കുഗോബെട്ടയിൽ നിന്നുള്ള മൊളക്കാൽമുരു ഗ്രാമദൃശ്യം

ശായരിയുടെ ആകാശജാലകങ്ങൾ

മൊളക്കാൽമുരുവെന്ന പാഠപുസ്തകം- 5

പതിനാറ്

1973 കാലത്ത് ഒരു ദിവസം ഹിദായത്തുള്ള ഹുസൈനി എന്നു പേരായ ഒരാൾ കോളെജിൽ വന്നുചേർന്നു. അദ്ദേഹം ഉർദു അധ്യാപകനും പണ്ഡിതനുമായ ഒരു മധ്യവസയ്കനായിരുന്നു. നല്ല ഇറക്കമുള്ള ഒരു ടർക്കിഷ് തൊപ്പി തലയിലണിയുകയും വെളുത്ത വസ്ത്രത്തിനു മീതെ എന്നും ഒരു കോട്ട് ധരിക്കുകയും ചെയ്തിരുന്നു. നീണ്ട് വിസ്താരമേറിയ ആ ശരീരത്തിന് ഒരു മംഗോളിയൻ പ്രകൃതമുണ്ടായിരുന്നു. മൊളക്കാൽമുരുവിലെ ഓരോ മണൽത്തരിയെപ്പോലും ചിരിപ്പിക്കാൻ പോന്ന നർമ്മബോധവും പ്രപഞ്ചത്തിന്റെ ചലനനിയമങ്ങളെ ഉള്ളിലാവാഹിക്കാൻ കഴിയുന്ന അപാരമായ പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
മിക്ക വൈകുന്നേരങ്ങളിലും ഞാനും ഹുസ്സൈനിയും ഒന്നിച്ചാണ് നടക്കാനിറങ്ങുന്നത്. അദ്ദേഹം പറയുന്നയാളും ഞാൻ ഒരു കേൾവിക്കാരനുമായിരുന്നു. തമാശകൾ പറയുമ്പോൾ അദ്ദേഹത്തിന് ഒരു മുല്ലയുടെ പ്രകൃതമായിരിക്കും. പ്രപഞ്ചത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം ഒരു സൂഫിയായി സ്വയം മാറുകയും ചെയ്തിരുന്നു. പറഞ്ഞു പറഞ്ഞ് ചിരിക്കുകയും ചിരിച്ച് ചിരിച്ച് ചിരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹത്തോടൊപ്പമുള്ള വൈകുന്നേരങ്ങൾ കടന്നുപോയിരുന്നത്.

ഞങ്ങളുടെ ആശയവിനിമയങ്ങൾ ഹിന്ദിയിലായിരുന്നു. ഉർദുവാക്കുകൾ ഇടകലർത്തി കാവ്യാത്മകമായി മാത്രമാണ് അദ്ദേഹം സംസാരിക്കുക. അദ്ദേഹം പറയുന്നതത്രയും ഉർദു ശായരികളാണെന്നു തോന്നിയിരുന്നു. നട്ടുച്ചയ്ക്ക് പോലും മനസ്സിൽ നക്ഷത്രങ്ങൾ വിരിയിച്ചു തരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മൊളക്കാൽമുരുവിലൂടെ ഉയർന്നു പറക്കുന്ന പൊടിമണ്ണിൽ ഇളകി വരുന്ന കടൽത്തിരമാലകളെ കാട്ടിത്തരാനും വാക്കുകൾകൊണ്ട് അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഞാൻ അത്ഭുതത്തോടെ കേട്ടിരിക്കുകയും അതിന്റെ ആന്തരികതയിലേക്ക് സഞ്ചരിച്ച് വിസ്മയിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം പൊട്ടിച്ചിരിക്കും. എന്നിട്ട് പറയും.കുഛ് ഖാസ് ജാദൂ നഹി ഹേ ഹമാരെ പാസ് ബസ് ബാത്തേം ദിൽസെ കർത്തേ ഹെ
(എന്റെ കയ്യിൽ മായാജാലങ്ങളൊന്നുമില്ല. പക്ഷെ ഞാൻ സംസാരിക്കുന്നത് ഹൃദയത്തിൽ നിന്നാണ്)
ശായരികളെ ഞാനിഷ്ടപ്പെട്ടു തുടങ്ങിയത് ഹുസൈനിയെ പരിചയപ്പെട്ട ശേഷമായിരുന്നു. ഒരു അവധി ദിവസം ഉച്ചതിരിഞ്ഞ് ഹുസൈനി എന്റെ മുറിയിലേക്ക് കയറി വന്നു.
എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.""അരേ ശോഭീന്ദർജി കൈസേ ഹേ ആപ്പ് ആപ്കോ ദേഖ്നേ കേലിയേ ഹി ഹം ഇഥർ ആയേ ഹേ.''
അതിന് ഞാൻ മറുപടി പറഞ്ഞത് ഹിന്ദിയിലെ ഒരു ശായരികൊണ്ടായിരുന്നു.""ദിൽ കോ സുകൂൻ മിൽത്താ ഹെ മുസ്‌കുരാനെ സെ മെഹ്ഫിൽ മേ റോനക് ചാ ഗയി ആപ്കേ ആനേ സെ'' (പുഞ്ചിരിതൂകുമ്പോൾ മനസ്സിൽ സായൂജ്യം ലഭിക്കുന്നു. താങ്കളുടെ ആഗമനം ഈ ഇടത്തെ പ്രകാശമാനമാക്കുന്നു.)
ഹുസൈനിക്ക് അതിഷ്ടപ്പെട്ടു. ശായരികൾ ഉപയോഗിച്ച് സംസാരിക്കാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
എന്തോ ഓർത്തിട്ടെന്നപോലെ അദ്ദേഹം എന്നോട് ചോദിച്ചു, ""ശോഭീന്ദർജി ആപ് കോ മേരേ സാഥ് ജരാ ഓർ.. ഥോഡി ദൂർ ആ സക്തെ ഹെ ക്യാ ?''
(താങ്കൾക്ക് എന്റെ കൂടെ കുറച്ച് സമയം കുറച്ച് ദൂരെവരെ വരാൻ കഴിയുമോ ?)
ഞാൻ ചോദിച്ചു, ""എവിടേക്ക് ?''
അദ്ദേഹം പറഞ്ഞു, ""കുറച്ചു ദൂരെയാണ്. എന്റെ ഉർദു പ്രഭാഷണം കേൾക്കാൻ താത്പര്യമുണ്ടെങ്കിൽ വരൂ.''
കേട്ടപാടെ ഞാൻ അദ്ദേഹത്തിന്റെ കൂടെ ഇറങ്ങി. ഹുസൈനി ചിത്രദുർഗയിലേക്ക് ടിക്കറ്റെടുത്തു.
പഴയൊരു പള്ളി. അതിനോട് ചേർന്ന അങ്കണം. സന്ധ്യാ സമയത്ത് ബാങ്കുവിളി ഉയർന്നു. നിസ്‌കാരം കഴിഞ്ഞ് ആളുകൾ ഓരോരുത്തരായി പായവിരിച്ച നിലത്തു വന്നിരിക്കാൻ തുടങ്ങി. ഹുസൈനി വേദിയിലേക്ക് ക്ഷണിക്കപ്പെട്ടു. അദ്ദേഹം എന്നെയും കൂടി വേദിയിലേക്ക് കൊണ്ടുപോയി. മതപണ്ഡിതന്മാരും പ്രമാണിമാരുമൊക്കെ വേദിയിലുണ്ടായിരുന്നു. പരിചയപ്പെടലിൽ നിന്ന് എന്നെ അവർ മനസ്സിലാക്കിയിരുന്നു. അന്യമതസ്ഥനും മലയാളിയുമായ എന്നോട് അത്രയേറെ സ്നേഹത്തോടെ അവർ പെരുമാറിയിരുന്നു.

ഹുസെനിയുടെ പ്രഭാഷണം കേൾക്കുമ്പോൾ അതു കേട്ടിരുന്നവരുടെ കണ്ണുകൾ നക്ഷത്രങ്ങളായി തിളങ്ങി നിൽക്കുകയും മനസ്സ് അപാരതയ്ക്കു മുന്നിൽ നിൽക്കുന്ന ഒരു കടലായി മാറുകയും ചെയ്യുന്നുവെന്നു വേദിയിലിരുന്നുകൊണ്ട് വീക്ഷിക്കുമ്പോൾ എനിക്കു തോന്നിയിട്ടുണ്ട്

ഹുസൈനി പ്രഭാഷണം തുടങ്ങി. ഉർദു ഭാഷയുടെ മധുരോദാരമായ മാന്ത്രികവശ്യതയാണ് ഒഴുകിവരുന്നത്. ഒരു ഹൃദയം മറ്റൊരു ഹൃദയത്തോട് മന്ത്രിക്കുന്നതുപോലെ വാക്കുകൾ കേൾവിയിലാകെ സ്പന്ദിച്ച് മനസ്സിൽ ഓളങ്ങളുണ്ടാക്കുന്നു. ആകാശവും ഭൂമിയും ഒന്നായിച്ചേരുന്നതുപോലെ. മരങ്ങളിൽ നിന്ന് ഇലകളെല്ലാം പക്ഷികളായി പറക്കുന്നതുപോലെ. പൂക്കളെല്ലാം ശലഭങ്ങളായി മാറുന്നതുപോലെ. വാക്കുകൾ അതിന്റെ പരിമിതമായ അർത്ഥത്തിൽ നിന്ന് പൊട്ടിത്തെറിച്ച് അനുഭവത്തിന്റെ അനേകലോകങ്ങളിലേക്ക് വ്യാപരിച്ചു കൊണ്ടിരുന്നു.

ഹുസൈനി സംസാരിക്കുന്നത് മനുഷ്യനും പ്രപഞ്ചവും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. ശായരികളിലൂടെ അദ്ദേഹമത് ഏറ്റവും ലളിതമായും അതേസമയം അതിന്റെ ആഴങ്ങളത്രയും കാട്ടിക്കൊണ്ടും സഞ്ചരിക്കുന്നു.
ഇടയ്ക്ക് കബീർദാസ് കടന്നുവരുന്നു.
കൈപ്പത്തി ഉയർത്തിക്കാട്ടി അതിലേക്ക് നോക്കി കൊണ്ട് അദ്ദേഹം ചോദിച്ചു.""കൈരേഖകളിൽ നമ്മുടെ വിധിയുണ്ടെന്ന് കരുതുന്നുണ്ടോ?''
സദസ്സ് വിധിവിഹിതങ്ങളുടെ അനിശ്ചിതത്വത്തെക്കുറിച്ച് ഓർക്കുകയാവാം. അതിനിടയിൽ ഒരു ശായരി അന്തരീക്ഷത്തിലേക്ക് ഉയർന്നുവന്നു.ഹാഥോം കെ ലക്കീരോം പേ മത് ജായേ നസീബ് ഉൻകെ ഭീ ഹോത്തേ ഹെ ജിൻ കെ ഹാഥ് നഹീ ഹോത്തെ
(കൈരേഖകളിലൊന്നും നമ്മുടെ വിധിയൊളിച്ചിരിക്കുന്നില്ല. കാരണം കൈകളില്ലാത്തവർക്കും അതുണ്ടല്ലോ.)

ശായരികളുടെ ഒരണക്കെട്ട്, മേഘം പോലെ വന്ന് കേൾക്കുന്നവരുടെ മനസ്സിലൊരു മഴ പെയ്യിക്കുന്നു. റൂമിയുടെയും മിർസാ ഖാലിബിന്റെയും ഗുൽസാറിന്റെയും ഫയിസ് അഹമ്മദ് ഫയിസിന്റെയും വരികൾ ഒഴുകി വന്നു കടന്നുപോയി. മനുഷ്യൻ എന്ന മഹത്തായ പദത്തെ അദ്ദേഹം നിരന്തരം തിരുത്തുന്നു. പകരം ദൈവത്താൽ നിശ്ചയിക്കപ്പെടുന്ന വിധിവിഹിതങ്ങളിൽ നിന്നുകൊണ്ട് മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വത്തെ വാക്കുകളിലൂടെ കാട്ടിക്കൊടുക്കുന്നു. ഹുസെനിയുടെ പ്രഭാഷണം കേൾക്കുമ്പോൾ അതു കേട്ടിരുന്നവരുടെ കണ്ണുകൾ നക്ഷത്രങ്ങളായി തിളങ്ങി നിൽക്കുകയും മനസ്സ് അപാരതയ്ക്കു മുന്നിൽ നിൽക്കുന്ന ഒരു കടലായി മാറുകയും ചെയ്യുന്നുവെന്നു വേദിയിലിരുന്നുകൊണ്ട് വീക്ഷിക്കുമ്പോൾ എനിക്കു തോന്നിയിട്ടുണ്ട്.

ടി.ശോഭീന്ദ്രൻ / ഫോട്ടോ : മുഹമ്മദ് ഹനാൻ

ഹുസൈനി ഇതുപോലെ നിരവധി പ്രഭാഷണങ്ങൾക്ക് എന്നെ കൊണ്ടുപോയിട്ടുണ്ട്. മൊളക്കാൽമുരുവിന്റെ ചുറ്റുവട്ടങ്ങളിൽ സുലൈമാനിയും പ്രഭാഷണവും കുടിച്ചു തീർത്ത രാത്രികൾ പലതായിരുന്നു. ഹുസൈനി പ്രഭാഷണം തുടങ്ങിയ ശേഷമാണ് ഞാൻ കയറിച്ചെല്ലുന്നതെങ്കിൽ മൈക്കിലൂടെത്തന്നെ ഉർദുവിൽ ഉച്ചത്തിൽ അദ്ദേഹം വിളിച്ചു പറയും.അരേ ശോഭീന്ദർജി ആയിയേ ഇഥർ പഥാറിയേ. (വരൂ ഇവിടെയിരിക്കൂ)
ഞാൻ സ്റ്റേജിലിരുന്ന് പ്രഭാഷണം കേൾക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താത്പര്യം. ഹുസൈനിയോടൊപ്പമുള്ള യാത്രകളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് അവിടത്തെ ഗ്രാമീണരായ മുസ്‌ലീങ്ങളൊക്കെയും എന്നെ അവരിലൊരാളായി കാണുകയും സ്നേഹിക്കുകയും ചെയ്തു.
ഒരുദിവസം വൈകുന്നേരത്തെ നടത്തത്തിനിടയിൽ ഹുസൈനി എന്നോട് ചോദിച്ചു.""ശോഭീന്ദർജി ക്യാ ആപ്നേ മസ്ജിദ് കേ അന്തർ കഭീ ദേഖാ ഹെ ?'' (താങ്കൾ മസ്ജിദിന്റെ അകം കണ്ടിട്ടുണ്ടോ?)
ഞാൻ പറഞ്ഞു, ""ഇല്ല, പുറത്തു നിന്ന് മാത്രമേ കണ്ടിട്ടുള്ളൂ.''
അദ്ദേഹം പറഞ്ഞു, ""എന്നാൽ മേഷ് വരൂ. നമുക്ക് മസ്ജിദിന്റെ അകം കൂടി കാണാം.''

""മസ്ജിദിലും അമ്പലത്തിലും ദൈവമില്ലല്ലോ. പിന്നെന്തിന് അങ്ങോട്ടു പോകുന്നു?'', ഹുസൈനി പറഞ്ഞു: ""മസ്ജിദിൽ മാത്രമായി ദൈവമില്ലെന്നത് ശരിതന്നെ. പക്ഷെ ദൈവത്തോടടുക്കുന്ന മനുഷ്യരുണ്ടല്ലോ. ദൈവത്തോടുള്ള പ്രാർത്ഥനയുടെ ഇടങ്ങളാണത്''

മൊളക്കാൽമുരുവിൽ അന്ന് ഒരു മുസ്‌ലിം പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജാമിയ മസ്ജിദ് എന്നു പേരായ ആ പള്ളിയുടെ മിനാരങ്ങളിൽ നിന്ന് അഞ്ചുനേരത്തെ ബാങ്ക് വിളി എന്നും ഞാൻ കേൾക്കാറുണ്ട്. മക്കയിലെ ക അബയ്ക്ക് നേരെ ദിശയൊരുക്കി വച്ചിരിക്കുന്ന അകത്തളങ്ങളിലേക്ക് നോക്കിക്കൊണ്ട് ഞാൻ വെറുതെ ചോദിച്ചു.""മസ്ജിദിലും അമ്പലത്തിലും ദൈവമില്ലല്ലോ.പിന്നെന്തിന് അങ്ങോട്ടു പോകുന്നു?''
ഹുസൈനി പറഞ്ഞു. ""മസ്ജിദിൽ മാത്രമായി ദൈവമില്ലെന്നത് ശരിതന്നെ. പക്ഷെ ദൈവത്തോടടുക്കുന്ന മനുഷ്യരുണ്ടല്ലോ. ദൈവത്തോടുള്ള പ്രാർത്ഥനയുടെ ഇടങ്ങളാണത്. പരിശുദ്ധമായ പ്രാർത്ഥനകൾകൊണ്ടാണ് മനുഷ്യന്റെ മനസ്സിലും അവർ ജീവിക്കുന്ന ലോകത്തിലും ദൈവം നിലകൊള്ളുന്നത്.''
അദ്ദേഹം ഒരു ശായരി ചൊല്ലി.ലാഖ് ഇൻസാൻ ചാഹേ തോ ക്യാ ഹോത്താ ഹേ വഹി ഹോത്താ ഹേ ജോ മൻജൂർ ഹേ ഖുദാ കോ
(ലക്ഷക്കണക്കിന് ആഗ്രഹങ്ങൾ മനുഷ്യർക്ക്
ഉണ്ടായിട്ടെന്തു കാര്യം ? അതേ സംഭവിക്കൂ;
ദൈവനിശ്ചയം മാത്രമേ സംഭവിക്കൂ)
ശോഭിന്ദർജീ ഇവിടെ വന്നതുപോലും ദൈവത്തിന്റെ അനുവാദത്തോടെയാണെന്ന് പറഞ്ഞു അദ്ദേഹം പൊട്ടിപ്പൊട്ടിച്ചിരിച്ചു. അതുകേട്ട് അകത്ത് നിന്ന് ഇമാം ഇറങ്ങി വന്നു.
ഹുസൈനിയുട ശബ്ദം അയാൾക്ക് പരിചിതമായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് കുറച്ചുനേരം അവിടെയിരുന്നു.
ഹുസൈനി അന്ന് നല്ല ആവേശത്തിലായിരുന്നു. തത്വചിന്തയും ആത്മീയതയും പങ്കുവയ്ക്കാൻ തുടങ്ങിയാൽ പിന്നെ ഹുസൈനി സയമകാലങ്ങളെല്ലാം മറന്നുപോകും.
ഞങ്ങൾ അവിടെ നിന്നും നടന്ന് എന്റെ മുറിയിലെത്തി. എന്റെ മേശപ്പുറത്ത് റെയ്ച്ചൽ കാഴ്സന്റെ സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം ഉണ്ടായിരുന്നു. അദ്ദേഹം അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് പറഞ്ഞു.
നിശബ്ദത മനസ്സിലെ കവിതയാണ്,
പക്ഷെ ജീവിതത്തിലത് ബന്ധങ്ങളുടെ വിച്ഛേദവും.
എനിക്കത് മനസ്സിലായില്ല. അതിന്റെ അർത്ഥം ചോദിച്ചപ്പോൾ ഹുസൈനി ഒരു ശായരി പാടി.വക്ത് മിലേ തോ ബാത് കർലിയാ കരോ ഖാമോഷി അക്സർ രിഷ്തേ തോഡ് ദേത്തി ഹെ
(സമയം കിട്ടുമ്പോഴൊക്കെ സംസാരിക്കുക.
കാരണം നിശബ്ദത ബന്ധങ്ങളെ ഇല്ലതാക്കുന്നു)
നോട്ടു ബുക്കിൽ പുതിയ ഒരെണ്ണമായി ഞാനതു എഴുതിവച്ചു. പള്ളിയുടെ മിനാരങ്ങളിൽ നിന്ന് മഗ്രിബിന്റെ ശബ്ദം ഉയർന്നുകേട്ടു. ഹുസൈനി പറഞ്ഞു.
ദൈവം വിളിക്കുന്നു. ആ വിശുദ്ധസന്നിധിയിലേക്ക് പോകാൻ സമയമായി. മന്ത്രംപോലെ ഉയർന്നുകേട്ട ആ ശബ്ദത്തോടൊപ്പം അദ്ദേഹം മുറിയിൽ നിന്ന് പിരിയൻ ഗോവണികളിറങ്ങി നടന്നുപോയി.

പതിനേഴ്: ബെല്ലാരിയിലെ സിനിമാരാത്രികൾ

മൊളക്കാൽമുരുവിൽ ഒരു തിയേറ്ററുണ്ട്. ചെന്നവീരഭദ്ര ടൂറിംഗ് ടാക്കീസ്. ചില വൈകുന്നേരങ്ങളിൽ ചിന്നപ്പയ്യയുടെ ചായകുടിക്ഷണം കഴിഞ്ഞാൽ ഞാനും സീതണ്ണയും സുഖരാജും വാസുദേവമൂർത്തിയും കൂടി തിയേറ്ററിലേക്ക് നടക്കും. നാലു മണിക്കുള്ള ഷോ തുടങ്ങിക്കഴിഞ്ഞ് അപ്പോൾ ഒരു മണിക്കൂറെങ്കിലും ആയിട്ടുണ്ടാവും. എന്നാലും ഞങ്ങളെല്ലാവരും ചെന്ന് തീയേറ്ററിലെ ഒഴിഞ്ഞ മൂലയിൽ ചെന്നിരിക്കും. പ്രകാശ അതിന്റെ ഉടമയെ പരിചയപ്പെടുത്തിയ നാൾമുതൽ സിനിമകാണാൻ ടിക്കറ്റ് എടുക്കരുത് എന്ന കർശന നിർദേശമുണ്ട്. നല്ല സിനിമയാണെങ്കിൽ കഴിയുന്നതുവരെ അവിടെ ഇരിക്കുകയും, അല്ലെന്നു തോന്നിയാൽ ഞങ്ങൾ അവിടം വിട്ട് ഇറങ്ങി നടക്കുകയുമാണ് ചെയ്യാറുള്ളത്. മൊളക്കാൽമുരുവിലേത് ഒരു മൂന്നാം ക്ലാസ് തീയേറ്ററായിരുന്നു. മിക്കവാറും പഴയ സിനിമകളാണ് അവിടെ കാണിക്കാറുണ്ടായിരുന്നത്.
പുതിയ സിനിമകൾ കാണാൻ ബെല്ലാരിയിലോ രായദുർഗയിലോ ആണ് ആളുകൾ പോകുന്നത്. ആന്ധ്രയിലെ രായദുർഗയിലേക്ക് മൊളക്കാൽമുരുവിൽ നിന്ന് 11 കിലോമീറ്ററോളം ദൂരം മാത്രമേയുള്ളൂ. എങ്കിലും മൃത്യുഞ്ജയ മോട്ടോർ സർവ്വീസിന്റെ അവസാനത്തെ ട്രിപ്പ് ബെല്ലാരിയിലേക്കായതുകൊണ്ട് പ്രകാശയുടെ സിനിമായാത്രകൾ എന്നും ബെല്ലാരിയിലേക്കായിരുന്നു. ചില ദിവസങ്ങളിൽ പ്രകാശ മുറിയിൽ വന്നു എന്നോട് പറയാറുണ്ട്.
നമുക്കിന്ന് ബെല്ലാരിയിലേക്ക് പോകാം.

ചന്ദ്രശേഖര ഗൗഡ, അബ്രഹാം ബൈൻഹർ എന്നിവരോടൊപ്പം ടി.ശോഭീന്ദ്രൻ ബ്രഹ്‌മഗിരിയിൽ

പ്രകാശ ബെല്ലാരിയിലേക്ക് എന്നുപറഞ്ഞാൽ അതു സിനിമ കാണാനുള്ള യാത്രയാണെന്ന് അടുത്ത സുഹൃത്തുക്കൾക്കെല്ലാം അറിയാം. ഞാനും ശിവജിയും ചന്ദ്രശേഖരഗൗഡയുമെല്ലാം പലപ്പോഴും പ്രകാശയോടൊപ്പം രാത്രികാലങ്ങളിൽ ബെല്ലാരിയിലേക്ക് സിനിമായാത്രകൾ നടത്തിയിരുന്നു. രാത്രി ആറു മണിക്ക് പുറപ്പെട്ടാൽ എട്ടു മണിയോടെയാണ് ബസ് ബല്ലാരിയിൽ എത്തുന്നത്. ഒമ്പതുമണിക്ക് സിനിമ തുടങ്ങുന്നതിന് ഇടയിൽ ഭക്ഷണം കഴിക്കാൻ ധാരാളം സമയമുണ്ടായിരുന്നു.

പ്രകാശയാണ് എല്ലാവരെയും കൂട്ടി അവിടത്തെ സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടലിലേക്ക് പോവുന്നതും ഭക്ഷണത്തിന് ഓർഡറിടുന്നതും.
ബെല്ലാരിയിലെത്തിയാൽ പ്രകാശയുടെ ഇഷ്ടഭക്ഷണം ആടിന്റെ ബ്രെയിൻ ഫ്രൈ ആയിരുന്നു. എല്ലാവരും അതു കഴിച്ചാൽ പ്രകാശ തൃപ്തനായി.
ബസ്സ്റ്റാൻഡിൽ നിന്ന് അര കിലോമീറ്റർ അകലെയായിരുന്നു നടരാജ തിയേറ്റർ. തീയേറ്ററിലേക്ക് നടക്കുന്നതിനിടയിൽ വഴിവക്കിലെ ചുമരുകളിലെല്ലാം നടൻ രാജ്കുമാറിന്റെ ചിത്രത്തോടു കൂടിയ പോസ്റ്ററുകൾ നിറഞ്ഞു നിൽക്കുന്നത് കാണാമായിരുന്നു. അതു കാണുമ്പോൾത്തന്നെ പ്രകാശയുടെ മനസ്സ് ആവേശഭരിതമാവാൻ തുടങ്ങും.

രാജ്കുമാറിനോട് പ്രകാശയ്ക്ക് ഒരുതരം ഭ്രാന്തമായ ആരാധന തന്നെയുണ്ടായിരുന്നു. രാജ്കുമാറിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നു മാത്രമല്ല അതിലെ കഥാപാത്രങ്ങളുടെ പേരും പല ഡയലോഗുകളും പ്രകാശയ്ക്ക് മനഃപാഠമായിരുന്നു.
വഴിവക്കുകളിൽ വിഷ്ണുവർദ്ധന്റെ നാഗരഹാവു എന്ന സിനിമയുടെ പോസ്റ്ററുകളും പതിച്ചിട്ടുണ്ടായിരുന്നു. പ്രകാശയെ ഒന്ന് ചൂടു പിടിപ്പിക്കാൻ വേണ്ടി ശിവജി ചില വഴിനാടകങ്ങൾ കളിക്കാറുണ്ടായിരുന്നു. അന്ന് പോയപ്പോഴും അതിലൊന്ന് സംഭവിച്ചു.
നടത്തത്തിനിടയിൽ ശിവജി ഒരു സിനിമാപോസ്റ്ററിലേക്ക് നോക്കിനിന്നു കൊണ്ട് പറഞ്ഞു.
കന്നടത്തിലെ പുതിയ നടനാണ്. ആദ്യചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡും കിട്ടി. നമുക്കിന്ന് റോയലിലേക്ക് പോയി നാഗരഹാവു കണ്ടാലോ?
എന്റെയും ഗൗഡയുടെയും മുഖത്തു നോക്കിയാണ് ശിവജി ഇതു പറയുന്നത്.
ഇതുകേട്ട് പ്രകാശ നടുറോഡിൽ നിന്ന് കലിതുള്ളിക്കൊണ്ട് ശിവജിയുടെ നേരെ തിരിയും.""പോടാ പോ, നീ പോയ് വിഷ്ണുവർദ്ധനനെ കണ്ടു വാ.''
അതുകേൾക്കുമ്പോൾ ശിവജിയും ഒച്ചയിടും.""എനിക്ക് വിഷ്ണുവിന്റെ സിനിമ കണ്ടാൽ മതി.''""അതിന് നിനക്കെന്ത് ?''
നടരാജയിലേക്കുള്ള വഴിയിൽനിന്നുള്ള ഈ തർക്കം കണ്ട് എന്തോ വലിയൊരു കശപിശയാണെന്ന് കരുതി നടന്നു പോകുന്ന ആളുകൾ കാര്യമറിയാതെ കൂട്ടം കൂടാൻ തുടങ്ങും.""രാജകുമാറാണ് കന്നടത്തിലെ എക്കാലത്തെയും രാജകുമാരൻ അതിലാർക്കെങ്കിലും സംശയമുണ്ടോ ?''
ഊരിപ്പിടിച്ച ഒരു കത്തിയുമായി ആത്മനിയന്ത്രണം നഷ്ടപ്പെട്ടു നിൽക്കുന്ന ഒരാളെപ്പോലെയാണ് പ്രകാശ അത് ചോദിക്കുന്നത്. അത് കണ്ട് കൂട്ടത്തിനിടയിൽ നിന്ന് ഒരു വൃദ്ധനായ ഒരാൾ പ്രകാശയെ അനുനയിപ്പക്കാനെന്നോണം പറഞ്ഞു.""നീവു ഹേളുവതെ സരി. രാജ്കുമാറേ നമ്മ നായക''
(നീ പറഞ്ഞത് ശരി. രാജ്കുമാറാണ് നമ്മുടെ നായകൻ)
ഏതാനും സമയത്തിനിടയിൽ ശിവജിയുടെ അടക്കിപ്പിടിച്ച ചിരി ഒരു പൊട്ടിച്ചിരിയായി മറുകയും ആളുകൾ കാര്യമെന്തെന്നു മനസ്സിലാവാതെ പരസ്പരം നോക്കി കൈമലർത്തികൊണ്ട് നടന്നകലുകയും ചെയ്തു. ഇത്തരം നിമിഷനാടകങ്ങൾ പ്രകാശയോടൊപ്പമുള്ള യാത്രകളിൽ പതിവായിരുന്നു.
തീയേറ്ററിനു മുന്നിൽ ക്രാന്തിവീര കാണാൻ വേണ്ടി ഒരുപാട് ആളുകൾ എത്തിച്ചേർന്നിരുന്നു. സിനിമ തുടങ്ങുന്നതിനു മുന്നേ ഹാൾ നിറഞ്ഞു. ബ്ലാക്ക് ആൻഡ് വൈറ്റിൽ സിനിമ തുടങ്ങി.
രാജ്കുമാർ വിദൂരതയിൽ നിന്ന് കുതിരയോടിച്ചു വരുന്നു.യാരു ഏനുമാടുവരു നനഗേലു കേടുമാടുവതു... എന്ന ഗാനം പാടിക്കൊണ്ടാണ് രാജ്കുമാറിന്റെ രംഗപ്രവേശം. കയ്യടിയിലും ചൂളംവിളിയിലും തീയേറ്ററാകെ പ്രകമ്പനം കൊണ്ടു. പ്രകാശ രാജ്കുമാറിനാൽ ആവേശഭരിതനാവുന്നു. അടുത്തിരുന്നതുകൊണ്ട് പ്രകാശയുടെ അംഗചലനങ്ങളും പ്രകടമായ മനോവ്യാപാരങ്ങളും ഞാനറിയുന്നുണ്ടായിരുന്നു.
ബ്രീട്ടീഷുകാരുടെ കാലത്തുള്ള അനീതികൾക്കെതിരെ പൊരുതി വിജയിക്കുന്ന ക്രാന്തിവീര എന്ന ഒരു ജേതാവായാണ് സിനിമയിൽ രാജ്കുമാർ അഭിനയിച്ചത്. സിനിമ അന്നത്തെ പ്രേക്ഷകരെ ശരിക്കും ആവേശം കൊള്ളിക്കുന്നതായിരുന്നു.

മൊളക്കാൽമുരു എനിക്ക് തന്ന ഏറ്റവും വിസ്മയകരമായ ഒരനുഭവം കുട്ടികളുടെ സ്നേഹമായിരുന്നു. ഒരു വിദ്യാർത്ഥിക്ക് ഒരധ്യാപകനെ എത്രത്തോളം സ്നേഹിക്കാൻ കഴിയുമോ അത്രത്തോളം സ്നേഹം അവരെനിക്ക് തന്നിട്ടുണ്ട്

സിനിമ കഴിഞ്ഞ് എന്നത്തെയുംപോലെ ഞങ്ങൾ ഉറങ്ങാനായി ബസിലേക്ക് തന്നെ തിരിച്ചുവന്നു. സിനിമ കണ്ടശേഷമുള്ള രാത്രിയുറക്കങ്ങൾ എന്നും ബസ്സിൽത്തന്നെയായിരുന്നു. പ്രകാശ ബസ്സിന്റെ മുൻഭാഗത്തെ പെട്ടിയിൽനിന്ന് രണ്ടു മൂന്നു വിരിപ്പുകളെടുത്ത് ബസ്സിന്റെ നിലത്ത് വിരിച്ചു.
ഞങ്ങളല്ലാവരും ബസ്സിന്റെ തറയിൽ മലർന്നു കിടന്നു.
സമയം അപ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.
നാളെ രാവിലെ ആറുമണിക്കാണ് ബസ്സെടുക്കുക.
ഡ്രൈവറും കണ്ടക്ടറും സാധാരണ അഞ്ചേ മുക്കാൽ ആവുമ്പൊഴേക്കും ബസ്സിൽ എത്തിച്ചേരാറുണ്ട്. അവർ വന്നു വിളിക്കുമ്പോഴാണ് രാവിലെ ഞങ്ങളുടെ ഉണർച്ച. ബസ് സ്റ്റാൻഡിലെ ഹോട്ടലിൽ ചെന്ന് വായും മുഖവും കഴുകി ഞങ്ങൾ ബസ്സിൽ വന്നിരിക്കും. രാവിലത്തെ അർദ്ധമയക്കത്തിനിടയിൽ ബസ് ഞങ്ങളെയും കൊണ്ട് മൊളക്കാൽമുരുവിലേക്ക് തിരിച്ചുപോവുകയും ചെയ്യും.
സിനിമ കണ്ടു കഴിഞ്ഞ രാത്രികളിൽ പ്രകാശയ്ക്ക് ഉറക്കം വരാറില്ലായിരുന്നു. തിരശ്ശീലയിൽ കണ്ടത് പ്രകാശയുടെ മനസ്സിന്റെ തിരശ്ശീലയിലൂടെ വീണ്ടും വീണ്ടും പാഞ്ഞുപോകുന്നുണ്ടാവണം. അതുകൊണ്ടുതന്നെ പ്രകാശയ്ക്ക് അത് ആരോടെങ്കിലും ഒന്നുകൂടി പറഞ്ഞ് അയവിറക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. ശിവജിയും ഗൗഡയും കിടന്നപാടെ ഉറങ്ങുന്നതുകൊണ്ട് പ്രകാശ പറയുന്ന സിനിമാക്കഥ കേൾക്കാൻ പാതിരാത്രിയിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്കുമാറിന്റെ സംഭാഷണങ്ങളും ഒരോ അംഗചലനങ്ങളും പ്രകാശയിലൂടെ വീണ്ടും ആവർത്തിക്കുന്നു. സിനിമയുടെ കഥ പറയുമ്പോൾ ഇടയ്ക്ക് ഞാനൊന്നു മൂളണം. ഉറങ്ങിയിട്ടില്ല എന്ന് ഉറപ്പു വരുത്താനായിരുന്നു അത്.

ആദ്യകാലത്ത് പ്രകാശയോടൊപ്പം സിനിമ കണ്ടു വന്ന് ബസിൽ കിടക്കുന്ന സമയത്ത് സിനിമയുടെ കഥ പാതിരാത്രിയിലിങ്ങനെ കേട്ടുകൊണ്ടിരിക്കുന്നതിന് ഇടയിൽ ഉറങ്ങിപ്പോയിട്ടുണ്ട്. മൂളൽ നിന്നാൽപ്പിന്നെ പ്രകാശ ശല്യപ്പെടുത്താ നൊന്നും വരില്ല. സിനിമയിലൂടെത്തന്നെ അയാൾ കുറച്ചുദൂരം കൂടി തനിയെ മുമ്പോട്ട് സഞ്ചരിക്കും. പക്ഷെ തീപ്പൊരി ഡയലോഗുകൾ ഓർക്കുന്ന സമയത്ത് സിനിമയിലെന്നപോലെ പ്രകാശയുടെ ശബ്ദം നിയന്ത്രണംവിട്ട് വളരെ ഉച്ചത്തിൽ ഉയർന്നു പൊങ്ങും. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുകയും എന്താണ് സംഭവിച്ചത് എന്നറിയാതെ ഇരുട്ടിൽ നോക്കി എല്ലാവരും പകച്ചു നിൽക്കുകയും ചെയ്യും. പ്രകാശയാണെങ്കിൽ ഒന്നുമറിയാത്ത ഒരാളെപ്പോലെ ചരിഞ്ഞുകിടന്ന് ഉറക്കം നടിച്ച് കിടക്കുകയായിരിക്കും. പാതിരാത്രിയിലെ ഞെട്ടലുകളുടെ മുൻ ഓർമ്മയിലാണ് ബെല്ലാരിയിലെ സിനിമാരാത്രികളിൽ എന്നും ഞാൻ ഉറങ്ങാതെ പ്രകാശയുടെ സിനിമാക്കഥകൾ കേട്ടുകൊണ്ടിരുന്നത്. എന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നെങ്കിലും ആ രാത്രികളിലൊക്കെ ശിവജിയും ഗൗഡയും കഥയുടെയും ജീവിതത്തിന്റെയും അലോസരങ്ങളേതുമില്ലാതെ സുഖമായി ഉറങ്ങുകയും ചെയ്തിരുന്നു.

പതിനെട്ട്: സ്നേഹമെന്ന പാഠപുസ്തകം

മൊളക്കാൽമുരു എനിക്ക് തന്ന ഏറ്റവും വിസ്മയകരമായ ഒരനുഭവം കുട്ടികളുടെ സ്നേഹമായിരുന്നു. ഒരു വിദ്യാർത്ഥിക്ക് ഒരധ്യാപകനെ എത്രത്തോളം സ്നേഹിക്കാൻ കഴിയുമോ അത്രത്തോളം സ്നേഹം അവരെനിക്ക് തന്നിട്ടുണ്ട്. ഒരു വിദ്യാർത്ഥിക്ക് ഒരധ്യാപകനെ എത്രത്തോളം ഹൃദയത്തോട് ചേർത്തു നിർത്താനാവുമോ അത്രത്തോളം അവരെന്നെ ചേർത്തുനിർത്തിയിട്ടുണ്ട്. ഇന്നോർക്കുമ്പോൾ മൊളക്കാൽമുരു എനിക്ക് വെറുമൊരു കലാലയമായിരുന്നില്ല. അറിവും അനുഭവവും പരസ്പരം കൈമാറുകയും സ്വീകരിക്കുകയും ചെയ്ത ഒരു ഗുരുകുലമായിരുന്നു.
വൈകുന്നേരം കാത്തിരുന്ന് ഒന്നിച്ചു പോവുകയും രാവിലെ ഒത്തുചേർന്ന് ഒന്നിച്ചു പോരുകയും ചെയ്യുന്നതിനപ്പുറം ഒരധ്യാപകനും ഒരു കൂട്ടം വിദ്യാർത്ഥികളും തമ്മിൽ കൈമാറിയ പാരസ്പര്യത്തിന്റെ നിറവ് അവിടെ നിന്നാണ് ആദ്യമായി ഞാൻ അനുഭവിച്ചത്.
കുട്ടികൾ തന്ന സ്നേഹത്തിന്റെ ഒരുപാടോർമ്മകൾ മനസ്സിലുണ്ട്. അതിനിടയിൽ ഞാൻ ഒരു പരീക്ഷാക്കാലം ഓർത്തുപോകുന്നു. അധ്യാപകർക്ക് പഠിപ്പിക്കാനുള്ള പാഠങ്ങളെല്ലാം കഴിഞ്ഞു. പരീക്ഷയ്ക്കായി കുട്ടികൾ പഠിക്കുന്നു. അതിനുള്ള സ്റ്റഡിലീവിലാണ് അവർ. കുളിയും മലകയറലും കാത്തിരിക്കലും പറഞ്ഞയക്കലും ഒന്നുമില്ല. സ്വസ്ഥവും ശാന്തവുമായി ഞങ്ങളെല്ലാവരും സ്റ്റാഫ് മുറിയിലിരുന്ന് സംസാരിക്കുകയും കഥപറയുകയും ചെയ്യുന്നു.
ഞാൻ ഹിദായത്തുള്ള ഹുസൈനിയുടെ അടുത്തിരുന്ന് ശായരികൾ കേൾക്കുകയായിരുന്നു. അതിനിടയിൽ സ്റ്റാഫ് മുറിയുടെ വാതിൽക്കൽ ഒരു പെൺകുട്ടി വന്നുനിന്നു.
ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ ടീച്ചർ പ്രതിമ വിളിച്ചു പറഞ്ഞു. ശോഭീന്ദർ, മാഷെ കാണാൻ ഒരു കുട്ടി വന്നിട്ടുണ്ട്.
അവളുടെ കൂടെ അച്ഛനും അമ്മയുമുണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അച്ഛനും അമ്മയും എന്റെ മുന്നിൽ തൊഴുതു നിന്നു. ഞാൻ ചോദിച്ചു.
""ഏനു വിഷയ ? ആരെങ്കിലും വരാൻ വേണ്ടി വിളിപ്പിച്ചിരുന്നോ ?''
കുട്ടിയുടെ അമ്മ പറഞ്ഞു.""സാർ നിമ്മന്നെ നോടുവദുക്കാഗീനെ ബന്തിദ്ദീവി''
(മാഷെ കാണാൻ വേണ്ടി മാത്രം വന്നതാണ്)
എനിക്കപ്പോഴും വന്ന കാര്യം മനസ്സിലായില്ല.
കുട്ടിയുടെ അമ്മ കുറച്ച് വെറ്റിലയും അടയ്ക്കയും പൂക്കളും കുട്ടിയുടെ കയ്യിൽക്കൊടുത്തു പറഞ്ഞു.""മേഷു ആശീർവാദ മാടി'' (മാഷ് അനുഗ്രഹിക്കണം)
കുട്ടി കാൽക്കൽ തൊട്ട് നമസ്‌കരിച്ചു.
കുട്ടി വെറ്റിലയും അടയ്ക്കയും പൂക്കളും എന്റെ കയ്യിൽ വച്ചു തന്നു.
അനുഗ്രഹം വാങ്ങിയതല്ലാതെ കഴിഞ്ഞ ഇരുപത്തിയേഴ് വയസ്സിനിടയിൽ ഇതുവരെ ആർക്കും അനുഗ്രഹം കൊടുത്തിട്ടില്ല. അതു കൊടുക്കേണ്ടത് എങ്ങനെയാണ് എന്നുമറിയില്ല. പ്രതീക്ഷിക്കാതെ മുന്നിൽ വന്നുപെട്ട ഒരു കാര്യമായതുകൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ പെൺകുട്ടിയുടെ തലയിൽ കൈവച്ച് ഞാൻ മനസ്സുകൊണ്ട് ശുഭകരമായ ഒരാശംസ നേർന്നു. കുട്ടിയും അമ്മയും അച്ഛനും സന്തോഷത്തോടെ മടങ്ങിപ്പോയി.

കയ്യിൽ വെറ്റിലയും അടയ്ക്കയും ചെറുനാരങ്ങയും അതല്ലെങ്കിൽ വെറ്റിലയും തേങ്ങയുമായി ഓരോ കുട്ടിയും അവരുടെ രക്ഷിതാക്കളും മുറിയിലേക്ക് കയറി വന്നു. പരിചയപ്പെടുകയും, സന്തോഷവും സ്നേഹവും പങ്കുവച്ചു തിരിച്ചുപോവുകയും ചെയ്തു. ചിലർ ഇതോടൊപ്പം മധുരപലഹാരങ്ങളും കൊണ്ടുവന്നു

ഞാൻ വാസുദേവ മൂർത്തിയുടെ അടുത്തു ചെന്ന് സംഭവം പറഞ്ഞു. അതൊടൊപ്പം ഇതുകൂടി ചോദിച്ചു.""അങ്ങനെയൊന്നുണ്ടോ ഇവിടെ ?''""ഏയ്. ഇതു മേഷോടുള്ള ഇഷ്ടംകൊണ്ട് ചിലപ്പോ വന്നതായിരിക്കും.''
ഞാൻ വെറ്റിലയും അടക്കയും മറ്റാരും കാണാതെ മേശവലിപ്പിൽ കൊണ്ടുവച്ചു. എപ്പോഴും കുട്ടികളുടെ കൂടെയാണ് എന്ന പരാതി സഹപ്രവർത്തകർക്കുണ്ട്. ഇപ്പോൾ ക്ലാസില്ലാത്ത സമയം ആയതുകൊണ്ട് അവരോടൊപ്പം ചെലവഴിച്ച് അതു പരിഹരിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാൻ.
നാഗരാജ് റാവു ചോദിച്ചു. ""ശോഭീന്ദർ കന്നട ഡിപ്ലോമ എവിടെ വരെ എത്തി?''
ഞാൻ പറഞ്ഞു. ""അത് ഉഷാറായി നടക്കുന്നു. വായിക്കുകയും അതോടൊപ്പം എഴുതിയെഴുതി പഠിക്കുകയും ചെയ്യുന്നു. എഴുത്തിന് വേഗത കിട്ടുന്നില്ല, അതാണ് പ്രശ്നം.''""നീവു ചെന്നാഗി ട്രൈമാടു ബേക്കൂ.'' (നിങ്ങൾ നന്നായി പരിശ്രമിക്കണം) എന്ന ഉപദേശം അദ്ദേഹം തന്നു.
അതിനിടയിൽ ഒരു കുട്ടി കൂടി സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ വന്നു നിന്നു. നേരിയ ശബ്ദത്തിൽ ശോഭീന്ദർ സാർ എന്നു വിളിച്ചു.
ഞാൻ വീണ്ടും പുറത്തേക്ക് ചെന്നു.
അവനോടൊപ്പം അമ്മയും കൂടിയുണ്ടായിരുന്നു.
അമ്മ എന്നോട് പറഞ്ഞു.""പരീക്ഷ വരികയല്ലേ മേഷൊന്നു അനുഗ്രഹിക്കണം.''
ഞാൻ അവിടെ നിന്ന് കുറച്ചു മാറി നിന്നു.
അവന്റെ കയ്യിൽ വെറ്റിലയും ഒരു തേങ്ങയും.
കുട്ടി കാൽക്കൽതൊട്ട് നമസ്‌കരിച്ചു.
ഞാൻ അവന്റെ പഠനകാര്യങ്ങളോടൊപ്പം മറ്റുകാര്യങ്ങളും ചോദിച്ച് ഇത്തിരിനേരം ഒപ്പം നടന്നു. അവനോട് സംസാരിച്ചതിൽ നിന്ന് എനിക്കൊരു കാര്യം മനസ്സിലായി.
പലകുട്ടികളും ഇതുപോലെ അനുഗ്രഹത്തിനായി വരാനൊരുങ്ങി നിൽക്കുന്നു.
ഞാൻ അവനോട് പറഞ്ഞു. ഇനി വരുന്നവരോട് നാളെ മുറിയിൽ വന്നാൽ മതിയെന്നു പറയണം. നാളെ ഞാനവിടെ ഉണ്ടാകും. കുട്ടികൾ പ്രത്യേകമായി എന്നോട് താത്പര്യം കാണിക്കുന്നത് മറ്റ് അധ്യാപകർക്ക് സ്വാഭാവികമായും ബുദ്ധിമുട്ടാകും. അത് അറിയാവുന്നതുകൊണ്ടാണ് കുട്ടികളോട് മുറിയിൽ വന്നാൽ മതി എന്ന് പറഞ്ഞത്.
ഞാൻ ആലോചിക്കുകയായിരുന്നു. മൊളക്കാൽമുരുവിലെ രക്ഷിതാക്കളിൽ പലരും കൃഷിക്കാരോ പാവപ്പെട്ട കൂലിപ്പണിക്കാരോ ആയിരുന്നു. എന്നിട്ടും ഒരു ദിവസത്തെ പണിയും മറ്റുകാര്യങ്ങളുമെല്ലാം മാറ്റിവച്ച് എന്റെ അടുത്തേക്ക് വരാൻ ഇവർക്ക് തോന്നിയതിന്റെ ചേതോവികാരം എന്തായിരിക്കും? ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അതിന്നും മനസ്സിൽ കിടക്കുന്നു.

ശനിയാഴ്ച അവധിയായതുകൊണ്ട് രാവിലെ എഴുന്നേൽക്കാൻ അല്പം വൈകിയിരുന്നു. വാതിലിൽ മുട്ടുന്നത് കേട്ടാണ് അന്നെഴുന്നേറ്റത്. രണ്ടു മൂന്നു കുട്ടികളും രക്ഷിതാക്കളും പുറത്ത് കാത്തുനിൽക്കുന്നു. ഞാൻ അഞ്ചു മിനുട്ട് കൂടി കാത്തുനിൽക്കാൻ പറഞ്ഞ് കുളിച്ചു വന്നു.
അപ്പോൾ കണ്ട കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. മുൻഭാഗത്തെ വരാന്തയുടെ അങ്ങേയറ്റംവരെ കുട്ടികൾ വരിവരിയായി നിൽക്കുന്നു. മറ്റൊരരികിലായി മാറിനിൽക്കുന്ന കുറെ രക്ഷിതാക്കളും. എനിക്ക് ശരിക്കും അത്ഭുതം തോന്നി എന്നല്ല പറയേണ്ടത്. ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ ആ അനുഭവത്തെ വാക്കുകൊണ്ട് പൂരിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല.
കയ്യിൽ വെറ്റിലയും അടയ്ക്കയും ചെറുനാരങ്ങയും അതല്ലെങ്കിൽ വെറ്റിലയും തേങ്ങയുമായി ഓരോ കുട്ടിയും അവരുടെ രക്ഷിതാക്കളും മുറിയിലേക്ക് കയറി വന്നു. ഓരോരുത്തരും വന്നു പരിചയപ്പെടുകയും, സന്തോഷവും സ്നേഹവും പങ്കുവച്ചു തിരിച്ചുപോവുകയും ചെയ്തു. ചിലർ ഇതോടൊപ്പം മധുരപലഹാരങ്ങളും കൊണ്ടുവന്നു.
കുട്ടിയെക്കുറിച്ചുള്ള പ്രതീക്ഷയും ആകാംക്ഷയുമായിരുന്നു രക്ഷിതാക്കളുടെ വാക്കുകളിലുണ്ടായിരുന്നത്. കുട്ടികൾക്കാകട്ടെ പരീക്ഷയെച്ചൊല്ലിയുള്ള ആകുലതകൾ.

രാമചന്ദ്ര, കാളയ്യ, സീതണ്ണ എന്നിവരോടൊപ്പം ടി.ശോഭീന്ദ്രൻ

ഞാൻ ഓരോ കുട്ടിയോടുമായി പറഞ്ഞു.""നമ്മുടെ ജീവിതത്തിൽ അറിയാത്ത എത്രയോ കാര്യങ്ങൾ ഉണ്ട്. അതുപോലെ അറിയാത്ത ചോദ്യങ്ങൾ പരീക്ഷയിലും ഉണ്ടായേക്കാം. അതു സാരമാക്കേണ്ടതില്ല. അറിയുന്നത് മാത്രം എഴുതിയാൽ മതി.''
അതുകേൾക്കുമ്പോൾ കുട്ടികളുടെ മനസ്സിലെ കനമൊന്നു കുറയും. അതു കാണുമ്പോൾ രക്ഷിതാക്കൾക്ക് ഏറെ ആശ്വാസവുമാവുകയും ചെയ്യും. അത്രമാത്രമേ അനുഗ്രഹരൂപത്തിൽ എനിക്ക് അവർക്കായി കൊടുക്കാനുണ്ടായിരുന്നുളളൂ.
കാണുമ്പോൾ കണ്ണിൽ നനവുപൊടിയുന്ന സ്നേഹമാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും കണ്ണുകളിൽ അന്നു ഞാൻ കണ്ടത്. അവർ ഗുരുദക്ഷിണയായി തന്ന വെറ്റിലയും അടക്കയും ഇതുവരെയുള്ള എല്ലാ ഗുരുക്കന്മാരെയും മനസ്സിലോർമ്മിച്ചു കൊണ്ടും അവരെ മനസ്സാസ്മരിച്ചുകൊണ്ടും ഞാൻ എടുത്തു വച്ചു. അവർ തന്ന തേങ്ങയുടെ തോടു പൊട്ടിച്ച് മധുരപലഹാരത്തോടൊപ്പം വിശിഷ്ടമായ ഒരു പ്രസാദംപോലെ എല്ലാവർക്കും കൊടുത്തു.
മൊളക്കാൽമുരുവിൽ ഉണ്ടായിരുന്ന മൂന്നു വർഷങ്ങളിലും പരീക്ഷാക്കാലത്ത് കുട്ടികൾ രക്ഷിതാക്കളോടൊപ്പം ഇതുപോലെ അനുഗ്രഹത്തിനായി വരുമായിരുന്നു. ഇവിടത്തെ കുട്ടികൾക്ക് മറ്റെവിടെയും കാണാൻ കഴിയാത്ത സവിശേഷമായ ചില നന്മകളുണ്ടായിരുന്നു. അത് അവരുടെ മാത്രമായ ഒരു ഗുണമായിരുന്നില്ല. ആ നാടിന്റെയും അവർ വളർന്നുവന്ന കുടുംബസാഹചര്യത്തിന്റെയും സംസ്‌കാരം കൂടി അവരിലുണ്ടായിരുന്നു എന്നു ഞാൻ കരുതുന്നു.

അന്ന് എന്റെ കൂടെ നടന്നവരും അനുഗ്രഹത്തിനായി വന്ന കുട്ടികളും ഇപ്പോൾ എവിടെ ? അവരിപ്പോൾ കുട്ടികളായിരിക്കില്ല. ആ കുട്ടികളിപ്പോൾ അറുപതു വയസ്സു കഴിഞ്ഞ മുതുക്കന്മാരായിട്ടുണ്ടാവും. മുത്തശ്ശിമാരും മുത്തച്ചന്മാരും ആയിട്ടുണ്ടാവും. അന്ന് കാൽ തൊട്ടു നമസ്‌കരിച്ച ആ കൈകൾ ഇപ്പോൾ തങ്ങളുടെ പേരക്കുട്ടികളെ അതേ കൈകൾകൊണ്ട് അനുഗ്രഹിക്കുന്നുണ്ടായിരിക്കും. ജീവിതത്തിന്റെ പരീക്ഷണങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കുമ്പൊഴെല്ലാം ആ കൈകൾ ഈ പ്രപഞ്ചത്തെ ഒട്ടാകെയും ഇപ്പോഴും വണങ്ങുന്നുമുണ്ടാവണം. അതിനുള്ള ഗുരുത്വം കൗമാരത്തിലേ അവർ നേടിയിട്ടുണ്ടായിരുന്നു.

പത്തൊമ്പത്: ബസ്സിന്റെ മുകളിൽ ഒരു സ്വപ്നയാത്ര

മൃത്യുഞ്ജയ മോട്ടോർ സർവ്വീസ് എന്ന പേരിൽമൊളക്കാൽ മുരുവിലൂടെ പത്തോളം ബസുകൾ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ആ ബസ്സുകളുടെ ഉടമ പ്രകാശയായിരുന്നു. ഇടയ്ക്ക് പ്രകാശ പഴയതായ ബസുകൾ വിൽക്കും. പുതിയത് വാങ്ങുകയും ചെയ്യും. പുതിയ ബസ് നിരത്തിലിറങ്ങുന്ന ഒരു ദിവസം പ്രകാശ എന്റെ മുറിയിൽ വന്നിട്ട് പറഞ്ഞു.""ശോഭിന്ദർജി നാളെ വൈകീട്ട് റെഡിയാവണം.''
ബസ് ദേവസ്ഥാനങ്ങളിൽ പൂജയ്ക്കു കൊണ്ടുപോവുകയാണ്. ബസിന്റെ കന്നിയാത്രയിൽ അങ്ങനെ ഞങ്ങളും പങ്കാളികളായി. സീതണ്ണ, ചിന്നപ്പയ്യ, ശിവജി. ചന്ദ്രഗൗഡ എന്നിവർ. ഞങ്ങൾ അല്പം വൈകിയാണ് ബസിന്റെ അടുക്കൽ എത്തിച്ചേർന്നത്. ഞങ്ങൾ കയറാനായി നോക്കുമ്പോൾ ബസ് നിറയെ ആളുകൾ. പ്രകാശയുടെ ബന്ധുക്കളും മൊളക്കാൽമുരുവിലുള്ള നാട്ടുകാരുമൊക്കെ നേരത്തെ തന്നെ ബസ്സിൽ ഇടംപിടിച്ചിട്ടുണ്ടായിരുന്നു. ഒരു രാത്രിമുഴുവൻ നീണ്ട യാത്രയാണ്. ഇരിപ്പിടമില്ലാതെ എങ്ങനെ പോവും? പ്രകാശ ഡ്രൈവറായതുകൊണ്ട് അവന് സീറ്റുണ്ട്. ഞങ്ങൾ എവിടെയിരിക്കും.
പ്രകാശ ഞങ്ങളെ കണ്ടയുടനെ സീറ്റിൽ ഇരിക്കുകയായിരുന്ന ആരെയൊക്കെയോ എഴുന്നേൽപിച്ച് ഞങ്ങളെ ഇരുത്താൻ ശ്രമിച്ചു. ഞാൻ പറഞ്ഞു, ""അതുവേണ്ട. ഞങ്ങൾ ബസിന് മുകളിൽ ഇരുന്നോളാം.''
മനസ്സില്ലാ മനസ്സോടെ പ്രകാശ അതിന് സമ്മതം മൂളുകയും ഞങ്ങൾ ബസിന്റെ മുകളിൽ കയറിയിരിക്കുകയും ചെയ്തു. ബസ് നീങ്ങിത്തുടങ്ങുമ്പോൾ സമയം സന്ധ്യയാകാറായിരുന്നു. ബസിന്റെ മുകളിൽ ഇരുന്നുകൊണ്ടുള്ള ഒരു യാത്ര എല്ലാവർക്കും ആദ്യത്തേതായിരുന്നു. കണ്ണുകൾക്കു മുന്നിൽ ഒരു മറയുമില്ലാതെ കാഴ്ചകൾ തുറന്നുകിടക്കുന്നു. വീശിയടിക്കുന്ന കാറ്റ് ഏറ്റുവാങ്ങിയും മുന്നിൽ കാണുന്ന ദൂരങ്ങളെല്ലാം ക്ഷണനേരംകൊണ്ട് കടന്നുപോവുന്നത് അറിഞ്ഞും പുതിയ ദൂരക്കാഴ്ചകളിലേക്ക് ആകാംക്ഷയോടെ എത്തിനോക്കിയും ബസിന്റെ മുകളിൽ ഞങ്ങളിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ പുതിയ കൽമലകൾ കാണുന്നു. അതിൽ അങ്ങിങ്ങായി പൊന്തിനിൽക്കുന്ന കുറ്റിക്കാടുകൾ കണ്ണിൽ തൊടുന്നു. കൈകൾ ഒന്നു നിവർത്തിപ്പിടിച്ചാൽ ആകാശത്തിലൂടെ പക്ഷികളോടൊപ്പം പറന്നുപോവുന്ന ഒരനുഭവം ഉള്ളിൽ തട്ടുന്നു. താഴെ ബസിൽ ഇരിക്കുന്നവർ കാണുന്ന കാഴ്ചയായിരുന്നില്ല മുകളിലിരിക്കുന്ന ഞങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നത്.

ചിന്നപ്പയ്യ ചീട്ടെടുത്തൊന്നു കശക്കി. വിരലുകൾ ഒരു മാന്ത്രികനെപ്പോലെ അത്രയും വേഗത്തിലാണ് ചലിക്കുന്നത്. ഞാനും സീതണ്ണയും ചിന്നപ്പയ്യയുടെ പേരു കേട്ട കളി മികവ് ആദ്യമായി നേരിട്ടു കാണുകയായിരുന്നു

സന്ധ്യയായി. അതുകഴിഞ്ഞ് രാത്രിയും. ആകാശം ഇരുളുകയും നക്ഷത്രങ്ങൾ തെളിയുകയും ചെയ്തു. ആ യാത്രയിൽ വീണുകിട്ടിയ മറ്റൊരു സൗഭാഗ്യം ആകാശത്ത് നിന്ന് താഴേക്ക് പരന്നൊഴുകുന്ന സമൃദ്ധമായ നിലാവായിരുന്നു. ഭൂമിക്കും ആകാശത്തിനുമിടയിൽ ബസ്സിന്റെ മട്ടുപ്പാവിലെ ഒരു മൂന്നാംലോകത്ത് ഞങ്ങൾ നാലുപേരും തലവച്ചു കിടന്നു. ഒരു സ്വപ്നത്തിലെന്നപോലെ ആകാശത്തിലൂടെ ഞങ്ങൾ ഒഴുകുന്നു.
കുറച്ചു ദൂരം ചെന്നപ്പോൾ ബസ്സൊരിടത്തു നിന്നു. ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയതായിരുന്നു. കഴിക്കാനുളള ഭക്ഷണം എല്ലാവരും കരുതിയിരുന്നു. അത് കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് പലരും. ഞങ്ങൾ താഴെ ഇറങ്ങി നിൽക്കുന്നേരം പ്രകാശ ഒരു പൊതിയുമായി വന്നു പറഞ്ഞു.""നമുക്ക് മുകളിലിരുന്നു കഴിക്കാം.''
എല്ലാവരും ഇരുന്നു. പ്രകാശ ഓരോരുത്തർക്കും ഓരോ മുത്തുഗ ഇല വച്ചു തന്നു. പൊതികളിലുണ്ടായിരുന്ന നീർദോശയും ജോവർ റൊട്ടിയും എല്ലാവർക്കുമായി വിളമ്പി.
മറ്റൊരു പൊതിയിൽ ബാജിക്കറിയുണ്ടായിരുന്നു.
കഴിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
ഇവിടെ ഇരുന്നുള്ള ഈ യാത്ര ജീവിതത്തിൽ ഇതുവരെയുള്ള എല്ലാ യാത്രാനുഭവങ്ങളെയും തിരുത്തുന്നു. സീറ്റിലിരിക്കാതെ ഇവിടെ വന്നിരുന്നത് എത്ര നന്നായി. ശിവജിയും സീതണ്ണയും അതുതന്നെ പറഞ്ഞു. പ്രകാശ അതു കേട്ടു പറഞ്ഞു.""വണ്ടിയോടിക്കുന്നവർ ഒന്നും കാണില്ല. വഴിയല്ലാതെ മറ്റൊന്നും. നിങ്ങളിവിടെ ഇരിക്കുമ്പോൾ എനിക്കും ഇവിടെ വന്നിരിക്കാൻ തന്നെ തോന്നുന്നു.''
വെറുതെ പറഞ്ഞതാണെന്നാണ് വിചാരിച്ചത്. പക്ഷെ പ്രകാശ വണ്ടി കൂടെയുണ്ടായിരുന്ന ഡ്രൈവർക്ക് കൈമാറി ഞങ്ങളോടൊപ്പം വന്നിരുന്നു. ഇതുവരെ ഞങ്ങൾ പ്രകൃതിയുമായി നടത്തിയ നിശബ്ദമായ സംവാദങ്ങൾ പ്രകാശ വന്നതോടെ അവസാനിച്ചു. മുകൾത്തട്ട് ശബ്ദായമാനമായി.
ചിന്നപ്പയ്യ പ്രകാശ എത്തിയതോടെ ഉഷാറായി. പോക്കറ്റിൽ നിന്ന് ചീട്ടെടുത്ത് നിരത്തി. പ്രകാശയോട് പറഞ്ഞു.
തുടങ്ങാം.""കാശ് വയ്ക്കണോ. അല്ലെങ്കിൽ കളി മാത്രമോ?'' പ്രകാശ ചോദിച്ചു.
ചിന്നപ്പയ്യ ചിരിച്ചുകൊണ്ടു പറഞ്ഞു.""കാശ് വേണ്ട കളിമാത്രം. കാശു വച്ചാൽ ഈ കന്നിയാത്ര പ്രകാശന്റെ പോക്കറ്റ് കാലിയാക്കും.''
പ്രകാശയ്ക്ക് ചിന്നപ്പയ്യയുടെ ചീട്ടുകളിയിലെ ചൂതാട്ടത്തെപ്പറ്റി നന്നായി അറിയാമായിരുന്നു.
ചിന്നപ്പയ്യ ചീട്ടെടുത്തൊന്നു കശക്കി. വിരലുകൾ ഒരു മാന്ത്രികനെപ്പോലെ അത്രയും വേഗത്തിലാണ് ചലിക്കുന്നത്. ഞാനും സീതണ്ണയും ചിന്നപ്പയ്യയുടെ പേരു കേട്ട കളി മികവ് ആദ്യമായി നേരിട്ടു കാണുകയായിരുന്നു. ചിന്നപ്പയ്യ പതിമൂന്നു ചീട്ടുകൾ വീതം വീതിച്ചെടുത്തു. കാറ്റത്ത് പറന്നുപോവാതിരിക്കാനായി ബാക്കി ചീട്ട് എന്റെ കയ്യിൽ പിടിക്കാൻ തന്നു.

ഓരോ കളിയിലും ചിന്നപ്പയ്യ തന്റെ ചാതുര്യം പ്രകടിപ്പിക്കുന്നു. പ്രകാശ നിലംപരിശാവുന്നു. പരാജയപ്പെട്ടതിന്റെ കാരണങ്ങൾ ഓരോ കളികഴിയുമ്പോഴും ചിന്നപ്പയ്യ വിശദീകരിച്ചു കൊടുക്കുന്നു. ചൂതാട്ടത്തിന്റെ ബാലപാഠങ്ങൾ.
വണ്ടി ആന്ധ്രാപ്രദേശിലെ മന്ത്രാലയം ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലേക്കാണ് പോകുന്നത്. പുലർച്ചയോടെ അവിടെയത്തും. അതിനിടയിലെവിടെയൊ ആണ് ബസ്സുള്ളത്. ഭൂമി വിരിച്ചിട്ട ഏതൊക്കെയോ ഭൂപടവഴികളിലൂടെ ബസ് പാഞ്ഞുപോകുന്നു. പ്രകാശ കുറച്ചു കഴിഞ്ഞപ്പോൾ ചീട്ടു മടക്കിവച്ച് മറ്റുചില സംസാരങ്ങളിലേക്ക് ചുവടുമാറി.
ചിന്നപ്പയ്യയും ശിവജിയും ഒരു ഭാഗത്തേക്ക് തല ചെരിച്ചുകൊണ്ട് കിടന്നുറങ്ങി. പ്രകാശ സീതക്കയുടെ കല്യാണത്തിന് വരാൻ കഴിയാത്തതിന് ചിലകാരണങ്ങൾ പറഞ്ഞു.

മൊളക്കാൽമൊരുവിലെ കുളം

കുളക്കടവിലിരുന്ന് സീതണ്ണ അന്ന് പാടിയ ആ പാട്ട് മനസ്സിലേക്ക് ഓടി വന്നു. ഞാൻ അതു ഓർമ്മിപ്പിച്ചപ്പോൾ സീതണ്ണ ഒന്നു മൂളുക മാത്രം ചെയ്തു. അവന്റെ മനസ്സ് ആകാശത്തിലൊഴുകുന്ന മേഘങ്ങൾപോലെ ഇപ്പോൾ ഏതൊക്കെയോ ഓർമ്മകളിലേക്ക് ദിശതെറ്റിപ്പായുന്നുണ്ടാവണം.
ഞാൻ പറഞ്ഞു,""നിങ്ങൾ കന്നടപ്പാട്ട് മാത്രമല്ലേ കേട്ടിട്ടുള്ളൂ ഇന്ന് ഞാനൊരു മലയാളം പാട്ടു പാടാം. ഒരു തമാശപ്പാട്ടാണ്. അതു കേട്ടിട്ട് അർത്ഥം മനസ്സിലായെങ്കിൽ പറഞ്ഞു തരണം.''
പ്രകാശ പ്രോത്സാഹിപ്പിച്ചു.
ഞാൻ എനിക്കാവുന്നത്ര ഉച്ചത്തിൽ പാടി.""അയ്യോ വായോ അയൽവക്കക്കാരെ ഞങ്ങടെ വീട്ടിൽ കള്ളൻ കേറി. അതിലൊന്നൊരു കറുമ്പൻ ഒന്നൊരു വെളുമ്പൻ ഒന്നൊരു തക്കിടി മുണ്ടൻ. അയ്യോ വായോ അയൽവക്കക്കാരെ... അഞ്ചു രൂപായും അഞ്ചരപവനും ചെമ്പുകലവും കട്ടേ. അയ്യോ വായോ.....''
ഉച്ചത്തിലുള്ള പാട്ടിന്റെ ശബ്ദം കേട്ട് ശിവജി ഒന്നു തലപൊക്കിനോക്കുകയും പിന്നെയും കിടന്നുറങ്ങുകയും ചെയ്തു.
പ്രകാശയ്ക്കും സീതണ്ണയ്ക്കും ഞാൻ പാടിയതെന്താണെന്ന് മനസ്സിലായിട്ടുണ്ടാവില്ല. എങ്കിലും അതിന്റെ അർത്ഥം പിടി കിട്ടിയതുപോലെ രണ്ടുപേരും ആസ്വദിച്ചു ചിരിച്ചു.
ഒരു തവണ കൂടി പാട്ടാവർത്തിച്ചപ്പോൾ അവർ കൈകൾ കൊണ്ട് താളം പിടിച്ചു. തണുപ്പു കൂടി കൂടി വരുന്നു. ഇപ്പോൾ രാത്രിയുടെ ഭംഗിയല്ല. അരിച്ചിറങ്ങുന്ന തണുപ്പിന്റെ ചുളുക്കുത്തൽ മാത്രമേയുള്ളൂ. കയ്യിൽ കിട്ടിയത് എടുത്തു പുതച്ച് എല്ലാവരും ചുരുണ്ടു കൂടി. വണ്ടി നിന്നപ്പോഴാണ് ഉറക്കമുണർന്നത്.
തുംഗഭദ്രയുടെ തീരത്ത് ബസ് നിൽക്കുന്നു.
എല്ലാവരും എഴുന്നേറ്റ് കുളിക്കുകയും വസ്ത്രങ്ങൾ മാറ്റുകയും ചെയ്തു. പ്രാഥമികകാര്യങ്ങൾക്കായി ഒരിടത്ത് അതിനുള്ള സൗകര്യമുണ്ടായിരുന്നു.
തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട വൈഷ്ണവ സന്ന്യാസിവര്യനായ രാഘവേന്ദ്രയുടെ സമാധിസ്ഥലമാണ് തുംഗഭദ്രാനദിയുടെ കരയിലുള്ള ഈ മഠം. പ്രകാശ വാഹനപൂജയുടെ കാര്യങ്ങളൊക്കെ ചെയ്തു. സ്വാമിയുടെ സമാധിസ്ഥലവും അതിന്റെ ഭാഗമായി രൂപപ്പെട്ടു വന്ന വൃന്ദാവനവും ദർശിച്ചു ഞങ്ങളവിടുന്നു മടങ്ങി.

ഞൊടയിടകൊണ്ട് ബസ് കടന്നുപോയി. ഞങ്ങൾ എല്ലാവരും ഒരു ഞെട്ടലോടെ ഒന്നിച്ച് പിന്നിലേക്ക് നോക്കി. നടുറോട്ടിൽ ചതഞ്ഞരഞ്ഞുപോയ ഒരു ജീവന്റെ ചോരച്ചാലു മാത്രം. അതുകണ്ട് കുട്ടികൾ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നു

അധോനിയിലെ അംബഭവാനി ക്ഷേത്രവും ആളൂരിലെ ശ്രീരംഗനാഥസ്വാമിക്ഷേത്രവും ബെല്ലാരിയിലെ ദുർഗമ്മ ക്ഷേത്രവും സന്ദർശിച്ച ശേഷം മടക്കയാത്രയായി.
ബെല്ലാരിയിൽ നിന്നുള്ള മടക്കയാത്രയിൽ പ്രകാശയാണ് വണ്ടിയോടിച്ചത്. യാത്രയിൽ അപൂർവ്വമായി മാത്രമേ കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന പച്ചവയലുകൾ കാണാനിടയുള്ളൂ. ബസ് നെല്ലു വിളഞ്ഞ് കതിർപ്പച്ചയുമായി നിൽക്കുന്ന വയലുകൾക്ക് നടുവിലൂടെ പാഞ്ഞു. കാഴ്ചയുടെ അസാധാരണമായ ഭംഗികൊണ്ടാവാം എല്ലാവരും ബസ്സിന്റെ മുകളിൽനിന്ന് അത് നോക്കിയിരുന്നു.
വയൽ വരമ്പിലൂടെ റോഡിന് അഭിമുഖമായി കുറച്ചുപേർ നടന്നുവരുന്നത് ദൂരെ നിന്നേ കാണാം. ഏറ്റവും മുന്നിൽ ഭംഗിയുള്ള ഒരു വെളുത്ത നായ. അതിന്റെ പിറകിലായി രണ്ടു കുട്ടികൾ. പിന്നിൽ കുട്ടികളുടെ അച്ഛനും അമ്മയുമാകാം. കാഴ്ചയിൽ അവർ വയലിൽ പണിയെടുക്കുന്നവരാണെന്നു തോന്നിയിരുന്നില്ല. റോഡിനടുത്തെത്തിയപ്പോൾ നായ മുന്നിലേക്ക് ഓടാൻ തുടങ്ങി. കുട്ടികൾ നായയുടെ പിറകെയും. പിറകിൽ നിന്ന് അച്ഛനും അമ്മയും കൈ നീട്ടി പറയുന്നതു കേട്ടിട്ടാവാം. കുട്ടികൾ നിന്നു. നായ വാലാട്ടിക്കൊണ്ട് ഉത്സാഹത്തോടെ ഓടുകയാണ്. റോഡിൽ എത്തിയപ്പോൾ അത് കുട്ടികളെ തിരികെ ഒന്നു നോക്കി. പെട്ടെന്നുതന്നെ അത് റോഡിന് കുറുകെ ഓടിക്കേറുകയും ചെയ്തു. ഞങ്ങളത് പ്രതീക്ഷിച്ചതായിരുന്നില്ല. ഞൊടയിടകൊണ്ട് ബസ് കടന്നുപോയി. ഞങ്ങൾ എല്ലാവരും ഒരു ഞെട്ടലോടെ ഒന്നിച്ച് പിന്നിലേക്ക് നോക്കി. നടുറോട്ടിൽ ചതഞ്ഞരഞ്ഞുപോയ ഒരു ജീവന്റെ ചോരച്ചാലു മാത്രം. അതുകണ്ട് കുട്ടികൾ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നു.
ബസ് കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി നിന്നു.
ഞങ്ങൾ കണ്ടതുപോലെ ഡ്രൈവറും ഇതൊക്കെ ഇതു കണ്ടിട്ടുണ്ടാകുമെന്നും ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ അതിനെ രക്ഷപ്പെടുത്താമായിരുന്നു എന്നും ബസ്സിന് മുകളിൽ നിന്ന് വിലയിരുത്തി. ബസ് യാത്ര തുടർന്നു.
പിറ്റേ ദിവസം വൈകുന്നേരം പ്രകാശ പതിവുപോലെ മുറിയിൽ വന്നപ്പോൾ ഞാൻ ചോദിച്ചു.""പ്രകാശ ഇന്നലെ നായയെ കണ്ടിട്ടും എന്താണ് നിർത്താതിരുന്നത്. ബ്രേക്ക് എന്നൊരു സാധനം അതിനു വേണ്ടിയുള്ളതല്ലേ?''
പ്രകാശ അതിനു പറഞ്ഞ ഉത്തരം ഇന്നും എന്റെ മനസ്സിലുണ്ട്. വണ്ടിയുടെ വളയം പിടിക്കുമ്പോൾ കൺമുന്നിൽ റോഡ് മാത്രമേയുള്ളു. ഇതുപോലെ എത്രയോ എണ്ണത്തിനെ ഞാൻ രക്ഷിച്ചിട്ടുണ്ട്. ഇന്നലെ നായ റോഡിനു കുറുകെ ഓടിവരുന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ അത് പെട്ടെന്നായിരുന്നു. നന്നായി ബ്രേക്ക് ചവിട്ടിയാൽ അതിനെയും എനിക്ക് രക്ഷിക്കാൻ കഴിയുമായിരുന്നു. പക്ഷെ ബസിന്റെ മുകളിൽ ഒരു പിടുത്തവും ഇല്ലാതെ ഇരിക്കുന്ന നിങ്ങൾ നാലുപേരും ഒരു പക്ഷെ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.
സംഭവത്തിന്റെ ഗൗരവം അപ്പോൾ മാത്രമാണ് എനിക്ക് ബോധ്യപ്പെട്ടത്. ജീവിതത്തിൽ ഒരിക്കൽ മാത്രം വീണുകിട്ടിയ അപൂർവ്വമായ ആ രാത്രിയാത്രയെക്കുറിച്ച് ഓർക്കുമ്പൊഴെല്ലാം പ്രകാശയുടെ കരുതലും അതിനൊപ്പം ഒരു ജീവന്റെ ചോരയുടെ നനവും മനസ്സിന് കുറുകെ ഓടിയെത്തുന്നു.

(തുടരും)​​​​​​​

​​​​​​​​​​​​​​എഴുത്ത്​: ഡോ. ദീ​പേഷ്​ കരിമ്പുങ്കര


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

പ്രൊഫ. ടി. ശോഭീന്ദ്രൻ

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, അധ്യാപകൻ. അമ്മ അറിയാൻ (1986) ഷട്ടർ (2013), എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

Comments