ചിത്രീകരണം: സുധീഷ്​ കോ​ട്ടേ​മ്പ്രം

തീനോർമ

ഏറെക്കാലത്തിനുശേഷം കഞ്ഞിവെള്ളത്തിൽ പച്ചമുളകും ഉപ്പും വാളൻപുളിയും ഞെരടി നോക്കുന്നു. അതിന്റെ എരിപുളിയുപ്പിൽ എനിക്കെന്റെ പോയകാലങ്ങൾ ഒന്നായി രുചിക്കുന്നു.

പുളിഞ്ചോറ്​

റന്റിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കറിൽ അരി വേവാൻ കാത്തിരിക്കുമ്പോൾ തീയില്ലാത്ത അതിന്റെ ഊഷ്മാവ് കണ്ണീരില്ലാത്ത സങ്കടം പോലെയും ചിരിയില്ലാത്ത ആനന്ദം പോലെയും അമൂർത്തമായ ജീവിതാവസ്ഥകളോട് ഉപമിക്കപ്പെടുന്നു.
​കാണാൻ പറ്റാത്ത ഒരു തീ ജീവിതത്തെ തിളപ്പിക്കുന്നു എന്നുകൂടി അത് എന്റെ ഭാവനയെ തൊടുന്നു.

പകർച്ചവ്യാധിക്കാലത്തെ ഏകാന്തതയിൽ ഞാൻ ഒരോർമ്മജീവിയായി മാറി.
ഓർമ ഒരു കാൽപനിയ സൗന്ദര്യാനുഭൂതിയായി പരിഗണിക്കപ്പെടുന്ന സാംസ്‌കാരിക ചുറ്റുപാടിൽ വ്യക്തിയോർമ്മയുടെ അടച്ചിട്ട മുറികൾ തുറക്കാൻ ചെറുതല്ലാത്ത ജാള്യതയുണ്ട്. അല്ലെങ്കിൽ ഓർമ്മയെഴുതാൻ ആർക്കാണർഹത എന്ന ചോദ്യവും ഉള്ളാലെ ഈ എഴുത്തിൽ നിന്നെന്നെ പിന്തിരിപ്പിക്കുന്നുമുണ്ട്. എങ്കിലും അത്ര വിദൂരമല്ലാത്ത ഒരു കാലത്തിൽനിന്ന്​ കരിപ്പൊടിച്ചിത്രത്തിൽ നിന്നെന്ന പോലെ ഓർമ അനേകം പിക്സലുകളുള്ള ചെറുചെറു യൂണിറ്റുകളായി പല നേരങ്ങളിൽ വന്നുപോകുമ്പോൾ, അപ്പൂപ്പൻതാടി പിടിക്കാൻ വെമ്പുന്ന കുട്ടിക്കാല കൗതുകം പോലെ ഞാനവയ്ക്ക് പിന്നാലെ വെറുതെ പായുന്നു.

വിശപ്പ് കത്തിയാളിയ ഏതൊക്കെയോ ഉച്ചകളിൽ വയലുകളവസാനിക്കുന്ന വിജനമായ കുനിയിൽ നട്ട മരക്കിഴങ്ങോ മധുരക്കപ്പയോ പിഴുതെടുത്ത് തിന്നിട്ടുണ്ട്. ആ ചെയ്തികളിലെ കുറ്റബോധം വർഷങ്ങളോളം എന്നെ വേട്ടയാടിയിരുന്നു.

അതിലൊരു യൂണിറ്റിൽ അഞ്ചാം ക്ലാസുകാരനായ എന്നെയെനിക്ക് വ്യക്തമായി കാണാം. നീലയും വെള്ളയും യൂണിഫോമിൽ അവൻ വയലുകളും തോടുകളും ഇടവഴികളും താണ്ടി മൂന്നോ നാലോ കിലോമീറ്റർ ദൂരത്തുള്ള സ്‌കൂളിലേക്ക് ധൃതിപ്പെട്ട് പോകുന്നു. ഉച്ചബെല്ലിന് എല്ലാവരും ചോറ്റുപാത്രം തുറക്കുമ്പോൾ അത്രയും ദൂരം വീട്ടിലേക്കോടുന്നു. രാവിലെ ചോറുപൊതിഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഓടിക്കിതച്ച് വീട്ടിലെത്തുമ്പോൾ അടുപ്പത്ത് അരി തിളയ്ക്കുന്നേ ഉണ്ടാവുകയുള്ളൂ. പാതിവെന്ത ചോറും പുളിവെള്ളവുമായിരിക്കും മിക്കദിവസങ്ങളിലെയും ഉച്ചഭക്ഷണം. അല്ലെങ്കിൽ കഞ്ഞിയും ചക്കപ്പുഴുക്കും, കൊള്ളിക്കിഴങ്ങ് കറിയും ചോറും. മീനുള്ള ദിവസങ്ങളിൽ മീൻചാറും ചോറും. പൊള്ളുന്ന ചോറ് വാരിവാരിത്തിന്ന് തിരികെയോടണം. എങ്കിലേ രണ്ടുമണി ബെല്ലിന് സ്‌കൂളെത്തൂ. വേവാത്ത ചോറും പുളിവെള്ളവും വയറ്റിൽ കല്ലിച്ചുകിടക്കും. വിശപ്പ് അപ്പോഴും വയറുന്തിനിന്നിരുന്നു. വൈകുന്നേരം സ്‌കൂൾ വിട്ടുവരുന്ന വഴി നാട്ടുമാങ്ങകൾ കിട്ടും. അല്ലെങ്കിൽ ആളില്ലാപ്പറമ്പിലെ പേരയ്ക്കകൾ, വാഴത്തോട്ടത്തിൽ കിളി ചപ്പിയ പഴങ്ങൾ. വിശപ്പ് കത്തിയാളിയ ഏതൊക്കെയോ ഉച്ചകളിൽ വയലുകളവസാനിക്കുന്ന വിജനമായ കുനിയിൽ നട്ട മരക്കിഴങ്ങോ മധുരക്കപ്പയോ പിഴുതെടുത്ത് തിന്നിട്ടുണ്ട്. ആ ചെയ്തികളിലെ കുറ്റബോധം വർഷങ്ങളോളം എന്നെ വേട്ടയാടിയിരുന്നു.

ഹൈസ്‌കൂൾ ക്ലാസിലെത്തിയപ്പോൾ വീട്ടിലേക്കുള്ള ഉച്ചയോട്ടം പതുക്കെ നിന്നു. അപ്പോളെനിക്ക് വിശപ്പ് സഹിക്കാവുന്നതായി. പലയിടത്തുനിന്നായി പെറുക്കിയ അടക്കകളും കശുവണ്ടിയും വിറ്റുകിട്ടുന്ന തുച്ഛമായ ‘പോക്കറ്റ് മണി' അഭിമാനത്തോടെ ചെലവഴിക്കാൻ അപ്പോഴേക്കും വളർന്നിരുന്നു. സ്‌കൂൾ കാന്റീനിൽ ‘അരച്ചോർ' കിട്ടും. മുഴുവൻ ചോറ് വലിയ സുഭിക്ഷതയായിരുന്നു. ആ സുഭിക്ഷത എനിക്ക് വേണ്ടിയിരുന്നില്ല. കാന്റീനിൽ കുട്ടികൾക്ക് മുഴുവൻ ചോറിന് അന്ന് പന്ത്രണ്ട് രൂപയായിരുന്നു. ആറുരൂപയ്ക്ക് അരച്ചോർ കിട്ടും. വിശപ്പുകെടാൻ അതുമതിയായിരുന്നു. ഇടയ്‌ക്കെല്ലാം കടം പറഞ്ഞ് ഊണുകഴിക്കുന്നതിനാൽ റൊക്കം പണം കൊടുത്ത് ഊണിനിരിക്കുമ്പോഴും വിളമ്പുകാരന്റെ ഔദാര്യനോട്ടം എന്നെ വേദനിപ്പിച്ചിരുന്നു. ആ അപമാനത്താൽ പലപ്പോഴും കാന്റീൻ ഒഴിവാക്കി പകരം ആ പൈസയ്ക്ക് തൊട്ടടുത്ത കടയിൽനിന്ന് പൊറോട്ടയും കടലക്കറിയും കഴിക്കും. നാരുനാരായി ചിതറിനിൽക്കുന്ന ചൂടുപൊറോട്ടയുടെ അക്കാലരുചി സ്‌കൂളോർമ്മയ്‌ക്കൊപ്പം വിടാതെനിൽക്കുന്നു. ഇന്നെനിക്കറിയാം, നന്നല്ല ആരോഗ്യത്തിന് എന്നറിയാമായിരുന്നിട്ടും തെരുവോര തട്ടുകടകളിൽനിന്ന് പൊറോട്ട വാരിവലിച്ചുതിന്നുന്ന ഒരാളുടെ വിശപ്പ്. വിശപ്പിനെ എരിയിച്ചുകളയുന്ന അത്ഭുതഭക്ഷണമായി പൊറോട്ട അന്നേ കൂടെക്കൂടി.
ഒരിക്കൽ ആ പൊറോട്ടക്കാലം ഒരു കവിതയിൽ മറ്റൊരു രൂപത്തിൽ എഴുതി.

‘‘...കുറ്റിപ്പുറം ഹിമാലയ ഹോട്ടലിലും വടകര സമ്പൂർണ്ണ ഹോട്ടലിലും കരിങ്ങാച്ചിറ ഹീറോ ഹോട്ടലിലും തലശ്ശേരിയിലെയും കലൂരിലെയും തട്ടുകടകളിലും കല്ലേരിയിലെ കള്ള് ഷാപ്പിലും ഇപ്പോൾ ഒറ്റയ്‌ക്കൊരാൾ പൊറോട്ട തിന്നുന്നുണ്ട്. അയാളുടെ ലാസ്റ്റ് ബസ്സ് പോയിക്കഴിഞ്ഞിരിക്കും. അയാൾക്ക് എത്തിച്ചേരേണ്ട വീടും ചെല്ലാമെന്നേറ്റ പണിസ്ഥലങ്ങളും അയാളെ ഓർക്കുന്നുണ്ടാവില്ല. ആമാശയത്തിൽ കഴിയുന്ന വിശപ്പ് എന്ന് പേരുള്ള വളർത്തുമൃഗത്തോട് മാത്രമാണ് ഇപ്പോൾ അയാളുടെ കൂറ്...'’ (ഒറ്റയ്ക്ക് പൊറോട്ട തിന്നുന്നവനെക്കുറിച്ച് ഒരു മെലോഡ്രാമ)

ഇപ്പോൾ അടച്ചിരിപ്പിന്റെ നാളുകളിൽ പാചകപരീക്ഷണങ്ങളുടെ യൂറ്റ്യൂബ്​ചാനലുകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. പാചക ‘പരീക്ഷണങ്ങൾ' എനിക്ക് "ആഡഡ് ലക്ഷ്വറി'യായി തോന്നുന്നതിനാൽ ഞാനവ സ്‌കിപ് ചെയ്യുന്നു. എന്റെ തീനോർമ്മകൾ വെറുംവയറ്റിൽ തീക്കൊള്ളി കൊണ്ട് എഴുതപ്പെട്ടിരിക്കുന്നു.
അതിനാൽ എത്ര മുതിർന്നിട്ടും ‘വാട്സ് യുവർ ഫേവറിറ്റ് ഫുഡ്?' എന്ന ചോദ്യം വരുമ്പോൾ ഞാൻ പരുങ്ങലിലാവുന്നു. അങ്ങനെയൊന്നില്ല. ഒന്നിൽക്കൂടുതൽ സാധ്യതകളിൽനിന്നാണല്ലോ തെരെഞ്ഞെടുപ്പ് ഉണ്ടാകുന്നത്. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള ചോയ്സ് ഇല്ലാതിരുന്ന കുട്ടിക്കാലം ആദ്യം കിട്ടുന്നതെന്തും ഇഷ്ടപ്പെട്ടു. മാംസവും മധുരവും വിശേഷാവസരങ്ങളിൽ മാത്രം ലഭ്യമായിരുന്ന അപൂർവ്വതയായിരുന്നു അന്നൊക്കെ.

എൺപതോ നൂറോ വിലയുള്ള ഷവർമ കഴിക്കുന്ന പതിനാലുകാരന്റെ കാഴ്ച അവന്റെ പ്രായത്തിലുള്ള എന്നെയെനിക്ക് കാണിച്ചുതന്നു. അന്ന് പരിപ്പുവടയ്‌ക്കൊപ്പം തന്ന ടിഷ്യൂ പേപ്പറിൽ അവിടിരുന്ന് ഞാൻ ആ എന്നെയെഴുതി.

ആദ്യമായി ഐസ്‌ക്രീം കഴിച്ചത് ഇന്നുമോർക്കുന്നു. നാട്ടിലെ ഒരു ഉത്സവത്തിന്റെ അന്ന് തൂത്തി പൊട്ടിച്ച് കിട്ടുന്ന പൈസയുമായി ചെന്ന് ഓരോന്നൊക്കെ വാങ്ങും. അതിൽ പലതും അനാവശ്യമായ കളിപ്പാട്ടങ്ങളാവും. പലനിറക്കണ്ണടകളോ അന്നേക്കന്ന് പൊട്ടിത്തീരുന്ന ബലൂണുകളോ ആഞ്ഞൊന്ന് ഊതിയാൽ അടപ്പൂരുന്ന പീപ്പികളോ. ഉൽസവം തീരും മുൻപേ അവ കേടാവുമെങ്കിലും ആ കൗതുകങ്ങൾ അതേപടി നിലനിൽക്കും, അടുത്ത കൊല്ലം വരെ. അക്കൂട്ടത്തിൽ ഒരുൽസവത്തിനാണ് ഐസ്‌ക്രീമും ഗുൾഫിയും കുട്ടികൾക്കിടയിൽ- മുതിർന്നവർക്കിടയിലും- തരംഗമായി വന്നത്. ഒറ്റയ്ക്ക് ഐസ്‌ക്രീം കഴിക്കുന്നതിലെ കുറ്റബോധമോർത്ത് അതുവാങ്ങി വീട്ടിലെത്തി ഏച്ചിമാരോടൊപ്പം കഴിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ രണ്ടുകൈകളിൽ ഓറഞ്ചുനിറമുള്ള അറ്റംകൂർത്ത രണ്ടുകപ്പുകളിൽ പതയുന്ന ആവേശവുമായി ഞാൻ വീട്ടിലേക്കോടി. പാതിയും കൈകളിലൂടെ ഒലിച്ചിറങ്ങിയ രൂപത്തിലാണ് വീടെത്തുന്നത്. എങ്കിലും കൈത്തണ്ടയിൽനിന്ന് അതിന്റെ മധുരം നക്കിത്തിന്നുന്ന ഒരു ചെക്കന്റെ ചിരി എന്നെ എല്ലാ ഐസ്‌ക്രീം പാർലറുകളിലും പിന്തുടരുന്നു.

അരിയരച്ച് കുഴച്ച് വെള്ളത്തിലിട്ട് വേവിച്ചെടുക്കുന്ന കൊഴുക്കട്ട ഇഷ്ടമായിരുന്നു. അതാവുമ്പോൾ, കൊഴക്കട്ടയും അതിന്റെ വെള്ളവും ഒരേപോലെ വസൂലാക്കാം. എന്നാൽ അതിഥികൾ വരുമ്പോൾ ഈ കൊഴക്കട്ട മൂടിച്ചെമ്പിൽ ആവിയിലാവും വേവിക്കുക്കുക. അപൂർവ്വമായി മാത്രം ആവിയിൽ വേവിക്കുന്ന അടയും കൊഴുക്കട്ടയും അതിനാൽ ഏറെ ഇഷ്ടപ്പെട്ടു. സ്വന്തമായി മൂടിച്ചെമ്പില്ലാത്തതാണ് ആവിയിൽ വേവിക്കുന്ന അട കിട്ടാത്തതിന്റെ കാരണമെന്ന് ബോധ്യപ്പെട്ട ഒരു പതിനൊന്ന് മണിനേരത്ത് അയൽവക്കത്തെ വീട്ടിൽ കഴുകിക്കമിഴ്ത്തിവെച്ച മൂടിച്ചെമ്പ് കൈയ്യോടെ എടുത്തുകൊണ്ടുവന്ന കിറുക്കൻ ചെക്കനെ ഏച്ചിമാർ അന്നേ കളിയാക്കുമായിരുന്നു. ഇന്നുകഴിക്കുന്ന ഓരോ അടയിലും ആ ആവിച്ചെമ്പുകള്ളന്റെ കൊതി പറ്റിപ്പിടിച്ചിരിക്കുന്നു.

നഗരത്തിലെ ആൺമുറിജീവിതത്തിനിടയിലെ വെപ്പും കുടിയും അനിവാര്യമായ മറ്റുചില തിരിച്ചറിവുകളിലേക്ക് നയിച്ചു. അപ്പോഴേക്കും അരച്ചോറിൽ നിന്ന് മുഴുച്ചോറിലേക്ക് എനിക്ക് സ്ഥാനക്കയറ്റം കിട്ടിയിരുന്നു. വിശപ്പ് ഒരു കടങ്കഥപോലെ മറന്നുതുടങ്ങി. അടുക്കളയിൽ കയറിയിട്ടില്ലാത്ത സഹതാമസക്കാരിൽ ചിലർ അരിയിടുമ്പോൾ അരിമണികൾ കുറേ പാഴാകുമായിരുന്നു. കഴുകുമ്പോൾ സിങ്കിലും തിളയ്ക്കാനിടുമ്പോൾ പാത്രത്തിലും പറ്റിപ്പിടിച്ച അരിമണികൾ ഒരു ദയയുമില്ലാതെ തൂത്തുകളയും. പല രാത്രികളിലും അളവില്ക്കവിഞ്ഞ ചോറ് കണ്ടത്തിൽ കമിഴ്ത്തും. പാഴാക്കിക്കളയുന്ന ഓരോ വറ്റും എനിക്കെന്റെ പഞ്ഞകാലത്തിന്റെ ഓർമ്മക്കുത്തായി നോവും.

ഒരു ദിവസം താമസിക്കുന്ന സ്ഥലത്തിനടുത്തെ ബേക്കറിയിലിരുന്ന് വൈകുന്നേരച്ചായ കുടിക്കവേ, തൊട്ടടുത്തെ ടേബിളിൽ ഒരു പതിനാലുകാരൻ ഒറ്റയ്ക്ക് ഒരു ഷവർമ ഓർഡർ ചെയ്ത് കഴിക്കുന്നത് കണ്ടു. ഇവിടെ അത് നിത്യസാധാരണമായ കാഴ്ച. ചായക്കൊപ്പം പരിപ്പുവടയോ അരിപ്പത്തിരിയോ മാത്രമായിരുന്നു എന്റെ തെരഞ്ഞെടുപ്പ്. എൺപതോ നൂറോ വിലയുള്ള ഷവർമ കഴിക്കുന്ന പതിനാലുകാരന്റെ കാഴ്ച അവന്റെ പ്രായത്തിലുള്ള എന്നെയെനിക്ക് കാണിച്ചുതന്നു. അന്ന് പരിപ്പുവടയ്‌ക്കൊപ്പം തന്ന ടിഷ്യൂ പേപ്പറിൽ അവിടിരുന്ന് ഞാൻ ആ എന്നെയെഴുതി.

ഏട്ടിലെ പയ്യിനുള്ള മുതിരപ്പുഴുക്കിൽനിന്ന് ഒരോതി മാറ്റിവെയ്ക്കും അമ്മ ചക്ക പോലുമില്ലാത്ത കർക്കിടകത്തിൽ ഞങ്ങളുടെ പള്ളയിലെ തീ കെടുത്താൻ. നെല്ല് കുത്താനോ കള പറിക്കാനോ പോകുമ്പോൾ ദയയുള്ള വല്യേടത്തുകാർ അവരുടെ സ്വദേശത്തില്ലാത്ത മരുമക്കളുടെ പാകമാകാത്ത കുപ്പായങ്ങൾ തരും. കൂറമുട്ടായി മണക്കുന്ന അവരുടെ ഉടുപ്പിന്റെ അയവിലേക്ക് വളരാൻ ഞങ്ങൾ കാലങ്ങളോളം കാത്തിരിക്കും. ചോളം പൊരിക്കോ കോലൈസിനോ വേണ്ടി കരഞ്ഞിട്ടില്ല. കടം വാങ്ങിയ മലയാളം പാഠാവലി മഴ വീണു കുതിർന്നു പോയി. ഗുണനപ്പട്ടികയ്ക്ക് കശുവണ്ടി കൂട്ടിവെച്ചു. പൊട്ടിയ സ്ലേറ്റിന്റെ ചട്ട കൊണ്ടു ടിവിയുണ്ടാക്കി കളിച്ചു.

‘ദാരിദ്ര്യം എന്ന പേരിൽ ഇനിയൊരു കവിതയ്ക്ക് സാധ്യതയുണ്ടോ?' എന്ന കവിതയായി അത് ‘ഉഭയജീവിതം' എന്ന എന്റെ ബ്ലോഗിലിട്ടു. പിറ്റേ ആഴ്ച അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ബ്ലോഗന' പംക്തിയിൽ ആ കവിത അച്ചടിച്ചുവരികയും ചെയ്തു. ആ കവിത വായിച്ച് പലരും അതിശയം പ്രകടിപ്പിച്ചു. എനിക്കത് അതിശയോക്തിയില്ലാത്ത ജീവിതം തന്നെയായിരുന്നു. ദാരിദ്ര്യം പറയാൻ മറ്റുവഴികളില്ലായിരുന്നു. കവിതയിലോ ചിത്രത്തിലോ കയറ്റിവയ്ക്കാവുന്ന, ചിലപ്പോൾ അതിനും പാകമാവാത്ത ഇല്ലായ്മക്കഥകളെ ഞാൻ കണ്ടില്ലെന്ന് നടിച്ചു. എങ്കിലും കാരൂരിനെയും ബഷീറിനെയും വിക്റ്റർ ഹ്യൂഗോവിന്റെ ജീൻ വാൽ ജീനിനെയും എനിക്ക് നന്നായി അറിയുമായിരുന്നു. എഴുതപ്പെട്ട സാഹിത്യത്തേക്കാൾ സഹജമായ ജീവിതാനുഭവങ്ങളുള്ള കൂട്ടുകാരുടെ വിശപ്പിനുമുന്നിൽ എനിക്കെന്റെ കഥകൾ അപ്രസക്തമായി തോന്നി.

വീട്ടിലേക്ക് ഒരു കൂട്ടുകാരെയും ക്ഷണിച്ചിരുന്നില്ല. ആരുടെയും ക്ഷണം സ്വീകരിച്ച് കൂട്ടുകാരുടെ വീടുകളിൽ പോകാനും ഞാൻ മടിച്ചു. എന്റെ ദാരിദ്ര്യം എന്റെമാത്രം ആകുലതയും രഹസ്യവുമായി ഞാൻ സൂക്ഷിച്ചു.

‘കത്തലടക്കീക്കോ?' എന്നാണ് അമ്മമ്മ (അച്ഛന്റെ അമ്മ) എപ്പോഴും ചോദിച്ചിരുന്ന ഒരു ചോദ്യം. വല്ലതും കഴിച്ചോ എന്നതിന്റെ പ്രാദേശിക വകഭേദമാണത്. വയറ്റിലുള്ളത് തീയാണെന്നും അതിന്റെ കത്തൽ അടക്കാനുള്ളത് മാത്രമാണ് അന്നമെന്നും കരുതിയ ഒരു തലമുറയുടെ ഭാഷയാണത്. കത്തലടക്കാനുള്ള വകകൾ അടുക്കളയിലെ ഉറിയിലോ, മുണ്ടിന്റെ കോന്തലയിലോ അമ്മമ്മ കരുതിവെച്ചിരുന്നു. കുട്ടികളോടും ആടു- മൂരി- പൈക്കളോടും അമ്മമ്മ ആ കരുതൽ ജീവിതാന്ത്യംവരെ കാട്ടി. ഒരാഴ്ചയോളമേ അമ്മമ്മ കിടപ്പിലായുള്ളൂ. ദൂരെ നഗരത്തിൽനിന്നും ഞാനെത്തുമ്പോഴേക്കും അമ്മമ്മയെ അടക്കിയിരുന്നു. ചുവന്നമണ്ണിന്റെ കൂനയിലേക്ക് ചൂണ്ടി അച്ഛൻ പറഞ്ഞു, ‘അമ്മ പോയി'.

സുഖമരണമായിരുന്നു അതെന്ന് അവിടെക്കൂടിയ ചിലരൊക്കെ പറയുന്നതുകേട്ടു. ആ വാക്കിൽ വല്ലാത്തൊരു നിർമമതയുണ്ടായിരുന്നു. പതുക്കെപ്പതുക്കെ ഞാനുമത് ഉൾക്കൊണ്ടു. ഒരുദിവസം എളേമ്മ പറഞ്ഞു, വയ്യാതായി കിടപ്പിലായതുമുതൽ അമ്മയൊന്നും തിന്നിരുന്നില്ല എന്ന്. അമ്മമ്മയുടെ ആണ്ടിന് എല്ലാ കൊല്ലവും അച്ഛൻ "കൊടുക്ക' വെക്കും. നേരെവെച്ച നാക്കിലകളിൽ ചക്കപ്പുഴുക്കും കടലപ്പുഴുക്കും അവിലും വെല്ലവും തേങ്ങാപ്പൂളും അരിപ്പായസവും കള്ളുമടങ്ങിയ കൊടുക്ക അകത്തുവെച്ച് പത്തുമിനിട്ട് എല്ലാവരും പുറത്തുനിൽക്കും. മരിച്ചവർ വന്നുപോയിക്കഴിഞ്ഞ് അകത്തുവെച്ചതൊക്കെയും ഞങ്ങൾ കഴിക്കാൻ തുടങ്ങും. തീനും കുടിയും നിർത്തിപ്പോയ അമ്മമ്മയുടെ കുഴമ്പുമണം അന്ന് രാത്രിയിൽ വീടിനുചുറ്റും പരക്കും. ഇപ്പോഴാരും കത്തലടക്കിയോ എന്ന് ചോദിക്കുന്നുണ്ടാവില്ല. ആ തീ കാലം ചെല്ലുമ്പോൾ അണഞ്ഞുകാണണം. നിറച്ചുണ്ണരുതെന്നും ഒരു കാക്കത്തൂക്കം പള്ളയിൽ ബാക്കിവെയ്ക്കണമെന്നും അക്കാലത്ത് കേട്ട മറ്റൊരു പ്രയോഗമാണ്. തിന്നാൻ വേണ്ടി ജീവിക്കരുതെന്നും, ജീവിക്കാൻ വേണ്ടി തിന്നാമെന്നും അച്ഛൻ പറഞ്ഞാണ് ആദ്യമായി കേൾക്കുന്നതും.

വീട്ടിലേക്ക് ഒരു കൂട്ടുകാരെയും ക്ഷണിച്ചിരുന്നില്ല. ആരുടെയും ക്ഷണം സ്വീകരിച്ച് കൂട്ടുകാരുടെ വീടുകളിൽ പോകാനും ഞാൻ മടിച്ചു. എന്റെ ദാരിദ്ര്യം എന്റെമാത്രം ആകുലതയും രഹസ്യവുമായി ഞാൻ സൂക്ഷിച്ചു. താമസസ്ഥലത്തുനിന്ന് കോളേജിലേക്ക് പോകാനുള്ള എസ്.ടി ടിക്കറ്റിനുള്ള അൻപതു പൈസ കൈയ്യിൽ ഇല്ലാതെ, മറ്റാരോടെങ്കിലും ചോദിക്കാൻ മടിച്ച് കോളേജ് കട്ട് ചെയ്ത് മുറിയിലിരുന്നു. അന്ന് അകാരണമായി എനിക്ക് പനിച്ചിരിക്കണം. കോളേജിൽ പോകാത്തതിനു മതിയായ കാരണമായി അത്തരം പനികൾ പിന്നെയും വന്നു.

പടംവര പഠനകാലത്ത് അതിഥികളുടെ കാരിക്കേച്ചർ വരയ്ക്കുന്ന ഒരു പണിക്ക് മുന്തിയ ഹോട്ടലിൽ ഞായറാഴ്ചകളിൽ പോയിരുന്നു. നഗരത്തിലെ വലിയ ബിസിനസ്സുകാർ, രാഷ്ട്രീയക്കാർ, സിനിമാതാരങ്ങൾ, വിദേശ സഞ്ചാരികൾ എന്നിവരായിരുന്നു അവിടത്തെ അതിഥികൾ. മണിക്കൂറുകളോളം ചെലവിടുന്ന ലഞ്ച്/ഡിന്നർ പാർട്ടികളായിരുന്നു അവ. പലതരം വിഭവങ്ങൾ നിരനിരയായി വെച്ചതിനടുത്ത് അലങ്കാരച്ചെടികൾക്ക് മറവിലിരുന്ന് അതിഥികൾ കാണാതെ അവരെ വരയ്ക്കുന്ന പണിയായിരുന്നു എനിക്ക്. ചിലപ്പോൾ നേരിട്ട് ഇരുന്നുതന്നും വരയ്ക്കും. അവരറിയാതെ വരയ്ക്കപ്പെട്ട കാരിക്കേച്ചറുകൾ കാണിച്ച് അതിഥികളെ സന്തോഷിപ്പിക്കുകയാണ് ഹോട്ടൽ മാനേജ്മെന്റിന്റെ താല്പര്യം. അതിഥികളുടെ ഛായ പിടിച്ചെടുത്ത് അവ കാരിക്കേച്ചർ രീതിയിലേക്ക് പരിവർത്തിപ്പിച്ച് ഹോട്ടലിന്റെ മുദ്രയോടൊപ്പം കൊടുക്കണം. ഒരു നിശ്ചിതതുകയ്ക്കാണ് അത്തരമൊരു കരാർ. കരാർ എടുത്ത ഇവൻറ്​ മാനേജ്മെൻറ്​ കമ്പനിയാണ് കാരിക്കേച്ചർ ആർട്ടിസ്റ്റുകളെ ഏർപ്പാടാക്കുന്നത്. അവരുടെ കമ്മീഷനും കഴിഞ്ഞുള്ള തുകയാണ് ആർട്ടിസ്റ്റിനു ലഭിക്കുക. കാരിക്കേച്ചർ ഇഷ്ടപ്പെടുന്നവരിൽനിന്ന് ലഭിക്കുന്ന ചെറിയ ടിപ്പും (പലപ്പോഴും വിദേശികളുടെ പക്കൽനിന്ന്) സ്റ്റാർ ഹോട്ടൽ ഭക്ഷണവുമാണ് ആ താല്ക്കാലിക പണിയിലെ ആകർഷകത്വം. അതിഥികൾ മടങ്ങിക്കഴിഞ്ഞാവും അനുബന്ധജോലികൾ ചെയ്യുന്ന ആളുകൾക്കൊപ്പം ആ ‘മുന്തിയ' ഭക്ഷണം ലഭിക്കുക. അപ്പോഴേക്കും വിശേഷപ്പെട്ട പലതും കാലിയായിരിക്കും. മാത്രവുമല്ല, പേരറിയാത്ത ഭക്ഷണങ്ങളുടെ വലിയ നിരയിൽനിന്ന് ഏതെടുത്ത് രുചിക്കും എന്നറിയാത്തതിനാൽ ഏറ്റവും പരിചയമുള്ള ഇറച്ചിക്കറിയും റൈസും കൊണ്ട് ആ ബുഫേയിലെ ഒടുവിലത്തെ ആശ്രിതനായി തിന്നുമടങ്ങും. ഭക്ഷണം ആഡംബരത്തിന്റെ ചിഹ്നമായ അവിടെനിന്ന് ഒരു രുചിപോലും കൂടെക്കൂടിയില്ല. പകരം അപമാനത്താലും ലജ്ജയാലും കുനിഞ്ഞ ശിരസ്സോടെയാവും അവിടെനിന്ന് മടങ്ങുക. കോളേജിനടുത്തെ കല്യാണമണ്ഡപത്തിൽ നടക്കുന്ന വിളിക്കാത്ത കല്യാണങ്ങൾക്ക്, അമ്പലനടയിലെ പൊള്ളുന്ന വെയിൽകൊണ്ട് കാത്തിരുന്ന പ്രസാദ ഊട്ടുകൾക്ക്... അങ്ങനെ പിന്നെയും എത്രയോ ഇടങ്ങളിലായി അക്കാലത്ത് ഊണ് തരായി. കൂട്ടംചേർന്ന് പോയിരുന്ന അത്തരം കള്ളയൂണുകൾക്ക് അക്കാലത്തെ തമാശയും ലഹരിയുമുണ്ടായിരുന്നു. ഒറ്റയ്ക്കായിരുന്നെങ്കിൽ പോകാനറയ്ക്കുന്ന ഊട്ടുപുരകൾ.

മൂരിക്ക് കൊണ്ടുവച്ച മുതിരയിൽനിന്ന് ഒരോതി മാറ്റിവെച്ചിരുന്ന അമ്മയും, കൊടുത്ത ചോറിൽ എപ്പോഴും ‘മറ്റുള്ളോർക്ക്' മിച്ചം വയ്ക്കുന്ന അച്ഛനും എന്റെ തീനോർമ്മയുടെ മറ്റൊരറ്റത്തുണ്ട്. അവരുടെ കുട്ടിക്കാലവും അവർക്കും മുന്നേ അവരുടെ അച്ഛനമ്മമാരുടെ കുട്ടിക്കാലവും നിരനിരയായി വന്നുനിൽക്കുമ്പോൾ വിശന്ന തലമുറകളുടെ ഭൂപടംതന്നെ എനിക്കിപ്പോൾ കാണാം.

കട്ടുതിന്നവന്റെയുള്ളമറിയാം. പച്ചവെള്ളം കടിച്ചുതിന്നുന്ന ഒരാളിന്റെ വാ(യ്)ക്കു രുചിയറിയാം.
തീയില്ലാത്ത ചൂടിൽ ഇപ്പോൾ എന്റെ ചോറ് വെന്തിരിക്കുന്നു.
ഏറെക്കാലത്തിനുശേഷം കഞ്ഞിവെള്ളത്തിൽ പച്ചമുളകും ഉപ്പും വാളൻപുളിയും ഞെരടി നോക്കുന്നു. അതിന്റെ എരിപുളിയുപ്പിൽ എനിക്കെന്റെ പോയകാലങ്ങൾ ഒന്നായി രുചിക്കുന്നു. ▮


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി. കലാവിമർശകൻ. ന്യൂഡൽഹി ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിൽ കലാചരിത്ര ഗവേഷകൻ. ​​​​​​​ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments