ആറാം ക്ലാസുകാരന്റെ ‘പ്രേമം’ കൈകാര്യം ചെയ്ത മാഷ്

‘അവറ്റേള് പിള്ളേരല്ലേ മാഷേ’ എന്ന ഒറ്റ പഞ്ച് ചോദ്യം കൊണ്ട് നിസാർ എനിക്ക് മുന്നിൽ ഏറെ വളർന്നു നിൽക്കുന്നതായും ഞാൻ വളരെ ചെറുതായിപ്പോയതായും തിരിച്ചറിഞ്ഞു.

ധ്യാപനം കുട്ടികളെ പഠിപ്പിക്കലാണ്.
എന്നാൽ അധ്യാപനത്തിനിടയിൽ കുട്ടികളിൽ നിന്ന്​ പകർന്നു കിട്ടുന്ന അറിവ് ഏറെയാണ്. അറിവ്​ എന്നതിലുപരി അതിനെ തിരിച്ചറിവ് എന്നു വിളിക്കുന്നതാണ് കൂടുതൽ ശരി. ആ അർത്ഥത്തിൽ എന്റെ മുന്നിലൂടെ കടന്നുപോയ അസംഖ്യം ‘ഗുരുക്കന്മാരായ ' കുട്ടികളാണ്, നാം കരുതും പോലെ കുട്ടികൾ വെറും കുട്ടികൾ മാത്രമല്ല എന്ന പ്രധാന പാഠം എന്നെ പഠിപ്പിച്ചത്.

എന്റെ അധ്യാപന ജീവിതത്തിന്റെ തുടക്കകാലത്തുണ്ടായ ചെറിയൊരു കാര്യമാണ് പങ്കുവെക്കുന്നത്. അത്​ മനസ്സിൽ നിന്നു മാഞ്ഞു പോകുന്നില്ല എന്നതുകൊണ്ടാണ് ഇവിടെ പറയുന്നത്.

16 വർഷം മുമ്പ്, എന്റെ ആദ്യ സ്കൂളിൽ നിന്ന്​ സ്ഥലം മാറി പുതിയ സ്കൂളിൽ ചേർന്ന കാലം. ഒരു വർഷം കഴിഞ്ഞപ്പോൾ എന്നേക്കാൾ ഏറെ സേവന പാരമ്പര്യമുള്ള ഒരു ടീച്ചർ ഞങ്ങളുടെ സ്കൂളിൽ സ്ഥലം മാറിവന്നു. എനിക്ക് ആറാം ക്ലാസിന്റെയും ടീച്ചർക്ക് ഒന്നാം ക്ലാസിന്റെയും ചുമതലയായിരുന്നു. തന്റെ ക്ലാസ്സിലെ കുട്ടികളുടെ കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരുന്നു ടീച്ചർ. അഭിപ്രായങ്ങളുടെ കാര്യത്തിൽ യോജിപ്പുകളേക്കാൾ കൂടുതൽ വിയോജിപ്പുകളായിരുന്നു ഞങ്ങൾ തമ്മിലെങ്കിലും കോട്ടം തട്ടാത്ത സൗഹൃദവുമായി അതങ്ങനെ പോയി.

ഒരു അക്കാദമിക പുതുവർഷത്തിന്റെ വിങ്ങലും പൊട്ടലും ചീറ്റലും കഴിഞ്ഞ് പഠനദിനങ്ങൾ ട്രാക്കിൽ കയറി മുന്നോട്ടു പോകുന്ന സമയം. ഒരു ദിവസം ടീച്ചർ എന്റെ അടുത്ത് വന്ന് ഗൗരവപൂർവം പറഞ്ഞു: "മാഷിന്റെ ക്ലാസിലെ നിസാറും (പേര് അങ്ങനെയാണെന്നാണ് ഓർമ. അവന്റെ മുഖമേ നല്ലോർമയിൽ മങ്ങാതെ നിൽക്കുന്നുള്ളൂ) കൂട്ടുകാരും എന്റെ ക്ലാസിലെ പെൺകുട്ടികളുടെ അടുത്ത് എന്നും വരുന്നുണ്ട് . അതു ശരിയല്ല. മാഷത് പറഞ്ഞു നിർത്തിക്കണം കെട്ടോ '. ‘ആ, ശരി ടീച്ചറേ, ഞാൻ നോക്കിക്കൊള്ളാം’ എന്ന് ഒരു ഒഴുക്കൻ മറുപടിയും പറഞ്ഞ് ഞാൻ പോന്നു.

ടീച്ചർ ഗൗരവത്തിലായിരുന്നെങ്കിലും ഞാനത് വിട്ടു കളഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞ് ടീച്ചർ സ്റ്റാഫ് റൂമിൽ വെച്ച്​ മുമ്പത്തേക്കാൾ ശക്തമായി പ്രശ്നം വീണ്ടും ഉന്നയിച്ചു. പിന്നെ, മാഷിനെക്കൊണ്ട് എന്തിനു കൊള്ളാം എന്നർത്ഥത്തിൽ ഒരു പ്രത്യേക നോട്ടവും നോക്കി.
ടീച്ചറുടെ നോട്ടം പോലെ തന്നെ കാര്യമായൊന്നും എന്റെ ഭാഗത്തു നിന്നുണ്ടായില്ല.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞുള്ള ടീച്ചറുടെ പൊട്ടിത്തെറിയിൽ നിന്ന്​ നിസാറിന്റെയും കൂട്ടുകാരുടേയും ടീച്ചറുടെ ക്ലാസിലേക്കുള്ള വിസിറ്റ് തുടരുക തന്നെയാണെന്ന് മനസ്സിലായി.

‘മാഷിന്റെ ഈ സ്വഭാവം കുട്ടികളെ ചീത്തയാക്കും. എന്താ വേണ്ടത് എന്ന് എനിക്കറിയാം. പിന്നെ ഇനി എന്റടുത്തേക്ക് വന്നേക്കരുത്’; ടീച്ചർ അന്ത്യശാസനം തന്നു.
ഇതോടെ എന്റെ ഈഗോ മുറിഞ്ഞു.

തങ്ങളുടെ ചെറുപ്പകാലത്ത് കൈമാറിയ പ്രണയ ലേഖനങ്ങളേയും ഓട്ടോഗ്രാഫുകളിൽ എഴുതി നിറച്ച പ്രണയകാവ്യശകലങ്ങളേയും ഇപ്പോൾ പ്രണയ വസന്തം ആർക്കുന്ന തങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പുകളേയും എല്ലാം മറന്നും മറച്ചും കുട്ടികൾ ചെയ്യുന്ന ‘അപരാധ'ങ്ങളുടെ വിചാരണക്കോടതികളായി ക്ലാസ് റൂമും സ്റ്റാഫ് റൂമും എല്ലാം മാറും.

ഞാൻ നേരെ നിസാറിനേയും കൂട്ടുകാരേയും അടുത്തു വിളിച്ചു. ടീച്ചറിൽ നിന്ന്​പകർന്ന ഗൗരവം ഒട്ടും ചോർന്നു പോകാതെ ഞാൻ ചോദിച്ചു: "നിങ്ങൾ ... ടീച്ചറുടെ ക്ലാസിൽ പോകാറുണ്ടോ?’
എന്റെ പതിവില്ലാത്ത ഭാവം കണ്ട് ഒന്നു പകച്ചെങ്കിലും നിസാർ ശാന്തമായി പറഞ്ഞു; "പോകാറുണ്ട്’ "ഇതൊന്നും അത്ര നല്ലതല്ല? മറ്റു ക്ലാസുകളിലേക്ക് പെൺകുട്ടികളേയും അന്വേഷിച്ചുള്ള പോക്ക്’ ; ഗൗരവം ഒട്ടും വിടാതെ ഞാൻ പറഞ്ഞു.
നിസാർ കണ്ണുവെട്ടിക്കാതെ എന്റെ മുഖത്തേക്കു തന്നെ നോക്കി.
അവന്റെ നോട്ടത്തിൽ എന്തോ പന്തിയില്ലായ്മ എനിക്ക് അനുഭവപ്പെട്ടു."എന്താ നീയിങ്ങനെ നോക്കുന്നത് ’; ഞാൻ കനപ്പിച്ചു ചോദിച്ചു.
നോട്ടത്തിലെ ഭാവം മാറ്റാതെ ഒരു പ്രത്യേക താളത്തിൽ അവൻ എന്നോടു ചോദിച്ചു: "മാഷെന്ത് വർത്താനാ മാഷെ ഈ പറയുന്നേ? അവറ്റേള് പിള്ളേരല്ലേ? ഇവന്റെ മാമാടെ മോള് ആ ക്ലാസിലുണ്ട്. അതാ ഞങ്ങളവിടെ പോയത്’.‘അവറ്റേള് പിള്ളേരല്ലേ മാഷെ’ എന്ന ഒറ്റ പഞ്ച് ചോദ്യം കൊണ്ട് നിസാർ എനിക്ക് മുന്നിൽ ഏറെ വളർന്നു നിൽക്കുന്നതായും ഞാൻ വളരെ ചെറുതായിപ്പോയതായും തിരിച്ചറിഞ്ഞു.

സ്കൂളിൽ കുട്ടികളുടെ പ്രണയം എപ്പോഴും അധ്യാപകരെ അസ്വസ്ഥപ്പെടുത്തുക പതിവാണ്. ഹൈസ്കൂളിലേയും ഹയർ സെക്കന്ററി സ്കൂളിലേയും പോലെ യു.പി.സ്കൂളുകൾ അതിനു പാകമല്ല. എന്നാലും ചില ചില്ലറ കാര്യങ്ങൾ ഇവിടെയും ഉണ്ടാകും. കുട്ടികളുടെ ഇഷ്ടങ്ങൾ പുറത്തറിഞ്ഞാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലപ്പോഴും അധ്യാപകർക്ക് വലിയ പിടിയില്ല. എന്തായാലും കേട്ട പാടെ ചൂരലും ശകാരച്ചൂരലും വീശാറാണ് പതിവ്. അതോടെ കക്ഷികളായ കുട്ടികളുടേയും രക്ഷിതാക്കളുടേയും ടീച്ചറുടെ തന്നേയും സ്വസ്ഥത ഇല്ലാതായി കിട്ടും.

തങ്ങളുടെ ചെറുപ്പകാലത്ത് കൈമാറിയ പ്രണയ ലേഖനങ്ങളേയും ഓട്ടോഗ്രാഫുകളിൽ എഴുതി നിറച്ച പ്രണയകാവ്യശകലങ്ങളേയും ഇപ്പോൾ പ്രണയ വസന്തം ആർക്കുന്ന തങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പുകളേയും എല്ലാം മറന്നും മറച്ചും കുട്ടികൾ ചെയ്യുന്ന ‘അപരാധ'ങ്ങളുടെ വിചാരണക്കോടതികളായി ക്ലാസ് റൂമും സ്റ്റാഫ് റൂമും എല്ലാം മാറും. ചിലത് അധ്യാപകർക്ക് (പൊതുവിൽ മുതിർന്നവർക്ക്​) വേണ്ടത്ര മനസ്സിലാവാത്ത ഗാഢ സൗഹൃദങ്ങളുമാകാം. എന്നാൽ വിചാരണ കഴിയുന്നതോടെ ‘എന്നാലിനി അങ്ങനെയെങ്കിൽ അങ്ങനെ' എന്ന വാശിയിലേക്ക് പലപ്പോഴും കുട്ടികൾ കടക്കുന്നു.

അധ്യാപകർക്കും മുതിർന്നവർക്കും വേണ്ടത്ര മനസ്സിലാക്കാനാവാത്ത ആരോഗ്യ പരമായ ആൺ- പെൺ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് നമ്മുടെ കുട്ടികൾ.

പിൽക്കാലത്ത് ഓർത്തു ചിരിക്കാവുന്ന തമാശകളായിരിക്കും പല ബന്ധങ്ങളും.
വർഷങ്ങൾക്കു മുമ്പ് എന്റെ ക്ലാസ്സിലെ ഒരു പെൺകുട്ടിയുടെ അമ്മ വിളിച്ചു. തന്റെ മകളുടെ സഹപാഠി അവളുടെ പുറകേ സൈക്കിളിൽ ചുറ്റിക്കറങ്ങുന്നു എന്ന പരാതി പലവട്ടം ആ അമ്മ പറഞ്ഞു.

പരാതി മുറുകിയപ്പോൾ ആൺകുട്ടിയെ അടുത്ത് വിളിച്ച്, മേലിൽ അവളുടെ വഴിയിൽ കണ്ടേക്കരുത് എന്ന താക്കീതോടെ കൈത്തണ്ടയിൽ ഒരു തിരുമ്മു വെച്ചു കൊടുത്തു ഞാൻ. തിരുമ്മിന്റെ വേദനയേക്കാൾ അപമാനത്തിന്റെ ദൈന്യമായിരുന്നു അവന്റെ മുഖത്ത്. ആ കുട്ടികൾ പഠനം പൂർത്തിയാക്കി പല വഴിക്ക് പിരിഞ്ഞു. പലരും വിവാഹിതരായി. കഴിഞ്ഞ വർഷം അവരുടെ ക്ലാസ്സ് ബാച്ചിന്റെ സംഗമത്തിൽ ആ കുട്ടികൾ ചേർന്നെടുത്ത സെൽഫി കണ്ടു. ആ സെൽഫി എനിക്കുള്ള അവന്റെ മറുപടിയല്ലേ എന്ന് തോന്നി.

ആൺ - പെൺ ബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തങ്ങളുടെ ചുറ്റുപാടുകളിൽ നിന്നും സിനിമകളിൽ നിന്നും തെറ്റായ ബോധം കൗമാരക്കാർ സ്വാംശീകരിക്കുന്നുണ്ട് എന്ന അപകടമുണ്ട്. എന്നാൽ അതിലുപരി അധ്യാപകർക്കും മുതിർന്നവർക്കും വേണ്ടത്ര മനസ്സിലാക്കാനാവാത്ത ആരോഗ്യ പരമായ ആൺ- പെൺ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് നമ്മുടെ കുട്ടികൾ.

പുഴ കടക്കാനാവാതെ പുഴക്കരയിൽ നിന്ന പെൺകുട്ടിയെ ചുമന്ന് പുഴ കടത്തിയ ഗുരുവിന്റെ ബ്രഹ്മചര്യത്തെ രാത്രിയിലെ സംവാദ വേളയിൽ സംശയിച്ച ശിഷ്യനോട് ‘താൻ ആ പെൺകുട്ടിയ അപ്പോൾ തന്നെ പുഴക്കരയിൽ ഇറക്കിയെന്നും ശിഷ്യൻ അവളെ ഇതുവരെ മനസ്സിൽ ചുമന്നുകൊണ്ടു നടക്കുകയായിരുന്നല്ലേ ’ എന്നുമാണ് ഗുരു ചോദിച്ചത്. ഈ സെൻകഥയിലെ ശിഷ്യന്റെ സ്ഥാനത്തു നിന്ന് അധ്യാപകർ കുട്ടികൾക്കിടയിലെ സൗഹൃദങ്ങളെ നോക്കിക്കണ്ടാൽ അതൊരു ദുരന്തമാണ്.▮

Comments