തുരുതുരെ ബുള്ളറ്റുകൾ,
കഥ പറയാൻ ജീവിതം ബാക്കിയാക്കിയ
ഒരു ദക്ഷിണാഫ്രിക്കൻ രാത്രി

കാറിന്റെ റൂഫിനെ ഉരുമ്മി വെടിയുണ്ടകൾ പാഞ്ഞുതുടങ്ങിയപ്പോൾ ജോൺ എന്റെ ജാക്കറ്റിന്റെ കോളറിൽ പിടിച്ചുവലിച്ച്, ‘ഡക്ക് ചെയ്തോ ജയാ’ എന്നലറിക്കൊണ്ട് എന്നെ ബലമായി താഴോട്ടുവലിച്ചു. ഏതാനും നിമിഷങ്ങൾക്കകം ആ കാർ വീണ്ടും ഇരുട്ടിൽ പുതഞ്ഞുപോയി. ഞങ്ങൾ ഇരുവരും ആദ്യമായിട്ടാണ് അത്തരമൊരു ആക്രമണം നേരിടുന്നത്- ദക്ഷിണാഫ്രിക്കൻ ജീവിതത്തിലുണ്ടായ അപകടകരമായ ഒരു രാത്രിയെക്കുറിച്ച് എഴുതുന്നു, ‘ആഫ്രിക്കൻ വസന്തങ്ങൾ’ എന്ന പരമ്പരയിൽ, യു. ജയചന്ദ്രൻ.

ആഫ്രിക്കൻ
വസന്തങ്ങൾ- 47

1993, ട്രാൻസ്കൈ ബന്റുസ്റ്റാനിലെ അദ്ധ്യാപക നിയമനങ്ങൾ മരവിപ്പിച്ച സമയം. ആ സമയത്താണ് എന്റെ സുഹൃത്തും എനിക്കു പിന്നാലെ എത്യോപ്യക്ക് വരാനിരുന്ന ആളുമായ വി. കെ. ഉണ്ണികൃഷ്ണന്റെ ബന്ധുവായ പ്രസാദ് എന്നയാൾ ട്രാൻസ്കൈയിലെത്തിയത്. ഉണ്ണിയെ എനിക്ക് രണ്ടു വിധത്തിൽ അറിയാം. ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹവും കെ. എൻ. ഷാജിയും ചേർന്ന് സംക്രമണം എന്നൊരു മാസിക ആരംഭിക്കുന്ന കാലമായിരുന്നു. യഥാർത്ഥത്തിൽ സംക്രമണം മാസികയുടെ വരവ് എന്നെ അറിയിക്കാനായി ഷാജിയും ബാലചന്ദ്രൻ ചുള്ളിക്കാടും ഞാൻ താമസിച്ചിരുന്ന എറണാകുളം ചിറ്റൂർ റോഡിലെ ലാലി ഭവൻ എന്ന ലോഡ്ജിൽ വന്ന് കണ്ടിരുന്നു. കടമ്മനിട്ടയുടെ നിർദ്ദേശമനുസരിച്ചാണ് ഉണ്ണി അതിൽ പങ്കാളിയായത്. 1977- ’78 വർഷങ്ങളിലാണ്.

ഞാൻ ആഫ്രിക്കൻ യാത്ര ആരംഭിക്കുന്ന സമയം, ഉണ്ണി എനിക്കായി ദൽഹിയിൽ ഒരു താവളമൊരുക്കി എന്നെ നാട്ടിൽനിന്ന് ദൽഹിക്ക് ‘കയറ്റിയയക്കാൻ’ ശ്രമിക്കുന്നുണ്ടായിരുന്നു. ആ ശ്രമം പൂർത്തീകരിക്കുന്ന വേളയിൽത്തന്നെയാണ് ആഫ്രിക്കൻ യാത്രയും സഫലീകരിച്ചത്. അപ്പോൾ ഉണ്ണി എന്നോടു പറഞ്ഞത്, അയാൾ പുറകേ ആഫ്രിക്കക്കു വരാം എന്നാണ്.

ബാലചന്ദ്രൻ ചുള്ളിക്കാട്
ബാലചന്ദ്രൻ ചുള്ളിക്കാട്

ആ വേർപിരിയലിനുശേഷം ഞാൻ ഉണ്ണിക്ക് ഗോണ്ടറിൽ നിന്ന് ഒരു കത്തയച്ചു. അക്കാലത്ത് ഗോണ്ടറിൽ നിന്ന് കത്ത് നാട്ടിലെത്താൻ 15 ദിവസമെടുക്കും. ഉണ്ണി അതിന് മറുപടി അയച്ചു. അതിനുശേഷം നേരിട്ട് ഒരു കോണ്ടാക്ടുമുണ്ടായില്ല. പിന്നെ എപ്പോഴോ യു.ആർ. അനന്തമൂർത്തി എം. ജി സർവകലാശാലാ വൈസ് ചാൻസലർ ആയിരുന്നപ്പോൾ ഉണ്ണി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്ന് കേട്ടിട്ടുണ്ട്. അതിനിടയ്ക്ക് എത്യോപ്യയിൽ പോകുകയും ഒരു കോൺട്രാക്റ്റ് (മൂന്നു വർഷം) അവിടെ ചെലവഴിക്കുകയും ചെയ്തു. എനിക്ക് നൽകിയ വാക്കു പാലിക്കാൻ വേണ്ടി മാത്രമായിരുന്നൂ അതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സൗഹൃദങ്ങൾക്ക് അത്രമേൽ വില കൽ‌പ്പിക്കുന്ന വ്യക്തിത്വമായിരുന്നൂ ഉണ്ണിയുടേത്. ആ ഉണ്ണികൃഷ്ണന്റെ അടുത്ത ബന്ധുവാണ് പ്രസാദ്. ഞങ്ങളുടെ പ്രിയ സ്നേഹിതൻ മനോജിന്റെ പെങ്ങൾ രേണുവിനെയാണ് പ്രസാദ് വിവാഹം ചെയ്തത്. പ്രസാദിനെ ട്രാൻസ്കൈയിൽ പല സ്കൂളുകളിലും കൊണ്ടുപോയെങ്കിലും അവിടത്തെ നിയമനമരവിപ്പിക്കൽ കാരണം ഒരിടത്തും സ്വീകരിച്ചില്ല.

ഏതാണ്ട് അതേ സമയത്തുതന്നെ ലെബോവാ എന്ന മറ്റൊരു സ്വയംഭരണപ്രദേശത്തേക്ക് പോകാനിരുന്ന എന്റെയൊപ്പം പ്രസാദിനെ വിട്ടു. ഐഡൂച്വയിൽ നിന്ന് യൊഹാനസ്ബർഗിന് 900 കിലോമീറ്റർ. അവിടെ നിന്ന് ലൂയി ട്രിഹാർഡ് എന്ന പട്ടണത്തിലേക്ക് 436 കിലോമീറ്റർ. ലൂയി ട്രിഹാഡിൽ ഒരാൾ ഞങ്ങളെ സ്വീകരിക്കാനുണ്ടാവും. അവിടെ നിന്ന് ബോഹം എന്നയിടത്തും ബോഹ’മിൽ നിന്ന് ലാങ്ഗലാട്ട് എന്നയിടത്തും എത്തണം.
(ലൂയി ട്രിഹാർഡിലേക്ക് പിൽക്കാലത്ത് -1993ൽ തന്നെ- തനിച്ച്, മറ്റൊരു ജോലിക്കായി യാത്ര ചെയ്യേണ്ടിവന്നപ്പോഴാണ് വംശീയതയുടെ വേരുകൾ ഈ മനോഹരമായ രാജ്യത്തെ കോളനിവൽക്കരിക്കാൻ ശ്രമിച്ചിരുന്ന വെള്ളക്കാരുടെ സമൂഹമനഃസ്സാക്ഷിയെ എത്ര ആഴത്തിൽ ഗ്രസിച്ചിരിക്കുന്നു എന്ന് നേരിട്ടറിഞ്ഞത്.)
ലൂയി ട്രിഹാർഡിലേക്കുള്ള ബസ് മിനി ബസായിരുന്നു. പക്ഷേ റിസർവേഷനു ഉണ്ടായിരുന്നതിനാൽ നേരത്തേ റിസർവ് ചെയ്തു. റോട്ടുണ്ട (ROTUNDA) എന്ന ജോ’ബർഗ്ഗിലെ ബസ് സ്റ്റേഷനിൽ ബസ് വന്നു. തിരക്കൊഴിഞ്ഞപ്പോൾ ബസിൽ കയറി. അതോടെ ബസിലെ സംഭാഷണങ്ങൾ നിലച്ചു. ചുറ്റും നോക്കിയപ്പോൾ ആ ബസിൽ വെള്ള അല്ലാത്ത ഒരേയൊരാൾ ഞാനാണ്. സീറ്റ് കണ്ടുപിടിച്ച് ഇരുന്നു. ആഫ്രിക്കൻസ് ഭാഷയല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഒരു നികൃഷ്ടജീവിയെ നോക്കും പോലെയാണ് ബസിലുണ്ടായിരുന്ന സ്ത്രീകൾ എന്നെ നോക്കിയിരുന്നത്. ഞാൻ ഓർത്തു; അവർ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും, ഞങ്ങളുടെ കാലമായിരുന്നെങ്കിൽ, ‘കൂലീ’, നിന്നെ ഞങ്ങൾ ചവിട്ടിപുറത്താക്കുമായിരുന്നു.

Photo: www.history.com
Photo: www.history.com

നയ്റോബിയിലെ ഞങ്ങളുടെ ചിരകാല സുഹൃത്തുക്കളായ ജയനും രാധയും അതിനടുത്ത് ലാങ്ഗലാട്ട് എന്ന ഗ്രാമത്തിലായിരുന്നു. ഈ ലോകത്തെ പൊടിയുടെ തലസ്ഥാനമാണ് ലെബോവ എന്നു തോന്നി. ചൂടും (കലഹാരി അടുത്താണ്) പൊടിയും കൂടി ജീവിതത്തോട് വെറുപ്പു തോന്നിപ്പിക്കുന്ന ഒരിടം. ജയനും രാധയും താമസിച്ചിരുന്നത് ആ പ്രദേശത്തെ ധനികനായ പലചരക്കു കടക്കാരന്റെ വീട്ടിലാണ്. അയാളുടെ കടയിലായിരുന്നു അന്നത്തെ ബാന്റു സർക്കാർ നൽകിയിരുന്ന തുച്ഛമായ വാർദ്ധക്യകാല പെൻഷൻ എല്ലാ മാസവും ഒന്നിന് വിതരണം ചെയ്തിരുന്നത്. ഞങ്ങൾ ചെന്നത് അത്തരമൊരു ദിവസമായിരുന്നു. പെൻഷൻ വാങ്ങുന്ന അഭിവന്ദ്യ വയോധികരിൽ പലരും അവിടെനിന്നുതന്നെ ഒരു കുപ്പി ബ്രാൻഡിയും തൊട്ടടുത്തുള്ള അറവുശാലയിൽ നിന്ന് ബാർബെക്യു (ബ്രായ് എന്ന ആഫ്രിക്കൻസ് ഭാഷാപദമാണ് നാട്ടിൽ പരിചിതം) ചെയ്ത ചുടു ചുടെയുള്ള മാട്ടിറച്ചിയും വാങ്ങി പഴയകാല കഥകൾ പറഞ്ഞിരുന്ന് ഉച്ചതിരിയുമ്പോഴേക്ക് പിരിഞ്ഞുപോകും.

ആ വീട്ടുകാരന് 38 പൂച്ചകളുണ്ടായിരുന്നു. പിറ്റേന്ന് അതിരാവിലെ പ്രസാദും ഞാനും എണീറ്റ് സിഗററ്റ് പുകയ്ക്കാൻ വാതിൽ തുറന്ന് പുറത്തു വന്നപ്പോഴാണ് കണ്ടത്. മുറ്റത്ത് അൽ‌പം മാറി ഒരു കോണിൽ പടർന്നു പന്തലിച്ച ഉയരം കുറഞ്ഞ ഒരു വൃക്ഷത്തിലും അതിനു താഴെയുമായി പല ഇനം പൂച്ചകളുടെ വൻ സമ്മേളനം. ഞങ്ങളെ അതിശയിപ്പിച്ച കാര്യം; അവർ ഒരു ശബ്ദവും ഉണ്ടാക്കുന്നില്ല എന്നതാണ്. ഒരു വാൻഗോഗ് ചിത്രം പോലെ നിശ്ശബ്ദം, വർണ്ണശബളം. ജയന്റെ വീടിനെയൊന്നും അവർ ശ്രദ്ധിക്കുന്നതേയില്ല.
മാരക വേഗത്തിൽ തന്റെ ശിരച്ഛേദം നടത്താൻ പാഞ്ഞെത്തുന്ന ഡെന്നിസ് ലില്ലിയെ ഹെൽമറ്റ് ധരിക്കാതെ, ച്യുയിംഗ് ഗം ചവച്ച്, ധാർഷ്ട്യത്തോടെ നോക്കുന്ന വിവ് റിച്ചാർഡ്സിന്റെ ഭാവഹാവാദികൾ പോലും ആ പൂച്ചകൾ ചുറ്റുമുള്ള മനുഷ്യരോട് കാണിച്ചിരുന്നില്ല. അവർ തമ്മിൽത്തന്നെയും നിന്ദാഗർഭമായ അവഗണന നിലനിർത്തി.

ജയന്റെ വീട്ടിലെ ഒരു ഇടനാഴി നീളെ 50 ലിറ്ററിന്റെ കാനുകൾ നിറയെ ശുദ്ധജലം സംഭരിച്ചു വച്ചിരുന്നു. കുളിക്കാനും തുണികൾ നനയ്ക്കാനുമാണ്. കുടിക്കാനും മറ്റും വേറെ വെള്ളം. അത് തിളപ്പിച്ചാറ്റിയതാണ്. ഇത്തരം വിഷമങ്ങൾക്കിടയിലെല്ലാം രണ്ടു പേരും എന്നോട് പറഞ്ഞത്, അടുത്തുള്ള ചില സ്കൂളുകളിൽ അന്വേഷിച്ചതിനുശേഷം തിരികെ പോകുന്ന കാര്യം ആലോചിച്ചാൽ മതി എന്നാണ്.
ലാങ്ഗലാട്ട് എന്ന സ്ഥലത്ത് പെൻഷൻ കൊടുക്കുന്ന ആ കടയല്ലാതെ മറ്റ് മനുഷ്യവാസമുള്ളതായി തോന്നില്ല. വൈകിട്ട് ആറു മണിയോടെ കട പൂട്ടി ഉടമസ്ഥൻ പോയിക്കഴിഞ്ഞാൽ പിന്നെ ലാങ്ഗലാട്ട് നിശ്ശബ്ദം; ചിലപ്പോൾ ഭയാനകം. ഞങ്ങൾ ചെന്ന വിവരമറിഞ്ഞ് കെന്യയിൽ നിന്ന് ദക്ഷിണാഫ്രിക്ക –യിലേക്ക് പോയ നവദമ്പതികൾ, അനിയൻ കുഞ്ഞും ഭാര്യയും, അവിടെ വന്നു കയറി. വൈകുന്നേരം ജയൻ കുറേ ബിയറെല്ലാം സംഘടിപ്പിച്ചു. അങ്ങനെ ഞങ്ങൾ വൈകീട്ട് മുറ്റത്ത് കസേരകളെല്ലാം ഇട്ട് സംസാരിച്ചിരിക്കുമ്പോൾ അനിയൻ കുഞ്ഞ് അവർ താമസിക്കുന്നതിനടുത്തുള്ള സ്കൂളിൽ മാത് സിന് ഒരു വേക്കൻസിയുണ്ടെന്നുപറഞ്ഞു. പിറ്റേന്നു രാവിലെയാക്കണ്ട, ഇപ്പോൾത്തന്നെ പ്രിൻസിപ്പലിനെ വീട്ടിൽ പോയി കണ്ട് കാര്യം ശരിയാക്കാം എന്നു പറഞ്ഞ് അനിയൻ കുഞ്ഞും പ്രസാദും പോയി. ഒരു മണിക്കൂറിനകം അവർ എല്ലാം ഒപ്പിട്ട് സീലും വച്ച് തിരികെവന്നു. പിറ്റേന്ന് രാവിലെ പ്രസാദിന് സ്കൂളിൽ പോകണം.
പിറ്റേന്നു രാവിലെ ജയനും രാധയും സ്കൂളിൽ പോയി. ഞാൻ പോകേണ്ടിടത്തെല്ലാം പോയി. പതിവു പോലെ പ്രിൻസിപ്പൽമാർ ഡിഗ്രിക്കടലാസു കളുടെ കോപ്പികൾ വാങ്ങിവച്ച് എന്നെ യാത്രയാക്കി.

ഈ ലോകത്തെ പൊടിയുടെ തലസ്ഥാനമാണ് ലെബോവ എന്നു തോന്നി. ചൂടും (കലഹാരി അടുത്താണ്) പൊടിയും കൂടി ജീവിതത്തോട് വെറുപ്പു തോന്നിപ്പിക്കുന്ന ഒരിടം. Representative image
ഈ ലോകത്തെ പൊടിയുടെ തലസ്ഥാനമാണ് ലെബോവ എന്നു തോന്നി. ചൂടും (കലഹാരി അടുത്താണ്) പൊടിയും കൂടി ജീവിതത്തോട് വെറുപ്പു തോന്നിപ്പിക്കുന്ന ഒരിടം. Representative image

പിറ്റേന്ന് തിരികെ ജൊഹന്നെസ്ബർഗിലേക്കും അവിടെ നിന്ന് അംടാട്ടയ്ക്കും യാത്രയാവാം എന്നു തീരുമാനിച്ചു. അപ്പോൾ അതാ വരുന്നു, എന്റെയൊപ്പം നയ്റോബിയിൽ ആര്യാ ഗേൾസിലുണ്ടായിരുന്ന ജോണിന്റെ സന്ദേശം, “ഞാൻ അങ്ങോട്ടു വരുന്നുണ്ട്. വന്നിട്ടേ പോകാവൂ’’. ജോൺ പറഞ്ഞത് കേട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ സൗഹൃദം പോലും നഷ്ടപ്പെട്ടേക്കും എന്നറിയാവുന്നതിനാൽ ഞാൻ അനുസരിച്ചു. ഉച്ച തിരിഞ്ഞപ്പോഴേക്ക് ജോൺ ചുവന്ന ടൊയോട്ടാ കൊറോളയിൽ ലാങ്ഗലാട്ടിലെത്തി.
ഞങ്ങൾ പരസ്പരം ‘മ്വലിമു’ (കിസ്വാഹിലിയിൽ ‘ടീച്ചർ’ ) എന്നാണു തമാശയ്ക്ക് വിളിച്ചിരുന്നത്. ജോൺ വന്നു ചേരുക എന്നുവച്ചാൽ അന്തരീക്ഷത്തിന്റെ ആംബിയൻസ് ആകെ മാറുക എന്നാണർത്ഥം. ജോണിന്റെ പ്രിയതമ ഡെയ്സി (എന്റെ സഖിയുടെ ‘anamchara’-soul sister) അപ്പോൾ ലെസൂറ്റുവിലെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ.

വന്നയുടനേ ജോൺ പ്രഖ്യാപിക്കുന്നു, ‘ജയനെ ഞാൻ ട്രാൻസ്കൈയിൽ കൊണ്ടുവിടാം. ഇവിടുന്ന് ബസ് കയറി ജോ-ബർഗ്ഗിലൊക്കെ ചെന്ന് ബുദ്ധിമുട്ടാൻ പാടില്ല’.

ജോൺ ഒരു കാര്യം പറഞ്ഞാൽ അതിന് ‘അപ്പീൽ’ ഇല്ല. ജോ-ബർഗ്ഗിൽ എത്തുമ്പോൾ രാത്രിയാവും. അതൊന്നും പക്ഷേ ഡ്രൈവിംഗ് ‘പാഷനും’ സൗഹൃദം ദൗർബ്ബല്യവുമായിരുന്ന ജോണിന് ഒരു പ്രശ്നമേയല്ല. ഉച്ചതിരിഞ്ഞപ്പോൾ യാത്ര ആരംഭിച്ചു. നാല് മണിക്കൂർ കൊണ്ട് അവിടെയെത്തി. ബോക്സ്ബർഗ് എന്ന റസിഡൻഷ്യൽ ഏരിയയിൽ ജോണിന്റെ സുഹൃത്ത് ജോർജ്ജുകുട്ടി താമസിച്ചിരുന്നു. ജോർജ്ജുകുട്ടിയുടെ ആതിഥ്യത്തിൽ ഒരു ‘ലൈറ്റ് ഡിന്നർ’ കഴിച്ച് അദ്ദേഹം ഉന്നയിച്ച തടസ്സവാദങ്ങളെല്ലാം സ്നേഹപൂർവം നിരസിച്ച് യാത്ര തുടർന്നു. ജൊഹാനസ്ബർഗ് നഗരാതിർത്തി വിട്ടതോടെ റോഡിൽ വാഹനങ്ങൾ വിരളമായി. ഉണ്ടായിരുന്നവ കൂടുതലും ചരക്കുലോറികളായിരുന്നു. നിരത്തിനിരുപുറവും വഴിവിളക്കുകളും ഇല്ലാതായി. ഞങ്ങളുടെ കാറിന്റെ ഹെഡ്ലൈറ്റ് മാത്രം, വഴി തെളിച്ചുകൊണ്ടിരുന്നു. പോകുന്ന വഴിയിലെങ്ങും ദാഹജലം പോലും കിട്ടാൻ മാർഗ്ഗമില്ല. കുറ്റാക്കുറ്റിരുട്ട് കൊച്ചു ഗ്രാമങ്ങളെ പൂർണ്ണമായും ആവരണം ചെയ്തിരുന്നു. ജോ’ബർഗ്ഗിൽ നിന്ന് ബ്ലൂം ഫോണ്ടെയ്ൻ, ബെത്‍ലഹേം വഴിയാണ് ജോൺ തെരഞ്ഞെടുത്തത്. കൊടും തണുപ്പുള്ള 1993-ലെ ഹേമന്തകാലം. ട്രാൻസ്കൈ- ജൊഹനസ്ബർഗ് അതിർത്തികളിൽ ആ കാലം ഒരു ‘ടാക്സി യുദ്ധം’ കൊടുമ്പിരിക്കൊണ്ടുനടക്കുന്നുണ്ടായിരുന്നു. ലൈസൻസില്ലാത്ത ടാക്സികളും ബാന്റുസ്റ്റാനിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പട്ടണങ്ങളിലേക്ക് ലൈസൻസോടു കൂടി ടാക്സി ഓടിക്കാൻ അനുവാദമുള്ള ടാക്സികളും അവയുടെ ഉടമസ്ഥരും തമ്മിൽ നടന്ന ക്രൂരമായ രക്തച്ചൊരിച്ചിലായിരുന്നു ആ ടാക്സി യുദ്ധം. എപ്പാർത്തൈഡ് നിലവിലുണ്ടായിരുന്ന കാലത്ത് അത്തരം ടാക്സി സർവീസുകൾ ഇല്ലായിരുന്നു.

1993-ലെ ഹേമന്തകാലം. ട്രാൻസ്കൈ- ജൊഹനസ്ബർഗ് അതിർത്തികളിൽ ആ കാലം ഒരു ‘ടാക്സി യുദ്ധം’ കൊടുമ്പിരിക്കൊണ്ടുനടക്കുന്നുണ്ടായിരുന്നു. ലൈസൻസില്ലാത്ത ടാക്സികളും ബാന്റുസ്റ്റാനിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പട്ടണങ്ങളിലേക്ക് ലൈസൻസോടു കൂടി ടാക്സി ഓടിക്കാൻ അനുവാദമുള്ള ടാക്സികളും അവയുടെ ഉടമസ്ഥരും തമ്മിൽ നടന്ന ക്രൂരമായ രക്തച്ചൊരിച്ചിലായിരുന്നു ആ ടാക്സി യുദ്ധം.  Photo: mg.co.za/article
1993-ലെ ഹേമന്തകാലം. ട്രാൻസ്കൈ- ജൊഹനസ്ബർഗ് അതിർത്തികളിൽ ആ കാലം ഒരു ‘ടാക്സി യുദ്ധം’ കൊടുമ്പിരിക്കൊണ്ടുനടക്കുന്നുണ്ടായിരുന്നു. ലൈസൻസില്ലാത്ത ടാക്സികളും ബാന്റുസ്റ്റാനിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പട്ടണങ്ങളിലേക്ക് ലൈസൻസോടു കൂടി ടാക്സി ഓടിക്കാൻ അനുവാദമുള്ള ടാക്സികളും അവയുടെ ഉടമസ്ഥരും തമ്മിൽ നടന്ന ക്രൂരമായ രക്തച്ചൊരിച്ചിലായിരുന്നു ആ ടാക്സി യുദ്ധം. Photo: mg.co.za/article

ഞങ്ങൾ ബത്‍ലഹേം കഴിയുമ്പോൾ വെളുപ്പിന് രണ്ടു മണിയായിക്കാണും. അതിർത്തികളിലെ ദക്ഷിണാഫ്രിക്കൻ പൊലീസ് ചെക്ക്പോസ്റ്റുകളും ട്രാൻസ്കൈ പൊലീസ് ചെക്ക്പോസ്റ്റുകളും തരണം ചെയ്ത് മുന്നോട്ടു പോകെ നമ്പർ പ്ലേറ്റില്ലാത്ത, മെറൂൺ നിറത്തിലുള്ള ബി.എം.ഡബ്ലിയു കാർ ഞങ്ങളെ ഓവർടേക്ക് ചെയ്തു. ആ കാറിന്റെ ബൂട്ടിൽ (‘ഡിക്കി’) നിന്ന് ഒരു കോട്ടിന്റെ അറ്റം പുറത്തേക്ക് തൂങ്ങിക്കിടക്കുന്നതായി എനിക്കു തോന്നി. ഞാൻ ജോണിനോട് അത് പറയുകയും ചെയ്തു. അവർ അമിതവേഗത്തിലാണ് പോയിരുന്നത്. അതുകൊണ്ടാവണം, അവരെ ഞങ്ങൾക്ക് ഇരുട്ടിൽ നഷ്ടപ്പെടുകയും ചെയ്തു. അത് ആശ്വാസമായി തോന്നി. എന്നാൽ, ആ ആശ്വാസം ക്ഷണികമായിരുന്നു. എങ്ങുനിന്നെന്നറിയാതെ അതേ കാറിന്റെ ശക്തമായ ഹെഡ്ലൈറ്റ്, ഞങ്ങളെ കണ്ടെത്തിയ ആഹ്ലാദത്തിലെന്നോണം വെളിച്ചത്തിന്റെ പ്രവാഹം അണതുറന്നുവിട്ടു. ഞങ്ങൾ വേഗം കൂട്ടി. പൊടുന്നനവേ, കാറിനെ ഉരുമ്മിക്കൊണ്ട് തുരുതുരെ ബുള്ളറ്റുകൾ പായുന്നതായി തോന്നി. ജോൺ ഡ്രൈവിംഗ് സീറ്റിൽ നിന്ന് താഴോട്ട് ഊർന്ന്, ഒരു പരിചയവുമില്ലാത്ത ആ ഹൈവേയിൽ കാർ പറപ്പിച്ചു. കാറിന്റെ റൂഫിനെ ഉരുമ്മി വെടിയുണ്ടകൾ പാഞ്ഞുതുടങ്ങിയപ്പോൾ ജോൺ എന്റെ ജാക്കറ്റിന്റെ കോളറിൽ പിടിച്ചുവലിച്ച്, ‘ഡക്ക് ചെയ്തോ ജയാ’ എന്നലറിക്കൊണ്ട് എന്നെ ബലമായി താഴോട്ട് വലിച്ചു. ഏതാനും നിമിഷങ്ങൾക്കകം ആ കാർ വീണ്ടും ഇരുട്ടിൽ പുതഞ്ഞുപോയി. ഞങ്ങൾ ഇരുവരും ആദ്യമായിട്ടാണ് അത്തരമൊരു ആക്രമണം നേരിടുന്നത്. അൽ‌പദൂരം കഴിഞ്ഞ് ഒരു ചൂണ്ടുപലക കണ്ടു: ലേഡി ഗ്രേ, 15 കിലോമീറ്റർ.

ലേഡി ഗ്രേ എന്നത് ദക്ഷിണാഫ്രിക്കൻ അതിർത്തിക്കുള്ളിലാണ്. ഞങ്ങൾ അവിടത്തെ പൊലീസ് ചെക്ക് പോസ്റ്റിലേക്ക് വണ്ടി ഓടിച്ചു കയറ്റി. ഞങ്ങളുടെ പതർച്ച കണ്ടിട്ടാവണം, സീനിയർ എന്ന് തോന്നിക്കുന്ന പൊലീസുകാരൻ ഞങ്ങളെ ഓഫീസായി ഉപയോഗിക്കുന്ന കാരവനിൽ കയറ്റിയിരുത്തി. എന്നിട്ട് സാവകാശം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു, ‘ഡോണ്ട് വറി. യു ആർ സെയ്ഫ് ഹിയർ’. അവർ ഞങ്ങൾക്ക് കട്ടൻകാപ്പി ഇട്ടു തന്നു. അതിനിടെ പുറത്തുപോയി കാർ പരിശോധിച്ച ശേഷം ഞങ്ങളെ വിളിച്ച് കാറിന്റെ അവസ്ഥ കാണിച്ചു തന്നു. ആ പൊലീസ് മേധാവി എന്നെ വിളിച്ച് ഞാനിരുന്ന സീറ്റും വിൻഡ് സ്ക്രീനും കാണിച്ചു. എന്റെ സീറ്റിന്റെ ഹെഡ് റെസ്റ്റിനു തൊട്ടു താഴെ കഴുത്തിന്റെ സ്ഥാനത്ത് സീറ്റിന്റെ കവർ കരിച്ചുകൊണ്ട് മുന്നിലെ വിൻഡ് സ്ക്രീനിലൂടെ ഒരു ബുള്ളറ്റ് പാഞ്ഞുപോയിരിക്കുന്നു.
അയാൾ എന്നോടു പറഞ്ഞു, ‘യു ആർ സ്റ്റിൽ അലൈവ് റ്റു ടെൽ ദ സ്റ്റോറി’.
ഇന്നും ഞാൻ അതു തന്നെ വിചാരിക്കുന്നു: ആ സംഭവം ഇവിടെ കുറിക്കാൻ ഞാൻ ജീവനോടെ ഉണ്ടല്ലോ.

ലേഡി ഗ്രേ എന്നത് ദക്ഷിണാഫ്രിക്കൻ അതിർത്തിക്കുള്ളിലാണ്. ഞങ്ങൾ അവിടത്തെ പൊലീസ് ചെക്ക് പോസ്റ്റിലേക്ക് വണ്ടി ഓടിച്ചു കയറ്റി. ഞങ്ങളുടെ പതർച്ച കണ്ടിട്ടാവണം, സീനിയർ എന്ന് തോന്നിക്കുന്ന പൊലീസുകാരൻ ഞങ്ങളെ ഓഫീസായി ഉപയോഗിക്കുന്ന കാരവനിൽ കയറ്റിയിരുത്തി.
ലേഡി ഗ്രേ എന്നത് ദക്ഷിണാഫ്രിക്കൻ അതിർത്തിക്കുള്ളിലാണ്. ഞങ്ങൾ അവിടത്തെ പൊലീസ് ചെക്ക് പോസ്റ്റിലേക്ക് വണ്ടി ഓടിച്ചു കയറ്റി. ഞങ്ങളുടെ പതർച്ച കണ്ടിട്ടാവണം, സീനിയർ എന്ന് തോന്നിക്കുന്ന പൊലീസുകാരൻ ഞങ്ങളെ ഓഫീസായി ഉപയോഗിക്കുന്ന കാരവനിൽ കയറ്റിയിരുത്തി.

നേരം നന്നായി പുലർന്നിട്ടേ ആ നല്ല നിയമപാലകർ ഞങ്ങളെ പോകാൻ അനുവദിച്ചുള്ളൂ. എലിയട്ട് എന്ന സ്ഥലത്തെത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി വണ്ടി ഒന്നു കൂടി പരിശോധിച്ചു. പിന്നിലെ വിൻഡ് സ്ക്രീൻ മൊത്തം ‘ചിപ്’ ചെയ്തിരിക്കുന്നു. മുന്നിലെ വിൻഡ് സ്ക്രീനിൽ ഒരു ബുള്ളറ്റ് കടന്നുപോയ ദ്വാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരത്തോടെ ഞങ്ങൾ ഐഡൂച്വയിലെ വീട്ടിലെത്തി. എന്റെ വീടിനടുത്തുള്ള ഒരു ചെറിയ ഗ്യാരേജിൽനിന്ന് പുതിയ വിൻഡ് സ്ക്രീൻ വയ്പ്പിച്ച്, രണ്ടു ദിവസങ്ങൾക്കുശേഷം ജോൺ മടങ്ങിപ്പോയി.

ദക്ഷിണാഫ്രിക്ക ഓർമയായി ഈ താളുകളിൽ വിടരുമ്പോഴും, വർഷങ്ങൾ കഴിയുമ്പോഴും ജോണും ഡെയ്സിയും രാധയും തിരക്കുള്ള അവധിക്കാലങ്ങളിലും സ്നേഹസന്ദർശനങ്ങൾക്ക് സമയം കണ്ടെത്തുന്നു. ആ സൗഹൃദങ്ങൾ പൂക്കാലങ്ങളായി എന്നും സൗരഭ്യം പരത്തുന്നു.

(തുടരും)


Summary: taxi fight in south africa u jayachandran african vasanthangal


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments