ഋത്വിക് ഘട്ടക്കിന്റെ കാമുകി

ഇന്ന് സംവിധായകരുടെ സംവിധായകനായി ആഘോഷിക്കപ്പെടുന്ന ഋത്വിക് ഘട്ടക്കിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മവർഷമാണിത്. അദ്ദേഹം മരിച്ചിട്ട് 45 വർഷങ്ങൾ. കഴിഞ്ഞ വർഷം അന്തരിച്ച അദ്ദേഹത്തിന്റെ ഭാര്യ സുരമാ ഘട്ടക്കുമായി മുമ്പ് നടത്തിയ സംഭാഷണങ്ങളിലൂടെ അറിഞ്ഞ അവരിരുവരുടെയും അങ്ങേയറ്റം അസാധാരണമായ ജീവിതം എഴുതുകയാണ് ഋത്വിക് ഘട്ടക്ക് മെമ്മോറിയൽ ട്രസ്റ്റിന്റെ തെന്നിന്ത്യാ പ്രതിനിധി കൂടിയായ ലേഖകൻ

‘തിതാഷ്.. നീ ഇപ്പോഴും കൽക്കട്ടയിൽത്തന്നെയല്ലേ? ഇടയ്ക്കിടെ ചെന്ന് സുരമാദിയെ കാണണേ. നിന്നാലാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കണം. പാവം.. തൊണ്ണൂറ്റിമൂന്നു വയസ്സിൽ വല്ലാതെ കഷ്ടപ്പെടുന്നു. ഈയിടെയായി അവരുടെ വീട്ടിലെ ഫോൺ ആരും എടുക്കുന്നേയില്ല. ഇന്നു രാവിലെയും വിളിച്ചു നോക്കിയിരുന്നു'; കുറേനാൾ കൂടി എന്നെ വിളിച്ച തിതാഷിനോട് ഞാൻ പറഞ്ഞു. ‘അയ്യോ സാർ.. നിങ്ങളറിഞ്ഞില്ലല്ലേ? സുരമാദി മരിച്ചുപോയി. കഴിഞ്ഞ മെയ് ഏഴിനായിരുന്നു'. തലയ്ക്ക് അടിയേറ്റവനെപ്പോലെ ഞാനിരുന്നുപോയി. അവൾ പറഞ്ഞത് ഋത്വിക് ഘട്ടക്കിന്റെ ഭാര്യ സുരമാ ഘട്ടക്കിന്റെ മരണത്തെക്കുറിച്ചാണ്. കുറേനാളായി തീരെ സുഖമില്ലായിരുന്നു. മരിക്കാനുള്ള പ്രായവുമായി. പക്ഷെ ഒരു മകനെപ്പോലെ എന്നെ കരുതിയ സുരമാദി*യെ അവസാനമായി ഒരുനോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ!
മരണം അറിയിക്കാനൊന്നും അവിടെ ആരും ഇല്ലായിരുന്നു. സുരമാദിയുടെ മൂത്തമകളും ഋത്വിക് ഘട്ടക്ക് ട്രസ്റ്റിന്റെ ചുമതലക്കാരിയുമായിരുന്ന എന്റെ സുഹൃത്ത് സംഹിതാഘട്ടക്ക് ഒരുവർഷം മുമ്പേ മരിച്ചിരുന്നു. കാലം കടന്ന് സുരമാദിയുടെ മരണവാർത്ത എന്നെ അറിയിച്ച തിതാഷ് 23 വയസ്സ് മാത്രമുള്ള പെൺകുട്ടി. റിത്വിക് ഘട്ടക്ക് ട്രസ്റ്റിന്റെ പരിപാടികളിലൂടെ ഞാൻ പരിചയപ്പെട്ടവൾ. വിചിത്രം എന്ന് തോന്നാവുന്ന അവളുടെ പേര് ഘട്ടക്കിന്റെ സിനിമയായ ‘തിതാഷ് എക്തി നദിർ നാം' എന്നതിൽ നിന്ന് എടുത്തതാണ്. അവളുടെ അമ്മ ഘട്ടക്കിന്റെ കടുത്ത ആരാധികയായിരുന്നു. തന്റെ മകന് അവർ ഋത്വിക് എന്നുതന്നെയാണ് പേരിട്ടത്. ഘട്ടക്കിനെ അത്രത്തോളം സ്‌നേഹിച്ച എണ്ണമറ്റ ആരാധകരെ ലോകം മുഴുവൻ അദ്ദേഹം സമ്പാദിച്ചു. എന്റെ ഋത്വിക് ഘട്ടക്കിനോടുള്ള പ്രണയം പതിന്നാലാമത്തെ വയസ്സിൽ ‘സുവർണ്ണരേഖ' കണ്ട അന്ന് തുടങ്ങിയതാണ്.

സുരമാ ഘട്ടക്ക്
സുരമാ ഘട്ടക്ക്

കട്ടപ്പന സംഗീതയിൽ ‘സുവർണ്ണരേഖ'

കട്ടപ്പന സംഗീതയിൽ ദർശന ഫിലിം സൊസൈറ്റിക്കാരുടെ സിനിമ പ്രദർശനം. അന്ന് ‘സുവർണ്ണരേഖ'യാണ് കാണിക്കുന്നത്. ശീട്ടെടുത്ത് കയറാൻ നിർവാഹമില്ല. പ്രത്യേകിച്ചും കുട്ടികൾക്ക്. അംഗങ്ങൾക്കേ പ്രവേശനമുള്ളൂ. ഇതേതോ ഭയങ്കര പടമാണെന്ന് എന്നോട് പറഞ്ഞ ഞങ്ങളുടെ അയൽക്കാരനായ വിജയൻ സൊസൈറ്റി അംഗമാണ്.

ഒരുകാലത്ത് തീവ്ര കമ്യൂണിസ്റ്റായിരുന്ന ഘട്ടക്കിനേക്കാൾ വലിയ കമ്യൂണിസ്റ്റായിരുന്നു സുരമാദി. 1940കളിൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറയിട്ടവരിൽ ഒരാൾ. അതിനുവേണ്ടി രണ്ടര വർഷം ജയിലിൽക്കിടന്നു

അദ്ദേഹത്തിന്റെ കൂടെ അകത്തുകയറാം എന്നുകരുതി കാത്തുനിന്നെങ്കിലും അന്ന് വിജയൻ വന്നില്ല. ആദ്യം എതിരു പറഞ്ഞെങ്കിലും ശീട്ടെടുക്കാനുള്ള കാശ് കൈമടക്കായി കൊടുത്തപ്പോൾ കാവൽക്കാരൻ കയറ്റിവിട്ടു. ഒരു പിടിയും കിട്ടാത്ത ഏതോ ഭാഷ. ഇഴഞ്ഞിഴഞ്ഞാണ് പടം നീങ്ങിയത്. ഇറങ്ങിപ്പോയാലോ എന്നുപോലും വിചാരിച്ചു. പക്ഷെ മെല്ലെമെല്ലെ ആ ബംഗാളി സിനിമ എന്നെ കീഴ്‌പ്പെടുത്തി. കാഴ്ചകളും പാട്ടുകളും ആഴത്തിൽ മനസ്സിൽ പതിഞ്ഞു. പിന്നീട് പലപ്പോഴായി എല്ലാ ഘട്ടക്ക് സിനിമകളും കണ്ടു. അദ്ദേഹത്തെപ്പറ്റി കിട്ടാവുന്നതെല്ലാം വായിച്ചുകൂട്ടി. മുപ്പതോളം വർഷങ്ങൾ കഴിഞ്ഞപ്പോൾ ഘട്ടക്കിന്റെ ഭാര്യ സുരമാ ഘട്ടക്കിനെയും മകൾ സംഹിതാ ഘട്ടക്കിനെയും പരിചയപ്പെടാനും അവരുടെ സ്‌നേഹം നേടാനും എനിക്കിടവന്നു.
ഘട്ടക്ക് മെമ്മോറിയൽ ട്രസ്റ്റിന്റെ ഭാരവാഹികളിൽ ഒരാളാകാൻ സുരമാദി എന്നെ ക്ഷണിച്ചപ്പോൾ അതിനുള്ള അർഹതയോ കഴിവോ എനിക്കില്ല എന്നുപറഞ്ഞ് ഒഴിവാകാനാണ് നോക്കിയത്. കാരണം ഘട്ടക്കിന്റെ മരണശേഷം സത്യജിത് റായ്, സംഘാ ഘോഷ് പോലെയുള്ള മഹാപ്രതിഭകളുടെ നേതൃത്വത്തിൽ സുരമാദി സ്ഥാപിച്ച മഹത്വമുള്ള സംഘടനയാണത്. 2015 നവംബർ നാലിന്, ഘട്ടക്കിന്റെ തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ കൽക്കട്ടയിലെ ടാഗോർ ഭവനിലുള്ള സത്യജിത്‌റായ് ഹാളിൽ നടന്ന ഘട്ടക്ക് ഓർമയിൽ പങ്കെടുത്ത് ‘ഋത്വിക് ഘട്ടക്ക്, സിനിമാ മൂല്യങ്ങളുടെ ആകാശഗോപുരം' എന്ന പേരിൽ മുഖ്യപ്രഭാഷണം നടത്താൻ സാധിച്ചു എന്നതൊഴിച്ചാൽ ഘട്ടക്ക് ട്രസ്റ്റിനുവേണ്ടി കാര്യമായി യാതൊന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ചെന്നൈയിലുള്ള തമിഴ് സ്റ്റുഡിയോ എന്ന സംഘടനയുമായി ചേർന്ന് ഒരു ഋത്വിക് ഘട്ടക്ക് ഫിലിം ഫെസ്റ്റിവൽ നടത്താനും അതിൽ സംഹിതാ ഘട്ടക്കിനെ പങ്കെടുപ്പിക്കാനും ആലോചിച്ചുകൊണ്ടിരുന്ന സമയത്താണ് അകാലത്തിൽ അവർ മരിച്ചുപോയത്. ഇപ്പോഴിതാ സുരമാഘട്ടക്കും യാത്രയായിരിക്കുന്നു. ഋത്വിക് ഘട്ടക്കിന്റെ പേരിൽ ആരെങ്കിലും ഒരു ചെറിയ കാര്യം ചെയ്താൽപ്പോലും അതിൽ അളവില്ലാതെ സന്തോഷിക്കുന്ന സുരമാദി ഇനിയില്ല.

സത്യജിത് റായ്, ഋത്വിക് ഘട്ടക്
സത്യജിത് റായ്, ഋത്വിക് ഘട്ടക്

അഗതിയെപ്പോലെ തെരുവിൽ അലഞ്ഞ ഘട്ടക്ക്

ഋത്വിക് ഘട്ടക്ക് എന്ന അതുല്യനായ കലാകാരനെപ്പറ്റിയും അദ്ദേഹത്തോടൊപ്പം താൻ ജീവിച്ച സംഭവബഹുലമായ കാലങ്ങളെപ്പറ്റിയും സുരമാദി വിശദമായി എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുകാലത്ത് തീവ്ര കമ്യൂണിസ്റ്റായിരുന്ന ഘട്ടക്കിനേക്കാൾ വലിയ കമ്യൂണിസ്റ്റായിരുന്നു സുരമാദി. 1940കളിൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറയിട്ടവരിൽ ഒരാൾ. അതിനുവേണ്ടി രണ്ടര വർഷം ജയിലിൽക്കിടന്നു. ഘട്ടക്കും സുരമാദിയും ഒരേദിവസം ജനിച്ചവരാണ്, 1925 നവംബർ നാലിന്. ബംഗാൾ വിഭജനത്തിന്റെ ഭീകരമായ നാളുകൾ കണ്ടുവളർന്നവരായിരുന്നു രണ്ടുപേരും. അതുണ്ടാക്കിയ അവസാനമില്ലാത്ത ദുരിതങ്ങൾ ഒരിക്കലും അണയാത്ത തീയായി ഘട്ടക്കിന്റെ ആത്മാവിൽ എരിഞ്ഞുകൊണ്ടിരുന്നു. ജീവിതത്തിലുടനീളം അതേ അവസ്ഥയിൽ കഴിഞ്ഞ ഘട്ടക്കിനെ സംരക്ഷിച്ച്, കലയെയും സിനിമയെയും കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ

ബംഗാൾ വിഭജനത്തിന്റെ ഭീകരത ഉണ്ടാക്കിയ അവസാനമില്ലാത്ത ദുരിതങ്ങൾ ഒരിക്കലും അണയാത്ത തീയായി ഘട്ടക്കിന്റെ ആത്മാവിൽ എരിഞ്ഞുകൊണ്ടിരുന്നു

പോരാടുകയായിരുന്നു സുരമാദി. പക്ഷെ ആ പോരാട്ടം വഴി അവർ നേടിയത് അവസാനിക്കാത്ത ദുരിതങ്ങളും ദുഃഖങ്ങളും മാത്രമാണ്.
1971 ജൂലൈയിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്ന പി.സി. ജോഷിയുടെ ഒരു കത്ത് സുരമാദിക്ക് കിട്ടി; ‘ഇന്നലെ ഞാൻ ഋത്വിക്കിനെ അവൻ കിടക്കുന്ന ചേരിയിൽചെന്ന് കണ്ടിരുന്നു. പരിതാപകരമാണ് അവന്റെ അവസ്ഥ. 45 വയസ്സ് മാത്രമുള്ള അവൻ മെലിഞ്ഞുണങ്ങി ഒരു കിഴവനെപ്പോലെ ആയിരിക്കുന്നു. ആരോഗ്യം ഒട്ടുമില്ല. മിക്കവാറും കുടിച്ച് ബോധംകെട്ട നിലയിലാണ്. മദ്യപാനം നിർത്താൻ പല രീതിയിൽ ഞാനവനെ ഉപദേശിച്ചു. യാതൊന്നും കേൾക്കുന്ന ലക്ഷണമില്ല. ഈ ഭൂമിയിൽ അവന് ആകെയുള്ളത് നീയാണ്. ഇങ്ങനെ മാറി നിൽക്കാതെ നീ കൽക്കട്ടയ്ക്ക് തിരിച്ചുവന്ന് എങ്ങനെയെങ്കിലും അവനെ രക്ഷിച്ചെടുക്കണം'.
അക്കാലത്ത് സുരമാദി ഘട്ടക്കുമായി അകന്ന് കൽക്കട്ടയിൽ നിന്ന് 150 മൈൽ ദൂരെ സൈന്ത്യ എന്ന സ്ഥലത്ത് ഒരു പള്ളിക്കൂടത്തിൽ ജോലി ചെയ്യുകയായിരുന്നു. പറക്കമുറ്റാത്ത മൂന്ന് മക്കളും ഒപ്പമുണ്ട്. ഘട്ടക്കും സുരമാദിയും ബന്ധം പിരിഞ്ഞു എന്ന് എല്ലാവരും വിശ്വസിച്ചു. എന്നാൽ കൽക്കട്ടയിൽ ഒരു ജോലി കിട്ടിയാൽ തിരിച്ചു പോകാം എന്നുതന്നെയാണ് സുരമാദി കരുതിയത്. മറ്റുമാർഗ്ഗമില്ലാതെ സൈന്ത്യയിൽ തുടരുകയായിരുന്നു. ആ നാളുകളിൽ ആരോരുമില്ലാത്ത ഒരു അഗതിയെപ്പോലെ കൽക്കട്ടാ തെരുവുകളിൽ അലയുകയായിരുന്നു ഘട്ടക്ക്.

ഋത്വിക് ഘട്ടക്
ഋത്വിക് ഘട്ടക്

വെട്ടിമുറിക്കപ്പെട്ട മനസ്സ്

ഇന്നത്തെ ബംഗ്‌ളാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്ന് നൂറു നാഴിക ദൂരെ രാജ്ഷാഹി എന്ന പ്രദേശത്ത് വൻ ഭൂവുടമയും ജില്ലാ ന്യായാധിപനുമായിരുന്ന സുരേഷ്ചന്ദ്ര ഘട്ടക്കിന്റെ ഒമ്പത് മക്കളിൽ അവസാനത്തെ ആളായാണ് ഋത്വിക് ഘട്ടക്ക് പിറന്നത്. ഇരട്ടക്കുട്ടികളിൽ ഇളയ ആളായി ഏഴാം മാസത്തിൽ ജനനം. കൂടെപ്പിറന്ന പെൺകുട്ടിക്ക് ഒരുവിധം ആരോഗ്യമുണ്ടായിരുന്നു. ഈ കുട്ടിക്കാകട്ടെ ഭാരം ഒരു കിലോയിലും കുറവ്. അത് മരിച്ചുപോകുമെന്നുതന്നെ എല്ലാവരും കരുതി. തന്റെ പ്രാർത്ഥനകൾ കൊണ്ടുമാത്രമാണ് കുട്ടി രക്ഷപ്പെട്ടത് എന്ന് അമ്മയും, വൻ തുക ചെലവഴിച്ച് താൻ ചികിൽസിച്ചതുകൊണ്ടാണ് കുട്ടിക്ക് ജീവൻ കിട്ടിയത് എന്ന് അച്ഛനും അവകാശപ്പെട്ടു. വളർന്നപ്പോൾ അച്ഛന്റെ ഗർവ്വ് നിറഞ്ഞ മുതലാളിത്ത മനോഭാവത്തെയും മദ്യപാന ശീലത്തെയും ഋത്വിക് വെറുത്തു. ജീവിതത്തിൽ ഒരിക്കലും താൻ മദ്യം തൊടില്ലെന്ന് പ്രതിജ്ഞയെടുത്തു.
വളരെ ചെറുപ്രായത്തിലേ കണ്മുന്നിൽ കണ്ട സാമൂഹിക അവസ്ഥകൾ ഘട്ടക്കിനെ മനക്കുഴപ്പത്തിലും വിഭ്രാന്തിയിലുമാണ് കൊണ്ടെത്തിച്ചത്. തന്റെ രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ കാരണമോ ഉദ്ദേശ്യമോ അദ്ദേഹത്തിന് മനസ്സിലായില്ല. ഇരുണ്ടുവെളുത്തപ്പോൾ ഒരിന്ത്യാക്കാരൻ എങ്ങനെയാണ് ബംഗ്‌ളാദേശുകാരൻ ആയത്? സ്വന്തം അസ്തിത്വം, ദേശീയത, ഭരണകൂടം നടത്തുന്ന ഭീകരതകൾ എന്നിവയെപ്പറ്റിയെല്ലാം മനസ്സിലുയർന്ന ചോദ്യങ്ങൾ ഘട്ടക്കിന്റെ സമാധാനം കെടുത്തി. ബംഗാൾ വിഭജനം കൊണ്ടുവന്ന അടിച്ചമർത്തലുകളും കുടുംബങ്ങളിൽ അതുണ്ടാക്കിയ വിള്ളലുകളും അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വേരോടെ പിഴുതെറിയപ്പെട്ട ഒരു മരമാണ് താനെന്ന് ഘട്ടക്കിന് മനസ്സിലായി. സ്വത്തുകളും സന്തോഷങ്ങളുമെല്ലാം ബംഗ്‌ളാദേശിൽ ഉപേക്ഷിച്ച് ഘട്ടക്ക് കുടുംബം അഭയാർഥികളായി കൽക്കട്ടയിലേക്ക് ഓടിവരികയാണ്. ബംഗാളിലെങ്ങും പഞ്ഞം മുടിയഴിച്ചാടുന്നു.

ഇരുണ്ടുവെളുത്തപ്പോൾ ഒരിന്ത്യാക്കാരൻ എങ്ങനെയാണ് ബംഗ്‌ളാദേശുകാരൻ ആയത്? സ്വന്തം അസ്തിത്വം, ദേശീയത, ഭരണകൂടം നടത്തുന്ന ഭീകരതകൾ എന്നിവയെപ്പറ്റിയെല്ലാം മനസ്സിലുയർന്ന ചോദ്യങ്ങൾ ഘട്ടക്കിന്റെ സമാധാനം കെടുത്തി

എവിടെ നോക്കിയാലും വിശപ്പിൽ ഉണങ്ങിപ്പോയ മനുഷ്യക്കോലങ്ങൾ. പട്ടിണികിടന്ന് മരിച്ച അമ്മമാരുടെ അഴുകിത്തുടങ്ങിയ ശവങ്ങൾക്കരികിലിരുന്ന് അലമുറയിട്ടുകരയുന്ന പിഞ്ചുകുഞ്ഞുങ്ങൾ. എന്നേയ്ക്കുമായി തന്റെ സമാധാനം കെടുത്തിയ ഈ കാഴ്ചകൾ പിൽക്കാലത്ത് ഘട്ടക്ക് സിനിമകളിലെ നിരന്തര ബിംബങ്ങളായി.

സുരമ എന്ന കമ്യൂണിസ്റ്റ്

സുരമ ജനിച്ചത് ഇന്ന് മേഘാലയായുടെ തലസ്ഥാനമായ ഷില്ലോങ്ങിലാണ്. പണത്തിന് യാതൊരു ഞെരുക്കവുമില്ലാത്ത ബംഗാളിക്കുടുംബം. പന്ത്രണ്ടാമത്തെ വയസ്സിൽ താൻ വയസ്സറിയിച്ച അതേദിവസം അവരുടെ അമ്മ മരിച്ചുപോയി. സ്വന്തമായി ഒരു സ്വകാര്യ ബാങ്ക് നടത്തിയിരുന്ന ആളാണെങ്കിലും സാഹിത്യത്തിലും കലയിലും താൽപ്പര്യമുള്ള ആളായിരുന്നു സുരമയുടെ അച്ഛൻ കുമുദ് രഞ്ജൻ ഭട്ടാചാര്യ. ഷില്ലോങ് സാഹിത്യ സംഘത്തിന്റെ തലവൻ കൂടിയായിരുന്ന അദ്ദേഹം ഒരാൺകുട്ടിയെ വളർത്തുന്നതുപോലെയാണ് മകളെ വളർത്തിയത്. സ്വതന്ത്ര ചിന്തയും നിരന്തരമായ വായനയും സാമൂഹ്യബോധവും സുരമയെ കമ്യൂണിസ്‌ററ് പ്രസ്ഥാനത്തിലെത്തിച്ചു. താമസിയാതെ അവർ യുവനിരയിലെ നേതാവായി. അതിസുന്ദരിയായിരുന്ന സുരമ ഇസ്ലാം മതക്കാരനായ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി.
1949ൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ നേതാക്കളെല്ലാം ഒളിവിൽ പോയി. ഒളിച്ചു ജീവിക്കാൻ തയാറാകാഞ്ഞ സുരമയെ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായത്തിൽ രണ്ടരവർഷം അവർക്ക് ജയിലിൽ കിടക്കേണ്ടിവന്നു. പുറത്ത് വന്നയുടനെ ‘നീയിനി ഇവിടെ നിൽക്കേണ്ട. കൽക്കട്ടയിലേക്ക് പൊയ്‌ക്കൊള്ളൂ' എന്നാണ് അച്ഛൻ പറഞ്ഞത്. ബ്രാഹ്മണപ്പെണ്ണിനെ ഒരു മുസ്‌ലിം പയ്യൻ പ്രണയിക്കുന്ന സംഭവം അവിടെ ഒരു മതകലഹത്തിന്റെ രൂപമെടുക്കുന്നുണ്ടായിരുന്നു. അതിനെയൊന്നും പേടിക്കുന്ന ആളായിരുന്നില്ല സുരമാദി. പക്ഷെ ‘ജയിൽവാസകാലത്ത് എത്രപേരുടെ കൂടെ നിനക്ക് കിടക്കേണ്ടി വന്നു?' എന്നു ചോദിച്ച കാമുകന്റെ ചെവിക്കല്ലിന് ചുട്ട അടികൊടുത്ത സുരമ ഇനിയൊരിക്കലും അയാളെ കൺമുന്നിൽ കാണരുത് എന്ന് തീരുമാനിച്ചാണ് കൽക്കട്ടയ്ക്ക് പുറപ്പെട്ടത്.

സുരമ ഘട്ടക്
സുരമ ഘട്ടക്

ബോംബെയിൽ കഥ, തിരക്കഥയെഴുത്ത് ജോലി

ഇംഗ്ലീഷ് ഭാഷയിൽ ബിരുദമെടുത്ത ശേഷം ഋത്വിക് ഘട്ടക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ കലാ സാംസ്‌കാരിക സംഘടനയായ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിൽ (ഇപ്റ്റ) ചേർന്ന് നാടകങ്ങളും പാട്ടുകളും എഴുതുകയും അഭിനയിക്കുകയും ചെയ്തുവരികയായിരുന്നു. അക്കാലത്ത് നവീന റഷ്യൻ, ഫ്രഞ്ച് സിനിമകൾ ധാരാളം കണ്ട് അത്തരം സിനിമകളിൽ തൽപ്പരനാകുകയും അവയെ ആഴത്തിൽ പഠിക്കുകയും ചെയ്തു. 1950ൽ നെമായ് ഘോഷ് സംവിധാനം ചെയ്ത ഛിന്നമൂൽ എന്ന സിനിമയിൽ സഹസംവിധായകനായും നടനായും ജോലിചെയ്തു.

‘ജയിൽവാസകാലത്ത് എത്രപേരുടെ കൂടെ നിനക്ക് കിടക്കേണ്ടി വന്നു?' എന്നു ചോദിച്ച കാമുകന്റെ ചെവിക്കല്ലിന് ചുട്ട അടികൊടുത്ത സുരമ ഇനിയൊരിക്കലും അയാളെ കൺമുന്നിൽ കാണരുത് എന്ന് തീരുമാനിച്ചാണ് കൽക്കട്ടയ്ക്ക് പുറപ്പെട്ടത്

വൈകാതെ തന്റെ ആദ്യത്തെ സിനിമയായ ‘നാഗരിക്' സംവിധാനം ചെയ്തു. പക്ഷെ അത് പുറത്തിറക്കാൻ കഴിഞ്ഞില്ല. കൽക്കട്ടയിൽ തന്റെ അമ്മായിയുടെ വീട്ടിൽ താമസിച്ച് പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സുരമാദി ഇപ്റ്റയുടെ പ്രവർത്തനങ്ങളിലും പങ്കാളിയായി. അവിടെവെച്ചാണ് രണ്ടുപേരും ആദ്യമായി കാണുന്നത്. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും ഇടയ്ക്കിടെ കണ്ടുമുട്ടി, സംസാരിച്ചു. കഫേകളിൽ ഒന്നിച്ചിരുന്ന് കാപ്പിയും മീൻ കപിരാജിയും കഴിച്ച് നീണ്ടനേരം രാഷ്ട്രീയം, കല, സാഹിത്യം, ദർശനം, സിനിമ എന്നിവയെക്കുറിച്ച് സംസാരിച്ചു. വളരെ സന്തോഷകരമായ ഒരു ഭാവികാലം തനിക്കു മുന്നിലുണ്ടെന്ന് സുരമാദി സ്വപ്നം കണ്ടു.

നാഗരിക് - പോസ്റ്റർ
നാഗരിക് - പോസ്റ്റർ

കൽക്കട്ടയിലെ പ്രമുഖരായ പല കലാകാരന്മാരുമായും ബുദ്ധിജീവികളുമായും ഇരുവരും സൗഹൃദം സ്ഥാപിച്ചു. അവരിൽ പ്രധാനപ്പെട്ടയാളായിരുന്നു സലിൽ ചൗധരി. അദ്ദേഹം അപ്പോൾ ബോംബെയിൽ ഹിന്ദി സിനിമാ സംഗീത സംവിധായകനായി മുന്നേറി വരുന്ന സമയം. ഘട്ടക്കും സുരമാദിയും വിവാഹിതരായി വൈകാതെ ഘട്ടക്കിനെ ഹിന്ദി സിനിമയിൽ തിരക്കഥാകൃത്തായി ചേരാൻ സലിൽ ചൗധരി ബോംബെയിലേക്ക് ക്ഷണിച്ചു. ഭാര്യയും ഭർത്താവും ബോംബേയിലേക്ക് പറന്നു. കീർത്തികേട്ട ഫിൽമിസ്താൻ സ്റ്റുഡിയോയിൽ കഥ, തിരക്കഥ എഴുത്തുകാരനായി മാസശമ്പള വ്യവസ്ഥയിൽ ഘട്ടക്ക് നിയമിതനായി. പക്ഷെ ആ ജോലിയും അതിന്റെ വ്യാപാര നിർബ്ബന്ധങ്ങളും ഘട്ടക്കിന് ഇഷ്ടമായില്ല. വിനോദ സിനിമ എന്ന വാക്കുപോലും അദ്ദേഹം വെറുത്തു. സാമൂഹിക മാറ്റത്തിന് സഹായമാകുന്ന കലാമൂല്യമുള്ള സിനിമയ്ക്കുവേണ്ടിയാണ് താൻ പ്രവർത്തിക്കേണ്ടത് എന്നതിൽ ഘട്ടക്കിന് സംശയമുണ്ടായിരുന്നില്ല.

തോൽപ്പിക്കപ്പെട്ട സംവിധായകൻ

ഫിൽമിസ്താൻ സ്റ്റുഡിയോയ്ക്കുള്ളിൽ പരീക്ഷണ സിനിമകളെടുക്കുന്ന ഒരു പ്രത്യേക വിഭാഗം ഉണ്ടാക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. തന്റെ മേലധികാരിയും ഹിന്ദി സിനിമയിൽ പേരുകേട്ട മുഖർജി കുടുംബത്തിന്റെ തലവനും വമ്പൻ നിർമ്മാതാവുമായിരുന്ന ശഷാധർ മുഖർജിക്ക് അയച്ച ഒരു കത്തിൽ ഘട്ടക്ക് ഇങ്ങനെയെഴുതി; ‘നിങ്ങളുടെ ഒപ്പമുള്ള വിനോദ സിനിമാ സംവിധായകന്മാരുടെ മുന്നിൽ കുറെയേറെ പ്രതിസന്ധികൾ വെയ്ക്കുക. തീരെക്കുറഞ്ഞ പണം, പഴയ സാങ്കേതിക വിദ്യ, താരങ്ങൾ ഇല്ല, പേരുകേട്ട സംഗീത സംവിധായകരോ സാങ്കേതിക വിദഗ്ധരോ ഇല്ല, ബ്രഹ്മാണ്ഡമായ സെറ്റുകളും ഫ്‌ളോറുകളും ഇല്ല. അങ്ങനെയൊരു അവസ്ഥയിൽനിന്നുകൊണ്ട് അവരെടുക്കുന്ന സിനിമകൾ നമുക്കൊന്ന് നോക്കാം. അപ്പോഴറിയാം ആ മാന്യന്മാരുടെ കഴിവും സർഗ്ഗശേഷിയും. വേറെ തെളിവൊന്നും താങ്കൾക്ക് വേണ്ടിവരില്ല'.

ഘട്ടക്ക് - റായ് വാഗ്വാദങ്ങൾ അതിരുകടന്ന് മദ്യലഹരിയിൽ ഘട്ടക്ക് റായെ അടിച്ച സംഭവങ്ങളുമുണ്ടായി. ഘട്ടക്കിന്റെ സ്വഭാവമറിയാവുന്ന റായ് കഴിവതും ഒഴിഞ്ഞുമാറും

ബിമൽ റോയ് സംവിധാനം ചെയ്ത മധുമതി, ഋഷികേശ് മുഖർജി സംവിധാനം ചെയ്ത മുസാഫിർ. സലിൽ ചൗധരിയുടെ അത്ഭുത സംഗീതമുണ്ടായിരുന്ന രണ്ടു സിനിമകൾ. വൻവിജയങ്ങളായ ഈ സിനിമകൾക്ക് കഥയും തിരക്കഥയും എഴുതിയതോടെ ഹിന്ദി സിനിമയിൽ ഘട്ടക്കിന് ധാരാളം അവസരങ്ങൾ വന്നു. എന്നാൽ ബോളിവുഡ് വിനോദ സിനിമ വെച്ചുനീട്ടിയ സാമ്പത്തിക നേട്ടങ്ങളുടെ മയക്കത്തിൽ വീഴാൻ ഘട്ടക്ക് തയ്യാറായിരുന്നില്ല. ആ സുഖസൗകര്യങ്ങളെ അവഗണിച്ചുകൊണ്ട് അദ്ദേഹം കൽക്കട്ടയ്ക്ക് മടങ്ങി. അവിടെ സത്യജിത് റായ്, മൃണാൾ സെൻ, ഉത്പൽദത്ത് എന്നിവരെ നിരന്തരം കണ്ടു. നാലുപേർക്കും പൊതുവായുണ്ടായിരുന്ന രാഷ്ട്രീയ ചിന്തകൾ, സമൂഹത്തിന്മേലും മനുഷ്യാവസ്ഥയിന്മേലുമുണ്ടായിരുന്ന താല്പര്യം എന്നിവയെ ആ കൂടിക്കാഴ്ചകൾ ബലപ്പെടുത്തി.
തന്റെ ആദ്യ ചിത്രമായ ‘നാഗരിക്' ഇനിയും പുറത്തു വരാത്തതിന്റെ വേദന ചുമന്നുകൊണ്ടുതന്നെ അടുത്ത സിനിമകളുടെ ജോലികൾക്കിറങ്ങിയ ഘട്ടക്ക് അജാന്ത്രിക്, ബാരി തേക്കേ പാലിയേ എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്തു. രണ്ടും 1958ൽ പുറത്തുവന്നു. ബാരി തേക്കേ പാലിയേക്ക് സലിൽ ചൗധരിയാണ് സംഗീതം നൽകിയത്. പക്ഷെ അത്ഭുതകരങ്ങളായ ആ രണ്ട് സിനിമകളും ഒട്ടും ഓടിയില്ല. ചർച്ച ചെയ്യപ്പെട്ടതുമില്ല. മൂല്യവത്തായ സിനിമയെക്കുറിച്ച് തനിക്കുള്ള സ്വപ്നങ്ങൾ മുളയിലേ കരിഞ്ഞുപോകുന്നത് ഘട്ടക്കിന് താങ്ങാവുന്നതിലും ഏറെയായിരുന്നു. മനപ്പീഡകൾക്ക് മറുമരുന്നായി മദ്യത്തിൽ അദ്ദേഹം അഭയം തേടിത്തുടങ്ങിയത് ഈ കാലത്താണ്.

നാഗരിക് - പോസ്റ്റർ
നാഗരിക് - പോസ്റ്റർ

സമനില തെറ്റിയ ജീവിതങ്ങൾ

പഥേർ പാഞ്ചലിയുടെ വൻവിജത്തിന്റെ ചിറകേറി ലോക പ്രസിദ്ധനായിക്കഴിഞ്ഞിരുന്ന സത്യജിത് റായും ഘട്ടക്കും അടുത്ത കൂട്ടുകാരായിരുന്നു. എന്നാൽ സിനിമയുടെ സർഗ്ഗാത്മകത, അതിന്റെ ഉദ്ദേശ്യം, അവതരണം എന്നിവയിൽ ഇരുവർക്കുമിടയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങളും വിമർശനങ്ങളുമുണ്ടായിരുന്നു. ആ വാക്കുതർക്കങ്ങൾക്ക് മൗനസാക്ഷിയായി പലപ്പോഴും മൃണാൾ സെന്നും ഉണ്ടാകും. ഘട്ടക്ക് - റായ് വാഗ്വാദങ്ങൾ അതിരുകടന്ന് മദ്യലഹരിയിൽ ഘട്ടക്ക് റായെ അടിച്ച സംഭവങ്ങളുമുണ്ടായി. ഘട്ടക്കിന്റെ സ്വഭാവമറിയാവുന്ന റായ് കഴിവതും ഒഴിഞ്ഞുമാറും. ഏതായാലും ഘട്ടക്ക് എടുത്ത ‘മേഘേ ഢാക്കാ താരാ' 1960ൽ പുറത്തുവന്ന് കലാപരമായും വാണിജ്യപരമായും നല്ല വിജയം നേടിയത് ഘട്ടക്ക് - സുരമ ദമ്പതികളെ മാത്രമല്ല സത്യജിത്ത് റായിയെയും ഏറെ സന്തോഷിപ്പിച്ചു.
തൊട്ടുപിന്നാലെ ഘട്ടക്ക് എടുത്ത ‘കോമൾ ഗാന്ധാർ' വൻപരാജയമായി. കലാപരമായും അത് തീരെ മനസ്സിലാക്കപ്പെട്ടില്ല. ഘട്ടക്കിന്റെ മനസ്സ് വീണ്ടും ഉടഞ്ഞു. സുരമാദി അപ്പോൾ ജാദവ്പൂർ സർവ്വകലാശാലയിൽ ഉപരിപഠനം നടത്തുകയായിരുന്നു. ഘട്ടക്കിന്റെ മാനസിക പ്രശ്‌നങ്ങൾ കൈവിട്ടുപോകുന്ന നിലയിൽ എത്തിയപ്പോൾ സുരമാദിക്ക് പഠിത്തം നിർത്തേണ്ടിവന്നു. രക്ഷപ്പെടാനാവാത്ത വിധം ഘട്ടക്ക് മദ്യത്തിന് അടിമയായിക്കഴിഞ്ഞു എന്ന് സുരമാദി തിരിച്ചറിഞ്ഞത് ഇക്കാലത്താണ്.

തന്റെ ഭർത്താവ് ഒരു മഹാപ്രതിഭയാണെന്നും അദ്ദേഹത്തിന് തന്റെ സഹായം ആവശ്യമുണ്ടെന്നും സുരമാദിക്ക് അറിയാത്തതല്ല. പക്ഷെ നിരന്തരമായ സാമ്പത്തിക ബുദ്ധിമുട്ടുകളും ദാരിദ്ര്യവും വീട്ടിൽ ദിവസവും അരങ്ങേറുന്ന വഴക്കുകളും സുരമാദിയുടെ നില തെറ്റിച്ചു

തന്റെ ഭർത്താവ് ഒരു മഹാപ്രതിഭയാണെന്നും അദ്ദേഹത്തിന് തന്റെ സഹായം ആവശ്യമുണ്ടെന്നും സുരമാദിക്ക് അറിയാത്തതല്ല. പക്ഷെ നിരന്തരമായ സാമ്പത്തിക ബുദ്ധിമുട്ടുകളും ദാരിദ്ര്യവും വീട്ടിൽ ദിവസവും അരങ്ങേറുന്ന വഴക്കുകളും സുരമാദിയുടെ നില തെറ്റിച്ചു.
കുറച്ചുനാളത്തേക്ക് ഘട്ടക്കിനെ പിരിഞ്ഞ് ജീവിക്കാൻ തീരുമാനിച്ച സുരമാദി കൽക്കട്ടയിൽത്തന്നെ മറ്റൊരു വീടെടുത്ത് താമസം മാറി. അങ്ങനെ ചെയ്താൽ ഘട്ടക്ക് മനസ്സുമാറി മദ്യപാനം നിർത്തും, നന്നാകും എന്ന് സുരമാദി കരുതി. തനിക്ക് ഒരു ജോലി കിട്ടിയാൽ സാമ്പത്തിക പ്രശ്‌നങ്ങൾ തീരും. വീട്ടുചെലവുകൾ വഹിക്കാൻ തനിക്ക് വരുമാനമുണ്ടായാൽ സിനിമകളെപ്പറ്റി മാത്രം ആലോചിച്ച് ഘട്ടക്കിന് മുന്നോട്ടുപോകാം. അതോടെ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് സുരമാദി മോഹിച്ചു. വൈകാതെ ജോലിയും ശരിയായി. ജോലിയിൽ ചേരാൻ പോകുന്നു, ശമ്പളം കിട്ടിത്തുടങ്ങിയാലുടൻ വീണ്ടും ഒന്നിച്ച് ജീവിക്കാം എന്ന് അവർ ഘട്ടക്കിനെ അറിയിച്ചു. പക്ഷെ അതിന് ഘട്ടക്ക് പറഞ്ഞ മറുപടി സുരമാദിയുടെ ഹൃദയം തകർത്തു: ‘മീരാ ജെന്നാ എന്ന വിവാഹിതയായ ഒരു സ്ത്രീയുമായി ഞാൻ പ്രണയത്തിലാണ്. ഒന്നിച്ച് ജീവിക്കാൻ ഞങ്ങൾ ആലോചിക്കുന്നു. ഇതിനെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം? നിനക്ക് വിരോധമില്ലെങ്കിൽ നമ്മൾ മൂന്നുപേർക്കും ഒന്നിച്ച് ജീവിക്കാം' എന്ന് നിസ്സാരമായി ഘട്ടക്ക് പറഞ്ഞുകളഞ്ഞു. പിന്നെ ഒരു നിമിഷം പോലും ആലോചിക്കാതെ കുട്ടികളെയും കൈപിടിച്ചുകൊണ്ട് സുരമാദി തന്റെ നാടായ ഷില്ലോങ്ങിലേക്ക് പോയി. അങ്ങനെയൊരു ക്രൂരകൃത്യം സുരമാദി ചെയ്യുമെന്ന് ഘട്ടക്ക് ഒട്ടും പ്രതീക്ഷിച്ചതല്ല. ഒട്ടേറെക്കാര്യങ്ങളിൽ വിശാല മനസ്സുള്ള സുരമാദി ഇതും സമ്മതിക്കുമായിരിക്കും എന്നാണ് ഘട്ടക്ക് കരുതിയത്. എല്ലാം കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ ഘട്ടക്ക് മീരാ ജെന്നയുമായുള്ള ബന്ധം അവസാനിപ്പിച്ചു. മദ്യാസക്തിയിൽനിന്ന് രക്ഷപ്പെടാനുള്ള ചികിത്സ എടുത്തു. ആരോഗ്യം മെച്ചപ്പെട്ടു. മനസ്സും ശാന്തമായി.

ജോൺ എബ്രഹാമിന്റെയും മണി കൗളിന്റെയും അധ്യാപകൻ

ഘട്ടക്ക് സിനിമകളുടെ കടുത്ത ആരാധികയായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക ശുപാർശ പ്രകാരം പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാന അദ്ധ്യാപകനായി ഘട്ടക്ക് നിയമിക്കപ്പെട്ടു. അവിടെ ഒന്നാന്തരം അദ്ധ്യാപകനായിരുന്നു അദ്ദേഹം. സംവിധാനം, അഭിനയം എന്നീ വകുപ്പുകളുടെ പാഠ്യപദ്ധതി അദ്ദേഹം അടിമുടി മാറ്റിമറിച്ചു. പ്രമാണം, സിദ്ധാന്തം, അനുമാനം തുടങ്ങിയ പരിപാടികൾ കുറച്ച് പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം കൊണ്ടുവന്നു. മണി കൗൾ, കുമാർ സാഹ്നി, ജോൺ എബ്രഹാം തുടങ്ങിയ മിടുക്കന്മാരായ പല സിനിമാവിദ്യാർത്ഥികളെ അവിടെ പരിശീലിപ്പിച്ചു. അവരുടെ സ്‌നേഹാദരങ്ങൾ നേടി. പക്ഷെ വൈകാതെ ആ ജോലിയിലും ഘട്ടക്കിന് താൽപ്പര്യം നഷ്ടപ്പെട്ടു.

ഘട്ടക്ക് സിനിമകളുടെ കടുത്ത ആരാധികയായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക ശുപാർശ പ്രകാരം പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാന അദ്ധ്യാപകനായി ഘട്ടക്ക് നിയമിക്കപ്പെട്ടു

ദിവസവും ഒരുനൂറ് കടലാസുകൾ നോക്കണം. ഒപ്പിടണം. സർക്കാർ ജോലിയുടെ അനുഷ്ഠാന സ്വഭാവം ഘട്ടക്കിനെ മടുപ്പിച്ചു.
പെട്ടെന്നൊരുദിവസം ഷില്ലോങ്ങിൽ സുരമാദിയുടെ മുമ്പിൽ ഘട്ടക്ക് വന്നു നിന്നു. തന്നെയും മക്കളെയും പൂണെയിലേക്ക് കൊണ്ടുപോകാൻ വന്നതാണ് എന്നോർത്ത് സുരമാദി സന്തോഷിച്ച നിമിഷം. പക്ഷെ ഘട്ടക്ക് ജോലി രാജിവെച്ചിട്ട് വരുന്ന വഴിയായിരുന്നു. ചില ആഴ്ചകൾ അദ്ദേഹം ഷില്ലോങ്ങിൽ തങ്ങി. കാര്യമായി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. തന്റെ മുറി അകത്തുനിന്ന് തഴുതിട്ട് ദിവസങ്ങളോളം പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. രാവും പകലും ആ മുറിയിൽ വിളക്കെരിഞ്ഞു. സിനിമയിലെ കഥാപാത്രങ്ങളായി മാറി വളരെ ഉച്ചത്തിൽ ഘട്ടക്ക് തന്നെത്താൻ വർത്തമാനം പറഞ്ഞു. ചില സമയം ആക്രോശിച്ചു, അട്ടഹസിച്ചു. പലദിവസവും സുരമാദി ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ കുടിച്ച് ബോധമില്ലാതെ കിടക്കുന്ന ഘട്ടക്കിനെയാണ് കണ്ടത്. വീണ്ടും മദ്യാസക്തി കൈവിടാനുള്ള ചികിത്സ. കാര്യങ്ങൾ ഒട്ടൊന്നു ശമിച്ചതും ആ കുടുംബം കൽക്കട്ടയിൽ മടങ്ങിയെത്തി.

ഋത്വിക് ഘട്ടക്കും സംഘവും സുബർണരേഖ ചിത്രീകരണത്തിനിടെ
ഋത്വിക് ഘട്ടക്കും സംഘവും സുബർണരേഖ ചിത്രീകരണത്തിനിടെ

സ്വന്തം ശവവും പേറി...

പിന്നെ കുറച്ചുനാൾ എല്ലാറ്റിൽനിന്നും അകന്നുനിന്ന് ഘട്ടക്ക് എഴുതി. സിനിമയുടെ എല്ലാ മേഖലകളേയും സ്പർശിക്കുന്ന പല ലേഖനങ്ങൾ. ഒന്നാന്തരം ചില കഥകൾ. ഭാവിയിൽ താൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമകളെപ്പറ്റി സുരമാദിയോട് വിശദമായി സംസാരിച്ചു. അതിലൊന്നിന്റെ തിരക്കഥയെഴുതി മുന്നേറുമ്പോൾ ഘട്ടക്കിന്റെ മനോനില വീണ്ടും തകരാറിലായി. അതുണ്ടാക്കിയ പ്രശ്‌നങ്ങൾ നിയന്ത്രിക്കാൻ മറ്റൊരു വഴിയും കാണാതെ സുരമാദി ഘട്ടക്കിനെ മനോരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. നിത്യച്ചെലവിനുപോലും വകയില്ലാതെ സുരമാദി നെട്ടോട്ടമോടിയ നാളുകൾ. എവിടെയെങ്കിലും ഒരു ജോലി കിട്ടുമോയെന്ന് അവർ അലഞ്ഞു. ഒന്നും നടന്നില്ല. ഒടുവിൽ ഘട്ടക്ക് സിനിമകളുടെ ക്യാമറാമാനായിരുന്ന മഹേന്ദ്രകുമാറാണ് സുരമാദിയെ സഹായിച്ചത്. ചികിൽസകൊണ്ട് കാര്യമായ ഫലമൊന്നും ഉണ്ടായില്ല. തലച്ചോറിൽ വൈദ്യുതാഘാതമേൽപ്പിക്കുന്ന ഷോക്ക് ചികിൽസയല്ലാതെ വേറേ വഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. അതിന് അനുവദിക്കുകയല്ലാതെ സുരമാദിക്ക് നിർവ്വാഹമുണ്ടായിരുന്നില്ല. ആ ചികിൽസ പല പുതിയ പ്രശ്‌നങ്ങൾ വരുത്തിവെച്ചു. താൻ ആരാണെന്നുപോലും ഘട്ടക്കിന് അറിയാത്ത അവസ്ഥയായി.
രക്തത്തിൽ കുളിച്ച സ്ത്രീകളും കുഞ്ഞുങ്ങളും തന്നെ നോക്കി അലമുറയിട്ടുകൊണ്ട് ഓടിവരുന്നു എന്ന് അടിക്കടി അദ്ദേഹം വിലപിച്ചു. അത് ബംഗ്‌ളാദേശിന്റെ ആത്മാവുകളാണ് എന്ന് പുലമ്പിക്കൊണ്ടിരുന്നു. എത്രയോ മരുന്നുസൂചികൾ എല്ലുംതോലുമായ ആ ശരീരത്തിൽ കയറിയിറങ്ങി. മരുന്നുചെന്നാലുടൻ ഘട്ടക്ക് മയങ്ങി വീണു. മയക്കം തെളിഞ്ഞയുടൻ അടുത്ത സൂചി. ‘എന്നെക്കൊണ്ട് ഒന്നും ഓർക്കാനോ ചിന്തിക്കാനോ കഴിയുന്നില്ല, ഈ നരകത്തിൽ നിന്ന് എന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ' എന്ന് ഘട്ടക്ക് സുരമാദിയോട് കെഞ്ചി.

രക്തത്തിൽ കുളിച്ച സ്ത്രീകളും കുഞ്ഞുങ്ങളും തന്നെ നോക്കി അലമുറയിട്ടുകൊണ്ട് ഓടിവരുന്നു എന്ന് അടിക്കടി അദ്ദേഹം വിലപിച്ചു. അത് ബംഗ്‌ളാദേശിന്റെ ആത്മാവുകളാണ് എന്ന് പുലമ്പിക്കൊണ്ടിരുന്നു

പക്ഷെ അങ്ങനെ കൊണ്ടുപോകുന്നത് അപകടമാണെന്ന് ഡോക്ടർമാർ സുരമാദിയെ ഭയപ്പെടുത്തി. ഒന്നിനും കെൽപ്പില്ലാത്ത അവസ്ഥയിൽ ആ മനോരോഗ കേന്ദ്രത്തിൽ ഘട്ടക്കിനെ വിട്ടിട്ട് ചെലവുകൾക്ക് പണംതേടി സുരമാദി വീണ്ടും ഷില്ലോങ്ങിലേക്ക് പോയി.
ഇതിനിടയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായ സംവിധായകനെ ആ മനോരോഗ ആശുപത്രി മനുഷ്യത്വമില്ലാതെ പീഡിപ്പിക്കുന്നു എന്ന വാർത്ത ബംഗാളിലെങ്ങും പരന്നു. സിനിമാരംഗത്തുള്ളവരും എഴുത്തുകാരും ബുദ്ധിജീവികളും ഘട്ടക്കിനുവേണ്ടി ശബ്ദമുയർത്തി. അവസാനം സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഘട്ടക്കിനെ മോചിപ്പിച്ച് സുഹൃത്തുക്കൾ വീട്ടിലെത്തിച്ചു. രോഗം ഭേദമായി മനസ്സു മാറിയ ഘട്ടക്കിനെ കാണാൻ ഷില്ലോങ്ങിൽനിന്ന് പാഞ്ഞെത്തിയ സുരമാദിയോട് ഘട്ടക്ക് ദേഷ്യപ്പെടുകയാണ് ചെയ്തത്. ‘സിനിമയെക്കുറിച്ച് ആരും കാണാത്ത സ്വപ്നങ്ങൾ കാണുന്ന എന്നെ നീ ഒരിക്കലും അംഗീകരിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല' എന്ന് അദ്ദേഹം തീർത്തുപറഞ്ഞത് സുരമാദിക്ക് സഹിക്കാനായില്ല. അവരും തിരിച്ച് വഴക്കുണ്ടാക്കി. ആ വാക്കുതർക്കങ്ങൾ ഓരോ ദിവസവും കൂടിക്കൂടി വന്നു.

സുരമാ ഘട്ടക്കിനൊപ്പം ഷാജി ചെന്നൈ
സുരമാ ഘട്ടക്കിനൊപ്പം ഷാജി ചെന്നൈ

ഒരു ദിവസം സുരമാദി വീട്ടിലെത്തുമ്പോൾ ഘട്ടക്ക് കുടിച്ചു തലതിരിഞ്ഞ് തറയിൽ കിടന്നുരുളുന്നു. കാളീഘട്ടം ശ്മശാനത്തിൽ ശവദാഹം നടത്തുന്ന ചില അന്ത്യകർമ്മക്കാർ അദ്ദേഹത്തിന് ചുറ്റും ഇരിക്കുന്നു. തന്റെ അന്ത്യകർമം എങ്ങനെ നടത്തണം, ഏതു രീതിയിൽ തന്റെ ശവം എരിക്കണം എന്നൊക്കെ ഒരു സിനിമാ രംഗം സംവിധാനം ചെയ്യുന്നപോലെ ഘട്ടക്ക് അവരോട് വിശദീകരിക്കുന്നു. വാവിട്ടുകരഞ്ഞുകൊണ്ട് ‘‘എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്?'' എന്നു ചോദിച്ച സുരമാദിയോട് ‘‘ഇത് കലാപരമായ ഒരു ചെറിയ പരീക്ഷണമാണ്'' എന്ന് ഘട്ടക്ക് പറഞ്ഞു. അടക്കാനാവാത്ത സങ്കടവും കോപവുംകൊണ്ട് പൊട്ടിത്തെറിച്ച സുരമാദി കുട്ടികളേയും വലിച്ചുകൊണ്ട് അപ്പോൾത്തന്നെ സൈന്ത്യ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഘട്ടക്ക് നേരെ തെരുവിലേക്കിറങ്ങി. ആ നാളുകളിലാണ് മുൻപ് പറഞ്ഞ പി.സി. ജോഷിയുടെ കത്ത് സുരമാദിക്ക് വരുന്നത്.

ഘട്ടക്ക് ആ രാത്രി തിരികെ വന്നില്ല

സദാസമയവും മദ്യലഹരിയിൽ മുങ്ങി കൽക്കത്താ തെരുവുകളിൽ അലഞ്ഞുകൊണ്ടിരുന്ന ഘട്ടക്കിന് പ്രസിദ്ധ ഹിന്ദി, ബംഗാളി സിനിമാ നായകനും പാട്ടുകാരനുമായ ബിശ്വജിത് അഭയമായി. തന്റെ വീട്ടിൽത്തന്നെ അദ്ദേഹം ഘട്ടക്കിനെ താമസിപ്പിച്ചു. മാത്രമല്ല ഘട്ടക്കിനോട് വളരെ കാര്യമായി സംസാരിക്കുകയും അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. ചില മാസങ്ങൾ കഴിഞ്ഞ് സുരമാദിയെയും കുട്ടികളെയും കാണാൻ സൈന്ത്യയിൽ വന്നപ്പോൾ ഘട്ടക്കിന്റെ രൂപം തന്നെ മാറിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത ഘട്ടക്ക് സന്തോഷവാനായി കാണപ്പെട്ടു. രണ്ടുമാസം അവിടെത്താമസിച്ച് മുൻപ് പാതി നിർത്തിയ തിതാഷ് എക്തി നദിർ നാം, ജുക്തി തക്കോ ആർ ഗപ്പൊ തിരക്കഥകൾ എഴുതിപ്പൂർത്തിയാക്കി.

ഘട്ടക്കിന്റെ കലാസേവനങ്ങളെ കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പിൽ സുരമാദിക്ക് ജോലി നൽകിക്കൊണ്ട് ബംഗാൾ മുഖ്യമന്ത്രി ഉത്തരവായി. ആ ഉത്തരവ്​ കൈയിൽ കിട്ടിയ അതേ ദിവസം, ഋത്വിക് ഘട്ടക്ക് മരിച്ചു

പിന്നീട് ബിശ്വജിത്തിനെപ്പോലെയുള്ള ചില ആരാധകരുടെ സഹായത്തോടെ ബംഗ്‌ളാദേശിൽ വെച്ച് തിതാഷ് സിനിമ ചിത്രീകരിച്ചു. ചിത്രീകരണം അവസാനിക്കാൻ ഒന്നോരണ്ടോ ദിവസം ബാക്കിയുള്ളപ്പോൾ ഘട്ടക്ക് രക്തം ഛർദ്ദിച്ച് മയങ്ങിവീണു.
കഠിനമായ ക്ഷയരോഗമാണ് ഘട്ടക്കിന് എന്ന് കണ്ടുപിടിക്കപ്പെട്ടു. തന്റെ ‘മേഘേ ഢാക്കാ താരാ'യിൽ കഥാനായികയെ ഇല്ലാതെയാക്കിയ അതേ മഹാരോഗം അറംപറ്റിയതുപോലെ ഘട്ടക്കിനും കിട്ടി. ആ സമയത്ത് കൽക്കട്ടയിലുണ്ടായിരുന്ന ഇന്ദിരാഗാന്ധി വിവരമറിഞ്ഞ് തന്റെ സ്വകാര്യ ഹെലിക്കോപ്റ്റർ ധാക്കയിലേക്ക് അയച്ചു. ഘട്ടക്കിനെ കൽക്കട്ടയിൽ കൊണ്ടുവന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസിദ്ധ ബംഗാളി നടൻ ഉത്തംകുമാർ ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു. മാസങ്ങളോളം ഘട്ടക്ക് ആശുപത്രിൽ കിടന്നു. സൈന്ത്യയിൽ ജോലിചെയ്തുകൊണ്ടുതന്നെ അടിക്കടി കൽക്കട്ടയിലെത്തി സുരമാദി ഘട്ടക്കിനെ ശുശ്രൂഷിച്ചു.

മേഘേ ഢാക്കാ താരായിലെ ഒരു രംഗം
മേഘേ ഢാക്കാ താരായിലെ ഒരു രംഗം

രോഗം ഒരുവിധം ഭേദമായി പുറത്തുവന്ന ഘട്ടക്കിനെ ബിശ്വജിത് വീണ്ടും തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച പണംകൊണ്ട് ഘട്ടക്കിന്റെ സ്വപ്നസിനിമയായിരുന്ന ജുക്തി തക്കോ ആർ ഗപ്പൊ വളരെ വേഗം തീർത്തു പുറത്തിറക്കി. ആ സിനിമയും ഓടിയില്ല. പക്ഷെ തന്റെ സാമ്പത്തിക നില മെച്ചപ്പെട്ടു വരികയാണെന്നും കൽക്കട്ടയിൽ സ്വന്തമായി വീട് വാങ്ങി അവിടെ ഒരു പുതിയ ജീവിതം ആരംഭിക്കണമെന്നും ഘട്ടക്ക് സുരമാദിക്ക് കത്തെഴുതി. പെട്ടെന്നൊരു ദിവസം ഘട്ടക്ക് സൈന്ത്യയിൽ എത്തി. കാര്യമായി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. കുട്ടികളോട് വളരെ സ്‌നേഹത്തോടെ ഇടപഴകി അവരോടൊപ്പം ഏറെ നേരമിരുന്നു. മകൻ റിതബെൻ പാടിയ പാട്ടുകൾ കേട്ട് അവനെ കെട്ടിപ്പിടിച്ചു. സന്ധ്യയായപ്പോൾ പുറത്തേയ്ക്ക് പോയ ഘട്ടക്ക് ആ രാത്രി തിരികെ വന്നില്ല.

ഋത്വിക് ഘട്ടക്കിനൊപ്പം മകൻ റിതബെൻ ഘട്ടക്
ഋത്വിക് ഘട്ടക്കിനൊപ്പം മകൻ റിതബെൻ ഘട്ടക്

അടുത്ത ദിവസം അതിരാവിലെ തിരിച്ചുവന്ന് കുറച്ച് പണം കടംതരാമോ എന്ന് ദയനീയമായി സുരമാദിയോട് ചോദിച്ചു. ചുറ്റുമുള്ള യാതൊന്നും കണ്ണിൽപ്പെടാത്തതുപോലെയായിരുന്നു അപ്പോഴദ്ദേഹത്തിന്റെ പെരുമാറ്റം. പണം കൈയിൽ കിട്ടിയതും ആൾ അവിടെനിന്ന് പോയി. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഘട്ടക്കിനെ കൽക്കട്ടയിലെ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചതായി വിവരംകിട്ടി. ഇതിനിടയിൽ ഘട്ടക്കിന്റെ കലാസേവനങ്ങളെ കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പിൽ സുരമാദിക്ക് ജോലി നൽകിക്കൊണ്ട് ബംഗാൾ മുഖ്യമന്ത്രി ഉത്തരവായി. ആ ഉത്തരവിന്റെ പകർപ്പ് സുരമാദിയുടെ കൈയിൽ കിട്ടിയ അതേ ദിവസം, അതായത് 1976 ഫെബ്രുവരി ഏഴാം തിയതി ഋത്വിക് ഘട്ടക്ക് മരിച്ചു.
50 വർഷം മാത്രം ജീവിച്ച ഋത്വിക് ഘട്ടക്കിന്റെ കലയുടെ മഹത്വം അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അധികമാരും മനസ്സിലാക്കിയില്ല. പക്ഷെ മരണശേഷം ഇന്ത്യൻ സമാന്തര സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ പ്രതിഭയായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. കലാമൂല്യമുള്ള സിനിമകളെ അറിഞ്ഞാസ്വദിക്കുന്ന ലോകം മുഴുവനുമുള്ള ലക്ഷക്കണക്കിന് ആരാധകർ ഒരു ഇതിഹാസ നായകനായി ഘട്ടക്കിനെ വാഴ്ത്തി. അദ്ദേഹത്തിന്റെ സിനിമകൾ സമാന്തര സിനിമയുടെ പാഠപുസ്തകങ്ങളായി ഇന്ന് ലോകം മുഴുവനുമുള്ള പല സിനിമാ വിദ്യാലയങ്ങളിൽ പഠിക്കപ്പെടുന്നു. യാഥാർത്ഥ്യം, നാടകീയത, അതിഭാവുകത്വം, ഐതിഹ്യങ്ങൾ, പുരാണം, നാടോടിക്കഥകൾ എന്നിവയെല്ലാം വേർതിരിച്ചറിയാനാകാത്ത വിധം ഇടകലർത്തി തനിക്ക് മാത്രം അവകാശപ്പെടാനാവുന്ന ഒരു സിനിമാ ശൈലി കൊണ്ടുവന്ന മഹാപ്രതിഭയായി ഘട്ടക്ക് വാഴ്ത്തപ്പെട്ടു.

ജീവിതത്തിന്റെ രണ്ടാം പകുതി മുഴുവൻ തന്റെ ഭർത്താവിന്റെ ചിത്രങ്ങൾ, പുസ്തകങ്ങൾ, സിനിമകൾ, തിരക്കഥകൾ, കത്തുകൾ എന്നിങ്ങനെ കിട്ടാവുന്നതൊക്കെ ശേഖരിക്കാനായി അവർ ഉഴിഞ്ഞുവെച്ചു

‘ആർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കാത്ത മഹാപ്രതിഭയായിരുന്നു ഘട്ടക്ക്. ഞാനാകട്ടെ വെറുമൊരു സാധാരണ സ്ത്രീ. ഒരു മഹാപ്രതിഭയ്ക്കൊപ്പം ഒരു സാധാരണ സ്ത്രീ ജീവിക്കുമ്പോൾ ഉണ്ടാകുന്ന പരസ്പരം മനസ്സിലാകാത്ത അവസ്ഥയാണ് പലപ്പോഴും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. കുറേക്കൂടി വിവേകത്തോടെ, കുറേക്കൂടി തെളിച്ചത്തോടെ ഞാൻ പെരുമാറേണ്ടതായിരുന്നു. ഇനിയിപ്പോൾ വിഷമിച്ചിട്ട് ഫലമില്ലല്ലോ!' എന്ന് ഘട്ടക്കിന്റെ മരണശേഷം സുരമാദി പറഞ്ഞു. എന്നാൽ മുമ്പ് സംഭവിച്ചതിനേക്കാൾ വലിയ ദുരന്തങ്ങളിലേക്കാണ് അപ്പോഴും സുരമാദിയുടെ ജീവിതം പൊയ്‌ക്കൊണ്ടിരുന്നത്.

ജീവിതത്തിന്റെ കൊടുംക്രൂരതകൾ​ക്കൊടുവിൽ...
ചെറുപ്രായത്തിൽത്തന്നെ അസാമാന്യമായ പ്രതിഭ വെളിപ്പെടുത്തിയ അവരുടെ മകൻ റിതബെൻ ഘട്ടക്ക് ചിത്രകാരനും പാട്ടുകാരനുമായിരുന്നു. അയാൾ ഒരു നല്ല സിനിമാ സംവിധായകനാകുമെന്ന് സുരമാദി കരുതി. പക്ഷെ കടുത്ത മനോരോഗത്തിന്റെ പിടിയിൽപ്പെട്ട് ജീവിതകാലം മുഴുവൻ ഒരു മുറിയിൽ തടവുകാരനായി കിടക്കേണ്ട ഗതിയാണ് റിതബെനുണ്ടായത്. സുരമാദിയുടെ ഇളയമകൾ സുചിസ്മിത ഘട്ടക്ക് ചിത്രകാരിയായും ശിൽപിയായും കഴിവ് വെളിപ്പെടുത്തിയെങ്കിലും ഒന്നിലും ശോഭിക്കാതെ ചെറുപ്രായത്തിൽത്തന്നെ മദ്യത്തിന് അടിമയായി. പലതരം രോഗങ്ങളാൽ കഷ്ടപ്പെട്ട് 49 വയസ്സിൽ മരിച്ചു. മൂത്തമകൾ സംഹിതാ ഘട്ടക്ക് അച്ഛന്റെ സിനിമകളും പുസ്തകങ്ങളും അവയുടെ പകർപ്പവകാശവും വീണ്ടെടുക്കാൻ ഏറെ അദ്ധ്വാനിച്ചു. സംഹിതയുടെ മകളും ഋത്വിക് ഘട്ടക്കിന്റെ ഒരേയൊരു പേരക്കുട്ടിയുമായിരുന്ന അദിതി സുരമാദിയോടൊപ്പമായിരുന്നു താമസം. 2012 നവംബർ മുപ്പതാം തിയതി കൂട്ടുകാരെക്കാണാൻ എന്നുപറഞ്ഞ് പോയതാണ്. 19 വയസ്സുമാത്രമുണ്ടായിരുന്ന അതിസുന്ദരിയായ ആ പെൺകുട്ടി അന്നുരാത്രിയിൽ കൽക്കട്ടാ നഗരത്തിലെ ഒരു ഓടയ്ക്കുള്ളിൽ മരിച്ചുകിടന്നു. അപകടമരണം എന്ന് പോലീസ് അത് എഴുതിത്തള്ളി. തന്റെ മകളെ ആരോ ലക്ഷ്യമിട്ട് കൊന്നതാണെന്ന് ഉറച്ചു വിശ്വസിച്ച സംഹിതാ ഘട്ടക്ക് ആ ദുഃഖത്തിൽനിന്ന് കരകയറാനാവാതെ കുടിച്ചുകുടിച്ച് അറുപത് വയസ്സാകും മുമ്പേ മരിച്ചുപോയി.

സംഹിതാ ഘട്ടക്കിനൊപ്പം ഷാജി ചെന്നൈ
സംഹിതാ ഘട്ടക്കിനൊപ്പം ഷാജി ചെന്നൈ

ജീവിതം നിരന്തരം തന്നോട് ചെയ്ത ക്രൂരതകൾ ഒന്നൊന്നായി സഹിച്ചുകൊണ്ട് സുരമാദി മാത്രം നീണ്ടകാലം ജീവിച്ചു. ജീവിതത്തിന്റെ രണ്ടാം പകുതി മുഴുവൻ തന്റെ ഭർത്താവിന്റെ ചിത്രങ്ങൾ, പുസ്തകങ്ങൾ, സിനിമകൾ, തിരക്കഥകൾ, കത്തുകൾ എന്നിങ്ങനെ കിട്ടാവുന്നതൊക്കെ ശേഖരിക്കാനായി അവർ ഉഴിഞ്ഞുവെച്ചു. യാതൊരു സൗകര്യങ്ങളുമില്ലാത്ത ഒരു ഇടുങ്ങിയ വീട്ടിലെ പൂട്ടിയിട്ട മുറിയിൽനിന്ന് തന്റെ പൊന്നുമകൻ ഉയർത്തുന്ന ഭ്രാന്തമായ അലർച്ചകൾക്കു നടുവേ സമനില തെറ്റാതെ ജീവിച്ചു. എല്ലായിടവും ഘട്ടക്കിന്റെ പടങ്ങളൊട്ടിച്ച മുറിയിൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ കെട്ടിപ്പിടിച്ച് ഉറങ്ങി. തന്റെ വേദനകളിൽനിന്ന് എന്നേയ്ക്കുമായി രക്ഷപ്പെട്ട് ഒടുവിൽ ഘട്ടക്കിനോടൊപ്പം മരണത്തിൽ സുരമാദി ഒന്നായിത്തീർന്നു.

വെയിലും നിഴലും വയലുകൾക്കുമേലേ ഒളിക്കുന്നു
മേഘക്കൂട്ടങ്ങളെ ആരോ മേയാൻ വിട്ടിരിക്കുന്നു
തേനെടുക്കാൻ മറന്ന് തേനീച്ചകൾ ഭൂമിക്കുമേൽ ചുറ്റിപ്പറക്കുന്നു
ഇന്ന് ഞാൻ ഇവിടെത്തന്നെ ഇരിക്കും
ഇനി ഞാൻ വീട്ടിലേക്ക് തിരിച്ചുപോകില്ല**

* സുരമച്ചേച്ചി എന്നതിന്റെ ബംഗാളി വാക്ക്
** സുവർണ രേഖയിലെ പാട്ടിന്റെ വരികൾ


Summary: ഇന്ന് സംവിധായകരുടെ സംവിധായകനായി ആഘോഷിക്കപ്പെടുന്ന ഋത്വിക് ഘട്ടക്കിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മവർഷമാണിത്. അദ്ദേഹം മരിച്ചിട്ട് 45 വർഷങ്ങൾ. കഴിഞ്ഞ വർഷം അന്തരിച്ച അദ്ദേഹത്തിന്റെ ഭാര്യ സുരമാ ഘട്ടക്കുമായി മുമ്പ് നടത്തിയ സംഭാഷണങ്ങളിലൂടെ അറിഞ്ഞ അവരിരുവരുടെയും അങ്ങേയറ്റം അസാധാരണമായ ജീവിതം എഴുതുകയാണ് ഋത്വിക് ഘട്ടക്ക് മെമ്മോറിയൽ ട്രസ്റ്റിന്റെ തെന്നിന്ത്യാ പ്രതിനിധി കൂടിയായ ലേഖകൻ


ഷാജി ചെന്നൈ

എഴുത്തുകാരൻ, സംഗീത നിരൂപകൻ, വിവർത്തകൻ, വിമർശകൻ, സിനിമാ നടൻ.

Comments