പദ്മ ( പ്രവീൺ വൈശാഖന്റെ അമ്മ )

മരണശേഷം അമ്മ എന്റെയുടലിൽ
​ഓർമയായലിഞ്ഞുചേർന്നു...

അമ്മയുടെ വായനാമുറി അടുക്കള തന്നെയായിരുന്നു. ഒരു കൈയിൽ ചട്ടുകത്തോടൊപ്പം മറുകൈയ്യിൽ ഒരു പുസ്തകമോ, വാരികയോ എപ്പോഴുമുണ്ടാകും. കടുത്ത ജീവിതപ്രതിസന്ധികളിലൂടെ കടന്നുപോവാനുള്ള ഫിലോസഫി വളർത്താൻ അമ്മയെ സഹായിച്ചത് ഈ വായനയുടെ ലോകം തന്നെയായിരിക്കും.

വേർപാട് നോവല്ല വേർപെട്ടൊടുങ്ങലാം...
അമ്മയുടെ മരണത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്നും മനസ്സിൽ തെളിയുന്നത് പ്രിയ കവി മധുസൂദനൻ നായരുടെ തീവ്രസാന്ദ്രമായ ഈ വരികളാണ്.

അമ്മ പോയിട്ട് 24 വർഷം കഴിഞ്ഞു, പക്ഷെ അമ്മയുടെ മരണം സൃഷ്ടിച്ച വലിയ ശൂന്യത നികത്താൻ കഴിയാത്ത വേദനയായി ഇന്നും എന്നെ അനാഥനാക്കി ഒറ്റയ്ക്കലയാൻ വിടുന്നു.

എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ നടന്ന ഒരു ശസ്ത്രക്രിയയെ തുടർന്ന്​, അപകടകരമായ അണുസംക്രമണം മൂലം മരിച്ചുജീവിച്ച ഒരാളാണ് അമ്മ. പിന്നീട് കുറേ വർഷങ്ങൾ സ്വന്തം ഇച്ഛാശക്തിയിൽ അസുഖങ്ങൾക്കും ശാരീരിക അസ്വസ്ഥകൾക്കും എതിരെ പൊരുതി ജീവിച്ചു. ജീവിതത്തിന്റെ ഏത് പ്രതിസന്ധിഘട്ടത്തിലും ആത്മശക്തിയുടെ ചെറുപുഞ്ചിരിയോടെ; എല്ലാം ശരിയാവും, ഈ അവസ്ഥയും മാറും എന്ന ആശ്വാസവും കരുതലുമായിനിന്ന അമ്മ ഒരു ദിവസം ഇല്ലാതാവുന്നു.

പ്രവീൺ വൈശാഖന്റെ അച്​ഛൻ വൈശാഖനും അമ്മ പദ്​മയും

ഇനി അമ്മയില്ല, ആ ശബ്ദമില്ല, ചിരിയില്ല, വിളിയില്ല.

‘മോനെ, മക്കൾക്കതിന് കഴിയും, മക്കൾ ധൈര്യമായി പോയിട്ടു വരൂ’ എന്ന അനുഗ്രഹത്തിന്റെ കവചം ഇനിയില്ല. ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങളുടെ, അന്തമില്ലായ്മയുടെ ഇരുട്ടിലേക്കിറങ്ങുമ്പോൾ വെളിച്ചത്തിന്റെ തീപ്പന്തമായി നിന്ന അമ്മ ഇനിയില്ല. ആൾക്കൂട്ടത്തിൽ അമ്മയുടെ വിരൽ പിടിച്ച് നടന്നിരുന്ന ഞാൻ തിരക്കിലെവിടെയോ വച്ച് ആ വിരലിൽ നിന്ന്​ വിട്ടുപോവുന്നു.

കരുതലിന്റെ, സ്നേഹത്തിന്റെ, ശുഭാപ്തിയുടെ ആ വിരലറ്റം നഷ്ടമായ ആ ദിവസം, ജനാരവത്തിൽ ഒറ്റപ്പെട്ട ഒരു കുഞ്ഞായി, അമ്മേ അമ്മേ എന്ന് കരഞ്ഞലഞ്ഞ് ഞാൻ നടന്ന ആ ദിവസം, ഘനീഭവിച്ച് ഖനമാർന്ന് താഴ്ന്നുനീങ്ങുന്ന ഇരുമേഘങ്ങളുടേതായിരുന്നു. അമ്മയുടെ മരണം വേദനകളുടെയും ഒറ്റപ്പെടലിന്റെയും അഗാധമായ ചുഴിയിലേക്കാണ് എന്നെ തള്ളിവിട്ടത്.

വൈശാഖനും പദ്മയും മക്കളായ പ്രവീൺ, പ്രദീപ്, പൂർണിമ എന്നിവർക്കൊപ്പം

52-ാം വയസ്സിലാണ് അമ്മ ഞങ്ങളെ വിട്ടുപോയത്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അമ്മ ധാരാളം വായിക്കുമായിരുന്നു. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ ഒരുപോലെ അമ്മ വായിച്ചിരുന്നു. അമ്മയുടെ വായനമുറി അടുക്കള തന്നെയായിരുന്നു. ഒരു കൈയിൽ ചട്ടുകത്തോടൊപ്പം മറുകൈയിൽ ഒരു പുസ്തകമോ, വാരികയോ എപ്പോഴുമുണ്ടാകും. കടുത്ത ജീവിതപ്രതിസന്ധികളിലൂടെ കടന്നുപോവാനുള്ള ഫിലോസഫി വളർത്താൻ അമ്മയെ സഹായിച്ചത് ഈ വായനയുടെ ലോകം തന്നെയായിരിക്കും. റവയോ, മുളകോ, പഞ്ചസാരയോ പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസുകഷ്ണം പോലും അമ്മ വായിക്കുന്നത് കാണാറുണ്ട്​. ഇതിൽ എന്താണ് വായിക്കുന്നത് എന്നുചോദിച്ചാൽ അമ്മ പറയും, അക്ഷരങ്ങൾ അച്ചടിച്ചുവരുന്ന ഏത് കടലാസുകഷ്ണത്തിലും നമ്മെ ജീവിതത്തിൽ കൈപിടിച്ച് നടത്താനുള്ള എന്തെങ്കിലും നല്ല കാര്യങ്ങൾ കാണുമെന്ന്.

അന്ന് അമ്മയുടെ വിരൽത്തുമ്പിൽ നിന്ന്​ കൂട്ടംതെറ്റിപ്പോയ കുട്ടി ഇന്ന് ദൂരെ ഇരുകാർമേഘങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവിന്റെ വിരൽത്തുമ്പായി അമ്മയെ കാണുന്നു. അമ്മ ഇവിയെയൊക്കെത്തന്നെയുണ്ടായിരുന്നു എന്നെനിക്കുതോന്നുന്നു. ഒരു ദൃശ്യസ്നേഹമായും കരുതലായും, വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന എന്നെ വഴിനടത്തി, മക്കൾ ധൈര്യമായി പോകൂ, ഒക്കെ ശരിയാവും എന്നെന്നോട് പറയുന്നു.

ആരെയും ഒരു കാര്യത്തെയും മുൻവിധിയോടെ കാണാതെ തുറന്നമനസ്സോടെ കണ്ടിരുന്ന അമ്മ അയൽപക്കത്തെ സ്ത്രീകൾക്ക് എന്നും വലിയൊരു ആശ്വാസമായിരുന്നു. ഒരുവിധം എല്ലാ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് അടുത്ത വീടുകളിൽ നിന്ന്​ ആരെങ്കിലും അമ്മയെ കാണാൻ വരും, വീട്ടിലെ പ്രാരാബ്ധങ്ങളും കഷ്ടതകളും പറയാനാണ് അവർ വരുന്നത്. അമ്മ അവർ പറയുന്നതെല്ലാം കേൾക്കും, അവരെ ആശ്വസിപ്പിക്കും. വായനയിൽ നിന്ന്​ അമ്മ സ്ഫുടം ചെയ്‌തെടുത്ത ദർശനങ്ങൾ പകർന്ന് അവരെ സമാധാനിപ്പിച്ചയയ്ക്കും. അമ്മ അവർക്കെല്ലാം ഒരു വെളിച്ചമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്​. അമ്മയുടെ മരണം അവരെയും അനാഥമാക്കി.

പദ്​മയും വൈശാഖനും

ഒടുവിൽ ഞാനൊറ്റയാവുന്നു എന്ന തോന്നലിൽ നിന്ന്​ രക്ഷപ്പെടാൻ എനിക്കാവുമായിരുന്നില്ല.

പല തത്വചിന്തകളിലും ഞാനലഞ്ഞു. ഈ ശൂന്യതയിൽനിന്ന് രക്ഷ നേടാൻ ശ്രമിച്ചു. അതിഭൗതികചിന്തകളിൽ അഭയം തേടി. കാലങ്ങൾ കടന്നുപോയി, പ്രായമായി വരുന്ന ഞാൻ അമ്മയോടടുക്കുന്നു എന്ന തോന്നൽ കുറേയൊക്കെ സമാധാനമുണ്ടാക്കാൻ തുടങ്ങി. അന്ന് അമ്മയുടെ വിരൽത്തുമ്പിൽ നിന്ന്​ കൂട്ടംതെറ്റിപ്പോയ കുട്ടി ഇന്ന് ദൂരെ ഇരുകാർമേഘങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവിന്റെ വിരൽത്തുമ്പായി അമ്മയെ കാണുന്നു. അമ്മ ഇവിയെയൊക്കെത്തന്നെയുണ്ടായിരുന്നു എന്നെനിക്കുതോന്നുന്നു.
ഒരദൃശ്യസ്നേഹമായും കരുതലായും, വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന എന്നെ വഴിനടത്തി, മക്കൾ ധൈര്യമായി പോകൂ, ഒക്കെ ശരിയാവും എന്നെന്നോട് പറയുന്നു.

കരുതലിന്റെ, സ്നേഹത്തിന്റെ, ശുഭാപ്തിയുടെ ആ വിരലറ്റം നഷ്ടമായ ആ ദിവസം, ജനാരവത്തിൽ ഒറ്റപ്പെട്ട ഒരു കുഞ്ഞായി, അമ്മേ അമ്മേ എന്ന് കരഞ്ഞലഞ്ഞ് ഞാൻ നടന്ന ആ ദിവസം, ഘനീഭവിച്ച് ഖനമാർന്ന് താഴ്ന്നുനീങ്ങുന്ന ഇരുമേഘങ്ങളുടേതായിരുന്നു

ഇനി ഭൗതികതലത്തിൽ ചിന്തിച്ചാൽ, പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്​, മരിച്ചുപോകുന്നവർ ഇവിടെത്തന്നെ മണ്ണായും ​പൊടിയായും കാറ്റായും മഴയായും തീർന്ന് രാസവിശ്ലേഷണങ്ങളിലൂടെ, നമ്മുടെ മസ്തിഷ്‌ക അറകളിലേക്ക്​ വീണ്ടുമെത്തി, നമ്മളിലേക്കുതന്നെ അലിഞ്ഞുചേർന്ന്, നമ്മുടെ ഓർമകളായി നിലനിൽക്കുന്നു എന്ന്.

പദ്​മ

അവർ നമ്മുടെ ഭാഗമായി തീർന്നിട്ടുണ്ട്​, അതുകൊണ്ടാണ് നമ്മൾ അവരെ ഓർക്കുന്നത്. അവർക്ക് നമ്മോട് എത്ര അടുപ്പമുണ്ടായിരുന്നു, നമുക്കവർ എത്ര പ്രിയപ്പെട്ടവരായിരുന്നു എന്നതിനെ ആശ്രയിച്ച്, അവരെക്കുറിച്ച്​ നമ്മുടെ തലച്ചോറിന്റെ നാഡീകോശങ്ങളിലുണ്ടാകുന്ന ഓർമകളുടെ രാസമാറ്റങ്ങൾക്ക് തീവ്രത കൂടും. അതിന്റെ അളവുകോലനുസരിച്ച് നമ്മൾ അവരെക്കുറിച്ച് ഓർക്കുന്നതിന്റെ വ്യക്തത കൂടും. ചിലപ്പോൾ നമ്മൾ അവരെ വീണ്ടും കണ്ടതായും അവർ നമ്മോട് സംസാരിക്കുന്നതായും തോന്നാം. ഇത്രയും കാലം നമുക്കിടയിൽ ശ്വസിച്ചും ചിരിച്ചും കരഞ്ഞും കലഹിച്ചും മറ്റൊരു ഉടലായി ഉണ്ടായിരുന്ന അവർ മരണമെന്ന അവസ്ഥാന്തരത്തിലുടെ നമ്മുടെതന്നെ ശരീരത്തിൽ ഓർമയായി അലിഞ്ഞുചേരുന്നു.

അവർ വേറെയില്ല, അവർ നമ്മിൽ തന്നെയായി...
പിന്നെന്തിന് നാം ദുഃഖിക്കണം?
വേറെയായിരുന്ന അവർ ഇപ്പോൾ വേറേയല്ലല്ലോ... ▮

​വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments