എം.പി. ബാലറാം

ശിഷ്യനുവേണ്ടി ജയിലിലേക്കുവരെ
കരുതലെത്തിച്ച ബാലറാം മാഷ്

മുത്തങ്ങ കേസിൽ പെട്ട് ക്രൂരമായി മർദ്ദനമേറ്റ് കണ്ണൂർ ജയിലിൽ കിടന്ന കാലത്ത് ഉദ്യോഗസ്ഥരിൽ നിന്ന് നല്ല ശ്രദ്ധയും പെരുമാറ്റവും ലഭിച്ചു. അതിനുശേഷം ബാലറാം മാഷ് എന്നെ കാണാൻ വന്നപ്പോഴാണ് വസ്തുതകൾ മനസിലായത്.

ഴാം ക്ലാസുവരെ ഞാൻ പഠിച്ചത് വീടിനടുത്ത കോളിയാടി എ.യു.പി. സ്‌കൂളിലാണ്. മോശമല്ലാത്ത വിധം പഠിച്ചിരുന്നതിനാൽ അധ്യാപകർക്കൊക്കെ എന്നെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാവാം എന്നെ കൽപ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിൽ എട്ടാം ക്ലാസിൽ ചേർക്കണമെന്ന് അവർ അച്ഛനോട് പറഞ്ഞത്. എന്റെ വീടും സ്‌കൂളും തമ്മിൽ 30 കിലോമീറ്ററിൽ കൂടുതൽ അകലമുണ്ടായിട്ടും എനിക്കവിടെ ചേരാനായത് അന്നവിടെ ഗാന്ധി സദൻ എന്ന പേരിൽ ഒരു ട്രൈബൽ ഹോസ്റ്റലുണ്ടായിരുന്നതിനാലാണ്. എനിക്കും അവിടെ ഒരു സീറ്റു കിട്ടി. അങ്ങനെ ആദിവാസി ജീവിതം അടുത്തറിയാൻ തുടങ്ങി. വയനാട്ടിലെ ഏതാണ്ടെല്ലാ വിഭാഗം ആദിവാസികളിലും പെട്ടവർ എന്റെ സഹ അന്തേവാസികളായി. വീട്ടിൽ നിന്ന് വിട്ട് താമസിക്കുന്നത് ആദ്യമാണ്.

വൈകുന്നേരങ്ങളിൽ മാഷുടെ മുറിയിൽ പോയിരുന്ന് മാസികകളും പുസ്തകങ്ങളുമൊക്കെ നോക്കാൻ എന്നെ അനുവദിച്ചിരുന്നു. മാഷുടെ മുറിയിൽ വെച്ചാണ് ഞാനാദ്യമായി ടൂത്ത്ബ്രഷും പേയ്‌സ്റ്റും കാണുന്നത്.

അതിരാവിലെയുള്ള ഉണരലും പ്രാർത്ഥനയുമൊക്കെ വലിയ പ്രശ്‌നമായിരുന്നു. ഹോസ്റ്റലിൽ സസ്യഭക്ഷണമാണ്. പ്രഭാത ഭക്ഷണം എന്നും ഉപ്പുമാവും രാത്രി കപ്പ പുഴുങ്ങിയതും ഉച്ചക്ക് സാമ്പാറും ചോറും. നന്നായി മത്സ്യമാംസങ്ങൾ ശീലിച്ചിരുന്ന എനിക്ക് ആ ഭക്ഷണശീലം അസഹനീയവും അനാരോഗ്യകരവും ആയിരുന്നു. ഹോസ്റ്റൽ ജീവിതം ദുസ്സഹമായിരുന്നെങ്കിലും സ്‌കൂൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. നല്ല അധ്യാപകരും നല്ല ക്ലാസുകളും വലിയ ലൈബ്രറിയും ബുക്ക് ക്ലബ്ബും. എല്ലാ വിഷയത്തിനും ക്ലബ്ബ് പ്രവർത്തനങ്ങൾ.

അങ്ങനെയിരിക്കെ എം.പി. ബാലറാം മാഷ് എന്റെ മലയാളം മാഷായി വന്നു. മിതഭാഷിയാണ് അദ്ദേഹം. മുടി നീട്ടി വളർത്തിയിരുന്നു. അദ്ദേഹത്തോട് എനിക്ക് പ്രത്യേക ഇഷ്ടം തോന്നി. നിർവികാര ഭാവത്തോടെ ചിന്തോദ്ദീപകമായി അദ്ദേഹം അന്ന് എടുത്ത ക്ലാസുകൾ മനസ്സിൽ ദീപ്തമായി ജീവിക്കുന്നു. മുതിർന്ന ക്ലാസുകളിൽ അഴീക്കോട് സാറും വേണുഗോപാലപ്പണിക്കരുമൊക്കെ എടുത്ത ക്ലാസുകളുടെ ഗരിമ ബാലറാം മാഷുടെ ക്ലാസുകൾക്കുമുണ്ടായിരുന്നു. ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്ന അന്നത്തെ മുഹൂർത്തങ്ങൾ ആലോചനാമൃതം തന്നെ.
ഞങ്ങൾ താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടം രണ്ടു നിലയുള്ളതായിരുന്നു. താഴത്തെ നിലയിലാണ് ഞങ്ങളുടെ ഹോസ്റ്റൽ, മുകളിലത്തെ നിലയിലെ മുറികളിൽ അധ്യാപകരും. ബാലറാം മാഷ് ആ മുറികളിലൊന്നിലായിരുന്നു താമസം.

കെ.കെ. സുരേന്ദ്രൻ / Photo: Muhammed Hanan
കെ.കെ. സുരേന്ദ്രൻ / Photo: Muhammed Hanan

വൈകുന്നേരങ്ങളിൽ മാഷുടെ മുറിയിൽ പോയിരുന്ന് മാസികകളും പുസ്തകങ്ങളുമൊക്കെ നോക്കാൻ എന്നെ അനുവദിച്ചിരുന്നു. മാഷുടെ മുറിയിൽ വെച്ചാണ് ഞാനാദ്യമായി ടൂത്ത്ബ്രഷും പേയ്‌സ്റ്റും കാണുന്നത്. സ്‌കൂളിലെ ബുക്ക് ക്ലബ്ബിന്റെ ചുമതലക്കാരൻ മാഷായിരുന്നു. അന്ന് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വായനക്കുറിപ്പ് മത്സരത്തിൽ സമ്മാനം എനിക്കായിരുന്നു. ബഷീറിന്റെ ശബ്ദങ്ങൾ എന്ന പുസ്തകത്തെ കുറിച്ചായിരുന്നു എന്റെ കുറിപ്പ്. എന്റെ വായനയും എഴുത്തുമൊക്കെ ബാലറാം മാഷുടെ പ്രേരണയിൽ നിന്നുണ്ടായതാണ്. ഇടതുപക്ഷക്കാരനായിരുന്ന മാഷുടെ പ്രേരണയിലാണ് ഞാൻ ആധുനികയുഗത്തിലെ വിപ്ലവങ്ങൾ, അമ്മ, നല്ല ഭൂമി തുടങ്ങിയ പുസ്തകങ്ങൾ ഹൈസ്‌കൂൾ കാലത്തേ വായിച്ചു തീർത്തത്. മാഷുടെ പ്രേരണയാൽ നടത്തിയ തനിച്ചുള്ള കോഴിക്കോട് യാത്ര ഇന്നും ഓർമയിലുണ്ട്. അടിയന്തരാവസ്ഥ കാലമായിരുന്നു. സ്‌കൂളിൽ വനമഹോത്സവത്തെക്കുറിച്ച് നടന്ന പ്രസംഗ മത്സരത്തിൽ എനിക്കായിരുന്നു ഒന്നാം സ്ഥാനം. ഒന്നാം സ്ഥാനക്കാരെ കോഴിക്കോട് നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കും. അതിനു പോകാൻ ബാലറാം മാഷ് എന്നെ നിർബന്ധിച്ചു. മത്സരം നടക്കുന്ന ദിവസം മാഷും എന്തോ ഒരാവശ്യത്തിന് കോഴിക്കോട് പോകുന്നുണ്ട്. എനിക്ക് സന്തോഷമായി, മാഷോടൊപ്പം പോകാമല്ലോ.

എന്റെ ഭയം ഞാൻ മാഷോട് തുറന്നു പറഞ്ഞു. കോഴിക്കോട്ടൊക്കെ ചെന്ന് ഓട്ടോറിക്ഷയിലൊക്കെ കയറിയാൽ അവർ കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കില്ലേ എന്ന എന്റെ ആധി മാഷോട് തുറന്നു പറഞ്ഞു.

പക്ഷേ മത്സരത്തിന് രണ്ടുദിവസം മുമ്പ് മാഷെന്നെ വിളിച്ചു പറഞ്ഞു, അദ്ദേഹം വരുന്നില്ലെന്ന്. മാത്രമല്ല എന്നോടെന്തായാലും പോകണമെന്നും പറഞ്ഞു. ഞാനാകെ ഹതാശനായി, എന്റെ ഭയം ഞാൻ മാഷോട് തുറന്നു പറഞ്ഞു. കോഴിക്കോട്ടൊക്കെ ചെന്ന് ഓട്ടോറിക്ഷയിലൊക്കെ കയറിയാൽ അവർ കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കില്ലേ എന്ന എന്റെ ആധി മാഷോട് തുറന്നു പറഞ്ഞു. അതുകൊണ്ട് മാഷില്ലെങ്കിൽ പോകുന്നില്ലെന്ന് കട്ടായം പറഞ്ഞു. ഒരു ചെറു ചിരിയോടെ മാഷ് എന്റെ ധാരണപ്പിശക് തിരുത്തി, എന്നിൽ ആത്മവിശ്വാസം നിറച്ചു. അങ്ങനെ ഞാൻ അടുത്ത ദിവസം രാവിലെ കൽപ്പറ്റയിൽ നിന്ന് ബസ് കയറി കോഴിക്കോട്ടിറങ്ങി. ഒരു ഓട്ടോറിക്ഷയിൽ കയറി സാമൂതിരി സ്‌കൂളിൽ പോയി പ്രസംഗ മത്സരത്തിൽ പങ്കെടുത്തു. അവിടെനിന്ന് പരിചയപ്പെട്ട വയനാട്ടുകാരനായ വിദ്യാർഥിയോടൊപ്പം രാധ തിയേറ്ററിൽ മാറ്റിനി കണ്ട് വയനാട്ടിലേക്ക് ബസുകയറി.

ഹോസ്റ്റലിൽ ചില പ്രശ്‌നങ്ങളുണ്ടാവുകയും വിട്ടുമാറാത്ത ചുമ ബാധിക്കുകയുമൊക്കെ ചെയ്തതിനാൽ ഞാൻ എസ്.കെ.എം.ജെയിലെ പഠനം നിർത്താൻ തീരുമാനിച്ചു. പത്താം ക്ലാസിൽ ചീരാൽ ഹൈസ്‌കൂളിലേക്ക് മാറി.
സ്‌കൂളും ബാലറാം മാഷുമായുള്ള ബന്ധം എനിക്ക് അത്യന്താപേക്ഷിതമായിരുന്നെങ്കിലും ഗാന്ധി സദനിലെ ദുരിത ജീവിതം അസഹ്യമായിരുന്നു. അങ്ങനെ ഞാൻ വേദനയോടെ മാഷെ പിരിഞ്ഞു. അധികം വൈകാതെ മാഷും സ്വന്തം നാടായ കണ്ണൂരിലേക്ക് പി.എസ്.സി. ജോലി കിട്ടി പോയി. ഞങ്ങൾ തമ്മിലുള്ള കത്തിടപാടുകൾ തുടർന്നു. മാഷെനിക്ക് പുസ്തകങ്ങളെക്കുറിച്ചും അദ്ദേഹമെഴുതുന്ന ലേഖനങ്ങളെക്കുറിച്ചുമൊക്കെ എഴുതി. അക്കാലത്തൊരിക്കൽ ദേശാഭിമാനി വാരികയിൽ "മുതലാളിത്തത്തിന്റെ ഉദയവും ഇന്ദുലേഖയും' എന്ന പേരിൽ മാഷെഴുതിയ ലേഖനം പ്രസിദ്ധീകരിച്ചു വന്നത് എനിക്കയച്ചു തന്നിരുന്നു.

എസ്.കെ.എം.ജെ. സ്‌കൂൾ കൽപറ്റ
എസ്.കെ.എം.ജെ. സ്‌കൂൾ കൽപറ്റ

അങ്ങനെയിരിക്കെ എസ്.എഫ്.ഐയുടെ വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ നടന്നു. ഞാനും ഒരു പ്രതിനിധിയായിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.എ. ബേബി സമ്മേളനത്തിലുടനീളം ഉണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോൾ ഞാൻ ബാലറാം മാഷിന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചു. കതിരൂരും മാനന്തവാടിയും തമ്മിലുള്ള അകലമൊന്നും എനിക്കറിയില്ലായിരുന്നു. ഒരു കെ.എസ്.ആർ.ടി.സി. ബസിൽ കയറി ഞാൻ പോയി. ഭാഗ്യത്തിന് കണ്ടക്ടർ ആ നാട്ടുകാരനായിരുന്നു. ഒരു പയ്യൻ ഒറ്റക്കിങ്ങനെ യാത്രക്കാർ കുറഞ്ഞ ബസിൽ യാത്ര ചെയ്യുന്നത് കണ്ടിട്ടാകാം അയാളെന്നോട് വിവരങ്ങൾ തിരക്കി, കതിരൂരിൽ കൊണ്ടിറക്കുകയും ചെയ്തു. രാത്രി ഞാൻ മാഷുടെ വീട് അന്വേഷിച്ചുപിടിച്ച് കയറിച്ചെന്നു. എന്നെക്കണ്ട് അതിശയിച്ച അദ്ദേഹം നിറഞ്ഞ സന്തോഷത്തോടെ ചേർത്തുപിടിച്ചു. ഞാനവിടെ രണ്ടു മൂന്നു ദിവസം താമസിച്ചു. മാഷെന്നെ തലശേരിയിൽ നടക്കുന്ന ശാരദാ കൃഷ്ണയ്യർ സ്മാരക പ്രദർശനത്തിനൊക്കെ കൊണ്ടുപോയി. അന്നവിടെ നിന്ന് ജീവിതത്തിലാദ്യമായി ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി കേട്ടു. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചൊക്കെ മാഷ് പറഞ്ഞുതന്നു.

ഞാൻ ഡയറ്റ് അധ്യാപകനായി. മുത്തങ്ങ കേസിൽ പെട്ട് ക്രൂരമായി മർദ്ദനമേറ്റ് കണ്ണൂർ ജയിലിൽ തടവുകാരനായി. ഒരു ദിവസം രാവിലെ ജയിലർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ അന്വേഷിച്ചു.

എനിക്കദ്ദേഹം യഥാർത്ഥ ഗുരുനാഥനാണ്. അദ്ദേഹത്തിന്റെ ശിഷ്യനായി, ആ വഴികൾ പിന്തുടർന്നാണ് ഞാനും പിന്നീട് ഒരു മലയാളം അധ്യാപകനായതെന്ന് തോന്നുന്നു. വർഷങ്ങൾ കഴിഞ്ഞു. മാഷ് കോളേജ് അധ്യാപകനായി റിട്ടയർ ചെയ്തു. ഞാൻ ഡയറ്റ് അധ്യാപകനായി. മുത്തങ്ങ കേസിൽ പെട്ട് ക്രൂരമായി മർദ്ദനമേറ്റ് കണ്ണൂർ ജയിലിൽ തടവുകാരനായി. ഒരു ദിവസം രാവിലെ ജയിലർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ അന്വേഷിച്ചു. എന്തുണ്ടെങ്കിലും പറയണമെന്നൊക്കെ പറഞ്ഞ് സാന്ത്വനിപ്പിച്ചു. ഞാനും എന്നെ അങ്ങോട്ടു കൊണ്ടുപോയ വാർഡനുമൊക്കെ അത്ഭുതപരതന്ത്രരായി. സാറിനെ അറിയുമോ എന്നൊക്കെ അയാൾ എന്നോടു ചോദിച്ചു. ഞാൻ ഇല്ലെന്നു പറഞ്ഞു. എന്തായാലും ജയിലിൽ കിടന്ന കാലം ഉദ്യോഗസ്ഥരിൽ നിന്ന് നല്ല ശ്രദ്ധയും പെരുമാറ്റവും ലഭിച്ചു. അതിനുശേഷം ബാലറാം മാഷ് എന്നെ കാണാൻ വന്നപ്പോഴാണ് വസ്തുതകൾ മനസിലായത്. ജയിലറുടെ ഭാര്യ മാഷോടൊന്നിച്ച് ജോലി ചെയ്തിരുന്നുപോലും. എന്റെ അറസ്റ്റും മറ്റ് വിവരങ്ങളുമറിഞ്ഞ് മാഷ് അവരെ വിളിച്ച് സംസാരിച്ചിരുന്നു എന്നും എന്നോടു പറഞ്ഞു. അധ്യാപനത്തിലും ശിഷ്യരോടുള്ള സമീപനത്തിലും എന്നും എനിക്ക് മാർഗദീപമായത് എം.പി. ബാലറാമെന്ന എന്റെ ബാലറാം മാഷ് തന്നെയാണ്. ▮


കെ.കെ. സുരേന്ദ്രൻ

എഴുത്തുകാരൻ. സുൽത്താൻ ബത്തേരി ‘ഡയറ്റ്'ൽ സീനിയർ ലക്ചററായിരുന്നു. വയനാട് മുത്തങ്ങയിൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ ഭൂസമരത്തിൽ(2003) പ്രതി ചേർക്കപ്പെട്ടു. അതിക്രൂരമായ പൊലീസ്​ മർദ്ദനത്തിനിരയായി.

Comments