കേരളീയരെ സംബന്ധിച്ച് ഔദ്യോഗിക ജീവിതമാണ് ജീവിതത്തേക്കാൾ വലുത്. അതിലെത്തുവാനുള്ള പരാക്രമമാണ് അതുവരെയുള്ള ജീവിതം. പ്രീ പ്രൈമറി തലം മുതൽ മകളോ മകനോ കൺമറയത്തെത്തും വരെ അച്ഛനമ്മമാർ നോക്കിനിൽക്കുന്നത് ഭാവിയിലെ ഉദ്യോഗസ്ഥർക്ക് വഴി തെറ്റുന്നില്ലല്ലോ എന്നുറപ്പ് വരുത്താനാണ്.
എൻ്റെ മകളെ കാക്കണേ ദൈവമേ എന്ന് പ്രാർത്ഥിക്കുമ്പോൾ അമ്മയോ അച്ഛനോ ലക്ഷ്യം വെക്കുന്നത് പർച്ചേസിങ്ങ് പൊട്ടൻഷ്യാലിറ്റിയുള്ള ഒരുദ്യോഗത്തിലേക്കവളെ നയിക്കണേ എന്നാണ്. വിദ്യാലയത്തിലേക്കും ദേവാലയത്തിലേക്കും ജിമ്മിലേക്കും കളിക്കളത്തിലേക്കും വീട്ടിലേക്കുപോലുമുള്ള പടികൾ ഭാവിയിലെ ഉദ്യോഗത്തിലേ ക്കുള്ള പടികളായി മാറിയിട്ട് നാളേറെയായി. അതിലെത്തിക്കാത്തതെല്ലാം അസ്വീകാര്യമായി. ഉദ്യോഗലബ്ധിയോടെ ജന്മസായൂജ്യം നേടുന്ന ഈ മനുഷ്യർ വിരമിക്കുന്ന ദിവസം ഹൃദയംപൊട്ടി മരിക്കാത്തത് പെൻഷൻ ബനിഫിറ്റുകൾ നൽകുന്ന സാമ്പത്തിക സുരക്ഷിതത്വം ഒന്നുകൊണ്ടാണ്. 'വിരമി'ക്കൽ എന്ന ഭയങ്കമായ പദം കോയിൻ ചെയ്തത്, പെൻഷൻ ബനിഫിറ്റുകൾ നാമമാത്രമായിരുന്ന കാലത്താണ്. എങ്കിലും ആരായപ്പോൾ അയാൾ ജന്മസായൂജ്യം നേടിയോ (ഉദ്യോഗസ്ഥർക്ക് തുടക്കത്തിലാണ് സ്ഖലനം), ഏത് ബലത്തിൽ ഇക്കാലമത്രയും ജീവിച്ചുവോ, എന്തിൻ്റെ പണയത്തിൽ അവർ നേടിയതെല്ലാം നേടിയോ, എന്തായിരുന്നു ലോകത്തിൽ അവരുടെ ഐഡൻ്റിറ്റി അതെല്ലാം അതല്ലാതാവുകയാണ്.
ഞാൻ സർവ്വീസിൽ (?) നിന്ന് വിരമിച്ച ദിവസം ഇക്കാര്യമൊക്കെ ഓർത്താവാം, കോളേജിന് സമീപത്തെ മുറുക്കാൻ, സിഗരറ്റ് കടക്കാരൻ എന്നോട് ചോദിച്ചു; മാഷിന്നും കൂടിയേ ഉള്ളൂ, ഇല്ലേ? വിരമിക്കൽ മരിക്കലാണെന്ന് അയാൾ കരുതി. ഇനി എൻ്റെ ജഡം ഞാനെന്തുചെയ്യും?
എന്തുചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ നഖം മുറിക്കുകയാണ് എന്നു പറയാതെ, കണ്ടുകൂടേ വായിക്കുന്നത് എന്നു ചോദിക്കാതെ, ഇന്ന സ്ഥലത്തെ ഇന്ന ഉദ്യാഗസ്ഥനാണ് എന്നല്ലേ ഞാനും പറഞ്ഞത്?
പഠിപ്പിച്ച വിദ്യാർത്ഥികൾ മാത്രമല്ല, നാടടക്കം പല അർത്ഥങ്ങളിൽ എന്നെ വിളിച്ച മാഷേ വിളി അസംഗതമായിരിക്കുന്നു. മരിച്ചാലും ശരീരത്തെ അതേ വ്യക്തിയായിത്തന്നെ നാം പരിഗണിക്കുമെങ്കിലും മാഷേ എന്ന വിളി ചിലരെങ്കിലും തുടരാമെങ്കിലും, അന്നുഞാൻ ഏതാണ്ട് മുപ്പതു വർഷക്കാലമിട്ട മുഷിഞ്ഞ കുപ്പായം ഊരുകയാണ്. മാഷ്ക്ക് പുനർജന്മമുണ്ടാവും, പുതിയൊരാൾ ഞാനിട്ട കുപ്പായം ഇടും, ഞാനിരുന്ന കസേരയിൽ ഇരിക്കും, എനിക്കോ? മാഷെ കാണാൻ വരുന്ന ഒരാൾ ഞാനിരുന്ന മുറിയിലേക്ക് നവമായ ഉത്സാഹത്തോടെ ഇനി വരും.
പക്ഷെ എനിക്കൊരു നഷ്ടബോധവുമുണ്ടായില്ല. എനിക്കത് എൻ്റെ സർഗ്ഗാത്മക ജീവിതത്തിൻ്റെ ജന്മദിനമായിരുന്നു. ഡ്യൂട്ടിയൊഴിഞ്ഞ് വർക്കിലേക്ക് പ്രവേശിക്കാനുള്ള ഇടനാഴിയായിരുന്നു. ‘പാസ്സേജ് ടു ദ റിയൽ കൽപ്പറ്റ നാരായണൻ’.
അതുവരെ ഞാൻ വായിച്ചത് എൻ്റെ ചുമതലയായിരുന്നു, അന്നത് എൻ്റെ സ്വാതന്ത്ര്യമായി. അതുവരെ ഞാൻ ചെയ്തത് അർദ്ധ മനസ്സോടെയായിരുന്നു. ഇപ്പോൾ ഞാൻ ചെയ്യുന്നത് പൂർണ്ണ മനസ്സോടെയാണ്. എന്തു ചെയ്യുമ്പോഴും ആരോ എന്നെ നിയന്ത്രിക്കുന്നുണ്ടായിരുന്നു, ഇപ്പോൾ ഞാൻ എൻ്റെ കയ്യിൽ. ഹാജർബുക്കിൽ ഒപ്പിടണ്ട, എണീറ്റുനിന്ന് വന്ദിക്കേണ്ട ഒരു മേലധികാരിയില്ല, എന്താണ് വൈകിയത് എന്നാരും ചോദിക്കില്ല.
വൈകലോ നേരത്തെയാവലോ ഇല്ലാത്ത ഒരു പുതുലോകം. ഞാനാണെങ്കിൽ ഒന്നിലും അംഗമല്ല, എന്നിലല്ലാതെ. പല തുള്ളിയിൽ ഒരു തുള്ളിയല്ല, ഒരേയൊരുതുള്ളി. കവിത വന്നപ്പോൾ ഞാൻ കവിതയെഴുതി, നോവൽ വന്നപ്പോൾ നോവലെഴുതി, ഉപന്യാസം വന്നപ്പോൾ ഉപന്യാസം എഴുതി. തന്നിഷ്ടങ്ങൾ പ്രസംഗിച്ചു. മാർക്സ് പറയുന്ന സമത്വാനന്തരകാലത്തിലെ മനുഷ്യനായി. തളിരിടേണ്ടപ്പോൾ തളിരിടുകയും പൂക്കേണ്ടപ്പോൾ പൂക്കുകയും കായ്ക്കേണ്ടപ്പോൾ കായ്ക്കുകയും ചെയ്തു. ജനുവരി 26 വരുന്നുണ്ട്, അന്ന് പൊതു ഒഴിവാണ്, അന്ന് വിശദമായി കായ്ക്കാം എന്ന് വെയ്ക്കേണ്ടതില്ല ഇനി. ഹൂറികൾ താലവുമായി നിൽക്കുന്ന, തേനൊഴുകുന്ന പുഴകളുള്ള മരണാനന്തരലോകം പോലെ ഒന്ന് ഉദ്യോഗാനന്തരലോകത്തിൽ ഞാനറിഞ്ഞു. എൻ്റെ എഴുത്തിൻ്റെ റേഷ്യോ രണ്ടേ ഈസ് ടു ഇരുപത്തിനാല് ആയിരുന്നു. സർവ്വീസിലിരുന്ന മുപ്പതു വർഷക്കാലം രണ്ടു പുസ്തകങ്ങൾ. സർവ്വീസിൽ നിന്ന് വിരമിച്ചശേഷമുള്ള കാലത്തെ 15 വർഷം 24 പുസ്തകങ്ങൾ!
അടിയൻ എന്നുപറഞ്ഞ് ശീലിച്ച മനുഷ്യർ തുടർന്നും അടിയൻ എന്ന അർത്ഥത്തിൽ ഞാൻ എന്നു പറയുന്ന നാടാണിത്. ഉദ്യോഗത്തിനായി പിറന്ന് വളർന്ന മനുഷ്യർ ഉദ്യോഗമൊഴിയുമ്പോൾ അടിമപ്പണിക്കായി അടുത്ത തൊഴിൽസ്ഥലത്തിൻ്റെ വാതിലിൽ മുട്ടുന്നു. കോളേജദ്ധ്യാപകർ സ്വശ്രയ കോളേജിൽ, ഹെഡ്മാസ്റ്റർ കണക്കെഴുത്തുകാരുടെ പണിക്കായി കമ്പനിയിൽ.... ചുമതല നിർവ്വഹിച്ചില്ലെങ്കിലുള്ള ശ്വാസം മുട്ടൽ, ഉദ്യോഗം തെരഞ്ഞലഞ്ഞ നാളുകളിലെ അരക്ഷിതത്വം അവരെ അലട്ടുന്നതാവാം. ചെയ്തത് ചെയ്തുകൊ ണ്ടിരിക്കലാണല്ലോ പലർക്കും ചെയ്യൽ. കേരളമാകട്ടെ അതിന് കേളികേട്ട ഇടവും. എഴുതാനോ വരയ്ക്കാനോ പാടാനോ താൽപ്പര്യമുള്ള മനുഷ്യരെ അത് ചോദിച്ചുചോദിച്ച് ഉദ്യോഗത്തിൽ കയറ്റും. സംഗീതം നിർത്തി പാട്ടുമാഷാവുന്നവർ, പെയ്ൻ്റിങ്ങ് നിർത്തി ഡ്രോയിങ്ങ് മാഷാവുന്നവർ, നാല് ചാട്ടത്തിനുശേഷം അഞ്ചാം ചാട്ടത്തിൽ എസ്ഐ പോസ്റ്റിൽ തലയടിച്ച് വീഴുന്നവർ. സ്പോർട്ട്സ് ക്വാട്ടയിൽ നിയമനം കിട്ടിയ എസ് പി കുടവയറുഴിഞ്ഞ് സ്റ്റൂളിൽ കാൽ കയറ്റി ഇരിക്കുന്ന കാഴ്ച. അധികനേരം കാൽ തൂക്കിയിട്ടിരുന്നാൽ നീരുവരും.
ഏതെങ്കിലുമൊരുദ്യോഗത്തിലെത്താനുള്ള സാഹചര്യമാണ് വേണ്ടതെങ്കിൽ അതിന് കേരളത്തോളം പറ്റുന്ന നാടില്ല. കാണുന്നവർ കാണുന്നവർ ചോദിക്കും, പണിയൊന്നുമായില്ലേ? വയലിൽ പണിയെടുക്കുന്ന കൃഷിക്കാർ ഇച്ചോദ്യം നേരിട്ട് നേരിട്ട് ഇന്ന് കേരളത്തിൽ കൃഷി ഇല്ലാതായി. ഇച്ചോദ്യത്തിൻ്റെ സമ്മർദ്ദം സഹിക്കാനാവാതെ സർഗ്ഗാത്മകലേശമുള്ളവർ അതില്ലാത്തവരായി. ‘അടിയന്മാ'രുടെ ഒരു മഹാവർഗ്ഗത്തിൽ എത്തപ്പെട്ടതിൻ്റെ സുഖം നഷ്ടപ്പെടുന്ന ദിവസമാണ് പലർക്കും പെൻഷൻ ദിനം. അതിനകം കൊളളരുതായിത്തീർന്ന മനുഷ്യർ കൊള്ളരുതായ്മ പൂർത്തിയാക്കി പുറത്തിറങ്ങുകയാണ്. കക്ഷിരാഷ്ട്രീയം പറഞ്ഞും ചാനൽ ചർച്ചകൾ കണ്ടും സീരിയൽ കണ്ടും കേട്ടും പ്രമേഹം മാറുന്ന രോഗമാണോ എന്ന് കൂട്ടുകാരോട് ചർച്ച ചെയ്തും അരയാൽത്തറയിലിരുന്ന് തങ്ങളുടെ ആരാധ്യപുരുഷന്മാരെ താരതമ്യം ചെയ്തും അവർ നേരം പോക്കുകയാണ്. അനുവദിച്ച് കിട്ടിയനേരം കളയുകയാണ് അവരുടെ മുഖ്യജോലി.
ആ മുഖ്യ ചുമതലയാൽ പ്രേരിതരായി അവർ നമ്മോട് ചോദിക്കും, മാഷെങ്ങനെയാണ് നേരം പോക്കുന്നത്? ബീവറേജസിൻ്റെ ക്യൂവിലില്ല, ചാനലിൻ്റെ മുന്നിലില്ല, രാഷ്ട്രീയമല്ലാതെ കക്ഷിരാഷ്ട്രീയമില്ല, ചാനൽ ചർച്ചയിലില്ല, ഭാഗ്യക്കുറി ടിക്കറ്റ് വാ ങ്ങാറില്ലാത്തതിനാൽ സ്വപ്നസന്നിഭമായ വഴിയിലുമില്ല, കാര്യമായ രോഗമൊന്നുമില്ലാ ത്തതിനാൽ താനേ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കിടക്കയിലുമില്ല. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. ഞാനവരെ എൻ്റെ പുസ്തകങ്ങളുടെ മദ്യശാലയിലേക്ക് വിളിക്കില്ല, ആലോചനയുടെ ഉള്ളറകൾ തുറന്ന് കാട്ടിക്കൊടുക്കയില്ല, പക്ഷെ ചെള്ളയ്ക്കൊന്നു കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് സങ്കടപ്പെട്ടുകൊണ്ടിരിക്കും.
പെൻഷൻകാർ ധൂർത്തടിക്കുന്ന സമയം ഞാൻ ദിവസത്തിൻ്റെ അളവിലല്ല, മണിക്കൂറിൻ്റെ അളവിലല്ല, മിനുട്ടിൻ്റെ അളവിലുമല്ല, സെക്കൻ്റിൻ്റെ അളവിൽ ചെലവഴിക്കുന്നു. മേതിൽ പറയുന്നു, പത്ത് മിനിട്ട് നേരം ഒരാളെ കാത്തുനിൽക്കുക എത്ര ദുസ്സഹമാണ്. പത്തുമിനുട്ടെന്നാൽ അറുനൂറ് സെക്കൻ്റാണ്. ഞാൻ പുസ്തകങ്ങളിലോ പേജുകളിലോ ഖണ്ഡികകളിലോ വിശ്വസിക്കുന്നില്ല, വാക്യങ്ങളിൽ വിശ്വസിക്കുന്നു.
ചോദിച്ച് വാങ്ങുവാൻ കഴിയുമായിരുന്നെങ്കിൽ തരാൻ സന്മനസ്സുള്ള സകലരോടും ഞാൻ സമയം കടം വാങ്ങുമായിരുന്നു. അതിനു പറ്റാതെ വന്നപ്പോൾ ദിവസത്തിൻ്റെ ദൈർഘ്യം നീട്ടാൻ ഞാൻ പുതിയൊരു വഴി കണ്ടുപിടിച്ചു. വർഷങ്ങളായി ഏഴുമണിക്കെഴുനേൽക്കുന്ന ഞാൻ അ തഞ്ചുമണിക്കാക്കി. രണ്ടു മണിക്കൂറാണ് എനിക്ക് കിട്ടിയത്. അഞ്ച് മിനുട്ട് മുമ്പ് വന്നിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു, എന്ന് ഡോക്ടർമാർമാർ പറയാറില്ലേ, ആ അതിജീവനത്തിൻ്റെ ഇരുപത്തിനാലിരട്ടി സമയം. എനിക്ക് പുതുതായി കിട്ടിയ ആ അധിക സമയം എൻ്റെ ആയുസ്സിനെ എങ്ങ നെ നീട്ടിയെന്ന് ഞാനെൻ്റെ എവിടമിവിടം എന്ന നോവലിൽ എഴുതിയിട്ടുണ്ടു്. അതിങ്ങനെ: ‘‘കൺഫ്യൂഷിയസിന് പ്രചോദനമായ പേരില്ലാക്കവിയുടെ സുഭാഷിതത്തിൽ ആയുസ്സ് വർദ്ധിപ്പിക്കാൻ നേരത്തെ ഉണരുക എന്ന പ്രായോഗിക നിർദ്ദേശമുണ്ട്. അതുവഴി അതാതു ദിവസം നേടുന്ന അധിക സമയം ഏച്ചുകൂട്ടിയാൽ നാലോ അഞ്ചോ വർഷങ്ങളുടെ ദൈർഘ്യം കൈവരിക്കും. സുലഭ സങ്കൽപ്പിച്ചു; പ്രഭാതങ്ങൾ മാത്രമുള്ള നാലഞ്ച് വർഷങ്ങൾ. പക്ഷികളുടേയും നദികളുടേയും ജാലകപ്പാളികൾ വിടരുന്നതിൻ്റേയും ഒച്ചയുള്ള നാല് വർഷങ്ങൾ. അവളിപ്പോൾ നാലര മണിക്ക് അലാറം വെച്ച് ദിവസത്തിലെ ഏറ്റവും ഹൃദ്യമായ കാറ്റേറ്റ് ജാലകത്തിലൂടെ പുറത്ത് നോക്കി നിൽക്കുന്നു. ഉണരുന്ന പ്രകൃതിയെ നോക്കിക്കാണുന്ന പ്രകൃതിയായി."
സമയം അതിവേഗത്തിൽ സഞ്ചരിക്കുവാനുപയോഗിക്കണം നമ്മുടെ ജീവിതത്തെ. ഔദ്യേഗിക ജീവിതം നിലയ്ക്കുമ്പോൾ പരിഭ്രമിക്കുന്നവർ സമയത്തെ എങ്ങനെ മെരുക്കും എന്ന് ഭയപ്പെടുകയാണ്. കെട്ടിക്കിടക്കുന്ന സമയത്തിൻ്റെ തീരത്ത് സ്തംഭിച്ച് നിൽക്കുകയാണ്. അവരുടെ സമയം ഇതുവരെ കൈകാര്യം ചെയ്തത് അവർ വഹിച്ച ഉദ്യോഗമാണ്. അവർക്കുവേണ്ടി അവർ സവിശേഷമായി ഒന്നും ചെയ്തില്ല. ഇതുവരെ പുതച്ചുകിടന്ന അജ്ഞതയുടെ പുതപ്പ് നീങ്ങിപ്പോയിരിക്കുന്നു. എന്തുചെയ്യും?
വ്യാസൻ ഗണപതിയോട് പറഞ്ഞതോർക്കുക. ജീവിതത്തെ അർത്ഥബോധത്തോടെ വായിക്കുക. കാത്തിരിക്കേണ്ടിവരില്ല.