‘മ്മ്‌ടെ ജിനനെ (പേര് യഥാർത്ഥമല്ല) ഡെന്നിസ് മാഷ്‌ക്ക് ഓർമ്മേണ്ട?'
സ്‌കൂളിലെ മലയാളം വിഭാഗത്തിലെ ജോൺ മരത്താക്കര മാഷിന്റെ ചോദ്യം കേട്ടാണ് ഇ -ഗ്രാൻറ്സ് സൈറ്റിൽ കുട്ടികളുടെ സ്‌കോളർഷിപ്പ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്ന ഞാൻ കമ്പ്യൂട്ടറിൽ നിന്ന് തല ഉയർത്തി നോക്കിയത്.
‘പിന്നെ, ജിനൻ കെ. സി. അല്ലേ, എങ്ങനെ മറക്കാനാ മാഷേ, അവനെന്തു പറ്റി?', ഞാൻ ചോദിച്ചു. (ഞങ്ങൾ, ഈ അധ്യാപകർക്ക് ഒരു സ്വഭാവമുണ്ട്. കുട്ടികളുടെ പേര് പറയുമ്പോൾ ഇനീഷ്യലും ചേർത്ത് പറയുക. എന്നും ഈ അറ്റന്റൻസ് വിളിച്ചുള്ള ശീലം കൊണ്ടാണേ.)
‘ഒന്നും പറ്റിയില്ല. അവനെ ഇന്നലെ മണ്ണുത്തിയിലെ ഒരു ബേക്കറിയിൽ കയറിയപ്പോൾ കണ്ടു. സെയിൽസ് മാനായിട്ടാ. എന്നെ കണ്ടതും അവൻ തല കീഴ്പ്പോട്ടാക്കി മാഷേ. കടേലെ വേറൊരു പയ്യൻ കേക്ക് എടുത്തുതന്ന് ബില്ല് പേ ചെയ്യാൻ നോക്കുമ്പോ അവൻ തല ഉയർത്തി നോക്കി ചോദിച്ചു, അവനെ അറിയോന്ന്. ടാ, നീ ജിനൻ കെ. സി. അല്ലേ എന്ന് ഞാൻ ചോദിച്ചതും അവന്റെ മുഖത്ത് വല്ലാത്ത ഒരു ആശ്ചര്യം.' (പഠിപ്പിച്ച കുട്ടികളെ വർഷങ്ങൾക്കുശേഷം കണ്ടു മുട്ടുമ്പോൾ ഇനിഷ്യൽ ചേർത്ത് പേര് വിളിക്കുമ്പോൾ ഈ ആശ്ചര്യം കാണാനുള്ള ഭാഗ്യം ഞങ്ങൾ അധ്യാപകർക്ക് ഉണ്ടാകാറുണ്ട്)
‘എന്നിട്ട് അവൻ ഇപ്പൊ എവിടം വരെ പഠിച്ചു?', ഞാൻ ജോൺ മാഷിനോട് ചോദിച്ചു.
‘കടയിൽ പാർട്ടൈം ജോലി ആണെന്നാ അവൻ പറഞ്ഞത്. ബികോം പ്രൈവറ്റ് ആയി പഠിക്കുന്നുണ്ടത്രേ.'
‘ഇപ്പോഴും അവൻ പൂങ്കുന്നത്താണോ താമസിക്കുന്നത്? ', ഞാൻ ചോദിച്ചു.
‘ഇല്ല മാഷേ, ചേറൂര് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണെന്നാ പറഞ്ഞേ'
എന്റെ മനസ്സ് റിവേഴ്സ് ഗിയറിൽ ഓടാൻ തുടങ്ങി.
വർഷങ്ങൾക്കുമുമ്പുള്ള ഒരു 9E ക്ലാസിലെ ഒന്നാമത്തെ പിരീഡിൽ അത് ചെന്നുനിന്നു. വീണ്ടും അത് ഫോർവേഡ് ഗിയറിൽ ഓടാൻ തുടങ്ങി. ഒൻപതിൽ ക്ലാസ് ചാർജ് കിട്ടിയതിന്റെ ഒരു ചെറിയ ഗമയൊക്കെ അന്നെനിക്കുണ്ട്. ആ ഗമയിൽ അറ്റൻഡൻസ് വിളിക്കുമ്പോൾ ജിനൻ കെ. സി. അന്ന് ആബ്സെൻറാണ്. ചില കുട്ടികൾ അസുഖം വന്നാൽ ക്ലാസിൽ ആബ്സെൻറ് ആവാറുണ്ടല്ലോ. ആ കൂട്ടത്തിൽ ഒരാൾ എന്നേ അപ്പോൾ കരുതിയുള്ളൂ. ആ കരുതൽ തെറ്റാണെന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.
‘ഡെന്നിസ് മാഷെ ഹെഡ്മാഷ് വിളിക്കുന്നു', നോക്കുമ്പോൾ വാതിൽക്കൽ ഓഫീസ് സ്റ്റാഫ് ഷിബു ചേട്ടനാണ്. ഞാൻ വേഗം അറ്റൻഡൻസ് എടുത്ത് ഓഫീസിലേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ എനിക്ക് അത്ര പരിചയമില്ലാത്ത രണ്ടുപേർ ഓഫീസിൽ ഇരിക്കുന്നതുകണ്ടു.
‘ജിനൻ കെ. സി. ഡെന്നിസിന്റെ ക്ലാസിലല്ലേ', ഹെഡ്മാസ്റ്ററായ രാമചന്ദ്രൻ മാഷ് ചോദിച്ചു.
‘അതേ മാഷേ, എന്തുപറ്റി? '
‘അവൻ ഇന്ന് ക്ലാസിൽ വന്നിട്ടുണ്ടോ?'
‘ഇല്ല മാഷേ, അവൻ ആബ്സെൻറ് ആണ്, എന്താ മാഷേ കാര്യം'
‘അവനെ ഇന്നുരാവിലെ മുതൽ വീട്ടിൽ നിന്ന് കാണാനില്ല. അവന്റെ അച്ഛനും അമ്മാവനും ആണിത്.’
എന്റെ തലയിൽ ഉൽക്കാപതനവും കൊള്ളിയാൻ പാച്ചിലുമൊക്കെ ഉണ്ടായി. കാരണം, ഒരു കുട്ടിയെ കാണാതായാൽ പിന്നെ ചോദ്യശരങ്ങൾ വന്നു വീഴുന്ന ഒരു വിഭാഗം അദ്ധ്യാപകരാണല്ലോ. അതും ഒരു ക്ലാസ് അധ്യാപകനാണെങ്കിൽ പിന്നെ പറയാനില്ല. നേരത്തെയുണ്ടായ ക്ലാസ് മാഷിന്റെ ഗമയൊക്കെ ചോർന്നു പോകുന്നത് ഞാനറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അവനുമായി ക്ലാസിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായോ ഇല്ലയോ എന്ന് എന്റെ മനസ്സ് പരതി നോക്കി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. അത് മനസ്സിന് ഒരു ആശ്വാസം നൽകി. അവരുമായി കൂടുതൽ സംസാരിച്ചപ്പോൾ വീട്ടിൽ അവനും വീട്ടുകാരും തമ്മിൽ എന്തോ വഴക്കുണ്ടായതാണെന്നും അങ്ങനെ ദേഷ്യത്തിന് അവൻ വീട്ടിൽ നിന്നിറങ്ങിപ്പോയതാണെന്നും മനസ്സിലായി.
‘നിങ്ങൾ വിഷമിക്കാതെ ഇരിക്കൂ. ഞങ്ങൾ അടുത്ത സ്ഥലങ്ങളിലൊക്കെ ഒന്നു പോയി അന്വേഷിച്ചു നോക്കാം' എന്ന ഹെഡ്മാഷുടെ വാക്കുകൾ അവരുടെ മനസ്സിൽ ആശ്വാസം നൽകിയിട്ടുണ്ടാകാമെങ്കിലും എന്റെ മടിയൻ മനസ്സിൽ അത് ചില ചോദ്യങ്ങളാണ് ഉയർത്തിയത്- ‘അന്വേഷിക്കാനോ, എവിടെ പോയി അന്വേഷിക്കാൻ, അത് പൊലീസിന്റെ പണിയല്ലേ.'
അപ്പോഴേക്കും ഉത്തരവാദിത്വമെന്ന സിംഹരാജാവ് സട കുടഞ്ഞെഴുന്നേറ്റ് ആ ചോദ്യങ്ങളെ മുഴുവൻ തിന്നുകളഞ്ഞു. ഞാൻ പറഞ്ഞു, ‘മാഷ് പറഞ്ഞ പോലെ ഞങ്ങളും പറ്റാവുന്ന പോലെ അന്വേഷിക്കാം.'
അങ്ങനെയാണ് ഞാനും അതിന് മുന്നത്തെ വർഷത്തെ ജിനന്റെ ക്ലാസ് അധ്യാപകനായ ജോൺ മാഷും ‘ഓപ്പറേഷൻ ജിനൻ കെ. സി.' എന്ന ദൗത്യം ഏറ്റെടുക്കുന്നത്. ഞങ്ങൾ രണ്ടുപേരും അധ്യാപകരുടെ കുപ്പായം തൽക്കാലം ഉപേക്ഷിച്ച് പൊലീസ് കുപ്പായം അണിഞ്ഞു. (അല്ലെങ്കിലും ഞങ്ങൾ ഈ അധ്യാപകർക്ക് അധ്യാപന കുപ്പായത്തിനു പുറമേ പൊലീസ് കുപ്പായം, വക്കീൽ കുപ്പായം, ഡോക്ടർ കുപ്പായം, നേഴ്സ് കുപ്പായം, അക്കൗണ്ടൻറ് കുപ്പായം, ഡ്രൈവർ കുപ്പായം തുടങ്ങി പല തരത്തിലുള്ള കുപ്പായങ്ങൾ കാലത്തിനനുസരിച്ച് അണിയേണ്ടി വരാറുണ്ട്.) ഒരു കുട്ടി ഒളിച്ചോടിയാൽ പോയി ഇരിക്കാൻ സാധ്യതയുള്ള തൃശ്ശൂരിലെ സ്ഥലങ്ങൾ ഞങ്ങളിലെ ഷെർലോക്ക് ഹോംസുമാർ പട്ടികപ്പെടുത്തി. അങ്ങനെയാണ് ഞാനും ജോൺ മാഷും കൂടെ തൃശ്ശൂരിലെ സകലമാന സ്റ്റേഡിയങ്ങളും ആശുപത്രികളും ബസ് സ്റ്റാന്റുകളും റെയിൽവേസ്റ്റേഷനുമെല്ലാം അരിച്ചുപെറുക്കിയത്. പക്ഷേ അവിടെയൊന്നും ജിനനെ കണ്ടെത്താനായില്ല. അങ്ങനെ തൽക്കാലം ആ മിഷൻ അവസാനിപ്പിച്ച് ഞങ്ങൾ നിരാശയോടെ സ്‌കൂളിൽ മടങ്ങിയെത്തി.
ഞങ്ങൾക്ക് കണ്ടെത്താനായില്ലെങ്കിലും അന്ന് ഉച്ചയോടെ ജിനനെ ഗുരുവായൂർ അമ്പലനടയിൽ നിന്ന് കണ്ടെത്തി. ജിനന്റെ തന്നെ ഒരു ബന്ധു യാദൃശ്ചികമായി അവനെ ഗുരുവായൂർ അമ്പലനടയിൽ കണ്ടപ്പോൾ സംശയം തോന്നി അവന്റെ അച്ഛനെ വിളിച്ചു പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. അങ്ങനെ, കാണാതായ ആടിനെ കണ്ടെത്തുക എന്ന ദൗത്യം പൂർത്തിയായെങ്കിലും ഞങ്ങൾ അധ്യാപകരുടെ ഒരു ദൗത്യം അവിടെ ആരംഭിക്കുകയായിരുന്നു. ആ കുഞ്ഞാടിനെ ഉപദേശിച്ചു നേരെയാക്കുക എന്നതായിരുന്നു ആ ദൗത്യം. ഞാനും ജോൺ മാഷും ആ ദൗത്യം കൂടി ഏറ്റെടുത്തു. അങ്ങനെ അവൻ താമസിക്കുന്ന പൂങ്കുന്നത്തുള്ള വാടകവീട്ടിൽ ഞങ്ങൾ പോയി. അന്നത്തെ ആ ജിനന്റെ മുഖം ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല. കുറ്റബോധവും അപകർഷതാബോധവും സങ്കടവുമൊക്കെ കൊണ്ട് മങ്ങിയിരുന്നു അവന്റെ മുഖം. കുട്ടികൾ ഏറ്റവും അധികം വെറുക്കുന്നത് ഏത് എന്ന ചോദ്യത്തിന് ഉത്തരം ആയിരിക്കും ഉപദേശം. ഒരാൾ നല്ല മൂഡിലാണെങ്കിൽ പോലും ഉപദേശങ്ങൾ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ പിന്നെ എങ്ങനെയായിരിക്കും എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഉപദേശങ്ങൾ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുക. ഞങ്ങൾ കൊടുത്ത ടൺകണക്കിന് ഉപദേശങ്ങൾ അന്ന് ജിനൻ എങ്ങനെയാണ് ഉൾക്കൊണ്ടത് എന്നറിയില്ല. എന്തൊക്കെയായാലും ഒരാഴ്ചയ്ക്കുശേഷം ജിനൻ സാധാരണ പോലെ സ്‌കൂളിലേക്ക് വരാൻ തുടങ്ങി. പഠനത്തിൽ വലിയ മികവ് കാണിച്ചില്ലെങ്കിലും ശരാശരി മാർക്ക് വാങ്ങി ജിനൻ പത്താം ക്ലാസ് പാസായി.
വർഷങ്ങൾക്കുശേഷം, കഴിഞ്ഞ ലോക്ഡൗൺ കാലഘട്ടത്തിലാണ് എന്റെ മനസ്സിന്റെ ഘടികാരം വീണ്ടും അപ്രദിക്ഷിണ ദിശയിൽ ചലിച്ച് ജിനന്റെ കഥയിൽ എത്തി നിന്നത്. അതിന് കാരണമായത് പത്രത്തിൽ വന്ന ഒരു വാർത്തയായിരുന്നു. വെറും വാർത്തയല്ല ചരമവാർത്ത.. പരിചിതമായ ഒരു ഫോട്ടോ കണ്ടാണ് ആ ചരമവാർത്ത ഞാൻ വായിച്ചത്. ആ യുവാവിന്റെ പേര് ജിനൻ കെ.സി. എന്നായിരുന്നു. എങ്ങനെയാണ് മരിച്ചത് എന്നൊന്നും അതിലുണ്ടായിരുന്നില്ല. പിന്നീട് അന്നത്തെ 9 E ക്ലാസിൽ പഠിച്ചിരുന്ന ഒരു കുട്ടി വിളിച്ചു പറഞ്ഞപ്പോഴാണ് ജിനൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് മനസ്സിലായത്. ലോക്ക് ഡൗൺ കാലത്ത് വീടിനുള്ളിലെ ഏകാന്തവാസം സമ്മാനിച്ച ഡിപ്രഷനും സാമ്പത്തിക പരാധീനതകളും മൂലം ജീവിതം പാതി വഴിക്കുപേക്ഷിച്ച അനേകം കഥകളിൽ ഒന്നായി മാറുകയായിരുന്നു ജിനന്റെ ജീവിതവും. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് പറയാമെങ്കിലും അവന്റെ പ്രശ്നങ്ങൾക്ക് അതൊരു പരിഹാരമായി അവന് തോന്നിയിരിക്കണം.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.