ആഫ്രിക്കൻ
വസന്തങ്ങൾ- 35
രണ്ടാംവട്ടം നയ്റോബിയിൽ താമസമാക്കിക്കഴിഞ്ഞതോടെയാണ് ഞാൻ അവിടുത്തെ മലയാളി സമൂഹവുമായി ശരിക്കും ഇടപഴകാനാരംഭിച്ചത്. ഞങ്ങളുടെ ആദ്യത്തെ നയ്റോബിവാസം ഒരു അഡ്വഞ്ചർ ആയിരുന്നു. അതിനുചേർന്ന ഒരു കൊച്ചു താവളവും അന്ന് ഞങ്ങൾക്ക് ഒത്തു കിട്ടി. ജോലിയൊന്നുമില്ലാതിരുന്ന ആ കാലത്ത്, കയ്യിൽ കാര്യമായി പണമില്ലാത്തപ്പോഴും അന്നത്തെ അയൽക്കാരായിരുന്ന ജയനും രാധയും അവരുടെ പ്രാരാബ്ധങ്ങൾ പോലും മറന്ന് ഞങ്ങൾ ഇരുവരെയും ചേർത്തുപിടിച്ചിരുന്നു. എനിക്ക് ചില ഇംഗ്ലീഷ് ട്യൂഷൻ ജോലികളും അവർ ഏർപ്പെടുത്തിത്തന്നു. ഇന്ന്, പക്ഷെ അങ്ങനെയല്ല. ആറു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഞങ്ങൾ കോളേജു വിട്ടിറങ്ങിയ വെറും സാഹസികരല്ലാതായിരിക്കുന്നു.
നയ്റോബി മലയാളി സമൂഹം മറ്റേത് വിദേശങ്ങളിലും നിലനിന്നിരുന്ന പ്രവാസിക്കൂട്ടം പോലെയായിരുന്നു. ഒരു കൈപ്പിടിയിലൊതുങ്ങുന്ന തനി പാട്രിയാർക്കൻ കുടുംബങ്ങളിലായിരുന്നു അവിടത്തെ ‘കേരളാ അസോസിയേഷ’ന്റെ കൺട്രോൾ റൂമുകൾ. ’89 ആയപ്പോഴേക്ക് അതിനു മാറ്റം വന്നു എന്ന് മനസ്സിലായി. കുറേയേറെ ചെറുപ്പക്കാർ നയ്റോബിയിൽ ഇടക്കാലത്ത് ആരംഭിച്ച കമ്പനികളിലും മറ്റുമായി വന്നു ചേർന്നു. ‘സമാക്കി’ (മത്സ്യം) എന്നു പേരുള്ള ഫിഷറീസ് കമ്പനിയിൽ കുറേ പുതിയ ചെറുപ്പക്കാർ വന്നുചേർന്നു. അവരിൽ ഭൂരിപക്ഷവും ആദ്യമായി മറുനാട്ടിൽ എത്തിയവരായിരുന്നു. അതിനാൽ അവർക്ക് കേരളാ അസോസിയേഷൻ പോലെയുള്ള ഒരു തണലിന്റെ തണുപ്പും ഒത്തുചേരലും വേണ്ടിയിരുന്നു. അതിന്റേതായ ഉണർവ്വ് സംഘടനയിൽ പ്രത്യേകിച്ചും സമൂഹത്തിൽ പൊതുവേയും പ്രകടമായി. ആ സാഹചര്യത്തിലാണ് ഞങ്ങൾ നയ്റോബിയിൽ വീണ്ടും എത്തിച്ചേർന്നത്.
കേരളസമാജം വലിയതോതിൽ ഒരു സുവനീർ പുറത്തിറക്കാൻ ആലോചിക്കുന്ന സമയമായിരുന്നു അത്. കെ എസ് ഇ ബിയിൽ എക്സി. എഞ്ചിനീയർ ആയിരുന്നപ്പോൾ കെന്യാ പവർ ആൻഡ് ലൈറ്റിംഗ് (കെ പി & എൽ) എന്ന, കെന്യയിലെ വൈദ്യുതിവകുപ്പിൽ ഡെപ്യൂട്ടേഷനിൽ വന്ന ആലപ്പുഴ സ്വദേശി ഗോപാലകൃഷ്ണനും ഒരു പ്രൈവറ്റ് ചാർട്ടേഡ് അക്കൗണ്ടന്റ് കമ്പനിയിൽ ചീഫ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന ജോൺ കൊമ്പൻ (തൃശൂർ) എന്നയാളുമാണ് ആ പ്രസ്ഥാനത്തിൽ എന്റെ സഹകരണം തേടി എത്തിയത്. അവർ മുൻപൊരിക്കൽ ഒരു വർഷാന്തവാർത്താ -പത്രിക ചെയ്തു. പക്ഷേ അന്ന് അത് ഒട്ടും നന്നായില്ല. ചില ഭാഗങ്ങൾ മാത്രം അച്ചടിച്ചും ഏറെ പേജുകൾ സ്റ്റെൻസിൽ കട്ട് ചെയ്തും ഒക്കെ ആയിരുന്നത്രേ അതവർ തയാറാക്കിയത്.
ഇക്കുറി മുഴുവൻ അച്ചടിക്കുകയും ചിത്രങ്ങൾ മുഴുവൻ കളർ പ്ലേറ്റുകളാക്കുകയും ചെയ്യാൻ അവർക്ക് കഴിയും. നയ് റോബി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘ഇന്ത്യൻ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ ഓഫ് കെന്യ’ (ICWAK) എന്ന പ്രബലമായ കെന്യൻ വംശജ- ഇന്ത്യൻ സംഘടനയിൽ അംഗത്വമുള്ളവരിൽ മലയാളികൾ ഏറെപ്പേരുണ്ടായിരുന്നു. ആ സംഘടനയിൽ മേൽക്കൈ ഇന്ത്യൻ വംശജരായ കെന്യൻ, ബ്രിട്ടിഷ് പൗരത്വമുള്ളവർക്കായിരുന്നെങ്കിലും, പിൽക്കാലത്ത് കെന്യൻ പൗരത്വം ആർജ്ജിച്ചവരും അതിൽ ശക്തമായ ഒരു ലോബി ആയിരുന്നു. ഒന്നു രണ്ടു പേരുകൾ എടുത്തുപറയേണ്ടതുണ്ട്;
ഒന്ന് മച്ചാക്കോസ് എന്ന സ്ഥലത്ത് ആശുപത്രി നടത്തിയിരുന്ന ഡോ. സണ്ണി സാംവെൽ (സാമുവൽ), അവിടെത്തന്നെ ഒരു ഹൈസ്ക്കൂൾ നടത്തിയിരുന്ന പുരുഷോത്തമൻ നായർ എന്നിവരായിരുന്നു ഇക്വാക്ക് സംവിധാനത്തിൽ സാന്നിദ്ധ്യ മറിയിച്ചിരുന്ന മലയാളി ‘മാഗ്നേറ്റു’കൾ.
പുരുഷൻ ചേട്ടൻ എന്നാണ് ഞങ്ങൾ പുരുഷോത്തമൻ നായരെ വിളിച്ചിരുന്നത്. ഡോക്ടറെ ഡോക്ടർ എന്നല്ലേ വിളിക്കാവൂ. പുരുഷൻ ചേട്ടൻ ഇപ്പോൾ നാട്ടിലുണ്ടെന്ന് കേട്ടു. പ്രായാധിക്യം മൂലവും മറ്റും വീട്ടിൽ ഒതുങ്ങിക്കഴിയുഅകയാണെന്നും അറിഞ്ഞു. ഡോ. സണ്ണിയ്ക്കും വാർദ്ധക്യസഹജമായ അവശതകളുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഡോ. സണ്ണി കെന്യയിലെ ഏക രാഷ്ട്രീയകക്ഷിയായ കാനു അഥവാ കെന്യാ ആഫ്രിക്കൻ നാഷനലിസ്റ്റ് യൂണിയൻ എന്ന, മോയ് യുടെ പാർട്ടിയിലെ അറിയപ്പെടുന്ന നേതാവും കൂടി ആയിരുന്നു.
അവധിക്കാലമെത്തി. ക്രിസ്മസ് ആഘോഷങ്ങൾക്കു മുൻപേ സുവനീർ ധനശേഖരണാർത്ഥം ഒരുക്കിയ സംഗീതസന്ധ്യ വലിയ വിജയമായിരുന്നു. അവധിയായതിനാൽ വലിയ നടുമുറ്റമുള്ള ഞങ്ങളുടെ വീട്ടിലായിരുന്നു നാടക റിഹേഴ്സൽ. ഒരു ഉത്സവകാലം തന്നെ ആയിരുന്നു അത്. റിഹേഴ്സൽ നടക്കുമ്പോൾ ആരും മദ്യപിച്ച് വരരുത് എന്നൊരു നിബന്ധന കർശനമായി പാലിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ സ്വച്ഛമായി.
ആയിടെ നാട്ടിൽ നിന്ന് ഏറെ ദുഃഖിപ്പിച്ച ഒരു വാർത്തയെത്തി. എന്റെ അമ്മ കാൽ വഴുതി വീണ് ഒരു കാലിന് ഫ്രാക്ചർ ആയി ബേബി മെമ്മോറിയലിൽ അഡ്മിറ്റായി എന്ന്. അമ്മയ്ക്ക് മറ്റ് യാതൊരു അസുഖങ്ങളുമില്ലായിരുന്നു. ജോർജ്ജും ബീനയും എന്നെ ആവുന്നത് നിർബന്ധിച്ചു, ഒന്നു പോയി വരാൻ. അങ്ങനെ ‘പോയി വന്ന്’ തീർക്കാവുന്നതാണോ ഇക്കാര്യം? അതിന്റെ ഭാരവും പേറി ഇരിക്കുമ്പോൾ നയ്റോബി എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീയുടെ മാനേജരായിരുന്ന ദിവാകരന്റെ ഫോൺ കോൾ; “അത്യാവശ്യമായി ഇവിടെ വരെ വരണം. ബീനയുടെ അങ്കിൾ ഇവിടെനിങ്ങളെ കാണാൻ വന്നു നിൽക്കുന്നു. അവർ ട്രാൻസിറ്റിൽ ആണ്.”
ഞങ്ങൾ ജോർജ്ജിന്റെ കാറിൽ പറന്നു. അവിടെ എത്തിയപ്പോൾ എൻട്രൻസ് മുതൽ ഡ്യൂട്ടി ഫ്രീ വരെ ദിവാകരന്റെ ആൾക്കാർ ഞങ്ങളെ അനുഗമിച്ചു. അവിടെ ചെന്നപ്പോൾ അതാ എപ്പോഴത്തെയും പോലെ സുസ്മേരവദനനായിബീനയുടെ ചെറിയച്ഛൻ നിൽക്കുന്നു. എന്നെ തോളിൽ പിടിച്ചടുപ്പിച്ച് അദ്ദേഹം എന്റെ കയ്യിൽ ഒരു താക്കോൽക്കൂട്ടം വച്ചുതന്നു, “ഇത് എന്റെ വീടിന്റെ താക്കോലാണ്. ഞങ്ങൾ തിരിച്ചുവരും മുൻപ് നിങ്ങൾക്ക് വീടൊക്കെ ശരിയാവും. വേഗം പോ. ഏതെങ്കിലും കിക്കുയുവിന്റെ പാങ്ഗായ്ക്ക് കഴുത്തു വച്ചു കൊടുക്കുന്നതെന്തിനാ?”
അദ്ദേഹം പോയി. കണ്ടത് മായയാണോ സത്യമാണോ എന്ന് സംശയിച്ച് ഞങ്ങൾ വീട്ടിലെത്തി. വീട്ടിലെത്തിക്കഴിഞ്ഞ് ആലോചിച്ചപ്പോൾ നാട്ടിൽ പോകുക എന്ന ആശയം ഞാനുപേക്ഷിച്ചു. അനുജത്തിയും അളിയനും കൂടെയുണ്ടല്ലോ. അയാളാണെങ്കിൽ നല്ല ഒരു ഡോക്ടറുമാണ്. അങ്ങനെ അന്നു മുതലുള്ള ആലോചന ഡെസ്റ്റിനേഷൻ ദക്ഷിണാഫ്രിക്കയായി. ഇപ്പോൾ ഈ യാത്രയെപ്പറ്റി അറിയാവുന്ന ഒരേയൊരു ഔട്ട്സൈഡർ ജോർജ്ജ് ആണ്. പോകാനുള്ള വിളിയാണ് വന്നതെന്ന് പറഞ്ഞപ്പോൾ പാവം ജോർജ്ജിന്റെ കണ്ണുകൾ നിറഞ്ഞു.
സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നർ (കൂടുതലും മലയാളികളായിരിക്കും) ഓരോ ദിവസവും തന്റെ അവസാന ദിവസമായിരിക്കും എന്ന ഭീതിയോടെയാണ് ജോലി ആരംഭിക്കുക. ഞങ്ങളുടേതുപോലെ സാമൂഹ്യ (മത) സംഘടനകൾ നടത്തുന്ന സൽപ്പേരുള്ള സ്ഥാപനങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരുന്നെന്ന് കേട്ടിട്ടുണ്ട്. എന്നാലും ചില ജീവനക്കാരെ മാനേജ്മെന്റിലെ ചില ‘കഴുകൻ’ കണ്ണുകൾ നോട്ടമിട്ടിരിക്കും. അവരെ വിളിച്ച് മാനസികമായി പീഡിപ്പിക്കും. അത് ഒഴിവാക്കാൻ രണ്ട് മാർഗ്ഗങ്ങളുണ്ട്.
ഒന്ന്, ആര്യാ മാനേജ്മെന്റിൽ നിന്നാണ് നിങ്ങൾ വിടുതൽ തേടുന്നതെങ്കിൽ, ആ സംവിധാനത്തിന്റെ ‘ടോപ് ബ്രാസി’ൽ പെട്ട ഒരാളുടെ ശക്തമായ പിന്തുണ. ദക്ഷിണേന്ത്യക്കാർക്ക് അങ്ങനെയൊരു പിന്തുണ ആര്യയിൽ എന്നല്ല, വംശീയതയുടെ ചെളിയിലാണ്ടുകിടക്കുന്ന ഒരു കെന്യൻ ഇന്ത്യൻ വംശജന്റെ സ്ഥാപനത്തിലും ലഭിക്കില്ല.
രണ്ട്, ഇരുചെവിയറിയാതെ ഒളിച്ചോടുക. അതിന് വലിയ പരിശ്രമം വേണം. പോകുന്നതിനുള്ള ആസ്തിയുണ്ടാക്കാൻ വിറ്റാൽ വില കിട്ടുന്ന സാധനങ്ങളെല്ലാം ‘ഗോപ്യമായി’ വിൽക്കണം. വീട്ടുടമസ്ഥരെ കബളിപ്പിക്കണം. സ്ക്കൂളിനെ കബളിപ്പിക്കണം. വർക്ക് പെർമിറ്റിന്റെ ഫീസ് കൊടുക്കേണ്ടത് സ്ഥാപന ഉടമയാണ്. പക്ഷേ, യാത്ര പോകുന്നത് രണ്ടാമത്തെ ഉപായത്തിലാണെങ്കിൽ ആ പണത്തിന്റെ ഷെയർ നാം കൊടുക്കേണ്ടതില്ല. എല്ലാ പദ്ധതികളിലും നൂലാമാലകളുണ്ട്. പെർമിറ്റ് പൂർത്തിയാക്കാതെകടക്കുന്നവരെ എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കാം, പെർമിറ്റിന് പണം മുടക്കിയ ആൾ പരാതിപ്പെട്ടാൽ.
ഞങ്ങൾക്ക് വില പിടിച്ചതായി വിൽക്കാൻ ഒന്നും ഇല്ലായിരുന്നു. ഉഷാജിയുടെ വീട് കൊളോണിയൽ മാതൃകയിൽ ഫർണിഷ് ചെയ്താണ് അവർ ഞങ്ങൾക്ക് നൽകിയത്. അവരെ ചതിക്കേണ്ടി വരുമല്ലോ എന്ന വ്യഥ ഞങ്ങളെ രണ്ടാളെയും കാർന്നുതിന്നുന്നുണ്ടായിരുന്നു. അതിനിടെ ഞങ്ങളുടെവളരെ പഴയ ഒരു സുഹൃത്ത് ഞങ്ങളുടെ യാത്രാവിവരം ബീനയുടെ ചെറിയമ്മയിൽ നിന്നറിഞ്ഞ് ഞങ്ങളെ കാണാൻ വന്നു. ഫിലിപ് അച്ചായൻ എന്നാണ് എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. ഫിലിപ്പച്ചായന്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. എല്ലാ പണിയും ചെയ്യും. അറിയാത്ത പണിയും കയറി ഏൽക്കും. എന്നിട്ട് ആരിൽ നിന്നെങ്കിലും ചോദിച്ചു മനസ്സിലാക്കി പണി ക്ലീനായി ചെയ്തു കൊടുക്കും. ആളുടെ കൈവശം അത്യാവശ്യം തരികിട ഒക്കെ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഫിലിപ്പച്ചായൻ പക്ഷെ, ഒരു സ്നേഹക്കടലായിരുന്നു. കെന്യ മുഴുവൻ അമിതവേഗത്തിൽ തന്റെ ബെൻസ് കാറിൽ ചീറിപ്പാഞ്ഞിരുന്ന ആ മനുഷ്യൻ, ജീവിക്കാനുള്ള തത്രപ്പാടിലാണ് വേഗത്തെ തന്റെ ഉറ്റ തോഴനാക്കിയത്. അദ്ദേഹം പിന്നീട് ദക്ഷിണാഫ്രിക്കയിലും വന്നു. അപ്പോഴേക്ക് അദ്ദേഹം ചില ‘സ്കിൽസ്’ സ്വായത്തമാക്കിയിരുന്നു. അതിൽ പ്രധാനം വാതിലുകൾക്കും ജനാലകൾക്കും ഗ്രിൽ ഉണ്ടാക്കി ഫിറ്റ് ചെയ്തു കൊടുക്കുക എന്നതായിരുന്നു.
ദക്ഷിണാഫ്രിക്കയിൽ ഫിലിപ്പച്ചായൻ വരുന്നത് മിക്കവാറും രാത്രികളിൽ വൈകി ആയിരിക്കും. അങ്ങനെ ഒരിക്കൽ വന്ന് എന്റെ ഫ്ലാറ്റിന്റെ വരാന്തയിൽ സംസാരിച്ചിരിക്കെ എന്നോട് പറഞ്ഞു; “ഡാ, നിന്റെ ഈ ഫ്രണ്ടിലും ബാക്കിലും നല്ല ഒന്നാന്തരം ഗ്രില്ല് വച്ചു തരാം. നീ അത് ഇവിടുള്ള വേറെ ഇന്ത്യക്കാരെയൊക്കെ ഒന്ന് വിളിച്ചു കാണിക്കണം. അന്നേരം എനിക്ക് കുറച്ചു പണി കിട്ടും.”
മൂപ്പർ സാമ്പത്തികമായി ഞെരുങ്ങിയിരുന്നെന്ന് എനിക്കു തോന്നി. അച്ചായൻ പറഞ്ഞ തുക ഞാൻ മുൻകൂറായി കൊടുത്തു. പിറ്റേന്നു മുതൽ പണി തുടങ്ങി. എന്റെ അയൽക്കാരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞങ്ങളിലൂടെയാണ് ആ ഫ്ലാറ്റ് സമുച്ചയത്തിൽ വന്നു വീണത്. ഒരാഴ്ച കൊണ്ട് ഞങ്ങളുടെ ഫ്ലാറ്റ് ചുറ്റോടു ചുറ്റും ഗ്രില്ലിട്ട ഒരു കാഴ്ചബംഗ്ലാവ്, അഥവാ ഒരു പെനിട്ടെൻഷ്യറി സെല്ല് ഇവയിലൊന്നിന്റെ രൂപഭാവങ്ങൾ ആർജ്ജിച്ചു. ഫിലിപ്പച്ചായന് ഓർഡറുകളുടെ പ്രളയം. ഞങ്ങളുടെ ആ ഫ്ലാറ്റ് സമുച്ചയത്തിൽ ഏ മുതൽ ജി വരെ ഏഴു ബ്ലോക്കുകളായിരുന്നു. മൊത്തം ഫ്ലാറ്റുകൾ 84. അവയിൽ ഏതാണ്ട് ഒരു അറുപത് ശതമാനം ഫ്ലാറ്റുകൾക്ക് ഫിലിപ്പച്ചായൻ ഗ്രിൽ വച്ചു കൊടുത്തു. ആ ഒരു ക്വട്ടേഷനോടു കൂടി പാവത്തിന്റെ ജീവിതം തളിർത്തു. അച്ചായന്റെ ഭാര്യ ഗ്രേസിച്ചേച്ചിയെയും രണ്ട് പെൺമക്കളെയും അച്ചായൻ പൊന്നു പോലെനോക്കി സംരക്ഷിച്ചു. ഒരു തനി മദ്ധ്യതിരുവിതാംകൂർ നസ്രാണി പാട്രിയാർക്ക്. അതായിരുന്നു ഫിലിപ്പച്ചായൻ. അദ്ദേഹത്തിന്റെ അന്ത്യം അപ്രതീക്ഷിതം ആയിരുന്നു. അതേപ്പറ്റി ദക്ഷിണാഫ്രിക്കൻ അനുഭവങ്ങളിൽ കൂടുതൽ പറയാം.
ഒരാൾ കൂടി ഞങ്ങളുടെ പലായനപദ്ധതി അറിയേണ്ടതുണ്ട്. അല്ലെങ്കിൽ ഒന്നും അനുസ്യൂതം നടന്നെന്നുവരില്ല. അങ്ങനെ ഗോപാലകൃഷ്ണനെയും പത്നി സാവിത്രിയെയും വിവരമറിയിച്ചു. അവരിരുവരുമായി കുറഞ്ഞൊരു കാലം കൊണ്ട് ഞങ്ങൾ നല്ലൊരു സുഹൃത്ബന്ധം സ്ഥാപിച്ചു. സാവിത്രി എത്രയോ വർഷങ്ങൾക്കു മുൻപ് മരിച്ചുപോയി. ഗോപാലകൃഷ്ണനു ശ്രീകാന്ത്, ശ്രീവിദ്യ, ശ്രീലക്ഷ്മി എന്നിങ്ങനെ മൂന്നു മക്കൾ ആണുള്ളത്. ഞങ്ങൾ അവരുടെ അയൽക്കാരായതിനുശേഷം ശ്രീകാന്ത് എന്റെ ഒരു ട്യൂഷൻ വിദ്യാർത്ഥിയായി. ശ്രീകാന്ത് ആ പ്രായത്തിലുള്ള ഏതു ചെറുപ്പക്കാരനെയും പോലെ ഒരു ക്ഷുഭിതയൗവനമായിരുന്നു. അത്തരം സംഘർഷങ്ങളുണ്ടാവുമ്പോൾ സാവിത്രി എന്നെയാണ് ഫോൺ ചെയ്ത് വിളിച്ചിരുന്നത്. “അവൻ വേറെ ആരു പറഞ്ഞാലും കേൾക്കില്ല. ജയൻ ഒന്നു വരണം’’, അപ്പോഴെല്ലാം ഞാൻ ഓടിയെത്തിയിരുന്നു. എന്നോട് അവൻ നന്നായി ‘ഓപ്പൺ അപ്പ്’ ചെയ്തിരുന്നു. ഗോപാലകൃഷ്ണനും കുടുംബവും വർഷങ്ങൾക്കു മുൻപേ നാട്ടിലേക്ക് തിരിച്ചുപോന്നു. ഞങ്ങളുടെ സൗഹൃദം ഇപ്പോഴും ശ്രീവിദ്യയിലൂടെ തുടരുന്നു. പഠിക്കാൻ ബഹു മിടുക്കിയായിരുന്ന അവൾ ഫ്രഞ്ച് ആണ് ഒന്നാം ഭാഷയായി പഠിച്ചത്. ഈയിടെ അവളും കുടുംബവും ഞങ്ങളെ കാണാൻ വന്നിരുന്നു. നയ്റോബി സൗഹൃദങ്ങളിൽ ഞങ്ങളുടെ ഏറ്റവും വലിയ നഷ്ടം ജയന്റെയും രാധയുടെയും പെട്ടെന്നുണ്ടായ അഭാവമായിരുന്നു. അവർ മൂത്ത മകൾ രഞ്ജുവിനെ നാട്ടിൽ അയക്കുകയും രണ്ടാമത്തെയാളായ രമ്യയെ ഒപ്പം ദക്ഷിണാഫ്രിക്കയ്ക്ക് കൊണ്ടു പോകുകയും ചെയ്തു. ആ സമയം ഗോപാലകൃഷ്ണൻ, നെൽസൺ എന്ന ഗായകൻ, സാവിത്രി തുടങ്ങിയവർകൂടി ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ നിലയില്ലാക്കയത്തിൽ ആയിപ്പോയേനെ.
വീട്ടിൽ നടക്കുന്ന ഈ ബഹളങ്ങളിൽ നിന്ന് ഞങ്ങളുടെ മകൾ അവളുടെ ഒരു സ്പെയ്സ് ഉണ്ടാക്കി അതിലേക്ക് ഒതുങ്ങി. അവൾക്ക് കൂട്ടുകാരായി, എൽസി, ഓമന തുടങ്ങിയ കുട്ടികളും ഉണ്ടായിരുന്നു.
യാത്രയുടെ ദിവസം എത്തി. രാവിലെ 9:30 നോ മറ്റോ ആണ് നയ്റോബി – ദർബൻ വിമാനത്തിന്റെ സമയം. നയ്റോബിയിലെ ദക്ഷിണാഫ്രിക്കൻ ലിയേസൺ സെന്ററിലെ എഡ്വാർഡ് വീസെ എന്ന ചെറുപ്പക്കാരൻ ഞങ്ങളുടെ പാസ്പോർട്ട് ഏറെ സമയമെടുത്ത് പരിശോധിച്ചശേഷം ദക്ഷിണാഫ്രിക്കൻ ഗവൺമെന്റിന്റെ മുദ്രയുള്ള ഒരു പേപ്പറിൽ ആറു മാസത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസ അടിച്ചു തന്നു. “ഐ അം ഷുവർ ദാറ്റ് യൂ വിൽ എൻജോയ് ബിയിംഗ് ദെയർ. ആൾ ദ ബെസ്റ്റ്’’, അയാൾ പറഞ്ഞു.
അങ്ങനെ കടലാസിലടിച്ച വിസകളുമായി ഞാൻ ഒരു വിജയിയുടെ ഭാവത്തിൽ വീട്ടിലെത്തി. അവിടെ ചെന്നപ്പോൾ അതാ ഫിലിപ്പച്ചായൻ. എനിക്ക് പെട്ടെന്നു തോന്നിയ ഒരു ആശയമായിരുന്നു, മൂപ്പരെക്കൊണ്ട് എയർപോർട്ട് ട്രിപ് നടത്താമെന്ന്. അച്ചായനാണെങ്കിൽ എവർ റെഡി. ജോർജ്ജിന്റെ കാറും കൂടി വേണ്ടി വരും. ഒരു ദശാബ്ദക്കാലത്തിൽ ഒപ്പം ചേർന്ന ഒരുപാട് ഭാരങ്ങളില്ലേ. പുസ്തകങ്ങൾ (നമ്പറിട്ട് എണ്ണി നോക്കിയപ്പോൾ 230 പുസ്തകങ്ങളുണ്ടായിരുന്നു) നെത്സണെ ഏൽപ്പിച്ചു, ഷിപ് ചെയ്യാനായി. അതിന് ചാർജ്ജ് കുറവാണല്ലോ.
റിച്ചാർഡ് ഹാലിബർട്ടൺന്റെ സെവൻ ലീഗ് ബൂട്സ്, ഡോണൾഡ് വുഡ്സ് എഴുതിയ ബികോയും (ക്രൈ ഫ്രീഡം എന്ന റിച്ചർഡ് ആറ്റൻബറോ സിനിമ ബികോ എന്ന പുസ്തകത്തെ; അതായത് സ്റ്റീവ് ബീകോ എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ്) മറ്റും ഉപേക്ഷിക്കുക വലിയ സങ്കടമായിരുന്നു.
പിറ്റേന്ന് രാവിലെ ആറു മണിക്ക് വരാമെന്നു പറഞ്ഞ ഫിലിപ്പച്ചായൻ വന്നപ്പോൾ ഏഴര മണി. ജോർജ്ജിനെ വിറയ്ക്കുകയായിരുന്നു. ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ… ഫിലിപ്പച്ചായൻ എല്ലാ ട്രാഫിക് നിയമങ്ങളെയും കാറ്റിൽ പറത്തി ഞങ്ങളെ 20 മിനിട്ടിൽ എയർപോർട്ടിലെത്തിച്ചു. പിരിയാറായപ്പോൾ ജോർജ്ജ് വിങ്ങിപ്പൊട്ടി. ഞാൻ സമാധാനിപ്പിച്ചു, നമുക്ക് അവിടെ കാണാം എന്ന്. ആ വാക്ക് വർഷങ്ങൾക്കു ശേഷം ഞങ്ങൾ പരാസ്പരം പാലിക്കുകയും ചെയ്തു.
സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞങ്ങൾ മുന്നോട്ട് നീങ്ങി. വിശാലമായ വിമാനത്താവളത്തിൽ ഞങ്ങൾക്ക് പോകേണ്ട ബ്രിട്ടിഷ് എയർ വേയ്സ് വിമാനം പുലർകാലവെയിലിൽ കുളിച്ച് കിടക്കുന്നു.
(തുടരും)