വീരാൻകുട്ടി / Photo: Veerankutty Mehfil, Fb

വീരാൻകുട്ടി മാഷ്​ സമ്മാനിച്ച സിമ്പോർസ്​ക

സയൻസ്​ വിട്ട്​ തുടർപഠനത്തിന്​ ‘മാഷിന്റെ കുട്ടി’യായി മലയാളം തെരഞ്ഞെടുത്ത ഒരു വിദ്യാർഥി അനുഭവം

ചിതറിയ ചില ഓർമകളാണിത്; എന്റെ കോളേജ് കാലത്തു നിന്നുള്ളത്.
വീരാൻകുട്ടി മാഷെ ഞാൻ പരിചയപ്പെടുന്നത് അക്കാലത്താണ്. വീരാൻകുട്ടി എന്ന കവിയെ അതിനും മുന്നേ പരിചയമുണ്ടായിരുന്നു. സയൻസ് ബ്ലോക്കിൽ സെക്കൻറ്​ ലാംഗ്വേജ്​ ക്ലാസിൽ മാഷ് വരാൻ തുടങ്ങിയതോടെ വ്യക്തിപരമായ ഒരടുപ്പവും ഞങ്ങൾ തമ്മിൽ രൂപപ്പെട്ടു. മടപ്പള്ളി ഗവ. കോളേജിലെ മലയാളം വിഭാഗത്തിന് ഇപ്പോഴും സ്വന്തമായി കുട്ടികളില്ല. പക്ഷെ മാഷ് പ്രധാനമായി കണ്ട ഒരു കാര്യമുണ്ട്. ഭാഷാധ്യാപകർക്ക് എല്ലാ വിഭാഗത്തിലെ കുട്ടികളെയും പരിചയപ്പെടാൻ അവസരമുണ്ട് എന്നതാണത്. അതിനാൽ എല്ലാ വിഭാഗത്തിലെ കുട്ടികളെയും മാഷ് സ്വന്തമാക്കി. ഞാനൊക്കെ മാഷിന്റെ കുട്ടിയായിത്തന്നെ തുടർപഠനത്തിന് മലയാളം തെരഞ്ഞെടുത്തു. സയൻസ് വിട്ടു. കാലടിയിൽ തന്നെ എം. എ പഠിക്കണം എന്നത് മാഷിന്റെ നിർദേശമായിരുന്നു.

ഏതെങ്കിലും ഗൈഡോ നോട്ടോ പഠിക്കാൻ മാഷ് പറഞ്ഞില്ല. സാഹിത്യ ചരിത്രം തന്നെ വായിപ്പിച്ചു. അന്ന് വാങ്ങിയ സാഹിത്യ ചരിത്രം ഇപ്പോഴും കൂടെയുണ്ട്. പല പരീക്ഷകളിൽ അത് കൂട്ടായി.

അഡ്മിഷൻ കിട്ടിയപ്പോൾ ഞാനും മാഷും സന്തോഷിച്ചു. എൻട്രൻസിന് പഠിക്കാൻ ജോർജിന്റെ സാഹിത്യ ചരിത്രം വാങ്ങിപ്പിക്കുന്നത് മാഷാണ്. അതിലെ എല്ലാ വാദങ്ങളും ശരിയാണെന്ന് ഞാൻ വിശ്വസിച്ചു. ഭാഷോല്പത്തിയെക്കുറിച്ചുള്ള ചോദ്യത്തിന് മലയാളം ഒരു സ്വതന്ത്രഭാഷയാണെന്നൊക്കെ എൻട്രൻസിന് എഴുതിയും വച്ചു. എന്നിരുന്നാലും അത് വായിച്ചതിന്റെ ഗുണം മിക്ക ചോദ്യങ്ങൾക്കും ഉത്തരമെഴുതുമ്പോൾ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. അതൊരു വലിയ പാഠമായി ഞാൻ കരുതുന്നു. ഏതെങ്കിലും ഗൈഡോ നോട്ടോ പഠിക്കാൻ മാഷ് പറഞ്ഞില്ല. സാഹിത്യ ചരിത്രം തന്നെ വായിപ്പിച്ചു. അന്ന് വാങ്ങിയ സാഹിത്യ ചരിത്രം ഇപ്പോഴും കൂടെയുണ്ട്. പല പരീക്ഷകളിൽ അത് കൂട്ടായി. ഇത്രയധികം ഉപയോഗിക്കേണ്ടി വരുമെന്ന് വാങ്ങുമ്പോൾ കരുതിയതേയില്ല.

വിസ്ലാവ സിമ്പോർസ്ക / Photo: Wikimedia Commons

വിസ്ലാവ സിമ്പോർസ്ക മരിക്കുംവരെ ഭൂമിയിൽ അങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. 2012 ലായിരുന്നു അത്. വീരാൻകുട്ടി മാഷ് ക്ലാസിൽ ആ മരണവാർത്ത കേട്ടിരുന്നോ എന്ന് തിരക്കി. മാധ്യമങ്ങൾക്ക് ആ വാർത്ത അപ്രധാനമായിരുന്നു. അതിൽ മാഷിന് ചെറുതല്ലാത്ത ദുഃഖവുമുണ്ടായിരുന്നു. നൊബേൽ ജേതാവായ ആ പോളിഷ് എഴുത്തുകാരിയെക്കുറിച്ച് എന്തെല്ലാമോ മാഷന്ന് പറഞ്ഞു. സത്യത്തിൽ ആ എഴുത്തുകാരിയുടെ ജീവിതം സാർത്ഥകമായിരുന്നെന്ന് ഇതെഴുതുമ്പോൾ ബോധ്യപ്പെടുന്നു.

മറ്റേതോ ഭാഷയിൽ ചിന്തിക്കുന്നവരാൽ, മറ്റേതോ ദേശത്തിൽ പെരുമാറുന്നവരാൽ അവർ ഓർമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ആ ദിവസം മാത്രമല്ല മാഷ് പലപ്പോഴായി സിമ്പോർസ്കയെ ക്ലാസിൽ ഓർമിച്ചിട്ടുണ്ട്. പിൽക്കാലത്ത് അവരെ ഞാനേറെ വായിക്കുകയും സ്വകാര്യമായി വിവർത്തനം ചെയ്യാൻ ശ്രമിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. വീരാൻകുട്ടി മാഷ് എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന് സിമ്പോർസ്​ക എന്ന എഴുത്തുകാരിയാണെന്ന് അതിനാൽ ഞാൻ കരുതുന്നു.

പുതിയ തലമുറ വായിക്കുന്നില്ല, അവർക്ക് മൂല്യങ്ങളില്ല എന്നുതുടങ്ങുന്ന പരാതികളൊന്നും മാഷിനുണ്ടായിരുന്നില്ല. ശാസ്ത്രത്തോടും സാങ്കേതികവിദ്യയോടുമൊന്നും പുറംതിരിഞ്ഞുനിൽക്കാൻ മാഷ് തയ്യാറായിരുന്നുമില്ല.

ഒരു ചിലന്തിവലയെ പൂവായിക്കാണാൻ കഴിയുന്നിടത്ത് കവിത ഉണ്ടാവുന്നു എന്ന് മാഷ് പറയാറുണ്ട്. കവിതയിൽ ഒന്നും അതേപടി കയറിവരുന്നില്ല. വടിയെ പൂവാക്കുന്ന ഒരു മാജിക് കവിതയിൽ സംഭവിക്കുന്നുണ്ട്. ഇലയുണങ്ങിയ മരം പൂത്തപടി മാഷിന്റെ കവിതയിൽ നിൽക്കുന്നത് നമ്മൾ കണ്ടതാണല്ലോ.
ഹെമിങ് വേയുടെ For sale: baby shoes, never worn എന്ന വെറും ആറ് വാക്കുകളുള്ള കഥ എപ്പോഴും മാഷ് ഉദ്ധരിക്കാറുണ്ട്. മാഷിനെ അക്കഥ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. മാഷിന്റെ കവിതകൾ നോക്കൂ. ആഡംബരങ്ങൾ ഒന്നുമുണ്ടാവില്ല. അനാവശ്യമായി ഒരു വാക്കുണ്ടാവില്ല. സൂക്ഷ്മം. ലളിതം.
ഒരിക്കൽ അന ബ്ലാദിയാനയുടെ തുറന്ന ജനാല എന്ന കഥ ഞങ്ങളെക്കൊണ്ട് മാഷ്വായിപ്പിച്ചിരുന്നു. കല കൊണ്ട് ഇരുട്ടുമുറിയിൽ വെളിച്ചമെത്തിക്കാമെന്നും വേണ്ടിവന്നാൽ ഇരുട്ടുമുറിയിൽ നിന്ന് രക്ഷപ്പെടാമെന്നും ഞങ്ങൾ അങ്ങനെ പഠിച്ചു. എന്റെ മനസിൽ മാഷ് എപ്പോഴും വെളിച്ചത്തിലാണ്. തുറന്നയിടത്താണ്.

ഗവർമെന്റ് കൊളേജ് മടപ്പള്ളി

പുതിയ തലമുറ വായിക്കുന്നില്ല, അവർക്ക് മൂല്യങ്ങളില്ല എന്നുതുടങ്ങുന്ന പരാതികളൊന്നും മാഷിനുണ്ടായിരുന്നില്ല. ശാസ്ത്രത്തോടും സാങ്കേതികവിദ്യയോടുമൊന്നും പുറംതിരിഞ്ഞുനിൽക്കാൻ മാഷ് തയ്യാറായിരുന്നുമില്ല. എന്നാൽ അപാരമായ കരുതൽ പ്രകൃതിയോട് കാണിക്കുന്നതിനെക്കുറിച്ച് മാഷ് വാചാലമാവുമായിരുന്നു. ഇപ്പോഴും വൈലോപ്പിള്ളിയുടെ എണ്ണപ്പുഴുക്കൾ വായിക്കുമ്പോൾ മാഷ് അക്കവിതയോട് കാണിക്കുന്ന ഇഷ്ടം ഞാനോർക്കാറുണ്ട്. അക്കവിതയൊന്നും വായിക്കാത്തവർ മലയാളകവിതയിൽ ഇടപെടേണ്ടതില്ല എന്നുംകൂടി മാഷ് പറഞ്ഞതായി ഞാനോർക്കുന്നു. ഏതായാലും ‘‘ചിറ്റൂരപ്പനാടാനെണ്ണകൊണ്ടുപോം പുഴുവല്ലോ'' എന്ന വരി എന്റെ മനസിൽ അന്നേ കയറിക്കൂടിയിട്ടുണ്ട്. വെറുതെയാണോ പിഴുതെറിയുമ്പോൾ തൊട്ടാവാടി അരുതേ എന്ന് കൈകൂപ്പുകയാണെന്ന് മാഷിന് മാത്രം കാണാൻ കഴിയുന്നത്.

മാഷ് ഒരു സമയവും വെറുതെ കളഞ്ഞില്ല.
​കോളേജിലേക്ക് ബസിൽ വന്നുകൊണ്ടിരിക്കുമ്പോൾപോലും ചിന്തയിൽ മുഴുകി. അങ്ങനേയും മാഷിന് കവിത കിട്ടി. ഞങ്ങളോട് ചോദിക്കാറുണ്ട്, ബസിലിരിക്കുമ്പോഴൊക്കെ നിങ്ങൾക്കെന്തെല്ലാം ആലോചിക്കാം കുട്ടികളേ എന്ന്. ഇപ്പോഴും മാഷിങ്ങനെ തന്നെ ആയിരിക്കും. വായനയും ആലോചനയും എഴുത്തുമായി സ്വസ്ഥനായിരിക്കും. ▮

Comments