തിൽ അത്തരം 'യഥാർത്ഥ' കാര്യങ്ങൾക്ക് സ്ഥാനമില്ല, അവർ ഒരു യഥാർത്ഥ കാര്യം നിർവചിച്ചു: വസ്തുനിഷ്ഠമായ പ്രവർത്തനത്തിന് കഴിവുള്ളത് യഥാർത്ഥമാണ് (അർത്ഥ - ക്രിയ - സംഗ്രഹം).

മധുരപലഹാരങ്ങളും റൊട്ടിയും യഥാർത്ഥമാണ്, കാരണം അവ വസ്തുനിഷ്ഠമായ പ്രവർത്തനത്തിന് പ്രാപ്തമാണ്, അതായത്, പോഷകാഹാരം അല്ലെങ്കിൽ നമ്മുടെ വിശപ്പ് തൃപ്തിപ്പെടുത്തുന്ന വസ്തുനിഷ്ഠമായ പ്രവർത്തനത്തിന് അവ പ്രാപ്തമാണ്; എന്നാൽ സ്വപ്നത്തിൽ കാണുന്ന മധുരപലഹാരങ്ങളും അപ്പവും യഥാർത്ഥമല്ല, കാരണം അവയ്ക്ക് നമ്മുടെ വിശപ്പ് തൃപ്തിപ്പെടുത്താൻ കഴിയില്ല, അവയ്ക്ക് വസ്തുനിഷ്ഠമായ പ്രവർത്തനത്തിന് കഴിവില്ല. വസ്തുനിഷ്ഠമായ പ്രവർത്തനത്തിന് കഴിവുള്ളതിനെ യഥാർത്ഥമെന്നു മാത്രമല്ല, തികച്ചും യഥാർത്ഥമായത് (പരമാർത്ഥ സത്) എന്നും വിളിക്കുന്നു. പുരാതന ചിന്തകരുടെ അഭിപ്രായത്തിൽയഥാർത്ഥമായത് വസ്തുനിഷ്ഠമായ പ്രവർത്തനത്തിന് പ്രാപ്തമായിരുന്നില്ല, കാരണം അത് മാറ്റമില്ലാത്തതും ശാശ്വതവും പൂർണ്ണവുമാണ്. ഇന്ദ്രിയങ്ങൾക്ക് അപ്രാപ്യമായ ഒരു നിർജ്ജീവമായ ഒരു വസ്തുവിന്റെ നിലനിൽപ്പിന് എന്താണ് തെളിവ്, കാരണം അത് നേരിട്ടുള്ള ഗ്രഹണമോ അതിനെ അടിസ്ഥാനമാക്കിയുള്ള അനുമാനമോ അല്ല?

വസ്തുനിഷ്ഠമായി സജീവമായിരിക്കുക എന്ന മാനദണ്ഡം യാഥാർത്ഥ്യത്തിന്റെ പ്രമാദമില്ലാത്ത ഒരു പരീക്ഷണമാണ്, അതിൽ ആധുനിക ആശയങ്ങളുടെ ഒരു സൂചന ലഭിക്കുന്നു എന്നതിൽ സംശയമില്ല. യഥാർത്ഥമായത് വസ്തുനിഷ്ഠമായ പരീക്ഷണത്തിലൂടെ സ്വയം തെളിയിക്കണം; യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രം യാഥാർത്ഥ്യം എന്ന് വിളിക്കാനാവില്ല. തന്റെ നിലപാട് യുക്തിസഹമല്ലെന്ന യുക്തിവാദികളുടെ എതിർപ്പിന് ധർമ്മകീർത്തി മറുപടി പറഞ്ഞു: 'വസ്തുക്കൾ തന്നെ അങ്ങനെയാണെങ്കിൽ, ഞങ്ങൾ ആരാണ്?' (യദിദം സ്വയമർഥനം രോചത്ച് തത്ര കേ വയം). കാരണം കേവലമല്ല, വസ്തുനിഷ്ഠമായ പ്രവർത്തനമോ പരീക്ഷണമോ മാത്രമാണ് യാഥാർത്ഥ്യത്തിന്റെ ഉരകല്ല്.

ഡാർജിലിങ്ങിലെ രാഹുൽ സംകൃത്യായന്റെ പ്രതിമ

ഇതൊരു വലിയ ആയുധമായിരുന്നു, പക്ഷേ അത് ഉപയോഗിച്ചില്ല, അതിനു കാരണവുമുണ്ട്. ശാസ്ത്രത്തിന്റെ മുഴുവൻ പുരോഗതിയും ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് - നമ്മൾ വസ്തുക്കളെ നമ്മുടെ വഴികാട്ടിയായി സ്വീകരിക്കുന്നു.

ദ്രവ്യവും മനസ്സും

ബുദ്ധമത തത്ത്വചിന്തയിൽ ദ്രവ്യം, മനസ്സ് എന്നിവയെക്കുറിച്ചുള്ള ആശയങ്ങളിൽ വ്യത്യാസങ്ങളുണ്ട്. ബുദ്ധമതക്കാർക്കിടയിലെ ഏകത്വആദർശവാദികൾ മനസ്സിനെ മാത്രമാണ് യഥാർത്ഥമായി കണക്കാക്കുന്നത്. തീർച്ചയായും, അവരുടെ ഈ 'യഥാർത്ഥ' (മനസ്സ്) പോലും ചലനാത്മകമാണ്. മറ്റുള്ളവർ, ദ്വൈതവാദികൾ, ദ്രവ്യത്തിന്റെയും മനസ്സിന്റെയും വേറിട്ട അസ്തിത്വം അംഗീകരിക്കുന്നു. എന്നാൽ മനസ്സ് ശരീരത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇരുവരും അംഗീകരിക്കുന്നു (കായ സ്ഥിതം മനഃ). അന്ധമോ ബോധമോ ആശയമോ ശരീരത്തിനും പദാർത്ഥത്തിനും പുറമെ നിലനിൽക്കില്ല. ഈ വാചകം മനസ്സും ദ്രവ്യവും തമ്മിലുള്ള പരസ്പരബന്ധത്തെ ഒരു പരിധി വരെ വെളിപ്പെടുത്തുന്നു. അതായത്, മനസ്സ് ദ്രവ്യത്തെ (ശരീരം) ആശ്രയിച്ചിരിക്കുന്നു.

മനസ്സ് ദ്രവ്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ദ്വൈതവാദികൾ പോലും അംഗീകരിച്ചില്ല. വെള്ളവും തിരകളും പോലെ ദ്രവ്യലോകം മനസ്സിന്റെ പരിണാമം ആണെന്ന് അവർ പറഞ്ഞു. ഇത് ഹെഗലിയൻ തത്വശാസ്ത്രത്തിന് സമാനമാണ്. 'ദ്രവ്യം മനസ്സിന്റെ പരിവർത്തനമാണ്' എന്നതിനുപകരം മനസ്സ് ദ്രവ്യത്തിന്റെ പരിണാമമാണ് (രൂപ പരിണമശ്ചിത്) എന്നു പറഞ്ഞാൽ, ബുദ്ധമത ആശയവാദത്തിന് പുതിയ ആശയം സൃഷ്ടിച്ച പ്രയാസങ്ങൾ ഒഴിവാക്കാമായിരുന്നു.

ഈ രീതിയിൽ ചിന്തിക്കാൻ മതിയായ അടിസ്ഥാനം അവരുടെ തത്ത്വചിന്തയിൽ ഉണ്ടായിരുന്നു. കാരണങ്ങളെ അപേക്ഷിച്ച് എല്ലാ ഫലങ്ങളും തികച്ചും വ്യത്യസ്തവും ഗുണപരമായി പൂർണ്ണമായും പുതിയതുമായിരിക്കുമ്പോൾ, മനസ്സ് ദ്രവ്യത്തിൽ നിന്നു പരിണമിക്കുന്നു എന്ന് അംഗീകരിക്കുന്നതിൽ എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായിരുന്നത് - മനസ്സ് ദ്രവ്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാകുന്നത് ഇപ്പോഴും അതിന്റെ ഫലമായിരിക്കും. വൈരുദ്ധ്യാത്മക ഭൗതികവാദം മനസ്സ് ദ്രവ്യത്തിൽ നിന്ന് പരിണമിച്ചുവെന്ന് ഉറപ്പിച്ചാൽ പോലും മനസ്സ് പദാർത്ഥമാണെന്ന് വാദിക്കുന്നില്ല; മറിച്ച് മനസ്സിനെ ദ്രവ്യത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അതിന്റെ ഏറ്റവും ഉയർന്ന പരിണാമമാണെന്നും അത് കണക്കാക്കുന്നു.

ബുദ്ധന്റെ കാലത്ത്, ഒരു വശത്ത്, ആത്മാവ് ശാശ്വതവും മാറ്റമില്ലാത്തതുമാണെന്ന് കരുതുന്ന ആത്മവാദികൾ ഉണ്ടായിരുന്നു. മറുവശത്ത്, ആത്മാവിന്റെ അസ്തിത്വം നിഷേധിക്കുന്ന ഭൗതികവാദ ചിന്തകരും ഉണ്ടായിരുന്നു, അവരുടെ ഭൗതികവാദം യാന്ത്രികഭൗതികവാദത്തിന്റെ നിലവാരത്തിനു മുകളിൽ ഉയർന്നില്ലെങ്കിലും. ബുദ്ധനും അദ്ദേഹത്തിന്റെ അനുയായികളും വികസിത ഭൗതികവാദത്തിന്റെ നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു തത്ത്വചിന്ത അവതരിപ്പിച്ചു, എന്നാൽ അവർ തങ്ങളെ ഭൗതികവാദികൾ എന്ന് വിളിക്കാൻ തയ്യാറായില്ല.

എല്ലാ കാര്യങ്ങളിലും മദ്ധ്യമാർഗം സ്വീകരിക്കണമെന്ന് ബുദ്ധമതചിന്തകർ ആദ്യം മുതൽ നിർബന്ധം പിടിച്ചിരുന്നു. ഇവിടെയും അവർ ഈശ്വരവാദത്തിനും ഭൗതികവാദത്തിനുമിടയിൽ തങ്ങളെ പ്രതിഷ്ഠിക്കാൻ ആഗ്രഹിച്ചു, എന്നാൽ അനശ്വരതയെ സംബന്ധിച്ചിടത്തോളം അവർ മദ്ധ്യമാർഗ്ഗത്തിനു വേണ്ടി വാദിച്ചില്ല. ഈ പരിഗണനകൾ കൊണ്ടു മാത്രം ബുദ്ധദർശനം ഒരു മതമായി അംഗീകരിക്കപ്പെടുന്നു.

അവരുടെ തത്ത്വചിന്തയിൽ ഉൽപതിഷ്ണുത്വം ഉണ്ടെങ്കിലും, പുനർജന്മത്തിലുള്ള അവരുടെ വിശ്വാസവും യോഗ മിസ്റ്റിസിസവും മറ്റു ചില വീക്ഷണങ്ങളും മറ്റു മതങ്ങളിലെ പോലെ തന്നെ അവരും സ്വീകരിക്കുന്നു. ബുദ്ധമത ചിന്തകൾ പല സ്ഥാപിതസിദ്ധാന്തങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടത്തിയെന്നത് ഇന്ത്യയുടെ സമാനതകളില്ലാത്ത തത്ത്വചിന്തകനായ ധർമ്മകീർത്തിയുടെ ഈ വാചകം തെളിയിക്കുന്നു: 'വേദപ്രമാണ്യം കശ്യസിത് കർതൃവാദഃ സ്‌നാനേ ധർമ്മേച്ഛ ജാതിവാദവലെപാഃ. ശാന്തപരംത് പാപ ഹനായ ചേതി ധ്വസ്തപ്രജ്ഞാനം പഞ്ച ലിംഗാനി ജാഡ്യേ. വേദത്തിന്റെ ആധികാരികത അംഗീകരിക്കൽ, ആരെയെങ്കിലും സ്രഷ്ടാവായി അംഗീകരിക്കൽ, സ്‌നാനത്തിലൂടെ പുണ്യം നേടാനുള്ള ആഗ്രഹം, ജാതീയതയുടെ വ്യർത്ഥത, പാപങ്ങളിൽ നിന്നും മോചനം കിട്ടാൻ പീഡിപ്പിക്കുക - ഇവ മൂഢതയുടെ അഞ്ച് സ്വഭാവലക്ഷണങ്ങളാണ്.

(Translation of the article titled 'Buddhist Dialectics' colleccted in the volume Buddhism - The Marxist Approach.)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments