പന്ത്രണ്ട്
പ്രഭാതഭക്ഷണത്തിനു ശേഷം സീതണ്ണയോടൊപ്പം ഞങ്ങൾ ഗ്രാമത്തിന്റെ ചുറ്റുവട്ടങ്ങളിലേക്ക് നടക്കാനിറങ്ങി. മുത്താറി വയലുകളും നിലക്കടലപാടങ്ങളും കടന്ന് സീതണ്ണ തക്കാളിപ്പാടങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോയി. ഈ കാണായ പാടങ്ങളത്രയും സീതണ്ണയുടെ അച്ഛൻ ബസവപ്പ ഗൗഡയുടേതായിരുന്നു.
സീതണ്ണ ഒരു ഗൗഡരുടെ മകനാണെന്ന് കോളേജിൽ നിന്ന് പലരും പറയുന്നതുകേട്ടിട്ടുണ്ട്. നാട്ടു ജന്മിയെപ്പോലൊരാൾ എന്ന ഒരർത്ഥം മാത്രമേ അതിൽനിന്ന് അന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
ഗൗഡ ഒരു ജന്മിയാണ്. മാത്രമല്ല എല്ലാറ്റിനും തീർപ്പു കൽപിക്കുന്ന ഒരു ഗ്രാമമുഖ്യൻ കൂടിയായിരുന്നു. നമ്മുടെ നാട്ടിൽ പഴയകാലത്ത് ഒരു കുടിയാൻ ജന്മിയോട് കാണിക്കുന്ന വിധേയത്വം അടിമത്തത്തിനു തുല്യമായിരുന്നു. നിസ്സഹായതയുടെ വംശപരമ്പരകളായി അവരവിടെ സഹനം കടിച്ചമർത്തി ജീവിച്ചു. പക്ഷെ, ഇവിടെ ഗ്രാമമുഖ്യനോടും കുടുംബത്തോടും ഗ്രാമീണർ കാണിക്കുന്ന സ്നേഹം സ്വാഭാവികവും ആത്മാർത്ഥവുമായിരുന്നു. നാട്ടുവഴികളിലൂടെ നടന്നുപോവുമ്പോൾ നാട്ടുകാരുടെ നിറഞ്ഞു കവിയുന്ന സ്നേഹം മനസ്സിൽ ഒരിളംകാറ്റു വന്നു തലോടുന്നതുപോലെ സുഖകരമായിരുന്നു.
സീതണ്ണ നടന്നുപോകുന്ന വഴികളിലെല്ലാം നാട്ടുകാരുടെ സ്നേഹത്തിന്റെ ഉറവകൾ ഒഴുകിവരുന്നു.
ആളുകളുടെ കണ്ണിലും ഉള്ളിലും പെരുമാറ്റത്തിലുമെല്ലാം സ്നേഹം മാത്രം. പലരിൽ നിന്നും ഒരുപോലെ ഏറ്റുവാങ്ങാൻ കഴിയുന്ന സ്നേഹം, അതാണ് ജീവിതത്തിലെ ഏറ്റവും അർത്ഥവത്തായ അനുഭവം എന്ന് ഞാനറിഞ്ഞു തുടങ്ങിയത് അന്നായിരുന്നു.
വയലുകളിൽ പണിചെയ്യുന്നവർ ജോലി നിർത്തി വണങ്ങി നിൽക്കുന്നു. മുറുക്കാൻ കറയുള്ള മോണകൾ കാട്ടി അമ്മമാർ സ്നേഹത്തോടെ ചിരിക്കുകയും വിശേഷങ്ങൾ ആരായുകയും ചെയ്യുന്നു. ഗ്രാമത്തിന്റെ സ്നേഹവും പ്രാർത്ഥനകളുമേറ്റു വാങ്ങാൻ ഭാഗ്യമുള്ള ഒരു ജന്മമായിരുന്നു സീതണ്ണയുടേത് എന്ന് ഞാൻ മനസ്സിൽ കരുതി. ഇതുപോലെ ഗ്രാമീണർക്ക് ജീവിക്കാൻ വേണ്ടതെല്ലാം തിരിച്ചു കൊടുക്കുന്നുമുണ്ടായിരിക്കണം. എന്തായാലും സ്നേഹത്തിന്റെതായ ഒരു പാരസ്പര്യം ആ ഗ്രാമത്തിലാകെയും നിറഞ്ഞു നിൽക്കുന്നതായി ഞാൻ കണ്ടിരുന്നു.
സുഖരാജ് ചോദിച്ചു; ഇനി സീതണ്ണയുടെ കല്യാണം എന്നാ ? സീതണ്ണ ആകാശത്തിലേക്ക് നോക്കി. നടക്കുമോ എന്നറിയില്ല. എല്ലാവരും അതുകേട്ട് ഒന്നമ്പരന്നു
തക്കാളിപ്പാടങ്ങളിൽ നിന്ന് പഴുത്ത തക്കാളികൾ ഞങ്ങൾ മതിയാവോളം പറിച്ചു തിന്നു. അതിനിടയിൽ സീതണ്ണ പഠിച്ച സ്‌കൂളിൽ ചെന്നു. അവിടത്തെ അധ്യാപകരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഒരു മലയാളി ആദ്യമായാണ് ആ ഗ്രാമത്തിൽ വന്നതെന്ന് അവിടത്തെ പ്രധാന അധ്യാപകൻ എന്നോട് പറഞ്ഞു. അതുകേട്ടപ്പോൾ ഇതുവരെ അറിയാതെപോയ ഒരു ഭൂഖണ്ഡം കണ്ടുപിടിച്ച ഒരാളെപ്പോലെ ഞാൻ സന്തോഷിച്ചു.
പിറ്റേന്നായിരുന്നു സീതക്കയുടെ കല്യാണം.
സീതക്ക ഒരു കല്യാണപ്പെണ്ണായി ഒരുങ്ങി നിന്നു.
വരനെയും ബന്ധുക്കളെയും ആനയിക്കാൻ വാദ്യസംഘങ്ങൾ ഞങ്ങൾ വന്ന അതേസ്ഥലത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
മറ്റൊരിടത്ത് വരനുവേണ്ടി കുതിരവണ്ടി ഒരുക്കി വച്ചിരുന്നു.
കൂടെയുള്ളവർക്ക് എത്തിച്ചേരാൻ ഏതാനും കാളവണ്ടികളും ഉണ്ടായിരുന്നു. കുതിരവണ്ടിയും മറ്റു വണ്ടികളും വരിവരിയായി വീടിനു മുന്നിൽ വന്നു നിന്നു. കസവുകൊണ്ടു തുന്നിയ തലപ്പാവ് ധരിച്ച് വരൻ കുതിരവണ്ടിയിൽ നിന്നുമിറങ്ങി. സീതക്കയുടെ വരൻ മറ്റൊരു ഗ്രാമമുഖ്യന്റെ മകനായിരുന്നു. ഗൗഡരുടെ പരമ്പരാഗത വേഷത്തിൽ വരൻ എത്തിച്ചേർന്നതോടെ ആളുകളെല്ലാം ആകാംക്ഷയോടെ എത്തിനോക്കി. പെട്ടെന്നുതന്നെ അവിടമാകെയും മർമ്മരത്തിന്റെ അലയൊലികൾ ഉയരുകയും താഴുകയും ചെയ്തു. എല്ലാവരും എത്തിച്ചേർന്നപ്പോൾ വരനെ ബസപ്പ ഗൗഡയും സീതണ്ണയും കൂടി സ്വീകരിച്ച് മണ്ഡപത്തിലേത്ത് ക്ഷണിച്ചു. വരൻ എല്ലാവരെയും നോക്കി വണങ്ങി. പുരോഹിതന്മാർ മന്ത്രോച്ചാരണം തുടങ്ങി. നിറദീപം വേദിയിൽ തെളിഞ്ഞു കത്തി. വിവാഹത്തിന്റെ മുഹൂർത്തസമയമായതോടെ വധുവിനെ എത്തിക്കുവാൻ പുരോഹിതൻ നിർദേശിച്ചു.
പാതി മുഖം മറച്ചുപിടിച്ച് പരിവാരസമേതയായി സീതക്ക മണ്ഡപത്തിലേക്ക് നടന്നുവന്നു.
വാദ്യങ്ങളുയർന്നു. രണ്ടുപേർ ഒരു പട്ടു തിരശ്ശീലകൊണ്ട് വരനെ മറച്ചു പിടിച്ചിട്ടുണ്ടായിരുന്നു.
ധു തിരശ്ശീലയ്ക്ക് അപ്പുറം നിന്ന് വെറ്റിലയിൽ പൊതിഞ്ഞ അരിമണികൾ വരന്റെ ശിരസ്സിൽ സമർപ്പിക്കുന്നതോടെ ഗൗഡരീതിയിലുള്ള വിവാഹച്ചടങ്ങുകൾ ആരംഭിച്ചു.
കല്യാണപ്പെണ്ണിന്റെ നെറ്റിയിൽ മഞ്ഞച്ചരടുകൊണ്ട് രക്ഷാസൂത്രം പോലെ എന്തോ ഒന്ന് കെട്ടിയിട്ടുണ്ടായിരുന്നു. വരനും വധുവും ഒരു പലകയിൽ അഭിമുഖമായി ഇരിക്കുകയും മഞ്ഞച്ചരടുകൊണ്ട് വരൻ വധുവിന്റെ കഴുത്തിൽ താലിചാർത്തുകയും ചെയ്തു. താലികെട്ടൽ കഴിഞ്ഞതോടെ രണ്ടുപേരും എഴുന്നേറ്റു നിന്നു. പുരോഹിതന്റെ നിർദേശ പ്രകാരം വരൻ വധുവിന്റെ നെറുകയിൽ സിന്ദൂരം ചാർത്തി. മഞ്ഞൾപൊടി കൈയിലെടുത്തു വധുവിന്റെ ഇരുകവിളിലും തേച്ചു. ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച ഒരു മൺകുടത്തിൽ നിറയെ പാലുമായി അച്ഛനമ്മമാർ നിൽക്കുന്നുണ്ടായിരുന്നു. വധൂവരന്മാരെ വീണ്ടും പലകയിലിരുത്തി. അവരുടെ കയ്യിൽ കോട്ടിയ ഒരു പ്ലാവില കൊടുത്തു. കൈയിൽ പിടിച്ചുനിൽക്കുന്ന പ്ലാവിലയിൽ അമ്മയും അച്ഛനും ആദ്യം പാലൊഴിക്കുന്നു. പിന്നെ ബന്ധുക്കളൊക്കെയും ചടങ്ങിന്റെ ഭാഗമാവുന്നു.
സീതണ്ണ പാൽ പകർന്നുകൊടുക്കാൻ ഞങ്ങളെയും മണ്ഡപത്തിലേക്ക് വിളിച്ചു. ഒഴിക്കുന്ന പാൽത്തുള്ളികൾ വധൂവരന്മാരുടെ പ്ലാവിലയിൽ നിന്ന് താഴെ വച്ച മറ്റൊരു മൺകുടത്തിലേക്ക് വീഴുന്നുണ്ടായിരുന്നു. സീതണ്ണ പറഞ്ഞു. മൺകുടം അമൃതിന്റെ പ്രതീകമാണ്. എല്ലാവരുടെയും അനുഗ്രഹം അമൃതം പോലെ ഇവരുടെ ജീവിത്തിൽ നിക്ഷേപിക്കപ്പെടുന്നു.
കല്യാണം കഴിഞ്ഞ് ക്ഷണിക്കപ്പെട്ടവരെല്ലാം ഒഴിഞ്ഞുപോയി. മൊളക്കാൽമുരുവിലേക്കുള്ള ബസ് നാളെ ഉച്ചയ്ക്ക് മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഒരു രാത്രി കൂടി ഞങ്ങൾക്കവിടെ തങ്ങേണ്ടി വന്നു. ഇവിടെത്തങ്ങിയ രണ്ടുദിവസങ്ങൾകൊണ്ട് എല്ലാവരുമായി നല്ല പരിചയമായിക്കഴിഞ്ഞിരുന്നു. ബസവപ്പ ഗൗഡ ഞങ്ങളോട് നാട്ടുവിശേഷങ്ങളാരാഞ്ഞു. സീതണ്ണയുടെ അമ്മ വീട്ടുവിശേഷങ്ങൾ തിരക്കി. ഭക്ഷണശേഷം തിരക്കുകളെല്ലാം ഒഴിഞ്ഞ ആ രാത്രിയിൽ സീതണ്ണ ഞങ്ങളെയും കൊണ്ട് കുളക്കരയിലേക്ക് ചെന്നു.
സുഖരാജ് ചോദിച്ചു; ഇനി സീതണ്ണയുടെ കല്യാണം എന്നാ ?
സീതണ്ണ ആകാശത്തിലേക്ക് നോക്കി; നടക്കുമോ എന്നറിയില്ല.
എല്ലാവരും അതുകേട്ട് ഒന്നമ്പരന്നു.
ഗൗഡയുടെ മകൻ. ഇതിനെക്കാൾ കേമമായിരിക്കും സീതണ്ണയുടെ കല്യാണമെന്ന് ഞാൻ ചിന്തിച്ചു. എങ്കിലും ഞാൻ ചോദിച്ചത് മറ്റൊന്നായിരുന്നു.നടക്കില്ലേ ? എന്താ നടക്കാതിരിക്കാൻ?
സീതണ്ണ പറഞ്ഞു.നടക്കില്ല. അവൾ ഞങ്ങളുടെ സമുദായക്കാരിയല്ല.അവളോ അതാരാ ?
സീതണ്ണ കോളെജിൽ പഠിച്ച കാലം ഓർത്തു.
സീതണ്ണയുടെ വാക്കുകളിലൂടെ ഒരു പ്രണയകാലം ഒഴുകി വന്നു, ഇപ്പോഴും മനസ്സിൽ അടിത്തട്ടിലൂടെ ഏകാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പ്രണയകഥ.
സീതണ്ണ പറഞ്ഞു: അവൾ നന്നായി പാടുമായിരുന്നു. എന്റെ പാട്ട് അവൾക്കും അവളുടെ പാട്ട് എനിക്കും ഇഷ്ടമായിരുന്നു. പാട്ടിനെ ഇഷ്ടപ്പെട്ട് ഞങ്ങൾ പരസ്പരം സ്നേഹത്തിലായി. അവൾ പാടിയ പാട്ടുകൾ ഇപ്പോഴും എന്റെ കൂടെയുണ്ട്. പക്ഷെ അവൾ എന്റെ കൂടെയോ ഞാൻ അവളുടെ കൂടെയോ ഇല്ല.
സീതണ്ണയുടെ മനസ്സിലെ പ്രശ്നത്തിന് ഒരു പരിഹാരം നിർദേശിക്കാനുള്ള എളുപ്പവഴികളൊന്നും ഞങ്ങൾക്ക് അറിഞ്ഞു കൂടായിരുന്നു. എങ്കിലും എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സീതണ്ണയെ ഞങ്ങൾ ആശ്വസിപ്പിച്ചു.
ആകാശത്തിൽ നക്ഷത്രങ്ങൾ ഒരു പ്രണയകഥകേട്ട് കൺകൂർപ്പിച്ചിരിക്കുന്നുണ്ടായിരുന്നു. പാതിരാചന്ദ്രൻ പാതിവെളിച്ചം കാട്ടി കുളത്തിലെ ജലപ്പരപ്പിൽ ഇളകിത്തുഴയുന്നുണ്ടായിരുന്നു.
സീതണ്ണ പറഞ്ഞു: എന്റെ വീട്ടിൽ വന്നിട്ട് എന്റെ സങ്കടങ്ങളാണ് നിങ്ങളോട് പറയുന്നത്. അതു നിങ്ങൾ മറന്നേക്കണം. ഈ രാത്രിയുടെ ഓർമ്മയ്ക്കായി ഞാനൊരു പാട്ടുപാടാം.
സുഖരാജ് പറഞ്ഞു; ഞാനതു പറയാനിരിക്കുകയായിരുന്നു. എല്ലാം മറന്ന് മാഷൊന്ന് പാട്.
സീതണ്ണ പാടി....ആകാശവു ബീളലി മേലെ,
നാനെന്തു നിന്നവനു
ഭൂമിയു ബായ് ബിടലി ഇല്ലെ
നാൻ നിന്ന കൈബിടനു
നാനിരുവതു നിനഗാഗെ
ഈ ജീവ നിനഗാഗി.....
(ആകാശം മേലെ വീണോട്ടെ
ഞാൻ എന്നും നിന്റേതാണ്
ഭൂമി പിളർന്നോട്ടെ
ഞാൻ നിന്നെ കൈവിടില്ല
ഞാൻ നിനക്കുവേണ്ടിയാണ്
ഈ ജീവിതം നിനക്കുവേണ്ടിയാണ്)
അത്രമേൽ വികാരസാന്ദ്രമായി പാടിയ പാട്ടിന്റെ ഒഴുക്കിനൊപ്പം സീതണ്ണയുടെ കണ്ണിൽ നിന്ന് കണ്ണീരിന്റെ ഒഴുക്കും കൂടി കാണാമായിരുന്നു.
അങ്ങകലെ സീതണ്ണയുടെ സഹോദരി സീതക്ക ഇന്നൊരു കൂട്ടുജീവിതം തുടങ്ങുന്നു. സന്തോഷത്തിന്റെ സുഖസമുദ്രത്തിൽ ഒരു വീട്. നാടാകെയും അതിന്റെ തിമർപ്പിലുമായിരുന്നു. പക്ഷെ, സീതണ്ണയാവട്ടെ അകലെയെവിടെയോ ഉള്ള ഒരു പെൺകുട്ടിയെ ഓർത്ത് കാത്തിരിക്കുന്നു. ഒറ്റയ്ക്കിരുന്നു പാടിക്കൊണ്ടിരിക്കുന്നു.
പിറ്റേന്ന് ഉച്ചയോടെ ഞങ്ങൾ വന്ന അതേ ബസ്സിൽ മൊളക്കാൽമുരുവിലേക്ക് മടങ്ങുമ്പോൾ റോഡുവരെ സീതണ്ണ വന്നു. ബസ്സിൽ കയറിയതേയുള്ളൂ പുറത്തേക്ക് നോക്കി യാത്ര പറയാൻ നേരം സീതണ്ണയോ അദ്ദേഹം നിന്ന നാട്ടുവഴിയോ കൺമുന്നിൽ കാണാനുണ്ടായിരുന്നില്ല.
ബസ്സ് അകന്നകന്നു പോവുമ്പോൾ ഞാൻ മനസ്സിലോർത്തു സീതണ്ണയ്ക്ക് ഒരു നാടിന്റെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായിരുന്നു. പക്ഷെ ഇഷ്ടപ്പെട്ട പെണ്ണിന്റെ സ്നേഹത്തിലേക്ക് എത്തിച്ചേരാനോ മനസ്സിൽ നിറച്ചുവച്ച സ്നേഹം പകർന്നുനൽകാനോ കഴിയാതെ പോകുന്നു. ഭാഗ്യനിർഭാഗ്യങ്ങളുടെ രണ്ട് അതിർത്തികളിലൂടെയാണ് എന്നെന്നും ജീവിതം കടന്നുപോവുന്നത്.
മൺപാതയിൽ നിന്ന് ബസ് ടാർ റോഡിലെത്തിയപ്പോൾ വലിയൊരാശ്വാസം തോന്നി. അപ്പോൾ അടുത്തിരുന്നുകൊണ്ട് സുഖരാജ് പതിയെ മൂളുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി സീതണ്ണ കരഞ്ഞുപാടിയ ആ പാട്ടിലെ വരികൾ.ആകാശവു ബീളലി മേലെ
നാനെന്തു നിന്നവനു.
പതിമൂന്ന്
നുങ്കെമലയിലെ കഥനരാത്രികൾ
മൂന്നു മലകൾ കൂടിച്ചേരുന്ന ഉയർന്ന ഒരു സമതലഭൂമിയാണ് നുങ്കെമല. ത്രികുടാദ്രി എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഇവിടെ ഏഴോളം ക്ഷേത്രങ്ങളുണ്ട്. സിദ്ധേശ്വരക്ഷേത്രം കാലഭൈരവേശ്വര ക്ഷേത്രം, തുപ്പതമ്മദേവിക്ഷേത്രം തുടങ്ങി യവ. മൊളക്കാൽമുരുവിൽനിന്ന് മൂന്നു കിലോമീറ്ററോളം അകലെയാണ് നുങ്കെമല. ഏപ്രിൽ അവസാനത്തിലും മെയ് ആദ്യവാരത്തിലുമായി മൂന്നു ദിവസങ്ങളിലായാണ് നുങ്കമലെ സിദ്ധേശ്വരക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ആറാംനൂറ്റാണ്ടിൽ കടമ്പരാജാവായ അജവർമ്മനാണ് നുങ്കെമലയിൽ പ്രതിഷ്ഠനടത്തിയത്. കന്നടിഗരുടെ വൈശാഖമാസത്തിലെ മഹോത്സവം കൂടിയാണത്. മൂന്നു മലയുടെയും താഴ്‌വരകളിലുള്ളവരെല്ലാം ഉത്സവത്തിന്റെ അവസാനദിവസം നുങ്കെമലയിൽ എത്തിച്ചേരുന്നതോടെയാണ് ഉത്സവം അതിന്റെ പൂർണമായ നിറവിലെത്തിച്ചേരുന്നത്.
മൊളക്കാൽമുരുവിലെ പ്രധാനപ്പെട്ട ഉത്സവം എന്ന നിലയിൽ കുട്ടികൾ കുറച്ചു ദിവസങ്ങൾക്കു മുമ്പേ എന്നോട് അവിടെ പോകണമെന്ന് പറഞ്ഞിരുന്നു. സന്ധ്യയോടെ കുട്ടികളോടൊപ്പം ഞാനും നുങ്കെമലയിലേക്ക് പുറപ്പെട്ടു. വൈകുന്നേരം പ്രകാശ വന്നു വിളിച്ചപ്പോൾ അവന്റ കൂടെ പോകാതെയാണ് കുട്ടികളുടെ കൂടെ നടന്നുപോവുന്നത്. പ്രകാശ പറഞ്ഞത് ഞാനോർത്തു. മേഷെന്തിനാണ് പിള്ളേരെയും കൊണ്ടു നടക്കുന്നത് ?
അവന്മാര് അവരുടെ ചങ്ങാതിമാരുടെ കൂടെ പോകട്ടെ. പ്രകാശയോട് അവിടെ വച്ച് കാണാം എന്നു പറഞ്ഞാണ് പുറപ്പെട്ടിരിക്കുന്നത്. കാണുമായിരിക്കും എന്ന പ്രതീക്ഷയോടെ ഞാൻ കുട്ടികളുടെ കൂടെ മലകയറി.
മലയിൽ അന്ന് വൈദ്യുതി വെളിച്ചം എത്തിയിരുന്നില്ല. ഇന്നത്തെപ്പോലെ റോഡ് സൗകര്യവും ഉണ്ടായിരുന്നില്ല. രാത്രിയിൽ മലകയറുന്നവരുടെ കയ്യിൽ ചൂട്ടോ ടോർച്ചോ ആണ് പ്രധാന വഴികാട്ടിയായിത്തീരുന്നത്. അപൂർവ്വം ചിലരുടെ കയ്യിൽ പെട്രോമാക്‌സും ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ വലുതും ചെറുതമായ ഉരുളൻ കല്ലുകളിൽ ചവിട്ടിനടന്നു. മറ്റിടങ്ങളിൽ നടന്നു നടന്ന് നടപ്പാതകൾ ഉണ്ടായിത്തീർന്നിരുന്നു. കല്ലുകളും നടപ്പാതകളും ഇടകലർന്ന വഴികളിലൂടെ ഞങ്ങൾ നടന്നു. ടോർച്ചിന്റെയും ചൂട്ടുകളുടെയും വീശൽവെളിച്ചങ്ങൾ നിരനിരയായ് വരിവരിയായി നടന്നു നീങ്ങുന്നു. മലയുടെ പകുതിയിലെത്തിയാൽ സമതലവഴിയിലേക്ക് ചെറിയൊരു ഇറക്കമാണ്. മറ്റു മലകളുടെ ഒരോ ചെരിവിൽ നിന്നും ആളുകൾ കൈയിലേന്തിയ ചൂട്ടുകളുമായി രാത്രിയിൽ ത്രികുടാദ്രിയുടെ ക്ഷേത്രസമതലത്തിലേക്ക് ഇറങ്ങി വരുന്നത് മനോഹരമായ ഒരു കാഴ്ചയായിരുന്നു.
ചൂട്ടുകൾ കത്തിയുയരുമ്പോൾ തീപ്പൊരികൾ ആകാശത്തിലേക്ക് ചിതറിത്തെറിക്കുന്നു. തീയും പുകയും ചൂടും വെളിച്ചവും കൂടിച്ചേർന്ന അലൗകികമായ ഒരനുഭവം നുങ്കെമലയിലാകെത്തന്നെ ഉണ്ടായിരുന്നു
ഇവിടത്തെ ഉത്സവത്തിന്റെ ഒന്നാംദിവസം വൈശാഖ ശുദ്ധ ഏകാദശി വ്രതമാണ്. ദ്വാദശി കഴിഞ്ഞ് ത്രയോദശിയിൽ ഗ്രാമീണർ ആടിനെ ബലി നൽകുകയും ദേവന്മാരെ പ്രീതിപ്പെടുത്താനായി മദ്യം നിവേദിക്കുകയും ചെയ്യുന്നു. മദ്യവും മാംസവും ആരാധനയുടെ ഭാഗമാവുന്ന ഒരു സംസ്‌കാരത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു നുങ്കമലയിലെ ഉത്സവം. അതുകൊണ്ടുതന്നെ ആ ദിവസത്തിൽ ഗ്രാമീണരെല്ലാം മാംസഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കുന്നു. മദ്യപാനികൾക്ക് സ്വയം മറന്നു കുടിക്കാനുള്ള സർവസ്വാതന്ത്ര്യത്തിന്റെ ദിവസം കൂടിയായിരുന്നു അന്ന്.
ക്ഷേത്രങ്ങളുടേതായ കെട്ടിടനിർമ്മിതികളൊന്നും അവിടെയുണ്ടായിരുന്നില്ല. പ്രപഞ്ചത്തിന്റെ ശക്തിചൈതന്യം മുഴുവനും കല്ലിൽകൊത്തിയ പ്രതിഷ്ഠകളിൽ ആവാഹിച്ച് കുടിയിരുത്തിയിരിക്കുന്നു. ചുറ്റുവട്ടമാകെയും വലിയമരങ്ങൾകൊണ്ട് ഒരു കാടിന്റെ പ്രതീതി സൃഷ്ടിച്ചിരുന്നു. ചൂട്ടുകൾ കത്തിയുയരുമ്പോൾ തീപ്പൊരികൾ ആകാശത്തിലേക്ക് ചിതറിത്തെറിക്കുന്നു. തീയും പുകയും ചൂടും വെളിച്ചവും കൂടിച്ചേർന്ന അലൗകികമായ ഒരനുഭവം നുങ്കെമലയിലാകെത്തന്നെ ഉണ്ടായിരുന്നു.
സിദ്ധേശ്വരനുമുന്നിൽ ആളുകൾ ഭക്തിപുരസരം ചെന്ന് തൊഴുതുനിന്നു. അതിനടുത്തായി ഭജനസംഘം കൈകൊട്ടി താളംപിടിക്കുകയും പാട്ടുകൾ പാടുകയും ചെയ്യുന്നു. വരുന്നവരൊക്കെയും ഭജനസംഘത്തോടൊപ്പം ചേരുന്നു. എല്ലാവരുടെയും സ്വരമേളനങ്ങൾ കൂടിച്ചേർന്ന് കാടാകെ മന്ത്രമുഖരിതമായിക്കൊണ്ടിരുന്നു.
ആൾക്കൂട്ടത്തിനിടയിൽ പ്രകാശയെ ഞാൻ തിരഞ്ഞെങ്കിലും അവിടെയൊന്നും കണ്ടില്ല.
കുട്ടികൾ പറഞ്ഞു; മേഷെ ഭജന കഴിഞ്ഞാൽ ആട്ടം ഉണ്ട്. മേഷത് കണ്ടിട്ടുണ്ടോ? ആട്ടം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
കുട്ടികൾ ആട്ടം എന്നു പറഞ്ഞത് യക്ഷഗാനത്തെയായിരുന്നു. ഒരരികിലിരുന്നുകൊണ്ട് ഞങ്ങൾ കുറച്ചുനേരം യക്ഷഗാനത്തിന്റെ നൃത്തവും പാട്ടും കണ്ടുകൊണ്ടിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന കഥനനൃത്തമാണത്.
കുറച്ചു കഴിഞ്ഞപ്പോൾ സെയിഫുള്ള പറഞ്ഞു; മേഷെ നമുക്കൊന്നു നടന്നുവന്നാലോ.
ഉറക്കം പോക്കാൻ ഒരു നടത്തം ആവാമെന്ന് ഞാനും വിചാരിച്ചു.
എല്ലാവരും കൂടി ചന്തയിൽ ചെന്ന് ശർക്കര കാപ്പികുടിച്ചു സ്വസ്ഥമായി ഇരിക്കാൻ പറ്റിയ ഇടം തേടി ഞങ്ങൾ നടന്നു. കല്യാണിബാവിയെന്നു പേരായ പാറക്കുളത്തിന്റെ അരികിൽ ഞങ്ങൾ ചെന്നിരുന്നു. അതിന്റെ അടുത്തായി വെളിച്ചത്തിനുള്ള തിരികൾ കൊളുത്തിവച്ചിട്ടുണ്ടായിരുന്നു. കുട്ടികൾ വീട്ടിൽനിന്ന് നിലക്കടലയും ഹോളിഗെയുമൊക്കെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അത് കഴിച്ചുകൊണ്ടിരിക്കെ പഠിക്കുന്ന കാലത്തെ ചില കഥകൾ ഞാൻ അവരോട് പറഞ്ഞു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജിലെ ഡിഗ്രിക്കാലത്തെ ചില തമാശകളും സാമൂതിരി ഗുരുവായൂരപ്പൻ കോളെജിലെ കഥകളും ചരിത്രവുമൊക്കെ അന്നത്തെ രാത്രിയിൽ അവരോടു പറഞ്ഞു.
കുട്ടികൾ ചോദിച്ചു; മേഷെ നിമഗെ ബംഗ്‌ളൂരൂ കോളെജ് ഇഷ്ടായിത്താ അഥവാ നമ്മ കോളെജാ ? (മേഷിന് ബാംഗ്ലൂരിലെ കോളെജാണോ ഇവിടെയാണോ കൂടുതൽ ഇഷ്ടപ്പെട്ടത് ?)
അത് മൊളക്കാൽമുരു തന്നെ എന്ന് പറഞ്ഞപ്പോൾ അവർക്കു വലിയ സന്തോഷമായി. അവിടത്തെ കുട്ടികൾ എങ്ങനെയായിരുന്നു എന്നുകൂടി അവർക്കറിയണമായിരുന്നു.ഞാൻ പറഞ്ഞു; അവിടത്തേത് വലിയൊരു കോളേജാണ്. അവിടത്തെ കുട്ടികൾ നല്ല വസ്ത്രങ്ങൾ ധരിക്കുകയും നന്നായി ഇംഗ്ലീഷ് പറയുകയും ചെയ്തിരുന്നു. പക്ഷെ എനിക്ക് അവിടത്തെ ഒരു കുട്ടിയുടെ മുഖം മാത്രമേ ഇപ്പോഴും മനസ്സിൽ വരുന്നുള്ളൂ.
കുട്ടികൾ അതു കേട്ടിരുന്നു.
ഞാൻ പറഞ്ഞു; അവന്റെ പേര് തിമ്മയ്യ എന്നായിരുന്നു.അവനെ മാത്രം എന്തുകൊണ്ട് ഇപ്പൊഴും ഓർക്കുന്നു? എന്നോടുതന്നെയുള്ള ഒരു ചോദ്യമായിരുന്നു അത്. പക്ഷെ ഞാനതു കുട്ടികളോടു കൂടി ചോദിച്ചു.
അവൻ നന്നായി പഠിക്കുന്ന ഒരു നല്ല കുട്ടിയായിരിക്കുമെന്ന് ശ്രീവത്സ അതിനുള്ള ഉത്തരം കണ്ടെത്തുന്നു. ഞാനതുകേട്ട് ഒന്ന് ചിരിച്ചു.
ഞാൻ പറഞ്ഞു; നമ്മളൊക്കെ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരാണ്. കറുത്ത രാത്രിയിലും ആകാശം തരുന്ന ഈ നക്ഷത്രവെളിച്ചത്തിൽപോലും നമുക്ക് പലതും കാണാൻ കഴിയുന്നുണ്ടല്ലോ. നിറങ്ങളും രൂപങ്ങളും കണ്ടുകൊണ്ട് സ്വർഗതുല്യമായ ജീവിതാനുഭവത്തിലൂടെയാണ് നമ്മളോരോരുത്തരും കടന്നുപോവുന്നത്. ഇതൊന്നുംകാണാൻ ഭാഗ്യമില്ലാതെ പോകുന്ന എത്രയോ കുട്ടികളുണ്ട്. അവരിൽ ഒരാളാണ് തിമ്മയ്യ. അവൻ എല്ലാ ദിവസവും ക്ലാസിന്റെ പടിവാതിലിൽ എന്നെ കാത്തിരിക്കുകയും ക്ലാസ് കഴിഞ്ഞാൽ ഡിപ്പാർട്ടുമെന്റുവരെ കൂടെവരികയും ചെയ്യുമായിരുന്നു. ഒരിക്കൽ പോലും എന്നെ നേരിട്ടു കണ്ടിട്ടില്ലാത്ത അവൻ എവിടെ നിന്നാണെങ്കിലും എന്റെ ശബ്ദം കേട്ടാൽ അടുത്തുവരുമായിരുന്നു.
ജീവിതയാത്രയിൽ കണ്ടുമുട്ടാമെന്നു പറഞ്ഞു പിരിഞ്ഞു പോയവരിലേറെ പേരും പിന്നീടൊരിക്കലും കണ്ടുമുട്ടാത്തവരായിരുന്നു എന്ന് ഇന്നു ഞാൻ തിരിച്ചറിയുന്നു
കുട്ടികൾ ഞാൻ പറയുന്നത് കേൾക്കുകയല്ല ; കാണുകകൂടി ചെയ്യുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞു; തിമ്മയ്യ ഇന്ന് ലോകത്തെ കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് ശബ്ദത്തിലൂടെയാണ്. കാറ്റിന്റെയും മഴയുടെയും കിളികളുടെയും ശബ്ദം സംഗീതമെന്നപോലെ അവൻ കേൾക്കുകയും അതിൽ ആനന്ദമനുഭവിക്കുകയും ചെയ്യുന്നു. ഒരിക്കൽ അവൻ എന്നോട് പറഞ്ഞിരുന്നു; മേഷെ മനുഷ്യരുടെ ശബ്ദവും ഇതുപോലെയായിരുന്നെങ്കിൽ എത്ര നന്നായേനെ.
തിമ്മയ്യ എനിക്കയച്ച ഒരു കത്ത് ഞാൻ പോക്കറ്റിൽ നിന്നെടുത്ത് കുട്ടികൾക്ക് നേരെ കാണിച്ചു. അതിലെഴുതിയ വരികളിലേക്ക് കത്തിച്ചുവച്ച തിരിവെളിച്ചത്തിൽ അവർ ആകാംക്ഷയോടെ നോക്കി. തിമ്മയ്യ ഡിഗ്രി കഴിഞ്ഞ് ബാംഗ്ലൂരിലെ ഹോസ്റ്റലിൽ നിന്ന് മടങ്ങുന്ന അവസാനദിവസം അയച്ച കത്തായിരുന്നു അത്. അതിലെ അവസാനത്തെ വരി എന്നെങ്കിലും കണ്ടുമുട്ടാം മേഷെ എന്നായിരുന്നു. കർണാടത്തിലെ ഏതൊ ഒരു കുഗ്രാമത്തിൽ സ്വന്തം വീടിന്റെ മേൽവിലാസത്തിലേക്കാണ് അവൻ മടങ്ങിപ്പോകുന്നത്. ജീവിതയാത്രയിൽ കണ്ടുമുട്ടാമെന്നു പറഞ്ഞു പിരിഞ്ഞു പോയവരിലേറെ പേരും പിന്നീടൊരിക്കലും കണ്ടുമുട്ടാത്തവരായിരുന്നു എന്ന് ഇന്നു ഞാൻ തിരിച്ചറിയുന്നു.
പുലർച്ചെ സൂര്യൻ ഉദിച്ചുയരുന്നതിന് മുമ്പെയുള്ള വെളിച്ചം കടന്നുവരുന്നു. യക്ഷഗാനം അവസാനിച്ച് ആളുകൾ കുന്നിറങ്ങാൻ തുടങ്ങി. കഥകളവസാനിപ്പിച്ച് പുതിയൊരു ദിവസത്തിലേക്ക് ഞങ്ങളും പതിയെപ്പതിയെ മലയിറങ്ങി.
പതിനാല്
ഓർമ്മയിലെ മുന്തിരിക്കുലകൾ
മുറിയിൽ താമസിക്കുന്നവരെല്ലാം ആഴ്ചയിലൊരു തവണയെങ്കിലും വീട്ടിലേക്ക് പോയി വരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുറിവിട്ടിറങ്ങുമ്പോൾ അവരുടെ മുഖത്ത് വീട്ടിലേക്ക് പോവുന്നതിന്റെ തിടുക്കവും സന്തോഷവും എന്നും ഞാൻ കണ്ടിരുന്നു. അവർ യാത്രപറയാൻ നേരം എന്നോട് ചോദിക്കാറുണ്ട്; ശോഭീന്ദർ ഈ ആഴ്ചയും അമ്മാവന്റെ അടുത്തേക്ക് പോകുന്നില്ലേ? ബാംഗ്ലൂര് വരെ ഒന്നു പോയി വന്നൂടെ?
ഞാൻ ചെല്ലാത്തതിന്റെ പരിഭവങ്ങൾ അമ്മാവനും എത്രയോ തവണ പറഞ്ഞതാണ്. എന്നിട്ടും എവിടെയും പോകാതെ ഇവിടെത്തന്നെ ഇരിക്കുന്നു. നീ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചുകൊണ്ടെഴുതിയ ഒരു കത്ത് പോക്കറ്റിൽത്തന്നെയുണ്ട്. നാടും വീടും ഒക്കെ ഇതുപോലെ എന്നെ കാത്തിരിക്കുന്നതിന്റെ വേവലാതികൾ വേറെയും ഓർക്കാനുണ്ട്.
പക്ഷെ, കുട്ടികൾ നേരത്തേ പറഞ്ഞുറപ്പിച്ചു വച്ച യാത്രകൾ മറ്റെല്ലാ വിചാരങ്ങളിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നു. ശനിയാഴ്ചകൾ നാഗോജി ബാവിയിലെ കുളിക്കുവേണ്ടിയുള്ളതാണ്. പല ഞായറാഴ്ചകളും മൊളക്കാൽമുരുവിലെ പുതിയ മേച്ചിൽപുറങ്ങൾ തേടി കുട്ടികളോടൊപ്പമുള്ള യാത്രകൾക്കു വേണ്ടിയുള്ളതും.
ഇതിനിടയിൽ നിന്ന് രണ്ടുമൂന്നു മാസം കൂടുമ്പോഴാണ് ബാംഗ്ലൂരിലേക്ക് ഒരു ഒളിച്ചോട്ടം നടത്തുന്നത്. രണ്ടുമൂന്ന് ദിവസം പിന്നെ അവിടെയാണ്. ബാംഗ്ലൂരിൽ പ്രഭാകരൻ അമ്മാവന്റെ വീട്ടിൽ ശോഭന അമ്മായിയും രണ്ടു വയസ്സായ ഒരു മകനുമുണ്ട്. അമ്മാവൻ ഒരു ഗൗരവപ്രകൃതക്കാരനായിരുന്നു. അമ്മായിയാകട്ടെ എന്തുകേട്ടാലും ചിരിക്കുകയും എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറുകയും ചെയ്യുന്ന ആളുമായിരുന്നു. ബാംഗ്ലൂരിൽ അമ്മാവന്റെ വീട് മാത്രമായിരുന്നില്ല എന്റെ ഇടം. അമ്മാവന്റെ സുഹൃത്തുക്കളും അവിടെയുണ്ട്. അമ്മാവന്റെ സുഹൃത്തുക്കൾ എന്റെയും സുഹൃത്തുക്കളായിരുന്നു. കൊട്ടിൽ മോഹനനും ഡെന്നീസും എന്നെപ്പോലെ ചെറുപ്പക്കാരായിരുന്നു. സോമേട്ടനും പുരുഷുവേട്ടനും അമ്മാവന്റെ പ്രായത്തിലുളളവരും. ഡെന്നീസിന് കുതിരയോട്ടത്തിലാണ് കമ്പം. എന്നെങ്കിലും ഒരു മികച്ച കുതിരജോക്കിയാവണം എന്ന സ്വപ്നവുമായാണ് അദ്ദേഹം ബാംഗ്ലൂരിൽ ജീവിക്കുന്നത്. ഇവരെല്ലാം അമ്മാവന്റെ വീടിനോട് ചേർന്നുള്ള അപ്പാർട്ടുമെന്റുകളിൽ താമസിക്കുകയും കേന്ദ്രഗവൺമെന്റിന്റെ ബാംഗ്ലൂരിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ജോലിയെടുക്കുകയും ചെയ്തു. ഇവരോടൊപ്പം ചേർന്നാൽ എന്റെ മനസ്സിൽനിന്നും മൊളക്കാൽമുരു വിസ്മൃതമാവും. അവരുടെ കളിതമാശകളിൽ മുഴുകി മണിക്കൂറുകൾ നിമിഷങ്ങളെന്നപോലെ കടന്നുപോകും.
ഒരു മഞ്ഞുകാലം എന്റെ ഓർമയിൽ വരുന്നു.
ഡെന്നീസും വർഗീസും ഞാനും കൂടി രാവിലെ നടക്കാനിറങ്ങി.
ഗോകുലയിലെ അപ്പാർട്ടുമെന്റുകൾ അവസാനിക്കുന്നിടത്ത് റോഡരികിൽത്തന്നെ ഏക്കറുകളോളം വിസ്തൃതിയിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. കമ്പിവേലികൾക്കിടയിലൂടെ നോക്കുമ്പോൾ മുന്തിരിത്തോട്ടത്തിൽ അങ്ങിങ്ങോളം കുലകുലയായി മുന്തിരികൾ തൂങ്ങിനിൽക്കുന്നത് ആദ്യമായി ഞാൻ കണ്ടു. റോഡരികിൽ നിന്നുകൊണ്ട് അതിശയത്തോടെ മുന്തിരിത്തോട്ടത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നപ്പോൾ ഒരു പാറാവുകാരൻ വന്നു എന്നോട് ചോദിച്ചു;എന്താ വേണ്ടത് ?
ആ തോട്ടത്തിന്റെ ഓരോ ഗേറ്റിലും അതുപോലെ പാറാവുകാരുണ്ടായിരുന്നു.
വർഗീസ് എന്നോട് പറഞ്ഞു; നിനക്ക് മുന്തിരിവേണോ ? ആ പാറാവുകാരൻ ചേട്ടനോട് ചോദിച്ചാൽ തരും.
അതുകേട്ട് ഞാൻ പാറാവുകാരനോട് ചോദിച്ചു; ഒരു കുല മുന്തിരി തരാമോ ?
അയാൾക്ക് മറ്റെല്ലാവരെയും പരിചയമുണ്ടായിരുന്നു. അതുകൊണ്ടാവാം. ഓരോരുത്തർക്കും ഓരോ മുന്തിരിക്കുലയുമായി അയാൾ വന്നു.
കുലയിൽനിന്ന് മുന്തിരികൾ ഓരോന്നായി നുണഞ്ഞുകൊണ്ട് ഞങ്ങൾ പതിയെ നടന്നു. കുരുവില്ലാത്ത അതിമധുരമുള്ള മുന്തിരിക്കുലകൾ അതുവഴി തിരിച്ചുവരുമ്പോഴും എന്നെ പ്രലോഭിപ്പിച്ചുകൊണ്ട് ചിരിച്ചു നിൽക്കുന്നു. കമ്പിവേലിയ്ക്കപ്പുറത്ത് തൂങ്ങിനിൽക്കുന്ന മുന്തിരിക്കുലകൾ എന്നെ സങ്കീർത്തനത്തിലെ സോളമന്റെ ഗീതങ്ങളെയും ഖലീൽജിബ്രാന്റെ പ്രണയഗീതങ്ങളെയും ഓർമ്മിപ്പിച്ചു.
ഞാൻ വർഗീസിനോട് ചോദിച്ചു; എനിക്ക് മുന്തിരി തിന്നിട്ട് മതിയായില്ല. ഇനിയുംവേണമെന്ന് തോന്നുന്നു. കിട്ടാനെന്താണ് ഒരു വഴി ?
ഡെന്നീസ് എന്റെ കൊതികണ്ട് പരിഹസിച്ചു; ഗുജിരികളുടെ (പ്രാകൃതർ)മുദ്ദെ തിന്ന് ജീവിക്കുന്നതു കൊണ്ടാണ് നിനക്കിതിനോട് ഇത്രയുമൊരു വെറി.
അതുകേട്ട് അതു ശരിയെന്ന മട്ടിൽ ഡെന്നീസ് ഒരു
ചിരിചിരിച്ചു. ഞാൻ പറഞ്ഞു; മുദ്ദെ എനിക്കിഷ്ടമായതുകൊണ്ട് ഞാൻ തിന്നുന്നു.മുന്തിരിയും എനിക്കിഷ്ടമാണ്.
മൊളക്കാൽമുരുവിലെ കുന്നുകൾ ഇതുപോലെയാണ് ചരിച്ചു വച്ച ഒരു മുന്തിരിക്കുലപോലെ. ചില്ലയിൽ നിന്ന് അണ്ണാൻ ചാടുന്നതുപോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിയും കാലുനീട്ടിയും വേണം കുന്നുകയറുവാൻ
മുന്തിരിത്തോട്ടത്തിന് ഓരം ചേർന്ന് നടന്ന് ഓരോ ഗേറ്റു കടന്നുപോകുമ്പോഴും ഞാൻ ഓരോ പാറാവുകാരനെയും പ്രതീക്ഷയോടെ നോക്കി. കടന്നുപോകുമ്പോൾ ഇടയ്ക്കിടെ ഒന്നു തിരിഞ്ഞുനോക്കുകയും ചെയ്തു. ഏതോ ഒരു ഗേറ്റിൽവച്ച് ഒരാൾ എന്നെനോക്കി ചിരിച്ചു. അയാളെ എനിക്കും എനിക്ക് അയാളെയും പരിചയമുണ്ടായിരുന്നു. ഇതിനുമുമ്പ് അയാളോട് പലവട്ടം ചിരിക്കുകയും മിണ്ടുകയും ചെയ്തിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇവിടത്തെ മുന്തിരവള്ളികൾ പൂക്കുകയോ മുന്തിരിക്കുലകൾ മൂത്തുപഴുത്തു നിൽക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്രമധുരമായൊരു ചിരി ഞങ്ങൾത്തമ്മിൽ കൈമാറിയിട്ടില്ലായിരുന്നു. ഞാൻ അതേചിരിയോടെ അയാളുടെ അടുത്തേക്ക് ചെന്നു. പോക്കറ്റിൽ നിന്ന് ഒരു അഞ്ചു രൂപയുടെ നോട്ടെടുത്ത് കയ്യിൽക്കൊടുത്തു, എന്നിട്ട് പറഞ്ഞു; എനിക്ക് കുറച്ച് മുന്തിരിക്കുലകൾ വേണം. തരാമോ ?
അയാൾ അഞ്ചുരൂപ നോട്ടും എന്നെയും മാറിമാറി നോക്കി. സാറിവിടെ നിൽക്ക് ഞാനുടനെ വരാമെന്ന് പറഞ്ഞ് അയാൾ തോട്ടത്തിലേക്കു പോയി. ഒരു വലിയ സഞ്ചി നിറയെ മുന്തിരിക്കുലകൾ നിറച്ചുവച്ച് അയാൾ വന്നു. ഭാരമുള്ള ആ സഞ്ചി എന്റെ കയ്യിൽ തന്നു. ഞങ്ങൾ അതും താങ്ങിപ്പിടിച്ച് മുറിയിലെത്തി. മുന്തിരിക്കുലകൾ തറയിൽ ചൊരിഞ്ഞു. മുന്നിൽ മുന്തിരിയുടെ ഒരു ചെറിയ കുന്ന് ഉയർന്നു വന്നു.
ഞാൻ വർഗീസിനോട് പറഞ്ഞു; മൊളക്കാൽമുരുവിലെ കുന്നുകൾ ഇതുപോലെയാണ് ചരിച്ചു വച്ച ഒരു മുന്തിരിക്കുലപോലെ. ചില്ലയിൽ നിന്ന് അണ്ണാൻ ചാടുന്നതുപോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിയും കാലുനീട്ടിയും വേണം കുന്നുകയറുവാൻ.
ഓരോരുത്തരും മുന്തിരിയുടെ കുന്നിൽനിന്ന് ഓരോ കുലവീതമെടുത്ത് തിന്നാൻ തുടങ്ങി. മുന്തിരിക്കുലകളുടെ വെറും തണ്ടുകൾ കുറെയെണ്ണം തറയിൽ വീണുകിടന്നു.
ഡെന്നീസ് പറഞ്ഞു; പച്ചമുന്തിരികളെല്ലാം വെള്ളപൗഡറിട്ട് മുഖം മിനുക്കി നിൽക്കുന്നതു കണ്ടോ ?
അതുകേട്ട് വർഗീസ് പറഞ്ഞു; ശോഭി, ഇവനെ സൂക്ഷിക്കണം. ഇവനൊരു കവിയും സ്വപ്നാടകനുമായ കുതിരയോട്ടക്കാരനാണ്.
ഡെന്നീസ് അതിന് മറുപടി പറയുന്നു; ഒരു കുതിരയെ മെരുക്കി അതിന്റെ പുറത്തുകയറി കുതിച്ചുപായുമ്പോൾ അനുഭവിക്കുന്ന ഒരു സുഖമുണ്ട്. അത് ഒരു കവിതപോലെയോ സ്വപ്നംപോലെയോ ഞാൻ ആസ്വദിക്കുന്നുണ്ട്.
ഡെന്നീസ് എന്നോട് പറഞ്ഞു; ശോഭീ ഒരു ദിവസം ഹോഴ്‌സ് റെയിസിംഗ് ട്രെയിനിംഗ് സെന്ററിൽ വരണം.
ഞാൻ പറഞ്ഞു; ഞാൻ വരാം. വരും.
മുന്നിലുള്ള മുന്തിരിക്കുലകൾ വാശിയോടെ എല്ലാവരും തിന്നാൻ തുടങ്ങി. കുലകളുടെ തണ്ടുകളുടെ ഒരു മൂമ്പാരം ഓരോരുത്തരുടെ മുമ്പിൽ വളർന്നുകൊണ്ടിരുന്നു. കുറെ തിന്നു കഴിഞ്ഞപ്പോൾ ഓരോരുത്തരായി മത്തുപിടിച്ച് ഇരുന്നിടത്തു തന്നെ ചാഞ്ഞു. പിന്നെ അവിടെക്കിടന്ന് ഉറങ്ങിപ്പോയി.
കുറേ കഴിഞ്ഞ് ഉറക്കമുണർന്നപ്പോൾ ഞങ്ങൾ പരസ്പരം പറഞ്ഞു. മുന്തിരിക്ക് വീഞ്ഞിന്റെ വീര്യമുണ്ട്. അല്ലാതെ മത്തടിച്ച് ഇങ്ങനെ ഉറങ്ങിപ്പോകുമോ? മുന്തിരിക്കുലകൾ വിൽപ്പനയ്ക്കായി കുന്നുകൂട്ടി വച്ചിരിക്കുന്നത് കാണുമ്പൊഴൊക്കെയും അന്ന് കഴിച്ച് പച്ചമുന്തിരിയുടെ ഒരു കുന്നും അന്നത്തെ ആ ദിവസവും എന്റെ ഓർമ്മയിലേക്ക് കടന്നുവരാറുണ്ട്. അന്ന് ഡെന്നീസ് പറഞ്ഞ മുഖത്ത് വെള്ള പൗഡറിട്ട മുന്തിരിയുടെ സത്യമറിയാൻ പിന്നെയും കുറെ വർഷങ്ങളെടുത്തു. രാസകീടനാശിനി തളിച്ച മുന്തിരിക്കുലകൾ കഴുകണമെന്നുപോലും അറിയാതെയാണ് അന്ന് കഴിച്ചു തീർത്തിരുന്നത്. വീഞ്ഞിന്റെ വീര്യമല്ല. കീടനാശിനിയുടെ വീര്യംകൊണ്ടാണ് അന്ന് മണിക്കൂറുകളോളം മയങ്ങിപ്പോയതെന്ന് ഇന്നറിയുന്നുണ്ട്.
അടുത്ത ആഴ്ച മൊളക്കാൽമുരുവിലെ കുന്നുകളിലേക്ക് നടന്നുകയറുമ്പോൾ മുന്തിരികൾ തിന്ന് മത്തടിച്ച് ഉറങ്ങിപ്പോയ കഥ ഞാൻ കുട്ടികളോട് പറഞ്ഞു. കുന്നുകളിലേക്ക് ചവിട്ടിക്കയറുമ്പോഴൊക്കെയും അവരുടെ മനസ്സിൽ ഒരു പച്ചമുന്തിരിത്തോട്ടം തെളിഞ്ഞുവന്നിട്ടുണ്ടാവണം. അതോടൊപ്പം മുന്തിരികൾ തിന്നു മയങ്ങിയുറങ്ങുന്ന ഒരു ദിവസത്തെക്കുറിച്ചുള്ള ഒരു സ്വപ്നം അവർ മനസ്സിൽ കാണുകയും ചെയ്തിട്ടുണ്ടാകണം.
പതിനഞ്ച്
നാടുതന്ന നാട്ടനുഭവങ്ങൾ
മൊളക്കാൽമുരുവിലെ ഒരേയൊരു മറുനാട്ടുകാരൻ ഞാനായിരുന്നു. പത്തുനാൽപതു വർഷം മുമ്പ് കേരളത്തിലെ ഒരു നാട്ടിൻപുറത്ത് ഒരു വിദേശിയായ സായ്പ് വന്ന് താമസിക്കുന്നു എന്ന് വിചാരിക്കുക. അവിടത്തെ ഗ്രാമീണർ എത്ര കൗതുകത്തോടെയാണ് അയാളെ കാണുക ! അതേ പോലെയായിരുന്നു മൊളക്കാൽമുരുവിലെ നാട്ടുകാരും കുട്ടികളും കൗതുകത്തോടെ എന്നെ നോക്കിയിരുന്നത്.
ഒരിക്കലും ഗുഡ് മോണിംഗ് പറഞ്ഞു ശീലമില്ലാത്ത കുട്ടികൾ എന്നോട് ഒന്നു മിണ്ടാനായി രാവിലെത്തന്നെ വന്ന് ഗുഡ്‌മോണിംഗ് പറഞ്ഞു. മുറി ഇംഗ്ലീഷിൽ വന്ന് ഒന്നോ രണ്ടോ വാചകങ്ങൾ പറഞ്ഞു. എന്നോട് പലതും ചോദിച്ചറിയാൻ ശ്രമിച്ചു. ഞാൻ പറയുന്ന കഥകൾ കേൾക്കാൻ കാതോർത്തു. നടക്കുമ്പോൾ കൂടെ നടക്കാൻ തുടങ്ങി. എല്ലാവരോടും ചിരിക്കുന്നതുകൊണ്ടും ദേഷ്യം പിടിച്ച് കണ്ടിട്ടില്ലാത്തതുകൊണ്ടും ആളൊരു കുഴപ്പക്കാരനല്ലെന്ന് അവർ വിധിയെഴുതുകയും ചെയ്തു.
ജൂനിയർ കോളെജിലെ അധ്യാപകരെല്ലാം കന്നടയിൽ തന്നെയാണ് ക്ലാസ്സെടുത്തിരുന്നത്. ഒരു കന്നടവാക്കുപോലും ചേർക്കാതെ ഒരു ഇംഗ്ലീഷ് ക്ലാസ് മുഴുനീളെ അവർ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. പലർക്കും ഞാൻ പറയുന്നത് മനസ്സിലായിട്ടുണ്ടാവില്ല. എങ്കിലും ഇംഗ്ലീഷ് മാത്രം കേട്ട് അവരൊക്കെയും മിഴികൂർപ്പിച്ച് ഇരുന്നിരുന്നു. അധികം താമസിയാതെ സ്റ്റാഫ് റൂമിലും വരാന്തയിലും താമസിക്കുന്ന മുറിയിലും വന്ന് ഇക്കണോമിക്‌സിലെ പല ടേംസിന്റെയും കന്നടവാക്കുകൾ അവരെനിക്ക് പറഞ്ഞുതന്നു. പിന്നീട് ഓരോ ദിവസവും കുറച്ച് കന്നട വാക്കുകളുമായി കുട്ടികൾ എന്റെ അടുത്തേക്കു വന്നു. ഞാനതു പഠിച്ചുവയ്ക്കുകയും ഒരു ജേതാവിനെപ്പോലെ പിറ്റേദിവസം ക്ലാസിൽ ചെന്ന് പ്രയോഗിക്കുകയും ചെയ്യും. ചിലപ്പോൾ വാക്കുകളുടെ ഉച്ചാരണത്തിൽ പിശകുപറ്റും. അതോടെ ക്ലാസാകെയും വലിയൊരു പൊട്ടിച്ചിരിയായി മാറുകയും ചെയ്യും.
ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോഴും ഒഴിവുസമയങ്ങളിൽ എന്നെ കാണുമ്പോഴും ഒരുകൂട്ടം കുട്ടികൾ ഓടിവന്ന് ഉച്ചാരണം തെറ്റിപ്പറഞ്ഞതിന്റെ അർത്ഥവും ചിലതിലുള്ള അശ്ലീലവും പറഞ്ഞു തരും. ഞാൻ ചൂളിനിൽക്കുകയും കുട്ടികൾ അത് കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്യുമായിരുന്നു. മലകയറ്റത്തിനിടയിലെ സംഭാഷണങ്ങളും കുളിയാത്രകളിലെ വർത്തമാനങ്ങളും കന്നടസ്വാഭാവികമായി പഠിക്കാൻ എന്നെ സഹായിച്ചു.
കോളേജിലെ അധ്യാപകരിൽ നിന്ന് എനിക്ക് കന്നട കിട്ടിയിട്ടില്ല.
അവർ എന്നോട് ഹിന്ദിയോ ഇംഗ്ലീഷോ മാത്രമാണ് സംസാരിച്ചിരുന്നത്. പ്രകാശയും മൊളക്കാൽമുരുവിലെ മറ്റു ചങ്ങാതിമാരും ആദ്യകാലത്ത് സംസാരിച്ചിരുന്നത് ഹിന്ദിയിലായിരുന്നു. കുട്ടികളും വളരെ സാധാരണക്കാരായ ആളുകളും മാത്രമാണ് എന്നോട് എപ്പോഴും കന്നട സംസാരിച്ചത്. കന്നടഭാഷ എളുപ്പം സംസാരിക്കാൻ കഴിഞ്ഞതിന്റെ പ്രധാനകാരണം അവർ മാത്രമായിരുന്നു.
ക്ലാസുകൾ പിന്നെപ്പിന്നെ കന്നടത്തിലായി മാറി. ഒരു വിധം സംസാരിക്കാൻ പഠിച്ചപ്പോൾ കുറെ വിദ്വാന്മാർ വന്ന് എന്നോട് ചോദിച്ചു; മേഷെ, നിമഗെ ഈഗ മാത്താടുവഷ്ടു കന്നട ബന്തിതെ ഓതുവതൂ ബരയുവതൂ കലീരി ? (മേഷ് കന്നട സംസാരിച്ചാൽ മാത്രം മതിയോ, കന്നട എഴുതാനും വായിക്കാനും കൂടി പഠിക്കണ്ടേ?)
ചില സമയങ്ങളിൽ കുട്ടികൾ എന്റെ അധ്യാപകരും ഞാൻ ഒരു വിദ്യാർത്ഥിയുമായി മാറുന്നു.
ഞാൻ പറഞ്ഞു; വേണം എന്നെ ആരാണ് പഠിപ്പിക്കുക?
അതുകേൾക്കേണ്ട താമസം അവർ ആവേശത്തോടെ പറഞ്ഞു; നാവേ കലിത്തീവി സാർ (അത് ഞങ്ങൾ പഠിപ്പിച്ചോളാം മേഷെ)
സെയ്ഫുള്ളയും ശ്രീവത്സയുമാണ് എന്നെ കന്നട പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പ്രധാനപ്പെട്ട രണ്ടുപേർ. അവർ വൈകുന്നേരങ്ങളിൽ കൂടെ വരാൻ കാത്തിരിക്കുകയും താമസിക്കുന്ന സ്ഥലത്ത് വരികയും ചെയ്തതിന്റെ പിന്നിൽ കന്നട പഠനം എന്ന ഒരു ഉദ്ദ്യേശ്യവും കൂടിയുണ്ടായിരുന്നു. അത് പിന്നീട് എന്നെയും കൊണ്ട് പലസ്ഥലങ്ങളിലേക്കുള്ള യാത്രകളായി മാറുകയും ചെയ്തു.
വായനയ്ക്കുവേണ്ടി ലൈബ്രറിയിൽനിന്ന് എന്നും കന്നടപത്രങ്ങൾ എടുത്തുവായിച്ചു. അവരുടെ വാർത്തകൾ അവരുടെ ഭാഷയിൽ വായിച്ചറിയുന്നതിന്റെ സന്തോഷം കൂടി എനിക്ക് അനുഭവപ്പെട്ടു തുടങ്ങി
മൊളക്കാൽമുരുവിലെ സാധാരണക്കാരും സ്‌നേഹസമ്പന്നരുമായ ആളുകളുടെ ഭാഷ. അവരോടുള്ള ആദരം അവിടത്തെ ഭാഷയോടും എനിക്ക് എന്തുകൊണ്ടോ തോന്നിയിരുന്നു. അതുകൊണ്ടുതന്നെ കുറച്ചു ദിവസങ്ങൾക്കകം എഴുതാനും വായിക്കാനും ഞാൻ പഠിച്ചെടുത്തു. വായനയ്ക്കുവേണ്ടി ലൈബ്രറിയിൽനിന്ന് എന്നും കന്നടപത്രങ്ങൾ എടുത്തുവായിച്ചു. അവരുടെ വാർത്തകൾ അവരുടെ ഭാഷയിൽ വായിച്ചറിയുന്നതിന്റെ സന്തോഷം കൂടി എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. എല്ലാത്തിനുമപ്പുറം ഞാൻ അവരിലൊരാളായി മാറാൻ ശ്രമിക്കുകയായിരുന്നു. അതിന്റെ ഒരു ഫലമായിരുന്നു കന്നട രാജ്യോത്സവത്തിൽ ഒരു പൊതുവേദിയിൽ കന്നടയിൽ പ്രസംഗിച്ചത്. മൊളക്കാൽമുരുവിലെ എല്ലാ ഗ്രാമീണരും ഒത്തുചേർന്ന ഒരു രാത്രിയിൽ അവരുടെ മുന്നിൽ ഒരു നാടകം അഭിനയച്ചത്. മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കന്നടഭാഷയിൽ ഡിപ്ലോമ നേടിയത്.
ഹെർമൻ ഗുണ്ടർട്ടും മറ്റു പാതിരിമാരും ഇവിടെ വന്ന് മലയാളം പഠിച്ച് ഭാഷയ്ക്കുവേണ്ടി ചെയ്ത വലിയ സംഭാവനകളെപ്പറ്റി ഓർക്കുമ്പോൾ ഇതൊക്കെ വളരെ ചെറിയ കാര്യങ്ങളാണ്. എങ്കിലും അവിടത്തെ ഒരാളെപ്പോലെ ജീവിച്ച് അക്കാലത്തിന്റെ നല്ല ഓർമകൾ അയവിറക്കാൻ ഇപ്പോഴും സാധിക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരു പ്രധാന കാരണം മൊളക്കാൽമുരുവിലെ കുട്ടികളായിരുന്നു. അവർ അവരുടെ സ്‌നേഹവും ഭാഷയുമാണ് എനിക്ക് തന്നത്. ഞാനത് സ്വീകരിക്കുക മാത്രമാണ് ചെയ്തത്. എന്നെ അവരും ഞാൻ അവരെയും പരസ്പരം ചേർത്തുനിർത്തിയതിന്റെ സ്‌നേഹസമവാക്യം മാത്രമാണ് ഈ ഓർമകൾ ▮
(തുടരും)
എഴുത്ത്: ഡോ. ദീപേഷ് കരിമ്പുങ്കര