ചങ്ങനാശ്ശേരി എൻ.എസ്​.എസ്​ ഹിന്ദു കോളേജ്​ / Photo: nsshinducollege.org

നൂറുകിലോ ഭാരമുള്ള ഗുണ്ട

‘മലയാളം ഡിപ്പാർട്ടുമെന്റിൽ വെച്ച് എന്നെ ആനന്ദവല്ലിയുടെ രണ്ടു തടിമാടൻ ഗുണ്ടകൾ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. അതിലെ നൂറു കിലോ ഭാരമുള്ള വലിയ ഗുണ്ടയുടെ പേര് ബി.രവികുമാർ എന്നാണെന്ന് കുട്ടികളിൽ നിന്ന് മനസ്സിലാക്കി. അയാൾക്കെതിരെ നടപടിയെടുത്തു പിരിച്ചുവിടണം.’

ചെയർമാനെക്കാത്ത് വൈവ ബോർഡിലെ മറ്റ് രണ്ടംഗങ്ങൾക്ക് ക്ഷമകെട്ടു.
എന്റെ തലൈവിയായ ആനന്ദവല്ലി ടീച്ചറും എക്സ്‌റ്റേണൽ എക്‌സാമിനറായി കാര്യവട്ടം കാമ്പസിൽ നിന്നെത്തിയ വി.ബി. ശശികുമാർ സാറും മുഖാമുഖം നോക്കിയിരുന്ന് തണുത്തുപോയ ചായ കുടിച്ചുതീർത്തു.
ഒരു വെള്ളപ്പിഞ്ഞാണം നിറയെ കാന്റീനിൽനിന്ന് കൊണ്ടുവെച്ചിരുന്ന ഏത്തയ്ക്കാൽപത്തിൽ മൂന്നാലെണ്ണം അകത്താക്കി ഞാനും ഗോദോയെക്കാത്ത് നാടകത്തിന്റെ അരങ്ങിലുണ്ട്. ഏത്തപ്പഴം പേപ്പറുകനത്തിൽ കീറി മാവിൽ മുക്കി വെളിച്ചെണ്ണയിൽ വറുത്തുകോരിയെടുക്കുന്ന അത്യപൂർവ്വമായ ഉണ്ടമ്പൊരിയാണ് ഏത്തയ്ക്കാ അല്പം. മണം മെച്ചം ഗുണം തുച്ഛം.
​ഒമ്പതരയ്ക്ക് ആരംഭിക്കേണ്ട വൈവ പത്തരയായിട്ടും ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിലും ഏത്തയ്ക്കാ പലഹാരത്തിന്റെ കാര്യത്തിലൊരു തീരുമാനമായി. പലഹാരം തീർന്നത് ഉപകാരമായി. നന്നായി കവിത ചൊല്ലുന്ന ശശികുമാർ സാർ വിനയചന്ദ്രൻ മാഷിന്റെ കുഞ്ഞനുണ്ണി എന്ന കവിത നാലുശീലു കീറി.

കുഞ്ഞനുണ്ണി നാട്ടിലില്ല കുഞ്ഞടുപ്പിൻ മൂട്ടിലില്ല അമ്മ കോരും കിണറിലില്ല അച്ഛനെണ്ണും പതിരിലില്ല പെങ്ങൾ പാവും തറിയിലില്ല പല്ലിമുട്ടപ്പഴുതിലില്ല ചിക്കുപായുടെ ചുരുളിലില്ല തെക്കിനിയുടെ തൂണിലില്ല തേവരുണ്ണും മുറിയിലില്ല തേതിപ്പശുവിന്റെയകിടിലില്ല കൂട്ടുകാരിപ്പെണ്ണു പാടിയ പാട്ടുറങ്ങിയ വഴിയിലില്ല

വി.ബി. ശശികുമാർ
വി.ബി. ശശികുമാർ

വൈവായ്ക്ക് പേരുവിളിക്കുന്നതും കാത്ത് അറവുമൃഗങ്ങളുടെ നെഞ്ചിടിപ്പുമായി തൊട്ടടുത്ത മുറിയിൽ ഞെളിപിരി കൊണ്ടിരുന്ന കുട്ടികൾ പാട്ടു കേട്ടു വന്നെത്തി നോക്കി.
വൈവാ നടക്കുമോ..? ചിരിച്ചുകൊണ്ട് ആലാപനം തുടരുന്ന ശശികുമാർ സാറിനെ നോക്കി ടീച്ചർ ചോദിച്ചു. മറുപടിയില്ലാതെ സാറു കവിത നിർത്തി. അപ്പോൾ ഒരു ഓട്ടോറിക്ഷയിൽ ചെയർമാൻ കാമ്പസിലേക്കു കടന്നു കയറിയത് രണ്ടാംനിലയിലെ വരാന്തയിൽ നിന്ന എനിക്കു കാണാനായി. "ചെയർമാനെത്തിയേ...!' ഞാൻ വിളിച്ചുപറഞ്ഞു. അതുകേട്ട് വൈവാ ബോർഡിലെ രണ്ടംഗങ്ങളും ഇരുപതോളം കുട്ടികളും സഗൗരവം പ്രതിജ്ഞയെടുത്ത് നടക്കാൻ പോകുന്ന അങ്കത്തിനായി ശ്വാസം പിടിച്ചിരുന്നു.
കടലും കായലും എണ്ണമില്ലാത്ത പാടശേഖരങ്ങളം കടന്നുവരുന്ന പടിഞ്ഞാറൻ കാറ്റിനെ തടഞ്ഞുനിർത്തും വണ്ണം ഇരുവശങ്ങളിലേക്കും കൈകൾ വിടർത്തി കോട്ടപോലെ ഇരുനൂറുമീറ്റർ നീളത്തിൽ തെക്കുവടക്കായി നീണ്ടു നിവർന്നങ്ങനെ കിടക്കുകയാണ് ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജ്. കാറ്റടിച്ചു പെടരാതെ കരിങ്ക ല്ലിലാണ് സമുദായാചാര്യൻ മന്നത്തു പത്മനാഭൻ സ്ഥാപനം പടുത്തിയർത്തിയിട്ടുള്ളത്. അതുകണ്ട് ജി. ശങ്കരക്കുറുപ്പ് പ്രസംഗിച്ച ഒരു വരി മലയാളം ഡിപ്പാർട്ട്‌മെന്റിൽ ചില്ലിട്ട് തൂക്കിയിട്ടുണ്ട്: "ഞാനല്ല, കരിങ്കല്ലിൽ മനോഹരമായ ഈ കവിത എഴുതിയ മന്നത്തു പത്മനാഭനാണ് മഹാകവി'.

മഴമേഘം കണ്ട് ഓവറുകൾ വെട്ടിച്ചുരുക്കിയ ഏകദിനം പോലെ ഒരു മണിക്കൂറിന് പത്തു മിനിറ്റ് ബാക്കി നിൽക്കെ ഇരുപതു കുട്ടികളുടെയും സ്റ്റമ്പ് തെറിപ്പിച്ച് ചെയർമാൻ വൈവാ ചുരുട്ടിക്കെട്ടി ക്രീസു വിട്ടു.

അവിടെ ഒരു കാറ്റാടിയന്ത്രം വെച്ചാൽ ചങ്ങനാശേരി മുൻസിപ്പാലിറ്റിക്കുവേണ്ട വൈദ്യുതി മുഴുവൻ വീശിപ്പിടിക്കാവുന്ന കാറ്റാണ് സദാ. തല തെറിച്ചു പോകാനും തുണി പറന്നുപോകാനും കരുത്തുള്ള മൈലുകണക്ക് വേഗതയുള്ള കാറ്റ്.
ചെയർമാൻ ഓട്ടോയിൽ നിന്നിറങ്ങി വൈവാഹാളിലെത്തുന്നതിനു മുമ്പേ കാറ്റു വന്ന് കാര്യം പറഞ്ഞു. വിന്നാഗിരിയിൽ മുങ്ങിക്കുളിച്ച സവാളയുടെ പുളിച്ച ഗന്ധം. രാവിലെ വീശിയതു കാറ്റാണോ ചെയർമാനാണോ എന്ന ആദ്യത്തെ ചോദ്യത്തിന് വൈകാതെ തന്നെ ഉത്തരവും കിട്ടി.

പ്രൊഫ. സി.എസ്. ആനന്ദവല്ലി
പ്രൊഫ. സി.എസ്. ആനന്ദവല്ലി

പിന്നെല്ലാം വളരെ വേഗത്തിലായിരുന്നു. മുല്ലപ്പൂവിന്റെ നിറവും സുഗന്ധവുമുള്ള ആനന്ദവല്ലി ടീച്ചറിന്റെ വിശുദ്ധി വിന്നാഗിരിയുടെ വീര്യത്തിൽ വാടിക്കരിഞ്ഞു. കിളി പോയ് വെളുത്ത ഭുവനത്തിൽ ശശികുമാർസാറിന്റെ മുഖം മന്നവനായ ചെയർമാന്റെ സവിധേ ചന്ദ്രനെപ്പോലെ വിളങ്ങി. ചെയർമാന്റെ അന്തരാളത്തിലുരുണ്ടുകൂടിയ ന്യൂനമർദ്ദം വദനഗഹ്വരത്തിലൂടെ പുറത്തേക്കു ചാടി അന്തരീക്ഷത്തിൽ ഏമ്പക്കമായി മുഴങ്ങുകയും പടരുകയും ചെയ്തു. അതടിച്ച ബാറും ബ്രാന്റും വെളിപ്പെടുത്തുന്ന ഒരു സൗഗന്ധികപുഷ്പമായി വിടർന്നു. ""മുമ്പിതുപോൽ ഇമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല, ഏതു കൃതി?''; ആനന്ദവല്ലി ടീച്ചർ അപ്പോൾ മുമ്പിലെത്തിയ ജി. മഹേഷ് എന്ന വിദ്യാർഥിയോടായി ചോദിച്ചു. ""പാരിജാത പുഷ്പാഹരണം സംഗീത നാടകം...'' അവൻ പറഞ്ഞു. ""കിം കിം കിം കിം കിം കിം.. ഏവം സുഗന്ധം?'' ശശികുമാർസാർ തുടർചോദ്യമിട്ടു. അവൻ ശശിസാറിനു മാത്രം കേൾക്കാവുന്ന ഒച്ചയിൽ പൊറുപൊറുത്തു; ""മറീനാ ബാറിലെ കൂതറ റമ്മിന്റെയാണു മാഷേ.'' കവിയായിരുന്ന മഹേഷ് മിടുക്കനായിരുന്നു. അവൻ ഇന്ന് മലയാളത്തിലെ ഒരു വലിയ മാധ്യമപ്രവർത്തകനാണ്.

ജി. മഹേഷ്
ജി. മഹേഷ്

മഴമേഘം കണ്ട് ഓവറുകൾ വെട്ടിച്ചുരുക്കിയ ഏകദിനം പോലെ ഒരു മണിക്കൂറിന് പത്തു മിനിറ്റ് ബാക്കി നിൽക്കെ ഇരുപതു കുട്ടികളുടെയും സ്റ്റമ്പ് തെറിപ്പിച്ച് ചെയർമാൻ വൈവാ ചുരുട്ടിക്കെട്ടി ക്രീസു വിട്ടു. വാചാപരീക്ഷയിൽ ആർക്കും അധികം വാചാലരാകേണ്ടി വന്നില്ല. ഒന്നും ഒരു മുറിയും ചോദ്യങ്ങൾകൊണ്ട് അദ്ദേഹം കുട്ടികളെ സ്‌കാൻ ചെയ്ത് അവരുടെ ഭാഷാപരവും സാഹിത്യപരവുമായ നൈപുണ്യങ്ങളുടെ പ്രിന്റൗട്ട് എടുത്ത് ഫയലാക്കി. വരാൻ ഒരു മണിക്കൂർ വൈകിയെങ്കിലും ഒട്ടും വൈകാതെ തന്നെ അദ്ദേഹം മടങ്ങി. വന്നതിലും വേഗത്തിൽ കാമ്പസിൽ നിന്ന് അപ്രത്യക്ഷനായി. അന്നോളം കണ്ടിട്ടില്ലാത്ത വാചാപ്പരീക്ഷ കണ്ട് കുട്ടികൾ മാത്രമല്ല ഞങ്ങളും ഞെട്ടി.

കുട്ടികൾക്കു നൽകിയ മാർക്ക് എത്രയെന്ന് മാർക്കണ്ഡേയ മഹർഷിക്കു പോലും കണ്ടെത്താനായില്ല. കുട്ടികൾ കൂട്ടത്തോടെ മടങ്ങി. വൈവയൊഴിഞ്ഞ ആശ്വാസത്തിൽ അവർ വിജയാനന്ദഭവൻ ഹോട്ടലിലെ ചരിത്രപ്രസിദ്ധമായ മസാലദോശയ്ക്കു മുമ്പിലിരുന്ന് ഉത്തമ മണിപ്രവാളത്തിലെ ഭാഷാപദങ്ങളെയെന്ന പോൽ മസാലയിലെ കിഴങ്ങുകഷണങ്ങളെ പെറുക്കി മാറ്റി. വൈവാ ബോർഡ് അംഗങ്ങൾക്കായി കാന്റീനിൽനിന്നും സ്‌പെഷലായി പൊള്ളിച്ച കരിമീൻ എത്തി. വട്ടത്തിൽ അരിഞ്ഞ സവാളയും കുക്കുംബറും കാരറ്റും പള്ളയ്ക്ക് റീത്തു വെച്ചലങ്കരിച്ച കരിമീൻ കഴിക്കാൻ ചെയർമാന് യോഗമുണ്ടായില്ല. അതകത്താക്കാനുള്ള യോഗം മറ്റാർക്കും ഞാൻ വിട്ടുകൊടുത്തുമില്ല. അതിനുയോഗ്യൻ ഞാൻ തന്നെയായിരുന്നു.
മഴക്കാലം തോർന്നു വന്ന മഞ്ഞുകാലത്തോടൊപ്പം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ മലയാളം എം.എ. പരീക്ഷയുടെ ഫലവും പുറത്തുവന്നു.

ഡോ. ജാൻസി ജെയിംസ്
ഡോ. ജാൻസി ജെയിംസ്

എന്റെ കോളജിലെ കുട്ടികളുടെ വിവരം മാത്രം അതിലുണ്ടായിരുന്നില്ല. ആരുടെയും നമ്പർ അടിച്ചു വന്നിട്ടില്ല. മുഴുവൻ പേരും തോറ്റു പോയോ..? കുട്ടികൾ യൂണിവേഴ്സിറ്റിയിലേക്ക് പാഞ്ഞു. സെക്ഷനിലുള്ളവർ കൈമലർത്തി. നിങ്ങളുടെ വൈവായുടെ മാർക്ക് ലഭിച്ചിട്ടില്ല. ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. പരീക്ഷാഭവനിൽനിന്നും ചെയർമാനുള്ള ഹോട്ട്‌ലൈൻ വിളികൾ പാഞ്ഞു. ചെയർമാനു മിണ്ടാട്ടമില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അങ്ങേരു മിണ്ടി: ""എന്റെ ഒദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കിയതിനാൽ അന്നത്തെ വൈവ ക്യാൻസൽ ചെയ്തിരിക്കുന്നു.'' കുട്ടികളും ഞങ്ങളും പിന്നെയും ഞെട്ടി.
യൂണിവേഴ്‌സിറ്റിയിൽനിന്ന് ചെയർമാനുള്ള ഹോട്ട്‌ലൈൻ ചൂടു കൂടി പൊട്ടി. ഏതോ അജ്ഞാതശക്തിയുടെ ആക്രമണമുണ്ടായിക്കാണണം, അടുത്ത ദിവസം വൈവായുടെ മാർക്കുലിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെത്തി. അന്നു തന്നെ എന്റെ കുട്ടികളുടെ റിസൽട്ട് പ്രഖ്യാപിച്ചു... നൂറു ശതമാനം വിജയവും റാങ്കും പ്രതീക്ഷിച്ചിരുന്നിടത്തുനിന്ന് ഫലം ഞരങ്ങി നീങ്ങി അറുപതു ശതമാനത്തിൽ വന്നുനിന്നു. നൂറിൽ നാല്പത്തിയഞ്ചാണ് കിട്ടിയ മാർക്കുകളിൽ മുട്ടൻ. റാങ്കു പ്രതീക്ഷകൾ വൈവയ്ക്കു കിട്ടിയ പാസ് മിനിമത്തോടെ ഫസ്റ്റ് ക്ലാസിലെത്തി നിന്നു.

ടീച്ചറും കുട്ടികളും വി.സിയുടെ മുറിയിലേക്കു കയറി. കടമ്മനിട്ടയുടെ കുറത്തി വി.സി കേട്ടിട്ടുണ്ടെങ്കിലും കുറത്തിയാട്ടം അന്നാണുകണ്ടത്. ഈറ ചീന്തിയെറിഞ്ഞ കരിപോൽ ടീച്ചർ അറഞ്ഞാടി. യൂണിവേഴ്‌സിറ്റിയിൽ കുട്ടികൾ നിരാഹാരസമരം പ്രഖ്യാപിച്ചു.

ആനന്ദവല്ലി ടീച്ചർ കുട്ടികളുമൊത്ത് യൂണിവേഴ്‌സിറ്റിയിലെത്തി. ഡോ. ജാൻസി ജെയിംസാണ് അന്ന് വൈസ് ചാൻസലർ. ടീച്ചറും കുട്ടികളും വി.സിയുടെ മുറിയിലേക്കു കയറി. കടമ്മനിട്ടയുടെ കുറത്തി വി.സി കേട്ടിട്ടുണ്ടെങ്കിലും കുറത്തിയാട്ടം അന്നാണുകണ്ടത്. ഈറ ചീന്തിയെറിഞ്ഞ കരിപോൽ ടീച്ചർ അറഞ്ഞാടി. യൂണിവേഴ്‌സിറ്റിയിൽ കുട്ടികൾ നിരാഹാരസമരം പ്രഖ്യാപിച്ചു. അപ്പോഴേക്കും എന്റെ ഗുരുനാഥനും സഹപ്രവർത്തകനുമായ വിശ്വനാഥൻ സാറുമൊത്ത് ഞാനും യൂണിവേഴ്‌സിറ്റിയിലെത്തി. അന്നത്തെ സിന്റിക്കേറ്റ് അംഗമായ ശശിധരൻമാഷ് എന്റെ അടുത്ത സുഹൃത്തായിരുന്നു. 1988ൽ മഞ്ചേരി എൻ.എസ്.എസ്.കോളജിൽ തുടങ്ങിയ ആത്മബന്ധം. ഞങ്ങൾ വ്യത്യസ്ത അധ്യാപക സംഘടനകളിലായിരുന്നെങ്കിലും എന്നോടൊപ്പം അദ്ദേഹവും ചാടിച്ചാടി നിന്നു. പ്രശ്‌നത്തിന്റെ ഗൗരവം വി. സിക്കു ബോധ്യപ്പെട്ടു. ശശിധരൻ മാഷിനെ കമീഷനായി വെച്ച് അന്വേണത്തിന് വി.സി. ഉത്തരവിട്ടു. ഞങ്ങൾ അന്നു നടത്താനിരുന്ന പത്രസമ്മേളനം വേണ്ടെന്നു വെച്ചു. മാധ്യമ പ്രവർത്തകരിലധികവും ശിഷ്യഗണങ്ങളായിരുന്നതിനാൽ ചായ കുടിച്ചു പിരിഞ്ഞു.

ഡോ. സി.ആർ. രാജഗോപാൽ, പ്രൊഫ കെ.ജെ. തോമസ്
ഡോ. സി.ആർ. രാജഗോപാൽ, പ്രൊഫ കെ.ജെ. തോമസ്

പ്രിൻസിപ്പലിന്റ റൂമിൽ വെച്ചാണ് കമീഷൻ തെളിവെടുത്തത്. മുഴുവൻ കുട്ടികളും അവർക്കു നേരിട്ട അവഹേളനങ്ങൾ നിരത്തി. തിരുവനന്തപുരത്തുനിന്ന് വി.ബി. ശശികുമാർ വന്ന് കുട്ടികൾ പറഞ്ഞതു മുഴുവൻ ശരിയെന്ന് സാക്ഷ്യപ്പെടുത്തി. ഉടുതുണിയില്ലാതെ ഉന്നത വിദ്യാഭ്യാസം മിഴുങ്ങസ്യാന്നു നിന്ന ദിവസമായിരുന്നു അത്.

സംഭവത്തിന്റെ ടെമ്പോ തരിമ്പും ചോരാതെ കമീഷൻ വി.സിക്ക് റിപ്പോർട്ടു നൽകി. ആഴ്ചയൊന്നു കഴിയുന്നതിനു മുമ്പ് യൂണിവേഴ്‌സിറ്റിയുടെ നടപടിയുണ്ടായി. വൈവാ വീണ്ടും നടത്തുവാൻ പുതിയ ബോർഡും രൂപീകരിക്കപ്പെട്ടു. ചങ്ങനാശേരി എസ്.ബി.കോളജിലെ മലയാളവിഭാഗം തലവൻ പ്രൊഫ.കെ.ജെ. തോമസ് ചെയർമാനായി വന്നു. തൃശൂർ കേരളവർമ കോളജിലെ ഡോ.സി.ആർ. രാജഗോപാലായിരുന്നു എക്‌സ്റ്റേണൽ എക്‌സാമിനർ.

ഡോ. രമ്യ ജി, ഡോ. മഞ്ജു വി.
ഡോ. രമ്യ ജി, ഡോ. മഞ്ജു വി.

പൊടിപൂരമായി വൈവയുടെ രണ്ടാം വരവ് ഞങ്ങൾ ആഘോഷമാക്കി. കാന്റീനിലെ ഏത്തയ്ക്കാൽപവും റീത്തു വെച്ച കരിമീനുമല്ലായിരുന്നു അന്ന് വിഭവങ്ങൾ. മുഴുവൻ കുട്ടികൾക്കുമുൾപ്പടെ ഇലയിട്ട് കിടിലൻ സദ്യയൊരുക്കി. സദ്യയുണ്ടിട്ട് ആരും ഏമ്പക്കം വിടരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതു കേട്ടാൽ എനിക്ക് പഴയ ചെയർമാൻ വിടർത്തിയ സൗഗന്ധികപുഷ്പം ഓർമ്മ വന്നെങ്കിലോ...?
നാലാംനാൾ കുട്ടികളുടെ തലവിധി മാറ്റിയ പുതിയ റിസൽട്ടു വന്നു. കൈ വിട്ടെന്നു കരുതിയ 100% ന്റെ തിളക്കവും തിരികെ വന്നു. സന്തോഷം കൊണ്ട് തലകുത്തി മറിയാൻ തോന്നിയത് നഷ്ടപ്പെട്ടെന്നു കരുതിയ യൂണിവേഴ്‌സിറ്റി റാങ്ക് ഞങ്ങളുടെ രമ്യയെത്തേടി വന്നപ്പോഴാണ്. ഇരട്ടിയിലധികം അർഹതപ്പെട്ട മാർക്കാണ് കുട്ടികൾക്ക് ലഭിച്ചത്. റാങ്ക് ജേതാവ് ഡോ. രമ്യാ ജി. ഇപ്പോൾ തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ അസി.പ്രൊഫസറാണ്. തൊട്ടു താഴെ മാർക്ക് ലഭിച്ച ഡോ. മഞ്ജു വിയും അതേ കോളജിൽത്തന്നെ അസി.പ്രൊഫസറാണ്.
റിസൽട്ടു വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആനന്ദവല്ലി ടീച്ചർക്ക് ഒരു കത്തു വന്നു. ആദ്യത്തെ ചെയർമാന് വി.സി. നൽകിയ മെമ്മോയ്ക്കള്ള മറുപടിയുടെ കോപ്പിയാണ്. കൃത്യനിർവ്വഹണത്തിന് നേരിട്ട തടസങ്ങളാണ് അതിൽ നമ്പറിട്ട് എഴുതിയിരിക്കുന്നത്. ആ നുണകളുടെ അവസാനമെഴുതിയ ഒന്നിൽ ഭാഗികമായ സത്യമുള്ളതുകൊണ്ട് അതുമാത്രമിവിടെ കുറിക്കാം: ""മലയാളം ഡിപ്പാർട്ടുമെന്റിൽ വെച്ച് എന്നെ ആനന്ദവല്ലിയുടെ രണ്ടു തടിമാടൻ ഗുണ്ടകൾ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു . അതിലെ നൂറു കിലോ ഭാരമുള്ള വലിയ ഗുണ്ടയുടെ പേര് ബി. രവികുമാർ എന്നാണെന്ന് കുട്ടികളിൽ നിന്ന് മനസ്സിലാക്കി. അയാൾക്കെതിരെ നടപടിയെടുത്തു പിരിച്ചുവിടണം.''
നൂറു കിലോ ഭാരമെന്നുള്ളതാണ് അതിലെ ഭാഗികമായ സത്യം. അന്ന് തൊണ്ണൂറു കിലോയ്ക്കടുത്തായിരുന്നു എന്റെ കനം. ▮


ബി.രവികുമാർ

ചങ്ങനാശ്ശേരി എൻ.എസ്​.എസ്​ ഹിന്ദു കോളേജിൽ മലയാളം അധ്യാപകനായിരുന്നു. ഇപ്പോൾ റിസർച്ച്​ ഗൈഡ്​. പടയണി കലാകാരൻ. ഫോക്​ലോർ പഠനങ്ങൾക്ക്​ യു.ജി.സിയിൽനിന്ന്​ മൂന്ന്​ ​പ്രൊജക്​റ്റുകൾ ലഭിച്ചിട്ടുണ്ട്​. അനുഷ്ഠാനകല: രംഗാവതരണവും ഫോക്​ലോറും, ഭൈരവിക്കോലം, കാപ്പൊലി, ചൂട്ടുപടയണി​​​​​​​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments