കാടുമലകളുടെ പാട്ടുകാരൻ

എഴുപതുകളുടെ സംഗീത നായകനാണ് ജോൺ ഡെൻവർ. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ഉറക്കെ സംസാരിച്ച ആദ്യത്തെ ലോക സംഗീതജ്ഞൻ. ലോകത്തിന്റെ കണ്മുന്നിൽ ജോൺ ഡെൻവർ ഉത്സാഹത്തിന്റെയും കരുത്തിന്റെയും ആവേശത്തിന്റെയും പ്രതീകമായിരുന്നു. പക്ഷെ എല്ലാ വിജയങ്ങൾക്കിടയിലും താൻ തീർത്തും ഒറ്റയ്ക്കായിരുന്നു എന്നാണ് ഡെൻവർ എഴുതിയത്. 'എന്ന് തിരിച്ചുവരുമെന്ന് എനിക്കറിഞ്ഞുകൂടാ...' എന്നെഴുതി മാഞ്ഞുപോയ ഒരു അപൂർവ ജീവിതകഥ

നമ്മൾ പ്രകൃതിയിലുള്ള എല്ലാത്തിനോടും ഇണങ്ങി ജീവിക്കണം
അതോടൊപ്പം മനുഷ്യന്റെ പട്ടിണി മാറ്റാൻ പാടുപെടണം
അപ്പോഴാണ് ലോകത്ത് സമാധാനമുണ്ടാവുക
എന്റെ സംഗീതവും ജീവിതവും അതിനുവേണ്ടിയാണ്
- ജോൺ ഡെൻവർ

1980കളിലെ ഒരു ദിവസം. ഉച്ചതിരിഞ്ഞ നേരം. എന്റെയൊരു കൂട്ടുകാരന്റെ അച്ഛൻ നടത്തുന്ന ചെറിയ പലചരക്ക് കടയിൽ ഞങ്ങൾ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആ കെട്ടിടം മുഴുവൻ കിടുകിടാ നടുങ്ങി. പലകത്തട്ടുകളിൽ വെച്ചിരുന്ന സാധനങ്ങൾ നിലത്തുവീണു ചിതറി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പേടിച്ചുവിറച്ച് റോഡിലേക്ക് ചാടിയിറങ്ങിയപ്പോൾ ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്നെല്ലാം ആളുകൾ പരിഭ്രാന്തരായി റോഡിലേക്ക് ഓടിവരുന്നു. വലിയൊരു ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്! ആളപായം ഒന്നുമുണ്ടായില്ലെങ്കിലും വീടുകളും കെട്ടിടങ്ങളും വിണ്ടുകീറി. വിലപിടിപ്പുള്ള വസ്തുക്കൾ അടക്കം പലതും തകർന്നു. നാട്ടുകാരാകെ ഭീതിയിലായി. നേരിയ ഭൂകമ്പങ്ങൾ ഞങ്ങളുടെ ജില്ലയിൽ പതിവ് സംഭവമായിരുന്നെങ്കിലും അത്ര ശക്തമായ ഒരു ഭൂമികുലുക്കം അനുഭവപ്പെടുന്നത് അതാദ്യമായിരുന്നു.

അതിനടുത്ത ആഴ്ചയാണ് ജോണിനെ ഞാൻ ആദ്യമായി കാണുന്നത്. പെരുവന്താനം ജോൺ. കേൾവിക്കാരായി ആരുമില്ലാത്ത ഒരു തെരുവുയോഗത്തെ അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം. നാട്ടുറോഡിന്റെ ഒരുവശത്ത് രണ്ടുപേർ കസേരയിൽ ഇരിക്കുന്നു. പൊക്കവും വലുപ്പവുമില്ലാത്ത ഒരു കൊച്ചുമനുഷ്യൻ മൈക്കിനോട് സംസാരിക്കുന്നു. കേൾക്കാൻ ആർക്കും വലിയ താൽപ്പര്യം തോന്നിക്കാത്ത പ്രസംഗമാണ്. ഞങ്ങളുടെ പ്രദേശങ്ങളിൽ അടിക്കടി നടക്കുന്ന ഭൂകമ്പത്തെക്കുറിച്ചാണ് അദ്ദേഹം പ്രസംഗിക്കുന്നതെന്ന് മനസ്സിലാക്കിയ ഞാൻ അടുത്തുചെന്നുനിന്ന് കേൾക്കാൻ തുടങ്ങി. ജോൺ ഒരു "പരിതസ്ഥിതി പ്രവർത്തകൻ' ആണത്രേ! പ്രസംഗം കുറേനേരം കേട്ടുകഴിഞ്ഞപ്പോഴാണ് സംഭവം പരിതസ്ഥിതി അല്ല, പരിസ്ഥിതി ആണെന്ന് മനസ്സിലായത്.

ജോണിലൂടെ ജോണിലേക്ക്

ഏഷ്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കിയും ഓരോ മഴക്കാലത്തും വിവാദമാകുന്ന മുല്ലപ്പെരിയാറും അടക്കം ചെറുതും വലുതുമായ പത്തിലധികം അണക്കെട്ടുകളും അവയുടെ വമ്പൻ ജലാശയങ്ങളും ഞങ്ങളുടെ ജില്ലയിലുണ്ട്. ദുർബലമായ മണ്ണടുക്കുകൾക്കുമേൽ പരന്നുകിടക്കുന്ന ആ ജലപ്പരപ്പ് താഴേയ്ക്ക് അമർത്തുന്ന മർദ്ദം കൊണ്ടാണ് ഈ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതെന്ന് ജോൺ! ഡാമുകളിൽ വെള്ളം നിറയുമ്പോൾ ലക്ഷക്കണക്കിന് മരങ്ങളും പതിനായിരക്കണക്കിന് ഏക്കർ വനവും അതിൽ മുങ്ങി മരിക്കുന്നു. മിച്ചമുള്ള നദികളിലും അണകൾ നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുകയാണ്. നദികളെയും വനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ച് അദ്ദേഹം പ്രസംഗം തുടരുമ്പോൾ എനിക്ക് വലിയ ഞെട്ടലും ഒട്ടേറെ പുതിയ അറിവുകളും. ഇനിയൊരു ഭൂകമ്പം വരാതിരിക്കാൻ ഉടനെ എന്തെങ്കിലും ചെയ്‌തേ പറ്റൂ. സോളിഡാരിറ്റി എന്നുപേരുള്ള ജോണിന്റെ സംഘത്തിൽ ചേർന്ന് ജില്ലയുടെ പല ഭാഗങ്ങളിൽ അവർ നടത്തിയ

യോഗങ്ങളിൽ ഞാനും പങ്കെടുത്തു. പക്ഷെ അതുകൊണ്ടുവല്ലതും അണകെട്ടുന്നതും കാടുവെട്ടുന്നതും മനുഷ്യർ നിർത്തുമോ? ഏതായാലും ജോണിന്റെ സഹവാസംകൊണ്ട് എനിക്ക് മറ്റൊരു ഗുണം കിട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും മാസികകളും ജോണിന്റെ കൈയിലുണ്ടായിരുന്നു. അവ വായിക്കാൻ അവസരം കിട്ടി. അതിലൊന്നിലാണ് ജോൺ ഡെൻവർ എന്ന പാട്ടുകാരനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്.

എഴുപതുകളുടെ തലമുറ

പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ഉറക്കെ സംസാരിച്ച ആദ്യത്തെ ലോക സംഗീതജ്ഞനായിരുന്ന ജോൺ ഡെൻവർ. പക്ഷെ പാട്ടിന്റെ അസ്‌ക്യത പണ്ടേയുള്ള എന്നെ ആകർഷിച്ചത് ജോൺ ഡെൻവർ ലോക സംഗീതത്തിലെ ഒരു സൂപ്പർ താരമാണ് എന്നതായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് താൽപര്യമായി. അന്താരാഷ്ട്ര പട്ടിണി നിർമാർജന പരിപാടി പോലുള്ള പല മനുഷ്യസ്‌നേഹ പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട് എന്നും ലേഖനത്തിൽ കണ്ടു. പക്ഷെ പ്രസിദ്ധനായ ഒരു അമേരിക്കൻ സംഗീത താരം എന്ന പരാമർശമല്ലാതെ സംഗീതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ആ പുസ്തകങ്ങൾ ഒന്നും പറഞ്ഞില്ല. ഉടനടി ജോൺ ഡെൻവറിന്റെ പാട്ടുകൾ കേൾക്കണമെന്നും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നും ആഗ്രഹിച്ചെങ്കിലും അക്കാലത്ത് അതിന് യാതൊരു വഴിയുമുണ്ടായിരുന്നില്ല.

പല വർഷങ്ങൾക്കുശേഷം ഹൈദരാബാദിൽ താമസിക്കുന്ന കാലത്താണ് ജോൺ ഡെൻവറിന്റെ സംഗീതം കേട്ടു മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞത്. വളരെക്കാലമായി ആ പാട്ടുകൾ എനിക്ക് അറിയാമെന്ന് തോന്നിപ്പോയി. എത്രമാത്രം പ്രധാനപ്പെട്ട ഒരു പാട്ടുകാരനും സംഗീതജ്ഞനുമാണ് അദ്ദേഹമെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഗിറ്റാർ നാദം, ഞാൻ കേട്ട ഏറ്റവും മികച്ച ഗിറ്റാർ നാദങ്ങളിലൊന്നാണ്. കേട്ടാലുടൻ തുള്ളിക്കുതിക്കാവുന്ന പാട്ടുകളിലും ഡിസ്‌കോ സംഗീതത്തിലും മുങ്ങിക്കിടന്ന എഴുപതുകളുടെ തലമുറയിലാണ് ജോൺ ഡെൻവർ ജീവിച്ചത്. എന്നാൽ നൃത്തത്തിനുവേണ്ടി മാത്രമുള്ള അടിപൊളി സംഗീതം ഉണ്ടാക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. ഇതുകാരണം പതുക്കെപ്പാടുന്ന ഒരു കരച്ചിൽ പാട്ടുകാരനാണ് ഡെൻവറെന്ന് അക്കാലത്തെ പല ന്യൂജെൻകാരും അദ്ദേഹത്തെ പരിഹസിച്ചു. പക്ഷേ ആ നൃത്ത സംഗീതങ്ങളെല്ലാം മൺമറഞ്ഞശേഷവും ഇന്നും ജോൺ ഡെൻവറിന്റെ സംഗീതം ജീവിക്കുന്നു.

റോക്ക് സംഗീതത്തിന്റെ ചില തെറിപ്പുകൾ

നാൽപതുകളിലെ ഫ്രാങ്ക് സിനാട്ര, അമ്പതുകളിലെ എൽവിസ് പ്രിസ്ലി, അറുപതുകളിലെ ജോൺ ലെന്നൻ (ബീറ്റിൽസ്) എന്നിവരെപ്പോലെ എഴുപതുകളുടെ സംഗീത നായകൻ തന്നെയാണ് ജോൺ ഡെൻവർ. എൽവിസ് പ്രിസ്ലി, മൈക്കിൾ ജാക്‌സൺ, ഫ്രാങ്ക് സിനാട്ര എന്നിവർ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ജനകീയ സംഗീതം ജോൺ ഡെൻവറിന്റേതാണ്. 2010ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ജനപ്രിയ ഗാനങ്ങളുടെ അമ്പതു കോടിയിലധികം പകർപ്പുകളാണ് വിറ്റുപോയിട്ടുള്ളത്. സമകാലിക സംഗീതത്തിലെ പ്രവണതകൾ പിൻതുടരാതെ തന്റെ സ്വന്തം ശൈലിയിൽ മുന്നൂറിലധികം മെലഡി ഗാനങ്ങൾ എഴുതി, സംഗീതം നൽകി, പാടിക്കൊണ്ടാണ് ഈ വിജയങ്ങളെല്ലാം ജോൺ ഡെൻവർ നേടിയെടുത്തത്.
ഒരു അമേരിക്കൻ ഗ്രാമീണ ഗായകനാണ് (കൺട്രി സിങ്ങർ) അദ്ദേഹമെന്ന് പൊതുവെ പറയാറുണ്ട്. പക്ഷെ ജോൺ ഡെൻവറിന്റെ സംഗീതത്തെ അങ്ങനെ ഒരു പ്രത്യേക വിഭാഗത്തിൽ ഒതുക്കാൻ കഴിയുമോ എന്ന് സംശയമാണ്. റോക്ക് സംഗീതത്തിന്റെ ചില തെറിപ്പുകൾ, പടിഞ്ഞാറൻ അമേരിക്കയുടെ നാടോടി

സംഗീതം, നാട്ടിൻപുറപ്പാട്ടുകൾ എന്നിവ ഇലക്ട്രോണിക് സംഗീത ഉപകരണങ്ങൾ ഒട്ടും തൊടാതെ തനതായ ശബ്ദത്തിൽ കലർത്തി ഉണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ സംഗീതം. മെലഡിയാണ് അടിനാദം. വരികൾ മിക്കതും മനോഹരമായ പ്രേമഗാനങ്ങളും പ്രകൃതി വർണ്ണനകളുമാണ്. പ്രേമവും വിരഹവും പാട്ടുകളുടെ അടിത്തറ ആയിരിക്കുമ്പോൾത്തന്നെ അവയിൽ ഇഴയോടുന്ന സമൂഹബോധവും നമുക്ക് തിരിച്ചറിയാൻ കഴിയും.
സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ, പരിസ്ഥിതിപ്പോരാളി, ജീവകാരുണ്യ പ്രവർത്തകൻ, പത്തോളം സിനിമകളിൽ അഭിനയിച്ച നടൻ എന്നിങ്ങനെ പല മുഖങ്ങൾ ജോൺ ഡെൻവറിനുണ്ടായിരുന്നു. പക്ഷെ കലുഷമായ മനസ്സുകളെ ശാന്തമാക്കാൻ കെൽപ്പുള്ള, ഏറെ സ്‌നേഹത്തോടെ നെയ്യപ്പെട്ട പാട്ടുകളുടെ സ്രഷ്ടാവ് എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പെരുമ. ജോൺ ഡെൻവറിന്റെ മിക്ക പാട്ടുകളും പ്രകൃതിയോടുള്ള

അദ്ദേഹത്തിന്റെ ആഴമായ സ്‌നേഹത്തെക്കുറിച്ചും പ്രകൃതിയുമായി ഇണങ്ങിയ ജീവിതം മനുഷ്യന് തരുന്ന നന്മകളെക്കുറിച്ചും പറയുന്നു. പ്രകൃതിസൗന്ദര്യവും സമൃദ്ധിയും തന്റെ പാട്ടുകളിൽ പരമാവധി നിറയ്ക്കുകയായിരുന്നു ഡെൻവർ. "ഞാൻ കാലി മേയ്ക്കുന്നവനായി ജീവിച്ചുകൊള്ളാം' എന്ന ഗാനം നോക്കൂ. തന്നോടൊപ്പം നഗരത്തിൽ വന്നു താമസിക്കണമെന്ന് നിർബ്ബന്ധം പിടിക്കുന്ന കാമുകിയോട് ‘എന്റെ മലയോര ഗ്രാമത്തിൽത്തന്നെ ഞാൻ ജീവിക്കും' എന്ന് പറഞ്ഞുകൊണ്ട് അവളോട് വിടപറയുന്ന ഒരാളെക്കുറിച്ചുള്ള പാട്ടാണത്.

ഞാൻ കാലി മേയ്ക്കുന്നവനായി ജീവിച്ചുകൊള്ളാം
മലയോരങ്ങളിൽ പാർത്തുകൊള്ളാം
ഇരുമ്പിന്റെയും കോൺക്രീറ്റിന്റെയും താഴ്വരകളിൽ കാണാതെപോകുന്നതിനേക്കാൾ
മഴയോടും സൂര്യനോടും പുഞ്ചിരിച്ചുകൊള്ളാം
എന്റെ സന്ധ്യകളെ നക്ഷത്ര വയലുകളിൽ ഉറക്കിക്കൊള്ളാം

ഡെൻവറിന്റെ ഏറ്റവും വലിയ ഹിറ്റുകളായ റോക്കി പർവത ശിഖരങ്ങൾ, എന്റെ ചുമലിൽ സൂര്യപ്രകാശം, ഗ്രാമപാതകളേ എന്നെ വീട്ടിലെത്തിക്കൂ, നന്ദി ദൈവമേ ഞാൻ ഒരു കുഗ്രാമപ്പയ്യൻ, മൊണ്ടാനായിലെ വനാന്തര ആകാശങ്ങൾ, വീണ്ടുമെന്റെ വീട്ടിൽ, പ്രകൃതിയമ്മയുടെ മകൻഎന്നിവയിലെല്ലാം ഉപാധികളില്ലാത്ത തന്റെ പ്രകൃതി സ്‌നേഹത്തെയാണ് അദ്ദേഹം പാടുന്നത്. ആനിയുടെ പാട്ട് എന്ന ഏറ്റവും പ്രശസ്തമായ പ്രേമഗാനത്തിൽ പോലും നാം കേൾക്കുന്നത്:

വനത്തിൽ നിറയുന്ന രാത്രി പോലെ
മലകളിൽ പടരുന്ന വസന്തം പോലെ
പർവതപ്പാതയിലെ മഴ നടത്തം പോലെ
മരുഭൂമിയിലെ കൊടുങ്കാറ്റ് പോലെ
ശാന്തമായ് ഉറങ്ങുന്ന നീലക്കടൽ പോലെ
നീ വന്നെന്നെ വീണ്ടും നിറയ്ക്കുക... എന്നാണ്.

വിജയം ഒരു വിദൂര സ്വപ്നം

1943ൽ അമേരിക്കയിൽ ന്യൂ മെക്‌സിക്കോയിലെ റോസ്വെലിൽ ജനിച്ച ജോൺ ഡെൻവറിന്റെ യഥാർത്ഥ പേര് ജോൺ ഡച്ചിൻഡ്രോഫ് എന്നാണ്. ‘ഒരു ജർമ്മൻ ഗ്രാമം' എന്നാണ് അതിന്റെ അർത്ഥം. അദ്ദേഹത്തിന്റെ അച്ഛൻ ജർമ്മൻ വംശജനായതുകൊണ്ട് വന്ന പേരാണ്. വ്യോമസേനയിലെ പൈലറ്റായിരുന്നു അച്ഛൻ. അടിക്കടിയുള്ള സ്ഥലം മാറ്റം കാരണം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും കുറച്ചു കാലം ജപ്പാനിലും അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു. ഒരു സ്ഥലത്തും അധികകാലം താമസിക്കാത്തതിനാൽ സുഹൃത്തുക്കളൊന്നും ഇല്ലാതെയാണ് ഡെൻവർ വളർന്നത്.
തന്നെ സ്‌നേഹിക്കുന്നില്ല എന്ന കാരണം പറഞ്ഞ് അച്ഛനോട് അടിക്കടി വഴക്കുണ്ടാക്കുന്ന സ്വഭാവം ചെറുപ്പത്തിൽ ഡെൻവറിനുണ്ടായിരുന്നു. അമ്മയുടെ വീട്ടിൽ പോകുമ്പോൾ മാത്രം സന്തോഷവാനായിരുന്നു. അവിടെയാണ് അദ്ദേഹം കൺട്രി സംഗീതം കേട്ട് വളർന്നത്. അമ്മമ്മ ചെറുമകന്റെ വാസന തിരിച്ചറിഞ്ഞ് നാൽപ്പത് വർഷം പഴക്കമുള്ള തന്റെ ഗിബ്‌സൺ ഗിറ്റാർ സമ്മാനിച്ചു. അന്ന് ഡെൻവറിന് പതിനൊന്ന് വയസായിരുന്നു. സംഗീതം പോലുള്ള ചെറുകിട നേരമ്പോക്കുകളിൽ സമയം പാഴാക്കാതെ ജോലിചെയ്ത് നാല് കാശുണ്ടാക്കാൻ ഡെൻവറിന്റെ അച്ഛൻ നിർബ്ബന്ധിച്ചു. വഴക്കു മൂത്തപ്പോൾ ടെക്‌സസിലെ തന്റെ വീട്ടിൽ നിന്ന് അച്ഛന്റെ കാറുമെടുത്ത് കാലിഫോർണിയയിലേക്ക് ഡെൻവർ ഒളിച്ചുപോയി.

പതിനാറാമത്തെ വയസ്സിൽ. അവിടെയുള്ള ചില കുടുംബസുഹൃത്തുക്കൾ സംഗീതത്തിൽ വളരാൻ സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ഡെൻവർ കാറോടിച്ച് അവിടെയെത്തുന്നതിനുമുമ്പേ വിമാനത്തിൽ കാലിഫോർണിയയിലെത്തിയ അച്ഛൻ പയ്യനെ കഴുത്തിനു പിടിച്ച് വീണ്ടും സ്‌കൂളിൽ കൊണ്ടുപോയിവിട്ടു.

വർഷങ്ങൾക്ക് ശേഷം കോളേജ് പഠനം വലിച്ചെറിഞ്ഞ് കാലിഫോർണിയയിൽ തന്നെ ഡെൻവർ വീണ്ടുമെത്തി. അവിടെ കൺട്രി, റോക്ക് സംഗീതങ്ങൾ ആർത്തുവളരുന്ന കാലമായിരുന്നു. ഉച്ചരിക്കാൻ പ്രയാസമുള്ള ഡച്ചിൻഡ്രോഫ് എന്ന പേര് ഉപേക്ഷിച്ച് മലകളാൽ ചുറ്റപ്പെട്ട അമേരിക്കൻ സംസ്ഥാനം കൊളറാഡോയുടെ തലസ്ഥാന നഗരത്തിന്റെ പേരായ ‘ഡെൻവർ' അദ്ദേഹം സ്വീകരിച്ചു. കാടുമലകൾ നിറഞ്ഞ പടിഞ്ഞാറൻ അമേരിക്കയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവായ്പ്പിനെ സൂചിപ്പിക്കുന്ന പേര്. കാലിഫോർണിയയിലെ ചെറുകിട നൈറ്റ്ക്ലബ്ബുകളിലും കൊച്ചുകൊച്ചു സംഗീത പരിപാടികളിലും ഗിറ്റാർ വായിച്ചു പാടി അവസരങ്ങൾ തേടി.
രണ്ടുവർഷത്തെ കഷ്ടപ്പാടിനുശേഷം പ്രശസ്ത മൂവർ ഗാന സംഘം ചാഡ് മിച്ചൽ ട്രയോയിൽ പാടുന്നതിനുള്ള ശബ്ദ പരിശോധനയിൽ പങ്കെടുക്കാൻ അവസരം കിട്ടി. ആ സംഘം കോളേജ് കാമ്പസുകളിലും ക്ലബ്ബുകളിലും ജനപ്രിയമായിരുന്നു. ഇരുന്നൂറ് പേരിൽനിന്ന് നിന്ന് ജോൺ ഡെൻവറിനെ അവർ തിരഞ്ഞെടുത്തു. സംഘത്തിന്റെ സ്ഥാപകനായ ചാഡ് മിച്ചലിനൊപ്പം പാടുന്ന ഗായകനായും ഗിറ്റാർ, ബാഞ്ചോ വാദകനായും ഡെൻവർ ചേർന്നു. രണ്ടുവർഷത്തോളം അവരോടൊപ്പം നിന്ന് തന്റെ കഴിവുകൾ വികസിപ്പിക്കുകയും വേദികളിൽ എന്തൊക്കെ എങ്ങനെ ചെയ്യണമെന്ന് പഠിക്കുകയും ചെയ്തു.

ഈ സമയത്താണ് അദ്ദേഹം തന്റെ ആദ്യ ഗാനമായ ഒരു ജെറ്റ് വിമാനത്തിൽ യാത്രപോകുന്നു' എഴുതിയത്. വൈകാതെ കൈയിലുണ്ടായിരുന്ന തുച്ഛമായ പണംകൊണ്ട് തന്റെ ആദ്യ ആൽബം റെക്കോർഡു ചെയ്തു. ഇരുന്നൂറ്റമ്പത് കോപ്പി എടുത്ത് തനിക്കറിയാവുന്ന എല്ലാ വിലാസങ്ങളിലേക്കും അയച്ചുകൊടുത്തു. നേരിട്ടറിയാവുന്ന സംഗീതപ്രേമികൾക്ക് ഓരോ കോപ്പി കൊണ്ടുചെന്ന് കൊടുത്തു. അക്കാലത്തെ മറ്റൊരു മൂവർ ഗാനസംഘം പീറ്റർ പോൾ & മേരി ആ റിക്കാർഡ് കേൾക്കുകയും ‘ഒരു ജെറ്റ് വിമാനത്തിൽ യാത്രപോകുന്നു' പാട്ട് അവർക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ആ പാട്ട് അവർ വീണ്ടും പാടി റെക്കോർഡു ചെയ്ത് പുറത്തിറക്കി. അത് ഒരു വൻ വിജയമായി, ബിൽബോർഡ് സംഗീത വിൽപ്പനപ്പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. വിയറ്റ്‌നാം യുദ്ധത്തിന്റെ കാലമായിരുന്നു. വിയറ്റ്‌നാമിലേക്കു പോകുന്ന പട്ടാളക്കാരുടെ വിടവാങ്ങൽ ഗാനമായി ആളുകൾ ആപ്പാട്ട് ഏറ്റെടുത്തു. പക്ഷെ പാട്ട് ഉണ്ടാക്കിയ ജോൺ ഡെൻവറിന് വിജയം അപ്പോഴും ഒരു വിദൂര സ്വപ്നമായിരുന്നു.

‘ഗ്രാമപാതകളേ എന്നെ വീട്ടിലെത്തിക്കൂ'

ഒരു കോളേജ് സംഗീത പരിപാടിക്കിടയിൽ പരിചയപ്പെട്ട ആൻ മാർട്ടൽ എന്ന സുന്ദരിയായ വിദ്യാർത്ഥിനിയുമായി ഡെൻവർ പ്രണയത്തിലായി. അടുത്ത വർഷം ഇരുവരും വിവാഹിതരായി. ആൻ എന്ന ഈ ആനിയെപ്പറ്റിയുള്ളതാണ് ഡെൻവറിന്റെ ‘ആനിയുടെ പാട്ട്'. ചാഡ് മിച്ചൽ സംഘം വിട്ട് ഡെൻവർ തനിയെ

പാടാൻ ആരംഭിച്ചു. എൽവിസ് പ്രിസ്ലിയുടെ ഗാനങ്ങൾ പുറത്തിറക്കുന്ന ആർ സി എ റെക്കോർഡ്സിൽ നിന്ന് ഏറെ പ്രയാസപ്പെട്ട് റെക്കോർഡിംഗ് കരാർ സംഘടിപ്പിച്ചു. അതിലൂടെ തന്റെ ആദ്യത്തെ ഗാനശേഖരമായ റൈംസ് ആൻഡ് റീസൺസ് പുറത്തിറക്കി. ഒരു ജെറ്റ് വിമാനത്തിൽ യാത്രപോകുന്നു എന്ന പാട്ട് ഉൾപ്പെടെ ഡെൻവർ അതുവരെ എഴുതിയ എല്ലാ ഗാനങ്ങളുടെയും സമാഹാരമായിരുന്നു അത്. പക്ഷെ ആ റെക്കോർഡ് വിൽക്കാൻ സംഗീതക്കമ്പനി യാതൊന്നും ചെയ്തില്ല.

ആദ്യ ഗാനശേഖരം വിൽപ്പനയിൽ പരാജയപ്പെട്ടാൽ അത് തന്റെ സംഗീത ജീവിതം തകർക്കുമെന്ന് ഡെൻവറിന് അറിയാമായിരുന്നു. വേദികളിൽ പാടി തന്റെ പാട്ടുകളെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഒരു സംഗീത പര്യടനം ആരംഭിച്ചു. ചെറുപട്ടണങ്ങളിലും നഗരങ്ങളിലുമുള്ള സംഗീത ക്ലബ്ബുകളിലും ഹോട്ടലുകളിലും ചെന്ന് സൗജന്യമായി പാടി. ചാഡ് മിച്ചൽ ട്രിയോയിലെ മുൻ ഗായകനും ഒരു ജെറ്റ് വിമാനത്തിൽ യാത്രപോകുന്നു എന്ന പാട്ടിന്റെ രചയിതാവും എന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും ഗിറ്റാർ വായിച്ചു പാടി. പകൽ സമയത്ത് തന്റെ പരിപാടിയുടെ പരസ്യങ്ങൾ തന്നെത്താൻ നഗരച്ചുവരുകളിൽ ഒട്ടിച്ചുവെച്ചു. പരിപാടിക്കിടയിൽ

റെക്കോർഡുകൾ വിൽക്കാൻ ശ്രമിച്ചു.
കയ്യിൽ ഗിറ്റാറുമായി പ്രാദേശിക റേഡിയോ നിലയങ്ങളിൽ പോയി പാടിയും പറഞ്ഞും പ്രക്ഷേപണം ചെയ്തു. മാസങ്ങളോളം നടത്തിയ ഇത്തരം ശ്രമങ്ങൾ മൂലം ആ റെക്കോർഡിന് മതിയായ വിൽപ്പന കിട്ടി. ആർ.സി.എയുമായുള്ള കരാറും നീട്ടിക്കിട്ടി. ആരാധകരുടെ എണ്ണം വർദ്ധിച്ചു. വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. വൈകാതെ കൊളറാഡോ മലനിരകളിലെ തന്റെ സ്വപ്നനഗരമായ ആസ്പനിൽ ഒരു വീട് വാങ്ങി അങ്ങോട്ട് താമസം മാറ്റി. അതിനുശേഷം വന്ന ‘ഗ്രാമപാതകളേ എന്നെ വീട്ടിലെത്തിക്കൂ' എന്ന ഗാനം എല്ലാ

'Rocky Mountain High' വരികൾ കൊത്തിവെച്ച

അസ്പനിലെ Rio Grande പാർക്കിലെ ജോൺ ഡൻവർ സ്മാരകം

വിൽപ്പനപ്പട്ടികകളിലും ഒന്നാമതെത്തി. പിന്നെ ഒരിക്കലും പ്രശസ്തിയിലും ധനസ്ഥിതിയിലും അദ്ദേഹം താഴേയ്ക്ക്പോയില്ല. പാട്ടുകൾ ഓരോന്നായി വൻ പ്രചാരം നേടി. അന്താരാഷ്ട്ര പ്രശസ്തിയും നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രകളും പിന്നാലെയെത്തി. കൊളറാഡോ സംസ്ഥാനത്തിന്റെ ആസ്ഥാന സംഗീതജ്ഞനായി സർക്കാർ അദ്ദേഹത്തെ പ്രഖ്യാപിച്ചു. പോപ്പ്, കൺട്രി സംഗീത ആരാധകർ ഒരുപോലെ ജോൺ ഡെൻവറിനെ സ്വീകരിച്ചു.

പോപ്പ്, കൺട്രി സങ്കര സംഗീതം

പക്ഷെ കൺട്രി സംഗീത വിമർശകർ അദ്ദേഹത്തിന്റെ സംഗീതം ശുദ്ധമായ കൺട്രി അല്ല എന്ന് വിമർശിച്ചു. പോപ്പ് വിമർശകരും ഡെൻവറിനെ അംഗീകരിച്ചില്ല. അദ്ദേഹത്തിന്റെ ഗാനങ്ങൾ അധിക മധുരവും അമിത വൈകാരികവും ആണെന്ന് അവർ കുറ്റം പറഞ്ഞു. മുത്തശ്ശിമാരുടേതുപോലുള്ള വട്ടക്കണ്ണട വെച്ച ഡെൻവറിന്റെ രൂപം അറുപഴഞ്ചനും അദ്ദേഹം സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്ന രീതി അനാകർഷകവും ആണെന്ന് അവർ വിമർശിച്ചു. ‘ഞാനും എന്റെ പാട്ടുകളും പഴയതായിത്തന്നെ തുടരും. വളരെച്ചെറിയ കാര്യങ്ങളെക്കുറിച്ചായിരിക്കാം എന്റെ പാട്ടുകൾ. പക്ഷേ ആ ചെറിയ കാര്യങ്ങളാണ് എനിക്ക് പ്രധാനം. ഈ ലോകത്തിലെ എത്രയോ മനുഷ്യർക്ക് ഏതെങ്കിലും തരത്തിൽ എന്റെ പാട്ടുകൾ ആശ്വാസമാണ്' എന്നാണ് ഡെൻവർ അതിന് മറുപടി പറഞ്ഞത്. ‘ഡെൻവറിന്റെ സംഗീതം വല്ലാതെ ലളിതമാണ്' എന്ന് പലരും എഴുതി. പക്ഷേ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പാട്ടുകളായിരുന്നു അവ. ഇലക്ട്രോണിക് ഉപകരണങ്ങൾ ഒട്ടുമില്ലാത്ത ആ സംഗീതം എഴുപതുകളിലെ ഇലക്ട്രോണിക് ബഹളത്തിനിടയിൽ വലിയൊരു ആശ്വാസമായിരുന്നു. ജോൺ ഡെൻവർ പോപ്പ്, കൺട്രി എന്നിവയെ ഒരു പുതിയ രീതിയിൽ സമീപിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തു. ആ സങ്കര സംഗീതമാണ് അദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത്.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ പല ഗാനങ്ങൾക്കും പ്രചോദനമായി. വിൻഡ്സ്റ്റാർ ഫൗണ്ടേഷനും ആഗോള വിശപ്പ് നിർമാർജന പദ്ധതിയും ഡെൻവർ ആരംഭിച്ചു. ഗവണ്മെന്റിന്റെ പട്ടിണി നിർമാർജന കമ്മീഷനിൽ പ്രത്യേക അംഗമായി അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അദ്ദേഹത്തെ നിയമിച്ചു. വന്യജീവി സംരക്ഷണം, കുട്ടികളുടെ യു എൻ ഫണ്ടിലെ ശിശുക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിലും സജീവമായി പങ്കെടുത്തു. അണുവായുധ വ്യാപനത്തിനെതിരായ സമാധാന പ്രസ്ഥാനങ്ങളെ ശക്തമായി പിന്തുണച്ചു.

ഡെമോക്രാറ്റ് പാർട്ടിയുടെ സഹയാത്രികനായിരുന്ന ഡെൻവർ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡന്റുമാരായ റിച്ചാർഡ് നിക്‌സൺ, റൊണാൾഡ് റീഗൻ എന്നിവർക്കൊപ്പവും താൽപ്പര്യത്തോടെ പ്രവർത്തിച്ചു. റീഗനിൽ നിന്ന് വേൾഡ് വിത്തൗട്ട് ഹംഗർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ആൽബർട്ട് ഷൈ്വറ്റ്‌സർ മ്യൂസിക് അവാർഡും ഡെൻവറിന് കിട്ടി. (ആൽബർട്ട് ഷൈ്വറ്റ്‌സർ പ്രശസ്ത മനുഷ്യസ്നേഹിയും ശാസ്ത്രീയ സംഗീതജ്ഞനുമാണ്). അതുവരെ ശാസ്ത്രീയ സംഗീതജ്ഞർക്ക് മാത്രമാണ് ഈ അവാർഡ് നൽകി വന്നത്. കമ്മ്യൂണിസ്റ്റ് ചൈനയിലും സോവിയറ്റ് യൂണിയനിലും പര്യടനം നടത്തിയ ആദ്യത്തെ അമേരിക്കൻ പോപ്പ് ഗായകൻ ജോൺ ഡെൻവർ ആയിരുന്നു. സോവിയറ്റ്

യൂണിയനിൽ ചെർണോബിൽ അണ്വായുധ നിർമ്മാണ ശാലയിൽ ഉണ്ടായ അപകടത്തിൽപ്പെട്ടവരെ സഹായിക്കാനായി ഒരു പ്രത്യേക പരിപാടി അദ്ദേഹമവിടെ നടത്തി. ‘എന്തിനാണ് നമ്മളിങ്ങനെ ആയുധങ്ങൾ ഉണ്ടാക്കുന്നത്?' എന്നാരംഭിക്കുന്ന ഗാനം ആ യാത്രക്കുവേണ്ടി അദ്ദേഹം എഴുതിയതാണ്:

എന്തിനാണ് നമ്മളിങ്ങനെ ആയുധങ്ങൾ ഉണ്ടാക്കുന്നത്?
യുദ്ധ യന്ത്രങ്ങളുടെ ആർത്തി അടക്കാൻ ഭക്ഷണം നൽകുന്നത്?
നമ്മുടെ കുഞ്ഞുങ്ങളുടെ വായിൽ നിന്നാണ് ആ ഭക്ഷണം നമ്മളെടുക്കുന്നത്
ദരിദ്രരുടെ കയ്യിൽനിന്നാണ് അത് നമ്മൾ പിടിച്ചുപറിക്കുന്നത്
ആർക്കുവേണ്ടിയാണ് നമ്മൾ ആയുധങ്ങൾ ഉണ്ടാക്കുന്നത്?

ആനിയുടെ പാട്ട്

സംഗീതത്തിലും പൊതുജീവിതത്തിലും എല്ലാം തികഞ്ഞപ്പോഴും വ്യക്തി ജീവിതത്തിൽ ജോൺ ഡെൻവർ സന്തോഷവാനായിരുന്നില്ല. അദ്ദേഹത്തിന് കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. ഒരു കുട്ടിയെ ജനിപ്പിക്കാൻ വൈദ്യശാസ്ത്രപരമായി അദ്ദേഹത്തിന് കഴിവില്ലായിരുന്നു. അതിനാൽ ആദ്യം ഒരു ആൺകുട്ടിയെയും പിന്നെ ഒരു പെൺകുട്ടിയെയും ആഫ്രിക്കൻ, ചൈനീസ് വംശങ്ങളിൽ നിന്ന് ദത്തെടുത്തു. കുട്ടികളുടെ വരവിനുശേഷം കുറച്ചുകാലം തിളക്കത്തോടെ മുന്നോട്ടുപോയ കുടുംബജീവിതം വളരെവേഗം തകരാൻ തുടങ്ങി. വളരെച്ചെറുപ്പത്തിലേ ആരംഭിച്ച ഒറ്റയ്ക്കുള്ള സംഗീത യാത്രകളും ഏകാന്തതയും അദ്ദേഹത്തെ മദ്യപാനം, മയക്കുമരുന്ന്, ലൈംഗിക സാഹസങ്ങൾ എന്നിവയിൽ കൊണ്ടെത്തിച്ചിരുന്നു.

യാത്രകളിൽ ഭാര്യ തന്നോടൊപ്പം ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ആനി യാത്രകളെ വെറുത്തു. പണക്കാരികളായ തന്റെ കൂട്ടുകാരികളുടെ കൂടെ സമയം ചെലവഴിക്കാനാണ് അവർ ഇഷ്ടപ്പെട്ടത്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ വല്ലാതെ കൂടിയപ്പോൾ വീട് ആനിക്ക് വിട്ടുകൊടുത്ത് ഒരു ചെറിയ വീട്ടിലേക്ക് ഡെൻവർ താമസം മാറി. ആ ദിവസങ്ങളിൽ ഒരിക്കൽ തന്റെ വീട്ടുമുറ്റത്തെ വളരെപ്പഴയ ചില പഴയ മരങ്ങൾ ആനി വെട്ടിമാറ്റിയതായി ഡെൻവർ അറിഞ്ഞു. ആ മരങ്ങളിൽ ഒരു പോറൽപോലും വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടാണ് ഡെൻവർ വീട് പണിതത്. ആനിയെ ഫോണിൽ വിളിച്ച് മരങ്ങൾ വെട്ടിയത് എന്തിനാണ് എന്ന് ചോദിച്ചു. ആ പഴഞ്ചൻ മരങ്ങൾ വീടിന്റെ മനോഹരമായ കാഴ്ചയെ മറയ്ക്കുന്നതുകൊണ്ട് അവ വെട്ടി ഫർണിച്ചർ പണിതു എന്ന് ആനി നിസ്സാരമായി പറഞ്ഞുകളഞ്ഞു. ദേഷ്യം കയറിയ ഡെൻവർ വീട്ടിലേക്ക് പാഞ്ഞെത്തി ആനിയോട് ‘ഇത് ചെയ്യുന്നതിന് മുമ്പ് നീ എന്നോട് ചോദിക്കണമായിരുന്നു. ഈ വീട് എന്റേതാണ്' എന്നു പറഞ്ഞു. ആനിയുടെ പുച്ഛത്തിലുള്ള ചിരിയും കൂസലില്ലാത്ത പ്രതികരണവും ഡെൻവറിനെ കോപാക്രാന്തനാക്കി. അവരുടെ കഴുത്തിൽ പിടിച്ചു ഞെരിച്ച് മുറിയുടെ മൂലയിലേക്ക് തള്ളിയെറിഞ്ഞു. അവിടെക്കിടന്ന ഇലക്ട്രിക് വാൾ എടുത്ത് ആ മരങ്ങൾ കൊണ്ട് നിർമ്മിച്ച വീട്ടുപകരണങ്ങളെല്ലാം അറുത്ത് മുറിച്ച് താറുമാറാക്കി. ആ സംഭവത്തെക്കുറിച്ച് ഡെൻവർ പിന്നീട് എഴുതി ‘അത്ര വലിയൊരു അക്രമം ചെയ്യാൻ എനിക്കും കഴിയുമെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്'.

അങ്ങേയറ്റം സത്യസന്ധനായിരുന്നു ജോൺ ഡെൻവർ. അദ്ദേഹം ഒരിക്കലും ഒന്നും മറച്ചുവെച്ചില്ല. ഒരു പത്രപ്രവർത്തകൻ മദ്യാസക്തിയെപ്പറ്റി ചോദിച്ചപ്പോൾ ‘അതിൽ മുങ്ങിക്കിടപ്പാണ് ഞാൻ ' എന്നാണ് ഡെൻവർ പറഞ്ഞത്. തനിക്ക് ഒരു കുട്ടിയെ ജനിപ്പിക്കാനാവില്ലെന്ന കാര്യം അദ്ദേഹം പരസ്യമായിപ്പറഞ്ഞു. ‘ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ എനിക്ക് കഴിയിവില്ലെന്ന് ഞാൻ തന്നെ പറയുമ്പോൾ എല്ലാവരും ഞെട്ടുന്നു. ഉള്ളത് പറയുമ്പോൾ ഞെട്ടാനെന്തിരിക്കുന്നു?' ജോൺ ഡെൻവറിന്റെ ആത്മകഥയായ ‘ടേക്ക് മി ഹോം’ ഞാൻ ഇതുവരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധമായ പുസ്തകങ്ങളിലൊന്നാണ്. തന്റെ മദ്യം-മയക്കുമരുന്ന് ഉപയോഗം, നിയന്ത്രണങ്ങളില്ലാത്ത കാമം, ആരാധകരും ലൈംഗികത്തൊഴിലാളികളും അടക്കം എണ്ണമറ്റ സ്ത്രീകളുമായി ഉണ്ടായ ശാരീരിക ബന്ധങ്ങൾ എന്നിവയൊക്കെ മറയില്ലാതെ അദ്ദേഹം വിവരിക്കുന്നു.

ആനി വിവാഹമോചനം ആവശ്യപ്പെട്ടു. വെറും മിസ്സിസ് ജോൺ ഡെൻവർ ആയി ഇനി ജീവിക്കാനാവില്ല എന്ന് അവർ തീരുമാനിച്ചു. മുമ്പ് പലതവണ ഇരുവരും താൽക്കാലികമായി വേർപിരിഞ്ഞിട്ടുണ്ട്. അത്തരമൊരു വേർപിരിയലിനിടെ എഴുതിയ ‘ആനിയുടെ പാട്ടി'ൽ
നിന്നെ സ്‌നേഹിക്കുന്നു
നിന്റെ ചിരിയിൽ മുങ്ങുന്നു
നിന്റെ ആലിംഗനത്തിൽ മരിക്കുന്നു
വരിക
വന്നെന്നെ വീണ്ടും സ്‌നേഹിക്കുക... എന്ന വരികൾ കേൾക്കാം.

എന്റെ രാത്രികൾ നിഴലുകൾപോലെ മാഞ്ഞുപോയി

ആയിരം പെണ്ണുങ്ങൾ വന്നുപോയാലും താൻ സ്‌നേഹിക്കുന്ന ഒരേയൊരു സ്ത്രീ തന്റെ ഭാര്യയാണെന്ന് ഡെൻവർ പറഞ്ഞു. വിവാഹമോചനത്തിന് അദ്ദേഹം സമ്മതിച്ചില്ല. പക്ഷെ ആനി എല്ലാം അവസാനിപ്പിച്ചു. പിന്നീട് ഒരു ചെറുകിട പാട്ടുകാരിയും നടിയുമായിരുന്ന കസാന്ദ്ര ഡിലാനെ ഡെൻവർ വിവാഹം കഴിച്ചു. നിയമപരമായി അവരെ വിവാഹം കഴിക്കാൻ ഡെൻവർ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ കസാന്ദ്ര നിർബന്ധിച്ചു. ഡെൻവറിലൂടെ തന്റെ പാട്ടും അഭിനയവും ലോകത്തിനു മുമ്പിൽ എത്തിക്കാനായിരുന്നു അവരുടെ പദ്ധതി. വൈകാതെ അവർക്ക് ഒരു പെൺകുട്ടി ജനിച്ചു! ആ കുട്ടി തന്റേതാണെന്ന് ഡെൻവർ വിശ്വസിച്ചു. റെയ്കി ചികിത്സ തന്നെ സുഖപ്പെടുത്തിയെന്ന് അദ്ദേഹം കരുതി. ആത്മകഥയിൽ ഡെൻവർ എഴുതുന്നു, ‘കസാന്ദ്ര എല്ലാവിധത്തിലും എന്നെ വഞ്ചിച്ചു. പക്ഷെ എന്റെ സുന്ദരിക്കുഞ്ഞ് ജെസെബെലിനെ അവളെനിക്ക് സമ്മാനിച്ചു'.

രണ്ടുവർഷം തികയും മുൻപ് ആ വിവാഹം വിവാഹമോചനത്തിൽ അവസാനിച്ചു. കുട്ടികളെ തന്നോടൊപ്പം നിർത്താൻ ഡെൻവർ നിയമപരമായി പോരാടി. ഒരു കേസിൽ നാല്പത് ലക്ഷം ഡോളർ വരെ ചെലവഴിച്ചു. പക്ഷെ എല്ലാക്കേസിലും ഡെൻവർ തോറ്റു. കുട്ടികളെ അവരുടെ അമ്മമാരുടെ കൂടെ വിട്ടുകൊണ്ട് കോടതി വിധിച്ചു. തന്റെ മൂന്ന് മക്കളെയും ഡെൻവർ വളരെയധികം സ്‌നേഹിച്ചു. തനിക്കാവുന്നതെല്ലാം അവർക്ക് നൽകി. സാധിച്ചപ്പോഴെല്ലാം അവരോടൊപ്പം നേരം ചെലവഴിച്ചു.

ലോകത്തിന്റെ കണ്മുന്നിൽ ജോൺ ഡെൻവർ ഉത്സാഹത്തിന്റെയും കരുത്തിന്റെയും ആവേശത്തിന്റെയും പ്രതീകമായിരുന്നു. പക്ഷെ എല്ലാ വിജയങ്ങൾക്കിടയിലും താൻ തീർത്തും ഒറ്റയ്ക്കായിരുന്നു എന്നാണ് ഡെൻവർ എഴുതിയത്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള മനുഷ്യനെ ആർക്കും മനസ്സിലായില്ല. ജീവിതത്തിൽ താൻ ഒരേ സമയം പർവതങ്ങൾക്കുമേൽ പറക്കുകയും സമുദ്രത്തിന്റെ ആഴത്തിലേക്ക് തലകുത്തി വീഴുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ‘ഈ ജീവിതത്തിന് യാതൊരു അർത്ഥവുമില്ലെന്നും മരിക്കുന്നതാണ് നല്ലത് എന്നും പലപ്പോഴും ഞാൻ ചിന്തിച്ചിരുന്നു'.
പറക്കാൻ ആഗ്രഹിച്ച ആളായിരുന്നു ജോൺ ഡെൻവർ. തന്റെ അച്ഛനെപ്പോലെ ഒരു പൈലറ്റാകാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. വിശാലമായ പച്ചപ്പരപ്പിനുമേൽ അതിരുകളില്ലാത്ത ആകാശത്ത് അങ്ങനെ പറന്നുനടക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സമാധാനവുമെന്ന് ജോൺ ഡെൻവർ പറയാറുണ്ടായിരുന്നു. ‘പറന്നു പറന്നു പോ' എന്ന തന്റെ ഗാനത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി...
എന്റെ ദിവസങ്ങൾ മേഘം മൂടിക്കടന്നുപോയി
എന്റെ സ്വപ്നങ്ങൾ വരണ്ടുണങ്ങിപ്പോയി
എന്റെ രാത്രികൾ നിഴലുകൾപോലെ മാഞ്ഞുപോയി
ഇനി ഞാൻ പറക്കട്ടെ
പറന്നു പറന്നു പോ....

രണ്ടുപേർക്ക് പറക്കാവുന്ന ഒരു വിമാനം ജോൺ ഡെൻവർ വാങ്ങി. വിമാനം പ്രവർത്തിപ്പിക്കാനും അതിൽ പറക്കാനും ഡെൻവറുമായി വർഷങ്ങൾ അകന്നു

പസഫിക് ഗ്രോവിൽ ഡെൻവറിന്റെ

വിമാന അപകടം നടന്ന സ്ഥലത്തെ

അടയാളപ്പെടുത്തുന്ന ഫലകം

കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ വന്ന് പരിശീലിപ്പിച്ചു. അച്ഛനുമായി വീണ്ടും ഒരുമിച്ചത് ഡെൻവറിനെ സന്തോഷിപ്പിച്ചു. താമസിയാതെ നല്ല പരിശീലനമുള്ള ഒരു പൈലറ്റായി അദ്ദേഹം മാറി. ദീർഘദൂര യാത്രകളിൽ ഒറ്റയ്ക്ക് പറന്നു തുടങ്ങി.

അമ്പത്തിനാലാം പിറന്നാളിന് രണ്ടു മാസം മുമ്പ്, 1997 ഒക്ടോബർ 12ന് രാവിലെ സുഹൃത്തുക്കളോടൊപ്പം ഏറെ നേരം ഗോൾഫ് കളിച്ച ശേഷം

കാലിഫോർണിയയിലെ മോണ്ടെറേ ബേയിൽ സമുദ്രത്തിന് മുകളിലൂടെ അദ്ദേഹം തന്റെ വിമാനത്തിൽ പറന്നു. അന്ന് ഉച്ചയോടെ ഒരു ചെറു വിമാനം സമുദ്രത്തിൽ തകർന്നു വീഴുന്നത് കണ്ടതായി പലരും പറഞ്ഞു. മാനം മുട്ടുന്ന മലകളുടെ പ്രിയപ്പെട്ട പാട്ടുകാരൻ ഉറങ്ങുന്ന നീല സമുദ്രത്തിന്റെ ആഴത്തിലേക്ക് ഊളിയിട്ടുപോയി. ഒരു ജെറ്റ് വിമാനത്തിൽ എന്നേക്കുമായി യാത്രപോയി താൻ എഴുതിയ പാട്ടുപോലെ ജോൺ ഡെൻവർ അവസാനിച്ചു.
ഞാൻ പുറപ്പെടാൻ തയ്യാറായിക്കഴിഞ്ഞു
യാത്ര പറയാനായി ഉറക്കത്തിൽ നിന്ന് നിന്നെ ഉണർത്തുന്നില്ല
പുലർവെളിച്ചം മെല്ലെ തെളിഞ്ഞുവരുന്ന ഈ നേരത്ത്
ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യൻ യാത്ര പോകുന്നു
ഒരു പുഞ്ചിരിയും ചുംബനവും എനിക്ക് തരുമോ?
എനിക്കുവേണ്ടി കാത്തിരിക്കാമെന്ന് പറയുമോ?
ഇതാ ഒരു ജെറ്റ് വിമാനത്തിൽ ഞാൻ പുറപ്പെടുന്നു
എന്ന് തിരിച്ചുവരുമെന്ന് എനിക്കറിഞ്ഞുകൂടാ...

Comments