കാലത്തിന്റെ നിർണായക സന്ധികളിൽ സത്യത്തോടൊപ്പം ഉറച്ചുനിന്ന ചരിത്രകാരൻ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, "ധൈഷണിക ജീവിതം എന്ത്, എങ്ങനെ" എന്നു ചൂണ്ടിക്കാണിക്കുകയും, അത് സ്വന്തം ജീവിതത്തിൽ സാക്ഷാത്കരിക്കുകയും ചെയ്ത മലയാളത്തിന്റെ ഉപലബ്ധി. ചരിത്രമെന്നാൽ, ഭൂതകാലത്തിന്റെ ആഖ്യായിക എന്ന, പരമ്പരാഗത ചരിത്ര രചനാസങ്കല്പങ്ങളിൽ നിന്നു മാറി, "വർത്തമാനത്തിന്റെ ചരിത്രം" എഴുതിയ ചരിത്രകാരൻ.
കെ.എൻ. പണിക്കർ, മതേതരത്വത്തിനായി നിലകൊണ്ട ചരിത്രകാരൻ
ഒരു ധൈഷണികന്, സ്വന്തം ജനതയുടെ വർത്തമാനത്തിൽ, എങ്ങനെ ഇടപെടാനാകും എന്നു തെളിയിച്ച മാർഗ്ഗദർശിയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വർഗീയശക്തികൾ തങ്ങളുടെ മേൽക്കോയ്മ നേടാനുള്ള ആദ്യ ശ്രമങ്ങളെത്തന്നെ തിരിച്ചറിയുകയും, പ്രതിരോധിക്കുകയും ചെയ്തു, കെ. എൻ. പണിക്കർ. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്രകാരി ഡോ. റോമില ഥാപ്പറും ഈ ദിശയിൽ, പണിക്കർക്കൊപ്പം പങ്കാളിയായി. ജെ എൻ യുവിൽ ഇരുവരും അക്കാദമിക സ്വാതന്ത്ര്യത്തിനും സെക്യുലർ അന്തരീക്ഷത്തിനും വേണ്ടി നടത്തിയ ശ്രമങ്ങൾ തൊട്ടാരംഭിക്കുന്നു, ഒരർത്ഥത്തിൽ, കെ.എന്നിന്റെ ആക്ടിവിസ്റ്റ് ജീവിതം.
ഗുജറാത്ത് കലാപകാലത്ത്, ശബ്നം
ഹാഷ്മിയും ഹർഷ് മന്ദറും ചേർന്ന് സഹകരിച്ചുകൊണ്ട്, അവിടങ്ങളിൽ കെ. എൻ, യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയുണ്ടായി. ദില്ലിയിലെ "സഹ്മത്തിനെ" പോലുള്ള സെക്യുലർ ഇടതുപക്ഷ കൂട്ടായ്മകളുടെ "ചാരുകസേര ബുദ്ധിജീവിതം," സമകാലീന സംഭവ വികാസങ്ങളുടെ സാഹചര്യത്തിൽ മതിയാകില്ല എന്ന ഉറപ്പിൽ നിന്നാണ്, "അൻഹദ്" (Act Now for Harmony and Democracy) എന്ന കൂട്ടായ്മ രൂപീകരിച്ച്, കെ. എന്നും ശബ്നവും ഹർഷ് മന്ദറും, ഗുജറാത്തിൽ നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ.

ഗുജറാത്ത് കലാപം നടക്കുന്ന നാളുകളിൽ കേരളത്തിലെയും ബംഗാളിലെയും കമ്യൂണിസ്റ്റ് പാർട്ടി കേഡർമാരുടെ ഒരു "ദില്ലി റാലി"യെക്കുറിച്ച്, പാർട്ടിയുടെ അക്കാലത്തെ നേതാക്കളുമായി കെ. എൻ സംസാരിച്ചിരുന്നു. എന്നാൽ "പ്രായമായ കാലത്ത് മാഷുടെ ആക്ടിവിസത്തോടുള്ള കമ്പം" എന്നാണത്രേ, "കമ്പനിക്കാർ" അദ്ദേഹത്തെ കളിയാക്കിയത്. സമകാലീന ചരിത്രത്തെയും അതിന്റെ തീവ്രവലതുപക്ഷ വ്യതിയാനങ്ങളെയും, ഇന്ത്യൻ ഇടതുപക്ഷം, ശരിയായി തിരിച്ചറിഞ്ഞില്ല എന്ന്, കെ. എൻ. പണിക്കർ മനസ്സിലാക്കിയിരുന്നു. ആ നിലയിൽ കൂടിയാണ്, ബുദ്ധിജീവിതത്തെക്കുറിച്ചുള്ള ഗ്രാംഷിയൻ ആശയങ്ങളുടെ ബലത്തിൽ തന്റെ ഏകാന്ത പോരാട്ടങ്ങൾ അദ്ദേഹം നടത്തിയത്. കഴിയാവുന്ന നിലയിൽ തന്റെ രാഷ്ട്രീയ ജാഗ്രതയോട് ചേർന്നുനിന്ന ബുദ്ധിജീവികളും എഴുത്തുകാരും കലാകാരരും സംഘടനകളും തമ്മിൽ അടുത്ത ബന്ധം പുലർത്തുകയും, അവരെ സംഘടിപ്പിക്കുകയും സംഗമിപ്പിക്കുകയും ചെയ്തു. മുസോളിനിയുടെ തടവറയിൽ മരിച്ച ഇറ്റാലിയൻ കമ്യൂണിസ്റ്റ് നേതാവും ചിന്തകനുമായ അന്റോണിയോ ഗ്രാംഷി മുന്നോട്ടു വെച്ച ധൈഷണികതയെ സംബന്ധിച്ച ആശയങ്ങൾ
കെ. എൻ. സാക്ഷാത്കരിച്ചു എന്നു പറയാം:
"ബുദ്ധിജീവികളുടെ ഒരു പുതിയ അടരിനെ സൃഷ്ടിക്കുന്നതിന്റെ പ്രശ്നം എന്നത്, എല്ലാ മനുഷ്യരിലും, ഒരു നിശ്ചിത വികാസഘട്ടത്തിൽ നിലകൊള്ളുന്ന, ധൈഷണിക പ്രവർത്തനങ്ങളുടെ, വിമർശനാത്മകമായ വിപുലീകരണം ഉൾക്കൊള്ളുന്നതാണ്. ആ ബന്ധത്തെ, ഒരു പുതിയ സന്തുലിതാവസ്ഥ സാധ്യമാക്കുന്നതിലേക്ക്, ‘പേശി-നാഡീ പ്രയത്നമായി’ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ടതാണത്. ആ ‘പേശീ-നാഡീ പ്രയത്നം’ തന്നെ, ഒരു പൊതുവായ പ്രായോഗിക പ്രവർത്തനത്തിന്റെ ഘടകമാകുന്നിടത്തോളം, ഭൗതികവും സാമൂഹികവുമായ ലോകത്തെ ശാശ്വതമായി നവീകരിച്ചുകൊണ്ട്, ലോകത്തെക്കുറിച്ചുള്ള ഒരു പുതിയ സമഗ്ര വീക്ഷണത്തിന്റെ അടിസ്ഥാനമായി മാറുന്നുവെന്ന്, ഉറപ്പു വരുത്തുകയും ചെയ്യുന്നു.
സാഹിത്യകാരൻ, തത്വചിന്തകൻ, കലാകാരർ
എന്നിവർ പരമ്പരാഗതവും യാഥാസ്ഥിതികവുമായ അർഥത്തിലുള്ള ബുദ്ധിജീവിയെ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ, വാക്കുകളുടെ മേഖലയിൽ പ്രവർത്തിക്കുന്ന ജേണലിസ്റ്റ്, തത്വചിന്തകൻ, കലാകാരൻ എന്നിവർ "യഥാർത്ഥ" ബുദ്ധിജീവികളായി സ്വയം പരിഗണിച്ചുപോരുന്നു. ആധുനിക ലോകത്ത്, ഏറ്റവും പ്രാഥമികവും അവിദഗ്ധവുമായ തലത്തിൽ പോലുമുള്ള വ്യാവസായിക തൊഴിലുമായി, അടുത്ത ബന്ധം പുലർത്തുന്ന സാങ്കേതിക വിദ്യാഭ്യാസം, ബുദ്ധിജീവിയുടെ പുതിയ വിഭാഗത്തിന്റെ അടിസ്ഥാനത്തിനു രൂപം കൊടുക്കേണ്ടതാണ്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ, ‘ഓർഡൈൻ നുവോ’ (ഇറ്റലിയിലെ ടൂറിനിൽ, ഗ്രാംഷി എഡിറ്റ് ചെയ്ത പ്രസിദ്ധീകരണം), പുതിയ ബുദ്ധിജീവിതത്തിന്റെ ചില രൂപങ്ങൾ വികസിപ്പിക്കാൻ പ്രവർത്തിച്ചു. അതിന്റെ പുതിയ സങ്കല്പനങ്ങൾ നിർണയിക്കാൻ ശ്രമിച്ചു. അതായിരുന്നില്ല അതിന്റെ വിജയത്തിന്റെ ശരിക്കുമുള്ള കാരണങ്ങൾ. കാരണം അത്തരം ഒരു സങ്കൽപ്പനം, നിലീനമായി കിടക്കുന്ന ജനങ്ങളുടെ പ്രതീക്ഷകളുമായി സമാന്തരം തീർക്കുകയും, യഥാർത്ഥ ജീവിതരൂപങ്ങളുമായി യോജിച്ചു നിൽക്കുകയും ചെയ്തിരുന്നു. പുതിയ ബുദ്ധിജീവിയുടെ അസ്തിത്വം പ്രഭാഷണപരതയിലും വാചാലതയിലും മാത്രമായി നിലകൊള്ളുന്നില്ല. പ്രഭാഷണപരത, വികാരങ്ങളുടെയും അഭിലാഷങ്ങളുടെയും ബാഹ്യവും നൈമിഷതലത്തിലുമുള്ള പ്രേരകശക്തി എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിന്റെ സജീവമായ പങ്കാളിത്തത്തിന്റെ തലത്തിൽ, അത് ഒരു ‘നിർമ്മാതാവും’ ‘സംഘാടകനും’ ‘സ്ഥിരമായ പ്രേരക’യും ആണ്. അയാൾ വെറുമൊരു പ്രാസംഗികനല്ല. തൊഴിൽ സാങ്കേതികത്വത്തിൽ നിന്ന് അത് ശാസ്ത്രത്തിന്റെ സാങ്കേതികതയായി മുന്നോട്ടു പോകുന്നു. അത് ചരിത്രത്തിന്റെ മാനവികമായ സങ്കല്പങ്ങളിലേക്ക് വികസിക്കുന്നു. അങ്ങനെയല്ലാതെ വരുമ്പോൾ, അത് "വിശേഷവൽക്കരണത്തിൽ" നിലകൊള്ളുന്നു. അതിന് "നിർദ്ദേശകത്വത്തിലേക്ക്" വളരാൻ കഴിയുന്നില്ല’’. 1
രണ്ട്
ദേശാഭിമാനി തിരുവനന്തപുരം വാസകാലത്താണ്, അന്ന് കാലടി സർവകലാശാലയുടെ വൈസ് ചാൻസറായി, ആലുവയിൽ താമസിച്ചിരുന്ന കെ. എൻ. പണിക്കരുമായി, ഒരു ടെലിഫോൺ അഭിമുഖത്തിലൂടെ ആദ്യമായി പരിചയപ്പെടുന്നത്. ഇന്ത്യയിൽ ഹിന്ദുത്വ വർഗീയത ഭരണവാഴ്ച്ച ആരംഭിക്കാൻ മുന്നൊരുക്കങ്ങൾ നടത്തുന്ന നിർണ്ണായക മുഹൂർത്തങ്ങളിലെല്ലാം, കെ. എന്നുമായി ദീർഘമായി സംഭാഷണം ചെയ്യാനും, അത് ആനുകാലികങ്ങളിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനും, ഈ ലേഖകൻ മുൻകൈയെടുക്കുകയുണ്ടായി. തലസ്ഥാനത്തെ കമ്യൂണിസ്റ്റ് ബുദ്ധിജീവികൾക്കും ഡെസ്കിലെ പ്രമാണിമാർക്കും കെ. എന്നുമായുള്ള ഈ ‘മലപ്പുറംകാരന്റെ’ 'അവിഹിതം' അത്ര ഇഷ്ടമായിരുന്നില്ല. "എന്തിനാണ് നീ ഈ ഉണക്ക പണിക്കരുടെ കുടെ നടക്കുന്നത്?" എന്ന് സീനിയർ സഖാക്കളിൽ ഒരാൾ, ലജ്ജയേതുമില്ലാതെ പരിഹസിക്കുകയുമുണ്ടായി. തെക്കേ മലബാറിൽ, മാപ്പിളമാരുടെ നേതൃത്വത്തിൽ "ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൾക്കും" എതിരെ നടന്ന പ്രക്ഷോഭങ്ങളുടെ ചരിത്രകാരനുമായി, "മാപ്പിളനാട്ടിൽ" നിന്നുള്ള ഈ "കൊണ്ടോട്ടിക്കാരന്റെ" ബന്ധം, രക്തത്തിൽ വേരുകളുള്ളതായിരുന്നു എന്ന "രഹസ്യം", കമ്യൂണിസ്റ്റ് സൈദ്ധാന്തികർ അറിഞ്ഞുവരുന്നേ ഉണ്ടായിരുന്നുള്ളൂ. പണിക്കരും മറ്റും ഭയപ്പെടുന്ന "ഫാഷിസം" വന്നുചേർന്നിട്ടില്ല, അത് അവരുടെ ധൈഷണികഭയത്തിൽ" നിന്നുണ്ടാകുന്നതാണ് എന്നാണ് അന്നത്തെ റസിഡന്റ് എഡിറ്റർ പി. രാജീവ് മുതൽപേർ ആശ്വസിച്ചിരുന്നത്.
പാർട്ടിയിലെ നവയൗവ്വനങ്ങൾക്ക് മന്ത്രിക്കസേരകളിൽ കവിഞ്ഞൊന്നും മോഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കാലമായിത്തീർന്നിരുന്നു അപ്പോഴേക്കും. അതുകൊണ്ട് അവർക്ക് ചരിത്രത്തിനൊപ്പം നടക്കാൻ ശേഷി നഷ്ടപ്പെട്ടിരുന്നു. സത്യം തുറന്നു പറഞ്ഞാൽ, തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാൻ ആൾബലം കുറഞ്ഞുപോകുമോ എന്നു ഭയപ്പെട്ടിരുന്നു. മാത്രമല്ല, കേരളം എന്ന ഒരു "പാരോക്കിലിസ"ത്തിൽ, അതിൽതന്നെ "തെക്കും, വടക്കും" എന്ന സങ്കുചിതത്വത്തിൽ, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ചുരുക്കെട്ടിയ പാർട്ടി, പതുക്കെ അടിമപ്പെട്ടുക്കൊണ്ടിരിക്കുന്ന വലതുപക്ഷവൽക്കരണത്തെ, ഗ്രാംഷിയുടെ "ട്രാൻസ്ഫോർമിസത്തിന്റെ" പദാവലിയിൽ, കെ. എൻ. പണിക്കർ ശരിയായി തിരിച്ചറിയുകയും അതിൽ നിരാശനാവുകയും ചെയ്തിരുന്നു. എന്നാൽ, ഈ നിരാശയെ ഗ്രാംഷിയൻ അർത്ഥത്തിലുള്ള "ധിഷണയുടെ നൈരാശ്യ’’മായി തിരിച്ചറിയുകയും, "ഇച്ഛയുടെ ശുഭാപ്തി വിശ്വാസത്തിലൂടെ", അവസാനനാൾ വരെ, തന്റെ കർത്തവ്യങ്ങളിൽ അവിരാമം മുഴുകുകയും ചെയ്തു.

കമ്യൂണിസ്റ്റ് പ്രവർത്തകർ, പ്രത്യയശാസ്ത്രപരമായി, വലതുപക്ഷവൽക്കരണത്തിന് വിധേയമാകുന്ന പ്രതിഭാസത്തോട് എങ്ങനെ പെരുമാറണം, എന്ന കാര്യത്തിൽ, കെ. എന്നിന് സംശയമുണ്ടായിരുന്നില്ല. പാർട്ടിയിലെ സെക്യുലർ പക്ഷത്തോടൊപ്പം ഉറച്ചു നിൽക്കുക, നേതാക്കന്മാരുടെ "നെയ് വിറ്റി’’യോട് ധൈഷണികമായ ഭാഷയിൽ പ്രതികരിക്കുക, ഈ നിലപാടായിരുന്നു അദ്ദേഹം കൈക്കൊണ്ടത്. കാലടി സംസ്കൃത സർവകലാശാലയുടെ എളിയ നിലനിൽപ്പിന്, പച്ചപ്പും പ്രൗഢിയും സമ്മാനിക്കാൻ അഹോരാത്രം പ്രവർത്തിച്ചപ്പോൾ തന്നെ, ഇന്ത്യയിലെ സാംസ്കാരിക സംഘടനകളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തുകയും ചെയ്തു.
കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (KCHR) നിലനിൽപ്പിനും അതിനെ അപകടപ്പെടുത്താനുള്ള ശ്രമങ്ങളെയും സഹപ്രവർത്തകരോടൊപ്പം ചേർന്ന് പ്രതിരോധിക്കുകയും, പട്ടണം മുസിരിസ് ഉൽഖനന പ്രവർത്തനവും ഗവേഷണവും യാഥാർത്ഥ്യമാക്കാൻ, സൂക്ഷ്മമായ ചുവടുവെയ്പ്പുകളോടെ, തന്റെ സഹപ്രവർത്തകരുമായി സജീവബന്ധം പുലർത്തുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യത്തെ വൈസ് ചെയർമാൻ എന്ന നിലയിലും, തന്റെ അർത്ഥവത്തായ മൗനങ്ങളും, ആലോചിച്ചുള്ള നിലപാടും കൊണ്ട്, തന്നാലാവും വിധം സംഭാവന ചെയ്തു.
ഇതിനെല്ലാമുപരി, ഇന്ത്യൻ ആധുനികതാ രൂപീകരണത്തിന്റെ ചരിത്രകാരൻ എന്ന നിലയിലാണ്, കെ. എൻ. പണിക്കരെ അക്കാദമിക ലോകം അടയാളപ്പെടുത്തുക. ഡി.ഡി. കൊസാമ്പിയും ആർ. എസ്. ശർമ്മയും റോമില ഥാപ്പറും ഇർഫാൻ ഹബീബും പറഞ്ഞ ഇന്ത്യാ ചരിത്രത്തിന്റെ, "ആധുനികതയുടെ" ആഖ്യായകാരനായിരുന്നു കെ. എൻ. പണിക്കർ. ചരിത്രത്തെ വസ്തുനിഷ്ഠമാക്കുന്നതിൽ നിഷ്കർഷ പുലർത്തിയപ്പോഴും, ആത്മനിഷ്ഠമായ തന്റെ പക്ഷം പറഞ്ഞുകൊണ്ടാണ് അതു നിർവഹിച്ചത്.
മാർക്സിസത്തിന്റെ ചരിത്രരചനാശാസ്ത്രത്തിന്റെ "സാമ്പത്തികഘടനാവാദത്തിന്റെ" നാലതിരിൽ നിലയുറപ്പിക്കുമ്പോൾ തന്നെ, സംസ്കാരത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ഉപരിഘടനയ്ക്കു വന്നുചേർന്ന പ്രാധാന്യത്തെ തിരിച്ചറിഞ്ഞ അന്വേഷണമായിരുന്നു കെ. എൻ. പണിക്കരുടെ ഗവേഷണം. പ്രത്യേകിച്ചും, മൂന്നാം ലോക രാജ്യങ്ങളിൽ, അധിനിവേശിത ജനതയുടെ പ്രതിരോധ സാധ്യതകൾ, തുടക്കത്തിൽ "സംസ്കാരത്തിൽ" നിന്നാണ് ഉദയം ചെയ്യുന്നത് എന്നതായിരുന്നു, കെ. എന്നിന്റെ കണ്ടെത്തൽ. ആഫ്രിക്കൻ സ്വാതന്ത്ര്യ സമര പോരാളിയും ചിന്തകനുമായ അമിൽക്കർ കബ്രാളിന്റെ നിരീക്ഷണങ്ങൾ പലപ്പോഴും പണിക്കർ ഉദ്ധരിക്കുന്നത്, ഈ പശ്ചാത്തലത്തിലാണ്. എല്ലാ നിലയിലും പാപ്പരായ ഒരു ജനത, സാംസ്കാരിക സ്വത്വത്തിലൂടെയാണ് ആത്മാഭിമാനമാർജ്ജിക്കുന്നത് എന്ന കാഴ്ച്ചപ്പാട്.
അമിൽക്കർ കബ്രാൾ പറയുന്ന "ഉറവിടത്തിലേക്കുള്ള മടക്ക"ത്തിന്റെ ദ്വന്ദ സാധ്യതകളെക്കുറിച്ച് പണിക്കർ ബോധവാനായിരുന്നു. ഒരുഭാഗത്ത് പാരമ്പര്യത്തെ ആധുനികതയിലേക്ക് പരാവർത്തനം ചെയ്യേണ്ട ശരിയായ ധൈഷണിക പ്രവർത്തനം. മറുഭാഗത്ത് പാരമ്പര്യ വാദം, പുനരുജ്ജീവനത്തിന്റെ സ്വഭാവം കൈവരിച്ച്, ഫാസിസ്റ്റ് കരുതൃത്വ രൂപീകരണത്തിലേക്കു നീങ്ങുന്നതിന്റെ സാധ്യതകൾ. ഈ രണ്ടു പ്രവണതകളിൽ, ഇന്ത്യയിൽ എൺപതുകൾക്കു ശേഷം, പുനരുജ്ജീവനത്തിന്റെ രാഷ്ട്രീയ സാധ്യതകൾ വളർന്നു വരികയുണ്ടായ സാഹചര്യങ്ങൾ, ഒരു ചരിത്രകാരൻ എന്ന നിലയിൽ കെ. എൻ. പണിക്കരുടെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമായിരുന്നു. ചരിത്രമെഴുത്ത് ഒരു ആക്ടിവിസമായി പരിവർത്തിപ്പിക്കേണ്ട ധൈഷണിക കടമകൾ ഇങ്ങനെയാണ് പണിക്കർ ഏറ്റെടുക്കുന്നത്. അങ്ങിനെ "സമകാലീനതയുടെ ചരിത്രം", "വർത്തമാനത്തിന്റെ ചരിത്രം", "ആധുനികതയുടെ ചരിത്രം", എന്ന നിലകളിൽ, ഒരു പുതിയ ചരിത്രശാസ്ത്രം തന്നെ, കെ. എൻ. പണിക്കർക്ക് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞു. "രാജ്യം കത്തിയെരിയുമ്പോൾ നിങ്ങൾ അരാഷ്ട്രീയ ബുദ്ധിജീവികൾ എന്തു ചെയ്യുകയായിരുന്നു?" എന്ന കവിയുടെ ചോദ്യത്തിന് ഉത്തരമായി കെ. എൻ. പണിക്കർ നമ്മിൽ പുതിയ കാലത്തിന്റെ തുയിലുണർത്തുന്നു.
സമകാലീന ഇന്ത്യയുടെ വർത്തമാനം കൊത്തിയ, സ്വാതന്ത്ര്യ പൂർവ്വ നാളുകളിൽ നടന്ന ധൈഷണിക പരിണാമങ്ങളെക്കുറിച്ച്, ചരിത്രകാരന്റെ വിശകലനങ്ങളെ ഉദ്ധരിച്ചുകൊണ്ട്, "മരിച്ചിട്ടും മരിക്കാത്ത മതനിരപേക്ഷതയുടെ" കാവൽഭടനുള്ള, ഈ അന്ത്യോപചാരം അവസാനിപ്പിക്കാം.
"കോളോണിയൽ ഇന്ത്യയിലെ സാംസ്കാരിക മണ്ഡലത്തിലെ മാറ്റങ്ങളുടെ കാതൽ, രണ്ടു തലത്തിൽ, ഒരേസമയം നടന്ന, സാസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ സമരങ്ങൾ ആയിരുന്നു. ഒരുഭാഗത്ത്, ‘പരമ്പരാഗത ക്രമത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയ്ക്കെതിരെയും’, മറുഭാഗത്ത്, ‘കൊളോണിയൽ മേൽക്കോയ്മാവൽക്കരണത്തിനെതിരെ’യും. കൊളോണിയൽ കീഴടക്കൽ, പരമ്പരാഗത ക്രമത്തിന്റെ ദൗർബല്യത്തെ അടിവരയിട്ടു. പരമ്പരാഗത സ്ഥാപനങ്ങൾ പരിഷ്കരിക്കേണ്ടതിന്റെയും പുനർനിർമ്മിക്കേണ്ടതിന്റെയും ആവശ്യത്തെ അനിവാര്യമാക്കി. എന്നാൽ ബദൽ എന്നത്, കൊളോണിയൽ വാഴ്ച്ച അവതരിപ്പിച്ച പടിഞ്ഞാറൻ മാതൃകയെ പൂർണ്ണമായി പിന്തുടരുന്നതായിരുന്നില്ല. കൊളോണിയൽ ഭരണകൂടം, അതിന്റെ രാഷ്ട്രീയ നിയന്ത്രണ തന്ത്രത്തിന്റെ ഭാഗമായി നടത്തിയ, സംസ്കാരികവും ധൈഷണികവുമായ നടപടികൾ, ഇന്ത്യൻ മനസ്സിൽ ഉയർത്തിയ ബോധ്യങ്ങൾ ആയിരുന്നു ഇതിനു കാരണം.

പടിഞ്ഞാറൻ സംസ്കാരം മുന്നോട്ടു വെച്ച വെല്ലുവിളി നേരിടാൻ പ്രത്യക്ഷപ്പെട്ട "പരമ്പരാഗത സംസ്കാരം" മതിയാകാതെ വന്നപ്പോൾ, മറുഭാഗത്ത്, കൊളോണിയൽ മേൽക്കോയ്മവൽക്കരണം പാരമ്പര്യത്തെ തന്നെ നശിപ്പിക്കാൻ ശ്രമിച്ചു. അതിനാൽ രണ്ടിനെതിരെയും സമരങ്ങൾ ആവശ്യമായിത്തീർന്നു. ഇതാണ് കൊളോണിയൽ ഇന്ത്യയുടെ ധൈഷണിക പരിതസ്ഥിതിയെ രൂപപ്പെടുത്തിയത്. ഇന്ത്യൻ സമൂഹത്തിന്റെ ഭാവിയെ രൂപപ്പെടുത്താനുള്ള ധൈഷണിക സമരം ഈ രണ്ടു സമരങ്ങളിൽ അധിഷ്ഠിതമാണ്. എന്നാൽ, അതിന്റെ പാരമ്പര്യത്തോടും ആധുനികതയോടുമുള്ള സമീപനങ്ങളിൽ അവ്യക്തത നിലനിന്നു. പലപ്പോഴും പരസ്പരം വൈരുദ്ധ്യങ്ങൾ തീർത്തു. തങ്ങളുടെ ചരിത്രത്തിന്റെ, ഇനിയും വ്യാഖ്യാനം ചെയ്തിട്ടില്ലാത്ത വികാസത്തെ, ‘പുനരവകാശം’ ചെയ്യാനുള്ള ഒരു അധിനിവേശിത ജനതയുടെ പരിശ്രമങ്ങൾ, അവരുടെ പാരമ്പര്യത്തിന്റെ ശക്തിയിൽ അടിസ്ഥാനപ്പെടുത്താനാവുന്നതായിരുന്നില്ല. അതുകൊണ്ട് ഭൂതത്തിലുള്ള ഊന്നൽ, "ഉറവിടങ്ങളിലുള്ള ഒരു മടക്കം," അമില്‍ക്കര്‍ കബ്രാൾ വിളിച്ച പോലെ, ‘അത് പുരോഗതിയുടെ സമകാലീന ശക്തികളോട് എതിരിട്ടുകൊണ്ട്, ഭൂതകാലത്തെ ഉയർത്തെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് അനിവാര്യമായും അർത്ഥമാക്കേണ്ടതില്ല’. ആധുനികത എന്നത്, ഭൂതകാലത്തിന്റെ അവഗണന ഉൾകൊള്ളുന്ന ഒന്നല്ല. കാരണം ആധുനികതയെ തിരിച്ചറിയാൻ പാരമ്പര്യം നല്ലൊരു ഉപകരണമായി വർത്തിക്കുകയാണുണ്ടായത്. അധിനിവേശിതരായ ഒരു ജനതയ്ക്ക്, വാസ്തവത്തിൽ, ഭൂതവും വർത്തമാനവും തമ്മിൽ വ്യക്തമായ വ്യവച്ഛേദം നടത്താൻ, ചരിത്രം ഒരു സാധ്യത മുന്നോട്ടു വെയ്ക്കുന്നില്ല. അതുകൊണ്ടുതന്നെ, അവരുടെ ഭൂതത്തെയും ഭാവിയെയും സംബന്ധിച്ച സങ്കൽപ്പനങ്ങൾ, പരസ്പരം അതിക്രമിച്ചു കടക്കുന്നതാണ്. ഈ ഇടകലരൽ തീർക്കുന്ന അവ്യക്തതയും അനിശ്ചിതത്വവും, സാംസ്കാരിക പ്രത്യയശാസ്ത്ര സമരങ്ങളുടെ ഗതിയെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. ഈ സമരങ്ങളിൽ നിന്ന് ഉണ്ടാകുന്ന ധൈഷണിക പരിവർത്തനവും ഈ നിലയിലാണ്."
"മതപരമായ പ്രതികരണത്തിലെ സാംസ്കാരിക പ്രതിരോധം പത്തൊമ്പതാം നൂറ്റാണ്ടിൽ സംസ്കാരത്തിന്റെ എല്ലാ മണ്ഡലങ്ങളെയും പുണർന്നു. പ്രത്യേകിച്ചും നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ. അപ്പോഴാണ് കൊളോണിയൽ സാംസ്കാരിക കടന്നുകയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ശക്തമായി അനുഭവപ്പെട്ടത്. അത് രണ്ടു നിലയിൽ പ്രകടിത രൂപം കൈകൊണ്ടു. ആദ്യത്തേത്, കൊളോണിയൽ സാംസ്കാരിക അനുശീലനങ്ങൾക്ക് ഒരു ബദൽ കണ്ടെത്തുക എന്ന നിലയിൽ. രണ്ടാമത്തേത്, പരമ്പരാഗത സ്ഥാപനങ്ങളുടെ പുനരുജ്ജീവനം എന്ന അർത്ഥത്തിൽ. ആദ്യത്തേത്, വിദ്യാഭ്യാസത്തേയും ഭാഷയെയും സംബന്ധിച്ച താൽപര്യങ്ങളെ അടിവരയിട്ടു. രണ്ടാമത്തേത്, പരമ്പരാഗത അറിവിലുള്ള അന്വേഷണവും സമകാലീന അനുശീലനങ്ങളിലേക്ക് അതിനെ വിവർത്തനം ചെയ്യാനുള്ള ശ്രമങ്ങളും."
"ഒരു ദേശീയ സാംസ്കാരിക പരിപ്രേക്ഷത്തിൽ,തദ്ദേശീയ ഭാഷകളെ സമ്പന്നമാക്കാനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങൾ അതുൾക്കൊണ്ടു. തദ്ദേശീയ ഭാഷകളോടുള്ള അവഗണനയും അവയിൽ അറിവില്ലാത്തതുമാണ് ഈ രാജ്യത്തിന്റെ പിന്നാക്കാവസ്ഥയ്ക്കും, ഇപ്പോഴത്തെ ശിഥിലീകൃത സ്ഥിതിക്കും കാരണങ്ങളിൽ ഒന്ന് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. മാതൃഭാഷയിൽ വിദ്യാഭ്യാസം ലഭിക്കാത്ത ഒരിന്ത്യക്കാരന്, സ്വന്തം ധൈഷണികവും ക്രിയാത്മകവുമായ സാധ്യതകളെ മനസ്സിലാക്കാനാവില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ "ശാപകരമായ സ്വാധീനങ്ങളെ" മറികടക്കാൻ, തദ്ദേശീയ ഭാഷകളെ സമ്പന്നമാക്കുക എന്നത്, ഒരു സാംസ്കാരിക പദ്ധതിയായി ഏറ്റെടുക്കപ്പെട്ടു."

"പ്രാദേശികവാദവുമായി വളരെയേറെ സ്വാധീനത്തിൽപ്പെട്ട ‘സാംസ്കാരിക പ്രതിരോധം’ സങ്കീർണ്ണമായ ഒന്നാണ്. മതപരമായ പുനരുദ്ധാനത്തിനും മഹത്വവൽക്കരണത്തിനുമുള്ള ശ്രമങ്ങൾ മാത്രമല്ല അത്. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ സംരംഭങ്ങളുടെ എല്ലാ മേഖലയെയും പുണരുന്ന തരത്തിൽ, ഭൂതകാലത്തിലേക്കുള്ള ഒരു ധൈഷനിക അന്വേഷണമാണത്. ഇന്ത്യൻ ഔഷധ പാരമ്പര്യം, കൊളോണിയൽ പൂർവ്വ സാങ്കേതികവിദ്യയുടെ സാധ്യതകൾ, ഇന്ത്യൻ സംഗീതം, നാടകം, രാഷ്ട്രീയ വ്യവസ്ഥ, സ്ത്രീകളുടെ പരിതോവസ്ഥ എന്നു തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേക്കും. ഈ മേഖലകളിലുള്ള ഇന്ത്യയുടെ ഉന്നതസ്ഥാനം തെളിയിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. ഇന്ത്യക്കാർക്ക് എന്തു കഴിയും എന്നതിന്, വർത്തമാനം ഒരു മാനദണ്ഡമല്ല എന്നതു വിശ്വസിച്ചു. നിലനിൽക്കുന്ന സാംസ്കാരിക സംഘാതങ്ങളെ പുനരുജ്ജീവിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യേണ്ടത് ഈ സാധ്യതയെ തിരിച്ചറിയുന്നതിനുള്ള അനിവാര്യമായ മുന്നുപാധിയാണെന്ന് ധാരണ ഇതിൽ ഉൾച്ചേർന്നിരുന്നു. അങ്ങിനെ ഇന്ത്യൻ മനസ്സ് കൂടുതൽ കൂടുതലായി അന്തർമുഖമായി’’. 2
▮
റഫറൻസ്:
1.Antonio Gramsci, The intellectuals, Selections from the Prison Notebooks, Lawrence and Wishart, London, Orient Longman Limited, Madras, India, 1996.
2. K. N. Panikkar, Culture as Ideology, Colonialism, Culture and Resistance, Oxford Uiversty Press, New Delhi, 2007.
