ഒറ്റയ്ക്കൊരു സക്കറിയ തുളസിക്ക് മുന്നിൽ..

സക്കറിയയും
ഞങ്ങളുടെ തുളസിയും

ഞങ്ങളുടെ കോമ്പൌണ്ട് തികച്ചും വലുതാണ്. ഈ കോമ്പൌണ്ടിനു പുറത്തേക്ക് കാലുകുത്തരുത് എന്ന് സ്നേഹപൂർവം സക്കറിയയെ അറിയിച്ചു. പകൽവെട്ടത്തിൽ‌പ്പോലും പിടിച്ചുപറിയും അക്രമവും നടത്താൻ ഞങ്ങളുടെ (ദക്ഷിണാഫ്രിക്കയിലെ) കള്ളന്മാർക്ക് നല്ല ‘ധൈര്യ’മാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് ഞങ്ങളുടെ ശ്രദ്ധക്കുറവു കൊണ്ട് ഒരു പോറൽ പോലും ഏൽക്കരുത് എന്ന് ഞങ്ങൾക്ക് നിർബ്ബന്ധമുണ്ടായിരുന്നു- യു. ജയചന്ദ്രൻ എഴുതുന്ന ‘ആഫ്രിക്കൻ വസന്തങ്ങൾ’ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ - 55

കേപ് ടൗണിന്റെ ചേതോഹര കാഴ്ചകളിൽനിന്ന് ഒരു ഫ്ലാഷ്ബാക്ക്.

സക്കറിയയെ ദർബനിൽ, ഉണ്ണിയും തോമസ് മാത്യുവും ‘ഇംപാല’ എന്ന ഇന്ത്യൻ ലോഡ്ജിലെത്തിച്ചു. അദ്ദേഹം അവരോട് പറഞ്ഞിട്ടുണ്ടാവണം, എന്റെ മുന്നറിയിപ്പിനെക്കുറിച്ച്. അവർ ദക്ഷിണാഫ്രിക്കയിൽ ‘സീനിയർമാർ’ ആണെന്നതിനാൽ, എന്റെ നിർദ്ദേശങ്ങൾ തള്ളിയിരിക്കാനാണ് സാദ്ധ്യത. ഞങ്ങൾ ദർബനിൽ ആദ്യ തവണ പോയപ്പോൾ മാത്രമാണ് ആ ലോഡ്ജിൽ താമസിച്ചത്. പഴമയുടെ ഗന്ധവും അലക്ഷ്യമായ ഹൗസ് കീപിംഗിന്റെ ചുളിവുകൾ വീണ വിരിപ്പുകളും അടുക്കളയിലെ കബോർഡുകളിലെല്ലാം പാറ്റയുടെയും നാഫ്തലിൻ ടാബ്ലറ്റുകളുടെയും മനം പുരട്ടിക്കുന്ന ഗന്ധവും ഒറ്റ രാത്രി കൊണ്ട് ഞങ്ങളെ അവിടെനിന്ന് പലായനം ചെയ്യിച്ചിട്ടുണ്ട്. അതിനു ശേഷം മറീൻ പരേഡിൽത്തന്നെ, കുറേക്കൂടി സൗകര്യങ്ങളുള്ള ഒരു ഹോട്ടലിലാണ് തങ്ങിയത്.

‘ഇംപാല’യുടെ പ്രധാന പ്രവേശനകവാടം മറീൻ പരേഡിനു പിന്നിലുള്ള ‘ബാക്ക് സ്ട്രീറ്റു’കളെ അഭിമുഖീകരിച്ചാണിരുന്നത്. സ്ട്രീറ്റുകളിൽ സന്ധ്യ മയങ്ങുന്നതോടെ ലൈംഗികത്തൊഴിലാളികളുടെ തിരക്കായിരിക്കും. ലാലുവും ഞാനുമൊന്നിച്ച് ഒരിക്കൽ, അംടാട്ടയിൽ മരണമടഞ്ഞ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ചില കടലാസുകൾ ഒപ്പിട്ടു വാങ്ങാനായി ദർബനിൽ പോയപ്പോൾ പതിവുപോലെ ‘ഇംപാല’യിൽ ഒരു മുറിക്കായി ചെന്നു. റിസപ്ഷനിൽ എപ്പോഴും ഇന്ത്യക്കാരായിരിക്കും സ്വീകരിക്കുക. ചെന്നു കയറുമ്പോൾ ആ റിസപ്ഷനിസ്റ്റ് (ഒരു ഡർബൻ ഇന്ത്യൻ) ‘ചെക്ക് ഇൻ’ ചെയ്യാൻ വന്ന മദ്ധ്യവയ്സ്കനായ ഇന്ത്യക്കാരനോട് ചോദിക്കുന്നു, ‘ഡു യൂ ഹാവ് എ സ്റ്റെയ്ക് വിത് യൂ?’
‘ചമ്മിയ’ ചിരിയോടേ അയാൾ പറയുന്നു, ‘യെസ്’.
‘ദെൻ യൂ പേ ഡബിൾ’, റിസപ്ഷനിസ്റ്റ്.
‘സ്റ്റെയ്ക്’ കയ്യിൽ വയ്ക്കുന്നതിന് എന്തിനാണ് ‘ഡബിൾ’ എന്ന് എനിക്ക് മനസ്സിലായില്ല. ലാലു ചിരിയടക്കി എന്നോട് പറഞ്ഞു, ‘ദാ ആ കാണുന്നതാണ് ഇവൻ സ്റ്റെയ്ക് എന്നുദ്ദേശിച്ചത്’. ലോഡ്ജിനുനേരെ എതിർഭാഗത്തെ ലൈംഗികത്തൊഴിലാളിഭവനത്തിന്റെ വാതിലിൽ ഞെങ്ങിഞെരുങ്ങി നിൽക്കുന്ന നിശാസുന്ദരികളെ ചൂണ്ടിയാണ് അയാൾ ‘സ്റ്റെയ്ക്’ (STEAK- എം. കൃഷ്ണൻ നായർ പറയും പോലെ ‘സ്റ്റീക്’ എന്നല്ല ഉച്ചാരണം, സ്റ്റെയ്ക് എന്നാണ്) എന്നു പറഞ്ഞത്.

‘ഇംപാല’യുടെ പ്രധാന പ്രവേശനകവാടം മറീൻ പരേഡിനു പിന്നിലുള്ള ‘ബാക്ക് സ്ട്രീറ്റു’കളെ അഭിമുഖീകരിച്ചാണിരുന്നത്. സ്ട്രീറ്റുകളിൽ സന്ധ്യ മയങ്ങുന്നതോടെ ലൈംഗികത്തൊഴിലാളികളുടെ തിരക്കായിരിക്കും.
‘ഇംപാല’യുടെ പ്രധാന പ്രവേശനകവാടം മറീൻ പരേഡിനു പിന്നിലുള്ള ‘ബാക്ക് സ്ട്രീറ്റു’കളെ അഭിമുഖീകരിച്ചാണിരുന്നത്. സ്ട്രീറ്റുകളിൽ സന്ധ്യ മയങ്ങുന്നതോടെ ലൈംഗികത്തൊഴിലാളികളുടെ തിരക്കായിരിക്കും.

ഇത്രയും പറഞ്ഞതിൽ നിന്ന് ‘ഇംപാല’ അഗമ്യഗമനത്തിനു തുറന്നുവച്ചിരിക്കുന്ന ഒരു ഹോട്ടലോ ലോഡ്ജോ ആണെന്ന് കരുതേണ്ട. ലോവർ മിഡിൽ ക്ലാസ് മുതൽ അപ്പർ മിഡിൽ ക്ലാസ് വരെയുള്ള ശ്രേണികളിൽപ്പെട്ട കുടുംബങ്ങളാണ് അവിടത്തെ താമസക്കാർ ഏറെയും. അതിനിടെ നാം കണ്ട ‘സ്റ്റെയ്ക്’ ധാരിയെപ്പോലുള്ളവരും വരും എന്നു മാത്രം.

സക്കറിയയുടെ എന്തോ വിലപിടിപ്പുള്ള സാധനങ്ങൾ അവിടത്തെ താമസത്തിനിടെ നഷ്ടപ്പെട്ടതായി പിന്നീട് കേട്ടു. ടോയ്ലറ്റിന്റെ ചെറുജാലകം പൊളിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയതത്രേ. അങ്ങനെ അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കയുടെ പല മുഖങ്ങളും കണ്ടറിയാൻ സാധിച്ചു. സക്കറിയ അവിടെ നിന്ന് ജോ’ബർഗ്ഗിലേക്കും ബോട്സ്വാന യിലേക്കും മൊസാംബിക്കിലേക്കും പോയി. ആ യാത്രയിൽ ഞാൻ അദ്ദേഹത്തിൽനിന്ന് അവസാനം കേട്ടത് കിഴക്കൻ ആഫ്രിക്കയിൽ വച്ചാണ്, കെന്യ- യുഗാൻഡ എന്നിവിടങ്ങളിൽ നിന്ന്.

ദേവൻ നായർ അച്ഛൻ വേലപ്പൻ എന്നിവരോടൊപ്പം
ദേവൻ നായർ അച്ഛൻ വേലപ്പൻ എന്നിവരോടൊപ്പം

ഞാൻ ഇപ്പോഴും ഓർക്കുന്നു, സക്കറിയ വീട്ടിൽ വന്നു കയറിയ ഉടനേ എന്റെ പ്രിയതമയോട് അന്വേഷിച്ചത്, ‘തുളസിയില കിട്ടുമോ ഇവിടെ’ എന്നായിരുന്നു. അവൾ അഭിമാനത്തോടെ വീട്ടുമുറ്റത്തു നിൽക്കുന്ന തുളസി ‘മരം’ കാണിച്ചു കൊടുത്തപ്പോൾ അദ്ദേഹത്തിന് ബഹുസന്തോഷമായി. സക്കറിയ കായികക്ഷമതയ്ക്ക് കൊടുക്കുന്ന പ്രാധാന്യം നമ്മുടെ പഴയ ചില ക്രിക്കറ്റ് കളിക്കാർ കണ്ടു പഠിക്കേണ്ടതാണ്. എവിടെയായിരുന്നാലും രാവിലെ ഒരു മണിക്കൂറോ മറ്റോ അദ്ദേഹം ‘ബ്രിസ്ക്’ ആയി നടക്കും. ഞങ്ങൾ പക്ഷേ അതിനൊരു കർശനമായ നിബന്ധന വച്ചു: ഞങ്ങളുടെ കോമ്പൌണ്ട് തികച്ചും വലുതാണ്. നടക്കാൻ കോബിൾഡ് വോക്ക് വേ ഉണ്ട്. ഈ കോമ്പൌണ്ടിനു പുറത്തേക്ക് കാലു കുത്തരുത് എന്ന് സ്നേഹപൂർവം അദ്ദേഹത്തെ അറിയിച്ചു. പകൽവെട്ടത്തിൽ‌പ്പോലും പിടിച്ചുപറിയും അക്രമവും നടത്താൻ ഞങ്ങളുടെ (ദക്ഷിണാഫ്രിക്കയിലെ) കള്ളന്മാർക്ക് നല്ല ‘ധൈര്യ’മാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് ഞങ്ങളുടെ ശ്രദ്ധക്കുറവു കൊണ്ട് ഒരു പോറൽ പോലും ഏൽക്കരുത് എന്ന് ഞങ്ങൾക്ക് നിർബ്ബന്ധമുണ്ടായിരുന്നു. മോഷ്ടാക്കളുടെ വലിയൊരു സമൂഹം അംടാട്ടയിൽ ഉണ്ടായിരുന്നെങ്കിലും വഴിയിൽ കാണുന്ന കറുത്ത നിറമുള്ളവരെല്ലാം കള്ളന്മാരാണെന്ന് വിചാരിക്കരുത്. ‘ആഫ്രിക്ക’ എന്നു കേൾക്കുമ്പോൾത്തന്നെ അവജ്ഞയോടെ ‘ഓ, ഈ കറമ്പന്മാരുടെ കാര്യം’ എന്ന് ‘അന്തസ്സായി’ ആഫ്രിക്കൻ ഭൂഖണ്ഡത്തെയും ആഫ്രിക്കൻ ജനതയേയും ചവിട്ടിത്താഴ്ത്താൻ യാതൊരു സങ്കോചവുമില്ലാത്ത എണ്ണക്കറുമ്പൻ മലയാളിയെ എത്ര വേണമെങ്കിലും കാണാം.

അംടാട്ടയിൽ മരണമടഞ്ഞ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ചില കടലാസുകൾ ഒപ്പിട്ടു വാങ്ങാനായി ദർബനിൽ പോയപ്പോൾ പതിവുപോലെ ‘ഇംപാല’യിൽ ഒരു മുറിക്കായി ചെന്നു.
അംടാട്ടയിൽ മരണമടഞ്ഞ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ചില കടലാസുകൾ ഒപ്പിട്ടു വാങ്ങാനായി ദർബനിൽ പോയപ്പോൾ പതിവുപോലെ ‘ഇംപാല’യിൽ ഒരു മുറിക്കായി ചെന്നു.

ഇത് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണെങ്കിലും എത്ര തവണ പറഞ്ഞാലും അധികമാവില്ല.

സക്കറിയ ദർബനിൽ പ്രൊഫ. ഫാത്തിമാ മീർനെ കണ്ടു. ഗാന്ധിജിയുടെ പേരമകൾ ഇള ഗാന്ധിയെ കാണുന്നത് നല്ലതാവുമെന്ന് ഞങ്ങൾ സൂചിപ്പിച്ചിരുന്നെങ്കിലും അവരെ അദ്ദേഹം കണ്ടില്ല. ദർബനിൽ നിന്ന് അധികം ദൂരെയല്ല പീറ്റർമാരിറ്റ്സ് ബർഗ്. ആ പട്ടണത്തിനടുത്തെവിടെയോ ആണ് ബില്ലി നായർ എന്ന എ.എൻ.സി പോരാളി താമസിച്ചിരുന്നത്. അദ്ദേഹത്തെ കാണാൻ ഞാനും പിൽക്കാലത്ത് ശ്രമിച്ചിട്ടുണ്ട്; വിഫലമായി. ദേവൻ നായർ എന്ന പാർട്ട് ടൈം പത്രപ്രവർത്തകനെപ്പോലെ യുവാക്കളുടെ ഒരു പുതിയ തലമുറ വളർന്നുകഴിഞ്ഞിരുന്നു. അവർക്ക് വിമോചനസമരത്തിന്റെ സംഘർഷഭരിതമായ ചരിത്രാനുഭവമില്ല; അതുകൊണ്ട്, അതിന്റെ ‘ഹാങ് ഓവറും’ ഇല്ല.
ദേവൻ നായരെ ആദ്യം കണ്ടത് ‘സൺഡേ ടൈംസ് എക്സ്ട്രാ’യിലാണ് (ഈ ‘എക്സ്ട്രാ’ എന്നത് ദക്ഷിണഫ്രിക്കയുടെ വംശീയചരിത്രത്തിന്റെ ഭാഗമാണ്. എല്ലാ ഞായറാഴ്ചകളിലും കൃത്യമായി എത്തുന്ന സൺഡേ ടൈംസിൽ ‘എക്സ്ട്രാ’ ഒരു പുൾ ഔട്ട് ആയി കണ്ടില്ലെങ്കിൽ നിരാശപ്പെടുന്ന അനേകം ഇന്ത്യക്കാരിൽ ഞാനും ഉൾപ്പെട്ടിരുന്നു.) കാരണം, അതിലാണ് ഇന്ത്യൻ വാർത്തകൾ വന്നുകൊണ്ടിരുന്നത്. അതിൽ സിനിമ- സംഗീതം തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ച് എഴുതിയിരുന്ന യാളാണ് ദേവൻ നായർ. റേഡിയോ ലോട്ടസ് എന്ന ഇന്ത്യൻ റേഡിയോ സ്റ്റേഷനുവേണ്ടിയും ദേവൻ പ്രവർത്തിച്ചിരുന്നു. ‘നായർ’ സർ നെയിം കണ്ടതിന്റെ ഔത്സുക്യത്തിൽ ഞാൻ ഒരിക്കൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. അംടാട്ടയിൽ നിന്ന് ദർബനിലേക്കു പോകും വഴിയുള്ള ക്രെയ്ഗീബേൺ എന്ന ക്വാസുളു നറ്റാൽ ഗ്രാമത്തിലാണ് ദേവൻ താമസിക്കുന്നത്. ഒരുദിവസം അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം ഞങ്ങൾ ക്രെയ്ഗീബേണിൽ പോയി. ദേവന്റെ ആതിഥ്യം സ്വീകരിച്ചു.

 പ്രൊഫ. ഫാത്തിമാ മീർ
പ്രൊഫ. ഫാത്തിമാ മീർ

ദേവൻ മൂന്നാം തലമുറ ഇന്ത്യൻ വംശജനാണ് ദക്ഷിണാഫ്രിക്കയിൽ. ദേവന്റെ മുത്തശ്ശൻ വേലു എന്നയാൾ പാലക്കാട്ടെ ഏതോ ഗ്രാമത്തിലാണ് ജനിച്ചതും വളർന്നതും. വേലുവിന്റെ അച്ഛനമ്മമാർ അയാൾ കുട്ടിയായിരിക്കുമ്പോൾത്തന്നെ മരിച്ചു. അമ്മാവന്റെ സംരക്ഷണയിൽ വളർന്ന വേലു അമ്മാവന്റെയും അമ്മായിയുടെയും പീഡനങ്ങൾ സഹിക്കാനാവാതെ കോയമ്പത്തൂരിലേക്ക് ഓളിച്ചോടി. അവിടെ അക്കാലത്ത് ദക്ഷിണാഫ്രിക്കൻ വാഴത്തോട്ടങ്ങളിലും കരിമ്പിൻ തോട്ടങ്ങളിലും പണിയെടുക്കാനായി അരോഗദൃഢഗാത്രരായ യുവാക്കളെ തെരഞ്ഞെടുക്കുന്നുണ്ടായിരുന്നു. അങ്ങനെ എവിടെക്കെന്നോ എന്തിനെന്നോ വലിയ പിടിപാടൊന്നുമില്ലാതെ പതിനാറുകാരനായ വേലു ഒരു സംഘത്തിൽ ചേർന്നു. ചെന്നിറങ്ങിയത് ദർബൻ തുറമുഖത്ത്. ഭാഷയും അറിയില്ല, ആൾക്കാരെയും അറിയില്ല, അപരിചിതമായരാജ്യം. അപരിചിതമനുഷ്യരായ കറുത്ത നിറവും ചുരുണ്ട മുടിയുമുള്ള തദ്ദേശീയർ. വർഷം 1903.

തൊഴിൽദാതാക്കൾ പറഞ്ഞ എന്തു ജോലിയും ചെയ്യാൻ വേലു തയാറായിരുന്നു. തൊഴിലാളികൾക്കിടയിൽ ഭൂരിപക്ഷവും തമിഴരായിരുന്നു. അങ്ങനെ വേലുവും തമിഴ് പഠിച്ചു. കാലക്രമേണ വേലു ജോലിക്കു വന്ന ഒരു തമിഴ് കുടുംബത്തിലെ പെണ്ണിനെ കല്യാണം കഴിച്ചു. (കരാർ തൊഴിലാളി -bonded labourer- എന്ന ലേബലുണ്ടായിരുന്നതിനാൽ നാട്ടിൽ പോകുക എന്നത് വേലുവിന് ചിന്തിക്കാൻ കഴിഞ്ഞിരിക്കയില്ല. അക്കാലത്തെ കരാർ തൊഴിലാളികൾ കരാറിന്റെ തൂക്കുകയറിൽ ശ്വാസം കുടുങ്ങി മരിച്ചു പോകുകുകയാണ് പതിവ്.) അതിലുണ്ടായ രണ്ടു മക്കളിൽ ഇളയവനാണ് ദേവൻ. ‘നായർ’ എന്ന ജാതിസംജ്ഞ മാത്രം വേലു ജന്മനാടിന്റേതായി സൂക്ഷിച്ചു. ദക്ഷിണാഫ്രിക്കയിലെ ആയിരക്കണക്കിനുള്ള ‘പിള്ള’മാരുടെയും ‘മിസ്റ്റ്റി’ മാരുടെയും മറ്റു പല വർണ്ണങ്ങളുടെയും ഇടയിൽ ‘നായർ’ കാണുക അപൂർവ്വതയാണ്.

ദേവനും പങ്കാളി വിനോഷ്നിയും
ദേവനും പങ്കാളി വിനോഷ്നിയും

ദേവൻ ക്രെയ്ഗീബേണിലെ ഏക ഹൈസ്ക്കൂൾ ആയ ‘ക്രെയ്ഗീബേൺ സെക്കന്ററി സ്ക്കൂളി’ലെ ആഫ്രിക്കാൻസ് അദ്ധ്യാപകനാണ്. സിനിമാ കമ്പക്കാരനായതിനാലവണം ക്രെയ്ഗീബേണിൽ ദേവനും അദ്ദേഹത്തിന്റെ ഭാര്യയും ചേർന്ന് ഒരു വിഡിയോ ലൈബ്രറി നടത്തുന്നുണ്ട്. മുത്തശ്ശൻ വേലു വന്നതും ഇടപഴകിയതുമെല്ലാം തമിഴ് സംസാരിക്കുന്നവരുടെ ഇടയിലായിരുന്നതിനാൽ അയാളുടെ പാലക്കാടൻ മലയാളം ക്രമേണ മാഞ്ഞു പോയി.
ദേവനും സഹോദരനും ഇന്ത്യയെക്കുറിച്ച്, കേരളത്തെക്കുറിച്ച് അപ്പാർതൈഡ് കാലത്ത് വളരെ കുറച്ചു വാർത്തകൾ മാത്രമേ ലഭിച്ചിരുന്നുള്ളു. ദക്ഷിണാഫ്രിക്ക സ്വതന്ത്രയായതിനുശേഷം ദേവന്റെ ജ്യേഷ്ഠൻ ഇന്ത്യയിൽ വരികയും തമിഴ് നാട്ടിൽ താമസിച്ച് തന്റെ പ്രപിതാക്കന്മാരുടെ ഗ്രാമം അന്വേഷിക്കാൻ തുനിയുകയും ചെയ്തിരുന്നു. ആ ശ്രമം വിജയിച്ചോ എന്ന് അറിയില്ല. ദർബനിലെ കലാസാംസ്കാരിക രംഗങ്ങളിൽ ദേവൻ സജീവമായിരുന്നു. ഇപ്പോഴത്തെ അവസ്ഥ അറിയില്ല. രണ്ട് ദശകങ്ങൾക്കപ്പുറത്തെ കാഴ്ചയിലെ ദേവനാണ് എന്റെ ഓർമയിൽ. അയാളെ കണ്ടതും വർത്തമാനം പറഞ്ഞതുമെല്ലാം അക്കാലത്തു തന്നെ ഞാൻ ഒരു മലയാളം ആനുകാലികത്തിൽ എഴുതിയിരുന്നു. ഇയാൾ ഒരു അപ്പാർതൈഡ് ഹീറോ അല്ല; ഒരു രാഷ്ട്രീയകക്ഷിയുടെയും നേതാവുമല്ല. നിയോഗത്താൽ ദക്ഷിണാഫ്രിക്കയിൽ ജനിച്ച് ഒരു ലോവർ മിഡിൽ ക്ലാസ് കടുംബത്തിൽ വളർന്ന്, അപ്പാർതൈഡിന്റെ ചാട്ടവാറടികൾ ഏറ്റുവാങ്ങി, സ്വന്തം പരിശ്രമം കൊണ്ട് വളർന്ന ദക്ഷിണാഫ്രിക്കൻ പൗരൻ.

ദർബനിൽ നിന്ന് അധികം ദൂരെയല്ല പീറ്റർമാരിറ്റ്സ് ബർഗ്. ആ പട്ടണത്തിനടുത്തെവിടെയോ ആണ് ബില്ലി നായർ എന്ന എ.എൻ.സി പോരാളി താമസിച്ചിരുന്നത്./ Photo: traveltriangle.com
ദർബനിൽ നിന്ന് അധികം ദൂരെയല്ല പീറ്റർമാരിറ്റ്സ് ബർഗ്. ആ പട്ടണത്തിനടുത്തെവിടെയോ ആണ് ബില്ലി നായർ എന്ന എ.എൻ.സി പോരാളി താമസിച്ചിരുന്നത്./ Photo: traveltriangle.com

ദേവനെ കണ്ടതിനു ശേഷം ഞാൻ പ്രൊഫ. ഫാത്തിമാ മീറിനെ കണ്ടു; കുറേ നാളുകൾ കഴിഞ്ഞ്. അവർ എത്ര മഹത്തായ വ്യക്തിത്വത്തിന്റെ ഉടമയായാലും, നേരിട്ടുള്ള സംഭാഷണത്തിൽ നിന്ന് അവരുടെ പൊള്ളത്തരം വെളിവായപ്പോൾ ഞാൻ ദേവനെപ്പോലുള്ള സാധാരണക്കാരെ ഓർത്തു പോയി. പ്രൊഫ. ഫാത്തിമാ മീറിനെ കണ്ട കഥ ഇനിയൊരിക്കൽ പറയാം.

(തുടരും)


Summary: South African travels with writer Zacharia, african vansanthangal u jayachandran


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments