ബോധമറ്റവനെപ്പോലെ തൊഴിൽവേട്ടക്കിറങ്ങിയ കാലം

‘‘ജോലി അന്വേഷിച്ച് ഞാൻ നടക്കാത്ത വഴികൾ ട്രാൻസ്കൈയിൽ കുറവാണെന്നു പറയാം. 15 കിലോമീറ്റർ നടന്നതാണ് ഒരു നെടുങ്കൻ നടപ്പായി തോന്നിയിട്ടുള്ളത്. ഞാൻ വെറുതേ ബോധമറ്റവനെപ്പോലെ നടന്നു. പെട്ടെന്ന് ഒരു കാറിന്റെ ചെറിയ മൂളൽ കേൾക്കും പോലെ. ഞാൻ വഴിയരികിൽ കണ്ട ഒരു കല്ലിൽ ഇരുന്നു. കാർ വന്ന് എന്റെ മുന്നിൽ നിന്നു. ചെറുപ്പക്കാരൻ ഡ്രൈവർ ഇറങ്ങിവന്നു. അയാൾ എനിക്ക് ഫ്ലാസ്കിൽ നിന്ന് തണുത്ത വെള്ളം പകർന്നുതന്നു’’- യു. ജയചന്ദ്രൻ എഴുതുന്ന ‘ആഫ്രിക്കൻ വസന്തങ്ങൾ’ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 39

ധികം ചിന്തിക്കാതെ എനിക്ക് ‘എക്സെംപ്ഷൻ ഒഫ് വിസ’ഒപ്പിട്ടു തന്ന ആ നല്ലവനായ പ്രിൻസിപ്പൽ അദ്ദേഹത്തിന്റെ രണ്ടു വർഷത്തെ അക്കാദമിക് അവധിക്കാലം കഴിഞ്ഞ് തിരികെ ചാർജ്ജെടുത്തശേഷം അധികകാലം ജീവിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറായിരിക്കെയായിരുന്നു അനുജന് പ്രൊമോഷനും മറ്റും തരപ്പെടുത്തിയത്. അവരിരുവരും പി എ സി യുടെ നേതാക്കളായിരുന്നു. ഒരുപക്ഷേ നാട്ടിലെ ഞാൻ തന്നെ പറഞ്ഞറിയിച്ച എന്റെ കമ്യൂണിസ്റ്റ് പശ്ചാത്തലവും 1975-’77 കാലഘട്ടത്തിൽ അടിയന്തരാവസ്ഥക്കെതിരെ എസ് എഫ് ഐയും മറ്റ് ഇടതുപക്ഷ വിദ്യാർത്ഥിപ്രസ്ഥാനങ്ങളും നടത്തിയിരുന്ന പ്രതിരോധ സമരങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ സംഭാഷണങ്ങളും ‘മ്ബാൻഡസായോ’ എന്നു പേരുള്ള ആ പ്രിൻസിപ്പലിനെ ആകർഷിച്ചിരിക്കാം. എ എൻ സിയെക്കാൾ വീറുള്ള സംഘടനയാണ് പി എ സി എന്ന് പി എ സി പ്രവർത്തകർ എപ്പോഴും പറഞ്ഞിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എ എൻ സി യോടുള്ള അടുപ്പക്കൂടുതൽ അവരെ (പി എ സിയെ) അസ്വസ്ഥരാക്കിയിരുന്നെങ്കിലും ‘കോമ്രെയ്ഡ് ഇൻ ആംസ്’ എന്ന് മി മ്ബൻഡസായോ എന്നെ വിളിച്ചിരുന്നു.

1960-ലെ ഷാർപ് വിൽ വെടിവയ്പിലേക്കു നയിച്ച ബാന്റു വിദ്യാഭ്യാസത്തിനെതിരായ പ്രകടനങ്ങളുടെ സ്രോതസ്സ് പി എ സി ആയിരുന്നു എന്നത് സത്യം തന്നെ. എന്നാൽ, സംഘടനാബലത്തിലും കെട്ടുറപ്പിലും നയചാതുരിയിലും നേതൃപാടവത്തിലും എ എൻ സി ആയിരുന്നു യഥാർത്ഥ നായകർ. വാൾട്ടർ സിസുലു, ഒ. ആർ. ടാംബോ, സൗത്ത് ആഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ആയിരുന്ന സ. ജൊ സ്ലോവൊ, രക്തസാക്ഷിയായ സ. ക്രിസ് ഹാനി തുടങ്ങിയവരായിരുന്നു വിവിധ ഘട്ടങ്ങളിൽ എ എൻ സിയുടെ ശക്തമായ മിലിറ്റന്റ് വിഭാഗത്തെ (എം കെ അഥവാ ഉംഖൊണ്ടോ വെ സിസ്വെ’ അഥവാ, Spear of the Nation) നയിച്ചിരുന്നത്. ആ വസ്തുത നിശ്ശബ്ദമായെങ്കിലും മറ്റ് ചെറു വിമോചന പ്രസ്ഥാനങ്ങൾ അംഗീകരിക്കുകയും ചെയ്തിരുന്നു.

1960-ലെ ഷാർപ് വിൽ വെടിവയ്പില്‍ നിന്നും

‘എക്സെംപ്ഷൻ ഓഫ് വിസ’ എന്ന ഫോമിൽ ജോലി തരാനുദ്ദേശിക്കുന്ന സ്കൂൾ ഹെഡ് ‘ജോലി ഉണ്ടെങ്കിൽ തരാം’ എന്നു മാത്രമേ പറയുന്നുള്ളു. തന്നെയുമല്ല, എനിക്ക് ഇന്റീരിയർ മിനിസ്ട്രിയിൽ നിന്ന് എക്സെംപ്ഷൻ ഓഫ് വിസ മുദ്രവച്ച് തന്നിട്ടുമില്ല. രണ്ടാഴ്ച എന്നത് നീണ്ടുനീണ്ട് രണ്ടു മാസമായി. കൊണ്ടുവന്ന പണമെല്ലാം ഏതാ‍ണ്ട് തീരാറായി. കൂട്ടത്തിൽ വൈകുന്നേരം തൊഴിൽ തേടി അലഞ്ഞുതിരിഞ്ഞുവന്നുകഴിയുമ്പോൾ ഞങ്ങളോടൊപ്പമുള്ള (ജോലിയുള്ള) മനുഷ്യരുടെ വിദഗ്ദ്ധോപദേശങ്ങൾ. രാത്രി കിടന്നു കഴിയുമ്പോൾ ഒരു നൂറു തീവണ്ടികൾ തലയ്ക്കകത്തുകൂടി കടന്നു പോകുന്ന ഭീഷണമായ ശബ്ദം.

ദക്ഷിണാഫ്രിക്കയുടെ അതിരുകളിൽ ജീവിച്ച കാലത്താണ് ‘വെള്ളം’ എന്ന വസ്തുവിന്റെ മൂല്യം ഞാൻ മനസ്സിലാക്കുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പൊതുവേ ജലദൗർലഭ്യം മാരകമായ ജീവൽപ്രശ്നമായി ഇന്നും ഭൂരിപക്ഷജനതയുടെ സാമൂഹികജീവിതത്തെ നിരന്തരം ഗ്രസിച്ചുകൊണ്ടിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ‘വെള്ള’ (വെളുത്ത എന്ന അർത്ഥത്തിൽ) പ്രദേശങ്ങളിൽ വെള്ളക്കാർ അവരുടെ കൃഷിക്കും മറ്റാവശ്യങ്ങൾക്കുമുള്ള വെള്ളം സംഭരിച്ച് ഉപയോഗിച്ചു പോന്നു. 1964 നും1994 നുമിടയിൽ ദക്ഷിണാഫ്രിക്കൻ ന്യൂനപക്ഷ (വെള്ള) ഗവൺമെന്റ് 18 വമ്പൻ ഡാമുകൾ പണിതുയർത്തി. വീട്ടുടമസ്ഥൻ മി. പോസ്വായുടെ വീടു നിറയെ മഴവെള്ള ടാങ്കുകളുണ്ട്. എത്ര വെള്ളം വേണമെങ്കിലും ആ ടാങ്കുകളിൽ നിന്ന് ഞങ്ങൾക്കെടുക്കാം. അങ്ങനെ പോസ്വയുടെ വീട്ടിൽ എത്തിയതിന്റെ പിറ്റേന്ന് രാവിലെ തന്നെ കുളി ആഘോഷമാക്കിക്കളയാം എന്നു കരുതി ഞാൻ ബക്കറ്റുകൾ നിറയെ വെള്ളം കൊണ്ടു വന്നങ്ങ് ചരിക്കുകയാണ്. പോസ്വ വിശാലമായ വരാന്തയിൽ ഒരു ബൈബിൾ തുറന്ന് മടിയിൽവച്ച് എന്റെ ചലനങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു. നാലു ബക്കറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചു, ‘മിസ്റ്റർ, നിങ്ങൾ ഇങ്ങനെ വെള്ളം എടുത്താൽ ഈ വീട്ടിലുള്ള മറ്റുള്ളവർ വെള്ളത്തിന് എന്തു ചെയ്യും?’
ഞാൻ പരുങ്ങി നിന്നു. മി. പോസ്വാ എന്റെ അടുത്തേക്കുവന്ന് വലിയ തത്വം പറഞ്ഞു, “യൂ നോ, വാട്ടർ ഈസ് ഹണി ഫോർ അസ്, യെസ്’’.

വാൾട്ടർ സിസുലു

അത് ഞാ‍ൻ ഓർത്തിരിക്കേണ്ടതായിരുന്നു. ട്രാൻസ്കൈ പ്രദേശത്തേക്ക് കടക്കുമ്പോൾ നാം ആദ്യം ശ്രദ്ധിച്ചു പോകുക വീടുകൾക്ക് സമീപം കുത്തി നിർത്തിയിരിക്കുന്ന വാട്ടർ ടാങ്കുകളാണ്. മഴവെള്ളം സംഭരിക്കാൻ അതിലും നല്ല വേറെ മാർഗ്ഗമില്ല തന്നെ. മഴക്കാലം പിണങ്ങിയാൽ കാര്യങ്ങൾ തകരാറാവും. എങ്കിലും എത്യോപ്യയിൽ മഴവെള്ളകൃഷി അടിസ്ഥാനപരമായിപ്പോലും വികസിച്ചിട്ടില്ല. കെന്യയിലെ സ്ഥിതി അൽ‌പ്പം ഭേദമാണെന്ന് പറയാം. നന്നായി മഴവെള്ളക്കൊയ്ത്ത് നടക്കുന്ന, ഞാൻ കണ്ട ആഫ്രിക്കൻ രാജ്യം ദക്ഷിണാഫ്രിക്കയാണ്.

ട്രാൻസ്കൈയിലെ വിദ്യാഭ്യാസവകുപ്പിൽ മലയാളികളോട് താൽ‌പ്പര്യമുള്ള ചില ഉദ്യോഗസ്ഥരുണ്ടാ‍യിരുന്നു. ട്രാൻസ്കൈയിലെ അന്നത്തെ സമ്പ്രദായം ഇങ്ങനെ ആയിരുന്നു. ഒരു പുതിയ ടീച്ചറെ ജോലിക്കെടുത്താൽ അയാളെ അത് ‘ടെലഗ്രാം’ (കമ്പി) വഴി ആണ് അറിയിക്കുക. തീർത്തും ഉൾനാടൻ ഗ്രാമങ്ങളിൽ ഈ ടെലഗ്രാം ഒരു സൂത്രവാക്യമാണ് (ഓപ്പൺ സീസേം എന്നതു പോലെ). ജോലി കിട്ടിക്കഴിഞ്ഞ് വീട് ഫർണിഷ് ചെയ്യണമെങ്കിൽ ഗ്രാമത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ കടക്കാരൻ നിങ്ങളുടെ വീട്ടിൽ പളപളാ മിന്നുന്ന ഫർണിച്ചറും കട്ടിലും മറ്റുമായി എത്തിച്ചേരും. ആ കടലാസ് ഒരു ‘ഗ്യാരന്റി’ ആണ്. നമ്മുടെ നാട്ടിൽ ഇലക് ഷൻ സമയത്ത് വിൽക്കപ്പെടുന്ന വാചാടോപ ഗ്യാരന്റി അല്ല. ആ ഫർണിച്ചറിന്റെയും മറ്റും വില കൃത്യമായി ഒന്നാം തീയതി തന്റെ കാഷ് കൗണ്ടറിലെത്തും എന്ന് ആ വെള്ളക്കാരനായ മൊത്തക്കച്ചവടക്കാരന് അറിയാം.അതിനാൽ അയാൾ / അവൾ നിങ്ങളെ ബഹുമാനിക്കും. നല്ല ഒരു കസ്റ്റമറെ കിട്ടിയതിൽ ആഹ്ലാദിക്കും. അതുപോലെ തന്നെയാണ് മറ്റ് മിക്ക സർവീസുകളും. കുറേക്കൂടി വലിയ ടൗണുകളിൽ ആ സമ്പ്രദായത്തിന്റെ സ്വീകാര്യത കുറഞ്ഞു വരുന്നു എന്നാണ് എന്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്.

ഒ. ആർ. ടാംബോ

തൊഴിൽവേട്ടയിൽ നമുക്ക് പല ചതിക്കുഴികളീലും വീഴേണ്ടി വരും. ഒരു സുഹൃത്ത് അയാളുടെ പ്രിൻസിപ്പലിന്റെ അമ്മ മരിച്ചതിന്റെ മെമ്മോറിയൽ സർവീസിന് എന്നെ കൂട്ടിക്കൊണ്ടു പോയി. ഹൈക്ക് നിർത്തിയേടത്തു നിന്ന് ഏതാണ്ട് 9 കിലോമ്മീറ്റർ നടക്കണം. ഒരു ജോലി അല്ലേ എത്ര ദൂരമെങ്കിലും നടക്കാം എന്നതായിരുന്നൂ എന്റെ ചിന്ത. ഞങ്ങൾ എത്തേണ്ടിടത്ത് എത്തി. കൂടെയുള്ള ആളെ കണ്ടപ്പോൾ പ്രിൻസിപ്പൽ വന്ന് സ്വീകരിച്ചു. പാട്ടും പ്രസംഗങ്ങളും നീണ്ടു പോയി. മറ്റൊരിക്കൽ, ബിൽ കോസ്ബി പറഞ്ഞതു പോലെ, ‘ദെയർ വാസ് എ റാദർ ലോങ് സ്പീച് ബൈ ദ വി ഐ പി ബിഷപ്പ്’. സ്വതസ്സിദ്ധമായ ഹാസ്യനടന്റെ അമ്പരപ്പിക്കുന്ന മുഖഭാവത്തോടെ കോസ്ബി നിന്നു. എത്ര സെക്കന്റുകൾ അങ്ങനെ നിൽക്കാം എന്ന് അയാൾക്കറിയാം. സദസ്സിൽ പിറുപിറുപ്പുകൾ ഉയരും മുൻപ് അയാൾ പറയുന്നു: ‘ആൻഡ് ദെൻ ദെയർ വാസ് എ സോങ്’.

കോസ്ബി ഒരു വിവാദപുരുഷനായി മാറുന്നതിനു മുൻപു നടത്തിയ ഒരു ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നടന്ന കാര്യമാണിത്.

പൊതുവേ കറുത്തവരുടെ ഫ്യൂണറൽ സർവീസുകൾ അനന്തദീർഘമായി പോകുന്നത് ആർക്കും അരോചകമായി കണ്ടിട്ടുമില്ല. അതുപോലെയായി സുഹൃത്തിന്റെ അമ്മയുടെ പേരിലുള്ള സർവീസും. ഞങ്ങൾ പ്രിൻസിപ്പലുമായി ഏറെ നേരം സംസാരിച്ചു. എന്നാൽ എന്റെ സുഹൃത്ത് ഉദ്യോഗക്കാര്യം മുന്നൊട്ട് വച്ചതേയില്ല. ഒടുവിൽ ആരും കാണാതെ ഓരോ ബിയർ കഴിച്ചിട്ട് ഞങ്ങൾ മുക്കുടിയന്മാരായി നടന്നു. ആ‍ ഒമ്പതു കിലോമീറ്ററും നടക്കേണ്ടിവന്നില്ല. ദയാലുവായ ഒരു ട്രക്ക് ഡ്രൈവർ ഞങ്ങളെ അയാളുടെ ഒപ്പം കൂട്ടി. അതിനുശേഷം അയാൾ എന്റെയൊപ്പം തൊഴിൽ വേട്ടയ്ക്കിറങ്ങിയിട്ടില്ല.

സൗത്ത് ആഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ആയിരുന്ന സ. ജൊ സ്ലോവൊ

പ്രിൻസിപ്പൽമാർ വഴിയാണ് ട്രാൻസ്കൈ സ്ക്കൂളുകളിലെ നിയമനങ്ങൾ നടന്നിരുന്നത്. ഒരു ടീച്ചറുടെ വേക്കൻസി എന്നത് ഒരു ‘ഗ്രാന്റ്’ ആണ്. കറുത്തവരുടെ പുരോഗതി എങ്ങനെ തടയാം എന്നതിന് ന്യൂനപക്ഷ വംശീയ ഭരണകൂടം ഓരോ പഴുതുകൾ കണ്ടു കൊണ്ടിരുന്നു. ബാന്റുസ്റ്റാനുകൾ സൃഷ്ടിച്ചതു തന്നെ ഭൂരിപക്ഷ കറുത്ത സമൂഹങ്ങളെ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയവ്യവസ്ഥിതിയിൽ നിന്ന് പുറത്തുനിർത്താനാണല്ലോ. ഇവയെല്ലാം ദക്ഷിണാഫ്രിക്കയുടെ അടിമസംസ്ഥാനങ്ങളായി നിലനിൽക്കെ ട്രാൻസ്കൈ, ബൊഫുത്തട്ട്സ്വാന (തെറ്റിദ്ധരിക്കേണ്ട; ബോട്സ്വാന അല്ല), വെൻഡ, സിസ്കൈ എന്നീ സ്റ്റാനുകൾക്ക് ‘സ്വതന്ത്രം’ എന്ന ഒരു പട്ടവും ചാർത്തിക്കൊടുത്തു. ആറ് ബാന്റുസ്റ്റാനുകൾ പൂർണസ്വാതന്ത്ര്യമില്ലാത്ത സ്റ്റേറ്റുകളായി തുടർന്നു. (അതിൽ ഒന്നിന്റെ ഭരണാധികാരിയായിരുന്നു കുറച്ചു നാൾ മുൻപ് അന്തരിച്ച ചീഫ് മങ്ഗൊസൂത്തു ബുത്തെലേസി.)

മുൻപ് സൂചിപ്പിച്ച ആ ഹൃദയാലുവായ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന് മലയാളി സുഹൃത്തുക്കളും ഉണ്ടായിരുന്നു. കുറേപ്പേർക്കുള്ള ടെലഗ്രാം തയാറായിക്കഴിയുമ്പോൾ അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടിൽ ചെന്നിരുന്ന് സുഹൃത്തിനെക്കൊണ്ടു തന്നെ ടെലഗ്രാം കിട്ടേണ്ടവരെ ഓരോരുത്തരെയും ഫോണിൽ വിളിപ്പിക്കും. വരുമ്പോൾ ടെലഗ്രാം കൊടുക്കും; ഉദ്യോഗലബ്ധിഭാഗ്യം സിദ്ധിച്ചവർ ഓരോരുത്തരും തങ്ങളാലാവും വിധം ദക്ഷിണകൾ നൽകി അദ്ദേഹത്തെ സംപ്രീതനാക്കുന്നു. ഇത് ടെലഗ്രാം ഉണ്ടായിരുന്നിടത്തോളം കാലം അനുസ്യൂതമായി നടന്നുപോന്ന പ്രക്രിയയാണ്. പുതിയ സംവിധാനങ്ങളുടെ ആവിർഭാവത്തോടെ ടെലഗ്രാം ഒരു ഔട്ട്സൈഡറായിപ്പോയി. അങ്ങനെ ടെലഗ്രാം വച്ചുള്ള എല്ലാ ഇന്ദ്രജാലങ്ങളും അസ്തമിച്ചു.

ജോലി അന്വേഷിച്ച് ഞാൻ നടക്കാത്ത വഴികൾ ട്രാൻസ്കൈയിൽ കുറവാണെന്നു പറയാം. 15 കിലോമീറ്റർ നടന്നതാണ് ഒരു നെടുങ്കൻ നടപ്പായി തോന്നിയിട്ടുള്ളത്. വില്ലോവെയിലിൽ നിന്ന് ഐഡ്യൂച്വ എത്തി, അവിടെനിന്ന് ഏതാണ്ട് അഞ്ചു കിലോമീറ്റർ ടാക്സി എന്ന് വിളിക്കപ്പെടുന്ന കോംബിയിൽ. അവിടെ ഇറങ്ങുമ്പോൾ ഒരു ബോർഡ് കാണാം- എസിസ്വെ എസ്.എസ്.സ്ക്കൂൾ. അതിനുചുവടെ മാഞ്ഞുപോയ അക്ഷരങ്ങൾ കൂട്ടി വയ്ക്കുമ്പോൾ “CAPE OF GOOD HOPE” എന്നും കാണാം. ആ സ്ക്കൂളിലേക്കുള്ള വഴി ചോദിക്കുന്നവരെല്ലാം ‘നേരെ, നേരെ’ എന്ന അംഗവിക്ഷേപം കാട്ടി എന്നെ നയിച്ചു. ചുറ്റും നോക്കുമ്പോൾ ഒരു വീടു പോലുമില്ല. കുറേക്കൂടി ചെന്നപ്പോൾ ഒരു പെട്ടിക്കട കണ്ടു. അവിടെ നിന്ന് ഒരു ഫാന്റാ ചോദിച്ചു. ഫാന്റായ്ക്കു പകരം എന്തോ ഒരു മഞ്ഞനിറം കലർന്ന ഒട്ടും തണുപ്പില്ലാത്ത പാനീയം എടുത്തു തന്നു. കടക്കാരന് ക്ലോസ അല്ലാതെ മറ്റൊന്നുമറിയില്ല. പിന്നെ ഞാൻ വെറുതേ ബോധമറ്റവനെപ്പോലെ നടന്നു. പെട്ടെന്ന് ഒരു കാറിന്റെ ചെറിയ മൂളൽ കേൾക്കും പോലെ. ഞാൻ വഴിയരികിൽ കണ്ട ഒരു കല്ലിൽ ഇരുന്നു. കാർ വന്ന് എന്റെ മുന്നിൽ നിന്നു. ചെറുപ്പക്കാരൻ ഡ്രൈവർ ഇറങ്ങിവന്നു. അയാൾ എനിക്ക് ഫ്ലാസ്കിൽ നിന്ന് തണുത്ത വെള്ളം പകർന്നുതന്നു. ഞാൻ ആ വെള്ളം കൊണ്ട് മുഖവും കഴുകി.

ബിൽ കോസ്ബി

“ആർ യു ഗോയിംഗ് ടു ദ സ്ക്കൂൾ? ഐ വിൽ ടെയ്ക് യു ദെയർ’’, അയാൾ പറഞ്ഞു.
കാറിൽ കയറിയ ശേഷം അയാൾ പറഞ്ഞു, “ഐ ആം ദ പ്രിൻസിപ്പൽ ഓഫ് എസിസ്വെ സ്ക്കൂൾ. ഐ വിൽ റിമെംബെർ യു വെൻ ദ ഗ്രാന്റ്സ് ആർ ഡിക്ലെയാർഡ്’’.
അയാൾ തിരികെ എന്നെ മെയ്ൻറോഡിൽ കൊണ്ടു വിട്ടു.
അന്നത്തെ ദിവസത്തെ തൊഴിൽവേട്ട അവസാനിച്ചു. പിറ്റേന്നുരാവിലെ പടികടന്നുവന്നത് അത്ഭുതങ്ങളിൽ അത്ഭുതം.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments