ഉമ്മർ ടി.കെ.

വിരമിച്ച ഒരധ്യാപകന്റെ
പച്ചയായ ജീവിതം

സർവ്വീസിൽനിന്ന് വിരമിക്കാനിരിക്കെ, ഭാവി എങ്ങനെയായിരിക്കണം എന്ന ഉൽക്കണ്ഠ പിടികൂടി. കുടിയേറ്റ മേഖലയിലായിരുന്നതിനാൽ, ചെറുപ്പം മുതൽ കൃഷിപ്പണികളിൽ വളരെ ചെറുപ്പം മുതലേ നിർബന്ധമായി പങ്കെടുക്കേണ്ടിയിരുന്നു. വിരമിച്ചശേഷം കാർഷികവൃത്തിയിൽ പലതരം പരീക്ഷണങ്ങൾ നടത്തുന്ന ഒരധ്യാപകന്റെ പച്ചയായ ജീവിതം.

രു ജന്മത്തിൽ ഒന്നിലധികം ജീവിതം ജീവിക്കുകയെന്നത് മനോഹരമായ കാര്യമാണ്, അതേസമയം സാഹസികവുമാണ്. പ്രത്യേകിച്ചും തൊഴിൽ മേഖലകളിൽ. എല്ലാം വിജയിച്ചു കിട്ടുക ഭാഗ്യശാലികൾക്കു മാത്രമാണ്. ആ അർത്ഥത്തിൽ, തിരിഞ്ഞുനോക്കുമ്പോൾ ഭാഗ്യം എന്നെയും വന്നു തൊട്ടിട്ടുണ്ട് എന്നു തോന്നുന്നു. മുപ്പതു വർഷം നീണ്ട അധ്യാപനമേഖലയിലേക്ക് ഞാൻ കടന്നുവന്നത് എന്റെ അഭിരുചിയുടെ ഭാഗമായിട്ടാണോ? സത്യം പറഞ്ഞാൽ സംശയമാണ്. അപകർഷത അത്രമേൽ ഭരിച്ചിരുന്ന എന്നെ സംബന്ധിച്ച് ആളുകളെ അഭിമുഖീകരിക്കേണ്ടി വരുന്ന തൊഴിൽ ഏറ്റവും അവസാനത്തെ ഓപ്ഷൻ ആയിരുന്നു. എന്നിട്ടും എന്തു കൊണ്ട് ഞാനീ തൊഴിൽ തെരഞ്ഞെടുത്തു?

അത് നമ്മുടെ നാടിന്റെ സാമൂഹികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിയും വ്യത്യസ്തമായ അഭിരുചികളുമായാണ് ജനിക്കുന്നത്. ആ അഭിരുചികൾക്കനുസരിച്ചായിരിക്കും വികസിതരാജ്യങ്ങളിലെവിടെയും ഒരു വ്യക്തി വിദ്യാഭ്യാസം നേടുന്നത്, തൊഴിലന്വേഷിക്കുന്നത്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ അങ്ങിനെയല്ല. മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം എന്ന മാതിരിയാണ് നമ്മൾ പഠനം തെരഞ്ഞെടുക്കുന്നത്. എല്ലാവരും സയൻസ് പഠിക്കുന്നു. ഞാനും സയൻസ് പഠിക്കുന്നു. അതു കിട്ടാത്തതു കൊണ്ട് ഹ്യൂമാനിറ്റീസ് പഠിക്കുന്നു. ഏത് വിഷയത്തിലാണ് കുട്ടിക്ക് യഥാർഥത്തിൽ താല്പര്യമെന്നത് പലപ്പോഴും പരിഗണനാ വിഷയമാകാറേയില്ല. സമൂഹത്തിലെ ജാതിക്രമത്തിന്റെ സ്വഭാവം സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്കിടയിലും പ്രവർത്തിക്കുന്നതു കാണാം. ചരിത്രത്തിൽ വലിയ താല്പര്യമെടുത്ത് മാനവിക വിഷയം പഠിക്കാൻ പോകുന്ന കുട്ടിയോട് നിനക്ക് ഫുൾ എ പ്ലസ് അല്ലേ സയൻസ് എടുത്തു കൂടേ എന്നു ചോദിക്കുന്ന അധ്യാപകർ ഏറെയുണ്ട്‌.

ഉമ്മര്‍ ടി.കെ., പഴയ ചിത്രം.

എൺപതുകളിൽ ഒരു തൊഴിൽ സാധ്യത ബി എഡ് / ടി.ടി.സി പഠിച്ചാലായിരുന്നു. ‘ഏറ്റവും മാർക്കു ലഭിച്ചവർ ടി.ടി.സിക്കുചേർന്ന് പ്രൈമറി അധ്യാപകരാവും, അതിന് മാർക്ക് ലഭിക്കാത്തവർ ബി.എഡ് എടുത്ത് ഹൈസ്കൂളിൽ ചേരും, പിന്നെയും മാർക്ക് കുറഞ്ഞവർ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് കോളജിൽ ചേരും’ എന്ന് തമാശയായി പറയാറുണ്ടായിരുന്നു. അധ്യാപക ജോലി തെരഞ്ഞെടുത്തവരിൽ 80% പേരും ഈ തൊഴിലിനോടുള്ള താല്പര്യം കൊണ്ട് വന്നവരാണെന്നു പറയാനാവില്ല. സുരക്ഷിതമായ തൊഴിലാണ് നമ്മുടെ നാട്ടിൽ ഏറ്റവും മുഖ്യമായെണ്ണുന്നത്. മറ്റിടങ്ങളിൽ തൊഴിലാളിയുടെ പെർഫോമൻസ് ആണ് സുരക്ഷിതത്വത്തിന്റെ അടിസ്ഥാനം. അധ്യാപക ജോലിക്ക് എത്രലക്ഷം കൊടുക്കാനും നമ്മൾ തയ്യാറാവുന്നത് പേർഫോമൻസ് എന്തുതന്നെയായാലും സുരക്ഷിതത്വം കിട്ടും എന്നതു കൊണ്ടാണ്.

വികസിത രാജ്യങ്ങളിൽ പ്രായപൂർത്തിയാകുന്നതോടെ വ്യക്തികൾ എന്തെങ്കിലും തൊഴിൽ മേഖലയിലേക്കിറങ്ങുന്നു. എന്നാൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതിനിർണയിക്കപ്പെട്ടിരുന്ന നമ്മുടെ നാട്ടിൽ ശാരീരികാധ്വാനം ആവശ്യപ്പെടുന്ന തൊഴിലുകളെല്ലാം മോശമായി കണക്കാക്കപ്പെട്ടു. നല്ല പ്രതിഫലം കിട്ടിയാലും നമ്മുടെ നാട്ടിൽ ഒരു ഹോം നഴ്സിന്റെ ജോലി ചെയ്യാൻ ഒരാൾ മടിക്കുന്നതും വിദേശത്ത് അത് സന്തോഷത്തോടെ സ്വീകരിക്കുന്നതും തൊഴിലിനോട് നമ്മുടെ സമൂഹം വെച്ചു പുലർത്തുന്ന മനോഭാവം കൊണ്ടു കൂടിയാണ്. പറഞ്ഞു വന്നത് ഈ മനോഭാവം കാരണം നമുക്ക് മികച്ച കൽപ്പണിക്കാരനെയും മരപ്പണിക്കാരനെയും പ്ലംബറെയും ഇലക്ട്രീഷ്യനെയും ശില്പിയെയും കവിയെയും ചിത്രകാരരെയും നഷ്ടപ്പെടുന്നു എന്നാണ്. തങ്ങളുടെ ഉള്ള് എന്താണാവശ്യപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞ് അതിന് പിന്നാലെ പോകുന്നവർ ചുരുക്കമായിരിക്കും.

സി. ഭാഗ്യനാഥൻ

പ്രശസ്ത ചിത്രകാരനായ സി. ഭാഗ്യനാഥൻ ഒരു സ്കൂളിൽ ചിത്രകലാധ്യാപകനായി പത്തുവർഷം ജോലി ചെയ്തശേഷം രാജിവെക്കുകയായിരുന്നു. പലരും അദ്ദേഹത്തെ പിന്തിരിപ്പിച്ചിരുന്നു. പ്രത്യേകിച്ച്, ജീവിതസുരക്ഷിതത്വത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ട്. അത് സന്തോഷം നൽകാത്ത ജോലിയായതു കൊണ്ടല്ല, മറിച്ച് തൻ്റെ ഉള്ളിലെ കലാകാരനെ ഏതെല്ലാമോ തരത്തിൽ അത് ബന്ധനസ്ഥനാക്കുന്നു എന്ന തിരിച്ചറിവിൽ. സന്തോഷ് ഏച്ചിക്കാനവും ഒരു സ്കൂളിൽ താൽക്കാലികമായി നാലഞ്ചുവർഷം ജോലി ചെയ്ത്, പിന്നീട് സ്ഥിരമായി ജോയിൻ ചെയ്യാൻ പോയ ഇടത്തുനിന്ന്, പെട്ടെന്ന് അതുപേക്ഷിച്ച് പോന്നതാണ് എന്നു പറഞ്ഞിട്ടുണ്ട്. സത്യത്തിൽ കലാകാരർക്ക് അവരുടെ കലാപ്രവർത്തനങ്ങൾ കൊണ്ട് ജീവിതായോധനത്തിനുള്ള വക കണ്ടെത്താനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടു തന്നെ, സ്ഥാപനങ്ങളുടെ നിയമങ്ങളിൽ സമയക്രമങ്ങളിൽ ബന്ധിക്കപ്പെട്ട ഒരു തൊഴിൽ ജീവിതം കൂടി തെരഞ്ഞെടുക്കേണ്ടിവരുന്നു.

സന്തോഷ് ഏച്ചിക്കാനം

80- കളിൽ ലഭിക്കാൻ സാധ്യതയുള്ള ഒരു തൊഴിൽ എന്ന നിലയിലാണ് മറ്റു പലരെയും പോലെ ഞാനും അധ്യാപനം സ്വീകരിച്ചത്. നോവൽ വായന നിഷിദ്ധമായിക്കണ്ട ഒരു കുടുംബാന്തരീക്ഷത്തിൽ നിന്ന് ഊണുമുറക്കവുമില്ലാതെ ഒളിച്ചു വായിച്ച പുസ്തകങ്ങളോടുള്ള ഒടുങ്ങാത്ത പ്രേമം പൂർത്തീകരിക്കാനാവും വിധം മലയാള സാഹിത്യം പഠിക്കാൻ കഴിഞ്ഞു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി ഞാനെണ്ണുന്നത്. അതുവരെ ജീവിച്ച, ശീലിച്ച മതാത്മകമായ ഒരു പരിസരത്തു നിന്ന് ബഹുസ്വരമായ ഒരു ലോകത്തേക്ക് എന്നെ അത് അഴിച്ചുപണിതു. പാഠപുസ്തകത്തിലെ ഉള്ളടക്കങ്ങൾക്കപ്പുറം ഈ ബഹുസ്വരത അധ്യാപകനെന്ന നിലയിൽ പരമാവധി പ്രസരിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് തൊഴിൽജീവിതത്തിൽ സാർഥകമായി ഞാൻ കാണുന്നത്.

എന്റെ അഭിരുചിക്കനുസരിച്ച ഒരു തൊഴിലല്ല ഞാൻ സ്വീകരിച്ചത് എന്നു ഞാൻ പറഞ്ഞല്ലോ. പക്ഷേ ഞാനൊരു മോശം അധ്യാപകനായിരുന്നില്ല എന്നു തന്നെ വിശ്വസിക്കുന്നു. കുട്ടികളാണ് അതിന് സാക്ഷ്യം പറയേണ്ടത്. എങ്കിലും അധ്യാപനജീവിതം ഞാനത്രമേൽ ആസ്വദിച്ചിരുന്നു. കുട്ടികളോട് സംസാരിക്കുക ഏറ്റവും ആഹ്ലാദകരമായ അനുഭവം തന്നെയാണ്. സാഹിത്യത്തെപ്പോലെ സിനിമയും എനിക്ക് ഏറെ താല്പര്യമുള്ള മേഖലയായിരുന്നു. സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവും സവർണ ഘോഷണങ്ങളുമുള്ള പോപ്പുലർ സിനിമകളുടെ സ്വാധീനത്തിൽ നിന്നു മാറി നല്ല സിനിമയെക്കുറിച്ചുള്ള അവബോധം കുട്ടികളിലുണ്ടാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മജീദി മജീദിയുടെ കളർ ഓഫ് പാരഡൈസ്, ചിൽഡ്രൻ ഓഫ് ഹെവൻ തുടങ്ങിയ സിനിമകൾ എൻ്റെ സ്കൂളിലെ കുട്ടികളാവാം കേരളത്തിൽ ആദ്യം കണ്ടത്. സർ സയ്യിദ് കോളജിലെ ഡോ. സൈനുൽ ഹുക്കുമാനാണ് അതിന്റെ സിഡി ഗൾഫിൽ നി​ന്നെത്തിച്ചത്.

കളർ ഓഫ് പാരഡൈസ് - സിനിമയില്‍ നിന്ന്

പാഠപുസ്തക നിർമാണസമിതിയിൽ പ്രവർത്തിച്ച കാലത്ത് സമാനഹൃദയരായ സുഹൃത്തുക്കളോടൊപ്പം ചേർന്ന് സിനിമയെ ഒരു പ്രധാന മേഖലയായി പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ പ്രവർത്തിച്ചു എന്നതാണ് അഭിമാനം തോന്നുന്ന കാര്യം. ചമ്പുവും ആട്ടക്കഥയും തുള്ളലും നാടകവുമെല്ലാം പാഠപുസ്തകത്തിലുണ്ടെങ്കിലും സിനിമ പഠിപ്പിക്കേണ്ട വിഷയമായി പാരമ്പര്യവാദികൾക്ക് തോന്നിയതേയില്ല. നമ്മുടെ ചരിത്രവും ദേശീയതയും സംസ്കാരവും വികലമാം വിധം രൂപപ്പെടുത്തിയത് സിനിമകളല്ലാതെ മറ്റെന്താണ്? ദുർബലമായെങ്കിലും അതിനു പ്രതിരോധം തീർക്കാൻ നല്ല സിനിമകൾ കൊണ്ടേ കഴിയൂ. കാലം ആവശ്യപ്പെടുന്ന ഈ വെല്ലുവിളി ഏറ്റെടുക്കാൻ വിമുഖരായ അധ്യാപകരും ഏറെയുണ്ടായിരുന്നു. പഥേർ പാഞ്ചലി, ബൈസിക്കിൾ തീവ്സ് തുടങ്ങിയ സിനിമകളെ ലക്ഷകണക്കിനു കുട്ടികളാണ് പരിചയപ്പെട്ടത്.

ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ തന്നെ ആർത്തവം അശുദ്ധിയെന്ന് ഉറച്ചു വിശ്വസിച്ചു. മതമില്ലാത്ത ഒരു ജീവൻ ഇവിടെ വേണ്ട എന്ന് മതശക്തികൾക്ക് തീരുമാനിക്കാൻ കഴിഞ്ഞു.

2010 കഴിയുന്നതോടെ നമ്മുടെ സാമൂഹികാന്തരീക്ഷവും സ്കൂൾ അന്തരീക്ഷവും ഏറെ അനാരോഗ്യകരമായി മാറുന്നുണ്ട്. അതുവരെ ഏതു കാര്യവും ക്ലാസിൽ ചർച്ച ചെയ്യാൻ പറ്റുന്ന ഒരന്തരീക്ഷമുണ്ടായിരുന്നു. മതങ്ങളെക്കുറിച്ച്, അനാചാരങ്ങളെക്കുറിച്ച്, ഒരു പക്ഷേ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചു പോലും ചർച്ച ചെയ്യാൻ പറ്റുന്ന ഒരന്തരീക്ഷം അവിടെ ഉണ്ടായിരുന്നു. തീർച്ചയായും ഇടതുരാഷ്ട്രീയ ബോധം സൃഷ്ടിച്ച ആ അന്തരീക്ഷം പതിയെ സ്കൂളുകളിൽ നിന്നും സമൂഹത്തിൽ നിന്നും പിന്മാറുന്നുണ്ട്. മതങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഒരു കണ്ണ് സ്കൂളുകൾക്കു നേരെ തുറന്നു വെച്ചു. വർഗീയശക്തികൾക്കു ലഭിച്ച മേൽക്കൈ അധ്യാപകരെ പൊതുവെ സമ്മർദ്ദത്തിലാക്കി. ചിലപ്പോഴെല്ലാം വർഗീയ രാഷ്ട്രീയത്തിന്റെ മോക്ഡ്രില്ല് നടക്കുന്ന സ്ഥലമായി കലാലയങ്ങൾ മാറി. ഒന്നുകിൽ തൊപ്പിയണിയിച്ച്, അല്ലെങ്കിൽ രാഖിയണിയിച്ച് ചിലർ കുട്ടികളെ സ്കൂളിലേക്കയച്ചു. സെക്യുലറിസം എന്ന വാക്കിനെ വെറുക്കുന്നവർക്ക് ആധിപത്യം ലഭിക്കുന്ന അവസ്ഥ തന്നെയുണ്ടായി. ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ തന്നെ ആർത്തവം അശുദ്ധിയെന്ന് ഉറച്ചു വിശ്വസിച്ചു. മതമില്ലാത്ത ഒരു ജീവൻ ഇവിടെ വേണ്ട എന്ന് മതശക്തികൾക്ക് തീരുമാനിക്കാൻ കഴിഞ്ഞു.

‘മതമില്ലാത്ത ജീവൻ’; വിവാദമായ പാഠപുസ്തക ഭാഗം

70- കളിൽ ഞങ്ങൾ പഠിച്ച പാഠപുസ്തകത്തിലെ രാമലക്ഷ്മണന്മാർ ചിത്രകൂടത്തിൽ എന്ന പാഠഭാഗത്ത് സീത മാംസം ഉണക്കുന്നതിനെക്കുറിച്ചുള്ള പരാമർശമുണ്ട്. അത് FB യിൽ പോസ്റ്റിയപ്പോൾ മലയാള സാഹിത്യവും ചരിത്രവും പഠിച്ച സഹപ്രവർത്തകൻ തന്നെ ഹിന്ദുവിന്റെ നെഞ്ചത്തു കേറുന്നോ എന്നു രോഷാകുലനാവുന്നത് അത്ഭുതത്തോടെ കണ്ടു. ‘ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെ സുവിശേഷമാണ് ഓണം’ എന്ന മനോഹരമായ ആശയം പങ്കുവെച്ചതിന് ഒരു കന്യാസ്ത്രീയായ അധ്യാപികയെ ഹിന്ദുവർഗീയവാദികൾ പോലീസ് സ്റ്റേഷനിൽ വെച്ച് മാപ്പു പറയിച്ചു. പുരാണകഥാപാത്രങ്ങൾ ജീവിച്ചിരുന്നവരാകണമെന്നില്ല, മനുഷ്യൻ്റെ മനോഹരമായ ഭാവനകളാകാം എന്ന ആശയം പങ്കുവെച്ചതിന് കോട്ടൺഹിൽ സ്കൂളിലെ അധ്യാപികയ്ക്കും നടപടി നേരിടേണ്ടി വന്നു. ഭരണകൂടം മതവർഗീയതയ്ക്ക് കീഴടങ്ങുന്ന അവസ്ഥ സ്വാഭാവികമായിത്തീർന്നു. എല്ലായിടത്തും മതവികാരം വ്രണപ്പെട്ട് ചലവും ചോരയും പൊട്ടിയൊഴുകാൻ തുടങ്ങി. 2015 കഴിയുന്നതോടെ അധ്യാപനം സർഗാത്മകത നഷ്ടപ്പെട്ട വെറും തൊഴിലായി മാറുന്ന അവസ്ഥ വന്നു. പല അധ്യാപകരും ഇന്ന് ഇതേ മാനസികാവസ്ഥയിൽ എത്തിപ്പെട്ടിട്ടുണ്ട്.

‘ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം’ എന്ന പരാമർശം നടത്തിയതിന് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാപ്പ് പറയേണ്ടിവന്ന അധ്യാപിക.

ഒരുപക്ഷേ സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് ഭാവി എങ്ങനെയായിരിക്കണം എന്ന ഉൽക്കണ്ഠയെ നേരിടേണ്ടിവന്നത്. ഒരു കുടിയേറ്റ മേഖലയിൽ കർഷക സമൂഹത്തിൽ വളർന്നതുകൊണ്ടാവണം കൃഷിപ്പണികളിൽ വളരെ ചെറുപ്പം മുതലേ നിർബന്ധമായി പങ്കെടുക്കേണ്ടിയിരുന്നു. നമുക്കിഷ്ടപ്പെട്ടിട്ടല്ലെങ്കിലും ചെറുപ്പത്തിൽ നിർബന്ധത്തിനു വഴങ്ങി ചെയ്യേണ്ടിവരുന്ന അധ്വാനങ്ങൾ പിൽക്കാലത്ത് ആഹ്ലാദത്തോടെ ചെയ്യാൻ പ്രേരണയാകുമോ? പ്രത്യേകിച്ചും കൃസ്ത്യൻ സമൂഹങ്ങളിൽ വളരെ ചെറുപ്പം മുതൽ അധ്വാനിക്കാനുള്ള മനോഭാവം രൂപപ്പെടുത്തുന്നുണ്ട്. ആ കുടിയേറ്റ ഗ്രാമജീവിതത്തിൻ്റെ സ്വാധീനം എന്റെ കുടുംബാന്തരീക്ഷത്തിലും ഉണ്ടായി.

ഞങ്ങളുടെ തോട്ടങ്ങളിൽ നിന്ന് ഏറ്റവും നന്നായി കായ്ക്കുന്ന ഫലവൃക്ഷങ്ങൾ ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് മാർഗങ്ങളിലൂടെ പ്രജനനം ചെയ്യാൻ പഠനകാലത്തു തന്നെ ഞാൻ ശ്രമിച്ചിരുന്നു. രണ്ടു തായ് വേരുകളിൽ ഒരു സയൺ വെച്ച് ഒരു കശുമാവ് തൈ ഞാൻ അക്കാലത്ത് ഗ്രാഫ്റ്റ് ചെയ്തെടുത്തിരുന്നു. ഒരു കൗതുകമെന്ന രീതിയിൽ. നാലഞ്ചു വർഷം കഴിഞ്ഞ് ഒരു പത്രത്തിലെ കാർഷിക പംക്തിയിൽ ഇതൊരാളുടെ കണ്ടുപിടുത്തമായി വായിച്ചപ്പോഴാണ് എന്റെ കൗതുക പരീക്ഷണത്തിനും ഒരു മൂല്യമുണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞത്.

റിട്ടയർമെന്റിനു ശേഷം ഞാൻ കൃഷിയിൽ, ഒരു പഴത്തോട്ട നിർമാണത്തിൽ പൂർണമായും മുഴുകിയിരിക്കുകയാണ്. സത്യത്തിൽ ഈ ജന്മത്തിൽ രണ്ടു ജീവിതം ജീവിക്കാൻ കഴിഞ്ഞു എന്നത് ആഹ്ലാദകരമാണ്.

ഇപ്പോൾ എനിക്ക് മനസ്സിലാവുന്നത് ഒന്നുകിൽ ഒരു കൃഷിക്കാരൻ അല്ലെങ്കിൽ ഒരു കൃഷി ഓഫീസർ ആകേണ്ടിയിരുന്ന ആളാണ് ഞാൻ എന്നാണ്. എങ്കിൽ ഏറെ കാര്യങ്ങൾ എനിക്കു ചെയ്യാൻ കഴിയുമായിരുന്നു. അതിൽ ഒട്ടും നിരാശയില്ല. അതിനു പ്രായശ്ചിത്തമെന്നോണം റിട്ടയർമെന്റിനു ശേഷം ഞാൻ കൃഷിയിൽ, ഒരു പഴത്തോട്ട നിർമാണത്തിൽ പൂർണമായും മുഴുകിയിരിക്കുകയാണ്. സത്യത്തിൽ ഈ ജന്മത്തിൽ രണ്ടു ജീവിതം ജീവിക്കാൻ കഴിഞ്ഞു എന്നത് ആഹ്ലാദകരമാണ്. പരമ്പരാഗത കൃഷിയുടെ പിന്നാലെയല്ല, പ്രത്യേകിച്ച്, നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന ഫലവൃക്ഷങ്ങൾ കണ്ടെത്താനും വളർത്താനുമുള്ള ശ്രമത്തിൽ. ഇതിലെന്താണിത്ര കാര്യം എന്ന് പലരും ചോദിക്കാം. നമ്മുടെ വീടുകൾ ഇന്ന് ചെറിയ കഷണം പുരയിടങ്ങളിലാണ്. നമ്മൾ ഒരു മാവ് വെക്കുന്നു, അതിനെക്കുറിച്ച് എന്തറിവാണ് നമുക്കുള്ളത്? നഴ്സറിക്കാർ എവിടെ നിന്നോ വാങ്ങിയ തൈകൾ നമുക്ക് വിൽക്കുന്നു. ഒരു നല്ല മാവിനു വേണ്ട ഗുണങ്ങളായ എല്ലാ വർഷവും കായ്ക്കുക, നേരത്തേ കായ്ക്കുക, ചിലപ്പോൾ രണ്ടു തവണ കായ്ക്കുക, നമ്മുടെ കാലാവസ്ഥയിൽ കായ്ക്കുക, പുഴുക്കേടില്ലാതിരിക്കുക, സൂക്ഷിപ്പു കാലമുണ്ടായിരിക്കുക, തുടങ്ങിയവ ഇതിനുണ്ടോ എന്ന ചോദ്യത്തിന് അയാൾക്ക് മറുപടി പറയാനാവുമോ? 90 % അജ്ഞരായിരിക്കും. ആറു മാസത്തിലധികം തുടർച്ചയായി കായ്ക്കുന്ന മാവുകളുണ്ട്. സെപ്തംബറിൽ പഴുത്ത ചക്ക കിട്ടുന്ന പ്ലാവുകളുണ്ട്. അത്തരം ഇനങ്ങളെ കണ്ടെത്താനായി എത്ര ദൂരവും സഞ്ചരിക്കുക. ഗ്രാഫ്റ്റോ ബഡോ ചെയ്ത് അവ നമ്മുടെ കൃഷിയിടത്തിൽ വളർത്തുക. പുതിയ തൈകളുണ്ടാക്കി പ്രചരിപ്പിക്കുക തുടങ്ങിയവ -- എന്നെ സംബന്ധിച്ച് ആഹ്ലാദകരമായ കാര്യമാണ്. സത്യത്തിൽ കൃഷിവകുപ്പാണ് ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം നൽകേണ്ടത്. നിർഭാഗ്യവശാൽ കാർഷികമായ അഭിരുചി നമ്മുടെ കൃഷി ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിൽ ഒരു മാനദണ്ഡമേയല്ല. ഡോക്ടർക്കും എഞ്ചിനീയർക്കും എല്ലാം ഇത് ബാധകം തന്നെയാണ്.

ഉമ്മര്‍ ടി.കെയുടെ പഴത്തോട്ടം

ഫൈബർ കണ്ടന്റ് കൂടിയ, രോഗപ്രതിരോധ ശേഷിയുണ്ടാക്കുന്ന സൂപ്പർ ഫുഡാണ് ചക്ക. പക്ഷേ നാലിലൊന്നുപോലും ഇന്ന് ഉപയോഗിക്കപ്പെടുന്നില്ല. കൊട്ടാരക്കര കെ.വി.കെ പുറത്തിറക്കിയ സിന്ദൂരവരിക്കയല്ലാതെ മറ്റ് എത്ര ഇനങ്ങൾ കൃഷി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്? 500- ലധികം ചക്കകൾ കായ്ക്കുന്ന ഏറ്റവും മധുരവുമുള്ള ക്ലസ്റ്റർ ജാക്ക് എന്ന പ്ലാവിനെ അഗ്രി യൂണിവേഴ്സിറ്റി കുട്ടികൾ കണ്ടെത്തിയതായി മുമ്പ് പത്രത്തിൽ വായിച്ചിരുന്നു. പക്ഷേ അത് പുറത്തിറങ്ങാൻ വർഷം എത്രയോ കഴിയണം. സർക്കാർ കാര്യം മുറപോലെയാണല്ലോ. പ്ലാവിലെ മികച്ച ഇനങ്ങൾ കണ്ടെത്തിയ ജാക്ക് അനിലിലെപ്പോലുള്ളവരുടെ പ്രാധാന്യം കണ്ടറിഞ്ഞത് കർണാടക ഗവണ്മെന്റാണ്. പ്ലാവിൽ ബഡിങ്ങ് രീതിയിൽ കരുത്തുള്ള മികച്ച ഇനങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചപ്പോൾ ഏറ്റവും പഴഞ്ചനായ ഗ്രാഫ്റ്റിങ്ങ് രീതികളായിരുന്നു നമ്മുടെ കൃഷി വകുപ്പ് അടുത്ത കാലം വരെ പിന്തുടർന്നിരുന്നത്. നമ്മുടെ നാട്ടിൽ പ്രചാരം നേടിയ പല ഫലവൃക്ഷങ്ങളും കടൽ കടന്നെത്തിയവയാണ്.

ബ്രസീലിൽ നിന്നുമെത്തിയ ‘സപ്പോട്ടേസിയ’ (sapotaceae) കുടുംബത്തിൽ പെട്ട അബിയു (Pouteria caimito), ആമസോണിൽ നിന്നെത്തിയ മിർട്ടേസീ കുടുംബത്തിലെ ജബോട്ടിക്കാബ (Plinia cauliflora), തായ്ലൻ്റിൽ നിന്നെത്തിയ ആപ്പിളിനെ വെല്ലുന്ന ചാമ്പ ഇനങ്ങൾ, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നെത്തിയ ട്രോപ്പിക്കൽ ലിച്ചി എന്നൊക്കെ വിളിപ്പേരുള്ള ലോംഗൻ ( Dimocarpus longan) തുടങ്ങിയ എക്സോട്ടിക്ക് ഫലവൃക്ഷങ്ങൾ ഇന്ന് കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഈ പ്രചാരത്തിനും അടിസ്ഥാനം ഗവണ്മെൻ്റല്ല, മറിച്ച് ഫലവൃക്ഷസ്നേഹികളാണ്. റമ്പുട്ടാന്റെയോ ദുരിയന്റെയോ മികച്ച ഇനങ്ങൾ ഏതെങ്കിലും ഗവൺമെൻ്റ് നഴ്സറികളിൽ കിട്ടാൻ സാധ്യത കുറവാണ്.

പ്ലാവിനു പിന്നാലെ പോയ അനിലിനെ പോലെ കണ്ണപുരത്തെ ഷൈജു മച്ചാത്തിയെപ്പോലുള്ളവർ തൻ്റെ പ്രദേശത്തെ മാവുകളുടെ അനന്ത വൈവിധ്യങ്ങൾ കണ്ടെത്തി അവ ജനങ്ങളുടെ സഹകരണത്തോടെ ഡോക്യുമെന്റ് ചെയ്ത് മികച്ച ഇനങ്ങൾ പ്രജനനം ചെയ്ത് സംരക്ഷിക്കുന്നുണ്ട്. പലപ്പോഴും വ്യക്തികളാണ് മുന്നിൽ. വകുപ്പ് പിന്നിലാണ്. ഓർക്കുക, ഇദ്ദേഹം ജോലി ചെയ്യുന്നത് പോലീസ് ഡിപ്പാർട്ടുമെൻ്റിലാണ്. പക്ഷേ ജോലി ചെയ്യേണ്ടിയിരുന്നത് കൃഷിവകുപ്പിലല്ലേ? അതുപോലെ, കുട്ടനാട് കൈനകരിയിലെ ജോയിച്ചേട്ടൻ നാടിൻ്റെ നാനാഭാഗത്തുനിന്നും മാവിനങ്ങൾ കണ്ടെത്തി തൻ്റെ കൃഷിയിടത്തിൽ വളർത്തിയിരിക്കുന്നു. ഐ.എസ്.ആർ.ഒയിൽ നിന്ന് റിട്ടയർ ചെയ്ത അദ്ദേഹം 80 വയസ്സിലും മാവുകൾ തേടിയുള്ള യാത്രയിലാണ്. 150 ലധികം മാവിനങ്ങളാണ് അദ്ദേഹത്തിൻ്റെ കൃഷിയിടത്തിലുള്ളത്.

പറഞ്ഞുവന്നത്, ഒരു വ്യക്തിയുടെ അഭിരുചി മനസ്സിലാക്കാനും ആ വഴിയിൽ പഠനം നടത്താനും അത്തരം തൊഴിൽ മേഖലകളിൽ എത്തിപ്പെടാനും മൂന്നിലൊന്നു പേർക്കെങ്കിലും കഴിയുന്ന ഒരന്തരീക്ഷമുണ്ടായിരുന്നെങ്കിൽ അടിസ്ഥാനപരമായ വലിയ മാറ്റങ്ങൾ ഇവിടെ ഉണ്ടാകുമായിരുന്നു. ഓരോ മേഖലയിലും. യുവാക്കൾ നാടുപേക്ഷിച്ചു പോകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

വായനയുടെയും എഴുത്തിൻ്റെയുമൊക്കെ ലോകത്തു നിന്നും പിന്മാറി ഒതുങ്ങിപ്പോകുന്നതിനെക്കുറിച്ച് പല സുഹൃത്തുക്കളും എന്നെ പരിഹസിക്കുന്നുണ്ട്. പലരും ഓർക്കുന്നുണ്ടാവും മണ്ണിൽ നട്ട ചെടികളിലൂടെ കോവിഡിൻ്റെ ഏകാന്തത മനുഷ്യർ മറികടന്ന ഒരു കാലം. കോവിഡിനെക്കാൾ ഭീകരമായ തീവ്രദേശീയതയുടെയും മതത്തിൻ്റെയും വൈറസുകൾ പടർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്വസ്ഥത തേടുന്നതിനുള്ള ഉപാധി കൂടിയാവാം എൻ്റെ ഈ കൃഷി താല്പര്യം. ചിലർക്കത് വായനയാവാം, എഴുത്താവാം, രാഷ്ട്രീയമാവാം, സാംസ്കാരിക പ്രവർത്തനമാവാം, സംഗീതമാവാം, വിദ്വേഷ പ്രചാരണം പോലുമാവാം. ഓരോരുത്തരും മനസ്സിൻ്റെ സ്വാസ്ഥ്യം അന്വേഷിക്കുന്നത് വിഭിന്ന രീതികളിലൂടെയാണ്.

കവിതകളിലൂടെ കവി മരണത്തെ ജയിക്കുന്നു എന്നു പറയാറുണ്ടല്ലോ. മരണഭയമെന്ന മഹാഭയത്തെ മറികടക്കാനുള്ള ഏറ്റവും നല്ല ഉപാധി കൃഷിയാണെന്നു തോന്നുന്നു.

കവിതകളിലൂടെ കവി മരണത്തെ ജയിക്കുന്നു എന്നു പറയാറുണ്ടല്ലോ. മരണഭയമെന്ന മഹാഭയത്തെ മറികടക്കാനുള്ള ഏറ്റവും നല്ല ഉപാധി കൃഷിയാണെന്നു തോന്നുന്നു. കാലത്തെ ഓരോ യൂണിറ്റുകളാക്കി നാം മാറ്റാറുണ്ടല്ലോ. അന്നന്ന് കൂലി കിട്ടുന്ന ഒരു തൊഴിലാളിയെ സംബന്ധിച്ച് അയാളുടെ കാലബോധത്തിന്റെ യൂനിറ്റ്‌ ഒരു ദിവസത്തിൽ ഉറച്ചു പോകാം. ശമ്പളക്കാരെ സംബന്ധിച്ച് ഒരു മാസത്തിലും. കൃഷിക്കാർക്ക് അത് ഒരു വർഷമോ അതിലധികമോ ആണ്. ഭൂരിഭാഗം പേരും ഒരു ചെടി വാങ്ങുമ്പോൾ ആദ്യം ചോദിക്കുക ഇത് എത്ര വർഷം കൊണ്ടു കായ്ക്കും എന്നാണ്. ഒരു തെങ്ങ് കായ്ക്കാൻ അഞ്ചു വർഷം കഴിയണമെന്നത് ഭൂരിഭാഗം പേർക്കും സങ്കൽപ്പിക്കാനാവില്ല. എന്നാൽ, കർഷകർ 80 വയസ്സിലും ഒരു തെങ്ങിൻ തൈ നടും. കാത്തിരിക്കാൻ അവർക്കാകും. ഒരു പക്ഷേ തനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് അത് ഉപകാരപ്പെടും എന്ന, താൻ അനുഭവിക്കുന്നതിൽ പലതും മുൻതലമുറ നൽകിയതാണെന്ന ബോധ്യം അവർക്കുണ്ടാവും. അനന്തമായ ജീവിതച്ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് തങ്ങളെന്ന ദർശനം അവരറിയാതെ പഠിക്കും. ഓരോ ദിവസവും ഒരു പൂവ്, ഒരു കനി, ഒരു തളിരിന്റെ പ്രതീക്ഷ പ്രകൃതി അയാൾക്കു മുമ്പിൽ തുറക്കും. ആത്യന്തികമായി ജീവിതത്തെ സന്തോഷം കൊണ്ടു നിറയ്ക്കാൻ കാലത്തെക്കുറിച്ചുള്ള അഥവാ മഹാകാലനെക്കുറിച്ചുള്ള ഭയത്തിൽ നിന്നും മോചനം നേടാൻ കൃഷി കൊണ്ടു കഴിയും. അതുകൊണ്ടാണല്ലോ വൈലോപ്പിള്ളി ഏറ്റവും സർഗാത്മകമായ, ഭൂമിയെ പൂവണിയിക്കുന്ന കലയായി കൃഷിയെ കണ്ടതും.
ഉർവ്വിയെ പുഷ്പ്പിപ്പിക്കും കലപോൽ നമുക്കത്ര
നിർവൃതികരം സർഗ വ്യാപാരമുണ്ടോ മന്നിൽ.

Comments