ജെ.എൻ.യു ദിനങ്ങളേ, ഒരു ‘silent farewell’

‘‘2011ലാണ്​ അതുവരെ കേട്ടുപരിചയം മാത്രമുള്ള ഒരിടത്തേക്ക്, ജെ.എൻ.യുവിലേക്ക്​, രണ്ടാമതൊരു എം.എ ചെയ്യാനായി വണ്ടികയറുന്നത്. പിന്നീട് എം.ഫിലും പി.എച്ച്.ഡിയുമായി വർഷങ്ങൾ പലതുകഴിഞ്ഞു. ഒടുവിലെത്തിയ മഹാമാരിയുടെ ഘട്ടവും പഠനത്തെ വീണ്ടും നീട്ടിക്കൊണ്ടുപോയി. എന്റെ 2022നെ ഇതാ ഇപ്പോൾ ഡിസംബർ ഒടുവിലെ തിസീസ് സമർപ്പണത്തോടെ ഞാൻ മടക്കിവെക്കുന്നു’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. സുധീഷ്​ കോ​ട്ടേ​മ്പ്രം​ എഴുതുന്നു.

മാറിനിന്ന് കണ്ട ജീവിതങ്ങളും അനുഭവങ്ങളുമായിരുന്നു എഴുത്തിന്റെയും കലയുടെയും ഊർജ്ജകേന്ദ്രങ്ങൾ. "ഞാൻ, എന്റെ' എന്ന് ഒരു വാചകം മുഴുമിപ്പിക്കാൻ മുപ്പതിലേറെ വർഷമെടുത്തു. എം.ആർ. രേണുകുമാറിന്റെ "തുടങ്ങിയവർ' എന്ന കവിതയിലേതുപോലെ പറ്റത്തിലൊരാളായി, ഉച്ചഭക്ഷണത്തിന് ബെല്ലടിക്കുമ്പോൾ കാന്റീനിലെ പാവപ്പെട്ടവർക്കുള്ള പത്തുരൂപാച്ചോറിന് വരിനിൽക്കുന്നവരായും, ആളില്ലാപ്പറമ്പിലെ പച്ചമാങ്ങയ്ക്ക് കല്ലെറിയുന്നവരായും, പാസ് മാർക്ക് മാത്രം കിട്ടി പരീക്ഷ പാസ്സാവുന്നവരായും അന്നേ എഴുതിത്തള്ളപ്പെട്ടവരുടെ കൂട്ടത്തിൽ എന്റെ എഴുത്തുപള്ളിക്കൂടങ്ങൾ. "ഞാനായിരിക്കൽ', അല്ലെങ്കിൽത്തന്നെ ആഢംബരമായിരുന്ന ഒരു ഭൂതകാലത്തിൽനിന്ന് മറ്റൊന്നും ചേറിയെടുക്കാനില്ല. ക്ലാസിൽ മുൻനിരക്കാരോടു അധ്യാപകർ കാണിച്ച അധികപരിഗണന അരുകാക്കിയവരുടെ കൂട്ടത്തിൽ ഞാനുണ്ടായിരുന്നു.

പഠിപ്പുള്ളവർക്ക് കിട്ടുന്ന മാന്യത എനിക്കു വേണമായിരുന്നു; അത് പഠിപ്പിന്റെ മാത്രമായിരുന്നില്ലെന്ന് പിന്നീടുള്ള പഠനവിജയങ്ങൾ ഓർമിപ്പിച്ചെങ്കിലും. ഇംഗ്ലീഷും കണക്കും വശത്താക്കുന്നവർ മാത്രമാണ് എന്നും മുന്നണിയിൽ. അവ പഠിപ്പിച്ചവരാവട്ടെ, ഒരിക്കൽപ്പോലും കരുണയോടെ പെരുമാറിയതേയില്ല. പകരം പേടിപ്പിച്ചും നുള്ളിയും വിഷയത്തോടുള്ള വിപ്രതിപത്തിയിലേക്ക് തള്ളിവിട്ടു. ക്ലാസ് മുറികൾ പലപ്പോഴും പരിഹാസത്തിന്റെയും പക്ഷപാതിത്വത്തിന്റെയും മാത്രം കളരികളായി. വാക്കിനേക്കാൾ കൂടുതൽ വരയെനിക്ക് വഴങ്ങി. അതിൽ ഞനെന്നെ സങ്കല്പിക്കാൻ പഠിച്ചു.

സുധീഷ്​ കോ​ട്ടേ​മ്പ്രം ജെ.എൻ.യുവിൽ

​​​​

കോട്ടേമ്പ്രം ബാലൻ സ്മാരകവായനശാലയിൽ നിന്നെടുത്ത നാലുകെട്ടും ആൾക്കൂട്ടവും ഖസാക്കും ജീവിതത്തിന്റെ വലിയ തുറസ്സുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. വേനലവധിയുടെ വെയിൽത്തണലുകളിലിരുന്ന് അപ്പുണ്ണിയുടെ ഏകാന്തതകളറിഞ്ഞു. ആത്മജ്ഞാനത്തിന്റെ ചെതലിമല രവിയിലൂടെ ഞങ്ങളുടെ പാടവരമ്പത്തേക്കിറങ്ങി വന്നു. ആൾക്കൂട്ടത്തിലെ ജനതതിയുടെ നീതിരഹിതമായ ജീവിതകലാപം ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ‘മൈൻഡ് മാപ്പിംഗ്' നടത്തി. എല്ലാവരാലും തള്ളിപ്പറഞ്ഞ അന്തർമുഖജീവിതത്തെ ഞാൻ പുസ്തകങ്ങളുടെ മദഗന്ധത്താൽ മറികടന്നു. ദാരിദ്ര്യം പച്ചകുത്തിയ സ്വന്തമുടലിനോടോ നല്ലതൊന്നും ഓർത്തെടുക്കാനില്ലാത്ത ഓർമയോടോ തരിമ്പും സ്നേഹമുണ്ടായിരുന്നില്ല; ഒരു വ്യാഴവട്ടക്കാലം മുൻപ് ജെ.എൻ.യുവിലേക്ക് വരുംവരെ.

കൂട്ടത്തിൽക്കൂട്ടായ്മയുടെ കുട്ടിക്കാലം ഉടലിൽനിന്ന് വിട്ടുപോയില്ല. ഉള്ളതിലുള്ള ഉണ്മ എന്നെ നയിച്ചു.

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിലാണ് കലയിൽ ബിരുദപഠനത്തിന് ചേരുന്നത്. തുടക്കശങ്കകളിൽനിന്ന് മോചിപ്പിക്കപ്പെട്ട് കലാപഠനം ജീവിതപഠനം തന്നെ എന്ന് തോന്നിപ്പിച്ച നാളുകൾ. പരിശീലനക്കളരികൾക്കൊപ്പം കലാചരിത്ര- സൗന്ദര്യശാസ്ത്ര ക്ലാസുകൾ കാഴ്ചയുടെ മറ്റൊരു ലോകം തുറന്നുതന്നു. അതിന്റെ ചുവടുപിടിച്ചാണ് കലാസിദ്ധാന്തപഠനത്തിന്റെ ആവശ്യം ബോധ്യപ്പെടുന്നതും ആ നിലയിലുള്ള അന്വേഷണങ്ങൾ നടത്തുന്നതും. എന്നാൽ അതിജീവനത്തിനുവേണ്ടി പിന്നെയും ചില വർഷങ്ങൾ കമീഷൻ വർക്കുകളുമായി കഴിഞ്ഞു. 2011ലാണ്​ അതുവരെ കേട്ടുപരിചയം മാത്രമുള്ള ഒരിടത്തേക്ക് രണ്ടാമതൊരു എം.എ ചെയ്യാനായി വണ്ടികയറുന്നത്. പിന്നീട് എം.ഫിലും പി.എച്ച്.ഡിയുമായി വർഷങ്ങൾ പലതുകഴിഞ്ഞു. ഒടുവിലെത്തിയ മഹാമാരിയുടെ ഘട്ടവും പഠനത്തെ വീണ്ടും നീട്ടിക്കൊണ്ടുപോയി. എന്റെ 2022നെ ഇതാ ഇപ്പോൾ ഡിസംബർ ഒടുവിലെ തിസീസ് സമർപ്പണത്തോടെ ഞാൻ മടക്കിവെക്കുന്നു.

പിഎച്ച്​.ഡി തിസീസ്​ സമർപ്പിക്കുന്നതിനുമുമ്പ്​ സുധീഷ്​ കോ​ട്ടേ​മ്പ്രം സ്​കൂൾ ഓഫ്​ ആർട്​സ്​ ആൻറ്​ ഈസ്​തെറ്റിക്​സിൽ

രാഷ്ട്രീയജാഗ്രതയുടെ ജെ.എൻ.യു

മലയാളത്തിൽ ഏറ്റവും കൂടുതൽ അപഹസിക്കപ്പെട്ട വാക്കുകളിലൊന്നാണ് ‘ബുദ്ധിജീവി' എന്നത്. ‘ഇന്റലക്റ്റ്' എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായി വിനിയോഗിക്കപ്പെട്ടതാണതെങ്കിലും, ആ പദത്തിൽ നിത്യജീവിതബന്ധമില്ലാത്ത ഒരപരത്വം ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നു. ജനപ്രിയസിനിമകളിൽ കവികളെയോ കലാകൃത്തുക്കളെയോ എന്നപോലെതന്നെ അപഹസിക്കപ്പെടേണ്ടുന്ന ഒരു വിഭാഗമായി ബുദ്ധിജീവിതത്തെ പൊതുമലയാളം ദൈനംദിന വ്യവഹാരത്തിൽ മാറ്റിയെടുത്തു. ബുദ്ധിജീവിതമെന്ന വാക്ക് കേൾക്കുമ്പോഴെല്ലാം അതുകൊണ്ടുതന്നെ ഒരുതരം വ്യാജകല്പനയായി അത് മാറിക്കഴിഞ്ഞിരിക്കും. എന്നാൽ അതിന്റെ മറുപുറം ‘ബുദ്ധിവിരുദ്ധത’യാണ് എന്ന് നാം ഓർക്കാറില്ല. ബുദ്ധിജീവിതത്തെ അപഹസിക്കുമ്പോൾ ഒരാൾ ബുദ്ധിവിരുദ്ധതയുടെ പക്ഷം ചേരുകയാണ്. അത് ആൾക്കൂട്ടനീതി നടപ്പാക്കുന്നു. അത് ഇഷ്ടഭക്ഷണത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നു, അത് വ്യാജചരിത്രനിർമിതി കൊണ്ടും ഫാന്റസി കൊണ്ടും സമകാലികതയെ പുറകോട്ടടിപ്പിക്കുന്നു.

ജെ.എൻ.യു എല്ലാക്കാലത്തും ഇന്ത്യയുടെ ബുദ്ധിജീവിതത്തിന്റെ തിളങ്ങുന്ന അധ്യായമാണ്, അതിനകത്തെ ആന്തരികവൈരുദ്ധ്യങ്ങളെ ഓർത്തുകൊണ്ടുതന്നെ. എന്തുകൊണ്ട് എന്നു ചോദിച്ചാൽ, ജെ.എൻ.യു അഡിമിനിസ്​ട്രേഷൻ ബിൽഡിംഗിന്റെ വാതിൽമുഖത്ത് പുതുതായി പ്രത്യക്ഷപ്പെട്ട വിവേകാനന്ദപ്രതിമക്കുനേരേ പുറകിൽ, അറുപതടിയകലത്തിൽ ഈ യൂണിവേഴ്സിറ്റിയുടെ കാരണഭൂതനായ ജവഹർലാൽ നെഹ്റു നടന്നിട്ടും നടന്നിട്ടും എത്താത്ത നിലയിൽ ശില്പരൂപമായി ഇപ്പോഴും തുടരുന്നുണ്ട്. നെഹ്റുശില്പത്തിന്റെ അടിത്തറയിൽ ഇടതുഭാഗത്തായി ഇങ്ങനെ വായിക്കാം: ‘A university stands for humanism, for tolerance, for reason, for the adventure of ideas and for the search of truth. It stands for the onward march of the human race towards ever higher objectives. If the universities discharge their duties adequately, then it is well within the nation and the people'.

ഈ താതവാക്യം ക്രമേണ മാഞ്ഞുപോയ ഒരു കാലം കൂടിയാണ് കടന്നുപോയത്.

ജെ.എൻ.യുവിലെ നെഹ്​റു സ്​ക്വയർ

2011ൽ തീർത്തും അപരിചിതനായി ഇവിടെയെത്തുമ്പോൾ കാമ്പസ് ചുവരുകൾ നിറയെ കലഹിക്കുന്ന ചിത്രങ്ങളായിരുന്നു. അതിൽ ഇന്ത്യയെക്കുറിച്ചുള്ള രാഷ്ട്രീയ വേവലാതികൾ നിറഞ്ഞുനിന്നിരുന്നു. ധാബകളിലും ഹോസ്റ്റൽ മുറികളിലും രാവേറേ ചെല്ലുമ്പോഴും തുടരുന്ന സംവാദങ്ങൾ, വായനയുടെ ഉന്മാദങ്ങൾ, ലോകത്തെ മറ്റൊരു രീതിയിൽ കാണാൻ ശ്രമിക്കുന്ന ഒരു യുവതയുടെ അപൂർവ്വമായ കൂടിച്ചേരൽ. ഇന്ത്യൻ ബഹുസ്വരതയുടെ വജ്രശോഭയുള്ള ഒരു കാലത്തിൽ നിന്ന്​ രണ്ടാം മോദിക്കാലം താണ്ടുമ്പോൾ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ദിനങ്ങളിൽ എത്തിനിൽക്കുന്ന സന്ദർഭത്തിലാണ് ഞങ്ങളുടെ ബാച്ച് ജെ.എൻ.യുവിന്റെ പടിയിറങ്ങുന്നത്. ജനതയെ വർഗീയമായി വിഭജിച്ച് ഭരിക്കാമെന്ന തീവ്രവലതുപക്ഷാശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്ന, (കപട)ദേശീയതയുടെ പേരിൽ ‘അഹിന്ദുക്കൾ' വേട്ടയാടപ്പെടുന്ന, ഭരണഘടനതന്നെയും മാറ്റിയെഴുതാനൊരുമ്പെടുന്ന ഏകശിലാത്മക ഭരണസങ്കല്പത്തിന്റെ നാളുകളിൽ തുടക്കം മുതൽ ജെ.എൻ.യുവിന്റെ മതേതരസമന്വയം അപകടത്തിലായിരുന്നു. രാഷ്ട്രീയവിമർശത്തിന്റെ ജെ.എൻ.യു മാതൃക പരക്കെ ആക്രമിക്കപ്പെട്ടു. ഇന്ത്യയിലെ ജ്ഞാനാന്വേഷികളെ തിരഞ്ഞുപിടിച്ച് തുറുങ്കിലടയ്ക്കുമ്പോൾ ജെ.എൻ.യു അധ്യാപക-വിദ്യാർത്ഥിസമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചുകൊണ്ടിരുന്നു. ദേശസ്നേഹത്തിന്റെ ലിറ്റ്മസ് ടെസ്റ്റുകളായിരുന്നു ആദ്യം ജെ.എൻ.യുവിനുമേൽ പ്രയോഗിച്ചതെങ്കിൽ, പതുക്കെപ്പതുക്കെ ഒരു സർവ്വകലാശാലയുടെ സ്വഭാവം തന്നെ മാറ്റിത്തീർക്കാൻ കെല്പുള്ള നിരവധിയനവധി പിടിവാശികൾ വിജയിക്കുന്നതും നാം കണ്ടു. പ്രതിരോധത്തിന്റെ ശബ്ദം നേർപ്പിച്ചെടുക്കാൻ ഈ നിരന്തര ഇടപെടലുകൾ കാരണമായി. നീതി തേടി അധ്യാപകരും വിദ്യാർത്ഥികളും ഇപ്പോഴും കോടതി കയറുന്നു. വിദ്യാഭ്യാസം അതിന്റെ എല്ലാ അർത്ഥത്തിലും ഒളിച്ചുകടത്തേണ്ട ഒന്നായിമാറി.

ജെ.എൻ.യുവിലെ ഒരു സമരകാലം

പരീക്ഷ പാസ്സാവൽ മാത്രമല്ല വിദ്യാഭ്യാസം എന്നും കേവലം ജീവസന്ധാരണത്തിനുള്ള വഴി മാത്രമല്ല അതെന്നും പഠിപ്പിച്ചത് ഈ സർവ്വകലാശാലയാണ്. രാഷ്ട്രീയമായ ഉൾക്കാഴ്ചയോടെ ജീവിതത്തെ നോക്കിക്കാണാനും അപരരോടുള്ള കരുണയിൽനിന്നും രൂപംകൊള്ളുന്ന വിശാലമാനവികതയെ അനുശീലിക്കാനും എനിക്കപ്രാപ്യമായിരുന്ന അറിവിന്റെ വാതിലുകൾ തുറന്നുതരാനും ഈ സർവ്വകലാശാലയ്ക്ക് കഴിഞ്ഞു. അധികാരത്തിന്റെ മേൽകീഴ്ബന്ധങ്ങളിലൂടെ മാത്രം അധ്യാപക-വിദ്യാർത്ഥിബന്ധത്തെ അറിഞ്ഞ ഞങ്ങളിൽ ചിലർക്ക് ഇവിടുത്തെ ക്ലാസ് മുറികളിലെ സമശീർഷ്യത അമ്പരിപ്പിക്കുന്നതായിരുന്നു. ‘വല്ല കൂലിപ്പണിക്കും പൊയ്ക്കൂടെ?' എന്ന സ്‌കൂൾ ക്ലാസിലെ അധ്യാപകതമാശകളിൽനിന്ന്, ‘യു ഹാവ് മെയ്ഡ് എ വെരി ഇൻസൈറ്റ്ഫുൾ ഒബ്സർവേഷൻ. കുഡ് യു പ്ലീസ് എലാബറേറ്റ് ഇറ്റ് എ ബിറ്റ് മോർ?' എന്ന് ഒരു ടീച്ചർ നമ്മെ കേൾക്കാൻ തുനിയുന്നു. ക്ലാസ് കഴിഞ്ഞ് അവർക്കൊപ്പം ചായകുടിച്ച് പിരിയുന്നു.

അറ്റൻഡൻസിന്റെയോ അസൈൻമെന്റിന്റെയോ കാർക്കശ്യമില്ലാതെ തോളൊപ്പം ചേർന്നുള്ള ഈ അറിവന്വേഷണം എന്റെ ബലഹീനതകളെ കുടഞ്ഞെറിഞ്ഞു. ആജന്മ ആണത്തത്തിന്റെ ആനുകൂല്യത്തിൽ വിരാജിച്ചുപോന്ന ഒരു കൗമാര-യൗവ്വനത്തെ ലിംഗനിരപേക്ഷമായ ശരീരബോധത്തിലേക്ക് കൈപിടിച്ചുനടത്തി. എല്ലാവർക്കും അവരവരെ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം വകവെച്ചുകൊടുത്ത ഒരിടം. അന്യന്റെ മേൽ അധികാരം സ്ഥാപിച്ചുനേടുന്ന ബഹുമാനം പാടെ ഉപേക്ഷിച്ച അധ്യയന അന്തരീക്ഷം (പിൽക്കാലം ഭരണപക്ഷക്കൂറുമാത്രം മുതലാക്കി നിയമിക്കപ്പെട്ടവർ അധികാരപ്പശ പുനരാനയിക്കുന്നുവെന്നതിന് തെളിവുകളേറെ).

വിദ്യാഭ്യാസം ഏറ്റവും മുന്തിയ വ്യവസായമായ ഇക്കാലത്ത് ചിന്തിക്കാൻ പറ്റാത്ത ഫീസ് ഘടനയുമായാണ് ജെ.എൻ.യു നിലനിന്നത്. 180 രൂപ മാത്രമാണ് ഒരു സെമസ്റ്റർ ഫീയായി ഒടുക്കേണ്ടിയിരുന്നത്. ഹോസ്റ്റൽ മുറിവാടക സെമസ്റ്ററിൽ 60 രൂപയും. മെസ്സ് ഫീ മാത്രം ഓരോ ഘട്ടത്തിലും മാറിക്കൊണ്ടിരിക്കും. എങ്കിലും മാസം രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാവും അതും. തുച്ഛമായ പഠനച്ചെലവിൽ ഏറ്റവും അടിത്തട്ടിലെ മനുഷ്യർ വരെ പഠിക്കാനെത്തുന്ന ഈ സൗഭാഗ്യത്തെയാണ് ഒരു വിഭാഗമാളുകൾ ‘ഞങ്ങളുടെ നികുതിപ്പണത്തിന്റെ ആനുകൂല്യത്തിൽ' എന്ന വാക്യത്തിൽ എതിർത്ത് തോല്പിക്കുന്നത്.

സുധീഷ്​ കോ​ട്ടേ​മ്പ്രം

​​​

ജെ.എൻ.യു ദേശദ്രോഹികളുടെ താവളമായി ചിത്രീകരിക്കപ്പെട്ടത് വളരെ എളുപ്പത്തിലാണ്. അതിന് ബുദ്ധിവിരുദ്ധതയുടെ ആൾക്കൂട്ടപ്പിന്തുണയേറി. രാഷ്ട്രീയവിമർശം ദേശദ്രോഹമല്ലെന്ന് തെളിയിക്കേണ്ട ബാധ്യത അധ്യാപകരിലും വിദ്യാർത്ഥികളിലുമായി. നിരന്തരസംവാദസദസ്സുകൾ ക്രമേണ ഇല്ലാതായി. രാത്രിജീവിതത്തിന് കടിഞ്ഞാണിട്ടു. ജാതിബ്രാഹ്‌മണ്യത്തിന്റെ മറഞ്ഞിരുന്ന ഗർവ്വുകൾ പുനരനായിക്കപ്പെട്ടു. അവിടെ പുറന്തള്ളപ്പെടുന്നവരുടെ പട്ടിക നീണ്ടു. ആളുകൾ തമ്മിൽ കാണാനുള്ള അവസരങ്ങൾ കുറഞ്ഞു. ഒരു സർവ്വകലാശാലയുടെ സർവ്വസൗന്ദര്യവുമണിഞ്ഞുനിന്ന കാലം മുതൽ അതിന്റെ അടിക്കല്ലിളകുന്ന സമീപകാലം വരെ ഒപ്പം സഞ്ചരിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഞാനതിന്റെ വിപരിണാമത്തെ വേദനയോടെ നോക്കിനിൽക്കുന്നു.

കലാഗവേഷണത്തിന്റെ ഭാവി

തൊണ്ണൂറുകൾക്കുശേഷം മലയാളികളുടെ ദേശീയവും അന്തർദേശീയവുമായ കല തേടിയുള്ള കുടിയേറ്റങ്ങൾ വർധിച്ചുവന്ന ഘട്ടമാണ്. ഇപ്പോഴും കലയിൽ ഉന്നതബിരുദം നേടാൻ നാം ആശ്രയിക്കുന്ന സ്ഥാപനങ്ങളെല്ലാം കേരളത്തിന് പുറത്താണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കലാവിദ്യാർത്ഥികൾ അഡ്മിഷൻ തേടിവരുന്നതും കേരളത്തിൽനിന്നാണെന്ന് കാണാം. ബറോഡയിലെയും കൽക്കത്തയിലെയും ഹൈദരബാദിലെയും ഡൽഹിയിലെയും കലാസ്ഥാപനങ്ങളിലെ മലയാളി സാന്നിധ്യം ഇത് തെളിയിക്കുന്നു. ജെ.എൻ.യു വിൽ കലാപരിശീലനത്തിന്റെ കോഴ്സില്ല, അത് തികച്ചും കലാചരിത്ര- വിമർശപദ്ധതികളുടെ പാക്കേജായാണ് നിലനിൽക്കുന്നത്. എല്ലാവരും കവികളായ റിപ്പബ്ലിക് എന്ന് മലയാളി ഓൺലൈൻ ദൃശ്യതയെപ്പറ്റി പറയുന്നതുപോലെ, എല്ലാവരും കലാകാരരായ മലയാളി കലാസമൂഹത്തിൽ കലാനിരൂപണത്തിന്റെയും വിമർശനത്തിന്റെയും ഒരു സമാന്തരപാത തുറന്നിരിക്കുന്നുവെന്നതാണ് ഇപ്പോൾ ഇന്ത്യയിലെ പലയിടത്തും കലയിൽ ഗവേഷണം ചെയ്യുന്ന പുതുതലമുറ വിദ്യാർത്ഥികൾ മുന്നോട്ട് വെക്കുന്ന വാഗ്ദാനം. കാല്പനികമായ കലാകാര സ്വത്വനിർമ്മിതിയിൽ നിന്നുള്ള വിടുതലും കലയെ സമൂഹത്തിന്റെ നാനാതരമായ ജീവിതവ്യവഹാരങ്ങളുടെ തുടർച്ചയായി കാണാൻ കഴിയുന്ന അന്തർവിഷയപരമായ ഇടപെടലുകളും ഈ രംഗത്തുനിന്ന് ഉയർന്നുവരുന്ന ഗുണാത്മകമായ രീതിശാസ്ത്രമാണ്. കലയെ കലാകൃത്തിന്റെ മാത്രം സവിശേഷബുദ്ധിയുടെ ഉല്പന്നമെന്ന നിലയിൽ രൂപപ്പെടുത്തിയ ‘ആർട്ടിസ്റ്റിക് ഓട്ടോണമി'യിൽ നിന്ന് സാമൂഹികജീവിതത്തിന്റെ കൂടി ഉല്പന്നമായി കലയെ മനസ്സിലാക്കുന്ന ‘ആർട്ടിസ്റ്റിക് സിറ്റിസെൻഷിപ്പി'ന്റെ സന്ദർഭത്തിലേക്ക് ഇത്തരം പഠനങ്ങൾ നമ്മെ ക്ഷണിക്കുന്നു. അതിനൊപ്പം ചേരാൻ കഴിഞ്ഞതിൽ എന്റെയുള്ളിലെ അവഗണിക്കപ്പെട്ട കുട്ടി സന്തോഷിക്കുന്നു. ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കലാസമൂഹത്തിൽ നിന്നുതന്നെ നേരിടേണ്ടിവരുന്ന വിഭാഗീയതകളെ നിർമമതയോടെ നേരിടാൻ അതെന്നെ പ്രാപ്തനാക്കുന്നു.

ജെ.എൻ.യുവിലെ ഇലക്ഷൻ പ്രചാരണം

ഇപ്പോൾ ഡൽഹിയിലെ ഇളംനീല മഞ്ഞുകാലത്തിന് പതിവിൽക്കവിഞ്ഞ തണുപ്പ്. ചുവരടയാളങ്ങൾ മാഞ്ഞുപോയ ജെ.എൻ.യുവിലെ കാമ്പസിലൂടെ വെറുതെ നടക്കുമ്പോൾ കാണാം, ഫ്രീഡം സ്‌ക്വയറിൽ അലങ്കാരച്ചെടികൾ പൂത്തുനിൽക്കുന്നു. പോയകാല മുദ്രാവാക്യങ്ങളുടെ അലയൊലികൾ പോലെ അതിനുചുറ്റും പരക്കുന്ന മൂകത. ബ്രഹ്‌മപുത്ര ഹോസ്റ്റലിന്റെ മുൻപിലെ ധാബകളിലൊന്നിലിരുന്ന് കടക്കാരൻ ഭയ്യ തണുത്ത ശബ്ദത്തിൽ ചോദിച്ചു. ‘ഭായ്സാബ് ആപ് കബ് ജാ രഹാ ഹേ?'
‘മേം തുരന്ത് ചലാ ജാവൂംഗാ' എന്നുമാത്രം പറഞ്ഞു.

അയാളുടെ മുഖത്തെ പ്രാചീനമായ നിർമമത എന്നെയും പൊതിഞ്ഞു.

ഏറ്റവും വ്യക്തിപരമായതുകൂടി സാമൂഹികമായി തീർന്ന അടച്ചിരിപ്പിന്റെ നാളുകൾക്ക് ശേഷം കൈവന്ന പുതുലോകത്തെളിച്ചം 2022 നുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി പലപ്പോഴും നാം നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് വലിച്ചറിയപ്പെടുന്ന സന്ദർഭങ്ങളും ധാരാളമുണ്ടായി. ഗവേഷണപ്രവർത്തനങ്ങളുടെ ഭാഗമായ വായനകൾക്കപ്പുറം കാര്യമായി ഒന്നും വായിക്കാൻ കഴിയാത്ത വർഷമാണ് കടന്നുപോകുന്നത്. പാർത്ഥാ മിത്തറും പാറുൽ ദാവേ മുഖർജിയും രാഖി ബൽറാമും ചേർന്ന് എഡിറ്റ് ചെയ്ത 20th Century Indian Art എന്ന പുസ്തകമാണ് 2022-ൽ ഇറങ്ങിയവയിൽ പ്രധാനപ്പെട്ട ഒന്ന്. വിനിൽ പോളിന്റെ ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം', സജീവ് പി.വി. എഡിറ്റ് ചെയ്ത ‘ചിന്താചരിത്രം: ആധുനിക കേരളത്തിന്റെ ബൗദ്ധികചരിത്രങ്ങൾ', പ്രസാദ് പന്ന്യൻ എഡിറ്റ് ചെയ്ത ‘ആർ യു ഹ്യൂമൻ? മനുഷ്യേതര മാനവികതയ്ക്ക് ഒരാമുഖം' തുടങ്ങിയ പുസ്തകങ്ങൾ വായനയിൽ മുതൽക്കൂട്ടായി. ഏറ്റവും കൂടുതൽ കവിതകളും കുറച്ച് കഥകളും വായനയിൽ ഇടം പിടിച്ചു. ഏറ്റവും കുറച്ച് കവിതകൾ എഴുതി.

കവിതാപുസ്തകമായ ‘ചിലന്തിനൃത്ത'ത്തിന് ഒട്ടേറെ അംഗീകാരങ്ങൾ വന്നുചേർന്ന വർഷം കൂടിയാണിത്. ‘ടെയ്ക്ക് ഓൺ ആർട്ട്' ഡൽഹിയിൽ നടത്തിയ ആർട്ട് റൈറ്റേഴ്സ് സിംപോസിയത്തിൽ മലയാളത്തെ പ്രതിനിധീകരിച്ച് വിഷയമവതരിപ്പിക്കാൻ കഴിഞ്ഞതും എന്റെ 2022-നെ മികവുറ്റതാക്കുന്നു. മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾക്കപ്പുറത്ത് ഓൺലൈൻ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത്തായ വർഷം. ട്രൂ കോപ്പി തിങ്കിന്റെ ടാഗ്​ലൈനിൽ പറയുന്നതുപോലെ ‘റീഡേഴ്സ് ആർ തിങ്കേഴ്സ്' എന്ന പരിഗണനയിൽ ഒരു ഡിജിറ്റൽ വായനാസമൂഹം സാധ്യമാണെന്ന് അവർ തെളിയിച്ചു. ഒപ്പം ‘ദി മലബാർ ജേർണൽ' പോലുള്ള പുതിയ മാധ്യമസംരഭങ്ങളും ഈ വർഷത്തെ മികവുറ്റതാക്കി. ആലഭാരങ്ങളില്ലാതെ, നഷ്ടബോധങ്ങളില്ലാതെ, നിരന്തരസർഗാത്മകതയുടെ ഒരു പുതുപ്പിറവിയിലേക്ക് ഞാൻ കണ്ണുപായിക്കുന്നു.

Comments