എന്റെ വസന്ത ഋതു; അച്ഛൻ

അകാലത്തിൽ പൊലിഞ്ഞുപോയ പ്രമുഖ ഇക്കണോമിക്സ് പ്രൊഫസർ ബീനാ നായർ ശ്രീകുമാറിന്റെ ഓർമക്ക് ഇന്ദു മേനോൻ എഡിറ്റ് ചെയ്യുന്ന ആന്തോളജി ‘പ്രണയപാരിജാത’ത്തിനുവേണ്ടി സതീഷ് ജി. നായർ അച്ഛനായ മണക്കാട് ഗംഗാധരൻ നായരെക്കുറിച്ച് എഴുതിയ അനുഭവക്കുറിപ്പ്.

ജീവിതത്തിന്റെ തിളച്ചു മറിയുന്ന സങ്കീർണതകളിലും എന്നെ തൊട്ടുനനച്ചുകൊണ്ട് ഒരു മഴ എന്നിലേക്ക് പെയ്തിറങ്ങാറുണ്ട്, ആ മഴയ്ക്ക് ഞാനിട്ട പേരാണ് അച്ഛൻ. എന്നും എപ്പോഴും എന്നിലേക്ക് നിറഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന ഒരു തോരാമഴ. സ്നേഹത്തിന്റെ മണം അതെനിക്ക് അച്ഛൻ മണമായിരുന്നു. ഷേവ് ചെയ്തു മിനുസപ്പെടുത്തിയ കവിളുകളിൽ ചേർന്നുനിന്ന് ചുംബിക്കുമ്പോഴും മുറുക്കി ചുവപ്പിച്ച ചുണ്ടുകളിൽ എന്നെ തേടിയെത്തിയ ചുംബനങ്ങളിൽ നിന്നുമാണ് ഞാൻ സ്നേഹത്തിന്റെ മണം അറിഞ്ഞത്.

സ്നേഹരഹിതമായ നിമിഷങ്ങളിൽ കൂടി കടന്നുപോകുന്ന ഓരോ നിമിഷങ്ങളിലും ഇന്നും അദൃശ്യമായ ഒരു കൈ എന്റെ വിരലുകളിൽ വന്നു തൊട്ടു സ്നേഹസാഗരത്തിന്റെ തിരയിളക്കങ്ങൾ കേൾപ്പിച്ചു തരാറുണ്ട്...

മനസ്സിന്റെ കടലാഴങ്ങളിൽ നിന്ന് ആർത്തിരമ്പി അലയടിച്ചു വന്ന് ചിതറിത്തെറിക്കുന്ന ഓർമ്മകളുടെ ചില തിരകളാണ് നിങ്ങൾക്ക് മുന്നിലായി ഇനി ഒഴുകുന്നത്.

ജീവിതത്തിന്റെ തിളച്ചുമറിയുന്ന സങ്കീർണതകളിലും എന്നെ തൊട്ടു നനച്ചുകൊണ്ട് ഒരു മഴ എന്നിലേക്ക് പെയ്തിറങ്ങാറുണ്ട്, ആ മഴയ്ക്ക് ഞാൻ ഇട്ട പേരാണ് അച്ഛൻ.
ജീവിതത്തിന്റെ തിളച്ചുമറിയുന്ന സങ്കീർണതകളിലും എന്നെ തൊട്ടു നനച്ചുകൊണ്ട് ഒരു മഴ എന്നിലേക്ക് പെയ്തിറങ്ങാറുണ്ട്, ആ മഴയ്ക്ക് ഞാൻ ഇട്ട പേരാണ് അച്ഛൻ.

1997-ൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം. ക്ലാസിലെ ഒരു കൂട്ടുകാരൻ രണ്ടായിരത്തിൽ ലോകം അവസാനിക്കുമെന്ന് ക്ലാസ് മുറിയിൽ ഉറക്കെ പ്രഖ്യാപിച്ചു. ഞാനുൾപ്പെടെയുള്ള എല്ലാ കുട്ടികളും ഞെട്ടലോടെയാണ് അത് കേട്ടത്. സങ്കടം സഹിക്കാൻ വയ്യാതെ അന്നുച്ചക്ക് കഞ്ഞി പോലും കുടിക്കാതെ ഞാൻ സ്കൂളിൽനിന്ന് വീട്ടിലേക്ക് പോയി.
പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന എന്നോട് വീട്ടുകാർ കാരണം ചോദിച്ചു, "രണ്ടായിരത്തിൽ ലോകം അവസാനിക്കും", ഞാൻ കരഞ്ഞോണ്ട് പറഞ്ഞു.
പൊട്ടിച്ചിരിച്ച്, ‘അതൊക്കെ വെറുതെ പറയുന്നതല്ലേ’ എന്ന് അമ്മയും ചേച്ചിയും ആശ്വസിപ്പിച്ചു. വൈകുന്നേരം അച്ഛൻ വന്നപ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞു.
"അതൊക്കെ പറ്റിക്കാൻ ഓരോരുത്തരും പറയുന്നതല്ലേ, ഞാൻ പെൻഷനാകുന്നത് 2003-ലാണ്, പിന്നെയെങ്ങനെ രണ്ടായിരത്തിൽ അവസാനിക്കും" എന്ന് അച്ഛൻ പറഞ്ഞു. ആ വാക്കുകളായിരുന്നു എനിക്കാശ്വാസമായത്. പക്ഷേ 2000 പിറന്നപ്പോൾ അത് കാണാൻ അച്ഛൻ എന്റെ കൂടെയില്ലായിരുന്നു എന്നതാണ് ദയാരഹിതമായ കാലം എനിക്കായി കാത്തുവച്ചിരുന്നത്.

അച്ഛന്റെ വിവാഹ വാർത്ത.
അച്ഛന്റെ വിവാഹ വാർത്ത.

എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 6.30ന് ദൂരദർശനിൽ വരുന്ന ജംഗിൾ ബുക്ക് ഞങ്ങൾ കുട്ടികളുടെ ഇഷ്ടപരിപാടിയായിരുന്നു. വീട്ടിൽ ടിവി ഇല്ലാത്തതിനാൽ വീടിനടുത്തുള്ള മണിയൻ മാമന്റെ വീട്ടിലാണ് ടി വി കാണാറ്. ഞായറാഴ്ച വൈകുന്നേരം ജംഗിൾ ബുക്ക് കാണാൻ മണിയൻ മാമന്റെ വീട്ടിലേക്ക് പോയപ്പോൾ അവിടുത്തെ പട്ടി എന്നെ ഓടിച്ചു. തറയിൽ വീണ് എന്റെ തല പൊട്ടി. എല്ലാവരും ഓടിക്കൂടിയപ്പോൾ അച്ഛനോട് പറയല്ലേ എന്നാണ് ഞാൻ പറഞ്ഞത്. അതുകേട്ട് കണ്ടു നിന്നവർ ചിരിച്ചു. തല പൊട്ടി ചോര വന്നതിനേക്കാൾ എന്നെ സങ്കടപ്പെടുത്തിയത് അച്ഛൻ അറിഞ്ഞാൽ വിഷമിക്കും എന്നതായിരുന്നു. അതാണ് അപ്പോൾ എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.

അച്ഛൻ സുഖമില്ലാതെ കിടപ്പിലാണ്. എന്താണ് അസുഖം എന്ന് എനിക്കറിയില്ല. അച്ഛന്റെ അസുഖം ഉടനെ ഭേദമാകും എന്നാണ് എന്നോട് എല്ലാവരും പറഞ്ഞിരുന്നതും ഞാൻ വിശ്വസിച്ചതും. ഞാൻ പഠിച്ചിരുന്ന ട്യൂട്ടോറിയിൽ പാറയ്ക്കൽ പ്രോഗ്രസീവിൽ അമ്മയുടെ കയ്യിൽ നിന്നും ഫീസ് വാങ്ങിക്കൊണ്ടുപോയി കൊടുക്കുമ്പോൾ അവർ അത് വാങ്ങാതെ തിരികെ തന്നു വിടുമായിരുന്നു അന്ന് എനിക്കത് എന്തിനാണെന്ന് അറിയില്ലായിരുന്നു.

അച്ഛന്റെ കല്യാണ ഫോട്ടോ -പഴയ ആൽബത്തിൽ നിന്ന്
അച്ഛന്റെ കല്യാണ ഫോട്ടോ -പഴയ ആൽബത്തിൽ നിന്ന്

1999 ജനുവരി 8 വെള്ളിയാഴ്ച സ്കൂൾ ഇന്റർവെൽ സമയത്ത് ഞങ്ങൾ കൂട്ടുകാർ അന്ന് പതിവിലേറെ തമാശകൾ പറഞ്ഞു ചിരിച്ച ദിവസമായിരുന്നു. കുറച്ചു കഴിഞ്ഞ് ക്ലാസ് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ പത്മിനി ടീച്ചർ വന്ന് എന്നെ ക്ലാസിൽ നിന്ന് വിളിച്ച് ഓഫീസ് മുറിയിൽ കാത്തുനിന്ന സി ഐ ടി യു മോഹൻ എന്നറിയപ്പെടുന്ന വീടിനടുത്തുള്ള മോഹനൻ മാമന്റെ അടുത്തേക്ക് എത്തിച്ചു. വീട്ടിലേക്ക് പോകാം എന്നും പറഞ്ഞു അദ്ദേഹത്തിന്റെ ഫുൾ സൈക്കിളിൽ എന്നെ കയറ്റിക്കൊണ്ടുപോയി. ഒന്നും പറയാൻ കഴിയാത്ത വിധം എന്തോ ഒരു ഭയം എന്നെ പൊതിഞ്ഞു. വീടിനടുത്ത് എത്തിയപ്പോൾ വീട്ടിലെ ആൾക്കൂട്ടം കണ്ട ഞാൻ സൈക്കിളിൽ നിന്ന് ചാടിയിറങ്ങി, സഞ്ചി വലിച്ചെറിഞ്ഞ് നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. നിശ്ചലമായി കിടക്കുന്ന എന്റെ അച്ഛനെ കെട്ടിപ്പിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു. ദിവസങ്ങളോളം നീണ്ടുനിന്ന അണപൊട്ടി ഒഴുകിയ എന്റെ സങ്കടക്കടലിനെ നിർത്താൻ ആർക്കും കഴിഞ്ഞില്ല. ഈ ലോകം തന്നെ നിശ്ചലമായതുപോലെ എനിക്ക് തോന്നിയ മരവിച്ച ദിവസങ്ങളായിരുന്നു.

ഇന്നും ഒരു ജനുവരിയും എന്നെ വേദനിപ്പിക്കാതെ കടന്നുപോകാറില്ല. ഒരു ജനുവരിയെയും ഞാൻ സ്നേഹിക്കാറില്ല. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്ന് ഉതിർന്നുവീണ കണ്ണീരിനാൽ നനഞ്ഞു കുതിർന്ന തലയിണയെ കെട്ടിപ്പിടിച്ച് വേദനയോടെ തളർന്നുറങ്ങിയ വലിയ നൊമ്പരത്തിൻ്റെ ഓർമയാണ് ഓരോ ജനുവരി എട്ടും. ജീവിതത്തിലെ പ്രകാശം പൊലിഞ്ഞുപോയി. കരിനിഴൽ വീണ ജീവിതത്തിലെ ഇരുണ്ടദിനമായി. ഇന്നും അണയാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന കനലോർമ്മയാണ് എന്നിൽ ഈ ദിവസം. ഓരോ ജനുവരി എട്ടിനും എന്നിൽ കണ്ണീര് പൊടിയാതെ കടന്നു പോകാറില്ല. വളരെ കുറച്ച് കാലം മാത്രമേ അച്ഛനോടൊപ്പം കഴിയാനുള്ള ഭാഗ്യം എനിക്ക് കിട്ടിയുള്ളൂവെങ്കിലും അച്ഛനോടൊപ്പം കഴിഞ്ഞ ഓരോ നിമിഷവും ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

ആ കാലമായിരുന്നു എന്റെ ജീവിതത്തിലെ വസന്തകാലം. രാവിലെ ഓഫീസിൽ പോകുന്നതിനു മുമ്പ് അച്ഛൻ ചേർത്തുനിർത്തി കവിളിൽ തരുന്ന ചുംബനങ്ങളും, അച്ഛന്റെ വരവും നോക്കി നോക്കി കടത്തിണ്ണകളിൽ കാത്തിരിക്കുന്ന സന്ധ്യകളും ഇന്നും എന്റെ ഓർമകളിൽ നിറഞ്ഞു നില്‍ക്കുന്ന വസന്തകാലമാണ്. അച്ഛന്റെ വഴികളിൽ എന്നും എപ്പോഴും എന്നെയും കൂട്ടുമായിരുന്നു. ഞങ്ങളുടെ നാട്ടിലെ ഓരോ കടകളിലും അച്ഛൻ പറഞ്ഞിട്ടുള്ളത്, എന്റെ മോൻ വന്ന് എന്തുചോദിച്ചാലും കൊടുക്കണം എന്നായിരുന്നു. അവനെ നിരാശപ്പെടുത്തി മടക്കി അയക്കരുതെന്നായിരുന്നു. അക്ഷരങ്ങളുടെ ആകാശവും അരങ്ങിന്റെ ഭൂമിയും വിസ്മയത്തോടെ ഞാനാദ്യമായി അനുഭവിക്കുന്നത് അച്ഛനിലൂടെയാണ്.

നടൻ ഭരത് മുരളിയുമൊത്ത് അച്ഛൻ
നടൻ ഭരത് മുരളിയുമൊത്ത് അച്ഛൻ

ഞാൻ കഥകൾ കേട്ടതും കവിതകൾ അറിഞ്ഞതും അച്ഛനിലൂടെയായിരുന്നു. ചെറിയ രീതിയിലാണെങ്കിലും ഇന്നും എന്തെങ്കിലും എഴുതാൻ കഴിയുന്നെങ്കിൽ ആ വിരലുകൾ എന്നെ തൊട്ടതു കൊണ്ടുമാത്രമാണ്. അത്രമേൽ ആർദ്രമായ് ഒരു വിരലും ഇന്നുവരെ എന്നെ സ്പർശിച്ചിട്ടില്ല. അച്ചടിച്ചത് പോലിരിക്കുന്ന അച്ഛന്റെ കൈയ്യക്ഷരം ഇന്നും ഞങ്ങളുടെ നാട്ടിൽ പ്രശസ്തമാണ്. കല്യാണക്കുറി തയ്യാറാക്കുന്നതിനും നോട്ടീസ് എഴുതാനും നോട്ട്ബുക്കിൽ പേരെഴുതാനും നാട്ടിലെ പലരും അച്ഛനെ തേടി വീട്ടിൽ വരാറുണ്ട്. അത്രയും സുന്ദരമായിരുന്നു ആ കൈപ്പടകൾ. ഇന്നും പലരും അത് സൂക്ഷിച്ചു വച്ചിട്ടുണ്ട്. കോളേജ് അധ്യാപകനായിരുന്ന ഞങ്ങളുടെ നാട്ടിലെ അഷറഫ് സാർ ഇപ്പോൾ കാണുമ്പോഴും അച്ഛന്റെ കൈയ്യക്ഷരത്തിന്റെ മഹത്വത്തെക്കുറിച്ച് വാതോരാതെ പറയും.

എഴുത്തുകാരൻ എന്ന രീതിയിൽ ഒരക്ഷരമെങ്കിലും ഞാൻ എഴുതിയിട്ടുണ്ടെങ്കിൽ അച്ഛനിൽ നിന്നു കിട്ടിയ അനുഗ്രഹം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛന്റെ വിരലുകളിൽ തൂങ്ങി അച്ഛനോടൊപ്പം ഇടവഴികളിലും പെരുവഴികളിലും ഞാൻ ഒപ്പം നടന്നു. എൻ്റെയും അച്ഛന്റെയും പല ഷർട്ടുകളും ഒരുപോലെ ഉള്ളതായിരുന്നു. ഒരേ തുണിയിൽ തുന്നിയ രണ്ട് ഉടുപ്പുകൾ. അതും ഇട്ടു അച്ഛൻ്റെ കൈവിരലുകളിൽ തൂങ്ങി ഉത്സവപ്പറമ്പുകളിലേക്ക് അച്ഛനോടൊപ്പം പോയിട്ടുള്ള യാത്രയോളം സുന്ദരമായ മറ്റൊരു യാത്രയും ഇന്നോളം എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

ഒരച്ഛൻ ഇത്രയും തീവ്രമായി ഒരു മകനെ സ്നേഹിക്കുമോ എന്ന് ഇന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്. ഒരുപക്ഷേ അത് അച്ഛനെ അത്രമേൽ സ്നേഹിക്കുന്ന ഏതൊരു മകനും ഉണ്ടാകുന്ന സംശയമായിരിക്കാം. ബാല്യത്തിലെ കൂടുതൽ ഭാഗവും ചെലവഴിച്ചത് അച്ഛനോടൊപ്പമായിരുന്നു. ഞങ്ങളുടെ വീട്ടിലെ ഒരു ജനാലക്കരികിൽ അച്ഛൻ കസേരയിലും ഞാൻ സ്റ്റൂളിലും ഇരുന്ന് എന്നും ഒത്തിരിനേരം സംസാരിക്കുമായിരുന്നു. മരണത്തിനു കുറെനാൾ മുമ്പ് ഒരിക്കൽ സംസാരിക്കുന്നതിനിടയിൽ അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. അന്ന് ഞാൻ എന്ന ആ ചെറിയ കുട്ടിക്ക് അത് എന്തിനാണെന്ന് മനസ്സിലായില്ല. ഇന്ന് ഞാൻ അതിന്റെ അർത്ഥം മനസ്സിലാക്കുന്നു. ഇടയ്ക്കിടെ ഒറ്റയാവുന്ന നിമിഷങ്ങളിൽ ഇന്നും ഞാൻ അച്ഛനോട് സംസാരിക്കാറുണ്ട്. ഇത് പറയുമ്പോൾ നിങ്ങൾ എന്നെ ഭ്രാന്തനെന്നു വിളിച്ചാലും അതാണ് സത്യം. ഓരോ സങ്കടങ്ങളുടെ പൊട്ടിക്കരച്ചിലുക്കൾക്കിടയിലും ഒന്നു കെട്ടിപ്പിടിച്ചു കരയാൻ അച്ഛനുണ്ടായിരുന്നെങ്കിലെന്ന് അറിയാതെ ആശിച്ചുപോകുന്നു.

സതീഷ് ജി. നായർ, അമ്മ, സഹോദരൻ സന്തോഷ്, സഹോദരി സന്ധ്യ
സതീഷ് ജി. നായർ, അമ്മ, സഹോദരൻ സന്തോഷ്, സഹോദരി സന്ധ്യ

ഓരോ സന്തോഷങ്ങളുടെ പുഞ്ചിരികളിലും ഓടിച്ചെന്ന് ഒരുമ്മ കൊടുക്കാൻ അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോഴും അറിയാതെ മോഹിക്കാറുണ്ട്.

ഞാനിന്നും അച്ഛനോട് സംസാരിക്കാറുണ്ട്. ഏതോ ഒരു വള്ളിക്കസേരയിലിരുന്ന് കവിളിൽ കൈയും വച്ച് അച്ഛൻ എല്ലാം കേൾക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ഒറ്റപ്പെടുന്ന ഓരോ നിമിഷത്തിലും അച്ഛന്റെ ഓർമകളിൽ ഞാനിപ്പോഴും പൊട്ടിക്കരയാറുണ്ട്. ഇനിയും പറയുവാനുണ്ട് ഒത്തിരി. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഓർമകൾ ഒരു വിങ്ങലായി എന്നിൽ ഇനിയും അവശേഷിക്കുന്നു. എൻ്റെ ആദ്യത്തെ പുസ്തകം അച്ഛനു സമർപ്പിച്ചുകൊണ്ട് എഴുതിയ വരികൾ ഒരിക്കൽ കൂടി ഇവിടെ കുറിക്കുന്നു....

"ഞാൻ അറിഞ്ഞ
ആദ്യ സ്നേഹത്തിന്...
ഞാൻ കൊണ്ട
ആദ്യ തണലിന്...
ഞാൻ അനുഭവിച്ച
ആദ്യ ചുംബനത്തിന്...
ഞാൻ അറിഞ്ഞ
ആദ്യ വേദനയ്ക്ക്...
ഞാൻ കൊതിക്കുന്ന
സാന്നിധ്യത്തിന്...
ഒറ്റവാക്കിൽ
അച്ഛന് ...."

Comments