ഈശ്വരനോടും
ക്ഷേത്രങ്ങളോടും വിട…

ശ്രീനാരായണഗുരു യുക്തിവാദിയായിരുന്നു എന്ന് ആദ്യമായി എന്നോട് പറഞ്ഞുതന്നത് അമ്മയായിരുന്നു. അമ്മയുടെ അച്ഛന്‍ ശ്രീനാരായണ ഗുരുവുമായി ധാരാളം സംസാരിച്ചിട്ടുള്ള ആളായിരുന്നു.

ഡോക്​ടറുടെ
ഓർമക്കുറിപ്പടി- രണ്ട്​

യുക്തിവാദിയായ ശ്രീനാരായണ ഗുരു

പോയ കാലം ജ്യോത്സ്യം എന്ന അന്ധവിശ്വാസത്തിന് ചെറിയ തോതില്‍ പരിക്കേൽപ്പിച്ചിട്ടുണ്ട് എന്നത് ശരി തന്നെയാണ്. എങ്കിലും, അന്ന് സമൂഹത്തിൽ ജ്യോതിഷ വിശ്വാസം പ്രബലമായിരുന്നു. കൊക്കു വായില്‍ രാമന്‍ എന്ന എന്റെ അപ്പൂപ്പന് സംസ്‌കൃതത്തിലും ജ്യോതിഷത്തിലും അവഗാഹമുണ്ടായിരുന്നതിനാല്‍ എല്ലാ മക്കളെയും ഇതെല്ലാം കുറെയൊക്കെ പഠിപ്പിച്ചിരുന്നു. അതനുസരിച്ച് അമ്മക്കും കുറെയൊക്കെ ആ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം അവര്‍ക്ക് ചില അതിര്‍ത്തികളുണ്ടായിരുന്നു. വലിയ പണച്ചെലവുള്ള ജ്യോത്സ്യവിധികള്‍ അവര്‍ അനുസരിക്കാറില്ലായിരുന്നു. അപ്രകാരം ജ്യോത്സ്യൻ വിധിക്കുന്ന എന്തും കണ്ണടച്ച് അനുസരിക്കുകയോ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല.

ഒരു ജ്യോത്സ്യവിധി ഇതായിരുന്നു. എന്നെയും അനിയൻ ശങ്കരനാരായണനെയും ഏഴാം വയസിൽ പഴനിക്ക് തീര്‍ത്ഥയാത്രക്ക് കൊണ്ടുപോകണം, ഉണ്ണിയെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ കൊണ്ടുപോകണം. ദിവസേന സുബ്രഹ്മണ്യക്ഷേത്രത്തില്‍ തൊഴണം എന്നത്​ മറ്റൊന്ന്​. ഇതെല്ലാം കഷ്ടപ്പാടുകൾ മാറാനും രോഗം വരാതിരിക്കാനും ശ്രേയസ്സുണ്ടാകുവാനുമാണ്.

വലിയ പണച്ചെലവുള്ള ജ്യോത്സ്യവിധികള്‍ അവര്‍ അനുസരിക്കാറില്ലായിരുന്നു. അപ്രകാരം ജ്യോത്സ്യൻ വിധിക്കുന്ന എന്തും കണ്ണടച്ച് അനുസരിക്കുകയോ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല.

ഏഴാം വയസ്സിലെ പഴനി തീര്‍ത്ഥാടനം ഒരു ഭൂഗോളയാത്രയായാണ് എനിക്ക് അനുഭവപ്പെട്ടത്. ഞങ്ങളുടെ വീടിന്റെ കിഴക്കെ മുറ്റത്ത് വിശദമായ പൂജയുണ്ടായിരുന്നു. എല്ലാവരും ഉല്‍ക്കടമായ ഭക്തിയില്‍ പ്രാര്‍ത്ഥനയിലായിരുന്നു. എനിക്ക് കൈയില്‍ പിടിക്കാനൊരു ദണ്ഡും ഉടുക്കാനൊരു ചുകന്ന പട്ടും കിട്ടി. ആ പട്ടുമുണ്ട് എനിക്ക് വലിയ ഇഷ്ടമായി. അതായിരുന്നു ആ പരിപാടിയിൽ ഏറ്റവും ആകര്‍ഷകമായി തോന്നിയത്. ഇടക്കിടെ ഹര ഹരോ ഹര ഹര എന്നു പറഞ്ഞ് നടക്കണം. ഇത്രയല്ലേയുള്ളൂ, അത് ഒരു താളം പോലെ സംഗീതാത്മതമായി പറയണം. അതൊരു കുഴപ്പവുമില്ലാത്ത കാര്യമാണ്.
പൂജാ പ്രസാദത്തിലെ മുന്തിരിയുടെയും കല്‍ക്കണ്ടത്തിന്റെയും മധുരം വായില്‍ കിടക്കുന്നു. എനിക്ക് ഈ തീര്‍ത്ഥാടനം ഒരു പിക്‌നിക്കായി അനുഭവപ്പെട്ടു. വര്‍ഷംതോറും കൂടിവരുന്ന ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം ഇപ്രകാരം, അത്​ അവരൊരു പിക്‌നിക്കായി എടുത്തതുകൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്.

14-ാം വയസ്സായതോടെ, വിവേചനബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് തുടങ്ങിയതിനാല്‍ ഈശ്വരഭക്തിയെല്ലാം അവസാനിപ്പിച്ചു. തുടര്‍ന്ന് ക്ഷേത്രദര്‍ശനം എന്ന പതിവ് അവസാനിപ്പിച്ചു.

പെരിഞ്ഞനത്തുനിന്ന് ഇരിഞ്ഞാലക്കുടയിലേക്ക് പോകണമെങ്കില്‍ അന്ന് കനോലിക്കനാല്‍ കടത്ത് കടക്കണം. അതുതന്നെ വലിയ യാത്രയാണ്. തൃശ്ശൂരെത്തിയപ്പോൾ രാത്രിയായി. അവിടെ നിന്ന് പഴനിയിലേക്കെത്തിയത് അടുത്ത ദിവസം രാത്രിയിലായിരുന്നു. തൃശ്ശൂരു നിന്ന് ഷൊര്‍ണ്ണൂര്‍, അവിടെനിന്ന് പോത്തനൂര്‍, അവിടെ നിന്ന് പഴനി. ആകെ രണ്ട് ദിവസത്തെ യാത്ര. ഇപ്പോൾ ഏതാനും മണിക്കൂര്‍ കൊണ്ട് ജനങ്ങൾ പഴനിക്ക് പോയി മടങ്ങിവരുന്നു. ശ്രീനാരായണഗുരുവിന്റെ കാലത്ത്, ഗുരു തൃശ്ശൂരിൽനിന്ന് പാലക്കാട്ടെ ഡോ. കൃഷ്ണനെ കാണാൻ പോയത് രണ്ട് ദിവസമെടുത്താണ്​.

പഴനി യാത്രയിലുടനീളം ഞങ്ങൾ, കുട്ടികൾ, തീവണ്ടി കംപാര്‍ട്ട്‌മെന്റിലെ തറയില്‍ കിടക്കും. ഇടക്ക് വാശി പിടിച്ച് കരയും. ഭക്ഷണസമയത്ത് മാത്രം മിണ്ടാതിരിക്കും. രാത്രി താമസിച്ചത്​ വെങ്കിടേശ്വര ലോഡ്ജിലാണെന്ന് തോന്നുന്നു. രാവിലെ തുടങ്ങി പഴനിമല കയറ്റം. ധാരാളം പടികളുള്ളതിനാല്‍ പനിനീര്‍ കുപ്പിയും പിടിച്ച് ഓടിക്കയറാൻ ഞങ്ങൾ കുട്ടികൾക്ക്​ ബഹുരസമായിരുന്നു. മുതിര്‍ന്നവര്‍ പതുക്കെ കിതച്ച് പിന്നിലായിരുന്നു.

ഏഴാം വയസ്സിലെ പഴനി തീര്‍ത്ഥാടനം ഒരു ഭൂഗോളയാത്രയായാണ് എനിക്ക് അനുഭവപ്പെട്ടത്.

അവിടെ, കാലുകൊണ്ട്​ ചവുട്ടിക്കുഴച്ചാണ്​ പഞ്ചാമൃതം എന്ന നിവേദ്യമുണ്ടാക്കിയിരുന്നത്​. അവരുടെയെല്ലാം കാലിലും ദേഹത്തുമുണ്ടായിരുന്നു സർവതും കലര്‍ന്നിട്ടാണ് ആ ‘അമൃത്​’ ഉണ്ടാകുന്നത് എന്നാലോചിച്ചാല്‍, അത് കാണുന്നവര്‍ക്ക് ഓക്കാനം വരും. ഇതെല്ലാം ഞാന്‍ നേരിട്ട് കണ്ടതാണ്. മടക്കത്തില്‍ എന്റെ കൈയിലുണ്ടായിരുന്ന ഒരു നിവേദ്യപ്പൊതി ഒരു മിടുക്കന്‍ കുരങ്ങ് തട്ടിക്കൊണ്ടുപോയി. അവ തക്കം പാത്ത് അവിടെ റോഡരികിലിരിക്കുകയായിരുന്നു.

14-ാം വയസ്സായതോടെ, വിവേചനബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് തുടങ്ങിയതിനാല്‍ ഈശ്വരഭക്തിയെല്ലാം അവസാനിപ്പിച്ചു. തുടര്‍ന്ന് ക്ഷേത്രദര്‍ശനം എന്ന പതിവ് അവസാനിപ്പിച്ചു. എന്റെ തീരുമാനത്തെ അമ്മ ഒട്ടും എതിര്‍ത്തിരുന്നില്ല.

അമ്മ പറഞ്ഞു; 'ശ്രീനാരായണഗുരു നാം കരുതും പോലെ ഒരു സാധാരണ ഹിന്ദു സന്യാസി ആയിരുന്നില്ല, യുക്തിവാദി ആയിരുന്നു.'
അമ്മ പറഞ്ഞ യുക്തിവാദി എന്ന വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.

ശ്രീനാരായണഗുരു യുക്തിവാദിയായിരുന്നു എന്ന് ആദ്യമായി എന്നോട് പറഞ്ഞുതന്നത് അമ്മയായിരുന്നു. ക്ലാസില്‍ വച്ച് ടീച്ചര്‍, ശ്രീനാരായണഗുരു ഒരു സന്യാസിയാണ്​ എന്ന മട്ടില്‍ സംസാരിക്കുകയായിരുന്നു. അതുകേട്ടപ്പോള്‍ അതിനെപ്പറ്റി അമ്മയോട് ചോദിക്കണമെന്നു തോന്നി.
വീട്ടിലെത്തി ഭക്ഷണശേഷം അമ്മയോട് അന്നത്തെ സ്​കൂൾവിശേഷങ്ങൾ പറയുന്ന പതിവുണ്ടായിരുന്നു. അന്ന്, ടീച്ചർ പറഞ്ഞ​ ഈ വിഷയമാണ് ആദ്യം ചോദിച്ചത്. അമ്മയുടെ അച്ഛന്‍ ശ്രീനാരായണ ഗുരുവുമായി ധാരാളം സംസാരിച്ചിട്ടുണ്ട് എന്നെനിക്കറിയാമായിരുന്നു.
അമ്മ പറഞ്ഞു; 'ശ്രീനാരായണഗുരു നാം കരുതും പോലെ ഒരു സാധാരണ ഹിന്ദു സന്യാസി ആയിരുന്നില്ല, യുക്തിവാദി ആയിരുന്നു.'
അമ്മ പറഞ്ഞ യുക്തിവാദി എന്ന വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. പക്ഷേ അമ്മയ്ക്ക് ഈശ്വരവിശ്വാസവും ക്ഷേത്രാരാധനയും എല്ലാം ഉണ്ടായിരുന്നു. അതോടൊപ്പം യുക്തിപൂര്‍വ്വം ചിന്തിക്കണം എന്നും മനസ്സിലാക്കിയിരുന്നു.

ശ്രീനാരായണഗുരുവായിരുന്നു മലയാളികളെ ചിന്തിക്കാന്‍ പഠിപ്പിച്ചത് എന്ന് കരുതുന്നതില്‍ തെറ്റില്ല. നാടെങ്ങും ആരംഭിച്ച സ്‌കൂളുകളും ഗ്രന്ഥശാലകളും ഗുരു ആരംഭിച്ച നവോത്ഥാന പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്നു. മിഷനറിമാരുടെ ഉദാരമായ വിദ്യാഭ്യാസ പരിപാടികളും കേരള നവോത്ഥാനത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്.

റാഞ്ചിയിലെ
ബിരുദാനന്തബിരുദ പഠനം

1971-ല്‍ ആലുവായിൽ ക്ഷയരോഗവിഭാഗത്തിന്റെ ചാര്‍ജ്ജുള്ളപ്പോഴാണ് റാഞ്ചിയിലെ അഖിലേന്ത്യാ സൈക്യാട്രിക്​ സ്ഥാപനത്തില്‍ ബിരുദാനന്തര പഠനത്തിന് പ്രവേശനം ലഭിക്കുന്നത്. മുളങ്കുന്നത്ത് കാവിലെ നെഞ്ചുരോഗാസ്പത്രിയില്‍ രണ്ടു കൊല്ലം സേവനം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരിക്കണം എനിക്ക് ക്ഷയരോഗവിഭാഗത്തില്‍ നിയമനമായത്​. അന്ന് ഞാന്‍ വിവാഹിതനും മൂത്ത മകന്റെ പിതാവും ആയിക്കഴിഞ്ഞിരുന്നു.

ബിരുദാനന്തരപഠനം നടത്തിയ റാഞ്ചിയിലെ ഈ സ്ഥാപനം ആരംഭിച്ചത്, കല്‍ക്കട്ടയിലെ തെരുവുകളിലൂടെ ഒരു വെള്ളക്കാരന്‍ മനോരോഗം മൂലം അലഞ്ഞുനടക്കുന്നത് അധികാരികള്‍ കാണാനിടയായതിനെത്തുടര്‍ന്നായിരുന്നു. വെള്ളക്കാര്‍ക്കുവേണ്ടി പൂര്‍ണസജ്ജമായ ഒരു മാനസിക രോ​ഗാശുപത്രിയാണ്​ അപ്രകാരം നിലവില്‍ വന്നത്. സ്ഥാപക മേധാവി ഡോ. ഓവന്‍ ബെര്‍ക്ക്‌ലി ഹില്‍ ആയിരുന്നു. പിന്നീട് ബ്രിട്ടീഷുകാരന്‍ തന്നെയായ ആര്‍. ബി. ഡേവിസ് മേധാവിയായി. അദ്ദേഹം മലയാളിയായ നേഴ്‌സിങ്​ സൂപ്രണ്ടിനെ വിവാഹം കഴിച്ച് അവിടെ ഒരു സ്വകാര്യ മനോരോഗ ചികിത്സാലയം നടത്തിവന്നിരുന്നു. വടക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രമായിരുന്നു റാഞ്ചിയിലേത്​. വടക്കെ ഇന്ത്യയിലെ പലയിടത്തുനിന്നും അവിടേക്ക് രോഗികള്‍ വരുമായിരുന്നു.

ഡോ. ഓവന്‍ ബെര്‍ക്ക്‌ലി ഹില്‍, ഡോ. ആര്‍. ബി. ഡേവിസ്

ഞങ്ങളുടെ സമയത്ത് തമിഴ്​നാട്ടുകാരനായ ഡോ. ഭാസ്‌കരനായിരുന്നു മേധാവി. രോഗികളില്‍ ഇരുപത് ശതമാനത്തോളം പേര്‍ പഴയ യൂറോപ്യന്‍മാരായിരുന്നു. അന്ന് പ്രത്യേകിച്ച് മാനസികരോഗ ചികിത്സാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ ജീവിതത്തിന്റെ ശിഷ്ടഭാഗം അവിടെത്തന്നെ കഴിയാനാണ്​ സമൂഹം വിധിച്ചിരുന്നത്​. രോഗികളില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു. അതിനടുത്തുതന്നെ ഇന്ത്യന്‍ മെന്റല്‍ ഹോസ്പിറ്റല്‍ എന്ന പേരിൽ മാനസികാരോഗ്യശാല ഉണ്ടായിരുന്നു. അവിടെയും ബിരുദാനന്തരവിദ്യാര്‍ത്ഥികളും അവര്‍ക്കുള്ള പഠനസംവിധാനവുമുണ്ടായിരുന്നു.

മനഃശാസ്ത്രം പഠിക്കുന്നതോടെ പഠിതാക്കളുടെ മാനസികനിലവാരം താനേ മെച്ചപ്പെടുന്നത് കാണാറുണ്ട്. മറ്റുള്ളവരോട് ശാന്തമായും പക്വതയോടും പെരുമാറാന്‍ മനഃശാസ്ത്രജ്ഞർക്ക്​ കഴിയുന്നത്, മനുഷ്യരുടെ മാനസിക വ്യാപാരത്തെക്കുറിച്ച് മനസ്സിലാക്കിയതുമൂലമുള്ള പക്വതയിലൂടെയാണ്.

മലയാളികളുടെ സാന്നിദ്ധ്യം, റാഞ്ചിയിലും പേരും പ്രശസ്തിയുമുണ്ടാക്കിയിരുന്നു. അവിടത്തെ ആദ്യ വിദ്യാര്‍ത്ഥി ഡോ. ജയിംസ് ടി. ആന്റണിയുടെ പേര് ഇവിടെ ഒരു വാര്‍ഡിന് കൊടുത്തിരുന്നു. ഞങ്ങളുടെ സീനിയര്‍ ബാച്ചില്‍ പകുതി പേരും മലയാളികളായിരുന്നു. ഞങ്ങളുടെ ബാച്ചില്‍ മൂന്നിലൊന്നും മലയാളികളായിരുന്നു. മലയാളി വിദ്യാര്‍ത്ഥികള്‍ പൊതുവെ മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്നതിനാല്‍ പ്രൊഫസര്‍മാര്‍ക്ക് ഞങ്ങളെ ഇഷ്ടമായിരുന്നു.

വ്യക്തിപരമായി എന്റെ പ്രശ്‌നം ഹോസ്റ്റലിലെ ഭക്ഷണമായിരുന്നു. ബീഹാറിലെ പാചകഎണ്ണ കടുകെണ്ണയായിരുന്നു. ഹോസ്റ്റല്‍ മെസിലും അതായിരുന്നു അവസ്ഥ. അതെനിക്ക് വലിയ പ്രശ്‌നമുണ്ടാക്കി. എനിക്കതിന്റെ മണവും രുചിയും പിടിക്കില്ല. 64 കിലോ ഭാരമുണ്ടായിരുന്ന ഞാന്‍ ഏതാനും മാസമായപ്പോഴേക്കും 45 കിലോ ആയി. ഇടക്ക് നാട്ടില്‍ വന്ന അവസരത്തില്‍ എന്നെ കണ്ട ബന്ധുവായ സുബ്രുച്ചേട്ടന്‍ 'എന്തിനാണ് മോനെ ഇത്രയും കഷ്ടപ്പെട്ട് പഠിക്കുന്നത്, നാട്ടിലെന്തെങ്കിലും ചെയ്​തുകൂടേ’ എന്ന് ഉപദേശിച്ചു.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, റാഞ്ചി - പഴയകാല ചിത്രം

മനഃശാസ്ത്രം പഠിക്കുന്നതോടെ പഠിതാക്കളുടെ മാനസികനിലവാരം താനേ മെച്ചപ്പെടുന്നത് കാണാറുണ്ട്. മറ്റുള്ളവരോട് ശാന്തമായും പക്വതയോടും പെരുമാറാന്‍ മനഃശാസ്ത്രജ്ഞർക്ക്​ കഴിയുന്നത്, മനുഷ്യരുടെ മാനസിക വ്യാപാരത്തെക്കുറിച്ച് മനസ്സിലാക്കിയതുമൂലമുള്ള പക്വതയിലൂടെയാണ്. മനഃശാസ്ത്രജ്ഞര്‍ക്ക് ‘പകുതി സുഖക്കേടുണ്ട്’ എന്ന പൊതുജനധാരണ തികച്ചും തെറ്റാണ്. മനഃശാസ്ത്രത്തെ പറ്റി ജനങ്ങളിലുള്ള പല അന്ധവിശ്വാസങ്ങളില്‍ ഒന്ന് മാത്രമാണത്. അവര്‍ ഭൂരിഭാഗവും പരിണിത പ്രജ്ഞരും പക്വതയോടെ പെരുമാറുന്നവരുമാണ്. എന്നിലും അത്തരം ഒരു ഗുണാത്മകമാറ്റം ഉണ്ടായെന്ന് ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട്. കോപം വരല്‍ വളരെ കുറഞ്ഞു എന്നായിരുന്നു അവരുടെ അഭിപ്രായം.

ഒരു ലഹള കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു എന്ന് ആശ്വസിക്കേണ്ടതില്ല. ലഹളക്കുശേഷം ബാക്കി ചെയ്യുന്നത് പോലീസുകാരാണ്.

അവിടെ എന്റെ സഹപാഠിയായി ഉണ്ടായിരുന്നത് ഡോ. എം. പി. ഉണ്ണികൃഷ്ണന്‍ നായരായിരുന്നു. അദ്ദേഹത്തിന്റെ ഒരു കുടുംബസുഹൃത്ത് എച്ച്​. ഇ. സി. എന്ന പൊതുമേഖലാസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പം എച്ച്​. ഇ. സി കാണാന്‍ പോയപ്പോള്‍ അവിടത്തെ കമ്പ്യൂട്ടർ കണ്ടു. ഒരു വലിയ മുറി നിറയെ ആ കമ്പ്യൂട്ടറായിരുന്നു. ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് വിവരങ്ങളും അതില്‍രേഖപ്പെടുത്തിയിരുന്നു. ജനനത്തീയതി കൊടുത്താല്‍ ജാതകം പ്രിൻറ്​ ചെയ്ത് തരും. കൊടുക്കുന്ന ഡാറ്റ അനുസരിച്ച് ജോലി ചെയ്യലാണല്ലോ കമ്പ്യൂട്ടർ ചെയ്യുന്നത്. 50 കൊല്ലം മുമ്പ് ഞാന്‍ കണ്ട ആ കംപ്യൂട്ടറിന്റെ എത്രയോ ഇരട്ടി ശക്തിയുള്ളതും വളരെ ചെറുതുമാണ് ഇന്നത്തെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മറ്റും.

ദലിത്​, പിന്നാക്ക, മുസ്​ലിം ജീവിതങ്ങൾ

നമ്മുടെ നാടിനെ അപേക്ഷിച്ച് വടക്കെ ഇന്ത്യയിലുണ്ടായിരുന്ന സാമൂഹ്യാന്തരീക്ഷത്തിലെ അന്തരം എന്നില്‍ വലിയ ഞെട്ടലുണ്ടാക്കി. സൈക്കിള്‍ റിക്ഷയും മറ്റു റിക്ഷകളും ഓടിക്കുന്നവരെല്ലാം ദലിത്​- പിന്നാക്കക്കാക്കാരാണ്. റയില്‍വെ സ്റ്റേഷനില്‍ നിന്ന് ഈ മാനസികാരോഗ്യകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന 'കാങ്കേ' യിലേക്ക് അഞ്ച് കിലോമീറ്ററാണ്. അത്രയും ദൂരം നാല്‍പ്പതു കിലോ വരുന്ന പെട്ടികളും കൂടെ ഒരു കുട്ടിയുമൊത്തുള്ള സവാരിക്ക് റിക്ഷക്കാരനുള്ള കൂലി വെറും നാലണയാണ്. അത് പല സവര്‍ണരും താഴെ എറിഞ്ഞ് കൊടുക്കുകയാണ് പതിവ്. 'മാലിക്, എന്തെങ്കിലും കൂടുതല്‍ തരൂ' എന്ന് ഇവരാരെങ്കിലും ചോദിച്ചാൽ അടി ഉറപ്പാണ്. ചിലരാകട്ടെ ഒന്നും കൊടുക്കാതെ 'ഛീ പോടാ' എന്നു പറഞ്ഞ് ഓടിക്കും. ആ ക്ഷീണിച്ച പാവം ദൂരെ മാറി നിന്ന് കരയും.

Representative Image / Photo:abebooks.com

ഒരിക്കല്‍ ഞാന്‍ രാജേന്ദ്ര മെഡിക്കല്‍ കോളേജിലേക്ക് ന്യൂറോളജി ക്ലാസിന് ബസില്‍ പോവുകയായിരുന്നു. എന്റെ അടുത്ത സീറ്റില്‍ ​ഒരു മുസ്​ലിം വൃദ്ധൻ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍, കുങ്കുമക്കുറിയിട്ട ഒരു ചെറുപ്പക്കാരന്‍ വന്ന്, 'ഓ തും മുസ്​ലിം' എന്നാക്രോശിച്ച് ആ പാവം വൃദ്ധനെ കോളറില്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് അവിടെ ഇരുന്നു. ഞാനുടനെ എഴുന്നേറ്റ് അദ്ദേഹത്തോട് ഇരുന്നോളൂ എന്ന് ആംഗ്യം കാണിച്ചു. ഭയചകിതനായ അദ്ദേഹം ഇരുന്നില്ല, നിന്നാണ് യാത്ര ചെയ്തത്.

സ്വാതന്ത്ര്യം ലഭിച്ച്, 1973-ൽ കാൽനൂറ്റാണ്ടായപ്പോഴും ഇപ്പോൾ​ 2023- ലും ഇന്ത്യ വികസ്വര രാഷ്ട്രമായി തുടരുന്നു. ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ.

ഡോ. എം. പി. ഉണ്ണികൃഷ്ണന്‍ നായർ, ധുര്‍വയില്‍ നടന്ന വര്‍ഗീയ ലഹളയെക്കുറിച്ച് എന്നോട് പറഞ്ഞു. മുന്നൂറില്‍ പരം മുസ്​ലിംകൾ അവിടെ മരിച്ചുവീണു. ലഹളക്കാര്‍ വീടുകൾ റെയ്ഡ് ചെയ്ത് മുതിര്‍ന്ന പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ റേപ്പ്​ ചെയ്യുകയും വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്​തു. ഒരു വീട്ടില്‍ മൂന്നു വയസ്സുകാരന്‍ ഉറങ്ങുകയായിരുന്നത് ലഹളക്കാര്‍ അറിഞ്ഞില്ല. കുട്ടി കുറെക്കഴിഞ്ഞ് 'മാ ബാപ്' എന്ന് പറഞ്ഞ്​ കരയാന്‍ തുടങ്ങി. മാതാപിതാക്കളെ തേടിയിറങ്ങിയ കുട്ടിയെ റോന്തു ചുറ്റിയിരുന്ന ലഹളക്കാര്‍ കണ്ടു. അവർ ആ കുട്ടിയെ ഇഷ്ടിക കൊണ്ട് എറിഞ്ഞ് കൊന്നു. ആ ക്രൂര കൊലയ്​ക്ക്​ അവർക്കുണ്ടായിരുന്ന ന്യായം, ആ കുട്ടി വലുതായാല്‍ 4500- ഓളം ഗോമാതാക്കളെ കൊന്നു തിന്നും എന്നായിരുന്നു.

ഒരു ലഹള കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു എന്ന് ആശ്വസിക്കേണ്ടതില്ല. ലഹളക്കുശേഷം ബാക്കി ചെയ്യുന്നത് പോലീസുകാരാണ്. 'ക്രമസമാധാനം' പാലിക്കാന്‍ പോലീസ് അവിടെ ക്യാമ്പ്​ ചെയ്യും. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്, മുസ്​ലിംകളെ അനങ്ങാന്‍ വയ്യാതാക്കുക മാത്രമാണ്. ആരെയും ജോലിക്ക് പോകാന്‍ അനുവദിക്കില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റില്ല. അവർ ഭക്ഷണത്തിനായി യാചിച്ച് ജീവിക്കണം. ആ സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും മുറ്റിനിന്നിരുന്നു എന്നത് വലിയ കഷ്ടമായിത്തോന്നി. ആ രാഷ്ട്രീയമാണ് ഇന്ന്​ നമ്മുടെ നാട് ഭരിക്കുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ ഭാവി തീരെ ശോഭനമല്ലെന്ന് മനസ്സിലാകും.

1973-ലെ ​കേരളം, ഇന്ത്യ

സ്വാതന്ത്ര്യം ലഭിച്ച്, 1973-ൽ കാൽനൂറ്റാണ്ടായപ്പോഴും ഇപ്പോൾ​ 2023- ലും ഇന്ത്യ വികസ്വര രാഷ്ട്രമായി തുടരുന്നു. ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. ലോകത്തെ ഏറ്റവും ദരിദ്രരും നിരക്ഷരരും കുഷ്ഠരോഗികളും എയ്ഡ്‌സ് രോഗികളും പോഷകാഹാരം കുറവുള്ള കുട്ടികളും എല്ലാം ഇന്ത്യയില്‍ തന്നെയാണ്. പക്ഷേ, അന്നത്തേക്കാൾ എടുത്തു പറയത്തക്ക രാഷ്ട്രീയ - സാമൂഹ്യ- സാമ്പത്തിക മാറ്റങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചിട്ടുണ്ട്. അതോടൊപ്പം, തെക്കുപടിഞ്ഞാറേ അറ്റത്ത് കിടക്കുന്ന കേരളവും മുടന്തി മുന്നോട്ടു പോയിട്ടുണ്ട്. നൂറു ശതമാനം സാക്ഷരത, ആരോഗ്യരംഗത്ത് അത്ഭുതകരമായ നേട്ടങ്ങള്‍ എന്നിവ മാതൃകാ സംസ്ഥാനമായ കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്.

1973-ല്‍ ഇന്ത്യ ഭരിച്ചിരുന്നത് ഇന്ദിരാഗാന്ധിയാണ്​. ദേശീയ തലത്തില്‍ അന്ന് കോണ്‍ഗ്രസ് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്നു. കേരളത്തില്‍ലാകട്ടെ, സി.പി.എം പ്രബല ശക്തിയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രീതിയിലാണ് കേരളത്തിൽ കമ്യൂണിസ്​റ്റ്​ പാർട്ടി അധികാരത്തില്‍ വന്നത്. അവര്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കി. ഭൂമി കൈവശം വയ്ക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പഴയ ജന്മികള്‍ക്ക് വലിയ പരിക്കുപറ്റിയതുമില്ല, ഭൂമിയില്ലാത്ത കീഴാളര്‍ക്ക് കാര്യമായ നേട്ടമുണ്ടായതുമില്ല.

1973 കാലത്തുതന്നെ കേരളം വിദ്യാഭ്യാസത്തിലും സാക്ഷരതയിലും, അഖിലേന്ത്യാ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍, വലിയ നേട്ടങ്ങളുണ്ടാക്കിയിരുന്നു.

1973 കാലത്തുതന്നെ കേരളം വിദ്യാഭ്യാസത്തിലും സാക്ഷരതയിലും, അഖിലേന്ത്യാ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍, വലിയ നേട്ടങ്ങളുണ്ടാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി പുരോഗമനപരമായ സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളെ സഹായിക്കുന്ന നടപടികള്‍ സംസ്ഥാനം എടുത്തുവന്നിരുന്നു. ഈ കാലഘട്ടത്തിലെ സാമ്പത്തിക വളര്‍ച്ച, സ്വയംപര്യാപ്തത കൈവരിക്കാനും ഇറക്കുമതി കഴിയുന്നത്ര കുറച്ചുകൊണ്ടുവരുവാനും ലക്ഷ്യമിട്ടുള്ള ഒന്നായിരുന്നു. കൃഷി, വ്യവസായിക ഉല്‍പാദനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള കാലഘട്ടം. ഇതുമൂലം ഈ മേഖലകളിൽ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പമോ മീതെയോ വികസിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. സാംസ്‌കാരികവും കലാപരവുമായ രംഗങ്ങളില്‍ കേരളം എടുത്തുപറയത്തക്ക പുരോഗതി കൈവരിച്ചിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ എടുത്തുപറയാവുന്നത് ജനകീയമായി നടത്തപ്പെടുന്ന ഉത്സവങ്ങളാണ്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രീതിയിലാണ് കേരളത്തിൽ കമ്യൂണിസ്​റ്റ്​ പാർട്ടി അധികാരത്തില്‍ വന്നത്. അവര്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കി. ഭൂമി കൈവശം വയ്ക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

സ്വാതന്ത്ര്യം കിട്ടി കാല്‍നൂറ്റാണ്ട് പിന്നിട്ട 1973-ല്‍ ഇന്ത്യയുടെ വികസനയാത്ര പതുക്കെയാണെങ്കിലും ദിശാബോധത്തോടെയുള്ളതായിരുന്നു. അതോടൊപ്പം കേരളവും പരിഷ്‌കരണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സാമ്പത്തിക വികസനം എന്നീ രംഗങ്ങളില്‍ പുരോഗതി നേടി. ഒപ്പം, സാംസ്‌കാരിക തനിമയും മികവും പുലര്‍ത്താന്‍ശ്രദ്ധിക്കുകയും ചെയ്​തു.

ഏതു രാജ്യത്തിന്റെയും ഭാവി വിവിധ ഘടകങ്ങളെ അടിസ്​ഥാനമാക്കിയാണ്​ നിർണയിക്കാനാകുക. രാഷ്ട്രീയശക്തികള്‍, സാമ്പത്തിക ഘടകങ്ങള്‍, സാമൂഹിക ഘടകങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവ. ഇവയെല്ലാം പ്രവചനാതീതമായി മാറാന്‍സാധ്യതയുള്ളവയാണ്. അതുകൊണ്ട് ഒരു രാജ്യത്തിന്റെ ഭാവി കൃത്യതയോടെ പ്രവചിക്കാനാകില്ല.

കൗമാരപ്രായത്തിലുള്ള ജനങ്ങളുടെ ജനസംഖ്യ ലോകത്ത് ഏറ്റവും അധികം ഇന്ത്യയിലാണ്. അതിനാല്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള ജനങ്ങളുള്ള രാജ്യം ഇന്ത്യയാണ്. അതേസമയം, ലോകത്തെ ഏറ്റവും ദരിദ്ര്യമുള്ള രാജ്യം, അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന രാജ്യം, സാമൂഹ്യ- സാമ്പത്തിക അന്തരം ഏറ്റവും കൂടുതലുള്ള രാജ്യം എന്നീ പ്രശ്‌നങ്ങളും ഇന്ത്യ അഭിമുഖീകരിക്കുന്നു.

നവോത്ഥാനം ശക്തമായും ഫലപ്രദമായും മുന്നേറിയ സംസ്ഥാനം കേരളമാണ്. ഉയര്‍ന്ന സാക്ഷരത, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷിതത്വം, സാമൂഹ്യ വികസനം എന്നിവ എടുത്തുപറയേണ്ടതാണ്. വര്‍ണ്ണനാതീതമായ പ്രകൃതിസൗന്ദര്യത്താല്‍ കേരളം അനുഗ്രഹീതമാണ്​. ഏറ്റവും പ്രവാസികളുള്ള സംസ്ഥാനവും കേരളമാണ്. പ്രകൃതിക്ക് പോറലേല്‍ക്കാതെയുള്ള വികസനം, തൊഴില്‍ശക്തിയുടെ ഫലപ്രദമായ വിനിയോഗം, വിവരസാങ്കേതികവിദ്യ ഉപയോഗിച്ച്​ തൊഴില്‍ സാധ്യത വളര്‍ത്തല്‍ എന്നിവ കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച്​ പ്രധാനമാണ്.

(തുടരും)


ഡോ. പി.കെ. സുകുമാരൻ

മനോരോഗ വിദഗ്ധൻ, എഴുത്തുകാരൻ, യുക്തിവാദ പ്രവർത്തകൻ. തൃശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൽട്ടൻറ്​ സൈക്യാടിസ്റ്റ്. ഇന്ത്യൻ സൈക്യാട്രിക്​ സൊസൈറ്റിയിൽ ആജീവനാന്ത ഫെല്ലൊ. ​​​​​​​ഹൃദ്‌രോഗം മുതൽ കോവിഡ് വരെ: രോഗലക്ഷണങ്ങളും രോഗ നിർണയവും, ശങ്കരാചാര്യർ വിചാരണ ചെയ്യപ്പെടുന്നു, വിഷാദോന്മാദ ജീവിതം ബൈപോളാർ, സ്‌കിസോഫ്രീനിയ: അനുഭവവും വിശകലനവും തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments