മഹാരാജാസ് കോളേജ് / Photo: Maharajas College, facebook

മഹാരാജാസിൽ നിന്ന് പടിയിറങ്ങുമ്പോൾ

‘ഇവിടന്ന് പടിയിറങ്ങുമ്പോൾ ദുഃഖമോ സന്തോഷമോ ഇല്ല. കാരണം ഞാനിവിടെ വന്നിട്ടുമില്ല ഇവിടന്ന് പോയിട്ടുമില്ല’- 16 വർഷത്തെ അധ്യാപക ജീവിതത്തിനുശേഷം മഹാരാജാസ്​ കോളേജിലെ മലയാള വിഭാഗത്തിൽനിന്ന്​ വിരമിക്കുന്ന കവി എസ്​. ജോസഫ്​ ജീിവിതത്തിലെ മറക്കാനാകാത്ത ഒരു കാലം ഓർക്കുന്നു

നീണ്ട 16 വർഷത്തോളം ഞാൻ മഹാരാജാസിൽ അധ്യാപകനായിരുന്നു.
അഥവാ ഒരു നിമിഷം. അതിനുമുമ്പ് തലശ്ശേരി ബ്രണ്ണനിൽ മൂന്നര വർഷം.
ഇവിടെ എത്തുന്നതിനുമുമ്പ് ഞാൻ അധികമായി എറണാകുളത്ത് വന്നിട്ടില്ല. വന്നപ്പോഴൊക്കെ എന്നെ വഴി തെറ്റിക്കുന്ന ഒരു നഗരം ആയിരുന്നു ഇത്. ഏത് വഴിയിലൂടെ നടന്നാലും ആ വഴിയിൽത്തന്നെ എത്തുന്ന ഒരു ബാധ. ലാബറിന്ത് പോലെ ഒരു നഗരം. വലിയ നഗരങ്ങൾ എല്ലാം തന്നെ രാവണൻ കോട്ടകളാണ്. നഗരത്തിലെ മറ്റൊരു ലാബറിന്താണ് മഹാരാജാസ് കോളേജും. മഹാരാജാസ് മൊത്തമൊന്നു കണ്ടു തീർക്കാൻ 16 വർഷത്തോളം വേണ്ടിവന്നു എനിക്ക് എന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ അതിശയോക്തിയായിട്ടോ കല്ലുവച്ച നുണയായിട്ടോ മാത്രമേ കരുതൂ. പക്ഷേ എന്നെ സംബന്ധിച്ച്​ അത് സത്യമാണ്. ഞാനിവിടെ വന്നത് മഹാരാജാസ് കാണാനല്ലല്ലോ. അതുകൊണ്ടാണ് എനിക്ക് ഇത്രയും വർഷങ്ങൾ വേണ്ടി വന്നത്. പലപ്പോഴായി അവിടവിടെ കണ്ടു തീർത്തു എന്നേയുള്ളു.

മഹാരാജാസ് കേംബ്രിഡ്​ജ്​ സർവകലാശാല മാതിരി നിർമിക്കപ്പെട്ട ഒരു വാസ്തു വിസ്മയമാണ്. അതിന്റെ പ്രധാന ഭാഗം രണ്ടുനില കെട്ടിടമാണ്. ചതുരത്തിൽ അത് സ്ഥിതി ചെയ്യുന്നു. അത് നിവർത്തി വച്ചാൽ അതിന്റെ വിശ്വരൂപം കാണാം.
മഹാരാജാസ് എന്ന പുരാതന മഹാകാവ്യത്തിന് വനപർവം എന്നൊരു അധ്യായം കൂടിയുണ്ട്. എനിക്ക് പേരറിയാൻ കഴിഞ്ഞിട്ടില്ലാത്ത ധാരാളം മരങ്ങൾ ഇവിടെയുണ്ട്. പന, കണിക്കൊന്ന, ഞാവൽ, മരമഞ്ഞൾ, കൂവളം എന്നിങ്ങനെ കുറച്ചു മരങ്ങളേ എനിക്കറിയൂ. വികസനമെന്നാൽ മരം വെട്ടൽ കൂടിയായതിനാൽ ചില മരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മറിഞ്ഞു വീണ മരങ്ങളുണ്ട്.

Photo: Wikimedia Commons

2005 ജൂൺ ആറിനാണ് ബ്രണ്ണൻ കോളേജിൽ നിന്ന് സ്ഥലം മാറി ഞാനിവിടെ എത്തിയത്. ബ്രണ്ണനിലെപ്പോലെ ആൺകുട്ടികളും പെൺകുട്ടികളും
ഇടകലർന്നിരിക്കുന്ന ക്ലാസ് മുറികൾ. ഗ്യാലറികൾ , സെമിനാർ ഹാളുകൾ, മ്യൂസിയം, ഇംഗ്ലീഷ് മെയിൽ ഹാൾ ... തടി കൊണ്ടു നിർമ്മിച്ച ഒരു കാവ്യശില്പം ആണ് മഹാരാജാസ് എന്നു പറയാം. എടുത്താൽ പൊങ്ങാത്ത മേശകൾ, ബുക്ക് ഷെൽഫുകൾ, തടിയലമാരകൾ, പിരിയൻ ഗോവണി, ചുറ്റുപാടും പടികൾ, കൂട്ടി നിർമ്മിച്ച ബഞ്ചും ഡസ്‌കും, മാലാഖക്കുളം, മുല്ലപ്പന്തൽ, സമരമരം, ഛായാകീർണമായ നടുമുറ്റം, വെയിൽപുള്ളിമാനുകളുടെ ചിത്രാങ്കനങ്ങൾ, അണ്ണാൻ, വെള്ളി മൂങ്ങകൾ, മരപ്പട്ടികൾ, പാമ്പുകൾ തുടങ്ങിയ സഹജീവികൾ. സ്‌നേഹ സമ്പന്നരായ കുട്ടികൾ, മികച്ച അധ്യാപകർ ഇതെല്ലാം മഹാരാജാസിന്റെ പ്രത്യേകതകളാണ്.

ഒരിക്കൽ രാജീവ് രവിയെ കണ്ടപ്പോൾ അദ്ദേഹം ഇവിടെ ചെയർമാൻ ആയിരുന്ന കാര്യം പറഞ്ഞു. ആഷിക് അബു മാഗസിൻ എഡിറ്ററായിരുന്നു. ഇവിടന്ന് പെൻഷനായിപ്പോയ ശേഷവും മലയാളത്തിൽ വരുമായിരുന്നു ഓമനക്കുട്ടൻ സാർ

സർഗാത്മക കാമ്പസാണ്. അതിനാൽ സാഹിത്യകാരന്മാർ, നടീ നടന്മാർ, സംവിധായകർ ഒക്കെ മഹാരാജാസിന്റെ സൃഷ്ടികളായുണ്ട്. ഒരിക്കൽ രാജീവ് രവിയെ കണ്ടപ്പോൾ അദ്ദേഹം ഇവിടെ ചെയർമാൻ ആയിരുന്ന കാര്യം പറഞ്ഞു. ആഷിക് അബു മാഗസിൻ എഡിറ്ററായിരുന്നു. ഇവിടന്ന് പെൻഷനായിപ്പോയ ശേഷവും മലയാളത്തിൽ വരുമായിരുന്നു ഓമനക്കുട്ടൻ സാർ. എം. ലീലാവതിടീച്ചറും സാനുമാഷും തോമസ് മാത്യു സാറും അച്ചുതൻ മാഷും പലപ്പോഴും വരുമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് മലയാള വിഭാഗത്തിൽ വരുമായിരുന്നു.

ആഷിഖ് അബുവും (നടുക്ക്​) സുഹൃത്തുക്കളും മഹാരാജാസ് കോളജിൽ. ആഷിഖ് അബു ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം.‌

ഞാനിവിടെ വന്ന കാലത്തെ സ്വാതന്ത്ര്യം ഇക്കാലത്ത് ഇല്ല. അക്കാലത്ത് ക്ലാസില്ലെങ്കിൽ നേരത്തേ പോകാമായിരുന്നു. ആദ്യത്തെ പീരിയഡ് ഇല്ലെങ്കിൽ പത്തരയ്ക്ക് വന്നാൽ മതിയായിരുന്നു. പിന്നീട് മുഴുവൻ സമയവും കോളേജിൽ പണിയൊന്നും ഇല്ലെങ്കിലും ചുമ്മാതെയിരിക്കേണ്ട നിർബന്ധിത സാഹചര്യം ഉണ്ടായി. പഠിപ്പിക്കലിലല്ല, ക്ലാർക്കു പണി ചെയ്യുന്നതിലാണ് ഇന്ന് കോളേജ് അധ്യാപകർ കൂടുതലും ഏർപ്പെടുന്നത്. ഇത് അറിവിന്റെ നിലവാരത്തെ താഴ്ത്തിക്കെട്ടി. അറിവിന്റെ മേഖലകൾ സർവ്വേ ചെയ്ത് അതിരു കല്ലുകൾ നാട്ടി. കുട്ടികളുടെ സർഗാത്മകതയെ തകർക്കുന്ന ഒരു സിലബസ് രൂപപ്പെട്ടു. അത് കരിക്കുലത്തിന്റെ അനന്തസാധ്യതകളെ വെട്ടിക്കുറച്ചു. എങ്കിലും ഏതവസ്ഥയിലും അധ്യാപകരും വിദ്യാർത്ഥികളും അതിജീവിക്കുന്നുണ്ട്.

ഉത്തരാധുനികത, സിനിമ എല്ലാം മലയാളം ക്ലാസിൽ വിഷയങ്ങളാണ്. അസാധാരണ പ്രതിഭകളായ ധാരാളം കുട്ടികളെ ഞാനീ കാലത്തിനിടയിൽ കണ്ടുമുട്ടിയിട്ടുണ്ട്

എന്റെ ക്ലാസുകളിൽ ചോദിച്ചും ചോദിക്കാതെയും മറ്റു ക്ലാസുകളിലെ കുട്ടികൾ വന്നിരുന്നിട്ടുണ്ട്. ഹിന്ദി രണ്ടാം ഭാഷയായി പഠിക്കുന്ന സയൻസ് ബാച്ചിലെ കുട്ടികൾ എന്റെ മലയാളം സെക്കൻറ്​ ഭാഷാ ക്ലാസിൽ കുറേക്കാലം ഇരുന്നിരുന്നു. ഞാനവരോട് ചോദിച്ചപ്പോൾ ഹിന്ദി ഞങ്ങൾക്ക് സ്വന്തമായി പഠിക്കാൻ പറ്റും എന്നാണവർ പറഞ്ഞത്. ഉത്തരാധുനികത, സിനിമ എല്ലാം മലയാളം ക്ലാസിൽ വിഷയങ്ങളാണ്. അസാധാരണ പ്രതിഭകളായ ധാരാളം കുട്ടികളെ ഞാനീ കാലത്തിനിടയിൽ കണ്ടുമുട്ടിയിട്ടുണ്ട്. രാമചന്ദ്രൻ, നമ്പോലൻ, ഉവൈസ്, സ്മൃതി എസ്. ബാബു , ധന്യ. എം.ഡി, നിസ്തുൽ രാജ്, ഇന്ദു.പി നമ്പൂതിരി, ഷെഹർ ബാൻ, സൗമ്യ, സൗമ്യ പി.ആർ, റെബിൻ, അഭിജിത് ബോസ്, ശരത് , അനൂപ്, ജോസ്, വിനീതാ വിജയൻ, വിദ്യ വിജയൻ, ഇബ്രാഹിം അങ്ങനെ എത്രയെത്ര പേർ.

കുമാരാനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യുടെ നൂറാംവാർഷികത്തിന്റെ ഭാഗമായി മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട്, എസ്. ജോസഫ് തുടങ്ങിയവർ

ജോസ് വെമ്മേലി എന്ന നിഷേധിയായ കവി മലയാളത്തിലുണ്ടായിരുന്നു. അദ്ദേഹം ഇടയ്‌ക്കൊക്കെ ഓരോ പുകിലും ഉണ്ടാക്കും. ഒരു ദിവസം വയ്യാതായപ്പോൾ ഞാനാണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു പോയത്. എന്നോടും ചീത്ത പറഞ്ഞിട്ടുണ്ട്.

ഞാൻ കൃത്യമായ ഒരു ഘടനയിൽ ക്ലാസ് എടുക്കുന്ന അധ്യാപകനല്ല. അറിവിന്റെ വിവിധ ലോകങ്ങളിലൂടെ വഴി തെറ്റിയും തെറ്റാതെയും ഞാൻ സഞ്ചരിച്ചു. എന്തു പഠിപ്പിച്ചാലും ചിലപ്പോൾ ചിത്രകലയിലോ ശില്പകലയിലോ ഞാൻ എത്തുമായിരുന്നു. അപ്പോൾ കുട്ടികൾ പരസ്പരം നോക്കും. എന്റെയുള്ളിൽ പഠിപ്പിക്കാൻ പറ്റാതിരുന്ന രണ്ട് അറിവുകളാണവ. ആദ്യകാലത്ത് വ്യാകരണം പഠിപ്പിച്ചിരുന്നെങ്കിലും കവിത, ഫോക്ലോർ , നോവൽ, ചെറുകഥ, പാശ്ചാത്യദർശനം, സിനിമ, ലോക സാഹിത്യം ഇതൊക്കെയായിരുന്നു എന്റെ മേഖല.

കവി സുഹൃത്തുക്കളായ അശോകൻ മറയൂർ, ഡി. അനിൽകുമാർ, സുകുമാരൻ ചാലിഗദ്ദ എന്നിവർ എസ്.ജോസഫിനെ കാണാൻ മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിലെത്തിയപ്പോൾ.

കവിതയും സിനിമയും ലോക സാഹിത്യവും കുറയൊക്കെ എനിക്ക് അനുഭവമേഖല കൂടിയായിരുന്നു. പഠിപ്പിക്കുന്നതിനിടയിൽ ചില ഇൻ സൈറ്റുകൾ എനിക്ക് ലഭിക്കും. അങ്ങനെ ഞാനും പുതുക്കപ്പെട്ടു. എനിക്ക് പഠിപ്പിക്കാൻ ഏറ്റവും ഇഷ്ടമുള്ള കവിത ഇടശ്ശേരിയുടേതായിരുന്നു. വ്യാസനും വിഘ്നേശ്വരനും, തീയൂർ രേഖകൾ, നളചരിതം, ശാകുന്തളം, ഖസാക്കിന്റെ ഇതിഹാസം എന്നിവ രസകരമായി പഠിപ്പിച്ചു. കുട്ടികളും സഹ അധ്യാപകരും പറയുന്നത് കാഫ്കയുടെ മെറ്റമോർഫോസിസ് പഠിപ്പിച്ചതാണ് ഏറ്റവും നല്ലത് എന്നതാണ്. എക്കാലത്തും പുതുവായന കിട്ടുന്ന എഴുത്തുകാരനാണ് കാഫ്ക. നിയമത്തിന്റെ പടിവാതിൽക്കൽ എന്ന കഥയിൽ പറയുമ്പോലെ എത്ര വാതിലുകൾ കടന്നാലും കാഫ്ക അവശേഷിക്കും.

സിനിമകളിൽ ഏറ്റവും ഇഷ്ടം ഴാങ് കോയ്തുവിന്റെ സിനിമകളാണ്. പസോലിനി, ബുനുവൽ എന്നിവരാണ് ഏറെ ഇഷ്ടം. തർക്കോവ്‌സ്‌കിയുടെ ഇവാന്റെ ബാല്യം എന്ന സിനിമ മുമ്പേ എന്റെ കവിതയ്ക്ക് വിഷയമായിട്ടുണ്ട്. ഡോസ്റ്റോവ്‌സ്‌കി, പാമുക്ക് എന്നിവരുടെ നോവലുകൾ എന്റെ ഉള്ളിൽ എന്നുമുണ്ട്. സിമ്പൂഷ്‌സ്‌കയുടെ കവിതകൾ, ഹെർത്താ മുള്ളറുടെ നോവലുകൾ ഇവയെക്കുറിച്ചൊക്കെ പറഞ്ഞ് ഞാൻ കാടുകേറിയിട്ടുണ്ട്. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ആൾ കുമളിയിലെത്തിപ്പോകുന്നതുപോലെയാണ് എന്റെ ക്ലാസിൽ പലപ്പോഴും ഞാൻ. ചരിത്രവും നരവംശശാസ്ത്രവും സംഗീതവും ഭർതൃഹരിയും അപോഹ സിദ്ധാന്തവും ജൈനനും ബുദ്ധനും ഞാനെത്തുന്ന അലക്ഷ്യസ്ഥാനങ്ങളായിരുന്നു. അല്ലെങ്കിൽ കാങ്ക്രാ, പഹാരി, മുഗൾ ചിത്രങ്ങൾ. തൃശൂർക്കുള്ള തീവണ്ടിയിൽ കോട്ടയം വണ്ടിയെന്നു കരുതി വഴി തെറ്റി യാത്ര ചെയ്തിട്ടുണ്ട്. പുരാതന സംസ്‌കൃത നാടകങ്ങൾ, രഘുവംശം അശ്വഘോഷന്റെ ബുദ്ധചരിതം, സൗന്ദരനന്ദം ഒക്കെ എന്റെ മേഖലകളായി.

മഹാരാജാസ് കോളേജ് ക്യാമ്പസ്

15 വർഷത്തെ തീവണ്ടി യാത്രയിൽ എണ്ണമറ്റ പുസ്തകങ്ങൾ ഞാൻ വായിച്ചു. ഡോൺ ക്വിക്‌സോട്ടാണ് ഒരെണ്ണം. തീവണ്ടി യാത്രയിൽ കവിതകളെഴുതി. തീവണ്ടിയിൽ നിന്നൊരിക്കൽ വീണു. പൊളിറ്റിക്സ് വിഭാഗത്തിലിരിക്കേ ഒരു കഷണം സിമന്റുകട്ട തലയിൽ വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബുദ്ധന്റെ ജീവിതം ഒരു മഹാകാവ്യമായി എഴുതി പകുതിയാക്കിയത് ഇക്കാലത്താണ്. അതിനായി കുറേ പുസ്തകങ്ങൾ നോക്കി. ഗദ്യത്തിലും പദ്യത്തിലും ഉള്ള കൃതിയാണ് എന്റെ കാവ്യം. കബീറിന്റെ കൃതികളും വിവർത്തനം ചെയ്തു വച്ചിട്ടുണ്ട്. മഹാരാജാസിനെക്കുറിച്ച് ഞാൻ കുറേ കവിതകൾ എഴുതി. കോളേജിന്റെ ചുമരിൽ, സ്വരത്താൽ, മഹാരാജാസ് ഒരു ചിത്രണം എന്നീ കവിതകൾ അവയിൽ ചിലതാണ്.

സ്വരത്താൽ എന്ന കവിത ഇതാ...

"ഞാൻ പഠിപ്പിച്ച ആറ് പെൺകുട്ടികളെ ഒരുമിച്ച് ഇന്ന് നഗരത്തിൽ വച്ചു കണ്ടു. നിങ്ങൾ എവിടെ പോകുന്നു എന്ന എന്റെ ചോദ്യം കേട്ട് അവർ ഞെട്ടിനിന്നു പെട്ടെന്ന് ചിരിച്ചു കൊണ്ട് എവിടെയാണ് പോകുന്നത് എന്നു പറഞ്ഞു. എന്നെ മനസിലായോ ? ഞാനവരോട് ചോദിച്ചു മനസിലായി അവർ എന്റെ പേർ പറഞ്ഞു എനിക്ക് സന്തോഷമായി കണ്ണുകാണാൻ വയ്യാത്ത ആ പെൺകുട്ടികൾ സ്വരത്താൽ എന്നെ തിരിച്ചറിഞ്ഞല്ലോ ആ അറിവ് മറ്റൊരു തിരിച്ചറിവിലേക്ക് എന്നെ നയിക്കുന്നു അദൃശ്യനായിക്കൊണ്ടിരിക്കയാണു ഞാൻ എനിക്കിനി ശബ്ദത്താലേ തിരിച്ചറിയപ്പെടാൻ പറ്റൂ'

മഹാരാജാസിൽ പഠിപ്പിക്കുന്ന കാലത്താണ് ഞാൻ കൂടുതൽ കവിതകൾ എഴുതിയത്. നഗരം ഒരു മിത്തായി എന്റെ കവിതയിൽ വന്നു. കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ച് ഞാൻ കവിത എഴുതിയിട്ടുണ്ട്. എന്റെ കൂടെ പഠിപ്പിക്കുന്ന ദർശനപരിമിതിയുള്ള ഒരധ്യാപകനെക്കുറിച്ചും കവിതയെഴുതി.

സി. അയ്യപ്പൻ

മറ്റൊരു കോളേജിനുമില്ലാത്ത ഒരു പ്രത്യേകത മഹാരാജാസിനുണ്ട്. അത് കീഴാള- ദളിത് ചിന്തകരെയും എഴുത്തുകാരെയും സൃഷ്ടിച്ചതാണ്. മലയാള ചെറുകഥയിലെ അസാധാരണ പ്രതിഭയായ സി. അയ്യപ്പൻ സർ ഇവിടെ അധ്യാപകനായിരുന്നു.

മഹാരാജാസിൽ നിന്ന് പോകുമ്പോൾ മാഷിന് ദുഃഖമില്ലേ എന്ന് കുട്ടികൾ എന്നോട് ചോദിച്ചു. ഞാനിവിടെ വന്നിട്ടുമില്ല പോയിട്ടുമില്ല എന്നാണ് ഞാൻ അവരോട് പറഞ്ഞത്. നാലു വർഷം ഞാനിവിടെ വകുപ്പധ്യക്ഷനായിരുന്നു.
ജോലിഭാരം മൂലം ഞാനതിൽ നിന്ന് പിന്മാറാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ എന്റെ സഹപ്രവർത്തകർക്ക് എന്നെ മതിയായിരുന്നു. കായലിനും കടലിനും സമീപത്തുള്ള ഈ കലാലയത്തിന് അദൃശ്യമായ ഒരു ആഴം ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. പൊതുവേ രാഷ്ട്രീയം ഉള്ള ആളല്ല ഞാൻ. എങ്കിലും അല്പം ഇടത്തോട്ട് ചാഞ്ഞാണ് നില്പ്. അത് പക്ഷേ ഒരു ബാധ്യതയല്ല. കുട്ടികൾക്കിടയിലും അധ്യാപകർക്കിടയിലും പല രാഷ്ട്രീയ വിശ്വാസങ്ങൾ മഹാരാജാസിലുണ്ട്. എന്റെ സ്‌നേഹം എല്ലാവർക്കും ഞാൻ നല്കി. കവിതയും സ്‌നേഹവുമാണ് എന്റെ രാഷ്ട്രീയവും മതവും. ഇവിടന്ന് പടിയിറങ്ങുമ്പോൾ ദുഃഖമോ സന്തോഷമോ ഇല്ല. കാരണം ഞാനിവിടെ വന്നിട്ടുമില്ല ഇവിടന്ന് പോയിട്ടുമില്ല.▮


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments