റയ്നർ മറിയ റിൽക്കയെ റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ കവി മെറീന സ്വെതേവ, ബോറിസ് പാസ്റ്റർനാക്കിനുള്ള തന്റെ കത്തിൽ ഇപ്രകാരം എഴുതി: ഇന്ന് റിൽക്ക എന്നിലൂടെ സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അപ്രകാരം പരിഭാഷയുടെ ഭാഷയിലൂടെ അമ്മയിലേക്ക് പ്രവേശിക്കാനും അമ്മ എന്നിലൂടെ സംസാരിക്കണമെന്നും ഞാനും ആഗ്രഹിച്ചു. ജീവിതത്തിൽ ഏറിയ പങ്കും ഞാൻ അമ്മയോടൊപ്പമാണ് ചെലവഴിച്ചിട്ടുള്ളത്. ഇന്നും അതെ. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ആ ഭാഷയിലേക്ക് പ്രവേശിക്കുക എന്നത് ആനി എർണോ, ക്രിസ് ക്രൗസ്, എലേനാ ഫെറാന്തെ എന്നിങ്ങനെ എന്റെ മറ്റ് എഴുത്തുകാരുടെ ഭാഷയിലേക്ക് പ്രവേശിക്കുന്നതിലും എളുപ്പമായിരുന്നു. സംശയദൂരീകരണത്തിനായി എഴുത്തുകാരെ ഇത്ര അടുത്തുകിട്ടുന്ന പരിഭാഷകരും വിരളമായിരിക്കും.
ചില ദിവസങ്ങളിലൊക്കെ അമ്മ നാലോ അഞ്ചോ മണിക്കൂറുകൾ തുടർച്ചയായി ഇരുന്നെഴുതുന്നത് കാണാം. ചിലപ്പോഴൊക്കെ എഴുതിയത് ഉറക്കെ വായിച്ചു കേൾപ്പിക്കാനും അമ്മയ്ക്ക് സന്തോഷമാണ്. പലപ്പോഴും ചായക്കപ്പുകൾക്കും ബിസ്ക്കറ്റുകൾക്കും ഇരുവശമിരുന്ന് വരാനിരിക്കുന്ന കഥാസന്ദർഭങ്ങൾ ഒരാമുഖം എന്നപോലെ അമ്മ വിശദീകരിക്കും. എഴുത്തുകാരി തന്റെ സൃഷ്ടിയെ ആവർത്തിച്ചുറപ്പിക്കുന്ന, തന്നെത്തന്നെ ബോധ്യപ്പെടുത്തുന്ന ചില സമയങ്ങളാണത്. ബുധിനിയുടേയും കറയുടേയും എഴുത്തിന്റെ ആദ്യഘട്ടങ്ങളിൽ പുസ്തകബദ്ധമായ ചരിത്രവിചാരങ്ങളിൽ താൽപര്യമില്ലാതിരുന്ന എന്നെ ചരിത്രം പഠിപ്പിക്കാൻ അമ്മ ബോധപൂർവ്വം ശ്രമിച്ചിരുന്നു. തന്റെ വർത്തമാനത്തിലൂടെ (തീന്മേശക്കരികിൽ, ചെടികൾക്കിടയിൽ, യാത്രകളിൽ) തന്റെ ആശയങ്ങളെ അമ്മ ഉറപ്പിച്ചെടുത്തിരുന്നു. അങ്ങനെ അമ്മയുടെ മാനസിക വ്യവഹാരങ്ങളിലേക്ക് അബോധപൂർവ്വമായി എന്നേയും അമ്മ ഇടപെടുത്തുകയോ ചേർത്തുകയോ കലർത്തുകയോ ചെയ്തുകൊണ്ടിരുന്നു. ഒരുപക്ഷേ ഇതെല്ലാം പരിഭാഷയിൽ എന്നെ സഹായിച്ചുകാണണം.

ഒരടിമയെപ്പോലെ കൃതിയെ പിന്തുടരാൻ ഞാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും പരിഭാഷയിൽ നഷ്ടമാവാനുള്ളതൊക്കെ ഞാൻ നഷ്ടപ്പെടുത്തുക തന്നെ ചെയ്തു. ഞാൻ പരിഭാഷപ്പെടുത്തിയ രണ്ട് കൃതികൾ (ബുധിനിയും കറയും) അമ്മയുടെ മറ്റ് നോവലുകളിൽനിന്ന് വ്യത്യസ്തമായി, വേണമെങ്കിൽ സാർവ്വലൗകികം എന്ന് പറയാവുന്ന ഒരു ഭാഷയിൽ എഴുതപ്പെട്ടവയാണ്. എങ്കിലും എഴുത്തുകാരിയുടെ സ്വരം, അല്ലെങ്കിൽ മൂലകൃതിയിൽ എഴുതപ്പെട്ടിട്ടുള്ള ഭാഷയുടെ താളം, എത്രകണ്ട് മറ്റൊരു ഭാഷയിലേക്ക് മാറ്റിയെഴുതാം എന്നതിന് പല പരിമിതികളും ഉണ്ട്. മറ്റൊരാളുടെ ഭാഷയ്ക്ക് പിടിച്ചെടുക്കാൻ കഴിയാത്ത മാജിക്കാണ് പല എഴുത്തുകാരേയും വ്യത്യസ്തരാക്കുന്നത്. ക്രിയാത്മകം എന്നതിലേറെ പരിഭാഷകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ മൂലഭാഷയും ലക്ഷ്യഭാഷയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും അറിഞ്ഞോ അറിയാതെയോ പരിധികൾ ലംഘിക്കുന്നുണ്ട്.
അമ്മ തന്റെ മൂന്ന് മക്കളേയും വെറുതെവിട്ടു. ദൂരെ വല്ലയിടത്തും ചില സമരങ്ങൾക്കോ മറ്റോ പോകുമ്പോൾ കൂട്ടു വിളിക്കും എന്നതൊഴിച്ചാൽ തന്റെ സാഹിത്യ– സാമൂഹിക ഇടപെടലുകളിലൊന്നും അമ്മ ഞങ്ങളെ ഉൾപ്പെടുത്താറില്ലായിരുന്നു.
ഒരു second author ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നിട്ടും, എഴുത്തുകാരി മനസ്സറിഞ്ഞ് അനുവദിച്ച അയവുകളിലൂടെ ചില മാനസികാഭ്യാസങ്ങൾ ഞാനും നടത്തിക്കാണണം. അതുകൊണ്ടുതന്നെ സാറാ ജോസഫ് എന്ന എഴുത്തുകാരിയെ അവരുടെ ഭാഷയിലൂടെ അറിയുന്ന വായനക്കാർക്ക്, ഭാഷാഭേദങ്ങൾ പിടിച്ചെടുക്കാനുള്ള പരിഭാഷകയുടെ ശ്രമഫലമായി ഇംഗ്ലീഷ് ഭാഷയ്ക്ക് കൈക്കൊള്ളേണ്ടി വരുന്ന വ്യാഖ്യാനരൂപങ്ങളും വിശദാംശങ്ങളും ഒരുപക്ഷേ അപരിചിതങ്ങളായി തോന്നിയേക്കാം. വീണ്ടും ചിന്തിച്ചാൽ കുന്ദേര പറയുന്നതുപോലെ, മൗലികം എന്നൊന്നില്ല, സർവ്വം പരിഭാഷാമയം!

ബുധിനിയുടേയും കറയുടേയും ഇതിവൃത്തങ്ങൾ പിൻതലമാക്കുന്നത് അപരിചിതങ്ങളായ രണ്ട് ദേശങ്ങളെയാണ്. തനിക്ക് അപരിചിതമായ ഒരു ദേശത്തെക്കുറിച്ചെഴുതുമ്പോൾ അതിന്റെ അപരിചിതത്വത്തെ നിലനിർത്തണമെങ്കിൽ തീർച്ചയായും ആ അപരിചിതത്വം അനുഭവിക്കുകതന്നെ വേണം. തന്റെ കഥാപാത്രങ്ങളിരിക്കുന്ന ദിക്കുതേടി ജാർഖണ്ഡിലൂടെയും യോർദ്ദാനിലൂടെയും എഴുത്തുകാരി നടത്തിയ യാത്രകൾ, ഭൂമിയുടെ വിതാനങ്ങൾ അറിയുന്നതിലൂടെ ഭാഷയുടെ വിതാനങ്ങൾ കണ്ടെത്താമെന്ന എഴുത്തുകാരിയുടെ ബോധ്യത്തെ പരിഭാഷകയുടെ കൂടെ ബോധ്യമാക്കി മാറ്റിയ ഒരനുഭവമായിരുന്നു. ഞങ്ങൾ സാന്താൾ ജനതയ്ക്കൊപ്പം ഭക്ഷണം കഴിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു, ബുധിനിയുടെ വീട്ടിൽ നിന്ന് കാപ്പി കുടിച്ചു, അവർക്കും മകൾക്കുമൊപ്പം നിരവധി ചിത്രങ്ങളെടുത്തു, യോർദ്ദാൻ നദിയിൽ കാൽ കഴുകി, ഒലിവ് തോട്ടങ്ങളും പരവതാനിക്കമ്പോളങ്ങളും നടന്നുകണ്ടു, ലോതിന്റെ ഉപ്പുതൂണായി മാറിയ ഭാര്യയെ നോക്കി ചാവുകടലിന് സമീപം ഏറെ നിന്നു. കാറ്റിൽ അഖ്മത്തോവയുടെ ലോത്തിന്റെ ഭാര്യയെ ഞങ്ങൾ ഞങ്ങളുടേതാക്കി.
അത്രമേൽ നിസ്സാരയാകയാൽ, ആരാണ് ഇവളെയോർത്ത് ദുഃഖിക്കുക, എങ്കിലും എന്റെ ചങ്കിൽ അവളെ ഞാൻ തള്ളിപ്പറയില്ല, കാരണം തിരിഞ്ഞുനോക്കാൻ തീരുമാനിച്ച് മരണം വരിച്ച ചങ്കാണവൾ.
പിന്നേയും ഞങ്ങൾ അമ്മയെ ഉപേക്ഷിച്ചു, കാരണം അതിനുള്ള സ്വാതന്ത്ര്യം അമ്മ എപ്പോഴും ഞങ്ങൾക്ക് തരാറുണ്ട്. എങ്കിലും ഈ പരിഭാഷകളിലൂടെ, കഴിഞ്ഞ കാലത്തിലെ അനുചിതമായ ഉപേക്ഷകൾക്ക് വിരാമമിടാൻ ഞാൻ ശ്രമിക്കുകയാണ്.
അമ്മ തന്റെ മൂന്ന് മക്കളേയും വെറുതെവിട്ടു. അതുകൊണ്ടു തന്നെ ഞങ്ങൾ സ്വതന്ത്രരായി വളർന്നു. ചേച്ചിക്ക് പഠിക്കാൻ ഇഷ്ടമായിരുന്നു, ചേട്ടന് നാടകം കളിക്കാൻ, എനിക്ക് വെറുതേ നടക്കാൻ. ദൂരെ വല്ലയിടത്തും ചില സമരങ്ങൾക്കോ മറ്റോ പോകുമ്പോൾ കൂട്ടു വിളിക്കും എന്നതൊഴിച്ചാൽ തന്റെ സാഹിത്യ– സാമൂഹിക ഇടപെടലുകളിലൊന്നും അമ്മ ഞങ്ങളെ ഉൾപ്പെടുത്താറില്ലായിരുന്നു. അദ്ധ്യാപക വൃത്തിയിൽനിന്ന് വിരമിച്ച ദിവസവും മറ്റേതു ദിവസത്തേയും പോലെ അമ്മ തനിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. തന്നെ ആരും കൂട്ടാൻ വരരുതെന്നും ആരും കൊണ്ടാക്കരുതെന്നുമുള്ള (അദ്ധ്യാപകർക്കിടയിലുള്ള ഒരു സ്ഥിരം ഏർപ്പാട്) നിർബന്ധം അമ്മയ്ക്കുണ്ടായിരുന്നു. എങ്കിലും ആദ്യമായി കേരള സാഹിത്യ അക്കാദമി അവാർഡ് വാങ്ങി വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു, ‘ഞാൻ മാത്രമാണ് ആ കൂട്ടത്തിൽ തനിച്ച് പോയി അവാർഡ് വാങ്ങിയത്. എന്റെ വീട്ടിൽ നിന്ന് ഒരു കുട്ടിക്കുപോലും എന്റെ കൂടെ വരാൻ തോന്നിയില്ല’.

ആ വെളിപ്പെടുത്തൽ എനിക്കൊരു ഞെട്ടലായിരുന്നു. കാരണം അത് എന്നെ ഉദ്ദേശിച്ചു മാത്രമായിരുന്നു. ചേട്ടനും ചേച്ചിയും സ്ഥലത്തില്ല. വീട്ടിൽ ഞാൻ മാത്രമാണുണ്ടായിരുന്നത്. സാഹിത്യം, സാഹിത്യം, അവാർഡ്, അവാർഡ് എന്നൊക്കെ കേൾക്കുന്നതല്ലാതെ അതിനെക്കുറിച്ചൊന്നും അത്ര കാര്യമായി ചിന്തിക്കേണ്ടതുണ്ട് എന്ന തോന്നൽ എനിക്കുണ്ടായിരുന്നില്ല. ജോലി കഴിഞ്ഞെത്തിയാൽ എന്റേതായ ലോകത്തിൽ ഒരാമന്തക്കൊടിമരമായി ഇരിക്കുന്ന കാലമായിരുന്നു അത്. എന്തായാലും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചപ്പോൾ ഞങ്ങൾ ആഢംബരമായി രാജധാനി എക്സ്പ്രസ്സ് ബുക്ക് ചെയ്തു. ഒരു ഉല്ലാസയാത്ര പോലെ ഡൽഹിക്ക് തിരിച്ചു. ഐ.ഐ.സിയിൽ താമസം, ഡൽഹിയിലെ ബന്ധുക്കളുമൊത്തുള്ള കറക്കം, പുരസ്കാര സ്വീകരണം.
പിന്നേയും ഞങ്ങൾ അമ്മയെ ഉപേക്ഷിച്ചു, കാരണം അതിനുള്ള സ്വാതന്ത്ര്യം അമ്മ എപ്പോഴും ഞങ്ങൾക്ക് തരാറുണ്ട്. എങ്കിലും ഈ പരിഭാഷകളിലൂടെ, കഴിഞ്ഞ കാലത്തിലെ അനുചിതമായ ഉപേക്ഷകൾക്ക് വിരാമമിടാൻ ഞാൻ ശ്രമിക്കുകയാണ്, എഴുത്തുകാരിയുടെ എന്നപോലെ അവരുടെ എഴുത്തിന്റെയും വക്കും ത്വക്കും അറിയാനുള്ള എന്റെ ചെറിയ ശ്രമമാണത്.