തോമസ്​ ജോസഫ്​: സ്വപ്നദംശനമേറ്റ വാക്ക്​

യുക്തിക്ക് നിരക്കാത്ത ഒരു മനുഷ്യൻ എന്ന് ഒരാൾ തോമസ് ജോസഫിനെ വായിച്ചാൽ അത്ഭുതപ്പെടാനില്ല. അയാൾ അത് അർഹിക്കുന്നു. അയുക്തികളുടേയും മിഥ്യകളുടെയും ഉൽസവമാണ് തോമസ് ജോസഫിന്റെ കഥകൾ നിറയെ. മലയാളത്തിൽ കഥയുടെ അയുക്തിലോകത്തെ സധൈര്യം പിന്തുടരുകയും വിചിത്രകല്പനകളിലൂടെ തന്റെ കാലത്തെ സാഹിത്യത്തോട് സംവദിക്കുകയും ചെയ്ത ആളായിരുന്നു അന്തരിച്ച തോമസ് ജോസഫ്.

റങ്ങിയെഴുന്നേൽക്കുമ്പോൾ ചിലന്തിയായി രൂപാന്തരപ്പെടുന്ന മനുഷ്യന്റെ രേഖാചിത്രമാണ് കാഫ്കയുടെ മെറ്റമോർഫോസിസിലുള്ളത്. ലോകകഥയുടെ ഭാവനാഭൂപടത്തിൽ എക്കാലത്തും തിളങ്ങുന്ന കഥയുടെ കൊള്ളിയാൻ വെളിച്ചമാണ് രൂപാന്തരത്വം എന്ന പ്രമേയത്തിലൂടെ കാഫ്ക മുന്നോട്ടുവെച്ചത്.

ദൈനംദിന ജീവിതത്തിന്റെ ഏകതാനതകളിൽനിന്ന് ഭാവനയുടെ വെള്ളിച്ചിറകിനാൽ ഒരെഴുത്താൾ കഥയുടെ വിചിത്രസങ്കല്പങ്ങളിലേക്ക് കയറിപ്പോകുന്നത് നാം അത്ഭുതാദരങ്ങളോടെ കണ്ടു. ഒന്നോർത്താൽ കല ചെയ്യുന്ന ഏതൊരാളും ഇങ്ങനെ ഒരു അപരനോട്ടത്തിന്റെ ആനുകൂല്യം പറ്റുന്നു. മലയാളത്തിൽ കഥയുടെ അയുക്തിലോകത്തെ സധൈര്യം പിന്തുടരുകയും വിചിത്രകല്പനകളിലൂടെ തന്റെ കാലത്തെ സാഹിത്യത്തോട് സംവദിക്കുകയും ചെയ്ത ആളായിരുന്നു ജൂലായ് 29 ന് അന്തരിച്ച തോമസ് ജോസഫ്.

ഭാഷയുടെ പ്രാദേശികവഴക്കങ്ങളെ നിരാകരിക്കുകയും പകരം പ്രാപഞ്ചികമായ അനുഭവലോകമായി കഥാപരിസരങ്ങളെ മാറ്റുകയും ചെയ്തുകൊണ്ട് കാഫ്കിയൻ സൗന്ദര്യശാസ്ത്രത്തിന് ഒരു മലയാളവകഭേദം എഴുതുകയായിരുന്നുവോ തോമസ് ജോസഫ്? പാറ്റയോ പ്രാണിയോ ആയി മാറാനിടയുള്ള മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ സ്വപ്നമെഴുത്തിന്റെ മായികമൊഴികളാൽ ശുശ്രൂഷ ചെയ്യുകയായിരുന്നുവോ തോമസ് ജോസഫ്?

അന്തമില്ലാത്ത അനിശ്ചിതത്വമാണ് അദ്ദേഹം കഥയിൽ ആവിഷ്‌കരിച്ചത്. "മറുമുഖം' എന്ന കഥയിൽ എഴുതുന്നതുപോലെ, ""ജീവിതത്തിലേക്ക്, അല്ലെങ്കിൽ മരണത്തിലേക്ക്'' എന്നതാണ് അദ്ദേഹത്തിന്റെ കഥകളുടെയെല്ലാം താക്കോൽവാചകം. അത് ഒരേസമയം ജീവിതത്തോടും മരണത്തോടും കടപ്പെട്ടിരിക്കുന്നു. അഥവാ ഈ രണ്ടറ്റങ്ങളിൽനിന്നുമുള്ള വാക്കുകളാണ് അദ്ദേഹം കഥകളായി എഴുതിയത്. എത്രത്തോളം മരണം അജ്ഞാതമായിരിക്കുന്നുവോ അത്രത്തോളം തന്നെ ജീവിതവും അജ്ഞാതമാണെന്ന് ജോസഫിനറിയാം. ദൈവത്തിന്റെ ശിപാർശപ്രകാരം തൂപ്പുജോലി ലഭിച്ച ഒരുവളുടെ, ഒരുപക്ഷേ മരണശേഷമുള്ള പ്രേതജീവിതമെന്ന് തോന്നിക്കുന്ന സന്ദർഭം "ദൈവവും ഞാനും' എന്ന കഥയിലുണ്ട്.

രണ്ടാമതൊരാൾ എന്ന നിലയിലാണ് ഈ കഥയിലെന്ന പോലെ മറ്റുപല കഥകളിലും ദൈവസാന്നിധ്യം കാണാൻ കഴിയുക. സുഹൃത്തോ അയൽക്കാരനോ വണ്ടിയോട്ടക്കാരനോ ആയ ദൈവം പല കഥകളിലും പ്രധാന റോളുകളിൽ കടന്നുവരുന്നു. വലിയ നിലയിലേക്കെത്താൻ ശേഷിയില്ലാത്ത, ദൈവം എന്ന പദവി മാത്രം അലങ്കാരമായുള്ള വിചിത്രകഥാപാത്രങ്ങളാവും പല കഥകളിലെയും ദൈവം. മാജിക്കുകൾ മറന്നുപോയ ദൈവങ്ങളാവാം തോമസ് ജോസഫിന്റെ കഥയിലെ ദൈവങ്ങൾ. അവരുടെ ടാർജറ്റുകൾ തീരെ ചെറിയതാവാം. ചാരുകസേരയിൽ ഉറങ്ങുന്ന, അലസമായി നടക്കുന്ന, അല്ലെങ്കിൽ മനക്കണക്കുകൾ തെറ്റിപ്പോവുന്ന സാധാരണത്വങ്ങൾകൊണ്ട് ഈ കഥകളിലെ ദൈവസാന്നിധ്യങ്ങൾ പ്രതിദൈവത്തെ സങ്കൽപനം ചെയ്യുകയാണെന്നും പറയാം. സൃഷ്ടാവായ ഒരാളിനെയാവണം കഥാകൃത്ത് ദൈവമെന്ന പദവിയിൽ കാണുന്നത്. അവിടെ കലാകൃത്തും ദൈവവും ഒരേ പന്തിയിൽ വരുന്നു.

തോമസ് ജോസഫ്

കഥ ഈ എഴുത്തുകാരന് സ്വപ്നക്കമ്പനി നടത്തിപ്പാണെന്ന് ഒറ്റവാക്കിൽ ഉത്തരമെഴുതാമെങ്കിലും ഓരോ കിനാത്തുണ്ടുകളും വിവിധ ഭാവലോകങ്ങളെ ഉള്ളടക്കം ചെയ്തിരിക്കുന്നു. അവിടങ്ങളിലെല്ലാം ഏകാന്തനും വിഷാദിയുമായ, അല്ലെങ്കിൽ അത്യാഹ്ലാദഭരിതനായ ഒരാൾ അയാളുടെ വിചിത്രസങ്കൽപങ്ങൾ മെനയുന്നു. മേഘംമുട്ടുന്ന മുറികൾ അടിച്ചുവാരാൻ നിയോഗിക്കപ്പെട്ട സ്ത്രീ ഒരിടത്തു പറയുന്നുണ്ട്; ""ഞാൻ നുണ പറയുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നുണ പറഞ്ഞിട്ട് എനിക്കെന്തു കിട്ടാനാണ്''എന്ന്.
നുണ പറഞ്ഞിട്ട് ഒന്നും കിട്ടാനില്ലാത്ത ലോകത്തു തന്നെയാണ് ഈ കഥാകൃത്ത് പണിയെടുത്തതും. സത്യാസത്യങ്ങളെ നിർവീര്യമാക്കുന്ന കഥനസാക്ഷ്യങ്ങളുടെ ഭാഷമാത്രമേ ഈ എഴുത്തുകളിൽനിന്ന് കണ്ടെടുക്കാനുള്ളു. അത് എല്ലായ്പ്പോഴും അനിശ്ചിതത്വത്തെയും അകാരണത്തെയും മുഖ്യപ്രമേയമായി അവതരിപ്പിച്ചു.

കടുംനിറങ്ങളുടെ ചിത്രഭാഷ ആധുനിക അമൂർത്തകലയിൽ ചെയ്ത ധാരാളിത്തവും ആഘോഷവും ഭാഷയിൽ ഈ കഥാകൃത്ത് യഥേഷ്ഠം വിനിയോഗിച്ചു. ആൾക്കൂട്ടവൃക്ഷപ്പടർപ്പിലെ ഒരില എന്നും വാഹനമൃഗങ്ങളെന്നും ചിത്രശലഭമോട്ടോർസൈക്കിൾ എന്നും മറ്റും കല്പന ചെയ്യുമ്പോൾ വാക്ക് ശില്പവേല ചെയ്യുന്നു. കഥാത്മകമായിരിക്കുമ്പോൾ തന്നെ മിക്ക കഥകളും ദൃശ്യാത്മകവുമാണ്. അവയവപ്പൊരുത്തമുള്ള ചിത്രത്തേക്കാളും മാസ്റ്റർ പ്ലാനുകളുള്ള ആർക്കിട്ടെക്ചറിനേക്കാളും നിരന്തരപരിണാമസാധ്യതകളുള്ള ഇൻസ്റ്റലേഷനോടാണ് അതിന്റെ കൂറ്.

അവധൂതവചനം പോലെ, അരുളപ്പാടുകൾ പോലെ കഥയെ അയാൾ അവരവരുടെ ഉള്ളിനോടുള്ള സംവാദമാക്കി മാറ്റി. തന്റെ സമകാലികരെല്ലാം വിജയിച്ച കഥകളെഴുതിയപ്പോൾ തോറ്റവരുടെ സുവിശേഷമായി അയാളുടെ കഥകൾ. അതിലൊരിടത്തും സമകാലികതയുടെ അടയാളങ്ങൾ പ്രകടമായി കാണാൻ കഴിയില്ല. അസമകാലികതയ്ക്കുവേണ്ടി അയാളുടെ കഥകൾ വാദിച്ചു. കാലികതയില്ലാത്തതുപോലെ പ്രകടരാഷ്ട്രീയവും തോമസ് ജോസഫിന്റെ കഥകളിൽ കാണാൻ കഴിയില്ല. അതിനാലാവാം സമകാലിക കഥയുടെ കാനേഷുമാരി കണക്കുകളിലും അദ്ദേഹത്തിന്റെ മുഖം പതിഞ്ഞില്ല. അതിലയാൾക്ക് സങ്കടവുമുണ്ടായിരുന്നില്ല. അയാളുടെ കഥകളുടെ വായനക്കാരും മറ്റൊരു ലോകത്തിന്റെ സങ്കല്പനങ്ങളിൽ മുഴുകിയിരിക്കുകയാവണം. മറ്റൊരു ലോകം സാധ്യമാണെന്ന മാർക്സിയൻ രാഷ്ട്രീയം ആ കഥകളുടെ ഉള്ളടരിൽനിന്ന് മറ്റൊരു കാലത്തിൽ തെളിഞ്ഞുവന്നേക്കാം.

നിരൂപകനായ നരേന്ദ്രപ്രസാദും കഥാകൃത്തായ സക്കറിയയും ആ കഥകളെ അടുത്തറിഞ്ഞു. അവരുടെ വാക്കുകൾ ആ കഥകളെ ഒന്നുകൂടി വായിക്കാൻ ഇപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടുമിരിക്കുന്നു. സാഹിത്യസദസ്സുകളിൽ തോമാച്ചൻ മൗനം പാലിച്ചു. അയാളെഴുതിയ കഥകളിലെ കഥാപാത്രങ്ങളെപ്പോലെ നിരാധാരമായ മൗനത്തിന്റെയും മെല്ലെ നടപ്പിന്റെയും ചാഞ്ഞുനോട്ടങ്ങളുടെയും അലസഗമനമായിരുന്നു ആ ജീവിതവും. ജ്ഞാനവൃദ്ധന്റെ ക്ഷമയും കുഞ്ഞുങ്ങളുടെ കൗതുകവും അയാളിൽ വറ്റാതെ കിടന്നു. പക്ഷാഘാതം പിടിപെട്ട് കിടപ്പിലാവുംവരെ വല്ലപ്പോഴും കാണാനും മിണ്ടാനും ഈ ലേഖകനും കഴിഞ്ഞിരുന്നു. ആഴ്ചപ്പതിപ്പുകളിൽ വന്ന അദ്ദേഹത്തിന്റെ ചില പ്രധാനപ്പെട്ട കഥകൾക്ക് ഇല്ലസ്ട്രേഷൻ ചെയ്യാൻ സാധിച്ച വകയിലാണ് ഞങ്ങൾ പരിചിതരാവുന്നത്. എന്റെ ചിത്രകൗതുകങ്ങളെ ആവേശിച്ച ആ വാക്ക് എനിക്ക് അങ്ങനെയും പ്രിയപ്പെട്ടതായി മാറി. പിന്നീട് പല സാഹിത്യക്കൂട്ടായ്മകളിലും സൗഹൃദവിരുന്നുകളിലും ഞങ്ങൾ മിണ്ടാതെ മിണ്ടി. ഏതൊക്കെയോ സാഹിത്യസദസ്സുകൾ കഴിഞ്ഞ് എറണാകുളത്തെ വാടകമുറികളിലും തോമാച്ചനൊപ്പം കിടന്നുറങ്ങി. ഒരു ക്രിസ്തുമസിനു കീഴ്​മാടിലെ അദ്ദേഹത്തിന്റെ വീട്ടിൽ ഞങ്ങളൊത്തുകൂടി (ഞാനും എസ്. കലേഷും രാജേഷ് തില്ലങ്കേരിയും). ഞങ്ങൾക്കിടയിൽ പ്രായത്തിന്റെ അന്തരം തേഞ്ഞുമാഞ്ഞുപോയിരുന്നു അപ്പോഴേക്കും. അല്ലെങ്കിൽ, തോമാച്ചൻ പ്രായരഹിതമായ ഒരു മനോനിലയിൽ എത്തിയിരുന്നു അപ്പോഴേക്കും.

എസ്. കലേഷ്, സുധീഷ് കോട്ടേമ്പ്രം, എം.ആർ. വിഷ്ണുപ്രസാദ്, തോമസ് ജോസഫ്

ഒരിക്കൽ കവി അൻവർ അലിയും ഒന്നിച്ച് ഡൽഹിയിൽ വന്നപ്പോൾ ജെ.എൻ.യു വിലെ മലയാളി കൂട്ടായ്മയ്ക്കുവേണ്ടി രണ്ടുപേരെയും ജെ.എൻ.യുവിലേക്ക് ക്ഷണിക്കാൻ എനിക്ക് സാധിച്ചു. രാത്രിഭക്ഷണശേഷം സ്‌കൂൾ ഓഫ് ആർട്സ് ആൻറ്​ ഏസ്തെറ്റിക്സിന്റെ ചവിട്ടുപടികളിലിരുന്ന് അവർ കവിതയും കഥയുമായി ഏറെനേരം സംസാരിച്ചു. രാഷ്ട്രീയമുഖരിതമായ ആ അന്തരീക്ഷത്തിൽ തോമാച്ചൻ തന്റെ സ്വതസിദ്ധമായ താഴ്ന്ന ശബ്ദത്തിൽ ഒരു കഥ വായിച്ചു. നിരന്തരചോദ്യങ്ങൾ കൊണ്ട് സന്ദർശകരെ വീർപ്പുമുട്ടിച്ചിരുന്ന ജെ.എൻ.യു സംവാദരാവുകൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ഏവരും സാകൂതം തോമാച്ചനെയും അൻവറിനെയും കേട്ടു. ഭാഷ മറ്റൊരുവിധം വെളിപ്പെടുന്നതിന്റെ ജാഗ്രതയിൽ ആ രാവിന് കനംവെച്ചിരിക്കണം. ചോദ്യങ്ങൾ ചോദിക്കാൻ നീട്ടിയ വിരലുകൾ സ്വയം പിന്മടങ്ങുകയും അനിർവ്വചനീയമായ കലയുടെ രാത്രിസത്രത്തിൽ എല്ലാവരെയും സന്ദേഹികളാക്കി മാറ്റുകയും ചെയ്തുകൊണ്ട് തോമാച്ചന്റെ കഥ അവസാനിക്കുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം ആ ശബ്ദത്തിന്റെ അലയൊലികൾ നിശാശലഭത്തെപ്പോലെ വന്നുപോവുന്നു.

കഥയിൽ ജീവിക്കുക മാത്രമായിരുന്നു തോമാച്ചന്റെ താല്പര്യം. ദൈനംദിന ജീവിതത്തിലെ ഏനക്കേടുകളെ അതായിത്തന്നെ നേരിട്ട ഒരു സാധാ മനുഷ്യനുമായിരുന്നു തോമാച്ചൻ. പത്രമാസികകളിൽ പ്രൂഫ് റീഡറായി ജോലി ചെയ്ത് തോമസ് ജോസഫ് ഔദ്യോഗികമായി അതിൽക്കൂടുതൽ ഉയരങ്ങളിലേക്ക് പോയില്ല, പോകാനൊട്ട് ആശിച്ചുമിരിക്കില്ല. കഥയുടെ അപരജീവിതത്തിൽ അയാൾ ആമഗ്‌നനായിരുന്നു. തമ്മിൽ കാണാനാവാതെ അകത്തടച്ചിരിക്കാൻ വിധിക്കപ്പെട്ട കോവിഡിനും ഒരു വർഷം മുൻപേ വർത്തമാനജീവിതത്തോട് പുറംതിരിഞ്ഞിരിക്കുകയായിരുന്നു രോഗഗ്രസ്തനായ തോമാച്ചൻ. തന്റെ കഥകളിലേതുപോലെ അവിശ്വനീയമായ ഏകാന്തതയെ ഉടലാൽ ആവാഹിച്ചിരുത്തിയപോലെ ഒരേ കിടപ്പ് കിടന്നു തോമാച്ചൻ. അഗാധമായ ആ മയങ്ങിക്കിടപ്പിന് മരണത്തോടെ തിരശ്ശീലയിട്ടിരിക്കുന്നു ഇപ്പോൾ.
""യുക്തിക്ക് നിരക്കാത്ത ആ സ്വപ്നം ഞാനെന്തിനു കാണുന്നു?'' എന്ന് "അടച്ചിട്ട നീലവാതിൽ' എന്ന കഥയിലെ സ്വപ്നദർശിയുടെ ചോദ്യം ഇപ്പോൾ നമ്മെ വന്നു തൊടുന്നു.

യുക്തിക്ക് നിരക്കാത്ത ഒരു മനുഷ്യൻ എന്ന് ഒരാൾ തോമസ് ജോസഫിനെ വായിച്ചാൽ അത്ഭുതപ്പെടാനില്ല. അയാൾ അത് അർഹിക്കുന്നു. അയുക്തികളുടേയും മിഥ്യകളുടെയും ഉൽസവമാണ് തോമസ് ജോസഫിന്റെ കഥകൾ നിറയെ. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വേർതിരിവില്ലാതെ കാണുന്ന ഒരു ദയാലുവായ മനുഷ്യനാണ് ആ കഥകളുടെ പൂന്തോട്ടക്കാവൽക്കാരൻ. കഥകളിലെ കല്പനകൾ ആ കഥാകാരന്റെ ജീവിതത്തെത്തന്നെ ഗ്രസിക്കുകയായിരുന്നുവെന്ന് ഇന്ന് നാം കാണുന്നു.

മഹാമാരി ലോകത്തെയൊന്നാകെ തടങ്കലിൽ പാർപ്പിച്ച ഇക്കാലത്തെപ്പോലെ മറ്റൊരു നിലയിൽ ലോകത്തിന്റെ വിഷാദഛായകളെ മുൻപേ എഴുതിയ ഒരാളെന്ന നിലയിൽ തോമസ് ജോസഫിനു ഇതിൽ കൂടുതൽ എന്തെങ്കിലും എഴുതാനുണ്ടായിരുന്നിരിക്കുമോ? ഉണർവ്വിലായിരുന്നെങ്കിൽ ഏതുവിധമായിരുന്നേനെ അയാൾ ഇക്കാലത്തെ വായിച്ചിരിക്കുക? പരലോകവാസത്തെക്കുറിച്ച് ആവശ്യത്തിലേറെ ഭാവന ചെയ്ത ഒരാൾ പോയിക്കഴിയുമ്പോൾ അവയൊക്കെയും നേരായി മാറുന്നപോലെ. തോമാച്ചന്റെ എഴുത്തിൽ അയാൾ സുരക്ഷിതനായപോലെ. മരണം അയാളെ കൂടുതൽ സുന്ദരനാക്കിയപോലെ. കഥയും കഥാകൃത്തും അത്രമേൽ ഒന്നായിത്തീർന്ന ഒരസുലഭ സന്ദർഭംകൂടി ഇതോടെ അവസാനിച്ചപോലെ.
നന്ദി, നിങ്ങൾ അവശേഷിപ്പിച്ചുപോയ നീണ്ട മൗനങ്ങൾക്ക്, നിത്യസന്ദേഹങ്ങൾക്ക്, സ്വപ്നദംശനമേറ്റ വാക്കുകൾക്ക്.


Comments