അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.

യുക്തിവാദത്തിന്റെ
ഇന്ത്യൻ പ്രയോഗങ്ങൾ

മത- ജാതി വികാരങ്ങൾ രാഷ്ട്രീയത്തിൽ പ്രകടമാണ്​. മതത്തിന്റെ പേരിലുള്ള യുക്തിരഹിതമായ പ്രചാരണങ്ങൾ ജനങ്ങളെ വ്യാപകമായി വഴിതെറ്റിക്കാറുണ്ട്. സമൂഹത്തിൽ ജാതിവിവേചനം ആഴത്തിൽ വേരോടിയിരിക്കയാണ്.

ഡോക്ടറുടെ
ഓർമക്കുറിപ്പടി- നാല്

നൂറ്റാണ്ടുകളായി യുക്തിവാദം എപ്പോഴും സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലും വിദേശത്തും യുക്തിവാദത്തിനും സ്വതന്ത്രചിന്തക്കും സ്വീകർത്താക്കൾ കൂടിവരികയാണ്. തിരിച്ചടികളുണ്ടാകുമ്പോൾ മനുഷ്യർ ചിന്തിക്കാനും പ്രതികരിക്കാനും ആരംഭിക്കുന്നു.

1347 മുതൽ 1350 വരെ യൂറോപ്പിലെ ജനങ്ങളിലെ മൂന്നിലൊന്ന് പകർച്ചവ്യാധികളാൽ തുടച്ചു നീക്കപ്പെട്ടു. കറുത്ത മരണം എന്നറിയപ്പെടുന്ന ബുബോണിക് പ്ലേഗ് ആക്രമണത്തിനുശേഷം മനുഷ്യർ വീണ്ടുവിചാരം നടത്താനാരംഭിച്ചു. ശാസ്ത്രീയ അറിവുകളുടെ അടിസ്ഥാനത്തിൽ അവർ പ്രകൃത്യാതീതശക്തികളെയും ദൈവത്തെയും നിരാകരിച്ച് സ്വതന്ത്രമായി ചിന്തിക്കാനാരംഭിച്ചു. ദൈവവും വിശ്വാസങ്ങളും തങ്ങളെ കറുത്ത മരണത്തിൽനിന്ന് രക്ഷിക്കില്ലെന്ന് അവർ തിരിച്ചറിഞ്ഞു. അപ്രകാരമാണ് സാവധാനം യൂറോപ്പിൽ നിരീശ്വരയുക്തിചിന്തയും നവോത്​ഥാനവും പടർന്നുപിടിച്ചത്. സാമൂഹ്യവും സാംസ്‌ക്കാരികവും സാമ്പത്തികവും വിശ്വാസപരവുമായ ദൂരവ്യാപക മാറ്റങ്ങളിലേക്ക് അത് നയിച്ചു.

1347 മുതൽ 1350 വരെ യൂറോപ്പിലെ ജനങ്ങളിലെ മൂന്നിലൊന്ന് പകർച്ചവ്യാധികളാൽ തുടച്ചു നീക്കപ്പെട്ടു. കറുത്ത മരണം എന്നറിയപ്പെടുന്ന ബുബോണിക് പ്ലേഗ് ആക്രമണത്തിനുശേഷം മനുഷ്യർ വീണ്ടുവിചാരം നടത്താനാരംഭിച്ചു. / Photo: Wikimedia Commons
1347 മുതൽ 1350 വരെ യൂറോപ്പിലെ ജനങ്ങളിലെ മൂന്നിലൊന്ന് പകർച്ചവ്യാധികളാൽ തുടച്ചു നീക്കപ്പെട്ടു. കറുത്ത മരണം എന്നറിയപ്പെടുന്ന ബുബോണിക് പ്ലേഗ് ആക്രമണത്തിനുശേഷം മനുഷ്യർ വീണ്ടുവിചാരം നടത്താനാരംഭിച്ചു. / Photo: Wikimedia Commons

അത്രക്ക് വിനാശകരമല്ലെങ്കിലും കോവിഡ് മഹാമാരി ഇന്ത്യയിൽ ഈ രംഗത്തുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് അന്വേഷിക്കുന്നത് രസകരമായിരിക്കും. പതിവുപോലെ പ്രാർത്ഥനകളും ആചാരങ്ങളും അരങ്ങേറി. മാംഗ്ലൂരിലെ യുക്തിവാദി സംഘടനയുടെ നേതാവായ നരേന്ദ്രനായിക് പറയുന്നു; ‘ഈ സന്ദിദ്ധഘട്ടം യുക്തിപൂർവ്വമായും വിവേചനപരമായും ചിന്തിക്കുവാനും നിർണ്ണായക ചോദ്യങ്ങൾ ചോദിക്കുവാനും ജനങ്ങളെ പ്രാപ്തരാക്കിയ അനർഘനിമിഷം കൂടിയായിരുന്നു.'

ശാസ്ത്രീയ വീക്ഷണവും മതനിരപേക്ഷതയും പ്രോത്സാഹിപ്പിച്ച നെഹ്‌റുവിനെയും ആ പാരമ്പര്യത്തെയും നിർദ്ദയം നുണപ്രചാരണം കൊണ്ടഭിഷേകം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

എന്നാൽ ആ മഹാമാരി അതിർത്തികളെല്ലാം ഭേദിച്ചു. വിളക്കു കത്തിക്കൽ തുടങ്ങി ഗോമൂത്രം കുടിക്കൽ വരെ, പരിണാമപരമായി മേൽക്കൈ നേടിയ വൈറസിനെ നേരിടാനായി ഉപയോഗിച്ചു തുടങ്ങി. ഇന്ത്യയിലെ പാവപ്പെട്ട പശുക്കൾക്ക് തങ്ങളൊരു രാഷ്ട്രീയമൃഗമായി മാറിയ വിവരം അറിയില്ലായിരുന്നു. ഭരിക്കുന്ന പാർട്ടി ഭരണഘടനപ്രകാരം ശാസ്ത്രബോധം വളർത്തേണ്ടതിനുപകരം അന്ധവിശ്വാസം പ്രചരിപ്പിക്കാൻതുടങ്ങി. കേരളത്തിലെ ഒരു യുക്തിവാദി നേതാവ് വിലപിച്ചു; 'നമുക്ക് ശാസ്ത്രീയ ചിന്ത പ്രോത്സാഹിപ്പിക്കാത്ത സർക്കാറാണുള്ളത്.'

ശാസ്ത്രീയ വീക്ഷണവും മതനിരപേക്ഷതയും പ്രോത്സാഹിപ്പിച്ച നെഹ്‌റുവിനെയും ആ പാരമ്പര്യത്തെയും നിർദ്ദയം നുണപ്രചാരണം കൊണ്ടഭിഷേകം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അദ്ദേഹം തുടരുന്നു; ‘ശാസ്ത്രബോധം വളർത്തേണ്ടതിനുപകരം മന്ത്രിമാരും മുതിർന്ന രാഷ്ട്രീയനേതാക്കളും കാലത്തിന് നിരക്കാത്ത ആധുനിക വിരുദ്ധമായ പ്രചാരണമാണ് ഈ മഹാമാരിക്കാലത്ത് ചെയ്തുകൊണ്ടിരുന്നത്.'
ഭരണരംഗത്തുള്ളവർ ശാസ്ത്രീയ വിവരങ്ങൾ പറയേണ്ടതിനുപകരം ശാസ്ത്രാഭാസങ്ങളായ അന്ധവിശ്വാസ പ്രചാരണത്തിലാണ് ഏർപ്പെട്ടിരുന്നതെന്ന ദുഃഖകരമായ സത്യം അവശേഷിക്കുന്നു.

വിളക്കു കത്തിക്കൽ തുടങ്ങി ഗോമൂത്രം കുടിക്കൽ വരെ, പരിണാമപരമായി മേൽക്കൈ നേടിയ വൈറസിനെ നേരിടാനായി ഉപയോഗിച്ചു തുടങ്ങി. ഭരിക്കുന്ന പാർട്ടി ഭരണഘടനപ്രകാരം ശാസ്ത്രബോധം വളർത്തേണ്ടതിനുപകരം അന്ധവിശ്വാസം പ്രചരിപ്പിക്കാൻ തുടങ്ങി. / Photo: Narendra Modi Twitter
വിളക്കു കത്തിക്കൽ തുടങ്ങി ഗോമൂത്രം കുടിക്കൽ വരെ, പരിണാമപരമായി മേൽക്കൈ നേടിയ വൈറസിനെ നേരിടാനായി ഉപയോഗിച്ചു തുടങ്ങി. ഭരിക്കുന്ന പാർട്ടി ഭരണഘടനപ്രകാരം ശാസ്ത്രബോധം വളർത്തേണ്ടതിനുപകരം അന്ധവിശ്വാസം പ്രചരിപ്പിക്കാൻ തുടങ്ങി. / Photo: Narendra Modi Twitter

‘ചെകുത്താൻ ഒരിക്കലും ഉറങ്ങുന്നില്ല' എന്ന പഴഞ്ചൊല്ല് എന്നും ശക്തമാണ്. കർണ്ണാടകത്തിലെ യുക്തിവാദി നേതാവായ എം. എം. കൽബുർഗി വധിക്കപ്പെട്ടതിലൂടെ യാഥാസ്ഥിക ശക്തികൾക്ക് സ്വതന്ത്രചിന്തയെ നിയന്ത്രിക്കാനായില്ല. കൂടുതൽ ശക്തിയോടെ അത് പ്രകാശിക്കുകയായിരുന്നു. യുവാക്കൾ കുറേക്കൂടി പ്രവർത്തനസന്നദ്ധരായി വന്നു. തിന്മയുടെമേൽ നന്മക്ക് വിജയം കൈവരിക്കാൻ കുറച്ചുകൂടി ശ്രമം മാത്രമേ ആവശ്യമുള്ളൂ.

ഇന്ത്യൻ ജയിലുകളിൽ കിടക്കുന്നവരിൽ മഹാഭൂരിപക്ഷവും വധശിക്ഷ ലഭിക്കുന്നവരിൽ മഹാഭൂരിപക്ഷവും ദലിത് ബഹുജനായിരിക്കും. ഇവരെല്ലാം ജന്മനാ കുറ്റവാളികളാണോ? സവർണരിൽ കുറ്റവാസന കുറവാണോ?

യാഥാസ്ഥിക പിന്തിരിപ്പൻ ഫാഷിസ്റ്റ് ശക്തികളുടെ അക്രമികളുടെ തോക്കിനിരയായി 2013-ൽ നരേന്ദ്ര ധബോൽക്കർ, എം. എം. കൽബുർഗി (2015) ഗോവിന്ദ് പൻസാരെ (2015) എന്നിവർ വധിക്കപ്പെട്ടു. മതവിദ്വേഷം പരത്തുക എന്നത് അവരൊരു രാഷ്ട്രീയനയമായി സ്വീകരിച്ചിരിക്കുന്നു. അതിൽ വിജയം കാണുന്നതാണ് അത് കൂടുതൽ മുറുകെപ്പിടിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്​. പലപ്പോഴും യുവാക്കൾ ഈ തരം വിഷലിപ്തപ്രചാരണത്തിനിരയാകുന്നു എന്നത് പുരോഗമനപ്രസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.

വ്യത്യസ്തമായ ധാരാളം കഴിവുകളുള്ള നിസ്വാർത്ഥനായിരുന്നു ധബോൽക്കർ. മെഡിക്കൽ ഡോക്ടറായിരുന്ന അദ്ദേഹത്തിന് സാമൂഹ്യസേവനത്തിൽ താൽപ്പര്യമുണ്ടായിരുന്നു. മിടുക്കനായ കബഡി കളിക്കാരനുമായിരുന്നു. അദ്ദേഹത്തിന്റെ ജില്ലാ ടീം അശ്വനി കുമാർ ഭോയർ സ്വർണക്കപ്പ് നേടി. ഇന്ത്യക്കുവേണ്ടി ബംഗ്ലാദേശിനെതിരെയും കബഡി കളിച്ചു. സോഷ്യലിസ്റ്റ് ലേബർ നേതാവ് ബാബ അഥവിന്റെ 'ഒരു ഗ്രാമം ഒരു കിണർ' പരിപാടിയിൽ ആകൃഷ്ടനായി മെഡിക്കൽ പ്രാക്ടീസ് നിർത്തി ആ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. മുഴുവൻ സമയ സാമൂഹ്യസേവനവും സാംസ്‌കാരികപരിവർത്തനവും ലക്ഷ്യമാക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്​.

നരേന്ദ്ര ധബോൽക്കർ, എം. എം. കൽബുർഗി, ഗോവിന്ദ് പൻസാരെ
നരേന്ദ്ര ധബോൽക്കർ, എം. എം. കൽബുർഗി, ഗോവിന്ദ് പൻസാരെ

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജാതിവ്യവസ്ഥയാണ് ഇന്ത്യയിലെ എല്ലാ സാമൂഹ്യതിന്മകളുടെയും അടിസ്ഥാനം. ഇതിനെതിരെ ചൈനയിൽ അരങ്ങേറിയതുപോലെ ഒരു സാംസ്‌കാരിക വിപ്ലവമുണ്ടാകാതെ ഒന്നും ശരിയാവുകയില്ല എന്ന നിഗമനത്തിലെത്തി. അങ്ങനെ ജാതി നിർമ്മൂലനത്തിനായി പ്രവർത്തനം ആരംഭിച്ചു. ജാതിഭീകരർ വധിക്കുന്നതിനുമുമ്പ് ധബോൽക്കർ ഒരു ടി. വി. പാനൽ ചർച്ചയിൽ പങ്കെടുത്ത്, നാസിക്കിലെ മിശ്രവിവാഹിതയായ പെൺകുട്ടിയെ പിതാവ് കൊല്ലാനിടയായ സംഭവം ജാതിപഞ്ചായത്തുകൾ നിലവിലുള്ളതിനാലാണെന്ന് ആരോപിച്ചിരുന്നു. ഈ പ്രസ്താവനയാണ് ശരിക്കും ജാതിവാദികളെ വിറളി പിടിപ്പിച്ചത്. തുടർന്ന് ജാതി ഫാഷിസ്റ്റുകൾ പ്രകോപിതരാവുകയും അവർ ധബോൽക്കറെ വധിക്കുകയുമായിരുന്നു.

നിയമമുണ്ടെങ്കിലും അത് വ്യാഖ്യാനിച്ച് വിധിച്ചു വരുമ്പോൾ കുറ്റം ചെയ്ത പ്രബലർ രക്ഷപ്പെടുകയും ദുർബ്ബർക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

മുപ്പതുവർഷമായി മത- ജാതി വികാരങ്ങൾ രാഷ്ട്രീയത്തിൽ പ്രകടമാണ്​. മതത്തിന്റെ പേരിലുള്ള യുക്തിരഹിതമായ പ്രചാരണങ്ങൾ ജനങ്ങളെ വ്യാപകമായി വഴിതെറ്റിക്കാറുണ്ട്. സമൂഹത്തിൽ ജാതിവിവേചനം ആഴത്തിൽ വേരോടിയിരിക്കയാണ്. ‘ആര്യാവർത്തത്തിലെ മനുവാദികൾ’ ചെയ്തുകൂട്ടുന്ന ഹീനകൃത്യങ്ങൾ മാധ്യമങ്ങളിൽ കാണാറുണ്ടല്ലോ. യഥാർത്ഥത്തിൽ അവ നാം കാണുന്നതിനും കേൾക്കുന്നതിനും അപ്പുറത്താണ്. സത്യം നാടകീയമല്ല, ഭീകരമാണ്.

ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ എഴുതപ്പെട്ട ഭരണഘടനയിൽ സദുദ്ദേശ്യത്തോടെ എഴുതപ്പെട്ട വകുപ്പുകൾ സംരക്ഷിക്കുവാൻ ജനാധിപത്യശക്തിയോ ജുഡീഷ്യൽ ശക്തിയോ ഇല്ലാത്തതിനാൽ അതിശക്തരായ ജാതിഫാഷിസ്റ്റുകളുടെ ആക്രമണത്തെ നേരിടാൻ കഴിയാതെ പോകുന്നു. പിന്നാക്ക- ദലിത് - ന്യൂനപക്ഷങ്ങൾ എന്നിവർക്ക് ജനാധിപത്യപരമായി പ്രാതിനിധ്യമില്ലാത്തതിനാൽ അവർക്ക് ആശ്വാസം നൽകുമായിരുന്ന വകുപ്പുകൾ സംരക്ഷിക്കുവാൻ കഴിയാതെ പോകുന്നു.

2016 ജൂലൈ 11 ന് ഗിർ സോമനാഥ് ജില്ലയിലെ ഉന പട്ടണത്തിൽ ചത്ത പശുവിന്റെ തോലുരിച്ചതിന് സവർണ്ണ ദർബാർ സമുദായക്കാരുടെ ആക്രമണത്തിനിരയായ സർവ്വയ്യ കുടുംബം.
2016 ജൂലൈ 11 ന് ഗിർ സോമനാഥ് ജില്ലയിലെ ഉന പട്ടണത്തിൽ ചത്ത പശുവിന്റെ തോലുരിച്ചതിന് സവർണ്ണ ദർബാർ സമുദായക്കാരുടെ ആക്രമണത്തിനിരയായ സർവ്വയ്യ കുടുംബം.

ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ (എച്ച്​) ആഹ്വാനം ചെയ്യുന്നത് എല്ലാ പൗരരോടുമായിട്ടാണ്: 'ശാസ്ത്രീയ മനോഭാവം വളർത്തണം, മാനവികതയും അന്വേഷണപരതയും വികസിപ്പിക്കണം, സാമൂഹ്യപരിഷ്‌കരണം വികസിക്കണം.'
എന്നാൽ ഈ ആഹ്വാനമനുസരിച്ച് പ്രവർത്തിച്ച ധബോൽക്കർക്ക് അത് മാരകമായി മാറി. യാഥാസ്ഥികത്വം ഒരു പോറലുമേൽക്കാതെ അതേപടി നിലനിർത്തുവാനാണ് ഫാഷിസ്റ്റ് ശക്തികൾക്ക് താല്പര്യം.

മതാധിഷ്ഠിത അസഹിഷ്ണുത രാജ്യം ഭരിക്കുമ്പോൾ പൂർണ സൂര്യഗ്രഹണം കാണാൻ ധാരാളം ജനങ്ങളെ ക്ഷണിക്കുന്നത് ചലർക്ക് വലിയ പ്രശ്‌നമാണ്. പല അന്ധവിശ്വാസങ്ങളും തകർന്ന് തരിപ്പണമാകുന്നത് അവരെ കൊലപാതകികളാക്കുന്നു. അവരുടെ സ്ഥാപിത താൽപര്യം തകരുന്നത് അവർക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്.

സവർണരിൽ, പ്രത്യേകിച്ച് ബ്രാഹ്മണരിൽ നിന്നാണ് മഹാഭൂരിപക്ഷം ജഡ്ജിമാരും വരുന്നതെന്നൊരു സത്യമാണ്. സവർണ വിഭാഗങ്ങൾക്ക് വമ്പിച്ച അധികാര കുത്തക നിലനിൽക്കുന്ന കാലത്തോളം ഈ സ്ഥിതിക്ക് മാറ്റം വരില്ല.

ഇന്ത്യൻ ശിക്ഷാനിയമം 259 ഐ. പി. സി. വകുപ്പനുസരിച്ച് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ചില നിയന്ത്രണങ്ങളുണ്ട്. ഇവിടെയാണ് അത്തരം മാനവികതയിലൂന്നിയ നിയമങ്ങൾ സംരക്ഷിക്കാൻ ജനാധിപത്യകക്ഷികൾക്ക് ശക്തിയില്ലെങ്കിൽ ആ നിയമത്തിന് കടലാസിന്റെ വിലപോലുമില്ലെന്ന് കാണാം.

പല സുപ്രധാന നിയമങ്ങളുടെയും വകുപ്പുകളുടെയും കാര്യത്തിൽ ജഡ്ജിമാർ വളയുന്നത് നാമെത്രയോ തവണ കണ്ടിരിക്കുന്നു. ഫാഷിസം ചെയ്യുന്ന അക്രമങ്ങൾ ശിക്ഷിക്കപ്പെടുന്നേയില്ല. ഇന്ത്യൻ ജയിലുകളിൽ കിടക്കുന്നവരിൽ മഹാഭൂരിപക്ഷവും വധശിക്ഷ ലഭിക്കുന്നവരിൽ മഹാഭൂരിപക്ഷവും ദലിത് ബഹുജനായിരിക്കും. ഇവരെല്ലാം ജന്മനാ കുറ്റവാളികളാണോ? സവർണരിൽ കുറ്റവാസന കുറവാണോ? സവർണരിൽ, പ്രത്യേകിച്ച് ബ്രാഹ്മണരിൽ നിന്നാണ് മഹാഭൂരിപക്ഷം ജഡ്ജിമാരും വരുന്നതെന്നൊരു സത്യമാണ്. സവർണ വിഭാഗങ്ങൾക്ക് വമ്പിച്ച അധികാര കുത്തക നിലനിൽക്കുന്ന കാലത്തോളം ഈ സ്ഥിതിക്ക് മാറ്റം വരില്ല.

ഡോ. ബി.ആർ. അംബേദ്കർ
ഡോ. ബി.ആർ. അംബേദ്കർ

ന്യൂനപക്ഷമായ മുസ്ലിംകൾക്കെതിരെ വിദ്വേഷപ്രസംഗങ്ങൾ നിർബ്ബാധം നടക്കുന്നു. അപ്രകാരം തിരിച്ച് ന്യൂനപക്ഷക്കാർ ചെയ്യുന്നില്ല. അവരതിന് മറുപടിയും പറയുന്നില്ല. ഇത്തരം പ്രസംഗങ്ങൾക്കുശേഷമാണ് വർഗീയ ലഹളകളുണ്ടാകുന്നത്. അതിനുശേഷം അവിടെയുള്ള ന്യൂനപക്ഷങ്ങളുടെ നില പരിതാപകരമാകുന്നു.

നിയമമുണ്ടെങ്കിലും അത് വ്യാഖ്യാനിച്ച് വിധിച്ചു വരുമ്പോൾ കുറ്റം ചെയ്ത പ്രബലർ രക്ഷപ്പെടുകയും ദുർബ്ബർക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഉദാഹരണമായി, ബാൽ താക്കറേ മരിച്ചപ്പോൾ ജനങ്ങളുടെ പ്രതികരണം അസാധാരണമാണെന്ന് പറഞ്ഞതിന് മുംബൈയിലെ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നു. പിന്നീടത് വാർത്തയായപ്പോൾ ആ ഓഫീസർക്കെതിരെ നടപടിയുണ്ടായത് വേറെ കാര്യം. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യവും അതിന്റെ ഉൽപ്പന്നമായ ജനാധിപത്യവും നിലനിൽക്കുമോ?

സനൽ ഇടമറുക്
സനൽ ഇടമറുക്

യുക്തിവാദിയായ സനൽ ഇടമറുക് ഇന്ത്യൻ യുക്തിവാദിസംഘത്തിന്റെ ആഭിമുഖ്യത്തിൽ 'റാഷനലിസ്റ്റ് റിയാലിറ്റി തിയറ്റർ' പരിപാടി നടത്തുകയായിരുന്നു. അവരുടെ വേഷവിധാനങ്ങൾ ആൾദൈവങ്ങളുടെ പോലെയായിരുന്നു. അവർ സാധാരണ കാണിക്കാറുള്ള 'അത്ഭുതപ്രവൃത്തി’കളെല്ലാം അവിടെ അവതരിപ്പിച്ചിരുന്നു. ആ നാടകം കണ്ട് കാണികൾ അത്ഭുതപരതന്ത്രരായി. പിന്നീട് പെട്ടെന്ന് മേക്കപ്പ് മാറ്റി ഇതിനുപിന്നിലുള്ള രഹസ്യമെല്ലാം വിശദീകരിക്കുകയും ആൾദൈവങ്ങളുടെ തട്ടിപ്പുകൾ വെളിവാക്കുകയും ചെയ്തു. പിന്നീട് ഇടമറുക് മുംബെയിലെ ഒരു ക്രിസ്തു പ്രതിമയിൽ നിന്ന് വെള്ളം വരുന്നതിന്റെ രഹസ്യം വെളിച്ചത്തു കൊണ്ടുവന്നു. പൈപ്പിലെ വെള്ളം കാപ്പിലറി പ്രവർത്തനത്തിലൂടെ മുകളിലേക്ക് വരുന്നത് അദ്ദേഹം വിശദീകരിച്ചു. അടുത്ത ദിവസം അദ്ദേഹത്തിനെതിരെ 17 പരാതികൾ കൊടുത്തു. ജാമ്യം കിട്ടായതിനെ തുടർന്ന് അദ്ദേഹം യൂറോപ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതാണ് ഭരണഘടന ആഹ്വാനം ചെയ്ത യുക്തിചിന്തയെ പറ്റിയുള്ളയുടെ പരിതാപകരമായ അവസ്ഥ.

സനൽ ഇടമറുക് ഇന്ത്യൻ യുക്തിവാദിസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'റാഷനലിസ്റ്റ് റിയാലിറ്റി തിയറ്റർ' എന്ന പരിപാടിയിൽ നിന്ന്.
സനൽ ഇടമറുക് ഇന്ത്യൻ യുക്തിവാദിസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'റാഷനലിസ്റ്റ് റിയാലിറ്റി തിയറ്റർ' എന്ന പരിപാടിയിൽ നിന്ന്.

ശബരിമലയിലെ മകരജ്യോതി തട്ടിപ്പാണെന്നത് യുക്തിവാദികളുടെ പ്രചാരണത്തോടെ കുറെയൊക്കെ ബോധ്യമായിട്ടുണ്ട്. എന്നാൽ കർണാടകയിലെ അവസ്ഥ അതായിരുന്നില്ല. 2010 ഫെബ്രുവരിയിൽ ഹുളിക്കൽ നടരാജ് എന്ന സ്‌കൂളധ്യാപകനായ യുക്തിവാദി ടി. വി. പരിപാടിയിൽ, മകരജ്യോതി എന്നത് പൊന്നമ്പലമേട്ടിൽ ചിലർ പൂജ നടത്തി മൂന്ന് പ്രാവശ്യം ഉയർത്തിക്കാണിക്കുന്നതാണെന്ന് തെളിവുസഹിതം വിശദീകരിച്ചു. അതിനെ തുടർന്ന് ബജ്​റംഗ് ദൾ പ്രവർത്തകർ കേസ് കൊടുത്തു. ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് നടരാജിനെ തേടിയെത്തി. എന്നാൽകർണാടകയിലെ ഹൈക്കോടതി ജഡ്ജി എച്ച്​.എൻ. നാഗമോഹൻ ദാസ് കേസ് തള്ളുകയും ആഭ്യന്തര സെക്രട്ടറിയെ വിളിച്ചുവരുത്തുകയും ചെയ്​തു. അതനുസരിച്ച് നടരാജിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച എസ്. ഐയുടെ ഇൻക്രിമെന്റ് അവതാളത്തിലായി. ഇപ്രകാരമാണ് ജനകീയ സർക്കാരുകൾ പ്രവർത്തിക്കേണ്ടത്.

അഭിപ്രായപ്രകടന സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം എന്നിവ അധികാരിവർഗ്ഗത്തിന് ഇഷ്ടം പോലെ ദുർവ്യാഖ്യാനം ചെയ്യാൻ പഴുതുള്ളതാണ്.

പെരിയാർ പ്രവർത്തിച്ച നാടായ തമിഴ്​നാട്ടിൽ സയൻസ് ഫോറം എന്ന സംഘടന ശാസ്ത്രീയചിന്ത പ്രചരിപ്പിക്കുന്നതിന് 2011-ലെ സൂര്യഗ്രഹണം പൊതുജനങ്ങൾക്ക് കാണാൻ സൗകര്യമൊരുക്കി. അതോടൊപ്പം, ആ സമയത്ത് ഭക്ഷണം പാകം ചെയ്ത് കഴിക്കാനും ഏർപ്പാടു ചെയ്തു. പോലീസ് മടിയോടെയാണ് അതിന് സമ്മതം മൂളിയത്.

യുക്തിവാദ പ്രചാരകനായ നരേന്ദ്ര നായിക് ഗോമൂത്രത്തിന് പ്രത്യേക ഗുണമൊന്നുമില്ലെന്നും മറ്റ് മൃഗങ്ങളുടെ പോലെത്തന്നെയുള്ളതാണെന്നും പ്രചരിപ്പിച്ചു. ‘ഗോ ബ്രാഹ്മണ്യ ശുഭമസ്‌തോനിത്യം ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന മനുസ്മൃതി വാക്യം, പശുവിനും ബ്രാഹ്മണനും എപ്പോഴും ശുഭമാണെങ്കിൽ എല്ലാവർക്കും സുഖമായിരിക്കും, അപ്രകാരം ഭവിക്കട്ടെ എന്നാണ്. പശുവിനും ബ്രാഹ്മണനും ഹിന്ദുത്വം എത്രമാത്രം പ്രാധാന്യം കൽപ്പിക്കുന്നു എന്ന് വ്യക്തമാണ്.

ഹുളിക്കൽ നടരാജ്
ഹുളിക്കൽ നടരാജ്

​ശബരിമലയിൽ തൊഴാനെത്തിയ കർണാടകയിലെ സിനിമാനടി ജയമാലക്കെതിരെ സെക്ഷൻ 259 പ്രയോഗിച്ചു. ഹനുമാൻ ജയന്തി ദിവസം ആശംസകൾക്ക് 'ദൈവം ഇല്ല' എന്ന മറുപടിയുമായി പ്രചാരണം നടത്തിയ കാർത്തിക്കിനെതിരെയും ഈ സെക്ഷൻ പ്രകാരം, മതവികാരം വ്രണപ്പെടുത്തി എന്നുപറഞ്ഞ് പോലീസ് നടപടിയുണ്ടായി.

പൊതുജീവിതത്തിൽ അഭിപ്രായപ്രകടന സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം എന്നിവ അധികാരിവർഗ്ഗത്തിന് ഇഷ്ടം പോലെ ദുർവ്യാഖ്യാനം ചെയ്യാൻ പഴുതുള്ളതാണ്. ഏത് നിയമവും ശരിയായി പാലിക്കാൻ ഇച്ഛാശക്തിയുള്ള ജനതതി അധികാരത്തിലിരുന്നാൽമാത്രമേ, ആ രാജ്യത്ത് അതിന്റെ യഥാർഥ അർത്ഥതലത്തിൽ അത് നടപ്പാവുകയൂള്ളൂ.

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക വൈജാത്യം വേറൊരു പ്രശ്നമാണ്. അത് വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹിജാബ് പ്രശ്നം അത്തരമൊന്നാണ്. സ്വന്തം വിശ്വാസമനുസരിച്ചുള്ള വസ്ത്രം ധരിക്കുന്നു എന്നാണ് വിദ്യാർത്ഥിനികളുടെ നിലപാട്. കർണാടക സർക്കാർ നിർബന്ധമാക്കിയ യൂണിഫോം നിരാകരിച്ച മുസ്ലിം കുട്ടികൾക്ക് പരീക്ഷയെഴുതാനും പഠിക്കാനും കഴിയുന്നില്ല. ഇത് വലിയൊരു മാനുഷിക പ്രശ്നമായി ഉയർന്നിരിക്കുകയാണ്.

മാന്ത്രികച്ചരട്, മാന്ത്രികക്കല്ലുകൾ, തകിട്, ചരട്, കങ്കണം, കൈവള, ജ്യോതിഷക്കല്ലുകൾ എന്നിവ അത്ഭുതരോഗശാന്തിയും മറ്റും വാഗ്ദാനം ചെയ്ത് മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് വൻതട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. ആരും ഒരു നടപടിയും എടുക്കുന്നില്ല.

പല യോഗങ്ങളുടെയും ഉദ്​ഘാടനങ്ങളിൽ എ. സി. മുറികളിൽ പുക വമിക്കുന്ന വിളക്ക് കത്തിക്കും. യോഗം കഴിയുന്നതുവരെ അത് കത്തി നിൽക്കും, കെടുത്താറില്ല, ഫലമോ അതിലെ പുക എല്ലാവരും നിർബന്ധമായും ശ്വസിക്കേണ്ടിവരുന്നു.
തിരുപ്പതി ഭഗവാന്റെ അനുഗ്രഹത്തിന് റോക്കറ്റിന്റെ ചെറുരൂപം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നത് അപകടകരമാണെന്നവർ മനസ്സിലാക്കുന്നില്ല. വിശ്വാസം സംരക്ഷിക്കുന്നത് പലപ്പോഴും ആരോഗ്യത്തിനും പൊതുജീവിതത്തിനും ഹാനികരം ആയിരിക്കും.

പലതരം മാന്ത്രികച്ചരട്, മാന്ത്രികക്കല്ലുകൾ, തകിട്, ചരട്, കങ്കണം, കൈവള, ജ്യോതിഷക്കല്ലുകൾ എന്നിവ അത്ഭുതരോഗശാന്തിയും മറ്റും വാഗ്ദാനം ചെയ്ത് മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് വൻതട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. ആരും ഒരു നടപടിയും എടുക്കുന്നില്ല. ചില സ്ഥലത്ത് മാത്രമേ മൃഗബലി നിരോധനമുള്ളൂ.

ചന്ദ്രയാൻ -3 ന്റെ  വിക്ഷേപണത്തിന് മുന്നോടിയായി  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ISRO) ശാസ്ത്രജ്ഞരുടെ ഒരു സംഘം ബഹിരാകാശ പേടകത്തിന്റെ മിനിയേച്ചർ മാതൃകയും വഹിച്ച് തിരുപ്പതി ക്ഷേത്രത്തിൽ.
ചന്ദ്രയാൻ -3 ന്റെ വിക്ഷേപണത്തിന് മുന്നോടിയായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ISRO) ശാസ്ത്രജ്ഞരുടെ ഒരു സംഘം ബഹിരാകാശ പേടകത്തിന്റെ മിനിയേച്ചർ മാതൃകയും വഹിച്ച് തിരുപ്പതി ക്ഷേത്രത്തിൽ.

മറ്റ് മതങ്ങളെയും ജാതികളെയും നികൃഷ്ടരായും അശുദ്ധരായും കണക്കാക്കുന്ന ജാതിഹിന്ദുക്കളുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും മാറ്റം വരേണ്ടതുണ്ട്. പരമ്പരാഗത ഹിന്ദു ആചാരങ്ങൾ കീഴാളരെയും ന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്നവയാണ്​. ആരും അതിനെതിരെ ചിന്തിക്കുകയോ ശബ്ദമുയർത്തുകയോ ചെയ്യാറില്ല. ഇപ്രകാരം ജീവിക്കുന്നത് ആധുനികതയ്ക്കും ശാസ്ത്രീയതയ്ക്കും എതിരാണെന്ന സത്യം അവർ മനസ്സിലാക്കുന്നില്ല.

എത്രയോ സംസ്‌കാരങ്ങളും മതങ്ങളും ഭാഷകളും അടങ്ങിയ, വൈവിധ്യങ്ങൾ മനോഹരമായി സമ്മേളിക്കുന്ന രാജ്യമാണ് ഇന്ത്യ. ആ ഉദാത്തമായ ദേശീയബോധത്തിന്നനുസൃതമായി ശാസ്ത്രബോധവും അന്വേഷണപരതയും ആധുനികതയും വളർത്തിയേ പറ്റൂ. അത് നെഹ്‌റുവിന്റെ കാലം കഴിഞ്ഞപ്പോൾ കഴിഞ്ഞു എന്ന് കരുതരുത്. സംസ്‌കാരിക വൈവിധ്യത്താൽ സമൃദ്ധമായ നമ്മുടെ സമൂഹത്തിൽ വിദ്വേഷ വിഷലിപ്തപ്രചാരണം ദുർബ്ബലമാക്കി പ്രാതിനിധ്യ ജനാധിപത്യം ശക്തമായി നടപ്പാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇന്ത്യയെ സംബന്ധിച്ച് കാലം പുറകോട്ടാണ് പോകുന്നത്​.

സാമൂഹ്യ മാധ്യമങ്ങൾ ജനകീയ ജനാധിപത്യ വാഹകരാണ്. ഫാഷിസ്റ്റ് നുണപ്രചാരണത്തിന് തടയിടാൻ ഇതിനേക്കാൾ ശക്തമായവ വേറെയില്ല. ഇവയുടെ വരവോടെ വേലിപ്പുറത്തായിരുന്ന പുരോഗനോന്മുഖരായിരുന്നവർ തികച്ചും രംഗത്തേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. അവർ മറ്റുള്ളവരുമായി സംവദിക്കാനും സംശയദൂരീകരണത്തിനും യുക്തിപൂർവ്വം ചിന്തിക്കാനും തുടങ്ങിയിട്ടുണ്ട്. ഈ സാമൂഹ്യ ചലനം ശുഭകരമാണ്.

ഹമീദ് ധബോൽക്കർ
ഹമീദ് ധബോൽക്കർ

കുൽസിതമായ രാഷ്ട്രീയ നേട്ടത്തിന് അന്ധവിശ്വാസവും നുണപ്രചാരണവും നടത്തുന്നതിനെതിരെ സ്വതന്ത്രരായി ചിന്തിക്കുന്ന യുവാക്കൾ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. സ്വതന്ത്രചിന്ത പ്രചരിപ്പിക്കാൻ പറ്റിയ വേദികൾ അവർ തേടിക്കൊണ്ടിരിക്കയാണ്. ഇവയിലൂടെ ശാസ്ത്രീയ വീക്ഷണവും യൂക്തിപൂർവ്വമായ ജീവിതവും സാധ്യമാക്കുന്നതെപ്രകാരമെന്നും അവർലക്ഷ്യമിടുന്നു.
രക്തസാക്ഷിയായ ധബോൽക്കറുടെ മകനായ ഹമീദ് ധബോൽക്കർ തന്റെ പിതാവ് കത്തിച്ചു പിടിച്ചിരുന്ന കൈത്തിരി ഏറ്റെടുത്തിരിക്കയാണ്. പിതാവിനാൽ സ്ഥാപിതമായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ പ്രവർത്തകനാണ് അദ്ദേഹം. യുക്തിവാദിയായ അദ്ദേഹം ഒരു മനോരോഗവിദഗ്ദ്ധൻ കൂടിയാണ്. പതിനഞ്ച് കൊല്ലത്തോളം ഈ രംഗത്ത് പ്രവർത്തിച്ച അദ്ദേഹം മനോരോഗചികിത്സാ സേവനവും ചെയ്യുന്നു. ഇത്തരത്തിലുള്ള അർപ്പണബോധമുള്ള പ്രവർത്തകരാണ് നാടിനാവശ്യം.

(തുടരും)


Summary: Dr. P.K. Sukumaran writes about the superstitions in India and rationalism. Also discussing how the Sanghparivar spread superstitious beliefs Instead of giving scientific awareness.


ഡോ. പി.കെ. സുകുമാരൻ

മനോരോഗ വിദഗ്ധൻ, എഴുത്തുകാരൻ, യുക്തിവാദ പ്രവർത്തകൻ. തൃശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൽട്ടൻറ്​ സൈക്യാടിസ്റ്റ്. ഇന്ത്യൻ സൈക്യാട്രിക്​ സൊസൈറ്റിയിൽ ആജീവനാന്ത ഫെല്ലൊ. ​​​​​​​ഹൃദ്‌രോഗം മുതൽ കോവിഡ് വരെ: രോഗലക്ഷണങ്ങളും രോഗ നിർണയവും, ശങ്കരാചാര്യർ വിചാരണ ചെയ്യപ്പെടുന്നു, വിഷാദോന്മാദ ജീവിതം ബൈപോളാർ, സ്‌കിസോഫ്രീനിയ: അനുഭവവും വിശകലനവും തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments