അനേകാന്തതയുടെ രണ്ട് റിട്ടയർമെന്റ് വർഷങ്ങൾ

‘‘വീട്ടുകാരോടൊത്തും നാട്ടുകാരോടൊത്തും തോന്നുമ്പോൾ കൂട്ടുകൂടുന്നു. സുഹൃത്തുക്കൾക്കൊപ്പം നാടകവും സിനിമയും കാണുന്നു. പുതിയ പ്രണയങ്ങൾ വരുന്നു. പഴയ പ്രണയങ്ങളെ റിനവേറ്റ് ചെയ്യുന്നു. മനുഷ്യരെ മാത്രമല്ല, പ്രപഞ്ചത്തെയാകെ പക്വതയോടെ പ്രണയിക്കുന്നു’’, റിട്ടയർ ചെയ്ത ഒരു അധ്യാപകൻ, തന്നിലേക്ക് കടന്നുവന്ന ഒരു പുതിയ ജീവിതത്തെക്കുറിച്ച് എ​ഴുതുന്നു.

'പൂർണവളർച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ' എന്ന്, മനുഷ്യന് ഒരു ആമുഖം എഴുതാമെങ്കിൽ, പൂർണവളർച്ചയെത്താതെ അവസാനിപ്പിക്കേണ്ടിവരുന്ന ഒന്നാണ് അധ്യാപകരുടെ ഔദ്യോഗിക ജീവിതം എന്ന് വിരമിക്കലിന് ആമുഖമായി എഴുതാമെന്ന് തോന്നുന്നു. അധ്യാപന ജീവിതത്തിന്റെ ഒടുവിലെത്തി നിൽക്കുമ്പോൾ അതത്രയും ശരിയാണെന്ന് ബോധ്യപ്പെടും.

വിദ്യാഭ്യാസ പ്രക്രിയയുടെ വിവിധ വശങ്ങളെക്കുറിച്ചും പഠനപ്രവർത്തനങ്ങളുടെ നാനാവിധ പ്രയോഗങ്ങളെക്കുറിച്ചും കുട്ടികളുടെ സവിശേഷമായ മാനസികപ്രക്രിയകളെക്കുറിച്ചും കാര്യങ്ങൾ ബോധ്യപ്പെട്ടുവരുമ്പോഴേക്കും ഒരു ടീച്ചർ വിരമിക്കുന്നു. സുഖവും ദുഃഖവും ചാലിച്ചുചേർന്ന അർധവിരാമത്തിന്റെ ഒരു ഫീലിംഗ്, അതിനാൽ വിരമിക്കലിന്റെ സമയത്ത് അധ്യാപകർ മനസിൽ പേറുന്നുണ്ട് എന്ന് അനുഭവത്തിന്റ അടിസ്ഥാനത്തിൽ തോന്നിയിട്ടുണ്ട്. റിട്ടയർമെന്റ് ചിലതിന്റെയൊക്കെ അവസാനമായിരിക്കുമ്പോൾ തന്നെ മറ്റു ചിലതിന്റെയൊക്കെ ആരംഭവുമാണ്.
ജീവിക്കയാണെന്ന
തോന്നലില്ലാതെ
ജീവിക്കാനാവുമോ
കുറച്ചുനേരം?
(നിഴൽപ്പേടി - ഒ.പി. സുരേഷ്)
എന്ന ചോദ്യത്തിന്റെ ഒരുത്തരം തേടലിനുള്ള കാലമായി ഇക്കാലത്തെ കാണാനാണ് ആഗ്രഹം.

ഒ.പി. സുരേഷ്

സ്വതന്ത്രജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ മനുഷ്യരെ എന്നും കൊതിപ്പിച്ചിട്ടുണ്ട്. ജീവിതത്തെ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരമായി കാണുന്നവരെ അത് ഉന്മാദികളാക്കിയിട്ടുണ്ട്.
‘ഒരാളുടെ മൂന്നിലൊന്നു സമയമെങ്കിലും സ്വന്തമായി ഉപയോഗിക്കാന്‍ കഴിയാത്തയാൾ അടിമയാണ്’ എന്ന് നിത്ഷേ.
റിട്ടയർമെന്റ് ജീവിതത്തെ ആഘോഷിക്കാനും ആനന്ദിക്കാനും പ്രണയിക്കാനുമുള്ള കാലമായി മാറ്റാൻ കൊതിക്കുന്നവരാണ് ന്യൂ- ജെൻ റിട്ടയർമെന്റ് ജീവികളായ അധ്യാപകർ. അവസാനകാലത്തിന്റെ ആരംഭമായി ആരും ഇന്ന് വിരമിക്കൽ തിയതിയെ കാണുന്നില്ല. സ്വയം രചിക്കുന്ന ഒരു പുസ്തകമായി റിട്ടയർമെന്റ് കാലത്തെ കാണാമെങ്കിൽ അതിലെ താളുകൾ അഭിലാഷങ്ങളുടേയും അഭിനിവേശങ്ങളുടേയും അക്ഷരങ്ങൾകൊണ്ട് എഴുതപ്പെട്ടതാവും, ഒപ്പം തിരുത്തലുകളുടേയും ആത്മവിമർശത്തിന്റേതുകൂടിയാകും.

ആയുർദൈർഘ്യം കൂടിയതോടെ അൻപതുകളുടെ രണ്ടാം പാതിയും അറുപതുകളുമൊക്കെ യൗവനമായി കണക്കാക്കാം എന്നതാണ് ഇന്നത്തെ ചിന്ത. ആയുസ്സിന്റെ നീളം കൂട്ടാൻ ശാസ്ത്രത്തിന് കഴിയുന്നതോടെ ഭാവിയിൽ എൺപതുകളും തൊണ്ണൂറുകളും യൗവനത്തിന്റെ ഭാഗമായിക്കൂടെന്നില്ല. യുവാൽ ഹരാരി ഹോമോ ദിയൂസിൽ (Homo Deus: A Brief History of Tomorrow) എഴുതുന്നത്, 2100 ആകുന്നതോടെ 150 വയസുവരെയൊക്കെ ജീവിതം നീട്ടാൻ കഴിയുന്ന തരത്തിൽ വൈദ്യശാസ്ത്രം വികസിതാവസ്ഥയിലെത്തും എന്നാണല്ലോ. 2200 ആകുന്നതോടെ അമരത്വത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവുമെന്നും. കുഞ്ചൻ നമ്പ്യാരുടെ 'കാലനില്ലാത്ത കാലം' എന്ന കവിത സ്കൂൾ കാലത്ത് പാഠപുസ്തകത്തിൽ പഠിച്ച ഒരു തലമുറയാണ് എന്റേത്. അത്യപാരമായ ഭാവന എന്ന് അതിനെ വിശേഷിപ്പിച്ചത് ഗംഭീര സാഹിത്യനിരൂപകനായിരുന്ന കെ.പി. അപ്പനാണെന്നുതോന്നുന്നു.

യുവാൽ ഹരാരി ഹോമോ ദിയൂസിൽ (എഴുതുന്നത്, 2100 ആകുന്നതോടെ 150 വയസുവരെയൊക്കെ ജീവിതം നീട്ടാൻ കഴിയുന്ന തരത്തിൽ വൈദ്യശാസ്ത്രം വികസിതാവസ്ഥയിലെത്തും എന്നാണല്ലോ. / Image: gregadunn.com

പഴയ അളവുകോലുകൾ പോരാ ഇന്ന് ജീവിതത്തെ വിലയിരുത്താൻ, റിട്ടയർമെന്റ് ജീവിതത്തേയും. അനുഭവങ്ങളെ പിന്തുടരുന്ന ഒരു ഭാഷ സ്വായത്തമാക്കിയിരിക്കും, ക്ലാസ്‍മുറികളിൽനിന്ന് ഒരു ടീച്ചർ വിരമിക്കുമ്പോഴേക്കും. ദിലീപ് ചിത്ര എന്ന മറാത്താ കവിയുടെ Poetry is the language looking at experience എന്ന നിർവചനം സ്വീകരിക്കാമെങ്കിൽ റിട്ടയറനന്തര ജീവിതത്തിലെ ആത്മഭാഷണങ്ങളിൽ കവിതയുണ്ടെന്നു പറയാം. ഒരാളുടെ ധൈഷണിക ജീവിതവും ഭാവനാ ജീവിതവും സാമൂഹ്യജീവിതവും സർവീസ് ജീവിതത്തിൽനിന്ന് വെട്ടിമാറ്റാൻ കഴിയില്ല. അവയെല്ലാം തോളോടുതോൾ ചേർന്നാണ് അധ്യാപന ജീവിതത്തിൽ സഞ്ചരിക്കുന്നത്. എന്നാൽ, വിരമിക്കുന്നതോടെ ഔദ്യോഗിക അധ്യാപനജീവിതത്തിൽനിന്ന് ഒരു ഉറയൂരൽ സംഭവിക്കുന്നു, മറ്റു ജീവിതങ്ങൾ തന്റെ ഒപ്പം നിലനിർത്തിക്കൊണ്ട്. ഇനിയൊരിക്കലും ആ ഉറയിലേക്ക് തിരിച്ചുകയറേണ്ടതില്ല എന്ന ചിന്ത വലിയ ആനന്ദം തന്നെയാണ്. ഇഷ്ടജീവിതകാമനകൾ അമർത്തിവച്ച് ജീവിക്കാൻ പല കാരണങ്ങളാൽ നിർബന്ധിതമായ സർവീസ് പൂർവ്വാശ്രമത്തെ കുടഞ്ഞെറിഞ്ഞ് സങ്കൽപ്പങ്ങളിലുള്ള തന്നിലെ സ്വതന്ത്രനെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ ഈ ആനന്ദം വിലപ്പെട്ടതാണ്.

വിരമിക്കലനന്തര ജീവിതത്തിലെ മാനസികമായ ഏകാന്തതയും ആകുലതകളും മറികടക്കാൻ ഒരോ ആളും വ്യത്യസ്തങ്ങളായ പന്ഥാവുകൾ തേടുന്നതിന്റേയും അവ നടപ്പിലാക്കുന്നതിന്റേയും കഥയും ചരിത്രവുമാണ് മരണം വരെയുള്ള ഒരാളുടെ റിട്ടയർമെന്റ് ജീവിതം എന്നു തോന്നിയിട്ടുണ്ട്.
(ഏകാന്തത
ഇത്രമേൽ
കൂടെയുള്ളപ്പോൾ
ഞാൻ എങ്ങനെ ഒറ്റക്കാവും..?
എന്ന് വീരാൻകുട്ടി).

വധശിക്ഷ കഴിഞ്ഞാൽ ഏറ്റവും വലിയ ശിക്ഷയായി നീതിന്യായവ്യവസ്ഥ കാണുന്നത് ഏകാന്ത തടവാണല്ലോ.

വധശിക്ഷ കഴിഞ്ഞാൽ ഏറ്റവും വലിയ ശിക്ഷയായി നീതിന്യായവ്യവസ്ഥ കാണുന്നത് ഏകാന്ത തടവാണല്ലോ. ഏകാന്തതയുടെ റിട്ടയർമെന്റ് വർഷങ്ങൾ ജീവിതത്തിന്റെ ആഘോഷവർഷങ്ങളാക്കി മാറ്റാനാണ് പുതിയ കാലത്ത് ശ്രമങ്ങളൊക്കെയും. എന്നാൽ അധ്യാപനജീവിതകാലത്ത് ഉള്ളിൽ അലിഞ്ഞുചേർന്ന കപട സദാചാരപരബോധവും അരുതായ്മാബോധവും ഉൾവഹിച്ചാണ് മിക്ക അധ്യാപകരും ശിഷ്ടകാലം ജീവിക്കുക. വ്യവസ്ഥാപിതമായ ധാരണകളേയും മാമൂലുകളേയും അതിലംഘിച്ച് സ്വതന്ത്രമായ ജീവിതത്തിലേക്ക് കടക്കാൻ കഴിയുന്നവർ വിരളം. കൊതിപ്പിക്കുന്ന ഒന്നാണ് എന്നെ സംബന്ധിച്ച് അത്തരമൊരു സ്വതന്ത്ര (റിട്ടയറനന്തര) ജീവിതം. അതിന്റെ സാക്ഷാത്കാരത്തിനായി ജീവിതത്തിന്റെ വിവിധ കൈവഴികളിലേക്ക് ഇറങ്ങിനോക്കുന്നുണ്ട്.

ചാർട്ടർ ചെയ്യപ്പെട്ട യാത്രകളിലും പ്രവർത്തനങ്ങളിലും പരിമിതപ്പെട്ടതായിരിക്കും അതിനാൽ നിലവിലെ റിട്ടയറനന്തര ആഘോഷങ്ങളൊക്കെ. എന്നാൽ ഇത്തരം പിൻവലിക്കലുകളെ അതിലംഘിക്കാൻ ഒരോ റിട്ടയറിയും തങ്ങളുടേതായ രീതികളിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പെൻഷൻ തുക വീട്ടിലെത്തിക്കാൻ സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും അത് വാങ്ങിക്കാൻ ട്രഷറിയിൽ പോകാൻ ഇഷ്ടപ്പെടുന്നവരാണ് പ്രായം ചെന്ന റിട്ടയറികൾ പോലും. ഓർമകൾ പങ്കുവച്ചും തമാശകൾ പറഞ്ഞും വിശേഷങ്ങൾ കൈമാറിയും കുറച്ചുനേരം കഴിയാനുള്ള അംഗീകൃത അവസരമാണത് അവരെ സംബന്ധിച്ചിടത്തോളം. പുറത്തെ ജീവിതത്തിന്റെ ബഹളങ്ങളിലേക്ക് ഇറങ്ങി നടക്കാനും കൂടിയിരുപ്പുകളുടെ ഹർഷം അനുഭവിക്കാനും പരിമിതമായ സമയത്തിനുള്ളിൽ ഉദ്യമിക്കുന്നു ഒരോരുത്തരും അപ്പോൾ. അതിന്റെ എക്സ്റ്റൻഷനുകളാണ് ഇപ്പോൾ കൂടിവരുന്ന ഒന്നിച്ചുള്ള ദൂരേക്കുള്ള യാത്രകളും മറ്റും.

ശിഷ്യരാണ് റിട്ടയർ ചെയ്ത അധ്യാപകരുടെ സമ്പാദ്യം എന്നതാണ് സാധാരണയായി കേൾക്കാറുള്ള ഒരു നറേറ്റീവ്. അതിനെക്കുറിച്ച് നിരവധി വർണ്ണങ്ങളിലെഴുതപ്പെട്ട കഥകളും കവിതകളുമുണ്ടല്ലോ. ക്ലാസിലെ പിൻബഞ്ചുകാരാണ് പലപ്പോഴും പിന്നീട് അധ്യാപകരെ കാണുമ്പോൾ പരിഗണിക്കാറുള്ളതും സ്നേഹത്തോടെ പെരുമാറാറുള്ളതും എന്ന് ഏറെ അധ്യാപകർ സാക്ഷ്യം പറയാറുണ്ട്. ഇതിൽ വാസ്തവമുണ്ടെങ്കിലും ഇതു കേൾക്കുമ്പോൾ ഈ കാലത്ത് എന്റെ മനസിലേക്ക് കടന്നു വരാറുള്ളത് എം. കുഞ്ഞാമൻ നടത്തിയ ഒരു പരാമർശമാണ്: 'അധ്യാപകരെ ബഹുമാനിക്കേണ്ടതില്ല’. ജീവിതാനുഭവങ്ങൾ വാറ്റി കുറുക്കിയെടുത്ത് എഴുതിയതെന്ന് വിചാരിക്കാവുന്ന ഒരു ജനാധിപത്യമുദ്രാവാക്യമാണത്.

നിലവിലുള്ള വ്യവസ്ഥയുടെ, പൗരോഹിത്യത്തിന്റെ ഭാഗമാണ് ഒരു ടീച്ചർ ഡിഫോൾട്ട് ആയി. ക്ലാസ് റൂമുകളിൽ, സ്കൂളുകളിൽ പലപ്പോഴും അധ്യാപകർക്ക് ഈ ഒരു റോളിൽ അറിഞ്ഞും അറിയാതെയും പ്രവർത്തിക്കേണ്ടിവരാറുണ്ട്. സദാചാര വിചാരണയുടെ കോടതിമുറികളാണ് സ്കൂളുകളിലെ സ്റ്റാഫ് മുറികൾ പലപ്പോഴും. അവിടെ സദാചാരഭ്രംശം ഒട്ടുമേ ഏൽക്കാത്ത പുരോഹിതന്മാരായിട്ടായിരിക്കും അധ്യാപകരുടെ നിലനിൽപ്പ് , അഥവാ അങ്ങനെ നിൽക്കാൻ നിർബന്ധിതരാണവർ. ക്ലാസിലെ സമർത്ഥരായ കുട്ടികൾ പഠനകാലത്തിനുശേഷം അധ്യാപകരെ അത്രയ്ക്ക് ബഹുമാനിക്കാത്തതും സ്നേഹപ്രകടനം നടത്താത്തതും അധ്യാപകരുടെ ഈ ഉള്ള് അറിയുന്നതുകൊണ്ടുകൂടിയാവാം. നാട്യങ്ങൾക്കപ്പുറം കുട്ടികളുടെ സ്ഥിതി അറിഞ്ഞ് അവരെ സഹായിച്ചവർക്കും ചങ്ങാത്തത്തിലേർപ്പെട്ടവക്കും ചേർത്തുനിർത്തിയവർക്കും ആയിരിക്കും റിട്ടയർമെന്റ് ജീവിതകാലത്ത് ശിഷ്യരിൽ നിന്നും യഥാർത്ഥ സ്നേഹം ലഭിക്കുന്നത്. അതങ്ങനെയാണ് വേണ്ടതും. അതത്രയേ വേണ്ടതുമുള്ളൂ.

സർവീസ് കാലത്തിനിടെ കാണുന്ന സ്വപ്നങ്ങൾ പ്രായോഗികമാക്കാനുള്ള അവസരമായി റിട്ടയർമെന്റ് കാലത്തെ കാണുന്നവരാണ് ഇന്ന് വിരമിക്കുന്ന അധ്യാപകർ. വിരമിക്കലോടെ താരതമ്യേന ഭേദപ്പെട്ട സാമ്പത്തികാവസ്ഥയിലേക്ക് എത്തുന്നു എന്നത് ഇതിന് ഒരു കാരണമായിത്തീരുന്നു. ആഗ്രഹിക്കുന്ന പ്രവൃത്തിയിലേക്ക് മുഴുകാൻ പലപ്പോഴും കേരളത്തിലെ ഒരു ടീച്ചർക്ക് സാധിക്കുന്നത് വിരമിക്കലിനുശേഷം മാത്രമാവാം. അത് എഴുത്തോ ബിസിനസോ സിനിമാപിടിത്തമോ കൃഷിയോ രാഷ്ട്രീയപ്രവർത്തനമോ എന്തുമാകാം. പ്രവർത്തനജീവിതത്തിന്റെ അവസാനമായി വിരമിക്കലിനെ കാണുന്ന രീതിയാണ് കഴിഞ്ഞകാലത്ത് നമ്മുടെ നാട്ടിൽ നിലനിന്നിരുന്നതെങ്കിൽ ഇന്ന് നവീനമായ സംരംഭങ്ങളിലേക്ക് ഇറങ്ങിത്തിരിക്കാനുള്ള സമയമായി വിരമിക്കലിനെ കാണുന്ന രീതിയാണുള്ളത്. സർവ്വീസിൽനിന്ന് വിരമിച്ച അധ്യാപകരുടെ പരിചയസമ്പത്തും ഉൾക്കാഴ്ചകളും ഉപയോഗപ്പെടുത്താൻ ഇന്ന് സ്വകാര്യ വിദ്യാഭാസ സ്ഥാപനങ്ങൾ വലിയ തോതിൽ ശ്രമിക്കുകയും ചെയ്യുന്നു.

അഭിരുചിയുണ്ടായിരുന്ന മേഖല എടുത്ത് പഠിക്കാനോ താത്പര്യമുള്ള വിഷയത്തിൽ ഉന്നത പഠനം പൂർത്തിയാക്കാനോ കഴിയാത്ത എത്രയോ പേർ (അവരിലൊരാളാണ്) വിരമിക്കലിനു ശേഷമാകും അവരുടെ ഇഷ്ടമേഖലയിലേക്ക് പറക്കാൻ ശ്രമിക്കുന്നത്. ജോലി ലഭിക്കാൻ സാധ്യതയുള്ള തൊഴിലിനുവേണ്ടി പഠിക്കാൻ നിർബന്ധിതരായവർ എത്രയോ പേർ എന്റെ തലമുറയിലുണ്ട്, ഞാനടക്കം. വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള രക്ഷിതാക്കളുടെ കുട്ടികൾ പോലും ഇങ്ങനെ പഠിക്കാനും തൊഴിൽ ചെയ്യാനും നിർബന്ധിതമാകുന്ന ഒരവസ്ഥയുണ്ടായിരുന്നു ഇവിടെ (എ.എം. ഷിനാസിന്റെ അനുഭവമെഴുത്ത് ഓർമ വരുന്നു). ഇപ്പോൾ അത് കുറഞ്ഞിട്ടുണ്ടെങ്കിലും തീരെ ഇല്ലാതായിട്ടില്ല. വിരമിക്കൽ അഭിരുചിക്കനുസരിച്ച പ്രവർത്തനങ്ങളിൽ മുഴുകാനുള്ള അവസരത്തിന്റെ ആരംഭമായി കാണേണ്ടതുണ്ടെന്നതാണ് അതിനാൽ എന്റെ ചിന്ത.

സർവീസിൽനിന്ന് വിരമിച്ച അധ്യാപകർ സജീവമായി ഇടപെടുന്ന ഒരു മേഖല കേരളത്തിൽ തീർച്ചയായും രാഷ്ട്രീയപ്രവർത്തനമാണ്. സർക്കാർ സർവീസിലിരിക്കുമോൾ അനുഭാവം എന്ന നിലയിൽ പരിമിതപ്പെട്ടുപോയ രാഷ്ട്രീയാഭിലാഷങ്ങൾ വിരമിക്കലിനുശേഷം സാക്ഷാത്കരിക്കാൻ ഏറെപ്പേർക്ക് കഴിയുന്നുണ്ട്. പല രാഷ്ട്രീയ പാർട്ടികളും, പ്രത്യേകിച്ച് ഇടതുപക്ഷ പാർട്ടികൾ, വിരമിക്കലിനുമുമ്പേ ഇത്തരക്കാരെ കണ്ടെത്തുകയും അവരുടെ പ്രവർത്തനമേഖല മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിരമിക്കൽ പ്രായമുള്ള സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടെ കേരളം. അതിനാൽതന്നെ കക്ഷിരാഷ്ട്രീയത്തിൽ ഇനിയുമേറെ അങ്കത്തിന് ബാല്യമുള്ളവരായാണ് രാഷ്ട്രീയപ്രസ്ഥാനങ്ങൾ വിരമിച്ച അധ്യാപകരെ കാണുന്നത്. സർവീസിലുള്ളപ്പോൾ സംഘടനാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത് ഇവിടെ അഭിലഷണീയ യോഗ്യതയായി കണക്കാക്കപ്പെടുന്നു. ശിഷ്യഗണങ്ങൾ നാട്ടിൽ സുലഭമായി ഉണ്ടാവും എന്ന യാഥാർത്ഥ്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇവരെ മത്സരിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളെ നിർബന്ധിതരാക്കുന്നു. ദീർഘകാലത്തെ പ്രവർത്തനപാരമ്പര്യമുള്ള പ്രാദേശിക രാഷ്ട്രീയപ്രവർത്തകരെപ്പോലും മാറ്റി നിർത്തി ഉയർന്ന പദവികളിൽ നിന്നും വിരമിച്ചവരെ മത്സരിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ പലപ്പോഴും തയ്യാറാവാറുണ്ടെന്നത് ഒരു വാസ്തവമാണ്.

വിരമിക്കുന്ന ഏതൊരു ടീച്ചറും ഇതുവരെയുള്ള ജീവിതാനുഭവത്തിൽനിന്ന് രൂപംകൊണ്ട ഒരു മനുഷ്യനാണ്. അതിൽ പിന്നോട്ടുവലിക്കുന്നതും മുന്നോട്ടുവലിക്കുന്നതുമായ ഘടകങ്ങളുണ്ടായെന്നു വരാം. തന്റെ പ്രവർത്തനങ്ങളുടേയും അനുഭവങ്ങളുടേയും ഒരു കണക്കെടുപ്പ് മനസിൽ നടത്തും, ഒരോ ടീച്ചറും റിട്ടയർമെന്റ് കാലത്ത്. അതിലേറെയും ക്ലാസ്‍മുറികളിലെ അനുഭവങ്ങളാവും. തന്റെ വിദ്യാർത്ഥികളിൽ നിന്നാണ് ഏറ്റവും കൂടുതൽ കാര്യങ്ങൾ ഒരു ടീച്ചർ മനസിലാക്കുന്നത്. ബാല്യത്തിന്റെ വിചിത്രമായ സ്വഭാവവഴികൾ അറിയുന്നത്. കുട്ടികൾ വളർന്ന സാഹചര്യങ്ങളുടേയും കുടുംബാവസ്ഥയുടേയും വൈവിധ്യങ്ങൾ അറിയുന്നത്. 'ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽനിന്ന് പുറത്താക്കിയാലും ചോദ്യങ്ങൾ നിലനിൽക്കും' എന്നറിയുന്നത്.

ലേഖകന്റെ സെന്റ് ഓഫ് ഫങ്ഷനിലെ ചിത്രം.

ഈ അറിവുകൾ വിരമിക്കലിനുശേഷമുള്ള ജീവിതത്തിന് വലിയ മുതൽക്കൂട്ടാവുന്നത് സ്വയമറിയുന്നുണ്ടാവണം ഒരോ ടീച്ചറും. ജാതി, മതം, വംശം, സാമ്പത്തികാവസ്ഥ, രാഷ്ട്രീയം തുടങ്ങിയ ഒന്നിന്റെ പേരിലും തന്റെ വിദ്യാർത്ഥികളോട് ഒരിക്കലും ഏറ്റവും ചെറിയ വിവേചനം പോലും ഒരിക്കലും പുലർത്താൻ പാടില്ലാത്തതാണ്, ഒരു ടീച്ചർ. ജനാധിപത്യത്തിന്റെ ഈ മൂല്യം ആർജിച്ച് ക്ലാസ് മുറികളിൽ അതു നടപ്പാക്കിയോ എന്ന് ആത്മവിമർശം നടത്താനുള്ള അവസരം കൂടിയാണ് റിട്ടയർമെന്റ് ജീവിതം. കുട്ടികൾ എപ്പോഴും അധ്യാപകരെ സൂക്ഷ്മമായി പഠിക്കുന്നുണ്ട്. ഒരു പക്ഷേ, പാഠഭാഗങ്ങളെക്കാളേറെ. അത് ഇപ്പോൾ കൂടുതലായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

ഫിലിം ഫെസ്റ്റിവലുകൾക്കും സാഹിത്യോത്സവങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും സർവീസിലുള്ളപ്പോഴും പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരു ഭാരമില്ലായ്മയോടെയാണ് ഇവയിലൊക്കെ പങ്കാളിയാവുന്നത്. വായനയും എഴുത്തിലും ഈ സുഖകരമായ സ്വാതന്ത്ര്യമുണ്ട്. സമയക്ലിപ്തതയുടെ കാർക്കശ്യം ഇല്ലാതെയുള്ള ഒരു മാനസിക സഞ്ചാരം സാധ്യമാവുന്നു. ഭൗതികസഞ്ചാരവും. ഫാന്റസികൾക്കുപോലും ഒരു അന്തമില്ലായ്മ വന്നിട്ടുണ്ട്. മെക്കാനിക്സിന്റേയും റിയൽ അനാലിസിസിന്റേയും ഉൾപ്പെടെ ഗണിതക്ലാസുകൾ കട്ട് ചെയ്ത് എവിടെങ്കിലുമൊക്കെയിരുന്ന് ഇഷ്ടമുള്ളത് വായിച്ചിരുന്ന ഒരു കലാലയഭൂതകാലത്തെ തിരിച്ചുപിടിച്ചതുപോലെ... (ക്ലാസിലിരുന്ന് ഉറങ്ങുന്നവർ ഭാഗ്യവാന്മാർ /അവർക്ക് അവരുടെ സ്വപ്നമെങ്കിലും നഷ്ടപ്പെടുന്നില്ലല്ലോ എന്ന് സച്ചിദാനന്ദനെ വായിച്ച് ആവേശം കൊണ്ട കാലം കൂടിയായിരുന്നു അത്).

ഫിലിം ഫെസ്റ്റിവലുകൾക്കും സാഹിത്യോത്സവങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും സർവീസിലുള്ളപ്പോഴും പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരു ഭാരമില്ലായ്മയോടെയാണ് ഇവയിലൊക്കെ പങ്കാളിയാവുന്നത്.

അതിനിടയിൽ ഇപ്പോൾ ഇഷ്ടത്താൽ ചില ജോലികളും ചെയ്യുന്നു. വീട്ടുകാരോടൊത്തും നാട്ടുകാരോടൊത്തും തോന്നുമ്പോൾ കൂട്ടുകൂടുന്നു. സുഹൃത്തുക്കൾക്കൊപ്പം നാടകവും സിനിമയും കാണുന്നു. പുതിയ പ്രണയങ്ങൾ വരുന്നു. പഴയ പ്രണയങ്ങളെ റിനവേറ്റ് ചെയ്യുന്നു. മനുഷ്യരെ മാത്രമല്ല, പ്രപഞ്ചത്തെയാകെ പക്വതയോടെ പ്രണയിക്കുന്നു. വൈകിയുണർന്നുകിടന്ന് പുലർകാല കിനാവുകളിൽ കുളിരുന്നു. സത്കാരങ്ങളിൽ പങ്കെടുക്കുന്നു. സ്വദേശത്തും വിദേശത്തും യാത്ര ചെയ്യുന്നു. അങ്ങനെയൊക്കെ ജീവിച്ചും അതിജീവിച്ചും കഴിയുന്നു. വിരമിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളും സർവീസ് കാലത്തെ സമ്പാദ്യവും എല്ലാം ചേർന്ന് ഉണ്ടാകുന്ന സാമ്പത്തിക സുരക്ഷിതത്വമാണ് അതിനുള്ള അടിത്തറയൊരുക്കുന്നത്.

‘മാഷ് പെൻഷനായി അല്ലേ’ എന്ന ചോദ്യം വിഷമിപ്പിക്കുന്നുണ്ടോ? ഇല്ലെന്നെങ്ങനെ പറയും?. കണ്ടാൽ പെൻഷനായി എന്നു തോന്നില്ല എന്ന പ്രസ്താവത്തിൽ സുഖിക്കാൻ ചിലതുണ്ടെങ്കിലും സങ്കടപ്പെടാനും ചിലതുണ്ട്. യാദൃച്ഛികമായ കണ്ടുമുട്ടലുകളിൽ ശിഷ്യർ ക്ലാസുകളെക്കുറിച്ച് ഓർമിച്ച് പറയാറുണ്ട്. അവർക്കനുഭവപ്പെട്ട ഞാൻ എന്ന അധ്യാപകൻ അപ്പോൾ അനാവരണം ചെയ്യപ്പെടും. നല്ല കാര്യങ്ങളേ ശിഷ്യർ പറയുകയുള്ളൂ. അല്ലാത്തവ അവർ പറയാതെ മനസിൽ സൂക്ഷിക്കും. എന്നാലും നല്ലത് കേൾക്കുമ്പോൾ ആഹ്ളാദം തന്നെ. ഗണിതശാസ്ത്രത്തിൽ ഗവേഷണബിരുദം നേടിയ ഒരു ശിഷ്യ ഈയടുത്ത് കണ്ടപ്പോൾ തുടർപഠനത്തിന് ഗണിതശാസ്ത്രം ഇഷ്ടത്തോടെ തെരഞ്ഞെടുത്തത് ഒൻപതാം ക്ലാസിൽ മാഷിന്റെ ക്ലാസിനോടുള്ള ഇഷ്ടത്തിൽനിന്നുള്ള മോട്ടിവേഷൻ കാരണമാണെന്ന് പറഞ്ഞപ്പോൾ മനസ് നിറഞ്ഞതായി തോന്നി.

സാംസ്കാരിക- സാമൂഹ്യ മൂലധനത്തിന്റെ കാര്യത്തിൽ പിറകിലായ കുട്ടികൾക്കാണ് ടീച്ചറുടെ കൈത്താങ്ങും പിന്തുണയും പ്രോത്സാഹനവും വേണ്ടത് എന്നത് അധ്യാപനത്തിന്റെ എല്ലാ ഘട്ടത്തിലും തോന്നിയിട്ടുണ്ട്. ശിഷ്യരുമായി മികച്ച കൂട്ടുകെട്ടും ബന്ധങ്ങളും പലപ്പോഴും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല എന്ന ആത്മവിമർശം ഇന്ന് നടത്തുന്നുണ്ട്. എന്നിലെ അധ്യാപകനിൽ നിന്നും ഇറങ്ങിവന്ന് ശിഷ്യരുമായി സ്വാഭാവികമായ സൗഹൃദബന്ധങ്ങൾ സ്ഥാപിക്കുക എന്നത് പലപ്പോഴും കഴിഞ്ഞിരുന്നില്ല. (എല്ലാ ഏകദങ്ങളും ബന്ധങ്ങളാണ്, എന്നാൽ എല്ലാ ബന്ധങ്ങളും ഏകദങ്ങളല്ല എന്ന് ഗണിതശാസ്ത്രക്ലാസിൽ നിരവധി വർഷം പഠിപ്പിച്ചിട്ടുണ്ടല്ലോ).

സാംസ്കാരിക- സാമൂഹ്യ മൂലധനത്തിന്റെ കാര്യത്തിൽ പിറകിലായ കുട്ടികൾക്കാണ് ടീച്ചറുടെ കൈത്താങ്ങും പിന്തുണയും പ്രോത്സാഹനവും വേണ്ടത് എന്നത് അധ്യാപനത്തിന്റെ എല്ലാ ഘട്ടത്തിലും തോന്നിയിട്ടുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ചവരാണ് ഞാനുൾപ്പെട്ട ഇന്നുള്ള എല്ലാ റിട്ടയേർഡ് അധ്യാപകരും. ഈ നൂറ്റാണ്ടിലേക്കുള്ള സംക്രമണകാലത്ത് ജീവിച്ചവർ. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന് സാക്ഷിയായവർ. അത് പാഠവിനിമയത്തിൽ ഉപയോഗിക്കാൻ നിർബന്ധിതരായവരും കുറവല്ല. കമ്പ്യൂട്ടറിന്റേയും സ്മാർ‍ട്ട് ഫോണുകളുടേയും ഉപയോഗത്തിലേക്ക് എടുത്തെറിയപ്പെട്ടവർ. ആ ന്യൂ ജെൻ അധ്യാപകരോടൊപ്പം കൂട്ടുചേരാനും അവരെ അതിന് പരിശീലിപ്പിക്കാനും കഴിഞ്ഞു എന്നത് അധ്യാപകരിലും ശിഷ്യരെ ഉണ്ടാക്കിയിട്ടുണ്ട്, എന്നെ സംബന്ധിച്ച്. സ്മാർട്ട് ഉപകരണങ്ങൾ ഈ റിട്ടയർമെന്റ് കാലത്ത് ഞാനുൾപ്പെടുന്ന എല്ലാ റിട്ടയറികളുടേയും ജീവിതത്തെ സ്മാർട്ടാക്കുകയും ഒരു പരിധിവരെ നിർവചിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽമീഡിയ വർത്തമാനങ്ങളിൽ സജീവമാണ് റിട്ടയറികളായ അധ്യാപകരിൽ ബഹുഭൂരിപക്ഷവുമെന്നപോലെ ഞാനും.

പെൻഷൻ വാങ്ങുന്ന ഒരാൾ തന്നിലേക്ക് നോക്കുന്നതുപോലെ തനിക്ക് ചുറ്റുമുള്ളരിലേക്കും നോക്കണമല്ലാ. താൻ വാങ്ങുന്ന പെൻഷൻ തുകയേക്കാൾ കുറഞ്ഞ ശമ്പളത്തിന് തന്നേക്കാൾ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീയുവാക്കൾ അധ്യാപകജോലി ചെയ്യുന്ന കാഴ്ച ഇന്ന് ഒരു റിട്ടടേർഡ് ടീച്ചർ കേരളത്തിൽ കാണുന്നുണ്ട്. അൺ എയ്ഡഡ് മേഖലയിലും സ്കൂളുകളിൽ താത്കാലികാടിസ്ഥാനത്തിലും പാരലൽ കോളജുകളിലും ജോലി ചെയ്യുന്ന അനേകം പേർ ഇന്ന് കേരളത്തിലുണ്ട്. കുറഞ്ഞ ശമ്പളത്തിൽ മികച്ച രീതിയിൽ അധ്യാപനജോലി ചെയ്യുന്നവരാണവർ. അതിൽ നമ്മുടെ മക്കളും ബന്ധുക്കളും ശിഷ്യരും എല്ലാമുണ്ടാവാം. ഇവർക്കിടയിലാണ് ഇന്ന് ഞാനുൾപ്പെടുന്ന വിരമിച്ച അധ്യാപകർ ജീവിതം ആഘോഷമാക്കാൻ വെമ്പുന്നതെന്ന ഒരു പൊള്ളുന്ന വാസ്തവം കൂടി പറയേണ്ടതുണ്ട്. സങ്കടമുണ്ടാക്കുന്നതാണ് ഈ അവസ്ഥ.

ഏതൊരാളുടെ ജീവിതത്തിന്റേയും അവസാനകാലത്തെന്നപോലെ അധ്യാപനത്തിൽ നിന്ന് വിരമിച്ചവരിലും അന്ത്യത്തെക്കുറിച്ചുള്ള ചിന്തകളുണ്ടാവും. ഒരുപക്ഷേ മരണത്തെ സമീപസ്ഥമായ വാസ്തവമായി പരിഗണിക്കുന്നവർ കൂടുതൽ കൂടുതലായി പ്രവർത്തനങ്ങളിൽ സജീവമാവുകയാണ് ചെയ്യുക. മൗലികമായ ഒരു കയ്യൊപ്പ് ചാർത്തിവെച്ച് ഈ ലോകത്തുനിന്നും പോകാനാണ് ഒരോ മനുഷ്യരും ആഗ്രഹിക്കുന്നത്. ശിഷ്യരുടെ മനസിൽ വരയ്ക്കപ്പെട്ട രൂപത്തിനപ്പുറം ഒരു മുദ്ര പതിപ്പിക്കാൻ അധ്യാപകർക്ക് കഴിയുമോ എന്നത് സംശയമാണ്.

ഇന്ന് റിട്ടയർ ചെയ്ത അധ്യാപകരിൽ തന്നെ സീനിയേഴ്സും ജൂനിയേഴ്സും ഉണ്ടെന്ന് പറയാം. നാൽപ്പത് വയസിൽ കൂടുതൽ പ്രായവ്യത്യാസമുള്ള അധ്യാപകർ റിട്ടയർ ചെയ്തവരിൽ തന്നെ ഇന്നുണ്ട്. സ്കൂളിലും കോളജിലും പഠിപ്പിച്ചിട്ടുള്ള അധ്യാപകരിൽ ഏറെപ്പേർ ഇന്ന് ആരോഗ്യത്തോടെ ജീവിക്കുന്നത്, അവരുമായി കൂട്ടുകൂടാൻ കഴിയുന്നത് ആഹ്ളാദമുണ്ടാക്കുന്ന അനുഭവമായി എന്നിലുണ്ട്. ലോകത്തോടുള്ള പ്രണയത്തിൽ നിന്നും റിട്ടയർ ചെയ്യാതിരിക്കാനും നിറസൗഹൃദത്തിന്റെ ഊഷ്മളതയിൽ അലിഞ്ഞില്ലാതാവാനും കൊതിക്കുന്ന ഞങ്ങൾ പുതുറിട്ടയറീസ് അടിപൊളിയല്ലേ?.

Comments