ആഫ്രിക്കൻ
വസന്തങ്ങൾ- 30
ഞങ്ങൾ മാത്യൂസിനോടൊപ്പം പുതുവത്സരം ആഘോഷിച്ചു. വലിയ ആഘോഷം എന്നു പറയാനാവില്ല. ഒരു ഷാംപെയ്ൻ വാങ്ങി അൽപ്പൽപ്പമായി കുടിച്ചുവെന്നുമാത്രം. മാത്യൂസ് അതിഗംഭീരമായ അത്താഴമൊരുക്കിയിരുന്നു. അതു കഴിഞ്ഞ് ഏതോ സിനിമ കുറെ കണ്ടു. ഉറങ്ങിയപ്പോൾ വൈകി, ഉണർന്നപ്പോഴും. അന്നും പിറ്റേന്നും മാത്യൂസിനും അവധിയായിരുന്നു. മൂന്നാം തീയതി (ജനുവരി 3, 1988) ഉച്ചയോടെ ഞങ്ങൾ തിരികെപോന്നു. മാത്യൂസിന്റെ കമ്പനി വാനിൽ തന്നെ. തിരികെ ബോർഡിംഗ് ഗെയ്റ്റിലെത്തിയപ്പോൾ ഞങ്ങളുടെ കാവൽക്കാരൻ നിലവിളിക്കും പോലെ ഞങ്ങളോടു പറയുന്നു, “ആൾ ഗോയിങ്ങ്, ഹൗസ് ഗോയിങ്…”
എന്താണെന്നറിയാതെ ചെന്നു നോക്കുമ്പോൾ ഞങ്ങളുടെ വീടിന്റെ മേൽക്കൂര ഇടിഞ്ഞു തകർന്നു വീണിരിക്കുന്നു. ബെഡ് റൂമിന്റെ മുകളിലായിട്ടാണ് പൂർണ തകർച്ച. അസ്തപ്രജ്ഞരായി നിൽക്കെ, ഞങ്ങളാദ്യം കണ്ടത് മുകളിൽനിന്ന് ഒരു കല്ല് വീണ് പാടേ തകർത്തിരിക്കുന്നത് മോൾ കിടന്നിരുന്ന ചെറിയ കട്ടിൽത്തലയാണ്. ആ നേരം ഞങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിൽ അവൾ പതിവുപോലെ ചെറിയ കസെറ്റ് പ്ലെയറിൽ പാട്ടു കേട്ടോ കഥ കേട്ടോ ഉറങ്ങിക്കഴിഞ്ഞിരിക്കും. അവധിയായതിനാൽ ആ ഉച്ചമയക്കത്തെ ഞങ്ങൾ നിരുത്സാഹപ്പെടുത്തിയിരുന്നില്ല. അതോർത്തപ്പോൾ ഞങ്ങൾ രണ്ടാളും കരഞ്ഞുപോയി.
റാവലും ഭാര്യയും മകനും അവിടെയില്ലാത്തതിനാൽ മറ്റാരോടും അനുവാദം ചോദിക്കാതെ തന്നെ, രക്ഷിച്ചെടുക്കാൻ കഴിഞ്ഞ സാമാനങ്ങൾ തൊട്ടടുത്ത് ഒഴിഞ്ഞുകിടന്ന (ഡൊമിനിക് സർ താമസിച്ചിരുന്ന) വീട്ടിലേക്കു മാറ്റി. അതിന്റെ താക്കോൽ കൈവശംവച്ചു. ഞങ്ങൾ തിരികെ മാത്യൂസിന്റെ വീട്ടിലേക്കുപോയി. അതിനടുത്തയാഴ്ച സ്കൂൾ തുറക്കും. അപ്പോഴേക്ക് റാവൽ പൂർണ ആരോഗ്യവാനായില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവിടെയുണ്ടാവും എന്ന് ഞങ്ങൾ വിചാരിച്ചു.
ജനുവരി 6 ന് അതിരാവിലെ ആരോ ഉറക്കെ കരയുന്നതു കേട്ട് നോക്കിയപ്പോൾ ഗുജറാത്തി അയൽക്കാരൻ ഗുജറാത്തിയിലും ഹിന്ദിയിലും എന്തൊക്കെയോ പുലമ്പി ഉറക്കെ കരയുന്നതാണ് കണ്ടത്. ഞങ്ങളെ രണ്ടാളെയും കണ്ടപ്പോൾ കരച്ചിലിന്റെ ആരോഹണവും ഗതിവേഗം കൈക്കൊണ്ടു. താരസ്ഥായിയിൽ “ഓ മൈ ഗോഡ്” എന്നു മാത്രം ഇംഗ്ലീഷിൽ അലറിക്കൊണ്ടിരുന്നു. ചുരുക്കത്തിൽ റാവൽ അന്നു വെളുപ്പിനു മരിച്ചു. 46 വയസ്സായിരുന്നു.
അന്നു തന്നെ മൃതശരീരം തിക്കയിലേക്ക് കൊണ്ടു വന്നു. വലിയ ഒരു ജനതതി റാവലിനെ കാണാൻ വീടിനും സ്കൂളിനും ചുറ്റുമായി വന്നുചേർന്നു. സ്കൂൾ തുറന്നിട്ടില്ലാത്തതിനാൽ ആ ദിവസം അവധിയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. വൈകുന്നേരം റാവലിന്റെ മൂത്ത പുത്രൻ ഭരത് ചിതക്ക് തീ കൊളുത്തി. ഞങ്ങളുടെ ബോർഡിംഗിനു തൊട്ടടുത്തായിരുന്നു അന്ന് തിക്കയിൽ ഹിന്ദുക്കളുടെ ശ്മശാനം. റാവലിന്റെ സഹോദരന്മാരും കുടുംബങ്ങളും അന്ന് ആ കുടുംബത്തോടൊപ്പം കഴിഞ്ഞു. എല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ ഞാൻ സഖിയോട് പറഞ്ഞു, “നമുക്ക് അടുത്ത ഘട്ടത്തിലേക്ക് നീങ്ങാൻ സമയമായി.”
“അതെ. പക്ഷേ, നമുക്ക് നോക്കാം, എങ്ങനെയാണ് കാര്യങ്ങൾ ഇവിടെ ഉരുത്തിരിയാൻ പോകുന്നതെന്ന്.”
ഇടിഞ്ഞുവീണ വീടിനെപ്പറ്റി പരാതി പറയാൻ ഇനിയുള്ളത് മിസിസ് റാവൽ ആണ്. അവർ ആ സമയം ഒട്ടും നല്ല മാനസികാവസ്ഥയിലായിരുന്നില്ല. ഞങ്ങൾ താൽക്കാലികമായി മാത്യൂസിന്റെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നതെന്നും വീട് പണിയാതെ ഇങ്ങോട്ട് മാറാനാവില്ലെന്നും ഞാൻ ഭരതിനോട് പറഞ്ഞു.
ദിവസവും ഞങ്ങൾ മാത്യൂസിന്റെ വീട്ടിൽ നിന്ന് നടന്നു. മകളുടെ സ്കൂൾ മാത്യൂസിന്റെ വീടിനടുത്തായത് വലിയ ഭാഗ്യമായിരുന്നു. ഉച്ചയ്ക്ക് അവൾക്ക് കഴിക്കാൻ ഞാൻ ടെയ്ക് എവേ എന്തെങ്കിലും വാങ്ങി, അതും കൊണ്ട് ഓടി അവളുടെ സ്കൂളിലെത്തിച്ചിരുന്നു. ആ നിലയ്ക്ക് ഒന്നര മാസം കഴിഞ്ഞുപോയി. അതിനിടെയുണ്ടായ മറ്റു സംഭവവികാസങ്ങൾ എന്റെ മോറൽ തകർക്കാൻ പര്യാപ്തമായിരുന്നു.
ആദ്യത്തേത് വീട് പുതുക്കിപ്പണിയുന്നതിലുണ്ടായ കാലതാമസം.
പിന്നീട്, പുതിയ സ്കൂളായ സെയ്ന്റ് സേവിയേഴ്സ് സ്കൂളിൽ റാവലുള്ളപ്പോൾ തന്നെ ഡിസൂസയുടെ മേൽനോട്ടത്തിൽ ഒരു ഗോവക്കാരനെ ഹെഡ് മാസ്റ്ററായി നിയമിച്ചിരുന്നു. അയാളുടെ പേർ ബോർജസ് (Borges). അയാൾ ഒരു കിക്കുയുവിനെ വിവാഹം ചെയ്ത് കെന്യയിൽ സ്ഥിരതാമസമാക്കിയിരുന്നു. അവൾ ഒരു ഹെയർ സ്റ്റൈലിസ്റ്റ് ആയിരുന്നു. സ്വന്തമായി സലൂൺ ഒക്കെ ഉള്ളവൾ. ബോർജസ് സ്കൂൾ പ്രിൻസിപ്പലായപ്പോൾ അയാൾക്ക് സ്കൂളിനോടു ചേർന്ന് നല്ല വീട് നൽകിയിരുന്നു.
അഡ്മിഷൻ ഫീസിനത്തിലോ മറ്റോ പിരിച്ചെടുത്ത തുക അടച്ചതിൽ വലിയ പിശകുണ്ടെന്നറിഞ്ഞ് മിസിസ് റാവൽ അയാളെ വിളിച്ചുചോദിച്ചു. മറുപടി തൃപ്തികരമല്ലാത്തതിനാൽ അവർ അതവിടെ വിട്ടു. അതുകഴിഞ്ഞ് ഒരു ദിവസം അവരും മകൻ ഭരതും എന്നെ വിളിച്ചു. സെയ്ന്റ് സേവിയേഴ്സിന്റെ ഹെഡ് മാസ്റ്ററാവണമെങ്കിൽ എന്താണ് കണ്ടീഷൻസ് എന്നു ചോദിച്ചു. (അതൊന്നും ഇവിടെ പ്രസക്തമല്ലാത്തതിനാൽ വിട്ടുകളയുന്നു.) ഞാൻ പറഞ്ഞതിനൊന്നും ഒരു തീരുമാനവും അപ്പോൾ അവർ പറഞ്ഞില്ല. എല്ലാം കേട്ട് സന്തോഷത്തോടെ ചിരിച്ചു. മിസിസ് റാവൽ മാത്രം എന്നെ ‘ജയൻ’ എന്ന് തെറ്റാതെ വിളിച്ചിരുന്നു.
“ജയൻ, യുവർ ഫസ്റ്റ് ഡ്യൂട്ടി ആസ് ദ പ്രിൻസിപ്പൽ ഓഫ് സെയ്ന്റ് സേവിയേഴ്സ് സ്കൂൾ വിൽ ബി റ്റു ഒഫീഷ്യലി ടെയ്ക് ഓവർ ദ ചാർജ്ജ് ഫ്രം ബോർജസ് ടുമോറോ ഇറ്റ്സെൽഫ്. വി വിൽ ഗോ റ്റുഗെതെർ റ്റു സെയ്ന്റ് സേവിയേഴ്സ്’’.
പിറ്റേന്ന് ഞങ്ങളും മിസ്സിസ് റാവൽ, ഭരത്, തലേന്ന് വൈകുന്നേരം പുതിയ ടീമിൽ വന്നുചേർന്ന ത്രിവേദി (മിസ്സിസ് റാവലിന്റെ ചേച്ചിയുടെ ഭർത്താവ്) എന്നിവരും സെയ്ന്റ് സേവിയേഴ്സ് സ്കൂളിലെത്തി. അതിന്റെ ഒരുവിധ ഇടപാടുകളുമായും എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. അതിനാൽ മിസിസ് റാവൽ തുടങ്ങിവച്ച ചർച്ചയിൽ ഞാൻ കൂടുതൽ നേരം മൗനം പാലിച്ചതേയുള്ളൂ. കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞ് സ്കൂളിന്റെ ഇതു വരെയുള്ള റെക്കോർഡുകളും സ്കൂളിന്റെ താക്കോലുകളും കൈമാറണം എന്ന ഇടത്തെത്തിയപ്പോൾ ബോർജസ് യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞു, “അത് സാദ്ധ്യമല്ല. എനിക്ക് ഈ രേഖകളും താക്കോലുകളും മറ്റും നൽകിയത് മി. മഹേന്ദ്ര റാവൽ ആണ്. അദ്ദേഹം വന്ന് ചോദിച്ചാൽ ഞാൻ ഇത് കൈമാറാം.”
മിസ്സിസ് റാവലും ഭരതും ഷോക്കേറ്റതുപോലെ ഒരു നിമിഷം തരിച്ചിരുന്നു. അവരുടെ നിസ്സഹായതയിൽ എനിക്ക് വിഷമം തോന്നി. ആ അവസരത്തിൽ ഞാൻ ഇടപെട്ടു, “മി. ബോർജെസ്, നിങ്ങൾ ഇന്നലെ ഒപ്പിട്ടു വാങ്ങിയ മെമ്മോ നോക്കൂ. അതിൽ പറയുന്നത് എല്ലാ വസ്തുക്കളും മി. യു. ജയചന്ദ്രന് ഹാൻഡ് ഓവർ ചെയ്യണം എന്നല്ലേ? നോക്കൂ, അതുകൊണ്ട് മറ്റാർക്കും നിങ്ങൾ ഇതൊന്നും കൈമാറേണ്ട, എന്നെ ഏൽപ്പിച്ച് ലോഗ് ബുക്കിൽ അത് തിരികെ തന്നതായി ഒപ്പിട്ടുതന്നാൽ മതി.”
ആ ഒരു പ്രഹരം ബോർജസ് പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിമിഷം ആലോചിച്ചശേഷം കയ്യിലിരുന്ന ഡയറിയിൽ നിന്ന് തലേന്ന് ഒപ്പിട്ടുവാങ്ങിയ മെമ്മോ ഒന്നു കൂടി വായിച്ചുനോക്കി.
“ദാറ്റ് സീംസ് ഫെയർ ഇനഫ്’’ എന്നു പറഞ്ഞ് തന്റെ കയ്യിലുണ്ടായിരുന്ന എല്ലാ സെയ്ന്റ് സേവിയേഴ്സ് വസ്തുവകകളും അയാൾ മേശപ്പുറത്ത് നിരത്തി. ഭരതും ഇക്വേറ്ററിലെ അക്കൗണ്ടന്റും ഓരോന്നായി അക്കമിട്ട് പരിശോധിച്ച് എനിക്കായി ഒപ്പിടാൻ നീക്കി വച്ചു. അതോടെ ആ പ്രശ്നം അവസാനിച്ചു. ഭരതിനും മിസ്സിസ് റാവലിനും വളരെ സന്തോഷമായി.
ഇതിനിടയ്ക്ക് ഞങ്ങൾ കുടുംബം ഒന്നിച്ച് ഒരു തീരുമാനമെടുത്തു. അടുത്ത ചില സുഹൃത്തുക്കൾ ദക്ഷിണാഫ്രിക്കയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അതു തന്നെയാവും നല്ലത്; പക്ഷേ ഈ പോയവരെല്ലാം പണം കൂടുതൽ കിട്ടും എന്ന ഉദ്ദേശ്യത്തിൽ മാത്രം പോയവരാണ്. അപ്പോഴും കൊടുമ്പിരിക്കൊണ്ട ആഭ്യന്തരയുദ്ധം നടക്കുന്ന ആ രാജ്യത്ത്, നാം എത്രയോ വർഷങ്ങളായി സഖാക്കൾ എന്നു വിളിച്ചുപോന്ന നെൽസൺ മണ്ടേലയും ക്രിസ് ഹാനിയും മറ്റും തടവിൽക്കിടക്കുന്ന ഇടത്ത്, പിൻ വാതിലിലൂടെ കടന്നുകയറി സ്വന്തം തടി രക്ഷിക്കാൻ ശ്രമിക്കുക എന്നതിലെ അശ്ലീലം ഞങ്ങളിൽ കടുത്ത ആത്മനിന്ദയാണ് സൃഷ്ടിച്ചത്.
ഞങ്ങൾ തീരുമാനിച്ചു; നയ് റോബിയിലെ ഇന്ത്യൻ ഹൈ കമീഷൻ നമ്മുടെ പാസ്പോർട്ടിൽ മുദ്ര വച്ചിട്ടുള്ള “Not eligible for travel to South Africa” എന്ന പ്രഖ്യാപനം എടുത്തുമാറ്റും (ഒ. ആർ. ടാംബോ, വാൾട്ടർ സിസുലു തുടങ്ങിയവരെ അപ്പോൾ തന്നെ മോചിപ്പിച്ചിരുന്നു.), ആ രാജ്യം നമുക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമാകും വരെ; അത് എത്ര മാസങ്ങളും വർഷങ്ങളും കഴിഞ്ഞാണെങ്കിലും, നമ്മൾ കാത്തിരിക്കും.
പക്ഷേ ഹൃദയഭേദകമായ ഒരു തീരുമാനമെടുക്കാനുണ്ടായിരുന്നു. മകളെ നാട്ടിൽ, തിരുവനന്തപുരത്തേക്ക് അയയ്ക്കുക. വലിയ മാനസിക സംഘർഷങ്ങൾക്കൊടുവിൽ അവളെ ഒരു നാൾ ഞങ്ങൾ ഒറ്റയ്ക്ക് പ്ലെയിനിൽ നാട്ടിലേക്ക് വിട്ടു. അവൾക്കപ്പോൾ എട്ടു വയസ്സ്.
‘അൺ അക്കമ്പനീഡ് മൈനർ’ എന്ന ടാഗിൽ അവൾ തന്റെ അമർ ചിത്രകഥാപുസ്തകങ്ങൾ നിറച്ച സഞ്ചിയും കുഞ്ഞു കാസെറ്റ് പ്ലേയർ ബാഗിലും വച്ച് നടന്നുപോയപ്പോൾ എയർപോർട്ടാണെന്നതോർക്കാതെ ഞങ്ങളിരുവരും കെട്ടിപ്പിടിച്ചുനിന്ന് ഉറക്കെ കരഞ്ഞു. ഡ്രൈവർ ജോൺ ഞങ്ങളെ ഒരിടത്ത് പിടിച്ചിരുത്തി. ടെയ്ക് ഓഫ് കഴിഞ്ഞിട്ടേ ഞങ്ങൾ മടങ്ങിയുള്ളൂ. പിറ്റേന്ന് ഉച്ചതിരിഞ്ഞ് അവൾ തിരുവനന്തപുരത്തുനിന്ന് ‘അച്ഛാ’ എന്ന് വിളിക്കുന്നതു കേട്ടപ്പോഴും എനിക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു.
അവൾ പോയതോടെ ഞങ്ങളുടെ വീട് ഉറങ്ങി.
രണ്ടു ദിവസം കഴിഞ്ഞ് ത്രിവേദിയുടെ സാന്നിദ്ധ്യത്തിൽ കൂടിയ ഒരു അഡ്മിനിസ്റ്റ്ട്രേറ്റിവ് യോഗത്തിൽ എന്റെ ഡിമാൻഡുകളിൽ ഭൂരിപക്ഷവും തള്ളിക്കളഞ്ഞു. അതെല്ലാം അംഗീകരിക്കാതെ ആ നിയമനം സ്വീകരിക്കില്ല എന്ന് ഞാനും ശഠിച്ചു. ഒടുവിൽ ഞാൻ ഇത്രയും പറഞ്ഞു, “മിസ്സിസ് റാവലിനോടും കുട്ടികളോടുമുള്ള കടപ്പാട് എന്ന നിലയിൽ ഞാൻ താൽക്കാലികമായി സെയ്ന്റ് സേവിയേഴ്സിന്റെ നായകസ്ഥാനം ഏറ്റെടുക്കാം. അവിടെ ഇപ്പോഴുള്ളവരിൽ കഴിവുള്ള അഡ്മിനിസ്ട്രേറ്റർമാരുണ്ടാവാതിരിക്കില്ല. അങ്ങനെ ഒരാൾക്കുവേണ്ടി ഞാനും അന്വേഷിക്കാം. ആളെ കിട്ടിയാൽ ഉടൻ തന്നെ ഞാൻ തിരികെ ഇക്വേറ്ററിലേക്ക് തിരിച്ചുവരും. അത് സമ്മതമാണോ?” ഞാൻ ത്രിവേദിയെ തീർത്തും അവഗണിച്ച് മറ്റു രണ്ടു പേരോടുമായിട്ടാണ് സംസാരിച്ചിരുന്നത്.
അങ്ങനെ പിറ്റേന്നു മുതൽ ഞാൻ ഇക്വേറ്ററിൽ നിന്ന് സെയ്ന്റ് സേവിയേഴ്സിലേക്ക് അവിടെയുണ്ടായിരുന്ന ഒരു മാസ്ഡ 323 കാറിൽ പോക്കുവരവ് ആരംഭിച്ചു. പുതിയ ഡ്രൈവറാണ് എന്നെ കൊണ്ടു പോയിരുന്നതും കൊണ്ടുവന്നിരുന്നതും. പുതിയ സ്കൂളിന് പഴയ ഹെഡ്മാസ്റ്റർ ഒരു ടൈംടേബിൾ പോലും ഉണ്ടാക്കിയിരുന്നില്ല. കുറെ അദ്ധ്യാപക തസ്തികകളിൽ ആരെയും നിയമിച്ചിരുന്നില്ല. അങ്ങനെ ആദ്യം മുതൽ എല്ലാം ഞാൻ തന്നെ ചെയ്യേണ്ടിവന്നു.
അതിനിടെ അവിടെയുണ്ടായിരുന്ന ഒരു യുഗാണ്ടൻ ടീച്ചർ എന്റെ കണ്ണിൽപ്പെട്ടു. വളരെ കൃത്യമായി വരികയും ക്ലാസുകൾ ഭംഗിയായി നിയന്ത്രിച്ച് പഠിപ്പിക്കുകയും ചെയ്തിരുന്ന ഒരാൾ, സ്റ്റീഫൻ. അയാൾ ഭിന്നശേഷിക്കാരനായിരുന്നു. ഒരു കാലിന് അല്പം മുടന്തുണ്ടായിരുന്നു. ഞാൻ രാവിലെ സ്കൂളിലേക്ക് വരുമ്പോൾ അയാൾ തിക്കയിലെ കറുത്തവരുടെ ഒരു ടൗൺഷിപ്പിനടുത്തു കൂടി നടന്ന് സ്കൂളിലേക്ക് പോകുന്നതു കണ്ടു.
ഞാൻ അയാളോട് പറഞ്ഞു; പിറ്റേന്നു മുതൽ അവിടെ നിന്നാൽ ലിഫ്റ്റ് നൽകാം എന്ന്.
അങ്ങനെ അത് പതിവായി. കുറച്ചു ദിവസം കൂടി സ്റ്റീഫനെ ശ്രദ്ധിച്ചപ്പോൾ അയാൾ നല്ല അദ്ധ്യാപകനാണെന്ന് മനസ്സിലായി. ക്രമേണ അയാളെ ഞാൻ ചില പുതിയ അഡ്മിഷനുകളെ ഇന്റർവ്യൂ ചെയ്യാനും ചില ഡിസിപ്ലിനറി കേസുകൾ കൈകാര്യം ചെയ്യാനും ഏൽപ്പിച്ചു. അതിലും അയാൾ മോശക്കാരനല്ല എന്ന് തെളിയിച്ചു. താൽക്കാലികമായി ഇങ്ങനെയൊരാളെ കിട്ടിയിട്ടുണ്ട് എന്ന വിവരം ഞാൻ മിസിസ് റാവലിനെ അറിയിച്ചു. ഒരു ദിവസം അവരും ത്രിവേദിയും കൂടി വന്ന് സ്റ്റീഫനുമായി സംസാരിക്കുകയും തൃപ്തരാവുകയും ചെയ്തു. പിറ്റേന്നു തന്നെ സ്റ്റീഫനെ സെയ്ന്റ് സേവിയേഴ്സിലെ പ്രിൻസിപ്പലായി നിയമിച്ചു. ഞാൻ തിരികെ മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയി.
എനിക്ക് അതിൽ വിഷമമില്ലായിരുന്നു. ബോർജെസ് താമസിച്ചിരുന്ന വീട്ടിൽ ഹെഡ്മാസ്റ്റർക്കു പകരം മറ്റൊരാൾ താമസിക്കുന്നത് ഒരു ദുഷിച്ച തന്ത്രമായി എനിക്ക് തോന്നിയിരുന്നു. ആ സ്കൂളിന്റെ അക്കാദമിക് കാര്യങ്ങളിൽ യാതൊരു പങ്കുമില്ലാത്ത ഒരാൾ, അതും വാർദ്ധക്യം ബാധിച്ച ഒരാൾ, അവിടെ താമസിക്കുന്നതിനുപിന്നിൽ ആരുടെയോ കുബുദ്ധി പ്രവർത്തിച്ചിരുന്നു എന്നത് വ്യക്തമായിരുന്നു. സ്കൂൾ ഹെഡ്ഡിന്റെ മീതെ മറ്റൊരു അധികാരകേന്ദ്രം സ്ഥാപിക്കുക; അതുപയോഗിച്ച് സ്കൂൾ ഹെഡ്ഡിന് നിത്യവും ഒരു അരക്ഷിതത്വബോധം സൃഷ്ടിക്കുക. ഇതൊക്കെയായിരുന്നു ത്രിവേദിയുടെ സാന്നിദ്ധ്യം കൊണ്ടുണ്ടായത്.
തിരികെ ഇക്വേറ്ററിൽ വന്നപ്പോൾ ഡിസൂസ എന്നെ പരിഹസിക്കാൻ ശ്രമിച്ചെങ്കിലും എന്റെ തിരിച്ചുവരവ് സംബന്ധിച്ച് അയാളോട് സംസാരിക്കാൻ നിന്നില്ല. അയാളുടെ പോർച്ചുഗൽ വിസയെല്ലാം ഏതാണ്ട് ശരിയായിരുന്നു. ആ വർഷം തന്നെ അയാൾ പോകുമെന്നത് തീർച്ചയായിരുന്നു. അവസാന ദിവസങ്ങൾ തള്ളിനീക്കാനായി മാത്രമായിരുന്നു ഡിസൂസ സ്കൂളിൽ വന്നിരുന്നതെന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു അയാളുടെ പെരുമാറ്റം.
ഡിസൂസ 1989 അവസാനത്തോടെ പിരിഞ്ഞു. അതിനകം ഒരു സർദാർജിയെ ഞങ്ങളുടെ താഴത്തെ കോമ്പൗണ്ടിന്റെ തലവനായി കൊണ്ടുവന്നിരുന്നു. അയാൾ ഒരു ഗവൺമെന്റ് സ്കൂളിലെ അദ്ധ്യാപകനായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഒരു ശ്രീലങ്കൻ ഹെഡ്മാസ്റ്ററും വന്നുചേർന്നു. ഇക്വേറ്ററിന് കോമ്പൗണ്ട് രണ്ടുണ്ടായിരുന്നെങ്കിലും ഹെഡ്ഡ് ഒന്നേ ഉണ്ടായിരുന്നുള്ളൂ.
മിസ്സിസ് റാവലിനേറ്റ വലിയ ഒരു പ്രഹരം യോഗൻ ഭട്ടിന്റെയും കുടുംബത്തിന്റെയും പിരിഞ്ഞുപോകലായിരുന്നു. അവർക്ക് ബ്രിട്ടിഷ് പാസ്പോർട്ടുണ്ടായിരുന്നതിനാൽ എപ്പോൾ വേണമെങ്കിലും അവിടേക്ക് കുടിയേറാൻ കഴിയുമായിരുന്നു. അങ്ങനെ 1989-ലെ അർദ്ധവർഷ അവധിക്കാലത്ത് യോഗൻ, ഭാര്യ മീന, രണ്ട് മക്കൾ, യോഗന്റെ അച്ഛൻ എന്നിവർ ഇക്വേറ്ററും റാവൽ കുടുംബവുമായുള്ള ദശാബ്ദങ്ങളുടെ ബന്ധം വിച്ഛേദിച്ച് ബിലാത്തിക്ക് പ്ലെയ്ൻ കയറി. അവരെക്കുറിച്ച് ഞങ്ങൾ പിന്നീടൊന്നും അറിഞ്ഞില്ല.
പുതുതായി വന്ന ഹെഡ്ഡുകൾ ആദ്യ ആഴ്ച കൊണ്ടു തന്നെ സഹപ്രവർത്തകരുടെ അനിഷ്ടം സമ്പാദിച്ചു. സ്വതന്ത്രമായി ഹെഡ്മാസ്റ്ററെയോ മാനേജറെയോ കാണാൻ മുമ്പൊരിക്കലും ഇക്വേറ്ററിലെ ജീവനക്കാർക്ക് ഒരിക്കലും പ്രതിബന്ധമുണ്ടായിരുന്നില്ല.
പക്ഷേ, പുതുതായി വന്ന നായകന്മാരുടെ ‘ഒഫീഷ്യസ്’ (officious) ആയ പെരുമാറ്റം കാരണം വളരെ സീനിയറായ അദ്ധ്യാപക- അദ്ധ്യാപകേതര ജീവനക്കാരുമായി അവർക്കിടയേണ്ടിവന്നു. അതിന്റെ ഫലമായി ദശാബ്ദങ്ങളായി അവിടെ ജോലി ചെയ്തിരുന്ന ഡിക്സൺ എന്ന ജീവനക്കാരനെ പിരിച്ചുവിട്ടു. ഡിക്സൺ ആദ്യത്തെ മകനെ മാമോദീസ മുക്കിയത് മഹേന്ദ്ര എന്ന പേരിട്ടാണ്. റാവലിനോട് അത്ര കടപ്പാടും സ്നേഹവും ഉണ്ടായിരുന്നു അയാൾക്ക്.
അങ്ങനെ ഇക്വേറ്ററിലെ ആഹ്ലാദത്തിന്റെ ദിനങ്ങൾ മേഘാവൃതമായിത്തുടങ്ങി. ഞങ്ങൾക്ക് റാവലിന്റെ വീട്ടിലേക്ക് കയറാൻ പോലും മടിയായി. മിസിസ് റാവൽ ജ്യേഷ്ഠത്തിയുടെ ഭർത്താവിനെ സ്കൂളിന്റെ മൊത്തം നടത്തിപ്പും ഏൽപ്പിച്ചു. സ്വന്തമായി സ്കൂൾ നടത്തി പൊളിഞ്ഞ ചരിത്രം മാത്രമേ ത്രിവേദിക്കുണ്ടായിരുന്നുള്ളു. അവരോട് മാത്രമായി സംസാരിക്കാൻ ഞാൻ ശ്രമിച്ചില്ല. കാരണം അത് വ്യർത്ഥമാവുമെന്ന് അറിയാമായിരുന്നു. റാവലിന്റെ കുടുംബാംഗങ്ങളാരും (സഹോദരന്മാർ) തന്നെ അയാളുടെ മരണശേഷം തിക്കയിലെ അയാളുടെ വീട്ടിൽ വരികയോ സഹായിക്കുകയോ ചെയ്തില്ല.
ഞങ്ങൾ മറ്റു പഴുതുകൾ നോക്കിക്കൊണ്ടിരുന്നു. പലയിടത്തേക്കും അപേക്ഷകളയച്ചു. ഡിസൂസ പോകും മുൻപ് അയാളിൽനിന്ന് ഞങ്ങൾ രണ്ടാളും നല്ല രണ്ട് ടെസ്റ്റിമോണിയലുകൾ വാങ്ങിവച്ചിരുന്നു. അയാൾ പോയിക്കഴിഞ്ഞാൽ അത് കിട്ടില്ല എന്നൊരു ‘ഇന്റ്യൂഷൻ’ ഞങ്ങൾക്കുണ്ടായിരുന്നു. ഭാഗ്യവശാൽ ബീന അപേക്ഷിച്ചിരുന്ന രണ്ട് സ്കൂളുകളിൽ നിന്ന് ഇന്റർവ്യൂ കാർഡ് വന്നു. ഒന്ന് മൊംബാസയിലും മറ്റൊന്ന് നയ്റോബിയിലും. മൊംബാസയിലെ സ്കൂൾ ഓഷ്വാൾ കമ്യൂണിറ്റി (Oshwal Community) യുടേതായിരുന്നു. വളരെ ഉയർന്ന ശമ്പളം നൽകുന്ന സമുദായമാണ് ഓഷ്വാൾ, ജൈനന്മാരാണ്. പക്ഷേ മൊംബാസയിൽ പോയി വീണ്ടും ജീവിതം ആരംഭിക്കുന്നതിനേക്കാൾ നല്ലത് നയ്റോബിയിൽ നിൽക്കുന്നതാണെന്ന് ഞങ്ങൾ രണ്ടാൾക്കും തോന്നി. നയ്റോബിയിലെ സ്കൂൾ ആര്യ സമാജിന്റേതായിരുന്നു. അവിടെ ഇംഗ്ലീഷിനും വേക്കൻസിയുണ്ടായിരുന്നു. അങ്ങനെ ഞാനും അവർക്ക് ഒരു അപേക്ഷ അയച്ചു. ഉടൻ നിയമനം നടത്തേണ്ടത് ജിയോഗ്രഫിക്ക് ആയിരുന്നതിനാൽ ബീനയെ അവർ ഇന്റർവ്യൂവിനു വിളിച്ചു. ആദ്യ സ്ഥാനത്തു തന്നെ എത്തി.
ജിയോഗ്രഫി മാസ്റ്റേഴ്സുള്ളവർ വിരളം, ഒന്നാം ക്ലാസുള്ളവർ അതിലും വിരളം. ഇക്വേറ്ററിൽ കിട്ടിയിരുന്നതിന്റെ എട്ടിരട്ടിയാണ് ആര്യ സമാജ് അവൾക്ക് ഓഫർ ചെയ്തത്. അതു പോരാ എന്നു പറഞ്ഞപ്പോൾ അവർ ഒട്ടും മടിക്കാതെ നിഷേധിക്കാനാവാത്ത ഒരു ഓഫർ നൽകി. തിരിച്ചു വന്നയുടനെ ഞങ്ങൾ രണ്ടാളും രാജിക്കത്തുകളെഴുതി, അതിനോടൊപ്പം ഞങ്ങളുടെ വർക്ക് പെർമിറ്റ്ന് അടച്ച തുകയുടെ പകുതി കൂടി നൽകാം എന്ന് സമ്മതിച്ചു. യാതൊരു ചാഞ്ചല്യവുമില്ലാതെ ആ ഓഫർ മിസിസ് റാവൽ സ്വീകരിച്ചു. കത്ത് കൊടുക്കും മുൻപ് ഞാൻ അവരോട് പറഞ്ഞിരുന്നു, “ഈ കാര്യത്തിൽ നിങ്ങളുടെ പുതിയ തലവന്മാരോ അഡ്മിനിസ്ട്രേറ്ററോ ഒന്നും ഇടപെടേണ്ട ആവശ്യമില്ല. അതുകൊണ്ട് ഇത് വാങ്ങി വായിച്ച് തൃപ്തിപ്പെട്ടാൽ ഞങ്ങൾ സമാധാനത്തോടെ പൊയ്ക്കൊള്ളാം.”
അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. ഞങ്ങൾ ഒന്നു രണ്ട് സഹായങ്ങൾ ചോദിച്ചിരുന്നു. നയ്റോബിയിൽ ഒരു വീട് ഉടനെ ശരിയാവും; അത് ശരിയാവും വരെ ഇവിടെ താമസിക്കാൻ അനുവദിക്കണം. പോകുമ്പോൾ വന്നതുപോലെ തന്നെ വീട്ടുസാമാനങ്ങൾ കൊണ്ടുപോകാൻ സ്കൂൾ വാൻ ഉപയോഗിക്കാൻ അനുവദിക്കണം. അത് രണ്ടും അവർ സമ്മതിച്ചു.
അടുത്ത ഒന്നര മാസം എന്റെ സഖിയുടെ ജീവിതത്തിലെ മോശം കാലമായിരുന്നു. ദിവസവും ആറു മണിക്ക് തിക്കയിൽ നിന്ന് യാതൊരു സ്പീഡ് ബാരിയറും ഇല്ലാതെ പോകുന്ന നൈറോബി ‘മട്ടാറ്റു’വിൽ അങ്ങോട്ട്. നാലു മണിക്ക് സ്കൂൾ വിട്ടാലുടൻ തിരികെ ഇങ്ങോട്ട്. തിരിച്ചെത്തുമ്പോഴേക്ക് അവൾ തളർന്നു വീഴാറായിട്ടുണ്ടാവും. അങ്ങനെ യാതനാനിർഭരമായ ഒന്നര മാസം. അവൾ ഒരിക്കലും പരാതി പറഞ്ഞില്ല. പണ്ട് ഞങ്ങൾ സ്വയം സൃഷ്ടിച്ച ഒരു ആപ്തവാക്യമായിരുന്നു അവളുടെ ശക്തി: “ഇത് മുത്തെങ്കിൽ മുത്ത്, കുരിശെങ്കിൽ കുരിശ്’’.