ചിത്രങ്ങൾ : മുഹമ്മദ് ഹനാൻ

ഞാൻ വായിക്കുന്ന ഓരോ കഥയും
​കൊച്ചുമാത്യു മാഷിനുള്ള ഗുരുദക്ഷിണ

പുകയില മണമുള്ള വിജയൻ മാഷ്, കഥകളുടെ തടവുകാരനായ കൊച്ചുമാത്യു മാഷ്; ജീവിതത്തെ സ്വാധീനിച്ച രണ്ട് അധ്യാപകരെക്കുറിച്ചുള്ള അനുഭവം

ഓർമകൾക്ക് ഏതാണ്ട് നാലു ദശകങ്ങളുടെ പഴക്കമുണ്ട്.
ഒരുപക്ഷേ ഇനിയും ഈ ഓർമകൾ ദശകങ്ങളോളം എന്റെ മനസ്സിൽ പച്ചപ്പോടെ തളിർത്തു നിൽക്കും. എന്നെ സ്വാധീനിച്ച അദ്ധ്യാപകർ സത്യത്തിൽ ഒരാളല്ല, മറിച്ച് രണ്ടുപേരുണ്ട്. എന്റെ ജീവിതത്തിൽ എന്നും ഓർമയുടെ ചുവരുകളിൽ സുവർണ ഫ്രെയിമിൽ തിളക്കത്തോടെ നിൽക്കുന്ന രണ്ടുപേർ. അതിലൊരാൾ എന്റെ നാട്ടിൻപുറത്തെ എൽ.പി. സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന വിജയൻ മാഷാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.

അന്ന് ഞങ്ങളുടെ ഗ്രാമത്തിലെ ഒരേയൊരു വിദ്യാലയം ഈ എ.എം.എൽ.പി സ്‌കൂൾ ആയിരുന്നു. അതായത് എയിഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ.
വിശാലമായ പറമ്പിൽ ഓല മേഞ്ഞ പഴയ കെട്ടിടം.
അരമതിലായിരുന്നു അതിന്റെ ചുവർ. ക്ലാസുമുറികൾക്ക് ജനലുകളോ വാതിലുകളോ ഉണ്ടായിരുന്നില്ല. അകത്ത് പൂഴിമണലായിരുന്നു.
തറ മെഴുകുകയോ ടൈൽ ഇടുകയോ ചെയ്തിരുന്നില്ല. ഞങ്ങൾ ചിലപ്പോൾ ബെഞ്ചിലും പൂഴിമണലിലും ഒക്കെ ഇരുന്നാണ് പഠിച്ചിരുന്നത്. ഓഫീസ് റൂമിനുമാത്രം അടച്ചുറപ്പുള്ള ഒരു വാതിലുണ്ടായിരുന്നു. അരമതിലായതിനാൽ ആവശ്യത്തിന് കാറ്റും വെളിച്ചവും ക്ലാസുമുറികളിൽ എത്തിയിരുന്നു.
ഒന്നു മുതൽ നാലുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഓരോ ക്ലാസിനും ഓരോ ഡിവിഷൻ മാത്രം. പ്രധാന അദ്ധ്യാപകനു പുറമെ മറ്റ് മൂന്ന് അദ്ധ്യാപകരുമുണ്ട്. കൂടാതെ അറബിക് പഠിപ്പിക്കാൻ മറ്റൊരദ്ധ്യാപകനും.

കഥകളുടെ ലോകത്തേക്ക് സഞ്ചരിക്കാനും ഇപ്പോഴും പുസ്തകവായനയിലേക്ക് ആണ്ടു മുഴുകാനും എന്നെ പ്രാപ്തമാക്കിയതിൽ വലിയ ഒരു പങ്ക് കൊച്ചുമാത്യു മാഷ്‌ക്കുണ്ട്

ഞങ്ങളുടെ ഗ്രാമത്തിലെ ഏതാണ്ട് 95 ശതമാനം കുട്ടികളും അവിടെയാണ് പഠിച്ചിരുന്നത്. ബാക്കിയുള്ളവർ കുറച്ചകലെയുള്ള സ്‌കൂളുകളിൽ ചേക്കേറിയിരുന്നു. എന്റെ അച്ഛനും അവിടെയാണ് പഠിച്ചിരുന്നത്. പിന്നീട് എന്റെ സഹോദരനും; അതായത് തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന വിദ്യാലയം.
1976ലാണ് എന്നെ ആ സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കുന്നത്. പ്രധാനാദ്ധ്യാപകനായ വിജയൻ മാഷിന്റെ മുമ്പിലേക്ക് അമ്മയോടൊപ്പമാണ് ഞാനെത്തിയത്. അച്ഛൻ പണിക്കുപോയിരിക്കുകയായിരുന്നു. നഴ്‌സറി സ്‌കൂളിലോ അംഗൻവാടിയിലോ പോയ മുൻപരിചയമൊന്നും എനിക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. മടിയോടും പേടിയോടും കൂടിയാണ് ഞാനാ ഓഫീസ് മുറിയിൽ പ്രവേശിച്ചത്. അദ്ദേഹം അമ്മയോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കി അഡ്മിഷൻ രജിസ്റ്ററിൽ എന്റെ പേർ ചേർത്തു. എന്നോടൊപ്പം ബന്ധുക്കളും അയൽവാസികളുമായ ധാരാളം കുട്ടികളും അന്നവിടെ ചേർന്നിരുന്നു. ഞാനുൾപ്പെടുന്ന ദലിതർ ധാരാളമായി താമസിക്കുന്ന പ്രദേശമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ഈ സ്‌കൂൾ അവർക്ക് ഏക അത്താണിയുമായിരുന്നു എന്നതും ചരിത്രം. അതൊരു വേനലവധിക്കാലമായിരുന്നു.

പിന്നീട് ജൂൺ മാസത്തിൽ സ്‌കൂൾ തുറന്നു.
ആദ്യ ദിവസം അമ്മയോടൊപ്പമായിരുന്നു സ്‌കൂളിൽ പോയിരുന്നതെന്നാണ് എന്റെ ഓർമ. ദിവസം ചെല്ലും തോറും സ്‌കൂളിൽ പോകാനുള്ള എന്റെ മടി കൂടിക്കൂടി വന്നു. എന്തോ അകാരണമായ ഭയം എന്നെ പിടികൂടിയിരുന്നു. ഒന്നാം ക്ലാസിലെ ടീച്ചറുടെ കൈയിലെ ചൂരൽവടി എന്നെ ഭയപ്പെടുത്തിയിരിക്കണം. മിക്കവാറും ദിവസങ്ങളിൽ അമ്മയുടെ അടിയുടെ അകമ്പടിയോടെയാണ് ഞാൻ സ്‌കൂളിൽ എത്തിയിരുന്നത്. കരഞ്ഞും അമ്മയെ ശകാരിച്ചും ശപിച്ചും ഞാൻ സ്‌കൂളിൽ പോയിക്കൊണ്ടിരുന്നു. തറയും പറയും പഠിച്ചു തുടങ്ങാൻ ആരംഭിച്ചു. ഒരു ദിവസം എന്റെ മടി കൊടുമുടിയിലെത്തിയ ദിവസം. എന്തുവന്നാലും സ്‌കൂളിൽ പോകില്ല എന്നു ഞാൻ. എന്നാൽ അത് ഒന്നു കാണണമെന്ന വാശിയിൽ അമ്മയും. അമ്മ മുറ്റമടിക്കുന്ന ചൂലിൽ നിന്ന് ഏതാനും ഈർക്കിലെടുത്ത് എന്നെ അടിച്ചുതുടങ്ങി. അമ്മയുടെ കൈയിൽ നിന്ന്​ കുതറി മാറാൻ ആവുന്നത്ര ഞാൻ ശ്രമിച്ചു. പക്ഷേ അമ്മ വിട്ടില്ല. അമ്മ എന്നെ വലിച്ചിഴച്ച് സ്‌കൂളിലേക്ക് കൊണ്ടുപോയി. എല്ലാ ദിവസവുമുള്ള ഏർപ്പാടായതിനാൽ നാട്ടുകാർക്ക് അതിലുള്ള കൗതുകവും നഷ്ടപ്പെട്ടിരുന്നു എന്നു തോന്നുന്നു. ഒരു വിധം അമ്മ എന്നെ സ്‌കൂളിന്റെ വാരാന്തയിലെത്തിച്ചു. ഇതിനകം എന്റെ കരച്ചിൽ ആകാശത്തെപ്പോലും ഭേദിക്കുന്ന ഉച്ചത്തിലെത്തിയിരുന്നു. ബഹളം കേട്ട് വിജയൻ മാഷ് പുറത്തേക്ക് വന്നു.

അമ്മയിൽ നിന്ന് വിവരങ്ങൾ അദ്ദേഹം അറിഞ്ഞിരിക്കണം. അമ്മക്ക് എന്നെ അദ്ദേഹത്തെ ഏൽപിച്ചതിലുള്ള ആശ്വാസം. അദ്ദേഹം എന്റെ കൈയിൽ പിടിച്ചു. എനിക്കു ദ്വേഷ്യവും സങ്കടവും ഒരുമിച്ചു വന്നിരുന്നു. ഞാൻ പിടിക്കപ്പെട്ടല്ലോ.
ഞാൻ അദ്ദേഹത്തിന്റെ കൈയിൽ ആഞ്ഞ് ഒരു കടി കൊടുത്തു. എങ്കിലും അദ്ദേഹം പിടിവിട്ടില്ല. ഞങ്ങൾ തമ്മിലുള്ള പിടിവലിയിൽ അദ്ദേഹത്തിന്റെ വാച്ച് പൊട്ടി താഴെ വീണുപോയിരുന്നു. എങ്കിലും അദ്ദേഹം എന്നെ വിടാതെ ചേർത്തു പിടിച്ചിരുന്നു. എന്തൊക്കെയോ ആശ്വാസ വാക്കുകൾ പറഞ്ഞു. പിന്നെ അദ്ദേഹം എന്നെ ഒന്നാം ക്ലാസിൽ കൊണ്ടിരുത്തി. സഹപാഠികൾ എന്റെ നിസ്സാഹായതയിൽ സഹതാപത്തോടെ നോക്കി കൊണ്ടിരുന്നു.

പുകയില പൊടി മുക്കിൽ കയറ്റിയശേഷം ഷർട്ടിന്റെ കൈ തെരുത്തു കയറ്റി അതിനുള്ളിൽ സൂക്ഷിച്ച തൂവാലയെടുത്ത് ഒരു പ്രത്യേക രീതിയിലാണ് അദ്ദേഹം തുടച്ചിരുന്നത്. ആ തൂവാല പുകയിലപൊടിയിൽ കുതിർന്നിരിക്കണം. അടുത്തെത്തുമ്പോൾ അദ്ദേഹത്തെ ഞങ്ങൾ പുകയില മണത്തിരുന്നു.

പിന്നീട് എന്റെ മടി പതുക്കെ എന്നെ വിട്ടകന്നു. ഒരുപക്ഷേ വിജയൻ മാഷിന്റെ സ്‌നേഹനിർഭരമായ പെരുമാറ്റവും ഉപദേശവുമായിരിക്കണം അതിനുകാരണം. ഞാൻ നന്നായി പഠിച്ച് രണ്ടിലേക്കും മൂന്നിലേക്കും നാലിലേക്കും വിജയിച്ചു. നാലാം ക്ലാസിലാണ് വിജയൻ മാഷ് എന്നെ പഠിപ്പിച്ചത്. കണക്കും സാമൂഹ്യശാസ്ത്രവും ഇംഗ്ലീഷ് അക്ഷരമാലയും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. നാലാം ക്ലാസിലെത്തിയശേഷമാണ് ഞാൻ അദ്ദേഹത്തെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത്. അദ്ദേഹമെന്നും തന്റെ സന്തത സഹചാരിയായിരുന്ന ഹീറോ സൈക്കിളിൽ ഒമ്പതരക്ക് സ്‌കൂളിൽ എത്തിയിരുന്നു. അദ്ദേഹം എപ്പോഴും ഫുൾ സ്ലീവ് വെള്ള ഷർട്ടും മുണ്ടും ധരിച്ചിരുന്നു. ഷർട്ടിന്റെ കൈ ഒരു പ്രത്യേക രീതിയിൽ മുട്ടിനൊപ്പം തെരുത്തുവെച്ചിരുന്നു. അതിനിടയിലാണ് തൂവാല സൂക്ഷിച്ചിരുന്നത്. ഇടയ്ക്കിടെ മൂക്കിൽ പുകയില പൊടി കയറ്റിവലിക്കുന്ന ശീലമുണ്ടായിരുന്നു മാഷ്‌ക്ക്. ഒരു പ്രത്യേക ഭംഗിയിലാണ് അദ്ദേഹം അത് ചെയ്തിരുന്നത്. ഞങ്ങൾ കുട്ടികൾ ഏറെ കൗതുകത്തോടെയാണ് അത് നോക്കിയിരുന്നത്. പുകയില പൊടി മുക്കിൽ കയറ്റിയശേഷം ഷർട്ടിന്റെ കൈ തെരുത്തു കയറ്റി അതിനുള്ളിൽ സൂക്ഷിച്ച തൂവാലയെടുത്ത് ഒരു പ്രത്യേക രീതിയിലാണ് അദ്ദേഹം തുടച്ചിരുന്നത്. ആ തൂവാല പുകയിലപൊടിയിൽ കുതിർന്നിരിക്കണം. അടുത്തെത്തുമ്പോൾ അദ്ദേഹത്തെ ഞങ്ങൾ പുകയില മണത്തിരുന്നു.

അദ്ദേഹം ഒരിക്കലും ഞങ്ങളെ അകാരണമായി ശിക്ഷിച്ചിരുന്നില്ല. സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഇത്ര ജനകീയനായ ഒരദ്ധ്യാപകൻ ആ സ്‌കൂളിൽ അതിനുമുമ്പോ ശേഷമോ ജോലി ചെയ്തിട്ടില്ല. ഓരോ വിദ്യാർത്ഥിയുടെയും കുടുംബ പശ്ചാത്തലവും കുടുംബാംഗങ്ങളെയും അദ്ദേഹത്തിനറിയാം. പല വീട്ടുകാരും അദ്ദേഹത്തെ ഒരു കുടുംബാംഗത്തെ പോലെയാണ് കണ്ടിരുന്നത്. സമ്പന്നരായ രക്ഷിതാക്കളോടും കർഷക തൊഴിലാളികളും ദരിദ്രരുമായ ഞങ്ങളുടെ മാതാപിതാക്കളോടും സമഭാവനയോടെ, കൃത്രിമത്വമില്ലാതെ അദ്ദേഹം പെരുമാറിയിരുന്നു. എല്ലാ വീടുകളിലെയും പ്രധാന ചടങ്ങുകളിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. വിവാഹങ്ങൾക്കൊക്കെ അടുത്ത ബന്ധുവിനെ പോലെ ആദ്യം അദ്ദേഹത്തെ ക്ഷണിക്കാൻ നാട്ടുകാർ മറന്നില്ല.
പഠിച്ച വിദ്യാർത്ഥികളുടെയും പിന്നീട് അവരുടെ മക്കളുടെയും വിവാഹത്തിനും വരെ പങ്കെടുക്കുവാൻ അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചിരുന്നു. റിട്ടയർ ചെയ്തശേഷം മരണം വരെ അദ്ദേഹം ഞങ്ങളുടെ നാട്ടിലെ വീടുകളിലെ വിശേഷാവസരങ്ങളിൽ ക്ഷണിക്കപ്പെട്ടു. അത്തരം ചടങ്ങുകളിൽ ആദ്യാവസാനം അദ്ദേഹം പങ്കെടുത്തു. നാട്ടിലെ രണ്ടു മൂന്നു തലമുറകളെ അദ്ദേഹം പഠിപ്പിച്ചിരുന്നു. ഇന്നും വിജയൻ മാഷ് എന്നു പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ അറിയാത്തവർ ചുരുക്കമാണ്. ഒരു നാട് ഇത്രയേറെ സ്‌നേഹിച്ച, ഇഷ്ടപ്പെട്ട ഒരദ്ധ്യാപകൻ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ എന്നറിയില്ല. അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം ഞങ്ങൾക്ക്.
എന്റെ ജീവിതത്തിലെ ഉയർച്ചകളിൽ അദ്ദേഹം ഏറെ സന്തോഷിച്ചിരുന്നു. അഭിമാനിച്ചിരുന്നു.

ഒടുവിൽ ഏതാനും വർഷങ്ങൾക്കു മുമ്പായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. അന്ന് ആ നാടു മുഴുവൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. പക്ഷേ ജോലി സംബന്ധമായി ഞാൻ കണ്ണൂരിലായതിനാൽ സമയത്തിന് വിവരം അറിയാനോ അദ്ദേഹത്തിന്റെ ഭൗതിക ശരീരം അവസാനമായി കാണാനോ കഴിഞ്ഞില്ല എന്ന ദുഃഖം ഇപ്പോഴും വിട്ടു പോയിട്ടില്ല. എന്റെ ഓർമയിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാത്ത രൂപങ്ങളിലൊന്ന് വിജയൻമാഷിന്റെതാണ്. ഒരർത്ഥത്തിൽ എന്റെ ജീവിതം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാനെപ്പോഴും വിചാരിക്കാറുണ്ട്. ആ പുകയില മണം ഇപ്പോഴും എന്നിൽ നിന്നും വിട്ടുപോയിട്ടില്ല എന്നും ഞാൻ തിരിച്ചറിയുന്നു.

ജീവിതത്തിൽ മറക്കാനാവാത്ത സ്വാധീനം ചെലുത്തിയ മറ്റൊരദ്ധ്യാപകൻ എന്നെ ഹൈസ്‌കൂൾ ക്ലാസിൽ മലയാളം പഠിപ്പിച്ച കൊച്ചുമാത്യു മാഷാണ്. എന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പാവറട്ടി സെൻറ്​ ജോസഫ് ഹൈസ്‌കൂളിലായിരുന്നു. വീട്ടിൽ നിന്ന് ഏതാണ്ട് ആറു കിലോമീറ്റർ ദൂരത്താണ് സ്‌കൂൾ. പാവറട്ടി സെൻറ്​ ജോസഫ് പള്ളിക്ക് അഭിമുഖമായി ആ സ്‌കൂൾ ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു. കൊച്ചുമാത്യു മാഷ് എന്നെ എട്ടിലും പത്തിലുമാണ് മലയാളം പഠിപ്പിച്ചത്. കാഴ്ചക്ക് അതിസുന്ദരനായിരുന്നു അദ്ദേഹം. ഏറെ ചെറുപ്പവും. എപ്പോഴും വെള്ള ഷർട്ടും മുണ്ടും മാത്രം ധരിച്ചു. ആ കറുത്ത ചുരുണ്ട ഭംഗിയുള്ള തലമുടി ഞാൻ അധികം പേരിൽ കണ്ടിട്ടില്ല. ക്ലാസിൽ ഏറെ സൗമ്യനായിരുന്നു. മറ്റ് അദ്ധ്യാപകരെ പോലെ അദ്ദേഹം നിന്നുകൊണ്ടല്ല പഠിപ്പിക്കുക.! കസേരയിലിരുന്ന് മേശ തന്നിലേക്കു വലിച്ചടുപ്പിച്ച് ക്ലാസെടുക്കും. അദ്ദേഹത്തിന്റെ ക്ലാസുകൾ രസകരമായിരുന്നു. ഓരോ പരാഗ്രാഫും വായിച്ചു നിർത്തി നിരവധി അനുബന്ധകഥകളുടെ മോമ്പൊടി വിതറിയാണ് പാഠഭാഗം വിശദീകരിക്കുക. തെന്നാലിരാമൻ കഥകളും നമ്പൂതിരി ഫലിതങ്ങളും അദ്ദേഹത്തിൽ നിന്നാണ് ഞാൻ കേൾക്കുന്നത്. ഓരോ പാഠഭാഗത്തിനും ഏറ്റവും യോജിച്ച കഥകളാണ് അദ്ദേഹം തിരഞ്ഞെടുത്ത് അവതരിപ്പിക്കുക. നൂറു കണക്കിന് കഥകളാണ് അദ്ദേഹത്തിന്റെ ക്ലാസുകളിലൂടെ ഞങ്ങൾ കേട്ടത്.

ഒരു പക്ഷേ, പിന്നീട് പുസ്തകവായനയിലേക്കും ഫിക്ഷന്റെ മാന്ത്രിക ലോകത്തിലേക്കും സഞ്ചരിക്കാൻ എന്റെ പ്രാപ്തനാക്കിയത് അദ്ദേഹമാണ്. കഥകൾ പറഞ്ഞുപറഞ്ഞ് അതിന്റെ മാസ്മരികതയിലേക്കും അത്ഭുതലോകത്തേക്കും ഞങ്ങളെ കൈ പിടിച്ചുയർത്തുകയായിരുന്നു അദ്ദേഹം. കഥകൾ ഓർത്തുവെക്കാനും അത് പാഠങ്ങൾ എടുക്കുന്ന സന്ദർഭത്തിൽ അവതരിപ്പിക്കാനും ആശയങ്ങൾ വിശദീകരിക്കാനും അദ്ദേഹത്തിനുള്ള കഴിവ് പിന്നീട് പഠിപ്പിച്ച മറ്റൊരദ്ധ്യാപകനിൽനിന്നും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. കഥകളുടെ ഒരു അക്ഷയഖനി തന്നെയാണ് അദ്ദേഹം എന്ന് തോന്നിയിട്ടുണ്ട്. കഥകളുടെ തടവുകാരനായതിനാൽ ഒരിക്കൽ പോലും ചൂരൽവടി അദ്ദേഹം ഉപയോഗിച്ചിരുന്നില്ല.

പക്ഷേ ജീവിതത്തിൽ പിന്നീടൊരിക്കലും മറ്റൊരദ്ധ്യാപകനിൽ നിന്നും അത്ര സന്തോഷകരമായ, ആത്മാർത്ഥമായ അഭിനന്ദനം ഞാൻ അനുഭവിച്ചിട്ടില്ല.

മറ്റൊരു മറക്കാനാവാത്ത അനുഭവവും എനിക്കുണ്ട്.
പത്താം ക്ലാസിൽ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അദ്ദേഹം കുട്ടികളുടെ മലയാളം നോട്ടുപുസ്തകം പരിശോധിക്കാൻ കൊണ്ടുപോയിരുന്നു. ഏകദേശം 50 നടുത്ത കുട്ടികളുണ്ടായിരുന്നു ഞങ്ങളുടെ ക്ലാസിൽ. രണ്ടു ദിവസം കഴിഞ്ഞ് നോട്ടുപുസ്തകങ്ങൾ തിരികെ തന്നു. അന്ന് അദ്ദേഹം ക്ലാസിൽ നടത്തിയ അഭിപ്രായപ്രകടനം ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. നോട്ടുബുക്കുകൾ പരിശോധിച്ചതിൽ ഏറ്റവും കുറച്ച് തെറ്റുകൾ മാത്രം ഉണ്ടായിരുന്നത് എന്റെ പുസ്തകത്തിലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എഴുന്നേൽപ്പിച്ചു നിർത്തി എന്നെ അഭിനന്ദിക്കുകയും ചെയ്തു. ഏറെ അഭിമാനം തോന്നിയ നിമിഷം. ആ ഇളംപ്രായത്തിൽ ഏറെ കോരിത്തരിപ്പുണ്ടാക്കിയ സന്ദർഭം. ഒരു പക്ഷേ ജീവിതത്തിൽ പിന്നീടൊരിക്കലും മറ്റൊരദ്ധ്യാപകനിൽ നിന്നും അത്ര സന്തോഷകരമായ, ആത്മാർത്ഥമായ അഭിനന്ദനം ഞാൻ അനുഭവിച്ചിട്ടില്ല.

കഥകളുടെ ലോകത്തേക്ക് സഞ്ചരിക്കാനും ഇപ്പോഴും പുസ്തകവായനയിലേക്ക് ആണ്ടു മുഴുകാനും എന്നെ പ്രാപ്തമാക്കിയതിൽ വലിയ ഒരു പങ്ക് കൊച്ചുമാത്യു മാഷ്‌ക്കുണ്ട്. അതിലെനിക്ക് അദ്ദേഹത്തോടുള്ള കടപ്പാട് ജീവിതാന്ത്യം വരെ തുടരും. അതുകൊണ്ടുതന്നെ ഞാൻ വായിക്കുന്ന ഓരോ കഥയും പുസ്തകവും അദ്ദേഹത്തിനുള്ള ഗുരുദക്ഷിണയായി ഞാൻ കണക്കാക്കുന്നു. ▮


സതീശ് ഓവ്വാട്ട്

രജിസ്​ട്രേഷൻ വകുപ്പിൽ​ ജോലി ചെയ്യുന്നു. ശാസ്​ത്രസാഹിത്യ പരിഷത്ത്​, പു.ക.സ എന്നീ സംഘടനകളുമായി ബന്ധപ്പെട്ട ്​ പ്രവർത്തിക്കുന്നു.

Comments