തീക്ഷ്ണമായ കണ്ണുകളും നിറഞ്ഞ പ്രകാശം പരത്തുന്ന ചിരിയും തീവ്രമായ ഭാവവും നിറഞ്ഞു നിൽക്കുന്നതായിരുന്നു സ്മിതാ പാട്ടീൽ എന്ന നടി. എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലും ഹിന്ദി സമാന്തര സിനിമകളിൽ സ്മിത ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം തന്നെയായിരുന്നു.
പഠനകാലത്തുതന്നെ നിരവധി അവസരങ്ങൾ തേടിയെത്തിയ സ്മിത പഠനത്തിനായി അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു.
എഴുപതുകളുടെ മധ്യത്തിൽ, വിരസമെന്ന് തോന്നിപ്പിച്ചിരുന്ന ദൂരദർശന്റെ മറാത്തി വാർത്തകൾ കേൾക്കാൻ പെട്ടെന്ന് കാഴ്ച്ചക്കാർ കൂടി വന്നു. കാരണം, വാർത്ത വായിക്കുന്ന ആളുടെ സ്ക്രീൻ പ്രെസൻസും അവതരണരീതിയും. ദൂരദർശൻ മറാത്തി ന്യൂസിന് കാഴ്ചക്കാർ കൂടാനിടയായ അവതാരകയുടെ പേരാണ് സ്മിതാ പാട്ടീൽ.
ഈ അവതാരികയെ കണ്ടിഷ്ടപ്പെട്ട ശ്യാം ബെനഗൽ എന്ന പ്രശസ്ത സംവിധായകൻ, സ്മിതയെ തന്റെ അടുത്ത പടമായ ‘നിശാന്തി’ലേക്ക് ക്ഷണിച്ചു. ഇതിലേക്ക് ഒരു റിഹേഴ്സലെന്നോണം ബെനഗൽ, തന്റെ ചരൺദാസ് ചോർ എന്ന കുട്ടികളുടെ സിനിമയിലേക്കും സ്മിതയെ കാസ്റ്റ് ചെയ്തു. രണ്ടും 1975-ലാണ് റിലീസായത്. തുടർന്ന് അദ്ദേഹത്തിന്റെ തന്നെ ഒരുപിടി നല്ല സിനിമകളിൽ സ്മിതയ്ക്ക് വേഷം ലഭിച്ചു.
1976-ൽ ‘നിഷാന്ത്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിലൂടെയാണ് ശ്യാം ബെനഗൽ, സ്മിതാ പാട്ടീൽ, ശബാന ആസ്മി എന്നിവർ കാൻ ഫെസ്റ്റിവലിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്നത്തെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുകൊണ്ട് ഇതിനു പിന്നിലെ രസകരമായ ഒരു കഥയും ശബാന ഒരിക്കൽ പങ്കുവെക്കുകയുണ്ടായി.
"കാനിലെ പ്രദർശനവുമായി ബന്ധപ്പെട്ട് മാർക്കറ്റിംഗിനായി സിനിമയുടെ അണിയറപ്രവർത്തകരുടെ കയ്യിൽ വേണ്ടത്ര പണമുണ്ടായിരുന്നില്ല. എന്നാൽ തന്റെയും സ്മിതയുടെയും കയ്യിലുള്ള ഏറ്റവും മികച്ച സാരികൾ ഉടുത്തുകൊണ്ട് ഫ്രഞ്ച് റിവിയേരയിലെ പ്രൊമെനേഡിലും, സമീപ റോഡിലൂടെയും ആളുകളുടെ മുന്നിലൂടെ നടക്കാൻ ബെനഗൽ ആവശ്യപ്പെട്ടത്രെ. ആളുകൾ ഈ വ്യക്തിത്വങ്ങളെ വീണ്ടും വീണ്ടും തിരഞ്ഞുനോക്കിക്കൊണ്ടു പോകുമ്പോൾ അവർ പറയും, ഞങ്ങളുടെ സിനിമ ഇന്ന ദിവസം പ്രദർശിപ്പിക്കുന്നുണ്ട്, ദയവായി വന്നു കാണുക എന്ന്. അന്നാട്ടിൽ ആ സാരിപ്രയോഗം ശരിക്കുമങ്ങ് ക്ലിക്കായി. ആദ്യ ഷോ ഹൗസ്ഫുൾ ആയി ഓടിയെന്നും ശബാന ഓർത്തെടുത്തു."
റിയാലിറ്റിയിൽ നിന്നുകൊണ്ടുള്ള ഫെമിനിസവും സഹജീവിസ്നേഹവും സ്മിതയിൽ നിറഞ്ഞുനിന്നിരുന്നു. ശബാന ആസ്മി, നസറുദ്ദീൻ ഷാ, ഓംപുരി, എന്നീ അനശ്വരപ്രതിഭകളോടൊപ്പം ചേർന്ന് സമാന്തര സിനിമലോകത്തെ രാജ്ഞിയായി സ്മിത അരങ്ങുവാണു. മഹ്തൻ, ഭൂമിക, ചക്ര, ആൽബർട്ട് പിന്റോ, ആക്രോഷ്, ശക്തി, ആഖിർ ക്യോൻ, … ഇവയിലെല്ലാം തന്റെ ജ്വലിക്കുന്ന സ്ക്രീൻ പ്രസൻസും ഡെസ്ക്കി സ്കിൻ ടോണും അസാമാന്യമായ കഴിവുംകൊണ്ട് അവർ നിറഞ്ഞുനിന്നു.
സമാന്തരസിനിമകളിൽ നിറഞ്ഞുനിന്ന സ്മിതയുടെ കോമേഴ്സ്യൽ സിനിമാലോകത്തേക്കുള്ള വരവ് വിചാരിച്ചതിലും അൽപം വൈകിയായിരുന്നു. ഒരേ സമയം മൂന്ന് സിനിമകൾക്കായി ഡേറ്റ് കൊടുക്കുന്നതും അഭിനയിക്കുന്നതുമൊന്നും തനിക്ക് ഇപ്പോൾ ചിന്തിക്കാനാവില്ല എന്നാണ് അപ്പോഴൊക്കെ അവർ പറഞ്ഞിരുന്നത്. എങ്കിലും ദിലീപ് -അമിതാബ് -രാഖി കൂട്ടുകെട്ടിന്റെ കൂടെ ശക്തി എന്ന സിനിമയിലൂടെ സ്മിത കച്ചവട സിനിമയിലേക്കും എത്തി. എന്നിരുന്നാലും വന്ന എല്ലാ ഓഫറുകളും സ്വീകരിക്കാൻ അവർ തയ്യാറായില്ല. അഭിനയസാധ്യതയുള്ള റോളുകൾ, സംവിധായകൻ, കൂടെ അഭിനയിക്കുന്നവർ എല്ലാം നല്ലതാണെന്നു തോന്നിയാൽ മാത്രമേ താൻ ഒരു കോമേഴ്സ്യൽ സിനിമ ചെയ്യാൻ താത്പര്യപ്പെടൂ എന്ന് യാതൊരു മടിയും കൂടാതെ പറയാൻ അവർ ധൈര്യപ്പെട്ടു.
ഇത്രയും പ്രതിഭാശാലിയായ അഭിനേത്രിയെ മലയാളത്തിൽ അവതരിപ്പിച്ചതിന് ജി. അരവിന്ദനോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു. ചിദംബരം എന്ന ചിത്രത്തിൽ മുനിയാണ്ടിയുടെ ഭാര്യയായി, ശിവകാമിയായി സ്മിത വേഷമിട്ടു.
മിതമായ അഭിനയത്തിന്റെ മറ്റൊരു പേരാണ് സ്മിത. ഇന്നും അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നവർക്ക് സ്മിത ഒരു ബെഞ്ച്മാർക് തന്നെയാണ്.
രാജ് ബബ്ബർ എന്ന നടനുമൊത്ത് നാല് സിനിമകൾ ഒരുമിച്ച് അഭിനയിച്ച സ്മിത അദ്ദേഹവുമായി പ്രണയത്തിലായി. വിവാഹിതനായിരുന്ന രാജ് പിന്നീട് സ്മിതയെ കൂടി വിവാഹം ചെയ്യുകയായിരുന്നു. 1986- ൽ ആൺകുഞ്ഞിന് ജന്മം നൽകിയ സ്മിത, പ്രസവാനന്തര ദേഹാസ്വാസ്ഥ്യത്തെതുടർന്ന്, തലച്ചോറിൽ ഇൻഫെക്ഷൻ വന്നാണ് മരിച്ചത്. പ്രസവശേഷം കേവലം രണ്ടാഴ്ച്ച മാത്രമാണ് സ്മിതയ്ക്ക് തന്റെ കുഞ്ഞിനോടൊപ്പം ചെലവഴിക്കാനായത്.
ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ശ്യാം ബെനഗൽ, മൃണാൽ സെൻ, സത്യജിത് റേ, ഗോവിന്ദ് നിഹലാനി, ജി. അരവിന്ദൻ, രമേശ് സിപ്പി, ബി.ആർ. ചോപ്ര എന്നിങ്ങനെ പ്രശസ്തരായ ഒരു പിടി സംവിധായകരുടെ കീഴിൽ, എൺപതോളം സിനിമകളിൽ, ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, മലയാളം, കന്നഡ, തെലുങ്ക്, എന്നീ ഭാഷകളിൽ അഭിനയിച്ച്, രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡും (ഭൂമിക, ചക്ര) രണ്ടുതവണ ഫിലിം ക്രിട്ടിക്സ് അവാർഡും നേടിയ സ്മിതക്ക് 1985 - ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു.