ഈ കാലത്തിന്റെ അപരിചിതത്വവും, അതിജീവനതന്ത്രങ്ങളുടെ സാധ്യതയും ദൈനംദിന ജോലി ഉത്തരവാദിത്തങ്ങളുടെ മാഹാത്മ്യവും അപരിചിതരിൽ നിന്നു ലഭിക്കുന്ന കരുതലും ആർദ്രതയും വളരെ ശക്തമാണ്. രോഗികളായ ഒമ്പത് സ്ത്രീകൾക്കൊപ്പം ഞാൻ താമസിച്ച കോവിഡ് വാർഡിലേക്കുള്ള അപൂർണ നോട്ടമാണ് ഈ കുറിപ്പ്. 2021 മെയ് എട്ടിന് എന്നെ ഡിസ്ചാർജ് ചെയ്യുമ്പോൾ കോവിഡ് രോഗികൾക്കായുള്ള സ്ത്രീകളുടെ വാർഡിൽ 12 ദിവസം ഞാൻ ചെലവഴിച്ചിരുന്നു.
ചെറിയൊരു പനിയും തലവേദനയുമായാണ് എല്ലാം തുടങ്ങിയത്.
ഒന്നര വർഷം സാമൂഹ്യ അകലം പാലിക്കലിനും വീട് വൃത്തിയായി സൂക്ഷിക്കാനുള്ള ശ്രമങ്ങൾക്കും, ഇടയ്ക്കിടെ കൈ കഴുകാൻ ഒരുപാട് സോപ്പ് ചെലവഴിച്ചതിനും, ചൂടുവെള്ളം കവിൾ കൊണ്ടതിനും ഒക്കെശേഷം, എന്റെ ഇളയ കുട്ടിയെയും എന്നെയും വൈറസ് പിടികൂടി. അത് ഭീകരമായിരുന്നു. ആരെയെങ്കിലും അറിയിക്കാനുള്ള പേടി കൊണ്ട്, ഇതങ്ങ് പോകുമെന്ന് കരുതി ഞങ്ങൾ കിടന്നു. പത്തുദിവസത്തിനുശേഷം, ‘നിങ്ങളിതെവിടെയാ’ എന്ന് അന്വേഷിച്ച് ഒരു സുഹൃത്ത് വിളിച്ചു. അവൾ ഞങ്ങളെ കണ്ടിട്ട് കുറച്ചുകാലമായിരുന്നു. ഞങ്ങൾക്ക് അസുഖമാണെന്ന് അറിഞ്ഞയുടൻ ഓക്‌സിജൻ അളയ്ക്കാനുള്ള ഉപകരണം സംഘടിപ്പിച്ച് അവൾ ഞങ്ങൾക്കു തന്നു.
ഓക്‌സിജൻ ലെവലും പൾസും പരിശോധിച്ചു തുടങ്ങി മൂന്നാം ദിവസം, എന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 75 ശതമാനമായി കുറഞ്ഞെന്ന് മകൾ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ ഞാൻ മരിച്ചുപോകുമെന്ന് തലേദിവസം ഞങ്ങൾ വിളിച്ച ഡോക്ടറായ സുഹൃത്ത് പറഞ്ഞിരുന്നതുകൊണ്ട് അവൾ മൂത്ത രണ്ട് ചേച്ചിമാരെ വിളിച്ച് വിവരം അറിയിച്ചു, ഉടൻ അവരെനിക്ക് ആശുപത്രി കിടക്ക കണ്ടെത്താൻ ശ്രമവും തുടങ്ങി.
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിക്കാൻ കഴിയാത്തത്ര അവശയായിരുന്നു ഞാൻ. ഒരു ഓക്‌സിജൻ സിലിണ്ടർ എത്തിച്ചിരുന്നു, പക്ഷേ അത് കാലിയാണെന്നു തോന്നുന്നു, അതുകൊണ്ട് തിരിച്ചുകൊണ്ടുപോയി
ആരെയും വിവരം അറിയിക്കാത്തതിനും കോവിഡ് പരിശോധന നടത്താത്തതിനും ഡോക്ടർ ഗുണദോഷിച്ചത് ഞങ്ങൾ ചെവിക്കൊണ്ടിരുന്നില്ല. മോർച്ചറിയിൽ സ്വന്തക്കാരെ കണ്ടെത്താൻ കഴിയാത്തവരുടെയോ ചികിത്സയ്ക്കായി ആശുപത്രിയിൽ വിട്ടവരെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടവരുടെയൊ ഒക്കെ ബന്ധുക്കളുടെ വിലാപങ്ങളായിരുന്നു പത്രങ്ങൾ നിറയെ. കോവിഡ് പരിശോധനകളുടെ കാര്യത്തിലാണെങ്കിൽ, പരിശോധനക്ക് ബുക്ക് ചെയ്തവർക്കും പലപ്പോഴും നീണ്ട ക്യൂവാണ് ലഭിക്കാറ്, അല്ലെങ്കിൽ ‘വീട്ടിലേക്ക് മടങ്ങിക്കോ’ എന്ന ആജ്ഞയും.
എന്തോ ഭാഗ്യത്തിന്, പരിശോധനാ കിറ്റുമായി ഒരു സ്വകാര്യ കമ്പനി ഏജൻറ് വന്നു, ഞാനും മോളും കോവിഡ് പോസിറ്റീവാണെന്ന കാര്യത്തിൽ ഒരു സംശയവുമുണ്ടായില്ല. ഡബിൾ മാസ്‌ക് ധരിച്ച് കുറച്ചുപേർ, ചെറുപ്പക്കാർ, എന്റെ മോളുടെ സുഹൃത്തുക്കൾ, സുഹൃത്തുക്കളുടെ സുഹൃത്തുക്കളൊക്കെ വീട്ടിലേക്ക് തിരക്കിട്ട് വരികയും പോകുകയുമൊക്കെ ചെയ്യുന്നു, ഫോൺ ചെയ്യുന്നു, എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിക്കാൻ കഴിയാത്തത്ര അവശയായിരുന്നു ഞാൻ. ഒരു ഓക്‌സിജൻ സിലിണ്ടർ എത്തിച്ചിരുന്നു, പക്ഷേ അത് കാലിയാണെന്നു തോന്നുന്നു, അതുകൊണ്ട് തിരിച്ചുകൊണ്ടുപോയി, എയ്‌റോസോൾ പോലെയുള്ള ചെറിയ കണ്ടെയ്‌നറുകളും വാങ്ങിച്ചിരുന്നു.
"എന്നെ ആശുപത്രിയിലേക്ക് അയക്കരുതേ, പിന്നെ ഒരിക്കലും എനിക്ക് നിങ്ങളെ വീണ്ടും കാണാനാവില്ല, എങ്ങനെ നിങ്ങളെ ബന്ധപ്പെടണമെന്നുപോലും എനിക്കറിയില്ല'- ഞാൻ കേണു. വീട്ടിലുണ്ടായിരുന്ന ചെറുപ്പക്കാരിൽ ചിലർക്ക് മുമ്പ് കോവിഡ് വന്നിരുന്നു, കുറച്ചു മാസക്കാലമുണ്ടാവുന്ന ആ പ്രതിരോധത്തിന്റെ ബലത്തിൽ, അവർ തുടർച്ചയായി കോളുകൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, ഒരുപക്ഷേ കൂടുതൽ ഓക്‌സിജൻ എയ്‌റോസോളുകൾ സംഘടിപ്പിക്കാൻ ശ്രമിക്കുകയായിരിക്കണം. ഒന്നരവർഷത്തെ ലോക്ക്ഡൗണിൽ താരതമ്യേന ഭേദപ്പെട്ട ജീവിതം നയിക്കുകയായിരുന്ന എന്റെ മൂത്ത മകൾ, കുടുംബസമേതം മറ്റൊരു നഗരത്തിലായിരുന്നു. എനിക്കുവേണ്ടി ഒരു ആശുപത്രി കിടക്ക കണ്ടെത്താൻ അവൾക്കു കഴിഞ്ഞു. ആ ദിനങ്ങളിൽ ആർക്കും ലഭിച്ചിട്ടില്ലാത്ത അതിജീവന വഴിയായിരുന്നു അത്. അവൾ ട്വിറ്ററും ഫെയ്‌സ്ബുക്കുമൊക്കെ ഉപയോഗിച്ചു, എണ്ണിയിലാടൊങ്ങാത്ത ഫോൺകോളുകൾ ചെയ്തു, അവസാനം, "ജാമിയ ഹംദർദിൽ ഒരു കിടക്ക ഒഴിവുണ്ട്' എന്നറിയിച്ച് ആരോ ഒരു എസ്.എം.എസ് അയച്ചു. ജെ.എൻ.യു ക്യാമ്പസിൽ താമസിക്കുന്ന ഇളയ മകൾ ജെ.എൻ.യു ആംബുലൻസ് വിളിക്കുകയും വൈകുന്നേരം ഏഴുമണിയോടെ അത് പടിവാതിൽക്കൽ എത്തുകയും ചെയ്തു.
"ഇവിടെയൊരു കിടക്കയുണ്ട്, ഇനി എനിക്ക് ഉറങ്ങാലോ' എന്ന ചിന്തയല്ലാതെ മറ്റൊരു വികാരവും എനിക്കുണ്ടായിരുന്നില്ല.
ട്രാഫിക്കൊന്നും ഇല്ലായിരുന്നതിനാൽ ഞങ്ങൾ പെട്ടെന്ന് ആശുപത്രിയിലെത്തി. എവിടെയാണ് പോകേണ്ടതെന്നും ഏത് ഡോക്ടറെയാണ് കാണേണ്ടതെന്നും ഗേറ്റിൽവെച്ച് ഞങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങൾ എൻട്രൻസിലേക്ക് നടന്നു. ചെറുപ്പക്കാരനായ ഒരു ഡോക്ടർ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു, അല്പം പരിഭ്രമത്തോടെ അദ്ദേഹം പറഞ്ഞു, "നിങ്ങൾ നടക്കാനൊന്നും പാടില്ല, ഒരു വീൽചെയറിൽ വന്നാൽമതി' . എന്നെ പരിചരിക്കുന്നതിനായി അദ്ദേഹത്തിന് വിട്ടുകൊടുത്ത് കോവിഡ് പോസിറ്റീവായ മകൾ പെട്ടെന്ന് ടാക്‌സി വിളിച്ച് വീട്ടിലേക്ക് തിരിച്ചുപോയി. അവിടെ 12 ദിവസം ഞാനില്ലാത്ത ഐസൊലേഷനിൽ കഴിയുകയും ചെയ്തു. സുഹൃത്തുക്കൾ അവൾക്ക് ഭക്ഷണമെത്തിച്ചുനൽകി. അവൾക്ക് ഗുരുതര കോവിഡ് ലക്ഷണങ്ങളൊന്നുമില്ലായിരുന്നെങ്കിലും വളരെ ക്ഷീണമുണ്ടായിരുന്നു.
എന്നെ സ്വീകരിച്ച ഡോക്ടർക്കൊപ്പമുണ്ടായിരുന്ന വാർഡ് ബോയ് വീൽ ചെയർ കൊണ്ടുവരികയും എനിക്കുവേണ്ടി മകൾ പാക്ക് ചെയ്ത വസ്ത്രങ്ങളടങ്ങിയ ബാഗ് എടുക്കുകയും ചെയ്തു. വാർഡ് നിറഞ്ഞിരുന്നു, എല്ലാ കിടക്കകളിലും ആളുകൾ. "ഇവിടെയൊരു കിടക്കയുണ്ട്, ഇനി എനിക്ക് ഉറങ്ങാലോ' എന്ന ചിന്തയല്ലാതെ മറ്റൊരു വികാരവും എനിക്കുണ്ടായിരുന്നില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മകൾ സുരക്ഷിതമായി വീട്ടിലെത്തിയോ എന്നറിയാൻ ഞാനവളെ വിളിച്ചു. അവളെത്തിയിരുന്നു.
ഓരോ മണിക്കൂറിലും ചില പരിശോധനകൾക്കായി ഞങ്ങളെ എഴുന്നേൽപ്പിച്ചിരുന്നു, ഞങ്ങളെല്ലാം അതിന് വഴങ്ങിക്കൊടുത്തു, കാരണം മരണവക്കിൽ നിൽക്കുന്ന ഒരാൾക്ക് ഒരു പിടിവാശിയുമില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഞങ്ങളെല്ലാവരും അത്യന്തം തളർന്നിരുന്നു, ആരും പരസ്പരം നോക്കിയില്ല, ശാരീരികമായ ചില വേദനങ്ങൾ പേറി അവിടെ കിടന്നു, രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചായിരുന്നു വേദനയുടെ തീവ്രത. വേദന സഹിക്കാൻ വയ്യാതെ കരയുന്ന എഴുപതു വയസുള്ള രണ്ട് സ്ത്രീകളുണ്ടായിരുന്നു അവിടെ. അത് ബാക്കിയുള്ളവർക്ക് ചില അസ്വസ്ഥതകളുണ്ടാക്കി, ഞങ്ങൾ ഉറക്കത്തിലേക്ക് വീണയുടൻ അതിൽ ഒരു സ്ത്രീ അല്ലെങ്കിൽ മറ്റവർ ഹൃദയം പൊട്ടുമാറ് നിലവിളിക്കുന്നുണ്ടാവും.
മൂത്രപ്പുരയിലെങ്ങാനും മരിച്ചുവീഴുമോയെന്നതായിരുന്നു ഞങ്ങൾക്കുണ്ടായിരുന്ന ഏറ്റവും വലിയ ഭയം. വീൽചെയർ ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ ഞങ്ങളുടെ കൂടെവരാൻ അറ്റന്റർമാരുണ്ടായിരുന്നു. കൂടെയാരും വന്നില്ലെങ്കിൽ എന്തെങ്കിലും അപകടം പറ്റുമെന്ന് പറഞ്ഞ് നഴ്‌സിന്റെടുത്ത് നിന്ന് സ്ഥിരം വഴക്കുകേട്ടിരുന്നെങ്കിലും ഞങ്ങളിൽ ഭൂരിപക്ഷം പേരും ടോയ്‌ലറ്റിലേക്ക് ഒറ്റയ്ക്ക് നടന്നുപോകാൻ തന്നെ താൽപര്യപ്പെട്ടു. ആദ്യ കുറച്ചുദിവസങ്ങളിൽ തിരിച്ചുവരാൻ പറ്റാതെ ഞാൻ കുഴങ്ങി, വെറും നാല് മുറികൾ കടന്നാൽ മതിയായിരുന്നു, പക്ഷേ ഞാൻ നടത്തം തുടരുകയും വഴി ചോദിക്കുകയും ചെയ്തു. സ്ഥലം മനസിലാക്കാൻ കഴിയുന്ന ബോധമൊന്നും എനിക്കുണ്ടായിരുന്നില്ല, പക്ഷേ, ഞാൻ പറഞ്ഞല്ലോ, അത്രയൊന്നും നടക്കാനില്ലെന്ന്. പിന്നെ അവിടെ കണ്ണെത്താ ദൂരത്തുതന്നെ ആരോഗ്യപ്രവർത്തകരുണ്ടായിരുന്നു.
ഏഴുമണിക്കുശേഷം അവർ ഭക്തിഗാനങ്ങൾ വയ്ക്കുകയോ ബന്ധുക്കളോട് സംസാരിക്കാൻ തുടങ്ങുകയോ ചെയ്താൽ എന്റെ മട്ടാകെ മാറും. ‘ഇതാരാണ് ഈ ലൗഡ്‌സ്പീക്കർ ഓൺ ചെയ്തിരിക്കുന്നത്' എന്ന അലർച്ചയോടെയുള്ള അന്വേഷണം പൂർണമായൊരു നിശബ്ദതയ്ക്കു വഴിമാറും.
എട്ടുദിവസത്തിനിടെ നിരവധി രോഗികളുടെ അവസ്ഥ ഭേദപ്പെട്ടു, അവരുടെ രക്തത്തിലെ ഓക്‌സിജൻ 98 ആയി, അവരെ വീട്ടിലേക്ക് തിരിച്ചയച്ചു. ഞങ്ങൾ നോട്ടം കൈമാറുകയോ, പരസ്പരം എന്തെങ്കിലും സംസാരിക്കുകയോ സ്വയം പരിചയപ്പെടുത്തുകയോ പോലും ചെയ്തിരുന്നില്ല. വാർഡ് ബോയ്‌സ് സദാ ജാഗരൂകരും ഞങ്ങളുടെ ഗുരുതരാസ്ഥയിൽ അനുതാപമുള്ളവരുമായിരുന്നു. ഒരാഴ്ച ഞങ്ങൾ മരിച്ചതുപോലെ കിടന്നു, പക്ഷേ അവരുടെ പരിചരണം ഏറെ വിലപ്പെട്ടതായിരുന്നു. രാത്രിയാണെങ്കിൽ വേറൊരു കഥയാണ്. ശരീരോഷ്മാവ് അളക്കാനോ, ഞരമ്പിൽ സൂചി കുത്താനോ, അല്ലെങ്കിൽ ശ്വാസകോശ സ്‌കാനിനോ ഒക്കെയായി എല്ലാ മണിക്കൂറിലും എഴുന്നേൽക്കണം. ഏതുസമയത്തും ആരും മരിക്കാം, അതുകൊണ്ട് നാളെ എന്ന ഒന്നില്ലെന്നതുപോലെയാണ് ആരോഗ്യ സംവിധാനം പ്രവർത്തിച്ചുകൊണ്ടിരുന്നത്. അവരെയോ വലിയ എക്‌സ് റേ മെഷീനുകൾ വലിക്കേണ്ടിവന്ന ടെക്‌നിക്കൽ സ്റ്റാഫിനെയോ രക്തസാമ്പിളെടുക്കുന്നവരെയോ ഒന്നും കടപ്പാടുകൾ പറഞ്ഞ് ഞങ്ങൾ ശല്യപ്പെടുത്തിയില്ല. അവിടെ രാത്രിയോ പകലോ ഉണ്ടായിരുന്നില്ല, സമയം വെറുമൊരു വേർതിരിക്കൽ മാത്രമായിരുന്നു, കോവിഡ് വാർഡിലെ വെളിച്ചം എല്ലായ്‌പ്പോഴും പ്രകാശിച്ചുതന്നെയിരുന്നു.
എട്ടുദിവസങ്ങൾക്കൊടുവിൽ, പനിയും തലവേദനയും കുറഞ്ഞതോടെ ലോകം കുറച്ചൊക്കെ തിരിച്ചറിയാമെന്ന അവസ്ഥയെത്തി. ഉദാഹരണത്തിന് ഗ്രൗണ്ട് ഫ്‌ളോറിലാണ് ഞങ്ങളുള്ളതെന്നും ജനലിലെ പച്ച നിറത്തിലുള്ള മറനീക്കിയാൽ പുറത്തെ കാറുകളും ആളുകളെയും കാണാമെന്നും ഞാൻ മനസിലാക്കി. രോഗികൾക്ക് വരുന്ന ഫോണുകൾ ശ്രദ്ധിക്കാനും അവരുടെ ജീവിതവും ബുദ്ധിമുട്ടുകളും അറിയാനും തുടങ്ങി. റെയിൽവേ സ്റ്റേഷനിലെയും ദീർഘദൂര ബസുകളിലെയും യാത്രക്കാരെപ്പോലെ അവർക്കും വീട്ടിലെ സങ്കീർണമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിൽ യാതൊരു മടിയുമുണ്ടായില്ല. ഞാൻ ജീവനോടെയുണ്ടെന്നോ സുഖം പ്രാപിച്ചുവരികയാണെന്നോ പറയാൻ ചില കോളുകൾ ചെയ്തതൊഴിച്ചാൽ ഞാനാരെയും വിളിച്ചില്ല.
രാത്രി ഏഴുമണിക്ക് ശേഷം ആളുകൾ അവരുടെ ലൗഡ് സ്പീക്കറുകൾ തുറന്നാൽ ഞാൻ വളരെ മോശമായ രീതിയിൽ അവരോട് പ്രതികരിക്കാൻ തുടങ്ങി. ഏഴുമണിവരെ; ഉച്ചയ്ക്ക് എന്താ കഴിക്കാനുണ്ടാക്കിയത്, ആരുടെ സ്വത്തിന്റെ കാര്യത്തിലാണ് പ്രശ്‌നം, പൊടുന്നനെ ഒറ്റപ്പെട്ടുപോയ പ്രായമായ പാരൻറ്സിനോട് വിദേശത്തുള്ള കുട്ടികൾക്ക് എന്താണ് പറയാനുള്ളത് തുടങ്ങി പരാതിയും പരിഭവങ്ങളും നിറഞ്ഞ സംസാരങ്ങൾ കേൾക്കുന്നതിൽ എനിക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. മറ്റാരെങ്കിലും കേൾക്കുന്നുണ്ടോയെന്നൊന്നും അവർ ശ്രദ്ധിക്കാത്തതിനാൽ ഇങ്ങനെയുള്ള വിവരങ്ങൾ കേൾക്കാൻ ബഹുരസവുമായിരുന്നു, എട്ടാംദിനം മുതൽ ഞാൻ മറ്റു രോഗികളുമായി സംസാരിക്കാൻ തുടങ്ങുകയും അവർ അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അറിയുകയും ചെയ്തു. ഏഴുമണിക്കുശേഷം അവർ ഭക്തിഗാനങ്ങൾ വയ്ക്കുകയോ ബന്ധുക്കളോട് സംസാരിക്കാൻ തുടങ്ങുകയോ ചെയ്താൽ എന്റെ മട്ടാകെ മാറും. ‘ഇതാരാണ് ഈ ലൗഡ്‌സ്പീക്കർ ഓൺ ചെയ്തിരിക്കുന്നത്' എന്ന അലർച്ചയോടെയുള്ള അന്വേഷണം പൂർണമായൊരു നിശബ്ദതയ്ക്കു വഴിമാറും. ശേഷം കട്ടിലിൽ നിന്നെഴുന്നേറ്റ് ആ വ്യക്തിയോടായി പറയും, "ഇത് നിങ്ങളുടെ വീടല്ല, ആശുപത്രി മുറിയാണ്, പൊതുസ്ഥലം'.
വാർഡിനടുത്തുള്ള ടോയ്‌ലറ്റ് പലരും ഉപയോഗിച്ചു. മരണം മുന്നിൽ കണ്ടാൽ പിന്നെ എല്ലാവരും സഹോദരീ സഹോദരന്മാരാണ്, മര്യാദ കാട്ടിയിരുന്നിടത്തോളം ആരും തന്നെ ഇതിനെക്കുറിച്ച് പരാതിപ്പെട്ടില്ല.
അവരുടെ പേര് അറിയാൻ തുടങ്ങിയതോടെ, ചിലപ്പോൾ ഞാൻ അട്ടഹസിക്കാൻ തുടങ്ങും, "ഇത് രാത്രിയാണ്, നിങ്ങളുടെ ഫോണിന്റെ ലൗഡ് സ്പീക്കർ ഓൺ ചെയ്തുവെച്ചിരിക്കുന്നു '. ആരോപണ വിധേയയായ ആൾ പതിഞ്ഞ ശബ്ദത്തിൽ പറയും, "അത് ഞാനല്ല.'
രാത്രി എന്റെ ശ്രവണശേഷി കുറേക്കൂടി തീവ്രമാകും പോലെയായിരുന്നു, ഏതൊരു ശബ്ദവും എന്റെ തലയിൽ കിടന്ന് കറങ്ങും.
പത്താംദിവസത്തോടെ, ഞങ്ങളിൽ മൂന്നുപേർ മാത്രമായിരുന്നു ബാക്കിയായത്. പുതുതായി വന്നയാൾ, ഒരുപാട് സംസാരിച്ചു, കാന്റീനിൽ നിന്ന് പഞ്ചസാരയിട്ട ചായയ്ക്ക് പലതവണ ഓർഡർ ചെയ്തു, പക്ഷേ പിന്നീട് അവരെ ഐ.സി.യുവിലേക്കും തുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റി.
ഡോക്ടർമാരും നഴ്സുമാരും അങ്ങേയറ്റം അലിവുള്ളവരായിരുന്നു, ഞങ്ങളോരോരുത്തരോടും സംസാരിക്കുന്നത് അവർ നിർത്തി. അവരുടെ ആശങ്കകളുടെ ഈ സ്ഥിരതയാണ് എത്രവലിയ പോരാളികളാണ് അവരെന്ന് എനിക്ക് കാണിച്ചുതന്നത്. രാജ്യം മുഴുവൻ അവരോട് കടപ്പെട്ടിരിക്കുന്നു. അവർ സ്ഥിരമായി വന്നു, കമിഴ്ന്നുകിടക്കുന്നത് (lie on one's belly) വെന്റിലേറ്ററിൽ എന്നതുപോലെ ഗുണകരമാണെന്നതിനാൽ അത് എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നെക്കൊണ്ട് കഴിയുംപോലെ ഇടയ്ക്കിടെ അങ്ങനെ ചെയ്യാൻ ശ്രമിച്ചു, അതിന് വയറ് കാലിയായിരിക്കേണ്ടതുണ്ട്, പതിനൊന്നിനും ഒന്നിനും ഇടയിലും, വൈകുന്നേരം അഞ്ചിനും ഏഴിനും ഇടയിലും അങ്ങനെ കിടക്കാം. ബാക്കി സമയത്ത് നമ്മൾ ഊണോ വെള്ളമോ, ചായയോ സൂപ്പോ ഒക്കെ കഴിച്ചിരിക്കും. വളരെ മികച്ച അടുക്കളയായിരുന്നു അവിടുത്തേത്, ഞങ്ങളുടെ അതിജീവന പ്രക്രിയയിൽ പോഷകാഹാരത്തിന് വലിയ പ്രാധാന്യമുണ്ടെന്നതുകൊണ്ടുതന്നെ അവർ നന്നായി തന്നെ ഞങ്ങളെ ഊട്ടി. ദിവസവും ഉച്ചഭക്ഷണ സമയത്ത് രണ്ട് പൂച്ചകൾ സൗഹൃദ സന്ദർശനം നടത്തി, കുറച്ചകലെ നിന്ന് അവരെന്നെ നോക്കും, ആരോഗ്യവിദഗ്ധർ പുനർജനിച്ചവരെന്നപോലെ. ആരും അവരെ ഓടിച്ചില്ല, ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ അവർ ജീവിച്ചുപോകുന്നതുപോലെ തോന്നി. ദിവസവും പുലർച്ചെ അഞ്ചുമണിക്ക് കിടക്കവിരികൾ മാറ്റും. ആദ്യത്തെ ഒരാഴ്ച മരണത്തിലേക്ക് വീണുപോകില്ലെന്ന് പ്രത്യാശിച്ച് അനിശ്ചിതത്വത്തോടെ ഞങ്ങളവിടെ കഴിഞ്ഞു.
ക്ലീനിങ് സ്റ്റാഫ് ദിവസം മുഴുവൻ വന്ന് തറ തുടയ്ക്കുകയും ടോയ്‌ലറ്റുകൾ വൃത്തിയിൽ സൂക്ഷിക്കുകയും ചെയ്തു. അവരുടെ ജോലി വളരെ ബുദ്ധിമുട്ടുള്ളതാണ്. എന്നിട്ടും എന്തോ ധൈര്യത്തിൽ അവർക്കത് ചെയ്യാനാവുന്നു. എന്തുകൊണ്ടാണ് സ്ത്രീകളുടെ ടോയ്‌ലറ്റ് പുരുഷന്മാരുടെ വാർഡിനടുത്തും പുരുഷന്മാരുടെ ടോയ്‌ലറ്റ് സ്ത്രീകളുടെ വാർഡിനടുത്തുമാക്കിയതെന്ന് ഞങ്ങൾ അത്ഭുതപ്പെടാറുണ്ട്. വെറുമൊരു നെയിം പ്ലേറ്റ് ഒന്നുമാറ്റിയാൽ ജീവിതം കൂറേക്കൂടി എളുപ്പമായിരുന്നേനെ. പനി കാരണം ബോർഡുകൾ വായിക്കാൻ പോലും ബുദ്ധിമുട്ടുനേരിടുന്ന തരത്തിൽ അവശരായിരുന്നു മിക്ക രോഗികളും. തങ്ങളുടെ ക്ഷീണം കാരണം വാർഡിനടുത്തുള്ള ടോയ്‌ലറ്റ് പലരും ഉപയോഗിച്ചു. മരണം മുന്നിൽ കണ്ടാൽ പിന്നെ എല്ലാവരും സഹോദരീ സഹോദരന്മാരാണ്, മര്യാദ കാട്ടിയിരുന്നിടത്തോളം ആരും തന്നെ ഇതിനെക്കുറിച്ച് പരാതിപ്പെട്ടില്ല. യുനിസെക്‌സ് മൂത്രപ്പുരകളാൽ തന്നെ കോവിഡ് വാർഡിലെ നീണ്ട താൽക്കാലിക വാസം അഞ്ചുദിവസമെടുക്കുന്ന ജമ്മു താവി ടു കേരള യാത്രപോലെയായിരുന്നു.
വീട്ടിലേക്ക് എപ്പോൾ തിരിച്ചുപോകാൻ പറ്റുമെന്നതിനെക്കുറിച്ചൊന്നും ഞങ്ങൾക്ക് യാതൊരു ഐഡിയയുമുണ്ടായിരുന്നില്ല. രക്തത്തിലെ ഓക്‌സിജന്റെ അളവ് ഉയരാത്തതിനെക്കുറിച്ചുള്ള എന്റെ ആശങ്ക, തുടർച്ചയായി മൂന്നുദിവസം അത് 93ലെത്തിയതോടെ പരിഹരിക്കപ്പെട്ടു. നഴ്‌സുമാർ പറഞ്ഞു, "ഇനി വീട്ടിലേക്ക് പോകുന്നതാണ് നല്ലത്. സ്ഥിരമായി കഴിക്കാറുള്ള ഭക്ഷണവും കഴിക്കാം. ഡിസ്ചാർജ് ചെയ്തതാണല്ലോ എന്ന തോന്നലുണ്ടായാലും, എന്തായാലും രണ്ടാഴ്ചകൂടി കിടന്ന് വിശ്രമിക്കണം.'
എട്ടുദിവസത്തോളം അമ്മ ജീവിച്ചിരിക്കുമോ ഇല്ലയോ എന്ന് അറിയാത്ത കുടുംബത്തെ സംബന്ധിച്ച് അവരുടെ ഒരുമിച്ചുള്ള അതിജീവനത്തിൽ നിർണായകം ഡിജിറ്റൽ വിനിമയങ്ങളാണ്.
എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന്റെ പിറ്റേന്ന് രണ്ടാമത്തെ മകൾ ഡൽഹിയിലേക്ക് വന്നിരുന്നു. സുഹൃത്തുക്കൾ അവൾക്ക് ഒഴിഞ്ഞ ഒരു ഫ്‌ളാറ്റ് കടമെടുത്തുനൽകി. എന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അവൾ ആശുപത്രിയുമായും ഡോക്ടർമാരുമായും ബന്ധപ്പെടുകയും എന്നെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടർന്ന് വിഷമിച്ചിരിക്കുന്ന കുടുംബങ്ങളെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇളയ മകൾക്ക് കോവിഡുള്ളതിനാൽ അവൾക്ക് ജെ.എൻ.യുവിലെ വീട്ടിലേക്ക് പോകാൻ കഴിയുമായിരുന്നില്ല. എനിക്ക് വൃത്തിയുള്ള വസ്ത്രങ്ങളും പഴങ്ങളും ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനായിരുന്നു അവൾ വന്നത്. ആശുപത്രിക്കടുത്ത ഫ്‌ളാറ്റിലായിരുന്നു അവൾ താമസിച്ചിരുന്നത്. ആരെയും കാണാൻ കഴിയാത്ത രണ്ടാഴ്ചത്തെ ഏകാന്തത സുഹൃത്തുക്കളുടെ കാരുണ്യം കൊണ്ട് അവൾ മറികടന്നു. ആഴ്ചയിൽ ഒരിക്കൽ ആശുപത്രിയിൽ വന്നിട്ടും താമസിക്കാൻ സുരക്ഷിതമായ വീട് നൽകിയ കുടുംബത്തെ കാണാൻ സാമൂഹ്യഅകലം പാലിക്കണമെന്ന കോവിഡ് നിയമം കാരണം അവൾക്കു കഴിഞ്ഞില്ല.
13ാം ദിവസം ആശുപത്രിയിൽ നിന്ന് എന്നെ കൂട്ടിക്കൊണ്ടുപോകാൻ അവൾ വന്നത്ഡബിൾ മാസ്‌കും ഗ്ലാസ് വൈസറുമൊക്കെ ധരിച്ചാണ്. അവളെ കാണാൻ ഏതാണ്ട് മാർഷ്യനെ (Martian) പോലുണ്ടായിരുന്നു. ഐസൊലേഷൻ ദിനങ്ങൾ എന്റെ സംസാരശേഷി അപഹരിച്ചതിനാൽ ഒന്നുനോക്കാൻ പോലും എനിക്കു ഭയമായിരുന്നു, പക്ഷേ, അവൾ തീർത്തും ആശ്വാസത്തിലായിരുന്നു; ‘ഹായ് മമ്മാ' എന്നു പറഞ്ഞ് താഴത്തെ നിലയിലുള്ള ടാക്‌സിയിലേക്ക് അവൾ എന്നെ അനുഗമിച്ചു. ഗ്രൗണ്ട് ഫ്‌ളോറിലേക്ക് വീൽചെയറിൽ എന്നെ തള്ളിക്കൊണ്ടുപോയ വാർഡ് ബോയ് പറഞ്ഞു, "അതെ, ഇത് ഞങ്ങളുടെ ജോലിയാണ്, ഏറെ താൽപര്യത്തോടെ ചെയ്യുന്നതാണ്, മറ്റുളളവരിൽ നിന്ന് എത്രത്തോളം ഞങ്ങൾ പഠിക്കുന്നുണ്ട്, അവർക്ക് എത്ര അറിവുണ്ട്, അതൊന്നും എനിക്ക് നിങ്ങളെ പറഞ്ഞുഫലിപ്പിക്കാൻ കഴിയില്ല. അപകടസാധ്യതയെക്കുറിച്ചൊന്നും ഞങ്ങൾ ആലോചിക്കാറില്ല. മനുഷ്യരെക്കുറിച്ച് പഠിക്കുകമാത്രമാണ് ചെയ്യുന്നത്.'
എന്റെ മൂത്ത കുട്ടിക്ക് രണ്ട് ചെറിയ പെൺമക്കളുള്ളതിനാൽ അവൾക്ക് ഡൽഹിയിലേക്ക് വരാൻ കഴിഞ്ഞില്ല. ഇളയമകൾ കോവിഡ് ബാധിച്ച് ഹോം ഐസൊലേഷനിലും. മൂന്നുപേരും മൂന്നുവീടുകളിൽ നിന്നായി കാര്യങ്ങളെല്ലാം സംസാരിച്ച് ഉറപ്പിച്ച് ഒരുമിച്ച് ഒരു തീരുമാനത്തിലെത്തിയിരുന്നു. എട്ടുദിവസത്തോളം അമ്മ ജീവിച്ചിരിക്കുമോ ഇല്ലയോ എന്ന് അറിയാത്ത കുടുംബത്തെ സംബന്ധിച്ച് അവരുടെ ഒരുമിച്ചുള്ള അതിജീവനത്തിൽ നിർണായകം ഇത്തരം ഡിജിറ്റൽ വിനിമയങ്ങളാണ്.
ഡോക്ടർമാരും നഴ്‌സുമാരുമെല്ലാം എനിക്കു തന്ന കരുതൽ ഞാനോർക്കുന്നു, ഏതാണ്ട് 25 വയസ് പ്രായമുള്ളവരായിരുന്നു എല്ലാവരും. ചാർട്ട് നോക്കാനും രോഗികൾക്ക് നിർദേശങ്ങൾ നൽകാനും ദിവസത്തിൽ ഒരിക്കൽ, രാവിലെ പതിനൊന്ന് മണിക്ക് മാത്രമാണ് സീനിയർ ഡോക്ടർമാർ വന്നിരുന്നത്. ബാക്കി സമയമെല്ലാം ഞങ്ങൾ ഇന്റേൺസിന്റെ പരിചരണത്തിലായിരുന്നു. അവരോരുത്തരും അങ്ങേയറ്റം ദയയോടെയും ജാഗ്രതയോടെയും ഞങ്ങളെ പരിചരിച്ചു. യുവജനങ്ങളാണ് ഈ രാജ്യത്തെ നയിക്കുന്നത് എന്നപോലെയാണ് എനിക്കു തോന്നിയത്, അവരുടെ സ്‌നേഹവും രാജ്യസ്‌നേഹവുമായിരുന്നു വരാനിരിക്കുന്ന വർഷങ്ങളിൽ നമ്മുടെ രക്ഷാകവചമെന്നും. അതിജീവിച്ചവരിൽ ഭാഗ്യവാന്മാരിലൊരാളായിരുന്നു ഞാൻ. അവിടെ 84 വയസുള്ള കോവിഡ് രോഗിയായ ഒരു വയോധികയുണ്ടായിരുന്നു. അവർ ഒരുപാട് കരഞ്ഞു. "അമ്മേ ബഹളം വയ്ക്കല്ലേ, നിങ്ങൾ എത്രത്തോളം ആയാസപ്പെടുന്നത് കുറയ്ക്കുന്നുവോ അത്രത്തോളം ശ്വാസകോശത്തിന് കാര്യങ്ങൾ എളുപ്പമാവും' എന്ന് അവരോട് ഇന്റേൺസ് രാവും പകലും പറയുമായിരുന്നു.
"അവർക്കിനി വളരെക്കുറച്ച് ജീവിതം മാത്രമേ ബാക്കിയുള്ളൂ.' എന്ന് അവർ പരസ്പരം പറയും. അവർ അതിജീവിക്കുമോയെന്ന കാര്യത്തിൽ വ്യക്തമായ ആശങ്കയുണ്ടായിരുന്നിരിക്കണം. അവർക്ക് ഭേദമായി കാണാനും വീട്ടിലേക്ക് തിരിച്ചയക്കാനും അവർ ശരിക്കും ആഗ്രഹിച്ചിരുന്നു.
സ്വന്തം ജീവചരിത്രം പറയാൻ പലപ്പോഴും നമുക്ക് മടിയാണ്. സ്വന്തം ജീവിതത്തിന്റെയത്ര പരിപാവനമൊന്നുമല്ല മറ്റുള്ളവരുടേത് എന്ന് എങ്ങനെയാണ് നമുക്ക് നിരൂപിക്കാനാവുക?
രോഗികളെന്ന നിലയിൽ, അവരുടെ ബുദ്ധിമുട്ടും മരണഭയവും ഞങ്ങളിലും പ്രയാസമുണ്ടാക്കി. അവരുടെ പരിഭ്രമവും നിലവിളിയും അതിജീവിക്കാനുള്ള ഞങ്ങളുടെ സാധ്യതകൂടി കുറയ്ക്കുമെന്ന് ഞങ്ങൾക്കുതോന്നി, സ്ഥിരമായുള്ള അവരുടെ സംസാരം കാരണം ഒടുങ്ങാത്ത മയക്കത്തിൽ നിന്ന് രാവും പകലുമെന്നില്ലാതെ ഞങ്ങൾക്ക് എഴുന്നേൽക്കേണ്ടിവന്നു. അഞ്ചുദിവസത്തിനുശേഷം അവരെ ഐ.സി.യുവിലേക്ക് കൊണ്ടുപോയപ്പോൾ, ഞങ്ങൾക്ക് ആശ്വാസം തോന്നി, തിരിച്ചുകിട്ടിയ നിശബ്ദത സുഖപ്പെടാൻ കിട്ടിയ വലിയ നിധിപോലെ അനുഭവപ്പെട്ടു. വീട്ടിലേക്ക് തിരിച്ചുപോകാൻ അനുവാദം കിട്ടിയപ്പോൾ, ഒരു പബ്ലിക് വാർഡിൽ കഴിയുകയെന്നത് സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്നത് പോലെയോ ലോക്കൽ ബസുകളിൽ സഞ്ചരിക്കുന്നതുപോലെയോ സുഖകരമാണെന്ന് ഞാനറിഞ്ഞു. ജീവനോടെ ഇരിക്കുകയെന്ന പൊതുമനുഷ്യവികാരത്തെ മനസിലാക്കിയ സ്ത്രീകൾക്കൊപ്പം കഴിയാൻ അവസരം കിട്ടിയെന്നതിൽ ഞാൻ കൃതാർത്ഥയാണ്. എന്നെ ജീവിതത്തിലേക്ക് എത്തിക്കാൻ എത്രയേറെ പരിമശ്രമിച്ച എന്റെ മക്കളോടും നന്ദി.
കൾച്ചറൽ സ്റ്റഡീസിനുവേണ്ടിയോ വിവരങ്ങൾ സാമാന്യവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയോ ഏതെങ്കിലുമൊരു ചരിത്രം പറയാൻ, സാമൂഹ്യശാസ്ത്രപരമായ വസ്തുതകൾ സമാഹരിക്കാൻ, സാക്ഷ്യപ്പെടുത്താൻ മറ്റുള്ളവരുടെ ജീവചരിത്രങ്ങൾ ശേഖരിക്കാൻ സ്വയം ഉഴിഞ്ഞുവെക്കാറുണ്ടെങ്കിലും സ്വന്തം ജീവചരിത്രം പറയാൻ പലപ്പോഴും നമുക്ക് മടിയാണ്. സ്വന്തം ജീവിതത്തിന്റെയത്ര പരിപാവനമൊന്നുമല്ല മറ്റുള്ളവരുടേത് എന്ന് എങ്ങനെയാണ് നമുക്ക് നിരൂപിക്കാനാവുക? വ്യക്തിപരം തന്നെയായിരുന്നു രാഷ്ട്രീയം എന്ന് ഫെമിനിസം കുറേക്കൂടി വ്യക്തമാക്കി, സമഭാവത്തിന്റെ മാഹാത്മ്യം ഉദ്‌ഘോഷിച്ച് അതിനെ ഒളിച്ചുവയ്ക്കാൻ ശ്രമിച്ചവരെല്ലാം ഇതിനകം ശമ്പളം പറ്റുന്ന ജോലികളുടെയും ഉദ്യോഗക്കയറ്റങ്ങളുടെയും അരക്ഷിതമായ ചവിട്ടുപടികൾ കയറിക്കഴിഞ്ഞു.
വംശാവലികളിൽ സ്ത്രീകളുടെ പേര് ഉപയോഗിക്കാമായിരുന്നിട്ടും, പുരുഷന്മാരുടെ മാത്രം പേരുകൾ ഉപയോഗിക്കുന്നതിന് രീതിശാസ്ത്രപരമായി അവതരിപ്പിച്ച കാരണം, പൊതു സമൂഹത്തിനു മുന്നിൽ ഒരാളെ സ്വയം തുറന്നു കാട്ടുന്ന ഫെമിനിസത്തിന്റെ മറയില്ലാത്ത പ്രവർത്തനമാണ്. പിതൃപരമ്പര സ്വയമേ ഒരു സാംസ്‌കാരിക അലങ്കാരമാണ്. അവിടെ സ്ത്രീകൾ സാമാന്യേന ഉൾപ്പെടുകയും, ഇടപഴകുകയും- വഴങ്ങിയാൽ പ്രാധാന്യം ലഭിക്കുകയും അല്ലാത്ത പക്ഷം അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഒരു തരത്തിൽ, ബ്യൂറോക്രാറ്റിക് രേഖകളിൽ നിന്ന് വളരെ വിഭിന്നമായ യാഥാർഥ്യങ്ങളാണ് സ്ത്രീകളുടെ ആഖ്യാനങ്ങൾ രേഖപ്പെടുത്തുമ്പോൾ ലഭിച്ചത്. ▮
വിവർത്തനം : ജിൻസി ബാലകൃഷ്ണൻ