പാറശ്ശാല ബി. പൊന്നമ്മാൾ / Photo: facebook, C.H.S. Mani

പാറശ്ശാല ബി. പൊന്നമ്മാൾ പറയുമ്പോൾ

സ്വന്തം ജീവിതത്തെക്കുറിച്ച് പാറശ്ശാല ബി. പൊന്നമ്മാൾ സംസാരിക്കുമ്പോൾ രാഗത്തെക്കാൾ കൂടുതൽ വിരക്തി കലർന്ന വിരാഗമായിരുന്നു സൂക്ഷ്മശ്രുതിയായി നിലനിന്നത്.

‘പൊന്നമ്മാൾ ടീച്ചർ ചിരിക്കുന്ന ഒരു ചിത്രം ഞാനിതുവരെ കണ്ടിട്ടില്ല',
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് ഞാനും ഇക്കാര്യം ശ്രദ്ധിച്ചത്. ചിരിക്കാത്ത പാറശ്ശാല ബി. പൊന്നമ്മാളിന്റെ മുഖത്തിന്റെ സ്ഥായീഭാവം പിന്നെന്താണ്?
ഉള്ളത് എന്താണ് എന്നുപറയുന്നതിലും എളുപ്പം ഇല്ലാത്തത് എന്താണെന്ന് പറയുന്നതാണ് ...‘ഞാനെന്ന ഭാവം' എന്ന് നാം പറയാറില്ലേ? അതില്ലായിരുന്നു ആ മുഖത്ത്. ആനന്ദചിന്മയനായ ഗോപികാരമണനെ ധ്യാനിച്ചിട്ട് എഴുത്തച്ഛൻ എഴുതിയ രണ്ടുവരികളില്ലേ, അതാണ് ഓർമ വരുന്നത് ...‘ഞാനെന്ന ഭാവമിതുതോന്നായ്ക വേണ,മിഹ- തോന്നുന്നതാകിൽ, അഖിലം ഞാനിതെന്ന വഴി തോന്നേണമേ' എന്ന്.

കയ്യടിവാങ്ങാനായി ഒരു തന്ത്രസ്വരം പോലും പാടാൻ വിസമ്മതിച്ച പാറശ്ശാല ബി. പൊന്നമ്മാൾ സ്വന്തം ജീവിതത്തെക്കുറിച്ചു പറയുമ്പോഴും അനിതരസാധാരണമായ മിതത്വം പാലിച്ചു.

പൊന്നമ്മാൾ ടീച്ചറുടെ സംഗീതത്തെപ്പറ്റി കഴിഞ്ഞ ദിവസങ്ങളിൽ നിറയേ ഉപചാരങ്ങളും നിർണയങ്ങളും വന്നുകഴിഞ്ഞു. ഒന്നാം നിരക്കാരിയായ സംഗീതജ്ഞയും, കേരളം കണ്ട എക്കാലത്തേയും വലിയ സംഗീതഗുരുക്കന്മാരിൽ ഒരാളുമായ പാറശ്ശാല ബി. പൊന്നമ്മാളിന്റെ പാട്ടിനെക്കുറിച്ചല്ല ഈ ലേഖനം, മറിച്ച് , ടീച്ചറുടെ പറച്ചിലിനെകുറിച്ചാണ്.

അവരുടെ സംഗീതം പോലെ അനാഡംബരപൂർണമായിരുന്നു അവരുടെ പറച്ചിലും. കയ്യടിവാങ്ങാനായി ഒരു തന്ത്രസ്വരം പോലും പാടാൻ വിസമ്മതിച്ച പാറശ്ശാല ബി. പൊന്നമ്മാൾ സ്വന്തം ജീവിതത്തെക്കുറിച്ചു പറയുമ്പോഴും അനിതരസാധാരണമായ മിതത്വം പാലിച്ചു. ആ മിതത്വം ഒരു സൃഷ്ടിയായിരുന്നില്ല, ആ ജീവിതത്തിന്റെ പ്രകൃതമായിരുന്നു. അങ്ങനെയൊരു അപൂർവമിതത്വം ആ സ്വഭാവത്തിലുണ്ടായിരുന്നു എന്നവർ പോലും തിരിച്ചറിഞ്ഞിരിക്കാൻ ഇടയില്ല. അടങ്ങിയൊതുങ്ങി അങ്ങനെ. രാഗം എന്ന വാക്കിന് സ്വരവിന്യാസം എന്നതിനപ്പുറം സ്‌നേഹം, പ്രണയം, ആസക്തി എന്നൊക്കെ അർത്ഥമുണ്ടല്ലോ. രാഗം ഒരു രജോഗുണം കൂടിയാണ്. എന്നാൽ സ്വന്തം ജീവിതത്തെക്കുറിച്ച് പാറശ്ശാല ബി. പൊന്നമ്മാൾ സംസാരിക്കുമ്പോൾ രാഗത്തെക്കാൾ കൂടുതൽ വിരക്തി കലർന്ന വിരാഗമായിരുന്നു സൂക്ഷ്മശ്രുതിയായി നിലനിന്നത്.

1937 ൽ ചിത്തിരതിരുനാൾ രാജാവിന്റെ പിറന്നാളിന് പതിമൂന്നും പതിന്നാലും വയസ്സുള്ള കുട്ടികൾക്കായി തിരുവനന്തപുരത്ത് സംഗീതമത്സരം നടത്തിയപ്പോൾ 35 കിലോമീറ്റർ ദൂരെയുള്ള ഗ്രാമത്തിൽനിന്ന് അച്ഛനേയും കൂട്ടി വന്ന പെൺകുട്ടി വിധികർത്താക്കളായി മുന്നിൽ കണ്ടത് തെന്നിന്ത്യൻ സംഗീതത്തിലെ മുടിചൂടാമന്നന്മാരായിരുന്ന മുസിരി സുബ്രഹ്‌മണ്യ അയ്യരേയും ശെമ്മാങ്കുടി ശ്രീനിവാസയ്യരേയുമായിരുന്നു. ഒന്നാം സമ്മാനം കിട്ടിയതിനെക്കുറിച്ച് തൊണ്ണൂറാം വയസ്സിൽ ഓർത്തെടുക്കുമ്പോൾ വരണ്ട വാർത്ത പോലെ അവർ പറയും... വികാരവായ്പുകളില്ല. ആകെക്കാണാൻ കഴിയുക എല്ലാം ദൈവനിശ്ചയം എന്ന ഒരു കീഴടങ്ങലിന്റെ ഭാവമാണ്. ഭാഷാവ്യവഹാരത്തിലെ ‘ഞാൻ' എന്ന ഉത്തമപുരുഷഭാവം അവർ ഒരിക്കലും എടുത്തണിഞ്ഞില്ല.

16ാം വയസ്സിൽ പാറശ്ശാലയിൽ നിന്നും അന്നത്തെ തൃശ്നാപ്പള്ളി റേഡിയോ നിലയത്തിൽ പാടാൻ പോകുമ്പോൾ ആ റേഡിയോ നിലയത്തിന് ഒരു വയസ്സേയുള്ളു.

ഉത്തമപുരുഷന്മാരായ ഭാഗവതർമാർ മാത്രം പഠിപ്പിച്ചിരുന്ന സ്വാതിതിരുനാൾ സംഗീത കോളേജിൽ 1952 ൽ 24ാം വയസ്സിൽ അധ്യാപികയാകുമ്പോൾ ...ആ ചവിട്ടുപടി കടക്കുന്ന ആദ്യസ്ത്രീയായി അവർ. എന്നിട്ടും 90ാം വയസ്സിൽ മറ്റുള്ളവർ ചോദിച്ചാലേ അവർ ഈ മികവുകളെ കുറിച്ച് പറയുമായിരുന്നുള്ളു. 16ാം വയസ്സിൽ പാറശ്ശാലയിൽ നിന്നും അന്നത്തെ തൃശ്നാപ്പള്ളി റേഡിയോ നിലയത്തിൽ പാടാൻ പോകുമ്പോൾ ആ റേഡിയോ നിലയത്തിന് ഒരു വയസ്സേയുള്ളു. ഏഴുകൊല്ലം കഴിഞ്ഞാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്. മദിരാശിയിൽ 1924 ലും തിരുവിതാംകൂറിൽ 1937 ലും റേഡിയോ പ്രക്ഷേപണം തുടങ്ങിയിരുന്നു. എന്നാൽ തഞ്ചാവൂർ കേന്ദമായ കർണാടകസംഗീതത്തിന് എന്നും പ്രിയങ്കരം തൃശ്നാപ്പള്ളി റേഡിയോ ആയിരുന്നു... ഇതൊക്കെ എന്തിത്ര പറയാനിരിക്കുന്നു എന്ന മട്ടിൽ ദൂരദർശനിൽ ഒരഭിമുഖത്തിൽ നർത്തകി രാജശ്രീ വാര്യരോട് പൊന്നമ്മാൾ ടീച്ചർ ഒരിക്കൽ പറഞ്ഞു ...‘ഇരുപതുവയസ്സാകും മുൻപുതന്നെ ഒരു കൊല്ലം ഏഴെട്ടുപ്രാവശ്യം ഞാൻ തൃശ്നാപ്പള്ളിയിൽ പാടാൻ പോകുമായിരുന്നു. തഞ്ചാവൂരിലും, മായാവരത്തും, കുംഭകോണത്തും, മധുരയിലും, ദിണ്ഡിഗലിലും പോകുമായിരുന്നു'
ഏതാണക്കാലം ?
സുബ്ബുലക്ഷ്മിയും വസന്തകോകിലവും രാജം പുഷ്പവനവും പട്ടമ്മാളും തമിഴകത്തിൽ ചുവടുറപ്പിക്കാൻ തുടങ്ങുന്നതേയുള്ളൂ എന്ന് നാമോർക്കണം.

ഈ വിരാഗഭാവം ആ ജീവിതത്തേയും സംഗീതത്തേയും വേഷഭൂഷകളാൽ പകിട്ടാർന്ന ചെന്നൈയിൽ നിന്നും വ്യതിരിക്തമായ, ഒരു മുറിയിലെ ഒറ്റവിളക്കുപോലെ പ്രകാശമുള്ളതാക്കി. അവരുടെ സംഗീതത്തിന്റെ മിതത്വസുന്ദരമായ പ്രപഞ്ചം കൂടുതൽ മനസ്സിലാക്കാൻ അവർ പറഞ്ഞതിലും നാം കാതോർക്കുന്നത് പ്രയോജനപ്പെടും. ആ വിരാഗീഭാവം നമ്മോടു പറഞ്ഞത് താൻ ഒരു മഹാതുടർച്ചയിലെ ഒരു കണ്ണി മാത്രമാണ് എന്നാണ്.▮


എസ്​. ഗോപാലകൃഷ്​ണൻ

ബ്രോഡ്​കാസ്​റ്റർ, എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ, ​കോളമിസ്​റ്റ്. യു.എ.ഇ കേന്ദ്രമാക്കിയുള്ള റേഡിയോ മാംഗോയിൽ കണ്ടൻറ്​ ഹെഡ്​. ഡൽഹിയിൽ ആകാശവാണിയിലും സഹപീഡിയയിലും ദീർഘകാലം പ്രവർത്തിച്ചു. ജലരേഖകൾ, കഥ പോലെ ചിലതു സംഭവിക്കു​മ്പോൾ, മനുഷ്യനുമായുള്ള ഉടമ്പടികൾ, പാട്ടും കാലവും എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments