ഫ്രാൻസിസ്​ അസീസി കുടുംബത്തോടൊപ്പം

പഴന്തുണിയായിരുന്ന എന്റെ കാൻസർ ശരീരം
ഇന്ന്​ പ്രത്യാശകളുടെ ഒരു ക്ലിനിക്കാണ്​

മാർഷൽ ആർട്​സിൽ പരിശീലനവും അംഗീകാരങ്ങളും നേടി, ആരോഗ്യത്തോടെ പരിപാലിക്കപ്പെട്ട ഒരു ശരീരം പെ​ട്ടെന്നൊരു ദിവസം കാൻസറിന്റെ സ്​പർശത്താൽ ശൂന്യമായിപ്പോയ അനുഭവം. കഴുത്തുവരെ മുടി നീട്ടിവളർത്തി, അതിന്റെ സൗന്ദര്യത്തിൽ ഭ്രമിച്ചിരുന്ന യൗവനം, കീമോതെറാപ്പിയിൽ മുണ്ഡനം ചെയ്യപ്പെട്ട അനുഭവം...കാൻസറിനെ നേരിട്ട ഒരു ആത്മബലത്തിന്റെ കഥ.

1997 ജനുവരി ഒന്നിനാണ്​ ഞാനൊരു ബ്ലഡ് കാൻസർ രോഗിയാണെന്നറിയുന്നത്. എല്ലാവരും ‘ഹാപ്പി ന്യൂഇയർ’ എന്ന് കേൾക്കുമ്പോൾ ഞാൻ കേട്ടത്​, ‘യു ആർ എ ബ്ലഡ് കാൻസർ പേഷ്യൻറ്​’ എന്നാണ്​.

ഞാൻ മാർഷൽ ആർട്‌സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. മർമ്മയോഗ എന്ന ഒരു വിഷയമുണ്ട്​. മർമ്മങ്ങളിൽ ഒന്ന് തൊട്ടാൽ അവിടുത്തെ നാഡീഞരമ്പുകളെ നിശ്ചലമാക്കാൻ സാധിക്കും എന്നാണ്​ ഈ വിദ്യ പറയുന്നത്​. ആറാം ക്ലാസ് മുതൽ ഞാൻ ഈ പഠനം തുടങ്ങി, ഒമ്പതാം ക്ലാസ് എത്തുമ്പോഴേക്കും അതിന്റെ ‘ആചാര്യ’ എന്ന പദവി നേടി. ഇതോടൊപ്പം, ആറാം ക്ലാസ് തൊട്ട് കരാട്ടേയും പരിശീലിച്ചിരുന്നു. ആ കാലത്ത് കേരളത്തിലെ ആദ്യത്തെ ജൂനിയർ ബ്ലാക്ക് ബെൽറ്റ് ഹോൾഡറായിരുന്നു. പിന്നെ, ആറു വർഷം കൂടി പരിശീലനം കഴിഞ്ഞ്​, ഉയർന്ന ബിരുദമായ തേഡ്​ ഡാൻ ബ്ലാക്ക്​ ബെൽറ്റും നേടി. പത്താം ക്ലാസിൽ പഠിക്കു​മ്പോൾ, തൃശ്ശൂർ പൊലീസ് അക്കാദമിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക്​ മർമ്മയോഗയും കരാട്ടയുമൊക്കെ പരിശീലിപ്പിച്ചിരുന്നു. പഠിക്കുന്ന സമയത്തുതന്നെ കരാ​ട്ടെ ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നു. തുടർച്ചയായി അഞ്ചു വർഷം സ്റ്റേറ്റ് ചാമ്പ്യനായിരുന്നു, ഒരു തവണ ഇൻറർ നാഷനൽ ചാമ്പ്യനും, പതിനാറ് വയസിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ.

ഞാൻ ഒരാളോടും മിണ്ടിയില്ല. വെല്ലൂർ മെഡിക്കൽ കോളേജിന്റെ വലിയ ഗേറ്റു കടന്ന് ഭയങ്കര തിരക്കുള്ള റോഡിലൂടെ നടക്കുകയായിരുന്നു, ഒരു ബോധവുമില്ലാത്ത ഒരാളെപ്പോലെ. വണ്ടികൾ ഹോണടിക്കുന്നുണ്ട്​, ഞാനൊന്നും​ കേൾക്കുന്നില്ല. ചുറ്റുമുള്ള ലോകം മുന്നിൽനിന്ന്​ മാഞ്ഞുപോയ പോലെ.

ഇത്തരം പരിശീലനങ്ങളുടെ ഭാഗമായി, 26ാം വയസ്സിൽ എനിക്ക് സൗദി കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ചീഫ് എന്ന ജോലിക്ക്​ ക്ഷണം കിട്ടി. സൗദിയിൽ ജോലി ചെയ്യുന്ന സമയത്താണ് ഒരു കരാട്ടെ ടൂർണമെൻറിനായി നാട്ടിൽ വരുന്നത്. അതൊരു ഇൻറർ നാഷനൽ ടൂർണമെൻറ്​ കൂടിയായിരുന്നു. കൊറിയ, ചൈന, ജപ്പാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ പങ്കെടുത്തിരുന്നു. ടൂർണമെന്റിന്​ ഒരുങ്ങുമ്പോൾ കോൺസെൻട്രേഷൻ വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. ആ സമയത്ത് ചിന്തകളൊന്നും ഉറക്കാത്തപോലെ തോന്നി. ഒരു ശ്രദ്ധ കിട്ടുന്നില്ല. മാത്രമല്ല, ജയിക്കില്ല എന്നൊരു തോന്നൽ. അങ്ങനെ ആരോ കാതിൽ പറയുന്നപോലെ. ടൂർണമെന്റിന്റെ ഭാഗമായ ഡോക്​ടർമാർ വെരിഫൈ ചെയ്ത് ‘നല്ല ഹെൽത്താണ്, ഒരു പ്രശ്‌നവുമില്ല’ എന്നു പറഞ്ഞു. എന്നിട്ടും എനിക്കെന്തോ ഒരാത്മവിശ്വാസക്കുറവുണ്ടായി. സുഹൃത്തായ ഒരു ഡോക്ടറുമായി സംസാരിച്ചു. ‘നിന്റെ റിസൾട്ടുകളിലൊന്നും ഒരു കുഴപ്പവുമില്ല’ എന്ന്​ അദ്ദേഹവും പറഞ്ഞു. പിന്നെ അദ്ദേഹം ഒരു കാര്യം കൂട്ടിച്ചേർത്തു, ‘നിന്റെ സംസാരത്തിൽ എന്തോ ഒരു ബലക്കുറവ് തോന്നുന്നുണ്ട്. ഇച്ഛാശക്തിയുടെ കുറവുണ്ട്.’
ഞാനപ്പോൾ എന്താണ്​ ചെയ്യേണ്ടത് എന്നു ചോദിച്ചു. കാരണം ടൂർണമെന്റിനിറങ്ങണമെങ്കിൽ ആത്മധൈര്യം പ്രധാനപ്പെട്ട കാര്യമാണല്ലോ. ഒരു ഹീമറ്റോളജി ഡിപ്പാർട്ട്‌മെന്റിൽ പോയി പരിശോധനകൾ ചെയ്യാൻ അദ്ദേഹം നിർദേശിച്ചു.

അങ്ങനെ വെല്ലൂർ മെഡിക്കൽ കോളേജിലെത്തി. ചീഫ് ഹീമറ്റോളജിസ്റ്റ് ഡോ. മാമൻ ചാണ്ടിയാണ്​. ഇന്ത്യയിലെ മികച്ച ഹീമറ്റോളജിസ്​റ്റുകളിൽ ഒരാളാണ്​. ഏഷ്യയിലെ ഏറ്റവും വലിയ ഹീമറ്റോളജി ഡിപ്പാർട്ട്‌മെന്റാണ് വെല്ലൂരിലേത്. അതുകൊണ്ടാണ്​അവിടെത്തന്നെ ചെന്നത്. രക്തപരിശോധനയിൽ കുഴപ്പമില്ലായിരുന്നു. ഏറ്റവും മൈന്യൂട്ടായ ടെസ്റ്റുകൾ വേണമെന്ന്​ ഞാനാവശ്യപ്പെട്ടു. പ്രാഥമിക പരിശോധനയിൽ ഓകെ ആയതിനാൽ അതിന്റെ ആവശ്യമില്ലെന്ന്​ ഡോക്​ടർ പറഞ്ഞു. ഞാൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ബ്ലഡ് ഉൽപ്പാദിപ്പിക്കുന്ന സ്ഥലത്ത് നിന്ന്​ സെല്ലുകളെടുത്ത് പരിശോധിക്കണം. അതായത്​, ബോൺ മാരോയിൽനിന്ന്​. വലിയ നീഡിൽ ഉപയോഗിച്ച് എല്ല് തുളച്ച് മജ്ജയെടുത്ത് പരിശോധിക്കും. ഒരു ഗർഭസ്ഥ ശിശുവിനെയെന്നപോലെ വളച്ച് കിടത്തി തണ്ടെല്ലിന്റെ ഭാഗത്ത് ഡ്രിൽ ചെയ്ത് മജ്ജ എടുത്ത് പരിശോധിക്കാൻ കൊടുത്തു. വലിയ വേദനയുള്ള പരിപാടിയാണല്ലോ, അതുകൊണ്ട്​ ഡോക്​ടർക്ക്​ എന്നോട്​ സഹതാപം​ തോന്നി.

ഫ്രാൻസിസ്​ അസീസി

ഒന്നൊന്നര മണിക്കൂറുകഴിഞ്ഞപ്പോൾ റിസൽട്ട്​ വന്നു, അക്യൂട്ട്​ ലിംഫോസൈറ്റിക്​ ലുക്കീമിയ (Acute lymphocytic leukemia- ALL) ആണ്​. ലുക്കീമിയ എന്ന വാക്ക് ഏതോ സയൻസ് മാഗസിനിൽ മുൻപ് വായിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ബ്ലഡ് കാൻസറാണോ. അദ്ദേഹം പറഞ്ഞു, ‘യെസ്, യു ആർ എ ബ്ലഡ് കാൻസർ പേഷ്യൻറ്​ നൗ’. അത്​ നേരത്തെ പറഞ്ഞ ജനുവരി ഒന്നിനാണ്​.

എനിക്കത് ഉൾക്കൊള്ളാനായില്ല. ഞാനെഴുന്നേറ്റ്​ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. എന്റെ മുഖം കണ്ട് എന്തൊക്കെയോ തോന്നി ബന്ധുക്കളും കൂട്ടുകാരുമൊക്കെ ഓടിവന്നു. ഞാൻ ഒരാളോടും മിണ്ടിയില്ല. വെല്ലൂർ മെഡിക്കൽ കോളേജിന്റെ വലിയ ഗേറ്റു കടന്ന് ഭയങ്കര തിരക്കുള്ള റോഡിലൂടെ നടക്കുകയായിരുന്നു, ഒരു ബോധവുമില്ലാത്ത ഒരാളെപ്പോലെ. വണ്ടികൾ ഹോണടിക്കുന്നുണ്ട്​, ഞാനൊന്നും​ കേൾക്കുന്നില്ല. ചുറ്റുമുള്ള ലോകം മുന്നിൽനിന്ന്​ മാഞ്ഞുപോയ പോലെ. ഒരു ഐസ്‌ക്രീം പാർലറിൽ പോയി ഐസ്‌ക്രീം വാങ്ങിയത് ഓർമയുണ്ട്. എങ്ങനെയെങ്കിലും ഒന്ന്​ തണുപ്പിക്കണമായിരുന്നു, ശരീരവും മനസ്സും. തിരിച്ച് ഡോക്ടർക്കരികി​ൽ ചെന്നു. കാരണം, മനസിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.

ഡോ. മാമൻ ചാണ്ടി

ഇങ്ങനെയൊരു രോഗം വരാൻ എന്താണ്​ കാരണം, ഞാൻ അദ്ദേഹത്തോട്​ ചോദിച്ചു, അന്ന് ഞാൻ ചെറുപ്പമാണ്. ഇതുവരെ മദ്യപിച്ചിട്ടില്ല, ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ല, ഒരു ഉറക്കം പോലും നഷ്ടപ്പെടുത്തിയിട്ടില്ല, ബോഡിക്ക്​ വലിയ കെയർ കൊടുത്തിട്ടുണ്ട്. കായിക പരിശീലനങ്ങളൊക്കെ നേടിയിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ്?.
‘നോ റീസൺ’, ഡോക്​ടർ പറഞ്ഞു.
കാൻസർ വരാൻ പ്ര​ത്യേകിച്ച്​ കാരണമൊന്നുമില്ല. അന്ന്​ അദ്ദേഹം പറഞ്ഞ മറുപടി, ‘ദൈവത്തോട് ചോദിക്കണം’ എന്നാണ്. ഞാനാണെങ്കിൽ ആ സമയത്ത് ഈശ്വര വിശ്വാസിയൊന്നുമല്ല.
ഞാൻ പറഞ്ഞു, സാറിങ്ങനെ ദൈവത്തോട് ചോദിക്കാൻ പറഞ്ഞാലോ, എനിക്ക് വലിയ താൽപര്യള്ള കാര്യമൊന്നുമല്ല അത്. അദ്ദേഹം വളരെ ഫ്രൻറ്​ലിയായിരുന്നു. വളരെ സൗമ്യനും. അതുകൊണ്ടാണ്​ ഇങ്ങനെ പറഞ്ഞത്​.
അദ്ദേഹം എന്റെ തോളിൽ തലോടി, എന്നെയൊന്ന്​ നോക്കി ചിരിച്ചു. എനിക്കത് ഭയങ്കര ഇഫക്ടായി. കാരണം, നമ്മളെ സ്‌നേഹിക്കുന്ന ഒരാൾ നമ്മളെ ചേർത്തുപിടിക്കുന്നു എന്ന തോന്നലുണ്ടായി.

ഞാൻ കാൻസർ ചികിത്സ തുടങ്ങുന്ന ഒരാൾ, അദ്ദേഹമാക​ട്ടെ, അതുകഴിഞ്ഞ്​ മരിച്ചുപോയ ഒരാൾ. ആ ട്രോളിയെ ഞാൻ ശൂന്യമായ കണ്ണു​കളോടെ നോക്കിനിൽക്കുകയാണ്​. പെ​ട്ടെന്ന്​ എനിക്കുതോന്നി, ആ ശരീരം കണ്ണ് തുറന്ന്​എന്നെ നോക്കി പറയുന്നു, ഈ വണ്ടി പോയിട്ട് തിരിച്ചുവരൂ​ട്ടോ, നിന്നെ കൊണ്ടുപോകാൻ.

അങ്ങനെ വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സ തുടങ്ങി, 1997 ജനുവരി ഒന്നിന്.
ആദ്യ ദിവസം ഇപ്പോഴും ഓർമയുണ്ട്​.
പരിശോധനക്ക്​ ചെല്ലുമ്പോൾ കണ്ടത്​, ഐ. സി. യുവിന്റെ വാതിൽ തുറന്ന്​ ഒരു ട്രോളി വരുന്നതാണ്​. ഒരു മനുഷ്യനെ തള്ളിക്കൊണ്ടുവരുന്നു. അദ്ദേഹത്തെ വെള്ളത്തുണി പുതപ്പിച്ചിട്ടുണ്ട്. മൃതശരീരാണ്. അതെന്റെ മുന്നിലൂടെ പോകുകയാണ്​. പെട്ടന്ന് ഒരു ചെറിയ കാറ്റിൽ മുഖം മൂടിയ ഭാഗം തുറന്നു. മൊട്ടത്തലയാണ്, അതിൽ നീലവരകൾ. ഒരു കാര്യം മനസിലായി, ഇത് കാൻസർ വന്ന് മരിച്ചയാളാണ്​. അതും, ഈ ജനുവരി ഒന്നിന്​.

ഞാൻ കാൻസർ ചികിത്സ തുടങ്ങുന്ന ഒരാൾ, അദ്ദേഹമാക​ട്ടെ, അതുകഴിഞ്ഞ്​ മരിച്ചുപോയ ഒരാൾ. ആ ട്രോളിയെ ഞാൻ ശൂന്യമായ കണ്ണു​കളോടെ നോക്കിനിൽക്കുകയാണ്​. പെ​ട്ടെന്ന്​ എനിക്കുതോന്നി, ആ ശരീരം കണ്ണ് തുറന്ന്​എന്നെ നോക്കി പറയുന്നു, ഈ വണ്ടി പോയിട്ട് തിരിച്ചുവരൂ​ട്ടോ, നിന്നെ കൊണ്ടുപോകാൻ.
എനിക്ക് വല്ലാത്തൊരു ഭയാനകത ഫീൽ ചെയ്തു. ഉടൻ മുറിയിലേക്ക് പോയി. അവിടെ ഒരു ഡോക്ടർ കാത്തുനിൽക്കുന്നുണ്ട്. കീമോ തെറാപ്പി സ്റ്റാർട്ട് ചെയ്യുന്ന വിവരം പറയാൻ വന്നതാണ്​. അദ്ദേഹം മാസ്‌ക്കും മറ്റുമൊക്കെ വെച്ചിട്ടുണ്ട്. ഞാൻ ചോദിച്ചു, എന്തിനാ ഈ മാസ്‌കൊക്കെ?.
കീമോത്തെറാപ്പിയുടെ മരുന്ന് കുറച്ച് ഹെവിയാണ്, അതെങ്ങാനും കുറച്ച് ഡ്രോപ്പ് പുറത്തുവന്നാൽ ഞങ്ങളുടെ കണ്ണിനൊക്കെ ഭയങ്കര ഇൻഫെക്ഷൻ വരും; അദ്ദേഹം പറഞ്ഞു. പിന്നെയൊരു സർജറിയുണ്ട്​. കൈയ്യിൽ സെൻട്രൽ ലൈൻ എന്നൊരു സാധനം ഇടാനായിട്ട്. കൈയിലെ നാഡി മുറിച്ച്​ ഉള്ളിൽ ഒരു സബ്സ്റ്റിറ്റ്യൂട്ട്​ ഫൈബർ വെയിൻ കേറ്റിയിട്ടാണ് കീമോതെറാപ്പി മരുന്ന്​ ചെയ്തത്. മരുന്നുകൾ ശരീരത്തിൽ കയറിത്തുടങ്ങിയപ്പോൾ, അവയുടെ ശരിയായ പ്രവർത്തനം തിരിച്ചറിയാൻ തുടങ്ങി. വല്ലാത്തൊരു അസഹ്യതയായിരുന്നു, ആദ്യം. ഭയങ്കര അസ്വസ്ഥത. വല്ലാത്തൊരു മാനസിക വേദനയാണ് ആ മരുന്നുകളെനിക്ക് തന്നത്.

എനിക്ക്​ മുടി വളർത്തുന്നതിൽ വലിയ ക്രേസായിരുന്നു. ഷോൾഡർ വരെ മുടിയുണ്ടായിരുന്നു. കാച്ചിയ എണ്ണയൊക്കെ തേച്ച് ഷാമ്പൂ ഇട്ട്​ കുളിച്ച് മുടി പരിപാലിക്കും. കണ്ണാടിയിൽ നോക്കി തലയിട്ട്​ കുലുക്കി മുടിയുടെ സൗന്ദര്യം ആസ്വദിക്കും. കൂട്ടുകാർ പറയും, ഹെയർസ്‌റ്റൈൽ അടിപൊളിയാണെന്ന്. ടൂർണമെന്റിൽ പങ്കെടുക്കുമ്പോൾ പ്രതിയോഗിക്ക്​ ആദ്യമൊരു പഞ്ച് കൊടുത്ത് ഇടിച്ചുവീഴത്തി, പിന്നെ അവന്റെ മുഖത്ത് നോക്കി തലയിട്ട് കുലുക്കും. എന്റെ മുടി എനിക്കൊരു ഹരമായിരുന്നു.

കീമോതെറാപ്പിയിൽ മൈറ്റോടെയിൻ എന്ന മരുന്നുണ്ട്. ഈ ഇൻജക്ഷൻ ശരീരത്തിലേക്ക് കയറി മുക്കാൽ മണിക്കൂറായിട്ടില്ല, തലയിലെ മുടി മുഴുവനായി കൊഴിയാൻ തുടങ്ങി. തലയിൽ പിടിക്കുമ്പോൾ, നമുക്കറിയാം, ഓരോ മുടിയിഴകളായി കൊഴിയുകയാണ്​. ഞാൻ കണ്ണാടിയിൽ നോക്കി. ഇത്ര വികൃതമായ ഒരു മുഖം ഞാൻ കണ്ടിട്ടില്ല. ആകെ കത്തി കരുവാളിച്ചപോലെ. മുടി മുഴുവൻ കൊഴിഞ്ഞു, പുരികം കൊഴിഞ്ഞു. കൺപീലിയില്ല. കൈ കൊണ്ട് തൊടുമ്പോഴേ മുടികളൊക്കെ കൈയിൽ പോരും. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മൂക്കിന്റെ ഭാഗം വരണ്ട് തൊലി പൊട്ടി പിളർന്നതുപോലെയായി.

ഇപ്പോൾ എന്നെ കണ്ടാൽ ആരും തിരിച്ചറിയില്ല, ലോകത്തൊരു മനുഷ്യനും തിരിച്ചറിയില്ല. ഒരു മനുഷ്യൻ എന്തിനെയാണോ കൂടുതൽ ലാളിക്കുന്നോ അത് നഷ്ടപ്പെടുമ്പോഴാണ് ഏറ്റവും ദുഃഖം തോന്നുക.

കണ്ണാടിയിൽ നോക്കിയപ്പോൾ, മൂക്കിൽനിന്ന്​ രക്തം ഒഴുകി വരുന്നതാണ്​ കാണുന്നത്​.കണ്ണാടി ഞാൻ ചുമരിലേക്ക്​ വലിച്ചെറിഞ്ഞു. അത് പൊട്ടിച്ചിതറിയപ്പോൾ, ഞാൻ ചിന്തിച്ചത്​, ഈ കണ്ണാടി പോലെയാണ് എന്റെ ജീവിതവും എന്നാണ്​, ഇനിയൊരിക്കലും അത് കൂട്ടിച്ചേർക്കാൻ പറ്റില്ല.

അത്​ കേട്ടപ്പോൾ, സത്യത്തിൽ ചിരിക്കണോ കരയണോ എന്ന അവസ്ഥയായി. ആകെ 72 മണിക്കൂർ ബാക്കിയുള്ള ഒരാളോടാണ്​, മറ്റൊരാളുടെ ജീവനുവേണ്ടി പ്രാർഥിക്കാൻ പറയുന്നത്​. ഞാനാണെങ്കിൽ എനിക്കുവേണ്ടിപോലും പ്രാർഥിക്കാത്ത ഒരാൾ.

ഒരു മാസം കീമോതെറാപ്പി മരുന്നുകളുടെ എല്ലാ ക്രൂരവേദനയും സ്വീകരിച്ചുകിടന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഡോക്ടർ കാണാൻ വന്നു. ബോഡി വെയ്റ്റ് നോക്കി. 85 കിലോയിൽനിന്ന്​ 52 കിലോയായി. ഡോക്ടർ അടുത്തിരുന്നു, ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. അപ്പോൾ തന്നെ നമുക്കറിയാം എന്തോ പ്രശ്‌നം വരാൻ പോകുന്നുവെന്ന്​.
‘നിങ്ങൾക്ക്​ മരുന്നുകളൊക്കെ ചെയ്യുന്നുണ്ട്, ഇതിന്റെയൊക്കെ സപ്പോർട്ടുണ്ട്. വളരെ വില കൂടിയ മരുന്നുകളാണിതെല്ലാം. ​പ്രശ്​നം അതല്ല, ഈ മരുന്നുകൾ നിങ്ങളുടെ ബോഡിയിൽ ഫലം കാണിക്കുന്നില്ല. മരുന്ന് കയറുന്നില്ല’, അദ്ദേഹം പറഞ്ഞു.

വെല്ലൂർ മെഡിക്കൽ കോളേജി

എഴുന്നേറ്റിട്ട്​ ഡോക്​ടർ ഇത്ര കൂടി കൂട്ടി​ച്ചേർത്തു, 72 മണിക്കൂർ കഴിഞ്ഞിട്ടേ ഞങ്ങൾക്കെന്തെങ്കിലും പറയാൻ പറ്റൂ. അതുകൊണ്ട് മരുന്ന് കംപ്ലീറ്റ് സ്റ്റോപ്പ് ചെയ്യുകയാണ്. കാരണം മരുന്ന് ചെയ്യാനുള്ള ബോഡി കപ്പാസിറ്റി നിങ്ങൾക്കില്ല. ഹീമോ ഗ്ലോബിനൊക്കെ വളരെ കുറഞ്ഞിരിക്കുന്നു.

പരിശോധനക്ക്​ വന്ന മറ്റൊരു ഡോക്​ടർ പറഞ്ഞു, ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്​. പുറത്ത്​ കണ്ണീരോടെയാണ്​ എല്ലാവരും.
അമ്മ വന്നിട്ടില്ല, പപ്പ മാത്രേയുള്ളൂ. പിന്നെ സുഹൃത്തുക്കൾ... അങ്ങനെ കുറച്ചുപേർ. ഇവരാകെ ടെൻഷനായിട്ട്​ നിൽക്കുകയാണ്​. ഇവരുടെ കണ്ണിലേക്ക് നോക്കിയപ്പോൾ കാര്യം മനസ്സിലായി. 72 മണിക്കൂർ എന്നത്​ എന്റെ ആയുസ്സിന്റെ സമയമാണ്. മരിക്കാൻ ആർക്കും ഇഷ്ടമല്ലല്ലോ. മരിക്കാൻ കിടക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കും, ഒരു പത്തു ദിവസമെങ്കിലും ​കിട്ടിയിരുന്നുവെങ്കിൽ...
നമ്മളീ ശരീരത്തെ കാര്യായിട്ട് ശ്രദ്ധിച്ച്​, ജീവിതം നന്നായി ആഘോഷിച്ചുവന്ന ഒരാളാണ്​. നല്ല ജോലിയുണ്ട്. സാമ്പത്തിക സ്ഥിതിയുമുണ്ട്. ഇപ്പോഴാണ്​മനസ്സിലായത്​, ഈ ആഘോഷങ്ങളൊക്കെ ഇത്രേയുള്ളൂ എന്ന്​, എല്ലാത്തിനും വെറും 72 മണിക്കൂറിന്റെ ആയു​സ്സേയുള്ളൂ.

ഇങ്ങനെയൊക്കെ ചിന്തിച്ച്​ ഞാൻ മുറിയിൽ അസ്വസ്ഥനായി നടക്കുകയാണ്​.
എന്റെ അപ്പുറത്തെ കട്ടിലിൽ വേറൊരു പേഷ്യൻറുണ്ട്​. ബസ്വരാജ് എന്നാണ് പേര്. ആൾക്ക് പ്ലാസ്റ്റിക് അനീമിയ എന്ന രോഗമാണ്​. അദ്ദേഹം ഒരു എഞ്ചിനീയറും ആന്ധ്രാ സ്വദേശിയുമാണ്. അദ്ദേഹം എന്നോട് ചോദിച്ചു, ഹേ മാൻ, വാട്ട് ഹാപ്പൻഡ്? ഞാൻ നത്തിങ്ങ് എന്നുപറഞ്ഞ് കട്ടിലിൽ വന്നുകിടന്നു.
അപ്പോൾ, അയാൾ എഴുന്നേറ്റ് എന്റെയടുത്ത് വന്ന്​, എന്റെ കൈയിലിങ്ങനെ പിടിച്ചു. പെ​ട്ടെന്ന്​ ആളുടെ കണ്ണൊക്കെ നിറഞ്ഞു. എന്നിട്ട്​ പറഞ്ഞു, എനിക്കുവേണ്ടി പ്രാർഥിക്കണം.
അത്​ കേട്ടപ്പോൾ, സത്യത്തിൽ ചിരിക്കണോ കരയണോ എന്ന അവസ്ഥയായി. ആകെ 72 മണിക്കൂർ ബാക്കിയുള്ള ഒരാളോടാണ്​, മറ്റൊരാളുടെ ജീവനുവേണ്ടി പ്രാർഥിക്കാൻ പറയുന്നത്​. ഞാനാണെങ്കിൽ എനിക്കുവേണ്ടിപോലും പ്രാർഥിക്കാത്ത ഒരാൾ.
ഞാൻ ഈ മനുഷ്യനോട് പറഞ്ഞു, ഞാൻ പ്രാർത്ഥിക്കാത്ത ഒരാളാണ്, നിങ്ങൾ ആ കട്ടിലിൽ പോയി കിടന്നോളൂ. അയാളെ പറഞ്ഞയച്ചിട്ട്, തമ്മിൽ കാണാതിരിക്കാൻ ഞാൻ ഇടയിലെ കർട്ടൻ വലിച്ചിട്ടു.

അഞ്ചു മിനിറ്റായിട്ടില്ല, അയാളുടെ കട്ടിൽ കിടന്ന് കുലുങ്ങുന്നു. നോക്കിയപ്പോൾ, അയാളിങ്ങനെ കാലിന്റെ തള്ളവിരൽ കട്ടിലിലമർത്തി നടു ഉയർത്തി ശ്വാസം മുട്ടി പിടയുകയാണ്. ഞാനടുത്തേക്ക് ഓടിചെന്നപ്പോൾ, അയാൾ ഷർട്ടിൽ കേറി പിടിച്ചു. അവസാനശ്വാസത്തിലെന്നോണം എന്നോടു പറഞ്ഞു, ‘പ്രേ ഫോർ മീ, പ്രേ ഫോർ മീ’
നമുക്കൊന്നും പറയാൻ പറ്റില്ലല്ലോ. ഒരു മനുഷ്യന്റെ ഏറ്റവും നിസ്സഹായ അവസ്ഥയായിരുന്നു അത്​. കുറച്ചുകഴിഞ്ഞപ്പോൾ അയാളുടെ കൈ തളർന്നുവീണു. കണ്ണുകൾ പിന്നിലേക്ക് മറിഞ്ഞു. ഡോക്​ടർമാർ ഓടിവരുന്നുണ്ട്, അവർ നെഞ്ചിൽ കൈയമർത്തുന്നു...

ആയുസ്സിൽ​ 72 മണിക്കൂർ നിശ്​ചയിക്കപ്പെട്ട ഒരു കാൻസർ രോഗി​, തൊട്ടരികെ മറ്റൊരു മനുഷ്യൻ പിടഞ്ഞുമരിക്കുന്നത്​ കാണുകയാണ്​.
അയാളെ ഒരു ട്രോളിയിൽ കിടത്തി വെള്ളത്തുണിയിട്ട് മൂടി കൊണ്ടുപോയി. ഒന്നു കരയാൻ പോലും പറ്റാതെ ചുമരും ചാരി നിൽക്കുന്ന അയാളുടെ ഭാര്യയുടെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട്​. ഒറ്റ നിമിഷം കൊണ്ട്​ അവർക്കും രണ്ട്​ പെൺകുട്ടികൾക്കും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളില്ലാതായി. ആ പെൺകുട്ടികൾ അമ്മയെ വട്ടം കെട്ടിപ്പിടിച്ച്​ വാവിട്ട് കരയുകയാണ്.
ഞാനിങ്ങനെ ചിന്തിച്ചു, മരിച്ചത്​ ഒരു മനുഷ്യനാണ്​, പക്ഷേ തകർന്നതോ ഒരു കുടുംബം മുഴുവനുമാണ്.
കാൻസർ എന്ന രോഗത്തിന് ഒരു കുഴപ്പമുണ്ട്. അത് ഒരുപാട് സാമ്പത്തികചെലവുമൊക്കെയുണ്ടാക്കും. കുടുംബം മുഴുവൻ ഇയാളെ പരിചരിക്കുന്ന അവസ്​ഥയിൽ വരും. എന്നിട്ട്​, ഒരു നിമിഷം കൊണ്ട് ഇയാൾ പിരിഞ്ഞുപോകും. അതോടെ ആ കുടുംബം തീരാകണ്ണീരിലാകും.
ഇതൊക്കെ ആലോചിച്ച്​ ഞാൻ അസ്വസ്ഥനാവാൻ തുടങ്ങി. കാരണം, എന്റെ സമയവും കടന്നുപോകുകയാണല്ലോ. പൊ​ട്ടെന്ന്​ ഞാൻ വാച്ചിലേക്ക് നോക്കി, സൂചി അതിവേഗത്തിൽ ഓടുന്നപോലെ തോന്നി. മാത്രമല്ല, അത് സൂചിയായിരുന്നില്ല, കത്രികയായിരുന്നു, എന്റെ ആയുസ്സിന്റെ സമയം മുറിച്ചുമാറ്റുന്ന കത്രിക.
ഒരു ഡോക്ടർ നമ്മളെ വിളിച്ചിട്ട്, ഇനി 72 മണിക്കൂറേയുള്ളൂ എന്ന്​ പറയുന്ന നിമിഷത്തിലാണ്​ നാം ജീവിതത്തിലെ സമയത്തിന്റെ മൂല്യം ശരിക്ക്​ തിരിച്ചറിയുക. നാം സമ്പത്തോ ആരോഗ്യമോ ഒന്നുമല്ല ധൂർത്തടിച്ച് കളയുന്നത്, യഥാർഥത്തിൽ നമുക്ക് ലഭിച്ച ആയുസിന്റെ സമയാണ്. വാച്ച് സമയം നോക്കാനുള്ള ഉപകരണം മാത്രല്ല, ആയുസിന്റെ സമയം മുറിച്ചുമാറ്റുന്ന ഉപകരണം കൂടിയാണെന്ന്​ എനിക്കന്ന്​ മനസ്സിലായി. വാച്ച് ഞാനൂരി മാറ്റിവെച്ചു.

അമ്മ എന്നെ കാണുന്നില്ല. നല്ല തടിയും മുടിയുമൊക്കെയുണ്ടായിരുന്ന മകനെ അവർ കാണുന്നില്ല. പകരം, മുറിയുടെ മൂലയി​ലേക്ക്​ വലിച്ചെറിഞ്ഞ പഴന്തുണി പോലെ, എല്ലും തോലുമായി ഒരാൾ കിടക്കുന്നു. അമ്മയ്ക്ക് സത്യത്തിൽ എന്നെ കണ്ടിട്ട് മനസിലായില്ല.

എനിക്ക് ഭയങ്കര പേടി തോന്നി. അസ്വസ്​ഥനായി വിറച്ചിരിക്കുമ്പോൾ, പൊടുന്നനെ വാതിൽ തള്ളിത്തുറന്ന്​ അമ്മ കയറിവന്നു...
എന്നെ കാണാൻ നാട്ടിൽനിന്ന്​ വരികയാണ്​, രോഗം വന്നശേഷം ആദ്യമായി അവരെന്നെ കാണുകയാണ്​. വരുന്നതിനുമുമ്പ്​, അമ്മാവൻമാരൊക്കെ അമ്മയ്‌ക്കൊരു ട്രെയിനിങ്​ കൊടുത്തിട്ടുണ്ട്. അവനെ കാണുമ്പോൾ ചിരിക്കണം, കരയരുത്, ആശ്വസിപ്പിക്കണം എന്നൊക്കെ.

വാതിൽ തുറന്ന്​ അമ്മ ഇങ്ങനെ നോക്കിനിൽക്കുകയാണ്​.
അമ്മ എന്നെ കാണുന്നില്ല. നല്ല തടിയും മുടിയുമൊക്കെയുണ്ടായിരുന്ന മകനെ അവർ കാണുന്നില്ല. പകരം, മുറിയുടെ മൂലയി​ലേക്ക്​ വലിച്ചെറിഞ്ഞ പഴന്തുണി പോലെ, എല്ലും തോലുമായി ഒരാൾ കിടക്കുന്നു. അമ്മയ്ക്ക് സത്യത്തിൽ എന്നെ കണ്ടിട്ട് മനസിലായില്ല. ഞാൻ ബുദ്ധിമുട്ടി എഴുന്നേറ്റിരുന്നു. അപ്പോൾ അമ്മ എന്റെ കണ്ണുകൾ കണ്ടു. കണ്ണുകൾക്ക് മാറ്റമുണ്ടാവില്ലല്ലോ. അമ്മ പെട്ടന്ന് അടുത്തുവന്ന്​ കെട്ടിപ്പിടിച്ചൂ, നെറ്റിയിൽ ഉഴിഞ്ഞു, നിനക്കെന്താടാ പറ്റീത് എന്നൊക്കെ ചോദിക്കുകയാണ്​. പൊടുന്നനെ, അവർ അലറിക്കരഞ്ഞ് തലചുറ്റി വീണു. നോക്കിയപ്പോൾ എന്റെ മൂക്കിൽനിന്ന്​ രക്തമൊഴുകിവരികയാണ്​. ഇത് കണ്ടിട്ടാണ് അമ്മ തളർന്നുവീണത്. അമ്മയെ മറ്റുള്ളവർ താങ്ങിപ്പിടിച്ച്​ കൊണ്ടുപോയി.

എനിക്ക് വല്ലാത്തൊരു വിഷമം തോന്നി. ഞാൻ സൈഡിലേക്ക് ചരിഞ്ഞുകിടന്ന് വാ പൊത്തിപ്പിടിച്ച് കരഞ്ഞു. ഞാനും അമ്മയുമായി ഭയങ്കര അറ്റാച്ച്‌മെന്റായിരുന്നു. ഫാദർ ഗൾഫിലായിരുന്നു ആ സമയത്ത്. അപ്പോൾ, എല്ലാ കാര്യങ്ങളും അമ്മയോടാണ്​ പറയുക. അമ്മയാണെങ്കിൽ എന്നെ ഒരുപാട് സ്‌നേഹിക്കുന്ന, ഒരു പാവം അമ്മയായിരുന്നു. ആ അമ്മയെ എടുത്തുകൊണ്ട്​ പോകുമ്പോൾ എനിക്കു തോന്നി, എന്റെ രോഗം ഏറ്റവും കൂടുതൽ ക്രൂരത കാണിക്കുന്നത് അമ്മയോടായിരുന്നുവെന്ന്​.
ഏറ്റവും വലിയ വേദന കാൻസറി​േൻറതാണ്​ എന്നാണ്​ ഞാൻ ധരിച്ചുവച്ചിട്ടുള്ളത്​. പക്ഷേ അതിലും വലിയൊരു വേദനയുണ്ട്​. ആ വേദന, ഒരമ്മയുടെ പ്രസവ വേദനയാണ്. ആ വേദനയിൽ അവർ ഒരു കുഞ്ഞിനെ പ്രസവിക്കുമ്പോൾ അവർ പ്രാർഥിക്കുന്നത്​, എന്റെ വേദന മാറണം എന്നല്ല, മറിച്ച് എന്റെ കുഞ്ഞിനൊരാപത്തും വരുത്തല്ലേ എന്നാണ്.
അമ്മയെ ഓർത്ത്​, സഹിക്കാൻ പറ്റാത്ത വേദനയായി ഞാനങ്ങനെ മുറിയിലിരുന്നു. നടുഭാഗത്ത് ഭയങ്കര വേദന അനുഭവപ്പെടാൻ തുടങ്ങി. ഈ മരണം നട്ടെല്ലിലൂടെയാണ് വരിക എന്നൊക്കെ ചിന്തിച്ചിട്ടിട്ടുണ്ട്. നട്ടെല്ല് പ്രധാനപ്പെട്ട ഭാഗാണല്ലോ. മരണം അവിടെനിന്ന്​ ​ബ്രെയിനിലേക്ക് കടന്നുവരുന്നു എന്ന ചിന്തയിൽ ഞാനിങ്ങനെ വല്ലാതെ അസ്വസ്ഥനായിട്ടിരിക്കുകയാണ്​.

പെ​ട്ടെന്ന്​ ഒരു മിന്നാമിനുങ്ങ് കടന്നുപോകുന്ന പോലെ തോന്നി. എന്റെ മുറി വളരെ ഹൈജീനിക്കാണ്. അങ്ങനെയുള്ള മുറിയിലേക്ക്​ മിന്നാമിനുങ്ങ് വന്നപ്പോൾ ഞാൻ അമ്പരന്നു. ഞാൻ മുറിയിലെ ലൈറ്റുകളെല്ലാം ഓഫ് ചെയിതിരുന്നു. നോക്കിയപ്പോൾ, ചുമരിൽ ഒരു വെളിച്ചമുണ്ട്, അത്​ തേടിയാണ്​ മിന്നാമിനുങ്ങിന്റെ വരവ്​. തൊട്ടപ്പുറത്ത് ക്രൈസ്റ്റിന്റെ ഒരു പടമുണ്ട്​. ഞാൻ വെളിച്ചത്തിന്റെ അടുത്തുപോയി നോക്കിയപ്പോൾ, അത് മിന്നാമിനുങ്ങായിരുന്നില്ല, എന്തോ ഒരു ചെറിയ സാധനം മിന്നുന്നപോലെയാണ്​ തോന്നിയത്​. എനിക്കുതോന്നി, ഒരുപാട് റേഡിയേഷനും മറ്റും നടക്കുന്ന ആശുപത്രിയാണല്ലോ. ഇനി അതിന്റെ വല്ല സിംപ്റ്റവുമാണോ എന്ന്.
ഞാനാ ചിത്രത്തിൽ സൂക്ഷിച്ചുനോക്കി.
ക്രൈസ്റ്റ് എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി.
പെട്ടന്ന് ഞാൻ പൊട്ടിക്കരഞ്ഞു. നമ്മുടെ മാനസികാവസ്ഥ അങ്ങനെയാണല്ലോ. ഞാൻ സ്വയം പറഞ്ഞു, എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്​, എന്നെയൊന്ന് സഹായിക്കൂ.

പിന്നെ, കട്ടിലിൽ വന്നിരുന്ന്​ കുറേ കരഞ്ഞു.

ഫ്രാൻസിസ്​ അസീസിയുടെ പഴയകാല ഫോട്ടോ

വാതിലിൽ ആരോ തട്ടുന്നു. തുറന്നുനോക്കിയപ്പോൾ ഡോക്ടറാണ്​. വന്നയുടൻ കണ്ണിൽ നോക്കി പറഞ്ഞു, നീയാകെ ഡെസ്പായിട്ടുണ്ടല്ലോ, കരഞ്ഞിണ്ടല്ലോ? കരയല്ലേ, കാരണം നമ്മൾ എപ്പോഴും ചങ്കുറപ്പോടെ വേണം ഇത്തരം സന്ദർഭങ്ങൾ നേരിടാൻ.
ഞാൻ വിചാരിച്ചു, ഒരു മനുഷ്യനും ചങ്കുറപ്പുണ്ടാവില്ല ആ സമയത്ത്.
ഡോക്​ടർ പറഞ്ഞു, നിന്റെ ഹീമോഗ്ലോബിൻ വളരെ കുറവാണ്, 6.6 മാത്രമേയുള്ളൂ. മൂന്നു കുപ്പി രക്തം അത്യാവശ്യമായി കുത്തിവെക്കണം.

അന്നെന്റെ മൂന്ന്​ കൂട്ടുകാരവിടെ വന്നിട്ടുണ്ട്. മൂന്നുപേരുടെ പേരും ജോയ് എന്നാണ്. അവരുടെ ബ്ലഡ് കളക്ട് ചെയ്ത് വെച്ചിട്ടുണ്ട്. ടെസ്റ്റ് കഴിഞ്ഞ്​ ബ്ലഡ് കയറ്റണം.
ഫയലിൽ മുകൾ ഭാഗത്ത് ഡോക്ടേഴ്​സ്​ ഒബ്‌സർവേഷൻ എന്ന കോളമുണ്ട്. അതിൽ ‘സിങ്കിങ്ങ് സ്റ്റേജ്’ എന്നെഴുതിയിരിക്കുന്നു. അതായത്​, നമ്മൾ മരണത്തിലേക്ക് മുങ്ങിത്താഴുന്നു എന്ന്. പെ​ട്ടെന്ന്​ അത്​ വായിച്ചപ്പോൾ വല്ലാത്തൊരു ഷോക്കായി. കാരണം എന്റെ തന്നെ മരണക്കുറിപ്പ് ഞാൻ തന്നെ വായിക്കുകയാണ്​ണ്. ഞാൻ ആ ഫയലടച്ചുവച്ചു.

ബ്ലഡ് എടുക്കുമ്പോൾ ആകെയൊരു മരവിപ്പായിരുന്നു.
മുറിയിൽ കുറച്ചുനേരമിങ്ങനെ കിടന്നു. ലോകത്തൊരു മനുഷ്യനും നിർവചിക്കാനാവാത്ത കാര്യമാണ്, സ്വന്തം മരണം കാത്തുകിടക്കുക എന്നത്. എനിക്ക് എല്ലാവരെയും കാണണമെന്നുതോന്നി, ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം. ഞാനാണെങ്കിൽ വളരെ വൈഡായി ബന്ധങ്ങൾ സൂക്ഷിച്ചിരുന്നയാളാണ്. ആ ഞാനാക​ട്ടെ, സന്ദർശകരെ അനുവദിക്കില്ല എന്ന ബോർഡ് വെച്ച ഒരു മുറിയിലും.

ഒരു സൈഡിലേക്ക് തിരിഞ്ഞ് ക്രൈസ്റ്റിന്റെ ചിത്രത്തിലേക്കങ്ങനെ നോക്കിക്കിടന്നു. അറിയാതെയുറങ്ങിപ്പോയി. വാതിലിൽ തട്ട് കേട്ടിട്ടാണ്​ ഉണർന്നത്.
ഡോക്ടറാണ്​.
അദ്ദേഹം, ഭക്ഷണം കഴിച്ചോ എന്നു ചോദിച്ചു.
കഴിച്ചില്ല എന്ന്​ മറുപടി പറഞ്ഞു.
അമ്മ വന്ന് തലചുറ്റി വീണതൊക്കെ കണ്ടതുമൂലം മനസ്സിന് സുഖമില്ലാതായി, അതുകൊണ്ട്​ ഒന്നും കഴിച്ചിരുന്നില്ല.
അമ്മ വന്നപ്പോൾ വല്ല പുതിയ മരുന്നോ മ​റ്റോ തന്നിരുന്നോ എന്ന്​ ഡോക്​ടർ ചോദിച്ചു.
ഇല്ല എന്ന്​ ഞാൻ പറഞ്ഞു.
ഇവിടെനിന്ന്​ പുതിയ മരുന്നുകൾ ചെയ്തിരുന്നോ എന്നും ചോദിച്ചു.

24 വർഷമായി എന്റെ ബോഡിയിലിതുവരെ ഒരു സിംപ്റ്റം പ്രത്യക്ഷപ്പെട്ടിട്ടില്ല.
എന്റെ ശരീരത്തെ ഞാൻ തന്നെ ഒബ്‌സെർവ് ചെയ്യാൻ തുടങ്ങി. അങ്ങനെ കാൻസർ രോഗികൾക്കുവേണ്ടി എന്തെങ്കിലും കാര്യങ്ങൾ ചെയ്യണം എന്നൊരു ആഗ്രഹം വന്നു.

വെള്ളം കുടിച്ചില്ലെങ്കിൽ പോലും ഫയലിലെഴുതും, ആ നിലയ്​ക്ക്​ പുതിയത്​ എന്തെങ്കിലും കഴിച്ചാൽ അത്​ ഫയലിൽ കാണാമല്ലോ, ഡോക്​ടറോട്​ ഞാൻ ഫയലിൽ​ നോക്കാൻ പറഞ്ഞു. ഡോക്​ടർ ഫയൽ തുറന്ന് എന്നെ കാണിച്ചു.
രക്തമെടുത്ത് പരിശോധിക്കുമ്പോൾ 6.6 ആയിരുന്ന ഹീമോഗ്ലോബിൻ ഒരു മരുന്നും ചെയ്യാതെ 9.8 ആയിരിക്കുന്നു. വെള്ളം പോലും ഞാൻ കുടിച്ചിരുന്നില്ല.

അതെനിക്കൊരു കച്ചിത്തുരുമ്പായിരുന്നു.
ബ്ലഡ് കയറ്റേണ്ടിവന്നില്ല. പിന്നീട്​, പല വിധത്തിലുള്ള പരിശോധനകൾക്കായി കൊണ്ടുപോയി. അപ്പോഴും എനിക്ക് ശാരീരിക വേദനകളും മറ്റുമുണ്ടായിരുന്നു. ആ സമയത്ത് ഞാൻ പരിശീലിച്ച മർമയോഗ ബോഡിയിൽ അപ്ലൈ ചെയ്യാൻ തുടങ്ങി. അതുവരെ ചെയ്യാൻ പറ്റിയിരുന്നില്ല. മാത്രല്ല. നന്നായി മെഡിറ്റേഷനും ചെയ്യാൻ തുടങ്ങി. ഞാനതിനിടയിൽ ഐൻസ്റ്റീന്റെ ഒരു പുസ്തകം വായിച്ചിരുന്നു. അതിൽ പറയുന്നുണ്ട്, ‘ഇമാജിനേഷൻ ഈസ് ബെറ്റർ ദാൻ നോളജ്’ എന്ന്​. എല്ലാ രോഗികളും സ്വീകരിക്കേണ്ട ഒരു നിലപാടാണിത്​. ഏതവസ്ഥയിലാണെങ്കിലും നല്ലതിനെപ്പറ്റി ചിന്തിക്കുക. ആ രീതിയിലേക്ക് എന്റെ മൈൻറ് എത്തി.

നാഡീഞരമ്പുകളിലേക്ക് സർക്കുലേഷൻ വർധിപ്പിക്കുന്ന രീതി മർമ്മയോഗയുടെ സഹായത്തോടെ ചെയ്യാൻ തുടങ്ങി. അതിനിടയിൽ ഓങ്കോളജി, ഹീമറ്റോളജി, എൻഡോക്രൈനോളജി ഡിപ്പാർട്ട്‌മെന്റുകളിലെ സയൻറിസ്​റ്റുകളായ ഡോക്ടർമാർ എന്നെ ഡീപ്പായി പരിശോധിച്ചു. സെറിബ്രത്തിലെയും സ്പൈനൽകോഡിലെയും ഫ്‌ളൂയിഡ്​ പരിശോധിച്ചു. ബോൺമാരോ പരിശോധിച്ചു. ഇതിൽ, കാൻസറിന്റെ ഒരു സെല്ലുപോലും കണ്ടെത്താനായില്ല. ഞാനങ്ങനെ ഒരൽഭുതകരമായ അവസ്ഥയിൽ രോഗത്തെ അതിജീവിച്ചു. അവർ പറയുന്നു, ഇത്തരം അതിജീവനങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ടെന്ന്.

24 വർഷമായി എന്റെ ബോഡിയിലിതുവരെ ഒരു സിംപ്റ്റം പ്രത്യക്ഷപ്പെട്ടിട്ടില്ല.
എന്റെ ശരീരത്തെ ഞാൻ തന്നെ ഒബ്‌സെർവ് ചെയ്യാൻ തുടങ്ങി. അങ്ങനെ കാൻസർ രോഗികൾക്കുവേണ്ടി എന്തെങ്കിലും കാര്യങ്ങൾ ചെയ്യണം എന്നൊരു ആഗ്രഹം വന്നു. ആശുപത്രികളിൽ രോഗികളെ പോയി കാണും. അവരോട് എന്റെ രോഗത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും സംസാരിക്കും. ഒരുപാട് ഡോക്​ടർമാർ എന്നെ ഈ കാര്യത്തിൽ പ്രോൽസാഹിപ്പിക്കുന്നുണ്ട്​. രോഗികൾ വരുമ്പോൾ അവരെന്നെ വിളിക്കും.

എന്റെ അനുഭവത്തിൽ പഠിച്ച ചില പാഠങ്ങളാണ്​ ഇപ്പോൾ ഞാൻ പ്രാവർത്തികമാക്കുന്നത്​. അതിൽ ഒന്നാമത്തെ പാഠം, മനസ്സിനെ മരുന്നാക്കുക എന്നതാണ്. രോഗം വന്നാൽ അതിന്റെ റിയാലിറ്റി ഉൾക്കൊള്ളണം. മുടി കൊഴിഞ്ഞുപോയാൽ അതിന്റെ യാഥാർഥ്യം ഉൾക്കൊള്ളണം. അതിലൂടെ മാത്രമേ അതിജീവനം സാധ്യമാകൂ. മർമയോഗയെ സ്‌നേഹയോഗ എന്നാക്കി മാറ്റി. അത് മാനസികവും ശാരീരികവുമായ ഉല്ലാസം നൽകും. അത്തരത്തിലൊരു പരിചരണ രീതി പരിശീലിപ്പിച്ചെടുക്കാനുള്ള ഭാഗ്യമെനിക്കുണ്ടായി. അതിന്റെ ഭാഗമായി ഒരുപാട് അംഗീകാരങ്ങളും കിട്ടി.

കാൻസറിനെ അതിജീവിച്ച ഞാൻ രോഗികളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, എന്റെ ശരീരം നൽകിയ പാഠങ്ങളുമായി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഫ്രാൻസിസ്​ അസ്സീസി

പ്രഭാഷകൻ, സാന്ത്വനപരിശീലകൻ. കാൻസർ രോഗം വന്ന്​ അതിജീവിച്ചു. മർമ്മയോഗ, കരാ​ട്ടെ തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലനം നേടി. സൗദി കോൺസുലേറ്റിൽ പേഴ്സനൽ സെക്യൂരിറ്റി ചീഫ് ആയിരുന്നു. രോഗികൾക്കും മറ്റും ‘സ്നേഹയോഗ’ എന്ന സാന്ത്വന പരിശീലനം നൽകുന്നു. മാരക രോഗബാധിതർക്കായി ‘ആയുർസ്നേഹ " എന്ന റിസർച്ച്​ പ്രൊജക്​റ്റിലും പ്രവർത്തിക്കുന്നു. ദൈവത്തിന്റെ ദുഃഖം, ഗുരുവിന്റെ മൗനം എന്നീ അനുഭവപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments