വി.കെ.എൻ/ ഫോട്ടോ: പുനലൂർ രാജൻ

വി.കെ.എൻ വിവർത്തനം ചെയ്ത ദക്ഷിണാഫ്രിക്കൻ കവിത

വെയിൽക്കാലങ്ങൾ-8

വി.കെ.എന്നിനെ കണ്ടതോടെ "ബ്ലോക്ക് മോ ഡിസേൻ'' എന്ന വാക്ക് എന്റെ കണ്ഠനാളത്തിൽ കാളകൂടം പോലെ പൊള്ളി. അദ്ദേഹത്തോട് ഞാൻ എങ്ങനെ അത്രയും വലിയ വിവരമില്ലായ്മ ചോദിക്കും?

തിരുവനന്തപുരം ഫൈനാർട്‌സ് കോളേജ് നവചിത്ര- ശിൽപ കലാസങ്കേതങ്ങളിലേക്ക് മുതലക്കൂപ്പ് കുത്തിയ ദശകമായിരുന്നു എഴുപതുകൾ എന്നുപറയാതെ വയ്യ. അടുക്കും ചിട്ടയുമായി ആ ചരിത്രം രേഖപ്പെടുത്താൻ എനിക്കാവില്ലെങ്കിലും, വരയ്ക്കാനോ ശിൽപങ്ങൾ അവനവന് അറിയാവുന്നതുപോലെ നിർമിക്കാനോ കഴിയുന്നവർക്ക് ഒരു പ്രകാശനവേദി ആ കലാലയം തുറന്നിട്ടിരുന്നു. മനോഹരമായിരുന്നു അവിടത്തെ പ്രദർശന ഗാലറി. എന്റെ യൂണിവേഴ്‌സിറ്റി കോളേജ് ജീവിതത്തിലെ സൗഹൃദവൃത്തങ്ങൾ അവിശ്വസനീയമാം വിധം വൈവിദ്ധ്യമാർന്നതായിരുന്നു. ഉജ്ജ്വലമായ ഗായകസംഘങ്ങൾ, വെറുതെ കവിതയെഴുതിക്കൊണ്ടുവന്ന് പരസ്പരം വായിച്ചുകേട്ട് രസിക്കുന്നവർ, അടിപിടി സെറ്റുകൾ, ഒന്നും മിണ്ടാതെ സൗഹൃദം പങ്കിടുന്നവർ. അക്കൂട്ടത്തിൽ പെട്ടവരായിരുന്നു ജോർജ്ജും പത്മകുമാറും. ഞങ്ങൾ പത്മകുമാറിനെ "പപ്പൻ' എന്നുവിളിച്ചു.

എനിക്ക് ആ കാലത്ത് നേരിട്ടുപോയി കവിത ചോദിയ്ക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നവരായിരുന്നു സുഗതകുമാരിയും ഒ.എൻ.വിയും വിഷ്ണുനാരായണൻ നമ്പൂതിരിയും കടമ്മനിട്ട രാമകൃഷ്ണനും അയ്യപ്പപ്പണിക്കർ സാറും മറ്റും

പപ്പൻ ഒരിക്കൽ കുറെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കൊണ്ടുവന്നുകാണിച്ചു. ആ ഫോട്ടോകളെല്ലാം പപ്പന്റെ ബന്ധുവായ ഒരു ചിത്രകാരൻ വരച്ചതാണെന്ന് പറഞ്ഞപ്പോൾ ആദ്യം ഞങ്ങൾക്കാർക്കും വിശ്വാസമായില്ല. പിന്നീട് മനസ്സിലായി, അവ ഓരോന്നും കരവിരുതിന്റെ അതിശയകരമായ സൃഷ്ടികളാണെന്ന്. എനിക്ക് ആ ചിത്രകാരനെ ഒന്നുകാണണം എന്ന കലശലായ മോഹം ഉണ്ടായിരുന്നു. അത് നടന്നുകിട്ടാൻ പിന്നെയും കുറെ കാലം കഴിഞ്ഞു.

അങ്ങനെയിരിക്കെ പത്മകുമാർ ഒരിക്കൽ എന്നെ വഴുതയ്ക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കാരണം പപ്പനും പപ്പന്റെ നേരെ മൂത്ത ജ്യേഷ്ഠൻ ശാന്തിപ്രസാദും ചേർന്ന് ഒരു മാസിക പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. അതിന്റെ പത്രാധിപസമിതിയിലേക്ക് എന്നെയും ക്ഷണിക്കുകയായിരുന്നു. എനിക്ക് സന്തോഷമായിരുന്നു. ഞാൻ എഴുതുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തുതുടങ്ങിയിരുന്നു, ഒരുമാതിരി അറിയപ്പെടുന്ന വിധത്തിൽ. നിത്യത എന്നാണ് മാസികയ്ക്ക് പേരിട്ടിരിക്കുന്നത്.

സുഗതകുമാരി

ഞങ്ങളെ കാണിച്ച ചിത്രങ്ങളുടെ സ്രഷ്ടാവ് "മഹീന്ദ്ര'യുടെ ചാരുതയാർന്ന ഒരു കൃതിയായിരുന്നു ആദ്യ ലക്കത്തിന്റെ മുഖചിത്രമാക്കാൻ പപ്പൻ കരുതിവച്ചിരുന്നത്. പ്രശസ്ത എഴുത്തുകാരുടെ സൃഷ്ടികൾ ആവശ്യപ്പെട്ട് കത്തയക്കുക തുടങ്ങിയ ജോലികൾ ചെയ്യാൻ ഞാൻ തയാറായിരുന്നു. ചിലയിടങ്ങളിൽ ഞങ്ങൾ നേരിട്ട് പോയി കൃതികൾ ചോദിക്കുകയും ചെയ്തു. എനിക്ക് ആ കാലത്ത് നേരിട്ടുപോയി കവിത ചോദിയ്ക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നവരായിരുന്നു സുഗതകുമാരിയും ഒ.എൻ.വിയും വിഷ്ണുനാരായണൻ നമ്പൂതിരിയും കടമ്മനിട്ട രാമകൃഷ്ണനും അയ്യപ്പപണിക്കർ സാറും മറ്റും. അതുകൂടാതെ സച്ചിദാനന്ദനും വി.കെ.എന്നിനും മറ്റും ഞങ്ങൾ എഴുതി. മിക്കവരും സൃഷ്ടികൾ അയച്ചുതന്നു. സുഗതച്ചേച്ചി ഒട്ടും വൈകാതെ "മക്കളോട്' എന്ന മാതൃത്വവും കവിതയും നിറഞ്ഞു നിൽക്കുന്ന ഒരു കവിത അയച്ചു തന്നു. അതിലെ ചില വരികൾ ഇന്നും ഓർമയിലുണ്ട്:""മക്കളെ, നിങ്ങളോടെന്തു പറയുവാൻ; ഇപ്പുസ്തകമായ നിങ്ങൾ തൻ സുന്ദര- സ്വപ്നത്തിൽ ഞാൻ കുറിക്കട്ടെ; വിശുദ്ധമാം ശക്തി, വിശാലമാം ഭാവന...''

ഇങ്ങനെ പോയി ആ സ്‌നേഹപ്രവാഹം. അതുവായിച്ച് അന്ന് എന്റെ ഉള്ളിൽ ഒരു ആർദ്രത കിനിഞ്ഞു എന്നതിൽ ഒട്ടും അതിശയോക്തിയില്ല. പ്രശസ്തരായ ഒരുപാടുപേർ "രണ്ടാമത്തെ ലക്കത്തിന് തരാം' എന്ന് പറയാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് സംശയം ഇതായിരുന്നു: ഈ ഒരു ലക്കത്തോടെ നിങ്ങളുടെ സ്വപ്നങ്ങളെല്ലാം തകരും. അടുത്ത ലക്കമിറക്കാൻ നിങ്ങളുടെയൊന്നും കൈവശം പണമില്ലെന്നും ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. ആയതിനാൽ, പോയി "അസ്തമിക്കൂ നല്ലവരേ' എന്നാവും ഈ കക്ഷികൾ ഉദ്ദേശിക്കുന്നത്. ഞങ്ങൾ പക്ഷെ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അപ്പോഴേക്ക് സച്ചിദാനന്ദന്റെ "പത്തു കല്പന' എന്ന ഉജ്ജ്വലമായ കവിതയും വി.കെ.എൻ അയച്ച മൂന്നു ദക്ഷിണാഫ്രിക്കൻ കവിതകളുടെ തർജ്ജമയും ഞങ്ങൾക്ക് കിട്ടിക്കഴിഞ്ഞിരുന്നു. അന്ന് തിരുവനന്തപുരത്ത് കലാലയങ്ങളിൽ ഏറെ പ്രശസ്തനായിരുന്ന
എം.എ. മുഹമ്മദ് റോഷൻ ഒരു ചെറുകഥ തന്നുകഴിഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ തീരെ മോശമായ അവസ്ഥയിൽ അല്ലായിരുന്നു. പരസ്യങ്ങളാണ് ഞങ്ങൾക്ക് ഇല്ലാഞ്ഞത്.

വലത്തേ അറ്റത്തേതാണ് ആദ്യലക്കം. മഹീന്ദ്രയുടെ പെയിന്റിങ്ങുകളാണ് എല്ലാ കവറുകളിലേതും.

നിത്യതയുമായി ബന്ധപ്പെട്ട് രസകരമായ, എന്നാൽ അത്ര രസകരമല്ലാത്ത ചില സംഭവങ്ങളുണ്ട്. ശാന്തിപ്രസാദ് സ്ഥലത്തില്ലാത്തതിനാൽ പപ്പന്റെ ഓർമയുടെ അനുവാദത്തോടെ ഒന്നുരണ്ട് സംഭവങ്ങൾ ഇവിടെ കുറിച്ചുകൊള്ളട്ടെ. ആദ്യ സംഭവം ഓർക്കുമ്പോൾ ഇന്ന് എനിക്ക് ചിരിക്കാനാണ് തോന്നുന്നത്.
വി.കെ.എൻ ദക്ഷിണാഫ്രിക്കൻ കവിതകൾ അയച്ചിരുന്നു എന്നു പറഞ്ഞല്ലോ. "മൂന്നു ദക്ഷിണാഫിക്കൻ കവിതകൾ' എന്നെഴുതി അടിവരയിട്ട്, അതിനു ചുവട്ടിൽ കവിതകൾ ഒന്ന്, രണ്ട്, മൂന്ന് ഇങ്ങനെ എഴുതിയിരിക്കുന്നു. അവസാനപേജിൽ ഏറ്റവും അവസാനത്തെ കവിതയും കഴിഞ്ഞ് പേജിന്റെ വലത്തേ കോണിൽ "ബ്ലോക്ക് മോ ഡിസേൻ' എന്ന് എഴുതിയിരുന്നു. ഞങ്ങളുടെ പത്രാധിപസമിതിയിൽ പലരും ഉണ്ടായിരുന്നു കേട്ടോ. അതിലൊരാൾ വി.കെ.എന്നിന്റെ തർജ്ജമ വായിച്ചിട്ട്, "ഇത് ശരിക്കും ദക്ഷിണാഫ്രിക്കൻ കവിയുടെ ആണോ? ദേ ഈ അവസാനം എഴുതിയിരിക്കുന്നത് കണ്ടില്ലേ?' എന്നു ചോദിച്ചു.
അപ്പോൾ അവിടെയുണ്ടായിരുന്നവർ അയാൾ ചൂണ്ടിക്കാണിച്ചയിടത്തേക്ക് ശ്രദ്ധിച്ചു: "ബ്ലോക്ക് മോ ഡിസേൻ'
"ഇത് പേരാണോ, അതോ വി.കെ.എൻ നൈസായിട്ട് നമുക്ക് ഒരു കെണി വച്ചിരിക്കുന്നതാണോ?'
"അത് ആ കവിയുടെ പേരാണ്. അതിലെന്താ കെണി?' അവിടെ ഉണ്ടായിരുന്ന ശാന്തിക്ക് ഈ "പത്രാധിപന്റെ' കടന്നുകയറ്റം ഇഷ്ടപ്പെട്ടില്ല.
"ശാന്തി, ഇങ്ങനെ ഒരു പേര് മുൻപ് കേട്ടിട്ടുണ്ടോ?' വെല്ലുവിളിയാണ്.
ഇല്ല എന്ന അർത്ഥത്തിൽ ശാന്തി തലയാട്ടി.
വിജയിയായ ഞങ്ങളുടെയെല്ലാം സുഹൃത്ത് പ്രഖ്യാപിക്കുന്നു, ""ഹും അങ്ങേര് നമ്മളോട് പയ്യൻ സ്‌റ്റൈലിൽ ഒരു ചെറിയ വേല ഇറക്കിയതാ. ഈ പേര് കണ്ടില്ലേ. "ബ്ലോക്ക് മോ ഡിസേൻ'. പയ്യന്റെ ചില ഡയലോഗുകളുണ്ടല്ലോ അതാണ് ഈ കാണുന്നത്. "ബ്ലോക്ക് മോ'- ബ്ലോക്ക് എടുക്കുമോ? "ഡിസേൻ'- ഡിസൈൻ കൊടുക്കുമോ?
അയാള് നമ്മളോട് ചോദിക്കുകയാണ്, നമ്മൾ അയാളുടെ ഈ തർജ്ജമയ്ക്ക് ബ്ലോക്ക് എടുത്ത് ഡിസൈൻ കൊടുക്കുമോ എന്ന്.''
ഇത് ഒരു രാത്രി നടക്കുന്ന സംഭാഷണമാണ്. അതിനുശേഷം പത്രാധിപസമിതി കൂടിയപ്പോൾ ഇക്കാര്യം സംസാരവിഷയമായി. അതിനിടയ്ക്ക് സച്ചിദാനന്ദൻ അയച്ചുതന്ന "പത്തുകല്പന' യുടെ കയ്യെഴുത്തുപ്രതി കാണാതെ പോയി. ഇത്തരം കാര്യങ്ങളുടെ ചുമതല ഏൽപ്പിച്ചിരുന്ന ആൾ തന്നെയാവും അത് നഷ്ടപ്പെടുത്തിയത് എന്ന് ഞങ്ങൾ മനസ്സിലാക്കി. അതിനൊരു പരിഹാരമായി സച്ചിദാനന്ദന്റെ കയ്യിൽ നിന്ന് അതിന്റെ ഒരു കോപ്പി കണ്ടെത്തുന്ന ചുമതല എന്നെ ഏൽപ്പിച്ചു. അതിനടുത്ത ആഴ്ചയോ മറ്റോ തൃശൂരിൽ "കേരളകവിത'യുടെ പുതിയ ലക്കം പ്രകാശനം നടക്കുന്നുണ്ടായിരുന്നു. പുതിയതായി കേരളകവിതയിലൂടെ എഴുതി വരുന്ന ഒരാളെന്ന നിലയ്ക്കാവണം, ആ പരിപാടിയിൽ പങ്കെടുക്കാൻ അയ്യപ്പപ്പണിക്കർ സാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലേക്ക് എന്നെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു. സച്ചിദാനന്ദനെ ആദ്യമായാണ് അന്നുകണ്ടത്. പരിചയപ്പെട്ടുകഴിഞ്ഞ് "പത്തു കല്പന''യുടെ കാര്യം മടിച്ചുമടിച്ചു ചോദിച്ചപ്പോൾ, ""വേറെ അയച്ചു തരാം'' എന്ന് അദ്ദേഹം ഏറ്റു. അനേകം പേരെ ആ ചടങ്ങിൽ ഞാൻ കണ്ടു; പരിചയപ്പെട്ടു. അതുകഴിഞ്ഞ് ഞാൻ എന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി.

വി.കെ.എൻ എന്നോട് വളരെ കരുണയോടെയാണ് വർത്തമാനം പറഞ്ഞത്. എന്റെ അമ്പരപ്പ് അദ്ദേഹം നന്നായി മനസ്സിലാക്കി. അദ്ദേഹം ഇംഗ്ലീഷ് തിരക്കഥകൾ എഴുതാൻ ഉദ്ദേശിക്കുന്ന കാര്യമെല്ലാം വളരെ വിശദമായി എന്നോടുപറഞ്ഞു.

മാസങ്ങൾക്കുശേഷം, മോട്ടോർ കാറുകൾ ഓടാത്ത, തെരുവുവിളക്കുകൾ ഇല്ലാത്ത ഒരിടത്ത് എത്തിച്ചേർന്നപ്പോൾ അസാധാരണമായൊരു സ്വാതന്ത്ര്യം തോന്നി. കുളത്തിൽ മുങ്ങിക്കുളിച്ച്, രാത്രി പാടത്തിനപ്പുറത്ത് അനങ്ങൻമലയുടെ നിഴൽ കണ്ട് കിടന്നുറങ്ങി. അവിടെനിന്ന് ലക്കിടിക്ക് അധികം ദൂരമില്ല. ലക്കിടി കൂട്ടുപാതയിൽ നിന്ന് തിരുവില്വാമലയ്ക്ക് ബസുണ്ട്. പക്ഷെ പുഴ വരെയേ ബസുള്ളൂ. രാവിലെ ഏതാണ്ട് 8:30ന് ഞാൻ പുഴക്കിക്കരെ ബസിറങ്ങി. വേനലായതിനാൽ മണൽത്തിട്ട മുറിച്ചുകടന്ന് തിരുവില്വാമലയിലെത്തി. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ സമയമെല്ലാം ഇത്ര കൃത്യമായി എങ്ങനെ ഓർത്തിരിക്കുന്നു എന്ന സംശയിക്കുന്നവരോട്- ഞങ്ങളുടെ നാട്ടിൽ നിന്ന് ആ വഴി കൃത്യസമയത്ത് ഓടുന്ന വളരെ കുറച്ചു ബസുകളെ ഉണ്ടായിരുന്നുള്ളു. ഒരു ബസ് തെറ്റിയാൽ പിന്നെ എല്ലാ പരിപാടികളും തകരാറാവും. എപ്പോഴും ബസുകൾ ഓടിയിരുന്ന തിരക്കുള്ള "റൂട്ടുകൾ' വലിയ പട്ടണങ്ങളെ ലക്ഷ്യമിട്ടായിരുന്നു.

പെരുമ്പടവം ശ്രീധരൻ

വി.കെ.എന്നിന്റെ വീടിനടുത്ത് എന്റെ ഒരു ബന്ധു വീടുണ്ടായിരുന്നു. അവിടെയുള്ള കസിൻ വി.കെ.എന്നിന്റെ മകന്റെ സഹപാഠി ആയിരുന്നു. അങ്ങനെ ഞാൻ വി.കെ.എന്നിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഭാര്യ "എന്താ കുട്ടീ?' എന്നു ചോദിച്ച് ഇറങ്ങിവന്നു. എന്റെ ബന്ധു ഞാൻ വരാനിടയുണ്ടെന്ന കാര്യം അവിടെ നേരത്തെ അവതരിപ്പിച്ചിരുന്നത് സഹായമായി. വി.കെ.എൻ പൂമുഖത്തുതന്നെ ഉണ്ടായിരുന്നു. ഒരു വലിയ ഫ്‌ളാസ്‌ക് നിറയെ ചായ ഉണ്ടാക്കി വച്ചിട്ട് ശ്രീമതി വി.കെ.എൻ അടുത്തെവിടെയോ പോകാൻ പുറപ്പെട്ടു. അദ്ദേഹത്തെ കണ്ടതോടെ "ബ്ലോക്ക് മോ ഡിസേൻ' എന്ന വാക്ക് എന്റെ കണ്ഠനാളത്തിൽ കാളകൂടം പോലെ പൊള്ളി. അദ്ദേഹത്തോട് ഞാൻ എങ്ങനെ അത്രയും വലിയ വിവരമില്ലായ്മ ചോദിക്കും?
അദ്ദേഹമാണെങ്കിൽ എന്നോട് വളരെ കരുണയോടെയാണ് വർത്തമാനം പറഞ്ഞത്. എന്റെ അമ്പരപ്പ് അദ്ദേഹം നന്നായി മനസ്സിലാക്കി. അദ്ദേഹം ഇംഗ്ലീഷ് തിരക്കഥകൾ എഴുതാൻ ഉദ്ദേശിക്കുന്ന കാര്യമെല്ലാം വളരെ വിശദമായി എന്നോടുപറഞ്ഞു. "എന്റർ ദ ഡ്രാഗൺ' വലിയ ഹിറ്റ് ആയിരുന്ന സമയമാണ്. വി. കെ. എൻ പറഞ്ഞു; ""ഹോളിവുഡിൽ ഇപ്പോൾ ഓറിയന്റൽ തീംസിന് നല്ല ഡിമാൻഡാണ്.''
കുറച്ചു വർഷങ്ങൾക്കുള്ളിൽ ധാരാളം ഇൻഡോ-ഹോളിവുഡ് സംരംഭങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് എനിക്ക് ചായ തരാൻ അദ്ദേഹം മറന്നില്ല. കുറെനേരം കഴിഞ്ഞ് ധൈര്യം സംഭരിച്ച് ഞാൻ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് മോഡിസെയ്ൻ ഒരു കവിയുടെ പേരാണെന്നതിൽ എനിക്ക് സംശയം ഇല്ലാഞ്ഞതിനാൽ ഞാൻ ദക്ഷിണാഫ്രിക്കൻ കവികളെപ്പറ്റിയാണ് ചോദിച്ചത്. അത് സുരക്ഷിതമായ വഴി തന്നെ ആയിരുന്നു.
അദ്ദേഹം ഉറക്കെ ചിരിച്ച് പറഞ്ഞു; ""ബ്ലോക്ക് മോഡിസെയ്ൻ' പ്രശസ്തനായ ദക്ഷിണാഫ്രിക്കൻ കവിയാണ്. നമുക്ക് ഇവിടെ ദക്ഷിണാഫ്രിക്കൻ കവികളുടെ ആന്തോളജി ഒന്നും കിട്ടാത്തതിനാൽ അവരെപ്പറ്റി വേണ്ടത്ര അറിവില്ല എന്നതാണ് സത്യം.''

പെരുമ്പടവത്തിനെ ഞാൻ എന്റെ കവിതകൾ ഒരെണ്ണം പോലും കാണിച്ചിരുന്നില്ല. കഥയെഴുത്തിലായിരുന്നു അക്കാലത്ത് ഭ്രമം. പെരുമ്പടവം എന്റെ കഥകൾ സ്‌നേഹപൂർവ്വം കേട്ടു. ഒരിക്കൽപ്പോലും നിരുത്സാഹപ്പെടുത്തുന്ന വാക്ക് അദ്ദേഹം പറഞ്ഞില്ല.

ഉച്ചയൂണ് എന്റെ ബന്ധുവിന്റെ വീട്ടിലായതിനാൽ ഞാൻ വി.കെ.എന്നിനോട് യാത്ര ചൊല്ലി ഇറങ്ങി. ഉച്ചയ്ക്ക് 2:30നുള്ള ബസ് തെറ്റിയാൽ പിന്നെ വൈകിട്ട് അഞ്ചിനോ മറ്റോ ആണ് പിന്നത്തെ ബസ്. അതിൽ കയറി വീടെത്തുമ്പോൾ ഇരുട്ടാവും. അക്കാലത്ത് ഭാഗികമായി മാത്രമേ ഞങ്ങളുടെ ഗ്രാമത്തിൽ വൈദ്യുതി എത്തിയിരുന്നുള്ളു.

തിരുവനന്തപുരത്തു വന്നശേഷം ഞാൻ ആദ്യം പരിചയപ്പെട്ട എഴുത്തുകാർ പി.ആർ. നാഥനും പട്ടാമ്പി എന്ന പേരിൽ കുങ്കുമത്തിൽ ധാരാളം കഥകളെഴുതുമായിരുന്ന രവീന്ദ്രനാഥനും, പെരുമ്പടവം ശ്രീധരനുമായിരുന്നു. പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലില്ലാതെ പെരുമ്പടവവുമായി ആദ്യം കാണുന്നത് ഓവർബ്രിഡ്ജിനു സമീപം തമ്പാനൂരേക്കുള്ള വഴിയിൽ അവിടത്തെ ഫുട്ട്ബ്രിഡ്ജിനടുത്തുണ്ടായിരുന്ന സുകുമാർ ബുക് സ്റ്റാളിന് മുന്നിലാണ്. പെരുമ്പടവം പലപ്പോഴും അവിടെ വരുമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ എനിക്ക് ഓർമയുള്ളത് മണി ഹരിപ്പാട് എന്ന പേരിൽ "സിനിമാ മാസിക'യിൽ ഇടയ്ക്ക് എഴുതുമായിരുന്ന ഒരാളെയാണ്. ഞാൻ താമസിച്ചിരുന്ന നെടുംകാട് എന്നിടത്തുനിന്ന് ആഴ്ചയിൽ ഒരിക്കലെങ്കിലും ഞാൻ തമലം എന്ന സ്ഥലത്തേക്ക് നടന്നിരുന്നു. അവിടെയുണ്ടായിരുന്ന ഒരു ലൈൻ കെട്ടിടത്തിലായിരുന്നു പെരുമ്പടവം അന്ന് താമസിച്ചിരുന്നത്. എനിക്ക് ഒരുപാട് സ്‌നേഹവാത്സല്യങ്ങൾ സമ്മാനിച്ച ഒരിടമായിരുന്നു അത്. ആ കൊച്ചു വരാന്തയിൽ ഞാൻ ചെന്നിരുന്നിട്ടുള്ളപ്പോഴൊക്കെ ലൈല ച്ചേച്ചി എന്തെങ്കിലും കഴിക്കാതെ അവിടന്ന് എഴുന്നേറ്റു പോകാൻ അനുവദിച്ചിരുന്നില്ല. പെരുമ്പടവത്തിന്റെ നാലു മക്കളിൽ ഇളയ രശ്മി എനിക്കൊരു ഇരട്ടപ്പേരിട്ടിരുന്നു: "ഹിപ്പിത്തിരുമേനി'. തലമുടി തോളറ്റവും കഴിഞ്ഞ് താഴോട്ട് വളർന്നിറങ്ങിയിരുന്നതിനാലാണ് ആ കുട്ടിക്ക് അങ്ങനെയൊരു ആശയം ഉദിച്ചത്.

""അയ്യേ, ഈ പെരുമ്പടവമൊക്കെ എങ്ങനെ എഴുതിത്തന്നാലും നമ്മൾ ഒന്നും മിണ്ടാതെ ഇതങ്ങ് അച്ചടിച്ചു കൊടുക്കും എന്നാണോ അയാൾ വിചാരിച്ചിരിക്കുന്നത്?''

പെരുമ്പടവത്തിനെ ഞാൻ എന്റെ കവിതകൾ ഒരെണ്ണം പോലും കാണിച്ചിരുന്നില്ല. കഥയെഴുത്തിലായിരുന്നു അക്കാലത്ത് ഭ്രമം. പെരുമ്പടവം എന്റെ കഥകൾ സ്‌നേഹപൂർവ്വം കേട്ടു. ഒരിക്കൽപ്പോലും നിരുത്സാഹപ്പെടുത്തുന്ന വാക്ക് അദ്ദേഹം പറഞ്ഞില്ല. പക്ഷെ എന്റെ കഥകൾ പലതും മടങ്ങി വന്നുകൊണ്ടിരുന്നു. ഇടയ്ക്ക് ചിലതൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു.

മരണപ്പതിപ്പ് പ്രസിദ്ധപ്പെടുത്തി രണ്ടുമൂന്നു വർഷം കഴിഞ്ഞാണ് മുരളീധരൻ നായർ സാർ യുഗരശ്മിയുടെ ചെറുകഥാപതിപ്പ് ഇറക്കുന്നു എന്നറിഞ്ഞത്. അദ്ദേഹത്തിന്റെ ഓഫീസ് "രാമനിലയ'തിലാണെന്ന് എനിക്കറിയില്ലായിരുന്നു. അത് കണ്ടുപിടിച്ച് ഒരു ദിവസം ഞാൻ ഒരു കഥയുമായി അവിടെ എത്തി. മുരളിസാറിന്റെ മുറി കണ്ടുപിടിച്ച് അദ്ദേഹത്തിനോട് വളരെ പ്രയാസപ്പെട്ട് "ഒരു കഥ തരാൻ വന്നതാണ്' എന്ന് പറഞ്ഞപ്പോൾ വളരെ സൗമ്യമായി "ഇരിക്കൂ' എന്നുപറഞ്ഞ് കഥ അദ്ദേഹം വാങ്ങി. ഞാൻ പോകാൻ എഴുന്നേറ്റപ്പോൾ "വരട്ടെ, ഇപ്പോൾത്തന്നെ വായിച്ചു നോക്കാം,' എന്നുപറഞ്ഞു. സമയമെടുത്ത് അദ്ദേഹം കഥ വായിച്ചു. എന്നിട്ട് കണ്ണടച്ചില്ലിലൂടെ ചിരിച്ച് പറഞ്ഞു "നന്നായിട്ടുണ്ട്. കഥാപ്പതിപ്പ് എന്നാ ഇറങ്ങുക എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷേ ഈ കഥ അതിലുണ്ടാവും, കേട്ടോ.'

മുരളീധരൻ നായർ / ഫോട്ടോ: പ്രദീപ് പനങ്ങാട്

അങ്ങനെ ഒരു വിജിഗീഷുവായി ഞാൻ അന്ന് ഉറങ്ങി. പെരുമ്പടവം ശ്രീധരൻ ആ കാലത്ത് എനിക്ക് എപ്പോഴും തുറന്നുസംസാരിക്കാൻ പറ്റുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ചില കൃതികൾ ആ കാലത്ത് പ്രസിദ്ധീകരിക്കും മുൻപ് എനിക്ക് വായിച്ചു കേൾക്കാൻ സാധിച്ചു. "അഷ്ടപദി'യുടെ ആദ്യരൂപം അക്കാലത്ത് അദ്ദേഹമൊരു തിരക്കഥയായി എഴുതിയിരുന്നു. അതിന്റെ "ട്രീറ്റ്‌മെൻറ്​ ' അദ്ദേഹം തന്നെ വായിച്ച് ഞാൻ അക്കാലത്ത് കേട്ടിട്ടുണ്ട്. പെരുമ്പടവം അന്ന് പറയുകയും പിന്നെ പലപ്പോഴും പല സംഭാഷണങ്ങളിലും ആവർത്തിക്കുകയും ചെയ്ത ഒരു കാര്യം ഞാൻ മരണം വരെ മറക്കില്ല: "സിനിമയിൽ ഒരു ചതി ഉണ്ട്'. സത്യമാണെന്ന് വർഷങ്ങൾക്കുശേഷം സ്വാനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി.
ഇങ്ങനെയൊക്കെ എനിക്ക് അടുപ്പമുള്ള, "അഭയം' എന്ന നോവൽ എഴുതിയ പെരുമ്പടവത്തിനോട് നിത്യതയ്ക്ക് ഒരു കഥ തരാമോ എന്ന ചോദിച്ചപ്പോൾ സന്തോഷത്തോടെ "പായസം' എന്ന മനോഹരമായ കഥ എഴുതി സുകുമാർ ബുക്ക്സ്റ്റാളിൽ ഏൽപ്പിച്ചു. പ്രശസ്തരായ പലരും കഥ പിന്നെ തരാം എന്നുപറഞ്ഞ് ഞങ്ങളെ ഓടിച്ചു വിടുന്ന കാലത്താണ് പെരുമ്പടവം ഇങ്ങനെ ഒരു കാരുണ്യം ഞങ്ങളോടുകാട്ടിയത്. അതിന് കാരണഭൂതനായതിൽ എനിക്ക് നല്ല അഹങ്കാരവും തോന്നി.

കഥ പത്രാധിപസമിതി വായിച്ചു. എല്ലാവർക്കും ഇഷ്ടമായി; ""ബ്ലോക്ക് മോ ഡിസേനി''ന്റെ പേരിൽ എന്നെ തിരുവില്വാമല വരെ ഓടിച്ച വിദ്വാൻ ഒഴിച്ച്. അദ്ദേഹം പറഞ്ഞു; "എന്തോന്നെടേ ഇത്. അയ്യേ, ഈ പെരുമ്പടവമൊക്കെ എങ്ങനെ എഴുതിത്തന്നാലും നമ്മൾ ഒന്നും മിണ്ടാതെ ഇതങ്ങ് അച്ചടിച്ചു കൊടുക്കും എന്നാണോ അയാൾ വിചാരിച്ചിരിക്കുന്നത്? നമുക്ക് ഒരു നിലവാരമില്ലേ? അതിനു പറ്റിയ കഥയാണോടേ ഇത്?''
ലളിതമായ ഒരു കഥാതന്തുവിൽ നിന്ന് മനോഹരമായ ഒരു കഥയാണ് പെരുമ്പടവം പറഞ്ഞിട്ടുള്ളത്. ഒരു നവവധു അവളുടെ അസംതൃപ്തയായ അമ്മായിയമ്മയെ സന്തോഷിപ്പിക്കാൻ പല തരത്തിലുമുള്ള പാചക വിദ്യകൾ പരീക്ഷിക്കുന്നു. എല്ലാം ഒന്നൊന്നായി അമ്മായിയമ്മ നിസ്സാരമെന്നുപറഞ്ഞ് തള്ളിക്കളയുന്നു. ഒടുവിൽ ഒരു ദിവസം തന്നെത്തന്നെ കഷണങ്ങളാക്കി പായസം വച്ച് കൊടുക്കുന്നു. അതും അവർ അറപ്പോടെ മാറ്റി വയ്ക്കുന്നു. ഏതാണ്ട് ഇങ്ങനെയാണ് ആ കഥ. എനിക്ക് അതിന്റെ തീവ്രത ഇഷ്ടമായി.
ആരും മിണ്ടുന്നില്ല.

എനിക്ക് നിത്യതയിൽ തുടരാൻ കഴിയില്ലായിരുന്നു. ഞാൻ അതിൽ നിന്ന് നിശ്ശബ്ദമായി പിൻവാങ്ങി. നിത്യതഅധിക കാലം നടന്നില്ല.

"ആ കഥയ്ക്ക് എന്താണ് കുഴപ്പം? അത് വളരെ നല്ല സിംബോളിക് ആയ ഒരു കഥയല്ലേ?' ഞാൻ ചോദിച്ചു.
വാദപ്രതിവാദം നീണ്ടുപോയി. ഒടുവിൽ അയാൾ തന്നെ ആ കഥ മടക്കി കൊടുക്കാം എന്ന തീരുമാനത്തിലെത്തി. അതിനുശേഷം ഞാൻ ഒരു ദിവസം പെരുമ്പടവത്തിനെ കണ്ടു; സുകുമാർ ബുക്ക് സ്റ്റാളിൽ വച്ചുതന്നെ. അദ്ദേഹത്തെ ആ സംഭവം വല്ലാതെ വേദനിപ്പിച്ചിരുന്നു. അത് മറച്ചുവയ്ക്കാതെ എന്നോട് പറയുകയും ചെയ്തു. ഞാൻ നിശ്ശബ്ദനായി കേട്ടുനിന്നു. ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു.
അദ്ദേഹം എന്നോടല്ല ക്ഷോഭിച്ചിരുന്നത്. ഒന്നോർത്തു നോക്കൂ; പെരുമ്പടവം ശ്രീധരൻ എഴുത്തുകൊണ്ട് മാത്രം ജീവിച്ചുപോന്ന ഒരു വ്യക്തിയാണ്. 1973 ൽ അദ്ദേഹം ഒരു സമ്പന്നനായ സാഹിത്യകാരനായിരുന്നില്ല. ഞാൻ ചോദിച്ചപ്പോൾ സന്തോഷത്തോടെ എഴുതിത്തന്ന ആ കഥ ഒരു നല്ല കഥയായിരുന്നു. ആ കഥ മറ്റേതെങ്കിലും പേരുകേട്ട വാരികയ്ക്ക് കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് ചിലപ്പോൾ അന്നത്തെ നിലയ്ക്ക് നല്ലൊരു പ്രതിഫലം കിട്ടുമായിരുന്നു. അത് വേണ്ടെന്നുവച്ച് എന്നോടുള്ള സ്‌നേഹവാത്സല്യം കൊണ്ടുമാത്രം അദ്ദേഹം എഴുതിത്തന്ന കഥ നിർബന്ധമായും അച്ചടിപ്പിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. അത് നിറവേറ്റുന്നതിൽ ഞാൻ തോറ്റു. എനിക്ക് നിത്യതയിൽ തുടരാൻ കഴിയില്ലായിരുന്നു. ഞാൻ അതിൽ നിന്ന് നിശ്ശബ്ദമായി പിൻവാങ്ങി. നിത്യത അധിക കാലം നടന്നില്ല. പപ്പന് അപ്പോഴേക്ക് സിനിമയോടുള്ള അഭിനിവേശം ഒരു ജീവിതലക്ഷ്യമായി വളർന്നിരുന്നു. എന്റെ മുന്നിൽ പഠനം പൂർത്തിയാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നു. അതിനു ശേഷം എന്ത്, എന്ന ചോദ്യം ഇടയ്ക്ക് മുന്നിൽ ഉയർന്നിരുന്നു. അതൊന്നും യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ തെക്കുഭാഗത്തെ പുൽത്തകിടിയിൽ ചേർന്നിരുന്ന സൗഹൃദ സമ്മേളനങ്ങൾക്ക് പകരമാവില്ലായിരുന്നു. ആ കൂട്ടത്തിൽ "വൈൽഡ് ബോയ്‌സ്' ഉണ്ടായിരുന്നു; അതല്ലാത്തവർ ഉണ്ടായിരുന്നു.

ഐ.പി.എസ് കിട്ടി പോസ്റ്റിങ് കാത്തിരുന്ന അൻസാരി ഉണ്ടായിരുന്നു.
ചിത്രകാരനായ ലോറൻസ്, കവിയും ചിത്രകാരനുമായ ജോർജ്ജ്, ഴാങ് ഷെനെയ്ക്കുവേണ്ടി മലയാളം ഡിപ്പാർട്ട്‌മെന്റിന് മുന്നിൽ ഷെനെയുടെ കിട്ടാവുന്ന പുസ്തകങ്ങളെല്ലാം നിരത്തി വച്ച് കർപ്പൂരവും ചന്ദനത്തിരിയും കത്തിച്ചു മുന്നിൽ വച്ച്, "പുണ്യവാൻ ഷെനെ വാഴട്ടെ' എന്നൊക്കെ അനാകർഷകമായ ബോർഡുകൾ പിൻ ചെയ്ത് ഷെനെയെ ആഘോഷിച്ച, ഒരേയൊരു ലക്കം മാത്രം പ്രസിദ്ധീകരിച്ച കനി എന്ന മാസിക നടത്തിയ ""കനി കൃഷ്ണൻ'' എന്നിങ്ങനെ അനേകം പേരുണ്ടായിരുന്നു. ലൈബ്രറിയിൽ നിന്ന് (മോശ കൊവെനൻറ്​ കൊണ്ടുവരുംപോലെ) രണ്ടു കയ്യിലും പുസ്തകങ്ങൾ അടുക്കി നൃത്തച്ചുവടുകൾ വച്ച് വന്നിരുന്ന ""നിരൂപകശ്രേഷ്ഠ''നെ തടഞ്ഞുനിർത്തി "ഇനി ഞാൻ നിരൂപണം എഴുതില്ല; സത്യം' എന്നു പ്രതിജ്ഞയെടുപ്പിച്ച സിംഹങ്ങൾ ഉണ്ടായിരുന്നു.▮

(തുടരും)


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments