‘ഉണരുന്ന കവിത’ക്കായി ഉണർന്നിരുന്ന മൂന്നു രാത്രികൾ

‘‘എന്നെ സംബന്ധിച്ച്​ പ്രത്യേകിച്ച് സന്തോഷം ഒന്നും തോന്നാത്ത കാലമാണ്. അപ്പോൾ ‘എമേർജിങ് പോയട്രി’യുടെ ഭാഗമായുള്ള ‘മൂന്നു രാത്രികൾ’ എന്ന കാന്തല്ലൂർ പരിപാടിയും അതിലേക്കുള്ള ചെറിയ യാത്രയും മൂന്നു രാത്രികളും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളായി ഞാൻ കാണുന്നു’’-ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. എസ്​. ജോസഫ്​ എഴുതുന്നു.

2022ലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ‘എമേർജിങ് പോയട്രി’യുടെ (ഉണരുന്ന കവിത) ‘മൂന്നു രാത്രികൾ’ എന്ന കാന്തല്ലൂർ പരിപാടിയായിരുന്നു, നവംബർ അവസാനത്തിൽ. മൂന്നാറിനും മറയൂരിനും അപ്പുറമാണ് കാന്തല്ലൂർ. 36 വർഷങ്ങൾക്കുമുമ്പ് ഞാൻ അവിടെയെല്ലാം പോയിട്ടുണ്ട്.

അന്നത്തെ മൂന്നാറല്ല ഇന്നത്തെ മൂന്നാർ. അന്ന്​ ഇരവികുളം നാഷണൽ പാർക്കിൽ പോകാൻ ആരുടേയും അനുവാദം വേണ്ടിയിരുന്നില്ല. വരി നില്ക്കേണ്ട, പാസ് വേണ്ട. തോന്നും പോലെ നടക്കാമായിരുന്നു. അന്ന് മഞ്ഞുമൂടിയ മലനിരകളിൽ ഞങ്ങൾ പരസ്പരം കാണാതായി. തിരികേ പോരുമ്പോൾ വഴി തെറ്റി. അവിടുന്ന് മറയൂർക്ക് പോകുമ്പോൾ ചന്ദനക്കാടും മുളങ്കാടും മളങ്കാടുകളിൽ മയിലുകളും ഉണ്ടായിരുന്നു. ഇന്ന് മുളങ്കാടുകൾ കുറ്റിയറ്റു. മറയൂരിൽ നിന്ന്​ പോയാൽ കോവിൽക്കടവും പയസ് നഗറും കഴിഞ്ഞാൽ കാന്തല്ലൂരായി. കോവിൽക്കടവിലാണ് മുനിയറകൾ. ശിലായുഗ സംസ്കാരത്തിന്റെ അടയാളങ്ങളാണവ. അന്നത്തെ കാന്തല്ലൂർ നെല്ലും കാരറ്റും വെളുത്തുള്ളിയും ബീറ്റ്‌ റൂട്ട്‌, കാബേജ്‌, കോളിഫ്ലവർ, ഉരുളക്കിഴങ്ങ്‌, ഉള്ളി ഒക്കെ കൃഷി ചെയ്തിരുന്ന സ്ഥലമാണ്. ഇന്നും അങ്ങനെ തന്നെ. ധാരാളം ഓറഞ്ചു മരങ്ങളും കോവർ കഴുതകളുമുള്ള സ്ഥലങ്ങളുണ്ട്. ആപ്പിൾ ഉള്ള സ്ഥലവുമുണ്ട്. തട്ടുതട്ടായി കിടക്കുന്ന താഴ്വരകൾ, കരിമ്പുകൃഷി , ശർക്കരയുണ്ടാക്കുന്ന ഫാക്ടറികൾ. ഗ്രാമങ്ങൾ. ആദിവാസി സെറ്റിൽ മെൻറുകൾ. അന്നത്തെ ആ ദരിദ്രമായ കാന്തല്ലൂർ അല്ല ഇന്നത്തെ കാന്തല്ലൂർ. അതൊരു ടൂറിസ്റ്റ് സ്ഥലമായി മാറി. ഭൂമിക്ക് വിലയേറി. കാന്തല്ലൂർ ഭംഗികൾ ആസ്വദിക്കാൻ ആളുകൾ എത്തുകയായി. കോവിൽക്കടവ് മെച്ചപ്പെട്ട ഒരു ടൗണായി.

രതീഷ് , എസ്‌. ജോസഫ് , വിദ്യ

ഞങ്ങൾ ആലുവയിൽ നിന്നാണ് കാറിൽ ഒരുമിച്ചു പുറപ്പെട്ടത്. വിദ്യ പൂവഞ്ചേരിയും രതീഷ് കൃഷ്ണയും എന്റെ ഭാര്യയും മകളും ഞാനുമടങ്ങുന്ന കുറച്ചുപേർ. ഞാനൊഴികെ എല്ലാവർക്കും അതൊരു പുതിയ യാത്രാനുഭവമായി. ഇടയ്ക്ക് മഴയുണ്ടായിരുന്നതിനാലും കൊടും വളവുകളായതിനാലും കാറ് പതുക്കെ ഓടിക്കാനേ പറ്റിയുള്ളൂ. പക്ഷേ നല്ല വഴിയാണ്. മൂന്നാർ കഴിഞ്ഞപ്പോൾ പെട്രോൾ തീർന്നു. അവിടെ കടകളിൽ പെട്രോൾ കിട്ടുമെന്ന് എനിക്കറിയാമായിരുന്നു. വനമേഖലയാണ്. വന്യമൃഗങ്ങളുണ്ട്. കോവിൽക്കടവുകഴിഞ്ഞപ്പോൾ എല്ലാവർക്കും പേടിയായി. പടയപ്പ എന്ന ആനയുടെ കഥകൂടി പറഞ്ഞപ്പോൾ പേടി കൂടി. ആന വന്നാൽ വണ്ടി ഇട്ടേച്ച് ഓടുമെന്ന് ഞാനും പറഞ്ഞു. ഞാനിതുവഴി പലപ്പോഴും വന്നിട്ടുള്ളതാണ്. കോവിൽ കടവിലും പയസ് നഗറിലും കാന്തല്ലൂരും താമസിച്ചിട്ടുള്ളതാണ്. അനുനിമിഷം ആനയെ ഭയന്ന്​ ജീപ്പിൽ യാത്ര ചെയ്യണ്ടി വന്ന മന്നവൻ ചോല വഴി പോയിട്ടുള്ളതാണ്. അതിനാൽ അത്ര പേടിയില്ല.

ഞങ്ങൾ എത്തിച്ചേർന്നപ്പോൾ രാത്രി എട്ടുമണിയായിരുന്നു. ഞങ്ങളെ കാത്തിരിക്കുകയായിരുന്നു അവിടത്തെ ആളുകൾ. ഇംഗ്ലണ്ടുകാരിയായ എഴുത്തുകാരി ജോ ജോ സൈമൺസ്​, അവരുടെ ഭർത്താവ് ശില്പി, ബോഡി പെർഫോർമർ അനിൽ ദയാനന്ദ്​, വയലിനിസ്റ്റ് ജോസ് പോൾ ചേട്ടൻ, ഫോട്ടോ ഗ്രാഫർ അജിലാൽ, ചിത്രകാരൻ അനിൽ കുഴിക്കാല, ബംഗാളിയും ഗ്രാഫിക് നോവലിസ്റ്റുമായ അനിർബൻ സാഹ, ഫാർമേഴ്സ് ക്യാമ്പിന്റെ ഉടമസ്ഥനും കവിയും സിതാർവാദകനുമായ ശിഹാബ്, പിന്നെ ഫാർമേഴ്സ് ക്യാമ്പിലെ സഹായികളും.

ഒരു ഷെഡിനുകീഴെ തണുപ്പകറ്റാനായി തീകത്തുന്നുണ്ട്. തീവെട്ടത്തിൽ എല്ലാവർക്കും അലൗകികമായ ഒരു ചുവന്ന പ്രകാശം ലഭിച്ചു. വിദ്യയും രതീഷും സ്വന്തം കവിതകൾ ചൊല്ലി. തണുപ്പകറ്റാൻ ഇത്തിരി മദ്യം ഉണ്ടായിരുന്നു. ഭക്ഷണം, പഴങ്ങൾ എന്നിങ്ങനെ ഡിന്നർ. യാത്രാക്ഷീണം കൊണ്ട് ആ രാത്രി അങ്ങനെ അവസാനിച്ചു.

കൊടും തണുപ്പുള്ള സീസൺ ആണ്. ക്യാമ്പിലെ തുറസിൽ ആളുകൾക്കുറങ്ങാൻ ത്രികോണ മട്ടിലുള്ള കൂടാരങ്ങൾ. ഓരോ കൂടാരവും ദീപക്കാഴ്ച പോലെ ശോഭിച്ചു. ദൂരെ മലകൾ ഇരുട്ടിൽ മറഞ്ഞു നിന്നു. മഞ്ഞുമൂടിയ പരിസരത്തിൽ ഇലക്​ട്രിക്​ വെളിച്ചങ്ങളും ക്യാമ്പ് ഫയറും നിറങ്ങളുടെ ഭാഷ രചിച്ചു. മഞ്ഞിന്റെ കുമ്മായ ഭിത്തിയിൽ വരച്ച ഫ്രെസ്ക്കോ ചിത്രങ്ങൾ പോലെ രാത്രിയുടെ ഭംഗികൾ. ഞങ്ങൾക്കായുള്ള പാർപ്പിടങ്ങളിലേക്ക് യാത്രയായി. സ്ത്രീകൾ മുകൾനിലയിൽ ഉറങ്ങി. ഞാൻ താഴത്തെ നിലയിൽ. മുറിയിലും തണുപ്പായിരുന്നു. കമ്പിളിപ്പുതപ്പു തന്നെ തണുത്തുപോയിരിക്കുന്നു. രണ്ട് കമ്പിളിപ്പുതപ്പുകൾ പുതച്ചാണ് ഉറങ്ങിയത്. സ്വപ്നങ്ങളില്ലാതെ ഉറക്കത്തിന്റെ തീവണ്ടി പുലരിയുടെ സ്റ്റേഷനിൽ എത്തി.

കാന്തല്ലൂരിലെ പ്രഭാതം മഞ്ഞുപോലെ തണുത്തിരുന്നു. വെള്ളം ചൂടാക്കാതെ മുഖം കഴുകാനാവില്ല. മുറ്റത്തേക്കിറങ്ങിയപ്പോൾ ധാരാളം പൂക്കളും ചെടികളും. ഒരു വലിയ പൂമരം. താഴെയാണ് ശിഹാബിന്റെ വീട്. അവിടെ ജോയും ഭർത്താവും താമസിക്കുന്നു. ഷാഹാബിന്റെ കൃഷിത്തോട്ടമാണ് താഴെ. കുത്തനെയുള്ള ചെരിവുകൾ. അവിടെ പേരക്കായ്​കൾ, മറ്റൊരുതരം ഫാഷൻ ഫ്രൂട്ട് ഒക്കെയുണ്ട്. ഓറഞ്ചിന്റെ സീസണല്ല. ദൂരെ ശിലാമയമായ പർവ്വതങ്ങൾ. നിതാന്ത മൗനികൾ.

കട്ടൻ ചായ മധുരമിടാതെ കുടിച്ച്​ ഞാൻ ഒരു കസേരയിലിരുന്നു. അപ്പോഴാണ് രതീഷ് കൃഷ്ണ എത്തുന്നത്. തലേന്ന് കൂടാരത്തിൽ ഘോരമായ തണുപ്പായിരുന്നു എന്ന് രതീഷ് പറഞ്ഞു. ശരിയാംവണ്ണം കമ്പിളിപ്പുതപ്പും സ്വെറ്ററും ഇല്ലെങ്കിൽ രാത്രി ഉറങ്ങാനാവില്ല. കുറേക്കഴിഞ്ഞപ്പോൾ അമേരിക്കക്കാരനായ ആൻഡ്രൂസും ബ്രിട്ടീഷുകാരിയുമായ ഭാര്യ ജോയിയുമെത്തി.

ആൻഡ്രൂസുമായി ഞാൻ ജിപ്സികളെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. ഒടുവിൽ അമേരിക്കയിൽ എന്താണ് ജോലി എന്ന് ചോദിച്ചപ്പോൾ മലയാളത്തിൽ കൃഷി എന്ന് പറഞ്ഞത് എനിക്ക് മനസിലായില്ല. ഒരു വിദേശിയിൽ നിന്ന് മലയാളം പ്രതീക്ഷിക്കുന്നില്ലല്ലോ. വെയിൽ മഞ്ഞകൾ പച്ചപ്പിലാകെ പ്രസരിച്ചു. ചെടികൾ ഇളങ്കാറ്റിൽ ഉത്സാഹിതരായി. വെള്ളം ചൂടാക്കി വേണം കുളിക്കാൻ ഞങ്ങൾ ഭക്ഷണം കഴിച്ച് യാത്രയ്ക്ക് തയാറായി. രണ്ടു കാറുകളിലായി കോവിൽ പെട്ടിയിലെ ഗവൺമെൻറ്​ സ്കൂളിനുമുകളിലുള്ള മലയിൽ മുനിയറകൾ തേടിപ്പോയി. മുഴുവൻ പാറകളാണ്. അതു വഴി ടൂറിസ്റ്റുകളേയും വഹിച്ചു കൊണ്ട് ജീപ്പുകൾ ഓടിക്കയറുന്നു. ഓടിക്കുന്നവരെ സമ്മതിക്കണം.

ശിഹാബ് , മുനിയറയുടെ അടുത്ത്

മറയൂർ നാലുഭാഗത്തേയും മലകളാൽ മറഞ്ഞു കിടക്കുന്ന ഒരു സ്ഥലമാണ്. മറവരുടെ (കൊള്ളക്കാർ) ഊർ എന്നും പറയുന്നു. ബി.സി 10,000 മുതലേ ഇവിടെ ജീവിതമുണ്ടായിരുന്നു എന്നു വായിച്ചിരുന്നു. മുതുവാൻമാർ എന്ന ആദിവാസി വിഭാഗവും ഇവിടുണ്ട്. മഹാശിലാ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണ് മുനിയറകൾ. പ്രായമെത്തുന്ന മനുഷ്യർ ഭക്ഷണം കഴിക്കാതെ ഇരുന്നു മരിക്കുന്ന സ്ഥലമാണ് മുനിയറ എന്ന് ശിഹാബ് പറയുന്നു. അവർ മരിച്ചാലും അടക്കാനായി മൂന്നു ദിവസം കൂടി കാത്തിരിക്കും. മുനിമാർ തപസു ചെയ്ത സ്ഥലമാണെന്നും പറയുന്നുണ്ട്. ഏതായാലും പാറപ്പാളികൾക്കൊണ്ട് നിർമിച്ചതാണവ. ഒരു എർത്ത് ആർട്ടായി അതിനെ പരിഗണിക്കാം. പരിരക്ഷയില്ലാത്തതിനാൽ പലതും തകർന്നു. അവിടെ നിന്നു കിഴക്കോട്ടു നോക്കിയിൽ ഒരു നല്ല വ്യൂ കിട്ടും. വെയിലുണ്ടെങ്കിലും കാറ്റുള്ളതിനാൽ കുറേ നേരം ഞങ്ങൾ കുന്നിന്റെ നെറുകയിൽ ഇരുന്നു. പിന്നെ മറ്റുള്ളവരെ കാണാതെ തിരിച്ചു ചെന്നപ്പോൾ അവരെല്ലാം ഒരു മരച്ചോട്ടിൽ ഇരിക്കുന്നതു കണ്ടു. സ്ത്രീകൾക്ക് അവരുടെ ലോകവും പുരുഷൻമാക്ക് അവരുടെ ലോകവും ഉണ്ടല്ലോ. അതുകൊണ്ടാവാം ഞങ്ങൾ പോലുമറിയാതെ ഞങ്ങൾ രണ്ടായി തിരിഞ്ഞത്. മരച്ചോട്ടിൽ നല്ല തണലും കാറ്റും. അവിടെ പാറപ്പാളികൾ ഉണ്ട്. പ്രകൃതിയുടെ പീഠങ്ങൾ.
ഞങ്ങൾ അതിലിരുന്ന് അതുമിതും സംസാരിച്ചിരുന്നപ്പോൾ നേരം പോയതറിഞ്ഞില്ല.

‘എമേർജിങ് പോയട്രി’യുടെ ഒരു രീതി ആരെയും ഒന്നും പഠിപ്പിക്കാതിരിക്കുക എന്നതാണ്. സ്വയം പഠിക്കണം. അതിന്റെ സൈദ്ധാന്തികമായ ചില കാര്യങ്ങൾ പലപ്പോഴായി വിവരിച്ചിട്ടുണ്ട്. ഇനി സ്വയം മനസിലാക്കുക. സ്വന്തം അന്വേഷണങ്ങളിൽ മുഴുകുക എന്നതാണ്. കവിതയിൽ ഒരു മാറ്റം വേണമെന്ന ആശയം ഞങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. കുറച്ചാളുകളുടെ ഒരു കൂട്ടായ്മയായിട്ടേ ‘എമേർജിങ് പോയട്രി’ നിലനില്ക്കാൻ ഉദ്ദേശിക്കുന്നുള്ളു. ‘ഇ.പി’ എന്നത് ഒരു കൺസപ്ച്വൽ പ്രസ്ഥാനമാണ്. കവിത, ചിത്രകല, ശില്പകല, സംഗീതം എന്നിവയുടെ ഒരു ലോകമാണത്.

അഭിജിത് , കെ കെ. ബാബുരാജ് , എ.കെ.വാസു

മരച്ചോട്ടിൽ നിന്ന് പോകാൻ തോന്നിയില്ല. നാം വളരെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് നമുക്ക് പെട്ടെന്ന് പോകേണ്ടി വരുന്നു എന്നത് പൊതുവിൽ ജീവിതത്തിൽ സംഭവിക്കുന്നതാണ്. ഞങ്ങൾ കോവിൽക്കടവിൽ എത്തി ചോറുണ്ടു. എന്നിട്ട് പാമ്പാറിലേക്ക് പോയി. ഹൊഗനേക്കലിലെ
കാവേരി നദിയെ ചെറുതായി ഓർമ്മിപ്പിക്കുന്നതാണ് പാറകൾക്കിടയിലൂടെ ഒഴുകുന്ന പാമ്പാർ. അത് തമിഴ്നാട്ടിലേക്ക് പോകുന്നു. കിഴക്കോട്ടൊഴുകുന്ന നദിയാണത്. ഇടയ്ക്ക് മരങ്ങളുണ്ട്. കുത്തൊഴുക്കുണ്ട്. സൂക്ഷിക്കണം.
അവിടെ ഒരു പറയ്ക്കടിയിൽ രണ്ട് ചെറുപ്പക്കാർ ഇരുപ്പുണ്ടായിരുന്നു. ഗോത്രസമൂഹത്തിൽ പെട്ടവരാണ്. അവരുമായി അല്പം സംസാരിച്ചു. അവർക്ക് മലയാളത്തിലെ ഗോത്രകവിതയെക്കുറിച്ചൊക്കെ ധാരണയുണ്ട്. ഞങ്ങളും വിശാലമായ ഒരു സ്ഥലത്തിരുന്ന് ഹെസ്സേയുടെ സിദ്ധാർത്ഥയിലെന്നപോലെ നദിയുടെ സംസാരങ്ങൾക്ക് ചെവി കൊടുത്തു. ഇലകൾ പൊഴിയുന്നത് കണ്ടു. ചിലർ കാലുകൾ വെള്ളത്തിലിട്ടിരുന്നു. നദിയുടെ അക്കരെ വനമേഖലയാണ്. ഈ പുഴയുടെ ഇക്കരെ കുറേ ദൂരങ്ങൾ കഴിഞ്ഞൊരു ഏറുമാടത്തിലായിരുന്നു ശിഹാബ് മുൻപ് താമസിച്ചിരുന്നത്. അരിസാമാനങ്ങൾ ചുമന്നുകൊണ്ടു പോകണമായിരുന്നു അന്നൊക്കെ. ശിഹാബ് അവിടെ നിന്ന് കാന്തല്ലൂരിലേക്ക് താമസം മാറ്റി. ഇപ്പോൾ ഇവിടെ ഒരു കോൺക്രീറ്റ് റോഡുണ്ട്.
ചിലർ നദിയിൽ കുളിക്കണമെന്നു താല്പര്യം കാണിച്ചെങ്കിലും ഞാനധികം പ്രോത്സാഹിപ്പിച്ചില്ല. കാലൊന്നു തെന്നിയാൽ മരണമാണ്. നീന്താൻ അറിയാമെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല.

ഞങ്ങൾ മൂന്നുമണിക്ക് ഫാർമേഴ്സ് ക്യാമ്പിലെത്തിയെങ്കിലും ക്ഷീണം കാരണം എല്ലാവരും വിശ്രമിക്കാൻ പോയി. ഉണർന്നു കഴിഞ്ഞപ്പോൾ അവിടുള്ള ഒരു സഹായിയും രതീഷും ഞാനും കൂടി പേരയ്ക്കയും ഫാഷൻ ഫ്രൂട്ടും പറിക്കാനായി ചെരിവിറങ്ങി. എനിക്ക് അധികം താഴേക്കിറങ്ങാൻ പറ്റിയില്ല. രതീഷ് കുറച്ചേറെയിറങ്ങി. ഞാൻ തിരിച്ചു കയറി. അവർ ഒരു പാട് പഴങ്ങളുമായെത്തി. പേരയ്ക്കയുടെ സുഗന്ധം മുറിയിലെങ്ങും നിറഞ്ഞു. ഞങ്ങൾ ഓരോ കട്ടൻ കുടിച്ചിട്ട് മുകളിലെ ഫാർമേഴ്സ് ക്യാമ്പിലേക്കുപോയി. അപ്പോൾ സമയം 6.45 ആയിരുന്നു. തണുപ്പ് കൂടിയിരുന്നു. അവിടത്തെ കെട്ടിടങ്ങൾ മഞ്ഞും വെളിച്ചവും കൊണ്ട് അലൗകികമായിത്തോന്നി.

സംഗീത രാത്രി

ഞങ്ങളുടെ പരിപാടികൾ ആരംഭിച്ചു. സച്ചിദാനന്ദൻ മാഷിന്റെ ഒരു പ്രഭാഷണം അയച്ചു തന്നിരുന്നു. അതിലെ പ്രസക്തഭാഗങ്ങൾ കേട്ടുകഴിഞ്ഞ് ‘എമേർജിങ് പോയട്രി’യെപ്പറ്റി ഞാൻ ചെറുതായി വിശദീകരിക്കുകയും കവിതകൾ ചൊല്ലുകയും ചെയ്തു. വിദ്യയും ശിഹാബും രതീഷും കവിത ചൊല്ലിക്കഴിഞ്ഞപ്പോൾ അതാ വരുന്നു, ചിന്തകനായ കെ.കെ. ബാബുരാജും ഡോ. എ.കെ. വാസുവും അഭിജിത് ബോസും. കെ.കെ. ബാബുരാജും വാസുവും സംസാരിച്ചു. അഭിജിത് കവിതയും ചൊല്ലി. ശേഷം ജോ ജോ സൈമൺസ് ഇ.പി. യുടെ പ്രസക്തിയിലൂന്നി അല്പം സംസാരിച്ചു.

പിന്നീട് മ്യൂസിക് ആരംഭിച്ചു. ചില കർണാട്ടിക് രാഗങ്ങളും ഹിന്ദി ഗാനങ്ങളും അവർ വയലിനിൽ വായിച്ചു. കുറച്ചു മുമ്പ് തബലിസ്റ്റ് ഷിബുരാജും എത്തിയിരുന്നു. വയലിൽ വായിച്ചത് ജോസ് പോൾ. സിത്താർ ശാഹാബും വായിച്ചു. സ്റ്റേജിന്റെ മുൻ ഭാഗത്ത് ആഴി കൂട്ടിയിരുന്നു. അപ്പുറത്ത് തണ്ടൂരി ചിക്കൻ വേകുന്നു. അതിമനോഹരമായ രാത്രിയായിരുന്നത്.
സംഗീത സാന്ദ്രവും കവിതയും സാഹിത്യചിന്തകളും അലിഞ്ഞുചേർന്നതുമായ രാത്രി. അഭിജിത് ഗാനങ്ങൾ പാടിയ രാത്രി. മഞ്ഞും വിളക്കുകളും ചേർന്ന് ആ പ്രദേശമാകെ വെളിച്ചത്തിന്റെ ഒരു ഇൻസ്റ്റലേഷൻ പോലെ തോന്നിച്ചു.
ജീവിതത്തെ അർഥവത്താക്കിയ ഒരു രാത്രിയാണ് കടന്നുപോയത്.

പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾ കാന്തല്ലൂറിൽ നിന്ന് മടങ്ങി. പേരും വഴി കരിമ്പിൻ ജ്യൂസ് കുടിച്ചു. കുറച്ച് വെളുത്തുള്ളി വാങ്ങി. താഴ്​വാരമിറങ്ങുമ്പോൾ പാറക്കൂട്ടങ്ങളും ഹെയർപിൻ വളവുകളുമുണ്ട്. കാന്തല്ലൂർ പ്രകൃതിയും വയലുകളും നമ്മളെ വൈകാരികമായി സ്പർശിക്കും. ഞങ്ങൾ അവിടെ വണ്ടിനിർത്തി. കുറേ സമയം നിന്നു. മറയൂർ കഴിഞ്ഞപ്പോൾ കാടുകൾ പ്രത്യക്ഷപ്പെടുകയായി. വരുമ്പോൾ രാത്രിയായതിനാൽ കാണാതിരുന്ന കാടുകൾ. മൃഗങ്ങളെയൊന്നും കണ്ടില്ല എന്നു പറയാൻ പറ്റില്ല. കുരങ്ങുകളെ കണ്ടു. കാട്ടുകോഴിയെ കണ്ടു. കാട്ടുപോത്തുകളേയും മാനുകളേയും മുമ്പു ഞാൻ കണ്ടിട്ടുണ്ട്. ഇടയിൽ ചന്ദന മരങ്ങൾ കണ്ടു. ആ യാത്ര ആലുവയിലെത്തി. എല്ലാവരും പല വഴി പിരിഞ്ഞു.

മനസിന് ഏറെ സന്തോഷം നല്കിയ ഒരു യാത്ര എന്ന നിലയിലാണ്, സാഹിത്യ ക്യാമ്പ് എന്ന നിലയിലല്ല പ്രധാനമായും ഞാൻ വിവരിച്ചത്. കോവിഡ് വന്നശേഷം ശൂന്യമായിപ്പോയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതിന് കവിതകളോ സാഹിത്യ കൂട്ടായ്മയോ ഫെസ്റ്റിവലോ ഒന്നും അത്ര വലിയ പരിഹാരമല്ല. പക്ഷേ എല്ലാവരും എന്തൊക്കെയോ ചെയ്യുന്നുണ്ട്. അത് നല്ലതു തന്നെ. ചെറിയ സന്തോഷങ്ങൾ അപരിചിത പ്രകൃതിയിലേക്കുള്ള ഇതുപോലുള്ള യാത്രകളിലും നമുക്ക് കണ്ടെത്താം. എന്നെ സംബന്ധിച്ച്​ പ്രത്യേകിച്ച് സന്തോഷം ഒന്നും തോന്നാത്ത കാലമാണ്. അപ്പോൾ ഈ ചെറിയ യാത്രയും മൂന്നു രാത്രികളും (മടങ്ങിയ രാത്രി ഉൾപ്പെടെ) ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളായി ഞാൻ കാണുന്നു.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments