Representative image

കറുത്തവരുടെ രാജ്യം, അവിടുത്തെ യാഥാർഥ്യങ്ങൾ

‘‘ഏറ്റവും വലിയ ജനവിഭാഗമായ കറുത്ത വർഗക്കാർക്കുവേണ്ടി വിദ്യാഭ്യാസവകുപ്പ് ചെലവഴിച്ചിരുന്നത് നാമമാത്രമായ തുകയാണ്. ദരിദ്രനാരായണന്മാരായ കറുത്ത വർഗ്ഗക്കാർക്ക് എങ്ങനെ അവരുടെ കുട്ടികളെ പഠിപ്പിച്ച് നേർവഴിയാക്കാൻ കഴിയും?’’- യു. ജയചന്ദ്രൻ എഴുതുന്ന ‘ആഫ്രിക്കൻ വസന്തങ്ങൾ’ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 36

ങ്ങൾ പ്ലെയ്നിലേക്കുള്ള വിളി കാത്തിരിക്കുമ്പോൾ പൊടുന്നനേ എന്റെ പ്രിയതമ പൊട്ടിക്കരഞ്ഞ് എന്റെ തോളിലേക്ക് ചാഞ്ഞു. ആളുകൾ ശ്രദ്ധിക്കാതിരിക്കാൻ ഞാനവളെ ചേർത്തുപിടിച്ചു (ആഫ്രിക്കയിൽ അന്നും ‘സദാചാര’ പൊലീസ് ഇല്ല, കേട്ടോ). അവളുടെ (എന്റെയും മോളുടെയും) ഏറ്റവും വലിയ സങ്കടം ഉഷാജിയെ വഞ്ചിച്ചു എന്നതായിരുന്നു. സത്യത്തിൽ ഞങ്ങൾ അവരെ വഞ്ചിച്ചില്ല. അവർ ആവശ്യപ്പെട്ട വാടക ഒരു ദിവസം പോലും വൈകാതെ എപ്പോഴും എത്തിച്ചിരുന്നു. അവർ സാധാരണ ലാൻഡ് ലോർഡുകളെപ്പോലെയല്ലായിരുന്നു. (നമ്മളെപ്പോലെ വാടകവീട്ടുടമയെ ‘ഹൗസ് ഓണർ’ എന്ന് വിളിക്കുന്ന സമ്പ്രദായം ആഫ്രിക്കയിൽ ഒരിടത്തും കേട്ടിട്ടില്ല.)

ഞങ്ങൾക്കെല്ലാം ഒരുപോലെ നഷ്ടബോധമുള്ള ഒരു കാര്യം ‘കിളിമഞ്ചാരോ’ പ്രോജക്റ്റ് ആയിരുന്നു. ഭൂമിയെയും ഭൂമിശാസ്ത്രത്തെയും എന്റെ കൂട്ടുകാരി സ്നേഹിക്കുന്നതു പോലെ മറ്റാരും സ്നേഹിക്കുന്നുണ്ടാവില്ല. അവളുടെ ആ സ്നേഹം ഏറ്റവും നന്നായി പകർന്നുകിട്ടിയത് അപർണ്ണക്കു തന്നെയായിരുന്നു. എന്റെ പ്രിയതമയുടെ ഒരു വലിയ സ്വപ്നമായിരുന്നു കിളിമഞ്ചാരോ കയറുക എന്നത്. കുറച്ചു ദശാബ്ദങ്ങൾക്കപ്പുറം കിളിമഞ്ചാരോയെക്കാൾ സാഹസികമായ ഒരു യാത്രയ്ക്ക് അവളും ശ്രീക്കുട്ടി എന്ന് ഞങ്ങൾ വിളിക്കുന്ന അവളുടെ സ്നേഹിതയും അപർണ്ണയും ചേർന്ന് വിശാലമായ പദ്ധതിയിട്ടു. അത് കോമ്പോസ്റ്റെല്ലയ്ക്ക് ആയിരുന്നു. അത് ഒരു നീണ്ട കഥയാണ്.

കിളിമഞ്ചാരോ
കിളിമഞ്ചാരോ

ഞങ്ങൾക്ക് പോകേണ്ട സമയമായി. പടികളിറങ്ങി പ്ലെയ്നിനടുത്തേക്ക് നടക്കുമ്പോഴും അവൾ നിശ്ശബ്ദമായി കരയുന്നുണ്ടായിരുന്നു.
യാത്രികരെ യാത്രയാക്കാനെത്തുന്നവർ നിൽക്കുന്ന വ്യൂയിംഗ് ബാൽക്കണിയിലേക്ക് അറിയാതെ തല തിരിച്ച് ഒന്നു നോക്കിപ്പോയി. അവിടെ ഞങ്ങളോട് കയ്യുയർത്തി യാത്ര പറയാൻ ആരുമില്ല.

പ്ലെയ്ൻ ടെയ്ക്ക് ഓഫ് ചെയ്തു. കെന്യൻ വ്യോമാതിർത്തി കഴിയുമ്പോഴേക്ക് അവൾ കരഞ്ഞുകരഞ്ഞുറങ്ങി. നയ്റോബിയിൽ നിന്ന് നാലു മണിക്കൂറാണ് ജൊഹാനസ്ബർഗിലേക്ക്. അവിടെ നിന്ന് ദർബൻലേക്ക് ഡൊമെസ്റ്റിക് ഫ്ലൈറ്റ്. കഷ്ടിച്ച് ഒരു മണിക്കൂർ. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ഞങ്ങൾ ദർബനിലെത്തി. എങ്ങും ഇന്ത്യൻ മുഖങ്ങൾ. ദർബൻ അക്കാലത്ത് വെറുമൊരു ഡൊമെസ്റ്റിക് എയർപോർട്ട് മാത്രമായിരുന്നു. അതു കാരണം ഫോറിൻ കറൻസി എക്സ്ചേഞ്ച് ഇല്ല. ഞങ്ങളുടെ കൈവശം ഡോളറും കൗതുകത്തിന് കയ്യിൽ കരുതിയ ഏതാനും കെന്യൻ ഷില്ലിംഗ് നോട്ടുകളും മാത്രം. എയർ പോർട്ട് വിജനമായിത്തുടങ്ങി. അതാ സാരിയുടുത്ത ഒരു മലയാളി സ്ത്രീ എവിടെനിന്നോ ചോദിക്കുന്നു, ‘ബീനാ, ബീനാ തന്നെ അല്ലേ ഇത്?’

ഞങ്ങൾ അതിശയത്തോടെ നോക്കിയപ്പോൾ തിക്കയിൽ ആദ്യം ഞങ്ങളുടെ വീടിനടുത്ത ക്വർട്ടേഴ്സിൽ ഞാൻ തന്നെ ഇടപെട്ട് കുറച്ചു നാൾ താമസിക്കാൻ സൗകര്യമുണ്ടാക്കി നൽകിയ സുഹൃത്തിന്റെ പത്നി ജോളി (ശരിയായ പേരതല്ല). ബീന സന്തോഷത്തോടെ അവരുടെ അടുത്തേക്കോടി. അവർ ഞങ്ങളുടെ അടുത്തേക്ക് ധൃതിയിൽ നടന്നു വന്നു.
‘ഞങ്ങൾ ഒരു ഹൊട്ടേൽ അക്കൊമ്മഡേഷനുവേണ്ടി…’, ഇത്രയും പറഞ്ഞു തീർക്കുമ്പോഴേക്ക് എന്റെ പ്രിയസഖിയുടെ തിക്കയിലെ ജോളിയുടെ പാർട്ടിംഗ് ‘ഷോട്ട്’ ഇതായിരുന്നു: ‘ഞങ്ങൾ ഇവിടെയല്ല താമസിക്കുന്നത്. നിങ്ങൾ ഏതായാലും വേഗം ജോലിയൊക്കെ ശരിയായിട്ട് ഒരു ദിവസം വരണം’.
അവർ പോയി.

Nairobi 1970s
Nairobi 1970s

ദക്ഷിണാഫ്രിക്കയിലെ *ബാന്റുസ്റ്റാനുകളിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ അദ്ധ്യാപക തസ്തിക നൽകുന്നതിന് ‘ഗ്രാന്റ്’ കൊടുക്കുക എന്നാണ് പറഞ്ഞിരുന്നത്. ആ സമയം ജനുവരി- മാർച്ച് ആണ്. സ്വന്തക്കാരെ തള്ളിക്കയറ്റാൻ എല്ലാവരും ശ്രമിക്കുന്ന സമയം. ജോളിയുടെ ആരെങ്കിലും തൊഴിൽദാഹികളായി വന്നുനിൽക്കുന്നുണ്ടാവണം. അതായിരിക്കും അവർ ഞങ്ങളോട് പെട്ടെന്ന് യാത്ര പറഞ്ഞുപോയത്. ദക്ഷിണാഫ്രിക്കയിലെ മലയാളിയിൽനിന്ന് കിട്ടിയ ആദ്യ പ്രഹരം.

ഞങ്ങൾ അവിടെയുള്ള എയർ പോർട്ട് മാനേജരോട് പറഞ്ഞ് മറീൻ പരേഡിൽ ഒരു ഹോട്ടൽ ഏർപ്പാടാക്കി. എയർ പോർട്ട് ഷട്ടിൽ തന്നെ ഞങ്ങളെ അവിടെയെത്തിച്ചു: ഹോട്ടൽ മാലിബു - ത്രീ സ്റ്റാർ. അവിടെ നിന്ന് കറൻസി മാറി, മുറിയിൽ വന്നു.

മറീൻ പരേഡ് അൽ‌പ്പം നീണ്ടുപോയ ഒരു സിയെസ്റ്റയുടെ ആലസ്യത്തിൽ നിന്നുണരുകയാണ്. ഞങ്ങളുടെ റൂം14-ാമത്തെ നിലയിലാണ്; ബീച്ച് ഫ്രണ്ടിലേക്ക് തുറക്കുന്ന വലിയ ഫ്രഞ്ച് ജനാലയുള്ളത്. അതിനു പുറമേ ടഫ്ഫെൻഡ് ഗ്ലാസിൽ ബാൽക്കണിയുടെ ലക്ഷ്മണരേഖ. ആയിരം വർണ്ണങ്ങളിൽ തെളിയുന്ന നഗരവീഥികളിലെ വിളക്കുകൾ രാത്രിയുടെ പൂന്തോട്ടങ്ങൾ തന്നെ. തുറമുഖത്ത് കണ്ണിമയ്ക്കാത്ത ചരക്കുകപ്പലുകൾ. ദർബനിലെത്തി, മാലിബുവിൽ ചെക്ക് ഇൻ ചെയ്തതോടെ രണ്ട് സഹയാത്രികരുടെയും മുഖങ്ങൾ തെളിഞ്ഞെന്നു മാത്രമല്ല, ദക്ഷിണാഫ്രിക്കയുടെ പുതിയ ആകാശവും പുതിയ ഭൂമിയും ഇരുവരുടെയും ഉള്ളിലുണ്ടായിരുന്ന കാർമേഘങ്ങളെ തഴുകിയകറ്റുകയും ചെയ്തു.

ഞങ്ങൾ ദക്ഷിണാഫ്രിക്കയിലെത്തുന്നത് വേനൽക്കാലത്തായിരുന്നു. സതേൺ ഹെമിസ്ഫിയറിലെ വേനൽക്കാലദിനങ്ങൾ വൈകുന്നേരം കഴിഞ്ഞാലും നീണ്ടു പോകും. അത് ദക്ഷിണാഫ്രിക്ക മുഴുവൻ അനുഭവവേദ്യമാകുമെങ്കിലും ആ രാജ്യത്തിന്റെ മദർ സിറ്റി എന്ന് വിളിക്കപ്പെടുന്ന കെയ്പ്ടൌണിലാണ് ഇത് ഏറ്റവും പ്രകടമാവുക. ഞങ്ങൾ വൈകുന്നേരം മറീൻ പരേഡിൽ വെറുതേ നടക്കാനിറങ്ങി. ഇറങ്ങുമ്പോൾ മാലിബുവിന്റെ ഒരു മാനേജർ മുന്നറിയിപ്പ് നൽകി: എത്ര ദൂരം വരെ പോകുന്നതാണ് ‘സെയ്ഫ്’ എന്ന്. ഞങ്ങൾ ഒരു പബ്ബിൽ കയറി. യൂനിഫോം ഇട്ട,നല്ല പ്രായമുള്ള ഒരാൾ വന്ന് സ്വയം പരിചയപ്പെടുത്തി, ‘ഐ ആം ദേവനായകം. ഐ വിൽ ബെ സേർവിംഗ് യൂ ററ്റുനൈറ്റ്’.
ദക്ഷിണാഫ്രിക്കൻ ബിയറുകളെപ്പറ്റി കേട്ടിരുന്നതിനാൽ ഞാൻ ‘ആംസ്റ്റെൽ’ എന്ന ബിയർ വാങ്ങി. നല്ല ഒന്നാന്തരം ബിയർ. ഞങ്ങൾ ഫിഷ് & ചിപ്സ് വാങ്ങിക്കഴിച്ചു. എന്റെ പ്രിയതമ ഒരു ഗ്ലാസ് റോസെ വൈൻ വാങ്ങി കുറേശ്ശയായി കഴിച്ചു.

പഴയ ഡാർബാൻ എയർ പോർട്ട്‌
പഴയ ഡാർബാൻ എയർ പോർട്ട്‌

അത്താഴം കഴിഞ്ഞിറങ്ങുമ്പോൾ ഒരു സിനിമയ്ക്ക് പോയാലോ എന്നാലോചിച്ചു. പിന്നെ അത് വേണ്ടെന്നുവച്ചു. ഏത് സിനിമാ ഹാൾ ആണ് പോകാനടുത്ത്, അങ്ങനെയൊക്കെയുള്ള ആലോചനകളിൽ സിനിമ കുടുങ്ങിപ്പോയി. മാത്രമല്ല, മോൾ നന്നായി ക്ഷീണിച്ചിരുന്നു. അങ്ങനെ തിരികെ മാലിബുവിൽ വന്നു കയറി. പുറത്ത്, പതിനാലാം നിലയിലേക്ക് കയ്യെത്തി തിരകൾ ആർത്തു കൊണ്ടിരുന്നു. ആ മാലിബു ഏതാനും വർഷങ്ങൾക്കകം ഇല്ലാതായി. ആ കെട്ടിടമാണോ ഹോളീഡേ ഇൻ ഗാർഡൻ കോർട്ട് ആയതെന്ന് സംശയമുണ്ട്,

സാന്റിയാഗോയെപ്പോലെ രാത്രി ഞാൻ സിംഹങ്ങളെ സ്വപ്നം കണ്ടില്ല. സ്വപ്നവിഹീനമായ, നീലിമ മാത്രമുള്ള ഉറക്കമായിരുന്നു, എന്റേത്.

പിറ്റേന്ന് രാവിലെ മാലിബുവിലെ സമൃദ്ധമായ പ്രാതൽ കഴിഞ്ഞ് മുറിയിൽ വന്നപ്പോൾ ഞങ്ങൾ രണ്ട് ചെറുഗ്രൂപ്പുകളായി പിരിയാൻ തീരുമാനിച്ചു. അങ്ങനെ അപർണ്ണയും ബീനയും ഒരു ഗ്രൂപ്പും ഞാൻ ഒറ്റയായി ഒരു ഗ്രൂപ്പും. അവരുടെ ലക്ഷ്യം കമേഴ്സ്യൽ സ്ട്രീറ്റ് ആയിരുന്നു. അവിടെയാണ് ഞങ്ങളുടെ അന്തിമലക്ഷ്യത്തിലെക്കുള്ള മഹത്തായ ആപ്പീസ്. പേരു കേട്ട് ഞെട്ടരുത്: ഹൈ കമ്മിഷൻ ഓഫ് ദ റിപ്പബ്ലിക്ക് ഒഫ് ട്രൻസ്കൈ.
അതെ, ദർബന്റെ മിന്നിത്തിളങ്ങുന്ന മായാജാലത്തിൽ നിന്ന് 441 കിലോമീറ്റർ അകലെ ഞങ്ങളെ കാത്ത് കുറേ കുട്ടികളിരിക്കുന്നു.
ഞാൻ പോയത് ട്രൂറോ ഹൗസി’ലേക്കാണ്. ട്രൂറോ ഒരു കപ്പലിന്റെ പേരാണ്. ഔദ്യോഗികമായി ആദ്യ ബാച്ച് ഇന്ത്യൻ അടിമവേലക്കാരെ പറ്റം പറ്റമായി കയറ്റി കൊണ്ടു പോയ കപ്പൽ. ഇന്ന് ആ പേരിട്ട് ദർബൻ മറീൻ പരേഡിനു സമീപം തലയുയർത്തി നിൽക്കുന്ന അംബരചുംബി ‘നറ്റാൾ പ്രവിശ്യ’യിലെ ഹൗസ് ഓഫ് ഡെലിഗേറ്റ്സ് സ്ക്കൂളുകളുടെ ഭാ‍ഗധേയം നിർണയിക്കുന്ന ഇടമാണ്. ഇപ്പറഞ്ഞ ഹൗസ് ഓഫ് ഡെലിഗേറ്റ്സ്, സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച് വെള്ളക്കാരൻ എറിഞ്ഞുകൊടുത്ത ഇറച്ചിക്കഷണങ്ങൾ ഭക്ഷിച്ചുകൊണ്ടിരുന ഇന്ത്യൻ വംശജർക്കിടയിലെ ഒറ്റുകാരായിരുന്നു. ചെറിയ ചില പ്രിവിലേജുകൾക്കുവേണ്ടി എ.എൻ.സിയോടൊത്ത് നടത്തിയിരുന്ന സ്വാതന്ത്ര്യസമരപരിപാടികളിൽ നിന്ന് പിന്നീട് ഹൗസ് ഓഫ് ഡെലിഗേറ്റ്സ് എന്ന അലങ്കാരസംജ്ഞ സ്വീകരിച്ച ഇന്ത്യൻ വംശജർ പിന്നാക്കം പോകുകയും വെള്ളക്കാരുടെ ‘അഞ്ചാം പത്തി’ എന്ന നിത്യപരിഹാസത്തിന് വിധേയരാവുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയിൽ എപ്പാർത്തൈഡ് ഭരണഘടനാനുസൃതമായി അംഗീകരിക്കപ്പേട്ട നയമായിത്തീർന്നതിനുശേഷം ഔദ്യോഗികമായി നാല് വിദ്യാഭ്യാസവകുപ്പുകളാണ് രൂപീകരിച്ചത്.
1. സൗത്ത് ആഫ്രിക്കൻ വിദ്യാഭ്യാസവകുപ്പ് (വെള്ളക്കാർക്ക് മാത്രം).
2. ഹൗസ് ഓഫ് ഡെലെഗറ്റ്സ് (ഇന്ത്യൻ അഞ്ചാം പത്തികൾക്ക്).
3. ഹൗസ് ഓഫ് റെപ്രെസന്റേറ്റിവ്സ് (അഞ്ചാം പത്തികളായ സങ്കരവർഗ്ഗക്കാർക്കു വേണ്ടി).
4. ബാന്റു എജുക്കേഷൻ ആക്ട് (കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി)

ഇതിൽ ജനസംഖ്യാനുപതികമായി കറുത്ത വർഗ്ഗക്കാരാണ് ഏറ്റവും വലിയ ജനവിഭാഗം. അതേ സമയം അവർക്കുവേണ്ടി വിദ്യാഭ്യാസവകുപ്പ് ചെലവഴിച്ചിരുന്നത് നാമമാത്രമായ തുകയാണ്. ബാന്റു എജ്യുക്കേഷന്റെ ഏറ്റവും ക്രൂരമായ വശമായിരുന്നു, അവർക്ക് ഫണ്ടിംഗ് അനുവദിക്കാതിരിക്കുക എന്നത്. ആ വകുപ്പിന്റെ ചെലവ് മുഴുവൻ ആ ജനവിഭാഗം നൽകുന്ന നികുതിപ്പണത്തിൽനിന്ന് വേണമായിരുന്നു ഈടാക്കാൻ. ദരിദ്രനാരായണന്മാരായ കറുത്ത വർഗ്ഗക്കാർക്ക് എങ്ങനെ ആ ഒരൊറ്റ ധനതത്വപ്രഭവത്തിൽ നിന്ന് അവരുടെ കുട്ടികളെ പഠിപ്പിച്ച് നേർവഴിയാക്കാൻ കഴിയും?

ദക്ഷിണാഫ്രിക്കയിൽ എപ്പാർത്തൈഡ് ഭരണഘടനാനുസൃതമായി അംഗീകരിക്കപ്പേട്ട നയമായിത്തീർന്നതിനുശേഷം ഔദ്യോഗികമായി വംശീയ അടിസ്ഥാനത്തില്‍ നാല് വിദ്യാഭ്യാസവകുപ്പുകളാണ് രൂപീകരിച്ചത്.
ദക്ഷിണാഫ്രിക്കയിൽ എപ്പാർത്തൈഡ് ഭരണഘടനാനുസൃതമായി അംഗീകരിക്കപ്പേട്ട നയമായിത്തീർന്നതിനുശേഷം ഔദ്യോഗികമായി വംശീയ അടിസ്ഥാനത്തില്‍ നാല് വിദ്യാഭ്യാസവകുപ്പുകളാണ് രൂപീകരിച്ചത്.

ഇവ്വിധമുള്ള ചിന്തകളോടെ ഞാൻ ഹൗസ് ഓഫ് ഡെലിഗേറ്റ്സ് സ്ഥിതി ചെയ്യുന്ന ട്രുറോ ഹൗസിന്റെ മുന്നിൽ നിന്ന് ആ മഹാസൗധത്തെ നോക്കിക്കണ്ടു. അതിൽ എത്രാമത്തെയോ നിലയിൽ ‘രാജൻ പില്ലയ്’ (Rajan Pillay) എന്ന ഒരാളുണ്ടെന്നും അദ്ദേഹമാണ് ടീച്ചിംഗ് നിയമനങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും താഴത്തെ പല വാതിലുകളിൽക്കൂടി കയറിയിറങ്ങിയ ശേഷം ഒരു വായ്മൊഴി കേട്ടു. അങ്ങനെ ഞാൻ രാജൻ പിള്ള എന്ന ‘രാജൻ പില്ല’യുടെ സന്നിധാനത്തിലെത്തി. അദ്ദേഹം വളരെ മര്യാദയോടെ എന്നെ സ്വീകരിച്ചിരുത്തി. ജോലിക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം എല്ലാ വലിയ ഉദ്യോഗസ്ഥരെയും പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു, നിങ്ങൾ ഒരു സൗത്ത് ആഫ്രിക്കനായിരുന്നെങ്കിൽ ഒന്നും സംശയിക്കാതെ നിങ്ങൾക്ക് ഇപ്പോൾ ഒരു ജോലി തരാമായിരുന്നു. പക്ഷെ നിങ്ങൾ സന്ദർശക വിസയിലാണ്. സൊ, ഐ ആം ഹെൽ‌പ് ലെസ്. യൂ ഷുഡ് ട്രൈ ദ ബാന്റുസ്റ്റാൻസ്.

വലിയ പ്രതീക്ഷയില്ലാതെയാണ് അവിടെ പോയത്. അതുകൊണ്ട് മി. രാജൻ പിള്ളയുടെ ‘നിസ്സഹായത’യിൽ വിഷമം തോന്നിയതുമില്ല. എന്റെ അറിവിൽ നിർബാധം അഴിമതി നടന്നിരുന്ന ഒരിടമായിരുന്നു ആ വകുപ്പ്. അധികം വൈകാതെ ആ വകുപ്പും അതിന്റെ തലപ്പത്തിരുന്ന് ഭരണം നടത്തിയിരുന രാജൻ പിള്ളയെപ്പോലുള്ളവരും എപ്പാർതൈഡിനെതിരേ പ്രത്യേകിച്ച്, വർണ്ണവെറിയൻ ഭരണത്തിനെതിരേ പൊതുവേയും നടന്നുവന്ന ജനകീയ സമരത്തിന്റെ കൊടുങ്കാറ്റിൽ നാമാവശേഷരാകും.

തിരിച്ച് മാലിബുവിൽ എത്തിയപ്പോഴേക്ക് ‘അഡ്വഞ്ചറേഴ്സ്’ തിരിച്ചെത്തിയിരുന്നു. ഞങ്ങൾ അനുഭവങ്ങൾ പങ്കിട്ടു. അവർ ട്രാൻസ്കൈ ഹൈ കമീഷനിൽ പോകുകയും ആറു മാസത്തെ മൾട്ടിപ്പിൾ എന്റ്റി വിസ അടിച്ചു വാങ്ങുകയും ചെയ്തു. ഞങ്ങൾക്ക് ഏറ്റവും അടുത്തുള്ള ബാന്റുസ്റ്റാൻ ‘ക്വാ സുളു’ (സുളു ഗോത്രത്തിന്റേത്) ആയിരുന്നു. പക്ഷേ ഞങ്ങളോട്, ദക്ഷിണാഫ്രിക്കയിൽ പല കുറി വരികയും പോകുകയും ചെയ്തിട്ടുള്ള ഡോ. സണ്ണിയെപ്പോലുള്ളവർ നിർദ്ദേശിച്ചിരുന്നത് ട്രാൻസ്കൈ ആയിരുന്നു. ബീനയുടെ ചെറിയച്ഛനും അവിടെയാണ് ജോലി നോക്കിയിരുന്നത്. അങ്ങനെ ഞങ്ങൾ ട്രാൻസ്കൈയുടെ തലസ്ഥാനമായ അംടാട്ട എന്ന നഗരത്തിലേക്കുള്ള ഫ്ലൈറ്റുകൾ അന്വേഷിച്ചു. അങ്ങനെയൊരു റൂട്ടിൽ ഞങ്ങൾ പറക്കുന്നില്ല എന്ന മറുപടിയാണ് കിട്ടിയത്. പിന്നെയുള്ള മാർഗ്ഗം ബസാണ്. ദർബനിൽ വന്നിറങ്ങിയപ്പോൾത്തന്നെ അവിടെ ‘ഗ്രേ ഹൗണ്ടി’ന്റെയും മറ്റും വലിയ ലക്ഷുറി ലൈനേർസ് ഞങ്ങൾ കണ്ടിരുന്നു. പക്ഷെ അവർ ഞങ്ങളുടെ ഭാരമേറിയ പെട്ടികൾ ബസിൽ ക്യറ്റാൻ വിസമ്മതിച്ചു. പിന്നത്തെ ചോയ്സ് ‘ട്രാൻസ് ലക്സ്’ ആയിരുന്നു. ഒരു വലിയ പെട്ടി ഞങ്ങൾ ഗുഡ്സ് ട്രെയ്ൻ വഴി അയച്ചു, ഞങ്ങൾക്കെത്തേണ്ട ഗ്രാമത്തിന് അടുത്തൊരിടത്ത്.

പിറ്റേന്ന് രാവിലെ 5:30ന് ഞങ്ങൾ മാലിബുവിന്റെ തൊട്ടു മുൻപിലുള്ള ട്രാൻസ് ലക്സ് ടെർമിനസിൽ നിന്ന് മോൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചുവപ്പും വെള്ളയും ചായം പൂശിയ, ഒരു ലക്ഷ്വറി ബസിൽ കേറി. 441 കിലോമീറ്റർ. ‘ഹൌ മെനി അവേഴ്സ് വിൽ ഇറ്റ് റ്റെയ്ക്?’, ഞാൻ ഡ്രൈവറോട് അന്വേഷിച്ചു.
‘5 അവേഴ്സ് മാക്സിമം, ബി കോസ് ഓഫ് എ ഫിഫ്റ്റീൻ മിൻസ് ബ്രേക് അറ്റ് കോക് സ്റ്റാഡ്’, കോക് സ്റ്റാഡ് ചെറിയ ഒരു ‘വെള്ളക്കാര’ പട്ടണമാണ്.

കൃത്യം ആറു മണിക്ക് ബസ് ശാന്തമായി നീങ്ങി. ഞങ്ങൾക്ക് മുന്നിൽ തന്നെ സീറ്റു കിട്ടി. ബസിൽ കറുത്തവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആഫ്രിക്കൻ വംശീയപഠനങ്ങളിൽ താൽ‌പര്യം വർദ്ധിച്ചതോടെ ഞങ്ങൾ ഇരുവരും ‘നാം കറുത്തവർ തന്നെ’ എന്ന സ്വയം നിർമ്മിതതത്വം ഉരുവിട്ട് പഠിച്ചു.

 Photo: matadornetwork.com, ട്രാന്‍സ്കൈ
Photo: matadornetwork.com, ട്രാന്‍സ്കൈ

ദർബനെ ഞങ്ങൾ അതിവേഗം പുറംതള്ളി. ‘ആയിരം കുന്നുകളുള്ള താഴ് വര’ എന്നു പേരുകേട്ട വിനോദസഞ്ചാര സങ്കേതത്തിന്റെ നാടായ, വീരപുരുഷൻ ഷാക്കാ സുളുവിന്റെ സാമ്രാജ്യമായ ക്വാ സുളു നറ്റാലിൽ നിന്ന് ഞങ്ങൾ മുന്നോട്ട് കുതിച്ചു. ചുരുൾ നിവരുന്ന പച്ചക്കുന്നുകളുടെ പരവതാനി; അനന്തവിസ്തൃതമായ ഭൂമി. അതിശയം കൊണ്ട് മിണ്ടാൻ പോലുമാവാതെ ഞങ്ങൾ തരിച്ചിരുന്നു.

(* ബാന്റുസ്റ്റാൻ എന്നാൽ കറുത്തവരുടെ രാജ്യം)

(തുടരും)


Summary: u jayachandran about south african trvel, affrican vasanthangal


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments