സുരേഷ് കുറുപ്പ്, എം.എസ്. കുമാർ, രാമചന്ദ്രൻ (പിന്നിൽ), സുധീഷ്, യു. ജയചന്ദ്രൻ, എം.എ. ബേബി, പി. രവികുമാർ എന്നിവർ 'സൂര്യന്റെ മാംസം' എന്ന പുസ്​തകത്തിന്റെ പ്രകാശനവേളയിൽ

അലക്കിത്തേച്ച ഷർട്ടും കരാൾക്കട മുണ്ടും ഉടുത്ത് കേകയിൽ കവിതയെഴുതിയിരുന്ന എ. അയ്യപ്പൻ!

വെയിൽക്കാലങ്ങൾ- 9

അശോക ലോഡ്​ജിലായിരുന്നു എ. അയ്യപ്പൻ എന്ന മാന്യനായ കവി- പത്രാധിപർ- പ്രസ് മാനേജർ താമസിച്ചിരുന്നത്. വർഗീസ് വൈദ്യന്റെ കൽപക പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തിന്റെ സർവാധിപനായിരുന്നു അ​ദ്ദേഹം

വിദ്യാർത്ഥി രാഷ്ട്രീയം മാത്രമായിരുന്നില്ലല്ലോ തിരുവനന്തപുരം പോലൊരു നഗരത്തിൽ എന്നെപ്പോലെ മറ്റു പല മേഖലകളിലും താൽപര്യമുള്ള ഒരു ചെറുപ്പക്കാരന് ഇടപെടാവുന്നത്. അങ്ങനെയുള്ള ഇടപെടലുകൾ എനിക്ക് ധാരാളം അനുഭവങ്ങൾ നൽകിയിട്ടുണ്ട്. ഈ നഗരം വിട്ട് ഞാൻ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് യാത്രയാവുമ്പോൾ ഇവിടെ ആകെയുണ്ടായിരുന്ന "ഫ്‌ളൈ ഓവർ' തമ്പാനൂരിൽ നിന്ന് തൈക്കാട്ടേക്കുള്ള നിരത്തിലായിരുന്നു. ഇവിടുത്തെ ഏറ്റവും വലിയ മോഡേൺ ജൗളിക്കട ആ ഇടക്കുമാത്രം തുടങ്ങിയ പാർത്ഥാസ് ആയിരുന്നു. ഏറ്റവും നല്ല ഐസ്‌ക്രീം കിട്ടിയിരുന്നത് ബേക്കറി ജംഗ്ഷനിലെ "സോണിയ'യിൽ ആയിരുന്നു. കിഴക്കേകോട്ട മുതൽ പാളയം വരെ നടക്കുമ്പോൾ എത്ര "സലാം' കിട്ടുമെന്ന് പരസ്പരം മത്സരിച്ചിരുന്ന ചിലരെ എനിക്കറിയാം.
അന്നത്തെ തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ തെന്നിന്ത്യയിലെ തന്നെ മറ്റു കേളികേട്ട നഗരങ്ങളെപ്പോലെ പരന്നു പടർന്നു കിടക്കുന്ന ഒരു ജന്തുവായിക്കഴിഞ്ഞിരുന്നില്ല.

ഹരികുമാർ

അക്കാലത്ത് സാധാരണക്കാർക്ക് സ്വതന്ത്രമായി കടന്നുചെല്ലാൻ സാധിക്കുന്ന ചില കൂട്ടങ്ങളുണ്ടായിരുന്നു. ഇ. എ. എം. ബാബു എന്ന ഒരു മനുഷ്യന്റെ പരിശ്രമത്തിൽ നിലനിന്നുപോന്നിരുന്ന "ചർച്ചാവേദി' ആയിരുന്നു അത്തരം ഒരിടം. കൂടാതെ ഗ്രന്ഥശാലാസംഘം ഹാളിൽ മറ്റു പല പരിപാടികളും നടന്നുപോന്നു. സ്ഥിരമായി ഈ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നവർ പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക സാധാരണമായിരുന്നു. അങ്ങനെ ഒരിക്കൽ ഞാൻ കണ്ടെത്തിയ ഒരു സുഹൃത്താണ് ഹരികുമാർ. ഏതോ ഒരു പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ ഹരികുമാറും എന്റെ ഒപ്പം ഉണ്ടായിരുന്നു. ആയുർവേദ കോളേജ് എത്തിയപ്പോൾ അയാൾ എന്നോട് പറഞ്ഞു; "ഞാൻ ഇവിടെയാണ് താമസിക്കുന്നത്. എന്റെ റൂമിൽ ഒന്നുകയറിയിട്ട് പോകാം?'

ആ വീട്ടുമുറ്റത്ത് ഓടിക്കളിച്ചിരുന്ന ഒരു കൊച്ചു പെൺകുട്ടി ലതാമങ്കേഷ്‌കറെപ്പോലും അതിശയിപ്പിക്കുന്ന സ്വരമാധുരിയുടെ ഉടമയായി, നമ്മുടെയെല്ലാം പ്രിയപ്പെട്ട "വാനമ്പാടി'യായി ആഘോഷിക്കപ്പെടുന്ന ഒരു കാലമുണ്ടാവും എന്ന് ആരെങ്കിലും കരുതിയിരുന്നോ?

തിരുവനന്തപുരത്ത് പഠനം തുടരാനാണ് വന്നതെങ്കിലും തിരുവനന്തപുരത്ത് എനിക്ക് സൗഹൃദങ്ങൾ ഉണ്ടായിരുന്നില്ല. എന്റെ അമ്മയ്ക്കും വലിയമ്മയ്ക്കും അറിയാമായിരുന്നത് അവരുടെ തലമുറയിലെ സുഹൃത്തുക്കളെയും അകന്ന ചില ബന്ധുക്കളെയും ആയിരുന്നു. ഞാൻ താമസിച്ചിരുന്ന നെടുങ്കാട് എന്ന സ്ഥലത്ത് ഒരു വായനശാല ഉണ്ടായിരുന്നു. ആ വായനശാലയിലെ പ്രായമേറെയുള്ള ലൈബ്രേറിയനെ എന്റെ ആദ്യ സുഹൃത്തായി കരുതാനാവില്ല. അന്നുഞാൻ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത എന്റെ പിൽക്കാല ജീവിതത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ വർഷങ്ങൾ ഞാൻ അറിഞ്ഞുകൊണ്ട് കാഴ്ചവച്ച ദക്ഷിണാഫ്രിക്കയിൽ അയാളെപ്പോലുള്ളവരെ ഞാൻ കണ്ടിട്ടുണ്ട്. മനസ്സിലെ വിദ്വേഷം മുഴുവൻ മുഖത്ത് വരഞ്ഞിട്ടവർ.

കരമന ജഡ്ജി റോഡിനോട് ചേർന്നുള്ള ഇടവഴിയിലെ "സഹോദര സമാജം' ഹാളിലായിരുന്നു ആ വായനശാല. അതിന്റെ തൊട്ടു പിന്നിലുള്ള വീട് കരമന കൃഷ്ണൻനായരുടേതായിരുന്നു. ആ വീടിനോടു ചേർന്നുള്ള മറ്റു രണ്ടുമൂന്നു വീടുകളും അദ്ദേഹത്തിന്റെ ബന്ധുക്കളുടേതായിരുന്നു. ഇക്കാര്യമെല്ലാം ഞാൻ അറിഞ്ഞത് ഏറെക്കാലത്തിനു ശേഷമാണ് കേട്ടോ. ആ വീട്ടുമുറ്റത്ത് ഓടിക്കളിച്ചിരുന്ന ഒരു കൊച്ചു പെൺകുട്ടി ലതാമങ്കേഷ്‌കറെപ്പോലും അതിശയിപ്പിക്കുന്ന സ്വരമാധുരിയുടെ ഉടമയായി, നമ്മുടെയെല്ലാം പ്രിയപ്പെട്ട "വാനമ്പാടി'യായി ആഘോഷിക്കപ്പെടുന്ന ഒരു കാലമുണ്ടാവും എന്ന് ആരെങ്കിലും കരുതിയിരുന്നോ?

കെ.എസ്. ചിത്ര

ഞാൻ അങ്ങനെ ധർമാലയം റോഡിലുള്ള ഹരികുമാറിന്റെ മുറിയിൽ എത്തിച്ചേർന്നു. അന്നുതുടങ്ങിയ സൗഹൃദം അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ഞങ്ങൾ മുറിഞ്ഞുപോകാതെ സൂക്ഷിക്കുന്നു. ഹരിക്ക് സിനിമയായിരുന്നു പ്രധാന ചിന്താവിഷയം. ഫിലിം സൊസൈറ്റികളിലൂടെ പല ഭാഷകളിലുമുള്ള സിനിമകൾ കാണുക, അതേപ്പറ്റിയെല്ലാം ചർച്ച ചെയ്യുക, കിട്ടുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്ന് അവയെപ്പറ്റി കൂടുതൽ പഠിക്കുക ഇതെല്ലാം ഹരിക്ക് പ്രിയപ്പെട്ട കാര്യങ്ങളായിരുന്നു. പിന്നീടുള്ള എന്റെ സായാഹ്നയാത്രകളിൽ സുകുമാർ ബുക് സ്റ്റാൾ അല്ലാതെ മറ്റൊരു സ്ഥലം കൂടി ഇടം പിടിച്ചു; ഹരിയുടെ ലോഡ്ജുമുറി.

ഹരികുമാർ തിരുവന്തപുരം കോർപ്പറേഷനിൽ ഒരു ഓവർസിയറായി ജോലി നോക്കിയിരുന്ന കാലമാണത്. ആ ജോലി കിട്ടുന്നതിന് മുൻപേ അതെ മുറിയിൽ താമസിച്ച് ഹരി "ചിത്രമേള' എന്നൊരു ചലച്ചിത്ര പ്രസിദ്ധീകരണം നടത്തിയിരുന്നു. ഞാൻ ആ പ്രസിദ്ധീകരണം കണ്ടിട്ടില്ല. കാക്കനാടൻ, മുകുന്ദൻ തുടങ്ങിയ നവ സാഹിത്യ നായകന്മാരുടെ ഏതു കൃതിയെപ്പറ്റിയും മണിക്കൂറുകളോളം നീണ്ട സംഭാഷണങ്ങൾ; കൂടുതലും വാദപ്രതിവാദങ്ങൾ, നടന്നിരുന്ന കാലമാണത്. "വേശ്യകളേ നിങ്ങൾക്കൊരമ്പലം' അല്ലെങ്കിൽ "അവർ പാടുന്നു', "മുണ്ഡനം ചെയ്യപ്പെട്ട ജീവിതം' ഇങ്ങനെയുള്ള കഥകൾ ഒരിക്കലും ഉത്തരം കണ്ടെത്താനാവാത്ത പ്രഹേളികകളായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന കാലം.

കെ. പി. കുമാരൻ ഇടതുപക്ഷാഭിമുഖ്യമുള്ള ചെറുപ്പക്കാർക്ക് എളുപ്പം "കണക്ട്' ചെയ്യാനാവുന്ന വ്യക്തിത്വമായിരുന്നു. അതിനുകാരണം അദ്ദേഹം ഒരിക്കലും ഒളിച്ചുവെച്ചിട്ടില്ലാത്ത തന്റെ രാഷ്ട്രീയ നിലപാടുകൾ തന്നെയാണ്.

പുത്തൻ സാഹിത്യത്തെ "അത്യന്താധുനിക'മെന്നു വിളിച്ച് ഏതാണ്ട് മാറ്റിനിർത്തുകയോ ഇന്നത്തെ ഭാഷയിൽ "ട്രോളു'കയോ ഒക്കെ ചെയ്തിരുന്ന കാലം. കുട്ടിസാഹിത്യകാരന്മാരെ കേശവദേവ് പരസ്യമായി "എടാ പതിനാറു വയസ്സായ വൃദ്ധാ!' എന്ന് അപഹസിച്ചിരുന്ന കാലം. സാഹിത്യത്തിലെ പുത്തനുണർവ് ദൃശ്യകലകളിലേക്ക് പടർന്നപ്പോൾ മലയാളത്തിൽ "ഓളവും തീരവും' ഉണ്ടായി. തൊട്ടുപിറകെ ചിത്രലേഖ ചലച്ചിത്രക്കൂട്ടായ്മയുടെ "സ്വയംവരം' പിറന്നുവീണു. അതോടൊപ്പം കെ. പി. കുമാരന്റെ "ദ് റോക്ക്' എന്ന തൊണ്ണൂറ് സെക്കന്റ് ചലച്ചിത്രേതിഹാസം "എക്‌സ്‌പോ 72 ' നടത്തിയ അന്തർദ്ദേശീയ ലഘുചിത്ര മത്സരത്തിൽ സ്വർണപ്പതക്കം നേടി. "സ്വയംവര'ത്തിന്റെ സഹതിരക്കഥാ രചയിതാവും ആ ചിത്രത്തിന്റെ സഹസംവിധായകനുമായിരുന്ന കെ. പി. കുമാരൻ ഇടതുപക്ഷാഭിമുഖ്യമുള്ള ചെറുപ്പക്കാർക്ക് എളുപ്പം "കണക്ട്' ചെയ്യാനാവുന്ന വ്യക്തിത്വമായിരുന്നു. അതിനുകാരണം അദ്ദേഹം ഒരിക്കലും ഒളിച്ചുവെച്ചിട്ടില്ലാത്ത തന്റെ രാഷ്ട്രീയ നിലപാടുകൾ തന്നെയാണ്. ആ ചലച്ചിത്രം മലയാളസിനിമയുടെ വഴിയിലെ ഒരു വാട്ടർഷെഡ് ആയി നിലനിൽക്കുന്നത് അതിന്റെ മേന്മ കൊണ്ടുമാത്രമല്ല, എക്കാലവും അതേച്ചൊല്ലി ഉയർന്ന (പണ്ടൊക്കെ) അടക്കിപ്പിടിച്ച വിവാദങ്ങൾ കൊണ്ടുകൂടിയാണെന്നത് മറക്കാനാവില്ല.

കെ.പി. കുമാരൻ

നമ്മുടെ കാലം അതല്ലല്ലോ. ഹരികുമാറിന് സിനിമയോടുള്ള അഭിനിവേശം കണ്ട ഞാൻ ആരുടെയെങ്കിലും ഒപ്പം സഹായിയായി കൂടാൻ അയാളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ധർമാലയം റോഡിൽ തന്നെയുള്ള അയാളുടെ ഒരു സ്‌നേഹിതൻ ആയിടക്ക് തോപ്പിൽ ഭാസിയുടെ അസിസ്റ്റന്റുമാരിലൊരാളായി "സിനിമയിൽ കയറി'. തകഴിയുടെ "ഏണിപ്പടികൾ' കെ. പി. എ. സി സിനിമയാക്കിക്കൊണ്ടിരുന്ന സമയം. അയാൾ ഇടയ്ക്കിടെ വന്ന് ഷൂട്ടിംഗിനെകുറിച്ചൊക്കെ ഹരിയോട് വിസ്തരിക്കും. ഒന്നുരണ്ടു പ്രാവശ്യം അയാൾ ഹരിയെ ഒപ്പം കൊണ്ടുപോകുകയും ചെയ്‌തെന്നാണ് ഓർമ.
അതിനുശേഷം ഹരിക്ക് സിനിമയുടെ ലോകത്തേക്ക് ആരും കൊതിക്കുന്നൊരു "എൻട്രി' ലഭിച്ചു: കെ. പി. കുമാരന്റെ സഹസംവിധായകരിൽ ഒരാളായി, അദ്ദേഹം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അതിഥി' എന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ. കെ. പി. കുമാരന്റെയൊപ്പം ജോലി ചെയ്യാൻ ഒരു അവസരം കിട്ടുകയാണെങ്കിൽ ഒരിക്കലും അത് നഷ്ടപ്പെടുത്തരുത് എന്ന ഞാൻ ഹരിയോട് നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. (കുമാരേട്ടനെ പരിചയപ്പെടുത്താം എന്നുപറഞ്ഞ് ഞങ്ങളെ പറ്റിച്ച ഒരു "നല്ലവ'നേപ്പറ്റി ഞാൻ മുൻപ് 'തിങ്കി'ൽ എഴുതിയിരുന്നു. ആവർത്തന വിരസത ഒഴിവാക്കാൻ അതിവിടെ ഉപേക്ഷിക്കുന്നു.) ഹരിയോടൊപ്പം അന്ന് കുമാരേട്ടന്റെ സഹായിയായി സിനിമയിൽ അരങ്ങേറിയ മറ്റൊരു സുഹൃത്തായിരുന്നു പി. വിജയകൃഷ്ണൻ. പക്ഷേ, ഹരികുമാറിനോളം ദൃഢമായി സിനിമയിൽ വേരൂന്നുവാൻ വിജയകൃഷ്ണനു കഴിഞ്ഞില്ല. അദ്ദേഹം ചെയ്ത ചില ചിത്രങ്ങൾ പഴയ സൗഹൃദത്തെ ഓർത്ത് ഞാൻ ക്ഷമയോടെ കണ്ടിരുന്നിട്ടുണ്ട്; അവസാന ക്രെഡിറ്റും മാഞ്ഞുപോകും വരെ. സമ്പൂർണ നിരാശയായിരുന്നു ഫലം. ഹരികുമാർ സാവധാനമെങ്കിലും ശ്രദ്ധിക്കപ്പെട്ട ചില ചിത്രങ്ങൾ ചെയ്തു. "സുകൃതം', "ഉദ്യാനപാലകൻ' എന്നിങ്ങനെ. ഹരി "അതിഥി'ക്കുശേഷം കൊല്ലത്തേക്ക് തന്റെ പ്രവർത്തനമണ്ഡലം മാറ്റി. അക്കാലത്തും ഞാൻ ഹരിയെ സന്ദർശിക്കുകയും കൊല്ലം എസ്. എൻ കോളേജിനടുത്തുള്ള ഹരിയുടെ ലോഡ്ജിൽ തങ്ങുകയും ചെയ്തിട്ടുണ്ട്.

ഒ. എൻ. വിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച അവസരത്തിൽ കൊല്ലത്തും ചവറയിലും വലിയ സ്വീകരണ സമ്മേളനങ്ങൾ നടന്നപ്പോൾ കൊല്ലത്തെ സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചവരിലൊരാൾ ഹരികുമാറായിരുന്നു. ആ സമ്മേളനങ്ങളിൽ ഒ.എൻ.വിക്കൊപ്പം പങ്കെടുക്കാൻ സാധിച്ചത് അഭിമാനകരമായി ഞാൻ കരുതുന്നു. എന്റെ വളർച്ചയുടെ ആദ്യഘട്ടത്തിലെ ഏറ്റവും പ്രധാന ഗുരുസ്ഥാനീയൻ ഒ.എൻ.വി സാർ തന്നെയാണ്.
കവിതയിൽ ഞാൻ അദ്ദേഹത്തെ അനുകരിക്കാനോ ആ വഴി പിന്തുടരാനോ മനഃപൂർവം ശ്രമിച്ചിട്ടില്ല. പക്ഷെ ജീവിതത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയ വഴി നടന്നതിൽ എനിക്ക് എക്കാലവും അദ്ദേഹത്തോട് പറഞ്ഞു തീർക്കാനാവാത്ത കടപ്പാടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഫിലോസഫിക്കും ഇംഗ്ലീഷിനും ഇന്റർവ്യൂ കാർഡ് വന്നപ്പോൾ ഞാൻ ആദ്യ ചോയ്‌സ് കൊടുത്ത ഫിലോസഫി അപകടമാവും എന്ന് എന്റെ നിഷ്‌കളങ്കയായ അമ്മയ്ക്ക് ഒരു തോന്നലുണ്ടായി. അമ്മ എന്നേയും കൂട്ടി വഴുതയ്ക്കാട്ടെ "ഇന്ദീവര'ത്തിലെത്തി. ഒ.എൻ.വി സാറിനോട് ഒന്നുചോദിക്കാം ഇതിലേതാവും നല്ലത് എന്നുമാത്രമേ അമ്മ വിചാരിച്ചുള്ളു. ഇംഗ്ലീഷ് എടുത്ത് പഠിക്കുന്നത് തന്നെയാവും നല്ലത് എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഫിലോസഫിയെക്കുറിച്ച് സർ പറഞ്ഞു, "അദ്വൈതം എന്നതിന് അത് വേറെ കാര്യം എന്ന് പറയുന്ന ആൾക്കാരാണുള്ളത്. അബദ്ധം കാണിക്കരുത്.' അന്ന് ആ വാക്ക് കേട്ടതുകൊണ്ട് കയ്യിൽ ഒറ്റ രൂപ പോലുമില്ലാത്ത കാലത്ത് ലോകം ചുറ്റി പഠിപ്പിക്കാൻ എനിക്ക് ഒരു ടിക്കറ്റു കിട്ടി; എന്റെ വിദ്യ. അതിന്റെ പേരിൽ ആ മഹാഗുരുവിന്റെ ഓർമയ്ക്ക് സാഷ്ടംഗപ്രണാമം.

ഞാൻ ഒരിക്കൽക്കൂടി "ഇന്ദീവര'ത്തിന്റെ പടിവാതിലിൽ എത്തി. വളരെ വിഷമിച്ച് എന്റെ അവസ്ഥ പറഞ്ഞപ്പോൾ ഒ.എൻ.വി സാർ യാതൊരു ശങ്കയും പ്രകടിപ്പിക്കാതെ 50 രൂപ എടുത്തുതന്നു. ആ പണമാണ് എന്നെ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിയാക്കിയത്.

അതുമാത്രമല്ല അദ്ദേഹം ചെയ്തത്. കോളേജ് അഡ്മിഷൻ ദിവസം ആദ്യ ഗഡു ഫീസ് കൊടുക്കാൻ എന്റെ കയ്യിൽ 50 രൂപ കുറവുണ്ടായിരുന്നു. എനിക്ക് തിരുവനന്തപുരത്ത് ആരെയും അറിയില്ല, അത്രയും വലിയ ഒരു തുക ചോദിയ്ക്കാൻ.

ഒ.എൻ.വി. കുറുപ്പ്

ഏതോ ധൈര്യത്തിൽ ഞാൻ ഒരിക്കൽക്കൂടി "ഇന്ദീവര'ത്തിന്റെ പടിവാതിലിൽ എത്തി. വളരെ വിഷമിച്ച് ഞാൻ എന്റെ അവസ്ഥ പറഞ്ഞപ്പോൾ അദ്ദേഹം യാതൊരു ശങ്കയും പ്രകടിപ്പിക്കാതെ 50 രൂപ എടുത്തുതന്നു. ആ പണമാണ് എന്നെ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിയാക്കിയത്. അതിന്റെ പേരിലും അദ്ദേഹത്തോടുള്ള കടപ്പാട് പറഞ്ഞു തീർക്കാവുന്നതല്ല.
എന്റെ വിദ്യ അങ്ങയുടെ ദാനം തന്നെയാണ് സർ.

ഞങ്ങൾ ആഫ്രിക്കയിലേക്ക് പോയശേഷം അവധിക്കാലങ്ങളിൽ വരുമ്പോഴൊക്കെ ഒ.എൻ.വി സാറിനെ ഒന്ന് സന്ദർശിക്കാതിരുന്നിട്ടില്ല. കാലക്രമേണ ആ പതിവ് മുടങ്ങി. മൂന്നാഴ്ചത്തെ അവധിക്കുവരുമ്പോൾ പോകണം, കാണണം എന്നാഗ്രഹിക്കുന്ന പലയിടങ്ങളും ആഗ്രഹങ്ങളായി മാത്രം നിന്നു. അതിനർത്ഥം ഒ.എൻ.വി സാറിനെ ഞങ്ങൾ മറന്നു എന്നല്ല. എന്റെ സഖിയും ഞാനും; ഞങ്ങൾ രണ്ടാളും സാറിന്റെ ശിഷ്യരാണ്. കവിയായ ഒ.എൻ.വിയെ മലയാളം എക്കാലവും നെഞ്ചേറ്റുമെങ്കിൽ അധ്യാപകനായ ഒ.എൻ.വിയെ അദ്ദേഹത്തിന്റെ ആയിരക്കണക്കിനുള്ള വിദ്യാർത്ഥികൾ ഒരിക്കലും മറക്കില്ല.

ആ കാലഘട്ടത്തിൽ യൂണിവേഴ്‌സിറ്റി കോളേജിനുമുന്നിൽ (ഇപ്പോൾ സൗത്ത് പാർക്ക് ഹോട്ടൽ സ്ഥിതി ചെയ്യുന്നിടത്ത്) കുറേക്കാലം മംഗളോദയം ബുക്ക് ഡിപ്പോ പ്രവർത്തിച്ചിരുന്നു. അതിനുശേഷം അവിടെ കേരള ട്രാവൽസ് എന്ന ട്രാവൽ ഏജൻസി വന്നു. അതിനു പിന്നിലായി ‘അശോക ലോഡ്ജ്'. അവിടെയായിരുന്നു എ. അയ്യപ്പൻ എന്ന മാന്യനായ കവി- പത്രാധിപർ- പ്രസ് മാനേജർ താമസിച്ചിരുന്നത്.

എ. അയ്യപ്പൻ

അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിത്തന്നത് ഹരികുമാറാണ്. അലക്കിത്തേച്ച, ഇസ്തിരി ഉടയാത്ത ഷർട്ടും വില കൂടിയ കരാൾക്കട മുണ്ടും ഉടുത്ത് അടക്കിയ ശബ്ദത്തിൽ സംസാരിച്ചിരുന്ന, മദ്യപാനിയുടെ സ്വാർത്ഥത വായ്ത്തല രാകി മിനുക്കിയ കണ്ണുകളില്ലാതിരുന്ന, കേകയിൽ കവിതയെഴുതിയിരുന്ന അയ്യപ്പൻ, വർഗീസ് വൈദ്യന്റെ കൽപക പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തിന്റെ സർവാധിപനായിരുന്നു.
അയ്യപ്പനെ ഹരിയിലൂടെ പരിചയപ്പെട്ടു എന്നല്ലാതെ അയ്യപ്പനുമായി സൗഹൃദം സ്ഥാപിക്കാൻ ഞാൻ മനഃപൂർവം ശ്രമിച്ചില്ല. അയ്യപ്പന്റെ സൗഹൃദവൃന്ദത്തിൽ തിരുനല്ലൂർ സാറിനെപ്പോലുള്ള മുതിർന്ന അധ്യാപകർ പോലും ഉൾപ്പെട്ടിരുന്നു. തിരുനല്ലൂർ സാറിനെ ഭയം കലർന്ന ബഹുമാനത്തോടെയാണ് ഞങ്ങൾ നോക്കിയിരുന്നത്. അദ്ദേഹം ഞങ്ങളെ നളചരിതം രണ്ടാം ദിവസം പഠിപ്പിച്ചു. "കലയും കമലയുമെപ്പോലെ തവ കലയ മാമപി നീയെപ്പോലെ'
എന്ന പദം അദ്ദേഹം പഠിപ്പിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. 47 വർഷം കഴിഞ്ഞിട്ടും ആ ഘനഗംഭീരശബ്ദം കാതിൽ മുഴങ്ങുന്നു. കുറച്ചു കാലം മുൻപ് അദ്ദേഹത്തിന്റെ മക്കളിലൊരാളായ ടി. കെ. വിനോദനുമായി "കാവ്യകേളി' എന്ന ഒരു ഓൺലൈൻ സൗഹൃദക്കൂട്ടത്തിലൂടെ സംസാരിക്കാനിടയായി. തിരുനല്ലൂർ സാറിന്റെ വീട്ടിൽ ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട്. കായിക്കര ആശാൻ മെമ്മോറിയലിന്റെ ആരംഭകാലത്ത്; (എനിക്ക് തോന്നുന്നത് ആദ്യ വർഷം തന്നെ ആണെന്നാണ്) ഒരു ഗംഭീര കവിസമ്മേളനം നടത്തി. ഒരു പുതുകവിയെന്ന നിലയ്ക്കാവാം എന്നെയും അവർ ഉൾപ്പെടുത്തി. ആ പരിപാടിയിൽ കടമ്മനിട്ടയും പുനലൂർ ബാലനും ഉണ്ടായിരുന്നു.

ബാലൻ സാറിനെ "രാമനിലയ'ത്തിൽ ഇ. എൻ. മുരളീധരൻ നായരുടെ "നവധാര പബ്ലിക്കേഷൻസി'ന്റെ റൂമിലെ ഒരു നിത്യസന്ദർശകൻ എന്ന നിലയിലും മുതിർന്ന കവിയെന്ന നിലയിലും നന്നായി അറിയാമായിരുന്നു. സ്‌നേഹസമ്പന്നനായ ഒരു മനുഷ്യൻ. അസ്സലായി കവിത ചൊല്ലും. സാറിന്റെ പ്രശസ്തമായ "കോട്ടയിലെ പാട്ട്', "രാമൻ രാഘവൻ', "തെക്കൻ പാട്ട്' തുടങ്ങിയ കവിതകൾ തന്റെ നേർത്തതെങ്കിലും ഈണം തുളുമ്പുന്ന ശബ്ദത്തിൽ ചൊല്ലിക്കേൾക്കുക ഒരു പ്രത്യേക സുഖമാണ്. എന്തുകൊണ്ടോ ബാലൻ സാറിന്റെ കവിതാവായനയ്ക്ക് അർഹിക്കുന്ന അംഗീകാരം (അവാർഡൊന്നുമല്ല ഞാനുദ്ദേശിച്ചത്) നാം നൽകിയിട്ടില്ല.

കടമ്മനിട്ടയുടെ വീട്ടിലെ തുടർച്ചയായ മദ്യപാനം ശാന്തചേച്ചിക്ക് പഥ്യമാവുന്നില്ലെന്ന് മനസ്സിലാക്കിയ ഞാൻ കഴിയുന്നതും ഒഴിഞ്ഞു മാറി. മറക്കാനാവാത്ത ദിനങ്ങളായിരുന്നു അവ. ഒരുപാടു വർത്തമാനം പറഞ്ഞും കവിതകൾ ചൊല്ലിയും ചൊല്ലിച്ചും തർക്കിച്ചും അവ അതിവേഗം അടർന്നു വീണു

ബാലൻ സാറും കായിക്കരയിലെ ആ കവിസമ്മേളനത്തിന് വരുന്നുണ്ടായിരുന്നതിനാൽ അദ്ദേഹം എന്നോട് പറഞ്ഞു, "താൻ തിരുനല്ലൂരിന്റെ വീട്ടിലേക്ക് വന്നാൽ മതി. അവിടെ നിന്ന് നമുക്കൊന്നിച്ച് കായിക്കരയ്ക്ക് പോകാം.'
അങ്ങനെ ഞങ്ങൾ കായിക്കര കവിസമ്മേളനം കൂടി. ആ പ്രദേശത്ത് ഒപ്പം പഠിച്ചവരോ അല്ലാത്തതോ ആയ, എനിക്ക് അറിയാവുന്നതും എന്നെ അറിയാവുന്നതുമായ സമകാലികരായ ചെറുപ്പക്കാരുടെ വലിയ സൈന്യങ്ങൾ തന്നെയുണ്ടെന്ന് അന്നുരാത്രിയാണ് ഞാനറിഞ്ഞത്. കവിസമ്മേളനം കഴിഞ്ഞ് മറ്റു കവികൾ പോയിട്ടും കടമ്മനിട്ടയെയും എന്നെയും സ്‌നേഹിതർ വിട്ടില്ല.

കടമ്മനിട്ട രാമകൃഷ്ണൻ

എസ്. സുധീഷിന്റെ (പിൽക്കാലത്ത് "പാഠം' മാസിക പത്രാധിപർ) വീട്ടിൽ ഞങ്ങൾ പോയി. സുധീഷിന്റെ വിവാഹം ആയിടയ്ക്കായിരുന്നു. വളരെ പ്രശസ്തയായ കഥാകാരിയായിരുന്ന ബി. സുനന്ദയെയാണ് സുധീഷ് വിവാഹം ചെയ്തത്. നവദമ്പതികളെ കാണണം എന്ന കടമ്മനിട്ടയുടെ നിർബന്ധമാണ് ഞങ്ങളെ അവിടെ എത്തിച്ചത്. അവിടെ നിന്ന് അന്നത്തെ കേരള സർവകലാശാല സിൻഡിക്കേറ്റ് വിദ്യാർത്ഥി പ്രതിനിധിയായിരുന്ന എന്റെ പ്രിയ സ്‌നേഹിതൻ ആർ. മനു ഞങ്ങളുടെ "സംരക്ഷണം' ഏറ്റെടുത്തു. ധാരാളം നാടൻ വാറ്റ് ഒഴുകി, ആ രാത്രി.
പുലർച്ചെ എണീറ്റപ്പോൾ കടമ്മനിട്ടയ്ക്ക് ഒരു ആശയം: വീടുവരെ ഒന്നുപോയാലോ? അദ്ദേഹം പറഞ്ഞു, "നീയും വാ. നമുക്ക് കൈപ്പട്ടൂർ വരെ ഒന്നുപോകാം. സുധീഷും സുനന്ദയും കൂടെ വാ.' അങ്ങനെ ഞങ്ങൾ കായിക്കരയിൽ നിന്ന് ചിറയിൻകീഴെത്തി, അവിടെ നിന്ന് കൈപ്പട്ടൂർ എന്ന "കടമ്മനിട്ട കൺട്രി'യിലെത്തി.

സുധീഷും സുനന്ദയും അന്നുച്ചയ്ക്ക് കടമ്മനിട്ടയുടെ ശാന്തച്ചേച്ചി തയാറാക്കിയ ഊണും കഴിച്ച് തിരികെപ്പോയി. പോയിട്ട് പ്രത്യേകിച്ച് ആർക്കും പ്രയോജനമില്ലാത്ത ഞാൻ കടമ്മനിട്ടയോടൊപ്പം രണ്ടു ദിവസം ആ മനോഹരമായ ഗ്രാമത്തിൽ ചുറ്റിക്കറങ്ങി. വൈകുന്നേരങ്ങളിൽ അദ്ദേഹത്തിന്റെ അനുജൻ ഗോവയിൽ നിന്ന് കൊണ്ടുവന്ന ഫെനിയുടെ കുപ്പി തുറന്നു. തുടർച്ചയായ ആ മദ്യപാനം ശാന്തചേച്ചിക്ക് പഥ്യമാവുന്നില്ലെന്ന് മനസ്സിലാക്കിയ ഞാൻ കഴിയുന്നതും ഒഴിഞ്ഞു മാറി. മറക്കാനാവാത്ത ദിനങ്ങളായിരുന്നു അവ. ഒരുപാടു വർത്തമാനം പറഞ്ഞും കവിതകൾ ചൊല്ലിയും ചൊല്ലിച്ചും തർക്കിച്ചും അവ അതിവേഗം അടർന്നു വീണു.▮

​​​​​​​(തുടരും)


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments