രണ്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ ഒരദ്ധ്യായമായിരുന്നു “മാഗ്ഗിപട്ടിയും കുറിഞ്ഞി പൂച്ചയും”… അങ്ങനെ തന്നെയായിരുന്നോ അതിന്റെ പേര് എന്ന് കൃത്യമായി ഓർമ്മ ഇല്ലെങ്കിലും, അതിലെ ഒരു വരി തുടങ്ങുന്നത് “മാഗ്ഗി പട്ടിയും കുറിഞ്ഞി പൂച്ചയും” എന്നായിരുന്നു.
അതു വായിക്കുമ്പോൾ ആ “മാഗ്ഗി പട്ടിയും” എന്ന പേരിന് കുറച്ച് അധികം ഊന്നൽ കൊടുത്ത് വായിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത് കേട്ട് അടുക്കളയിൽ നിന്നു അമ്മ ചിരിച്ചുകൊണ്ട് വന്ന് പറയും… “വേണ്ട മോളെ…”
അമ്മയുടെ ആ കുസൃതിച്ചിരി… അതുപോലെ പ്രിയപ്പെട്ട മറ്റൊന്നുമില്ലെന്ന് ഇടയ്ക്കു തോന്നും.
ഞാൻ എപ്പോഴും ഓർക്കാൻ ശ്രമിക്കുന്ന ഒരു കാര്യം - എനിക്ക് അമ്മയെപ്പറ്റിയുള്ള ആദ്യത്തെ ഓർമ്മ എന്താണ്? കോഴിക്കോട് ആ വാടകവീട്ടിലെ ഒരു മുറിയിൽ “ഉഷ” തയ്യൽ മെഷീനിൽ അമ്മ ഇരുന്ന് തുന്നുന്നു. കൂടെ ടേപ്പ് റെക്കോർഡറിൽ കിഴക്കു വാസൽ സിനിമയിലെ പച്ചമല പൂവ് എന്ന പാട്ടും. ഇതാണ് ഞാൻ പലവട്ടം മറിച്ചുനോക്കിയിട്ടും കിട്ടിയ അമ്മയുടെ ആദ്യ ഓർമ്മ ചിത്രം. ആദ്യ ഓർമ്മയിൽ പോലും അമ്മ എന്തോ തുന്നിച്ചേർക്കുകയായിരുന്നു. പിന്നീടുള്ള കാലം മുഴുവൻ ചെയ്തതും അതുതന്നെ. ചില കഥകളിൽ വായിക്കുന്ന പോലെ നിഷ്കളങ്കവും സർവംസഹയുമായ ഒരു അമ്മയായിരുന്നില്ല മാഗ്ഗി ജോൺസൺ. ചിലപ്പോൾ സ്റ്റൈലായി നടക്കുന്ന സുകുമാരി, ചിലപ്പോൾ ഒരു പാവം കവിയൂർ പൊന്നമ്മ; ചിലപ്പോൾ ആനപ്പാറ അച്ചാമ്മ, ചില സമയം ഒരു കുശുമ്പുകാരി മറിയാമ്മ…
മൊത്തത്തിൽ എന്റെ മാതാശ്രീ കൗസല്യ അടിപൊളിയായിരുന്നു.
ഗാർഡനിംഗ്, ഷോപ്പിംഗ്, തുന്നൽ, മസാല ദോശ, ബേക്കിംഗ്, മമ്മൂട്ടി – ഇതൊക്കെയായിരുന്നു ഇഷ്ട വിഷയങ്ങൾ. പള്ളിയും ഭക്തിയും ഉണ്ടായിരുന്നെങ്കിലും, അത് അമ്മയുടെ പുസ്തകത്തിലെ അവസാന പേജിലെ കുറച്ചു വരികളായിരുന്നു എന്ന് തോന്നും. അമ്മയുടെ ട്രീറ്റ്മെന്റ് സമയത്ത്, ആശുപത്രി വൈകുന്നേരങ്ങളിൽ സീരിയൽ ഇട്ടുതരാൻ പറയും. “കാൻസർ അല്ലേ അമ്മേ, ഒരു ചേഞ്ചിന് - രോഗ ശാന്തിക്കായി ശാലോം വെച്ചാലോ?”. “നീ ആ ബിഗ് ബോസ് ഇട്ടേ, അതാണ് നല്ലത്” എന്ന് പറഞ്ഞപ്പോൾ - എന്റെ അല്ലേ അമ്മ!, എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. അമ്മമാരെപ്പറ്റി എഴുതുമ്പോൾ നമ്മൾ പലപ്പോഴും അവരെ പുണ്യവതിയാക്കും. പക്ഷേ ഞാൻ മിസ് ചെയ്യുന്നത് ആ പുണ്യവതിയെ അല്ല. ബിഗ് ബോസ് വെക്കാൻ പറയുന്ന, കുശുമ്പ് പറയുന്ന, ദേഷ്യപ്പെടുന്ന, പൊട്ടിച്ചിരിക്കുന്ന ആ മുഴുവൻ സ്ത്രീയെയാണ്.
അന്നത്തെ കാലത്ത് പല വീടുകളിലും കണ്ടിരുന്ന പഠനക്രമം ഒന്നും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല.
കേബിൾ കട്ട് ചെയ്യുക, എല്ലാവരും വീട്ടിൽ ഇരുന്നു കുട്ടിയുടെ പരീക്ഷക്ക് വേണ്ടി ഒരുങ്ങുക, നൊവേന നേർച്ച ഈ വക കലാ പരിപാടികൾ ഒന്നും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. എക്സാം ടൈംടേബിൽ കിട്ടിയോ എന്ന് അറിയാൻ അമ്മയ്ക്ക് വലിയ ഉത്സാഹം ആണ്. കിട്ടിയ ഉടനെ വലിയ ഒരു ചാർട്ട് പേപ്പറിൽ ചാപ്റ്റർ നമ്പറും സബ്ജക്റ്റും ചേർത്തു റിവിഷൻ ചാർട്ട് ഉണ്ടാക്കും. ഓരോ ചാപ്റ്ററും റിവിഷൻ കഴിഞ്ഞാൽ ആ നമ്പറിന് ചുറ്റും ഒരു വട്ടം വരയ്ക്കും. ഓരോ റിവിഷന് ഓരോ ചിഹ്നങ്ങൾ ആണ്. പരീക്ഷയ്ക്കടുത്താകുമ്പോൾ അത് സൂര്യനും ചന്ദ്രനും നിറഞ്ഞ ഒരു ഗാലക്സി ആയി കാണും. അതാണ് അമ്മയുടെ സന്തോഷം. അതിൽ മാത്രം ഒതുങ്ങില്ല - രാത്രി കിടക്കുന്നതിന് മുമ്പ് ചീട്ടോ, ലൂഡോ, കവടിയോ കളിച്ചാൽ അമ്മയ്ക്ക് ഡബിൾ സന്തോഷം. ഇടനേരങ്ങളിൽ കഴിക്കാൻ സ്നാക്സും നാരങ്ങാ വെള്ളവും, ഉച്ചക്ക് വേണേൽ കുറച്ചു നേരം മയങ്ങാം, വൈകുന്നേരം ഒരു ആർഭാടത്തിന് ഇച്ചിരി ടീവിയും കാണാം. അങനെ പോയിരുന്നു എന്റെ ലാവിഷ് സ്റ്റഡി ഹോളിഡേയ്സ് കാലഘട്ടം.
സ്കൂളോ, കോളേജോ കഴിഞ്ഞ് വന്ന ഉടനെ, അവിടെ നടന്നതെല്ലാം പറയാതെ ഇരുന്നാൽ എനിക്ക് സമാധാനം കിട്ടില്ല. ചൂട് ചായയോടൊപ്പം ചൂടൻ സംഭാഷണം. കൂടെ ഒരു കടി കൂടി ഉണ്ടേൽ ഭേഷായി! അത് കേൾക്കാൻ അമ്മ പണി ഒക്കെ തീർത്തു റെഡി ആയി ഇരിക്കുന്നുണ്ടാവും. “ചായക്ക് ഇതേ ഉള്ളോ?” എന്ന് ചോദിച്ചാൽ അന്തരീക്ഷം യുദ്ധക്കളം ആയി മാറാൻ നല്ല വഴി ഉള്ളത് കൊണ്ട്, കിട്ടിയതു കിട്ടി എന്ന ഭാവത്തിൽ അവിടെ പിള്ളേര് പറഞ്ഞതും, അവരുടെ ക്രഷും എന്റെ ക്രഷും ഞാൻ ഇരുന്നു വിളമ്പും. എന്റെ ക്രഷുകൾക്ക് അധികം പ്രോത്സാഹനം കിട്ടാത്തതിനാൽ ഞാൻ മറ്റുള്ളവരുടെ ക്രഷിലേക്ക് തന്നെ തിരിയും.
ഈ കഥകളിലൂടെ തന്നെ എന്റെ എല്ലാ കള്ളത്തരങ്ങളും അമ്മ നല്ല അസ്സലായി പൊക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ എല്ലാ പ്രണയകഥകളും അമ്മയുടെ ഹൃദയത്തിൽ ഇരിപ്പുണ്ട്.
ഓരോ കഥയ്ക്കും കഥാപത്രത്തിനും അമ്മയ്ക്ക് ഉത്തരം ഉണ്ട്. എന്തിന് അധികം പറയുന്നു – എന്റെ ജീവിതത്തിലെ ജീവനില്ലാത്ത വസ്തുവിന് പോലും അമ്മ ജീവൻ നൽകുന്ന കഥകൾ നിറയ്ക്കും. എനിക്ക് 12 വയസ്സ് ഉള്ളപ്പോഴാണെന്നാണ് എന്റെ ഓർമ്മ - അമ്മയുടെ അനിയത്തി ഒരു പാരീസ് യാത്ര കഴിഞ്ഞ് വന്നപ്പോൾ കൊണ്ടുവന്ന സാധനങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു വെള്ള ലേസ് ഒക്കെ വെച്ചുള്ള ഒരു അണ്ടർവെയർ കൊണ്ടുവന്നു. അമ്മ അത് എടുത്ത് അലമാരയുടെ ലോക്കറിൽ വെച്ചു. കാര്യം ചോദിച്ചപ്പോൾ പറഞ്ഞു: “ഒരു നല്ല ഒക്കേഷൻ വരട്ടെ. അപ്പോൾ തരാം.” ഈ സംഭവം എങ്ങനെയായാലും പുറത്തിടാൻ പറ്റില്ലല്ലോ, പിന്നെ എന്തിനാണാവോ “നല്ല ഒക്കേഷൻ” എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു. അന്ന് അപ്പയ്ക്ക് തിരുവനന്തപുരം ബ്രാഞ്ചിലായിരുന്നു ജോലി. അവിടെ ഞങ്ങൾക്ക് ഉണ്ടായിരുന്ന നല്ല ഒക്കേഷനുകൾ റെസിഡന്റ്സ് അസോസിയേഷനും ബാങ്കേഴ്സ് ക്ലബ്ബിന്റെ ഓണം, ക്രിസ്മസ് ആഘോഷങ്ങളുമൊക്കെയായിരുന്നു.

ഓരോ ഓണവും ക്രിസ്മസും ആകുമ്പോൾ ഞാൻ പോയി ചോദിക്കും. അപ്പോഴും ഒരേ ഉത്തരം - “വേണ്ട, നല്ല ഒക്കേഷൻ വരട്ടെ.” അങ്ങനെ വർഷങ്ങളും കാലങ്ങളും കടന്നു പോയി. ഒരു വട്ടം എന്റെ കസിൻ വന്നപ്പോൾ ഞാൻ അത് അവൾക്ക് കൊടുത്തിട്ട് പറഞ്ഞു, “മോളേ, എന്റെ ജീവിതത്തിൽ ഇതുവരെ നല്ലൊരു ഒക്കേഷൻ വരാത്തതുകൊണ്ട് നീ ഇത് എടുത്തോ.” ഇത് കേട്ടിരുന്ന് ചിരിക്കുന്ന അമ്മയുടെ മുഖവും, എന്റെ ദയനീയ മുഖവും എനിക്ക് എപ്പോഴും ഓർമ്മയുണ്ട്. മാഗി ജോൺസന്റെ അലമാരയിൽ അങ്ങനെ നല്ല ഒക്കേഷനുവേണ്ടി കാത്തിരിക്കുന്ന എത്രയോ സാധനങ്ങൾ ഉണ്ട്. ഉടുപ്പ് തൊട്ട് ഫോറിൻ സോപ്പ് വരെ. അലാവുദ്ദീന്റെ അത്ഭുതവിളക്ക് പോലും അവിടെ കാണുമോ എന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ഒരു ചെറിയ റിബൽ സ്വഭാവവും, ദേഷ്യവുമൊക്കെ എനിക്കുണ്ട്. അതുകൊണ്ട് തന്നെ ഞാനും അമ്മയും അടികൂടാതെ ഇരിക്കുന്ന ദിവസങ്ങൾ കുറവാണ്. എന്നിരുന്നാലും എനിക്ക് ഒരിക്കലും വേറൊരു ബെസ്റ്റ് ഫ്രണ്ട് വേണ്ടി വന്നിട്ടില്ല. മണിക്കൂറുകൾ സംസാരിക്കാൻ ഈ ഒരാൾ മതിയായിരുന്നു. എന്റെ എല്ലാ കീറാമുട്ടി ചോദ്യങ്ങൾക്കും അമ്മയുടെ കൈയിൽ ഉത്തരം ഉണ്ട്.
അടുക്കളയിൽ എനിക്ക് ഒരു കസേര ഉണ്ടായിരുന്നു. അവിടെ ഇരുന്ന് നാട്ടിലെയും വീട്ടിലെയും കുശുമ്പ് പറയാൻ, അല്ലെങ്കിൽ ഞങ്ങൾ പറയുന്ന പോലെ ‘മുളക് അരയ്ക്കാൻ’ എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നു. അത് പറയുമ്പോൾ അമ്മ കൊടുക്കുന്ന ഭാവവ്യത്യാസവും, സൗണ്ട് മോഡുലേഷനും കൂടിയാകുമ്പോൾ കഥ ബഹുകേമം. ഇതിനു വേണ്ടി മാത്രമായിരുന്നു ഞാൻ പ്രധാനമായും അടുക്കളയിൽ കയറിയിരുന്നത്. അപ്പോൾ ഇടയ്ക്ക് ഇങ്ങനെ കേൾക്കാം - “നീ ഇങ്ങനെ ‘മന്തല മയങ്ങി’ആയിട്ട് നടന്നോ. ഒരു പണിയും ചെയ്യണ്ട..”. പിന്നെ അവിടെ നിന്നാൽ യുദ്ധം പൊട്ടി പുറപ്പെടാൻ അധികം നേരം വേണ്ടി വരില്ല എന്ന സത്യം എനിക്ക് അറിയാം. അപ്പോൾ തന്നെ ഞാൻ സ്കൂട്ടാവും. ഇനി അഥവാ സഹായിക്കാം എന്നു വെച്ചാൽ വൃത്തിക്കാരിക്ക് ഞാൻ ചെയ്യുന്നത് ഒന്നും വൃത്തി പിടിക്കില്ല. വെളുത്തുള്ളി തൊലി കളയുമ്പോൾ അതിന്റെ തൊലി താഴെ വീഴാൻ പാടില്ല, പാത്രത്തിന്റെ അടപ്പ് തുറന്നാൽ കമഴ്ത്തി വെക്കരുത് - തിരിച്ചു വെക്കണം, പാത്രം തുടക്കാൻ രണ്ട് തുണി വേണം - അത് എങ്ങാനും മാറി പോയാൽ കഴിഞ്ഞു കഥ. അങ്ങനെ നീളുന്നു വൃത്തിയുടെ ലിസ്റ്റ്.
എന്തിനധികം പറയുന്നു, ആശുപത്രിയിൽ കിടക്കുമ്പോൾ കൃത്യം രാവിലെ ഏഴ് മണിയാവുമ്പോൾ കുളിച്ചു മുടി കെട്ടി വൃത്തിയായി ഇരിക്കണം. കാരണം എട്ട് മണിക്ക് ഡോക്ടർ റൗണ്ട്സിനു വരുമേ! പുള്ളിക്കാരി മാത്രമല്ല ആ റൂം മൊത്തം വൃത്തിയാക്കി വെക്കണമെന്ന് എന്നോട് പറയും.
“എന്റെ അമ്മേ! ഡോക്ടർ വന്നു അമ്മയെ നോക്കി പോകും. റൂം ഒന്നും നോക്കില്ല.”
അപ്പോൾ വരും ഡയലോഗ് - “എനിക്ക് വൃത്തി ഉണ്ട്. നിനക്കില്ലെങ്കിലും.”
ഇന്നാലോചിക്കുമ്പോൾ, ആ വൃത്തി ഒരു വാശി മാത്രമായിരുന്നില്ല എന്ന് തോന്നുന്നു. രോഗം ഓരോന്നോരോന്നായി എടുത്തുകൊണ്ടുപോകുമ്പോഴും, താൻ താനായിത്തന്നെ ഇരിക്കാൻ അമ്മ മുറുകെപ്പിടിച്ച ഒരു പിടിവള്ളിയായിരുന്നു അത്. വൃത്തി ഭ്രമത്തത്തോട് ഇഞ്ചോടിഞ്ച് കിട പിടിക്കുന്ന ഒന്നാണ് ഷോപ്പിങ്ങും. ഈ ഭ്രമത്തിന് ഒരു പരിഹാരല്ല്യ. “It’s incurable”. അതിപ്പോ കടയാവട്ടെ, എക്സിബിഷനാവട്ടെ, വഴി കച്ചോടങ്ങളാവട്ടെ - സ്ഥലം ഏതും ആവട്ടെ - അമ്മക്ക് എല്ലാം ഓക്കേ. ഈ ഭ്രമം അമ്മയെ ഏറ്റവും സന്തോഷവതി ആക്കും. പ്രഷറും കൊളസ്ട്രോളും തന്ന കൂട്ടത്തിൽ, കയ്യും മെയ്യും മനസ്സും നിറഞ്ഞ് എനിക്ക് തന്ന ഒരു കുടുംബസ്വത്താണ് ഈ വട്ടും.
എന്റെ കൂടെ സിനിമയ്ക്ക് പോകാനുള്ള പ്ലാൻ ഇടുന്നതു പുള്ളിക്കാരി ആണ്. അതിപ്പോൾ ഏതു ഹിന്ദി പടം ആയാലും അമ്മ റെഡി. രാത്രി വരെ ഇരുന്ന് എന്റെ അടുത്ത ദിവസത്തെ പ്രോഗ്രാം ആങ്കറിങ്ങിന്റെ സ്പീച്ച് എഴുതാനും, കൂടെ ഇരുന്ന് പ്രാക്ടീസ് ചെയ്യിക്കാനും അമ്മ റെഡി. എന്റെ ഡ്രസ് എന്ത് വേണം, അതിനൊപ്പം എന്ത് ആഭരണങ്ങൾ വേണം, അതെല്ലാം അമ്മയുടെ പ്ലാനിംഗ്. ഇത്ര ഹ്യൂമർ സെൻസും, പ്രെസൻസ് ഓഫ് മൈൻഡും അമ്മയ്ക്ക് എവിടുന്നാ എന്ന് ഞാൻ ചോദിക്കുമ്പോൾ പുള്ളിക്കാരി പറയും: “എടീ, ഞാൻ മഹാരാജാസ് പ്രോഡക്റ്റ് ആണ്.”
ജീവിതത്തിലെ പല വിഷമഘട്ടങ്ങളിലും ഈ മഹാരാജാസ് പ്രോഡക്റ്റ് തളർന്ന് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. കരഞ്ഞും, പരിഭവം പറഞ്ഞും, എന്നോടു വഴക്കിട്ടും അതു തീർക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അമ്മയ്ക്കും പേടിയും സങ്കടവും ഉണ്ടെന്ന് ഞാൻ ആദ്യമായി അറിഞ്ഞത് ആ നേരങ്ങളിലാണ്. 2024 മെയ് 7-ാം തീയതി അമ്മയ്ക്ക് ല്യൂക്കീമിയ ആണെന്ന് അറിഞ്ഞപ്പോൾ, ആ ന്യൂക്ലിയസിനു ചുറ്റുമുള്ള എല്ലാ ലോകങ്ങളും നിശ്ചലമായി. പെട്ടെന്നുണ്ടായ ഒരു പനി; ക്ഷീണം കൂടിയപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ക്ഷീണം മാറാൻ കുറച്ച് ദിവസം ആശുപത്രിയിൽ കിടത്താമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ അടുത്ത ദിവസം കാൻസറാണെന്ന റിപ്പോർട്ട് വന്നപ്പോൾ പോലും, ഈ രോഗം ഒരു ദയയും കാണിക്കാതെ അമ്മയെ ഇത്രയേറെ ഞെരുക്കി കളയുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. നാട്ടിലേക്ക് പുറപ്പെടുമ്പോൾ, അമ്മയെ പൂർണ്ണമായും ല്യൂക്കീമിയയിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കുമെന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം. പക്ഷേ ആദ്യ ദിവസം തന്നെ എനിക്ക് മനസ്സിലായി – ഈ രോഗം അമ്മയെ പൂർണ്ണമായും കീഴടക്കിക്കഴിഞ്ഞിരുന്നു. അതിൽ നിന്ന് മോചനം നേടുക അതീവ ദുഷ്കരം.
പിന്നീടുള്ള ആറ് മാസം ഞാൻ അമ്മയുടെ മുന്നിൽ ഒരിക്കൽ പോലും കരഞ്ഞിട്ടില്ല. അപ്പയും ഞങ്ങളും ജീവിച്ചത് ഓരോ ബ്ലഡ് കൗണ്ടിന്റെയും കണക്കുകൾക്കൊപ്പമായിരുന്നു. കൗണ്ട് കൂടിയോ കുറഞ്ഞോ, അമ്മയ്ക്ക് വേദനയുണ്ടോ, മരുന്നുകൾ, പനി, കീമോയുടെ ദിവസങ്ങൾ… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രയാസങ്ങളുടെ ഒരു വലിയ യാത്ര. ഒരു കാലത്ത് എന്റെ ചാപ്റ്റർ നമ്പറുകൾക്ക് ചുറ്റും വട്ടം വരച്ച് അമ്മ എണ്ണിയിരുന്നു. ഇപ്പോൾ ഞാൻ അമ്മയുടെ കൗണ്ടുകൾ എണ്ണുന്നു. പക്ഷേ ഈ കണക്കുകൾ ഒരിക്കലും സൂര്യനും ചന്ദ്രനും നിറഞ്ഞ ഒരു ഗാലക്സി ആയില്ല.

അമ്മയുടെ ആ വെളുത്ത ശരീരം കരിപിടിച്ച പോലെ കറുത്ത് പോയതും, ചിരിക്കുമ്പോൾ കൂടെ ചിരിച്ചിരുന്ന കുഞ്ഞുവയർ എവിടെയോ മാഞ്ഞുപോയതും, തഗ്, വഴക്ക്, തമാശ, കുശുമ്പ് മാത്രം പറഞ്ഞിരുന്ന അമ്മ ഏതോ ആലോചനകളിലേക്കും ഉറക്കത്തിലേക്കും പിൻവാങ്ങിയതും നിസ്സഹായതയോടെ ഞാൻ നോക്കി നിന്നു. ഓർക്കാൻ ശ്രമിക്കാത്ത, ഇഷ്ടപെടാത്ത ആ ആറ് മാസങ്ങൾ. ഹോസ്പിറ്റലിലെ ഒരു രാത്രി ഞാൻ ഇന്നും ഓർക്കുന്നു. ആ ദിവസങ്ങളിൽ ജോലി കഴിഞ്ഞ് കിടക്കുമ്പോൾ രാത്രി ഒരു മണിയാകും. റൂമിലേക്ക് വരുന്ന നഴ്സുമാരോടൊക്കെ അമ്മ പറയും - “അവൾക്ക് മീറ്റിംഗ് ആണ്. സൗണ്ട് ഉണ്ടാക്കല്ലേ കേട്ടോ.” ബെഡിന്റെ രണ്ട് സൈഡിലെയും റെയിൽ ഉയർത്തി വെച്ചാണ് അമ്മ കിടക്കേണ്ടത്. ഞാൻ ഉറങ്ങുന്ന നേരം 1.30 മുതൽ 5.45 വരെയാണ്. ആ സമയത്ത് അമ്മ എന്നെ വിളിക്കാറില്ല. കോൾ ബട്ടൺ അമർത്തി നഴ്സിനെ വിളിക്കും. അവർ വന്ന് റെയിൽ മാറ്റിയാണ് അമ്മ ബാത്ത്റൂമിൽ പോകാറ്. എന്നിരുന്നാലും ഞാൻ എഴുന്നേൽക്കും. അന്ന് രാത്രി ഒരു മണി കഴിഞ്ഞ് ഞാൻ കിടന്നു. കോൾ ബട്ടൺ ആ ദിവസം വർക്ക് ചെയ്യുന്നില്ലായിരുന്നു. നിവൃത്തിയില്ലാതെ അമ്മ എന്നെ വിളിച്ചു. അങ്ങനെ രണ്ടുമൂന്നു വട്ടം വിളിക്കേണ്ടി വന്നു. തിരിച്ച് വന്ന് ബെഡിൽ ഇരുന്ന് അമ്മ കരയാൻ തുടങ്ങി.
“എന്തെങ്കിലും വേദന ഉണ്ടോ അമ്മ?” എന്ന് ഞാൻ ചോദിച്ചു.
“ഇല്ല മോളേ, നിനക്ക് ബുദ്ധിമുട്ടായോ?”
“ഒരിക്കലുമില്ല. അമ്മ എന്തിനാ അങ്ങനെ ഒക്കെ വിചാരിക്കുന്നെ.”
“അല്ല, സാധാരണ ഗതിയിൽ നിന്നെ ഇങ്ങനെ പുലർച്ചെ രണ്ടുമൂന്നു വട്ടം വിളിച്ചാൽ നിനക്ക് ദേഷ്യം വരില്ലേ? ഇന്ന് ഒന്നും മിണ്ടുന്നില്ലല്ലോ…” അത് മുഴുവിപ്പിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. സങ്കടവും കരച്ചിലും ശരീരത്തിലെ ഓരോ അണുവിലും ഉണ്ടായിരുന്നെങ്കിലും, ഞാൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു : “ആഹാ… എന്നാ ശരി. നാളെ മുതൽ എന്നെ ഉറക്കത്തിൽ നിന്ന് വിളിക്ക്. അപ്പോൾ സെറ്റാക്കി തരാട്ടാ…”
രോഗം കൂടുതലാണെന്നും, വരാനുള്ള കാര്യങ്ങൾ നോക്കി തുടങ്ങണമെന്നും ഡോക്ടർ പറഞ്ഞപ്പോൾ അത് അമ്മയോട് പറയണ്ടെന്ന് ഞാൻ തീരുമാനിച്ചു. അപ്പയോടും, ആന്റിമാരോടും അമ്മയോട് പറയരുതെന്ന് പറഞ്ഞു. അന്ന് വൈകുന്നേരം പതിവ് ഫോൺവിളി കഴിഞ്ഞപ്പോൾ അമ്മ ആന്റിയോട് പറഞ്ഞു - “അവൾ ഇപ്പോൾ അവിടുന്ന് ഓടി കിതച്ചു വരും. വല്ലതും പറഞ്ഞോ അവൾ?”.ആന്റി ഒരു നിമിഷം അത്ഭുതപ്പെട്ടു. പിന്നെ പറഞ്ഞു – “ഇല്ല. ഇപ്പോൾ എന്തിനാ വരുന്നത്? ഇപ്പോൾ ഒക്കെ അല്ലേ”. ആരും ഒന്നും പറഞ്ഞില്ല. പക്ഷേ അമ്മ അറിഞ്ഞിരുന്നു. സ്കൂൾ വിട്ടുവന്ന് പറയുന്ന കഥകൾക്കിടയിൽ നിന്ന് എന്റെ ഓരോ കള്ളത്തരവും പൊക്കിയിരുന്ന ആളാണ്. എന്റെ ആ അവസാനത്തെ കള്ളവും അമ്മ പൊക്കി. രോഗിക്ക് ഒത്തിരി വയ്യാതാകുമ്പോൾ ഹോസ്പിറ്റലിൽ കോഡ് പർപ്പിൾ വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ സമയത്ത് ഒരു കാലാൾപ്പട തന്നെ റൂമിലേക്ക് വരും. ചിലരെ അപ്പോൾ തന്നെ ICU-ലേക്ക് മാറ്റും.
അമ്മയ്ക്ക് ഒരിക്കലും കോഡ് പർപ്പിൾ വിളിക്കല്ലേ എന്ന് ഞാൻ മനസ്സുകൊണ്ട് ഒരുപാട് പ്രാർത്ഥിച്ചിരുന്നു. Nov 7-ന് രാത്രി അമ്മയ്ക്ക് കോഡ് പർപ്പിൾ വിളിച്ചിരുന്നോ..? എനിക്കറിയില്ല. അന്ന് അമ്മ എന്തായിരിക്കും അവസാനം പറഞ്ഞിട്ടുണ്ടാവുക….
പനിയുമായി വീട്ടിൽ നിന്ന് പടിയിറങ്ങിയ അമ്മ പിന്നീട് ഒരിക്കലും വീട്ടിലേക്ക് തിരികെ വന്നില്ല. വന്നു… പക്ഷേ ചിരിക്കാതെ, ഒന്നും മിണ്ടാതെ… അമ്മയുടെ പ്രിയപ്പെട്ട പൂക്കളെ ഒരു വട്ടം പോലും തൊട്ടുതലോടാതെ… എല്ലാവരോടും യാത്ര പറഞ്ഞ് അങ്ങ് പോയി.
നമ്മൾ ഉറക്കത്തിൽ ചില സ്വപ്നങ്ങൾ കാണില്ലേ… അമ്മയ്ക്കും അപ്പയ്ക്കും എന്തോ സംഭവിക്കുന്നു.. നമ്മൾ ഒരുപാട് കരയുന്നു…അങ്ങനെയൊക്കെ. പക്ഷേ ഉറക്കമുണരുമ്പോൾ, അതൊരു സ്വപ്നമായിരുന്നെന്ന് തിരിച്ചറിയുമ്പോൾ എന്തൊരു ആശ്വാസമാണ്. വേഗം തന്നെ അമ്മയെ വിളിക്കും. ആ സ്വരം കേൾക്കുമ്പോൾ തന്നെ ഒരു സുഖം. എന്നാൽ ഇന്നു ഞാൻ കാണുന്ന സ്വപ്നങ്ങളിൽ അമ്മ എന്റെ കൂടെ ചിരിക്കുന്നു, എന്നെ കെട്ടിപ്പിടിക്കുന്നു, ഞങ്ങൾ കുറേനേരം എന്തൊക്കെയോ സംസാരിക്കുന്നു, ചിരിക്കുന്നു. പക്ഷേ ഉറക്കമുണരുമ്പോൾ ഒന്നുമില്ല. ശൂന്യത മാത്രം. ഫോൺ ചെയ്യാനും ആരുമില്ല. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഇരിക്കും. വാശിപിടിച്ച് കരയുന്ന ഒരു കുട്ടിയെപ്പോലെ ഞാൻ കരയും… എനിക്ക് അമ്മയെ വിളിക്കണം എന്ന് പറഞ്ഞ്. അതിനും ഉത്തരമില്ല.

എന്താണെന്നറിയില്ല… ആരെങ്കിലും എന്നോട് അവരുടെ അമ്മയുടെ വിശേഷങ്ങൾ പറയുമ്പോൾ, നെഞ്ചിൽ ഒരു കനൽ കത്തുന്ന പോലെ തോന്നും. എനിക്ക് പറ്റുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ സങ്കടവും ദേഷ്യവും ഒക്കെ വരും. പക്ഷേ എനിക്ക് ഇഷ്ടമാണ് ഈ വേദന. എനിക്ക് ഇഷ്ടമാണ് ഈ സങ്കടം എന്നെ പൊതിയുന്നത്. കാരണം, ആ ഓരോ നിമിഷവും ഞാൻ അമ്മയെ ഓർക്കുന്നു… ഒരുപാട് ഇഷ്ടത്തോടെ. അമ്മ ഇല്ലാതാവുന്ന ആ നിമിഷത്തിലാണ് നമ്മൾ ആരുമല്ലാതാകുന്നത്.
ഒന്ന് ജലദോഷം വന്നാൽ, കൈ മുറിഞ്ഞാൽ, കറിയിൽ ഉപ്പ് കൂടിയാൽ, വിഷമങ്ങൾ പറയാൻ, ഒന്ന് മനസ്സ് തുറന്ന് വഴക്കുകൂടാൻ പോലും ആരുമില്ല എന്ന് തോന്നുന്ന ആ അവസ്ഥ. ഒരു വല്ലാത്ത നിസ്സഹായ അവസ്ഥ! മാഗ്ഗി ജോൺസന്റെ അലമാരയെക്കുറിച്ച് ഇപ്പോൾ ഇടയ്ക്ക് ഓർക്കും. “നല്ല ഒക്കേഷൻ വരട്ടെ” എന്ന് പറഞ്ഞ് അമ്മ എത്രയോ കാര്യങ്ങൾ മാറ്റിവെച്ചു. പക്ഷേ ആ നല്ല ഒക്കേഷൻ എന്നോ വന്നുപോയിരുന്നു. അടുക്കളയിലെ ആ കസേരയിൽ, ചൂട് ചായയ്ക്കൊപ്പമുള്ള കുശുമ്പുകളിൽ, ചാർട്ട് പേപ്പറിലെ ആ ഗാലക്സിയിൽ. ഞങ്ങൾ രണ്ടുപേരും അത് തിരിച്ചറിഞ്ഞില്ലെന്ന് മാത്രം.
ചിലപ്പോഴൊക്കെ ഞാൻ ആലോചിക്കും… എന്റെ കഥ എഴുതിയത് ഞാനല്ല. അത് അമ്മ എനിക്ക് തന്ന നിമിഷങ്ങളുടെ ആകെത്തുകയായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് എന്റെ എട്ട് വയസ്സുള്ള മകൾ രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് ആരോടോ കാര്യമായി പതുക്കെ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ചോദിച്ചപ്പോൾ അവൾ പറഞ്ഞു – “ഞാൻ അമ്മാമ്മയോട് സംസാരിക്കുകയാണ്. എല്ലാ രാത്രിയും അമ്മാമ്മയോട് സംസാരിച്ചിട്ടാണ് ഞാൻ ഉറങ്ങാറ്.” ഒരു നിമിഷം എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരിയാണ്, അവരുടെ ബന്ധം എനിക്ക് ഒരിക്കലും പൂർണ്ണമായി മനസ്സിലായിരുന്നില്ല. അത്രയ്ക്ക് ഇഷ്ടമാണ് അവൾക്ക് അമ്മാമ്മയെ.
അപ്പോൾ ഞാൻ ചോദിച്ചു – “ഇവ - അമ്മയാണോ, അമ്മാമ്മയാണോ നിന്റെ ബെസ്റ്റ് ഫ്രണ്ട്?” അവൾ അതിന് ഒരു ഉത്തരവും പറയാതെ എന്നെ നോക്കി ചിരിച്ചു. അവൾ പോലും അറിയാതെ, അവളുടെ ബെസ്റ്റ് ഫ്രണ്ടായി മാറിയിരിക്കുന്നു അമ്മ. സ്കൂൾ വിട്ടുവന്ന് ഞാൻ അമ്മയോട് എല്ലാം പറഞ്ഞിരുന്ന പോലെ, ഇന്ന് എല്ലാ രാത്രിയും അവൾ അമ്മാമ്മയോട് പറയുന്നു. കേൾക്കാൻ ആരോ ഉണ്ടെന്ന ആ വിശ്വാസം - അതാവണം അമ്മ ഞങ്ങൾക്ക് രണ്ടുപേർക്കും തന്ന ഏറ്റവും വലിയ കുടുംബസ്വത്ത്. അപ്പ അമ്മയ്ക്കായി എഴുതിയത് എത്ര ശരിയാണ് - “You loved us throughout your life without any limit…” ❤️
