യു ജയചന്ദ്രൻ, ബീന ജയചന്ദ്രൻ എന്നിവർ ദക്ഷിണാഫ്രിക്കൻ കാലത്തെ സുഹൃത്തുക്കൾക്കൊപ്പം

നിരന്തരമായ വെടിയൊച്ചകളുടെ നോർവുഡ്

അംടാട്ടയിലെ നോർവുഡ് എന്ന പഴയ ഒരു കൊളോണിയൽ സെറ്റിൽമെന്റിൽ ആകസ്മികമായി ഒരു വീട് കിട്ടിയതിനെത്തുടർന്ന് ഒന്നര മാസത്തിനകം ഞങ്ങൾ അവിടെ താമസമാക്കി. നോർവുഡ്ഡും പരിസരങ്ങളും ഞങ്ങൾക്ക് ശാന്തതക്കുപകരം നിരന്തരമായ വെടിയൊച്ചകളാണ് കാത്തുവച്ചിരുന്നത്- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 43

ദ്യം നടന്നത് ജ്യോഗ്രഫിക്കുള്ള ഇന്റർവ്യൂ ആയിരുന്നു. അതു കഴിഞ്ഞ്, വൈകാതെ നിയമനത്തിന് ടെലഗ്രാമും കിട്ടി. അപർണയെ ന്യൂ ഹൊറൈസൺ അന്തരീക്ഷത്തിൽനിന്ന് വിടുവിച്ചു കൊണ്ടുവരാൻ ഞങ്ങൾ അൽ‌പം പ്രയാസപ്പെട്ടു. മിസ്സ് മൊഫ്ഫാറ്റും രമണി ടീച്ചറും മറ്റും കൂടി ഇടപെട്ടാണ് അവൾ ഓർക്കാപ്പുറത്ത് ഒരു മാറ്റത്തിനു തയാറായത്. പക്ഷേ അംടാട്ടയിലെ ഇന്റർനാഷനൽ സ്കൂൾ നടന്നുകണ്ടപ്പോൾത്തന്നെ അവൾക്കിഷ്ടമായി. അന്നത്തെ യു.ഐ എസ് പ്രിൻസിപ്പൽ റോബിൻ റെറ്റ്സ്ലാഫ് വാചാലനും ഗ്രഹാംസ് ടൗൺ എന്ന പട്ടണത്തിലെ പ്രശസ്തമായ സെയ്ന്റ് ആൻഡ്രൂസ് ബോയ്സ് സ്കൂളിലെ മുൻ അദ്ധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്റെ സംരക്ഷണയിൽ കുട്ടികളെ ഏല്പിക്കാൻ യാതൊരു ധൈര്യക്കുറവും തോന്നില്ല. അത്ര സുതാര്യമായിരുന്നു റോബ് റെറ്റ്സ്ലാഫിന്റെ അധ്യാപക- വിദ്യാർത്ഥി ബന്ധത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ. സാധാരണഗതിയിൽ അദ്ദേഹം ഇടപെട്ടിരുന്ന ‘ടീനേജ്’ വർഷങ്ങൾ കഴിയാത്ത കുട്ടികളെ ചൊൽ‌പ്പടിക്കു നിർത്താൻ ചൂരൽ പ്രയോഗം അടക്കമുള്ള അച്ചടക്കനടപടികൾ വേണ്ടി വരിക എന്നത് സ്വാഭാവികം. എന്നാൽ റോബ് അതിൽ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം എന്തുകൊണ്ടും ഒരു ‘ഒന്നാം ലോക’ അദ്ധ്യാപകനാണ് എന്ന് ഞങ്ങൾക്ക് തോന്നി. അപർണയുടെ സ്വഭാവരൂപീകരണത്തിലും മറ്റും ഇദ്ദേഹത്തിന്റെ ആദർശങ്ങൾ വ്യക്തമായ സ്വാധീനം ചെലുത്തുമെന്നും ഞങ്ങൾ ഇരുവരും തീർച്ചയാക്കി.

അപ്പോഴെല്ലാം അപർണയും ബീനയും ഐഡൂച്വ ദൂരം എന്നും ഡ്രൈവ് ചെയ്താണ് പോയി വന്നിരുന്നത്. അതത്ര സുഖമുള്ള ഏർപ്പാടായിരുന്നില്ല. കാരണം എന്റെ ‘ടെലഗ്രാം’ വരാൻ വൈകുന്നുണ്ടായിരുന്നു.

സെയ്ന്റ് ആൻഡ്രൂസ്, ഗ്രഹാംസ് ടൗൺ

അംടാട്ടയിലെ നോർവുഡ് (Norwood) എന്ന പഴയ ഒരു കൊളോണിയൽ സെറ്റിൽമെന്റിൽ ആകസ്മികമായി ഒരു വീട് കിട്ടിയതിനെത്തുടർന്ന് ഒന്നര മാസത്തിനകം ഞങ്ങൾ അവിടെ താമസമാക്കി. നോർവുഡ്ഡും പരിസരങ്ങളും ഞങ്ങൾക്ക് ശാന്തതക്കുപകരം നിരന്തരമായ വെടിയൊച്ചകളാണ് കാത്തുവച്ചിരുന്നത്. ഞങ്ങൾക്ക് കിട്ടിയ വീടാണെങ്കിലോ, ഒരു പഴയ കൊളോണിയൽ വില്ല. വില്ലയായതിനാൽ ധാരാളം സ്ഥലസൗകര്യമുണ്ടായിരുന്നു. മുൻകാല കേരളാ കോൺഗ്രസ് സ്ഥാപിത നേതാക്കളിൽ പ്രധാനിയായിരുന്ന ജോസഫ് ചാഴിക്കാടൻ എം എൽ എയുടെ മകളുടെ മകൻ ജോസ് പുല്ലുകാട്ടിലാണ് ഞങ്ങൾക്ക് വീട് തന്ന വ്യക്തി. അദ്ദേഹവും പങ്കാളി സുമയും രണ്ട് കുട്ടികളുമായിരുന്നു അവിടെ താമസം. മക്കൾ; ദിവ്യ, നവ്യ. ഞങ്ങൾ എത്യോപ്യയിലുള്ളപ്പോൾ അവിടെ വന്നതാണ്, ജോസ്. ഒരു കൊല്ലമേ അവിടെ ജോലി നോക്കിയുള്ളൂ. പിന്നീട് ലെസൂറ്റു വഴി ട്രാൻസ്കൈ ബാന്റുസ്റ്റാനിൽ വന്ന് അവിടെ സ്ഥിരമാ‍ക്കി. അഡീസ് അബാബയിൽനിന്ന് ഏതാണ്ട് 40 കിലോമീറ്റർ അകലെയുള്ള അസെല്ല എന്നയിടത്തായിരുന്നു ജോസ്. താമസസ്ഥലത്തുനിന്ന് സ്കൂളിലേക്ക് അല്പം ദൂരക്കൂടുതലായതിനാൽ ജോസ് യാത്രാസൗകര്യത്തിന് കുറഞ്ഞ വിലയ്ക്ക് ഒരു കുതിരയെ വാങ്ങി. കുറച്ചു ദിവസം റൈഡിംഗ് പാഠങ്ങളൊക്കെ എടുത്തിട്ട് ഒരു നാൾ സ്കൂളിലേക്ക് അശ്വാരൂഢനായി പോകുമ്പോൾ, ഏതോ കാരണവശാ‍ൽ ആ കുതിര പിണങ്ങുകയും ജോസിനെ ഉരുട്ടി താഴെയിടുകയും ചെയ്തു എന്നാണ് കഥ. പിൽക്കാലത്ത് എന്റെ ഏറ്റവുമടുത്ത സ്നേഹിതരിൽ ഒരാളായിത്തീർന്ന ജോസിന്നോട് ആ കഥയുടെ സത്യാസത്യങ്ങൾ ഞാൻ അന്വേഷിച്ചില്ല. ജോസ് തന്നെ പറഞ്ഞാണ് ഞാൻ അത് കേട്ടിട്ടുള്ളത്. ജോസും സുമയും സംഗീതസ്നേഹികളായിരുന്നു.

ജോസ് മൂന്നോ നാലോ മാസത്തേക്കാണ് ഞങ്ങൾക്ക് വീട് തന്നത്. ആ കാലയളവിൽ അവിടെ ഉണ്ടായിരുന്ന രണ്ട് ‘വാച്ച് ഡോഗ്സി’നെ പോറ്റേണ്ട ചുമതലയും ഞങ്ങളുടേതായിരുന്നു. ഒരു ബോർഡർ കോളിയും (Border Collie) പിന്നെയൊരു നാടനും. അവർ ഇരുവരും ഞങ്ങളുമായി; പ്രത്യേകിച്ച് സഖിയും അപർണയുമായി വളരെ വേഗം സ്നേഹത്തിലായി. ഒരൊറ്റ കുഴപ്പമേയുള്ളൂ; ഇരുട്ട് വീണു കഴിഞ്ഞ് എങ്ങോട്ടെങ്കിലും പോകാൻ കാറെടുത്താൽ ചെയ്സ് എന്ന നാടൻ, കാറിന്റെ മുന്നിൽ വന്നങ്ങ് നിൽക്കും. വീനസ് എന്നു പേരിട്ടിരുന്ന കോളി പക്ഷേ, അക്ഷോഭ്യയായിരുന്ന് കൂട്ടുകാരന്റെ ചാപല്യം അവജ്ഞയോടെ നോക്കിക്കാണും. അവൾക്ക് വാച്ച് ഡോഗ് ആയി കിടന്ന് പരിസരവീക്ഷണം നടത്താൻ ജോസ് ഒരു പ്ലാറ്റ്ഫോം കെട്ടിയിരുന്നു. താൻ എല്ലാം തികഞ്ഞ ഒരു വാച്ച് ഡോഗ് ആണെന്ന് അവൾ ധരിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. ഞങ്ങൾ എഴുന്നേറ്റ് അവൾക്കും ചെയ്സിനുമുള്ള പ്രാതൽ റെഡിയാക്കി മുന്നിലെത്തിക്കും വരെ വീനസ് ആ കിടപ്പ് കിടക്കും. (ലാസ്സീ സിനിമകളിലെ ലാസിയെ ഓർക്കുക).

ജോസ് പുല്ലുകാട്ടിലും പങ്കാളി സുമയും

ജോസും സുമയും തിരിച്ചെത്തിയശേഷവും കാവൽക്കാരുടെ സന്ദിഗ്ധത അല്പനേരത്തേക്ക് തുടർന്നു. പിന്നീടെല്ലാം ‘നോർമൽ’ ആയി.
ജോസും സുമയും വലിയ കുഴപ്പമില്ലാതെ പഴയ പാട്ടുകൾ പാടും. അങ്ങനെ ചില വാരാന്ത്യങ്ങളിൽ ജോസിന്റെ വീട്ടിൽ ഞങ്ങൾ സംഗീതവിരുന്നുകാരായി വീണ്ടുമെത്തി. ജോസിന്റെ വീട് കൈവിട്ടുപോയെങ്കിലും അംടാട്ടയിലുള്ള ഡോ. ശാന്ത ഞങ്ങൾക്ക് അവരുടെ വീട്ടിലുള്ള സ്പെയ്സ് സ്നേഹത്തോടെ പകുത്തുനൽകി. ശാന്തയുടെ മകൻ രതീഷും അപർണയും ക്ലാസ്മെയ്റ്റ്സാണ്. അതിനാൽ അവരെ കൊണ്ടുവിടാനും വിളിച്ചുകൊണ്ടുവരുവാനും പ്രത്യേക ട്രിപ്പുകളുടെ ആവശ്യമില്ലായിരുന്നു. മൂന്നാഴ്ച ശാന്തയുടെ വീട്ടിൽ കഴിഞ്ഞു, ഒരു ദിവസം ഞങ്ങളുടെ (ഹ്യുമാനിറ്റീസ്) എച്ച്.ഒ.ഡി മിസ്സിസ് ലുതാങ്ഗോ എന്നെ വിളിച്ച് ഹൗസിംഗ് ബോർഡിൽ ചെല്ലാൻ പറഞ്ഞു. അവിടെ സർക്കാർ വീടുകൾ വാടകയ്ക്ക് കൊടുക്കുന്ന സംവിധാനമുണ്ട്. അതിന്റെ ചീഫ് ഒരു സ്ത്രീയാണ്. ഞാൻ അവരെ കണ്ടു. അവർ ഒരു വലിയ താക്കോൽക്കൂട്ടം എനിക്ക് നീട്ടി.
“വൺ ഓഫ് ദ കീസ് ഇൻ ഹിയർ ബിലോങ്സ് റ്റു യൂ. പ്ലീസ് ഫൈൻഡ് ഇറ്റ് മി. ജയ്, ആൻഡ് സ്റ്റാർട്ട് ലിവിങ്’’.

എനിക്ക് ക്ലാസുണ്ടായിരുന്നതിനാൽ ബീന തന്നെ എല്ലാം ഏറ്റെടുത്തു. എന്റെ പ്രിയതമയുടെ കുശാഗ്രബുദ്ധി, അപ്പോൾത്തന്നെ അവളുടെ കസിൻ റീനയ്ക്ക് ഒരു കുറിപ്പെഴുതി കൊടുത്തയക്കാൻ മറന്നില്ല. അതിന്റെ രത്നച്ചുരുക്കം ഇതായിരുന്നു: ഇവിടെ നമുക്കെല്ലാം വീടുകൾ ശരിയായിട്ടുണ്ട്. ഇന്നു വൈകിട്ട് ശാന്തയുടെ വീട്ടിൽ വന്നാൽ വീട് കാണാം. അതുപോലെ അവൾ ക്ഷണിച്ചു വരുത്തിയവരണ് ഞങ്ങളുടെ സ്കൂളിൽ ‘മിസ്സ് മാത്ത്സ്’ എന്നറിയപ്പെട്ടിരുന്ന മിസ്സ് മേരി മത്തായ്, അവരുടെ ബന്ധുവായ ജോസ്, നൈസമ്മ ദമ്പതിമാർ എന്നിവർ. മിസ്സ് മത്തായ്, കണക്കിനെത്തന്നെയാണ് വിവാഹം കഴിച്ചത്. കണക്ക് പഠിപ്പിക്കുക, കണക്കിലെ പ്രശ്നങ്ങൾ നിരന്തരം ചെയ്തുകൊണ്ടിരിക്കുക; അതൊക്കെയായിരുന്നു ‘ചേച്ചി’ എന്ന് കുഞ്ഞുകുട്ടി പരാധീനക്കാരടക്കം സംബോധന ചെയ്തിരുന്ന ആ സാധ്വിയുടെ വിനോദവും വിശ്രമവും. ചേച്ചിയെ പക്ഷേ ഞാൻ നേരത്തേ അറിഞ്ഞിരുന്നു. കേരളത്തിൽ ഞാൻ പഠിച്ച സ്ക്കൂളിൽ (ആ സ്ക്കൂൾ നാമം പിന്നീടൊരിക്കൽ വെളിപ്പെടുത്താം) ഹൈസ്കൂൾ ലെവലിൽ കണക്ക് പഠിപ്പിച്ചിരുന്നത് ഇതേ ചേച്ചിയായിരുന്നു.

ബന്ധുവിന്റെ സ്കൂളിൽ ജോലി ചെയ്യവേ തന്നെ സോണി സ്വന്തമായി ഒരു സ്കൂൾ തുടങ്ങി. ഗുഡ് ഷെപ്പേർഡ് സ്കൂൾ എന്നാണ് അതിന്റെ പേര്. ഇന്ന് അംടാട്ടയിൽ നടക്കുന്ന ഏറ്റവും നല്ല പ്രൈവറ്റ് സ്കൂളാണത്.

അങ്ങനെ ഞങ്ങൾ സിവിൽ സർവന്റ്സ് ആയി ട്രാൻസ്കൈ ഗവൺമെന്റ് പണിത പുതുപുത്തൻ അപ്പാർട്ട്മെന്റ് ബ്ലോക്കിൽ ഞങ്ങൾക്കിഷ്ടമുള്ള ഫ്ലാറ്റ് തെരഞ്ഞെടുത്തു. എ മുതൽ ജി വരെ ആയിരുന്നു ആ ഫ്ലാറ്റുകൾ. ഒരു ബ്ലോക്കിൽ 12 അപ്പാർട്ട്മെന്റുകൾ. ബി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോർ മൊത്തം നാല് ഇന്ത്യൻ കുടുംബങ്ങളുടേതായി. ഞങ്ങൾ ന്യൂമറോളജി പ്രകാരം ബി 3 എടുത്തു. തൊട്ടു മുൻപുള്ള ബി 2 ലാലു- റീനമാരും. ചേച്ചി ബി 4 എടുത്തു. ചേച്ചിയോടൊപ്പം ചേച്ചിയുടെ ബന്ധത്തിലുള്ള നെഫ്യൂ കൂടി ഒപ്പം താമസിക്കാനുണ്ടായിരുന്നു. ഒരു കൊച്ചു പയ്യൻ. സോണി എന്നാണ് വിളിപ്പേര്. അയാൾ ഒരു സർവ്വകലാ കോവിദനായിരുന്നു എന്ന് പിന്നെ, കാണെക്കാണെ ഞങ്ങൾ മനസ്സിലാക്കി. ഒറ്റ നോട്ടത്തിൽ കെ. എസ്. ജോർജ്ജിന്റെ ചെറുപ്പകാലം ഓർത്തു പോയി ഞാൻ, സോണിയെ കണ്ടിട്ട്. ആലപ്പുഴയിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ ബ്ലൂ ഡയമണ്ട്സിലെ ലീഡ് ഡ്രമ്മർ കൂടിയായിരുന്നു സോണി. ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ഞങ്ങൾ സോണിയെ കണ്ടത്. സോണിയും സുനിലും (മറ്റൊരു ഗായകൻ, ഫാർമസിസ്റ്റ്) ഞാനും ചേർന്ന് കരവോക്കെ പോലും കമ്പോസ് ചെയ്തിട്ടുണ്ട്. സോണിയും ജോസ്-സുമമാരോടൊപ്പം അവരുടെ വീട്ടിലെ സംഗീതവാരാന്തങ്ങൾക്ക് ചിലപ്പോഴൊക്കെ ഒത്തു ചേർന്നു. സോണിക്ക് എല്ലാ വാരാന്തങ്ങളിലും വരാൻ പ്രയാസമായിരുന്നു.സോണി ഒരു ടെയ്ക് എവേ ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. അവിടെ നിന്ന് ഫ്രീയാവുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും പാട്ടിനോടുള്ള സ്നേഹം കൊണ്ട് ആ ചെറുപ്പക്കാരൻ വന്നിരുന്നു. ഞങ്ങൾ തിരികെ കൊണ്ടുവിടുകയും ചെയ്തിരുന്നു.

സോണിയുടെ അകന്ന ചില ബന്ധുക്കൾക്ക് അംടാട്ടയിൽ ചില കുട്ടി സ്കൂളുകളുണ്ടായിരുന്നു. ടെയ്ക് എവേ ജോലിയിലെ റിസ്ക് എലെമെന്റ് കൂടിയപ്പോൾ സോണി ആ ബന്ധുക്കളിൽ ഒരാളുടെ സ്കൂളിൽ ഒരു പോസ്റ്റുണ്ടാക്കി അതിലേക്ക് മാറി. അപ്പോഴേക്ക് പുതിയ മില്ലെന്നിയം തുടങ്ങാറായിരുന്നു. ആ അവധിക്കാലത്ത് സോണി നാട്ടിൽ വന്നു. ഞങ്ങൾ ഒന്നിച്ചാണ് യാത്ര ചെയ്തത്. സോണി ആലപ്പുഴ പഴയങ്ങാടി കത്തോലിക്കാ പള്ളിയിൽ വച്ച് ‍ബിന്ദു ആന്റണി എന്ന പെൺകുട്ടിയുടെ കഴുത്തിൽ മിന്നുകെട്ടി.

ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെ ‘മിസ്സ് മേരി മത്തായ് മെമ്മോറിയൽ ഹാൾ’

തിരികെ അംടാട്ടയിൽ വന്ന് ഇരുവരും സസുഖം കഴിയുമ്പോൾ അവിടെയുള്ള ഒരു കത്തോലിക്കാ ഹൈസ്കൂളിൽ ബിന്ദുവിന് നിയമനം ലഭിച്ചു. ബന്ധുവിന്റെ സ്കൂളിൽ ജോലി ചെയ്യവേ തന്നെ സോണി സ്വന്തമായി ഒരു സ്കൂൾ തുടങ്ങി. ഗുഡ് ഷെപ്പേർഡ് സ്കൂൾ എന്നാണ് അതിന്റെ പേര്. ഇന്ന് അംടാട്ടയിൽ നടക്കുന്ന ഏറ്റവും നല്ല പ്രൈവറ്റ് സ്കൂളാണത്. സോണിയിലെ ശിൽ‌പിയും കലാകാരനും സമഞ്ജസമായി സമ്മേളിച്ചപ്പോൾ ആ സ്കൂൾ കെട്ടിടങ്ങൾ ഒരു സവിശേഷ ചൈതന്യമാർന്നു. ഗുരുത്വം മറക്കാത്ത സോണി തന്നെ ട്രാൻസ്കൈയിൽ കൊണ്ടുവരികയും എല്ലാ വിധ സംരക്ഷണയും നൽകുകയും ചെയ്ത ‘ചേച്ചി’യുടെ ഓർമക്ക് സ്കൂളിൽ പണിത അസംബ്ലി ഹാളിന് ‘മിസ്സ് മേരി മത്തായ് മെമ്മോറിയൽ ഹാൾ’ എന്നാണ് പേരിട്ടത്. സ്കൂളിനു വേണ്ടി സ്കൂൾ ആൻതെം എന്നെക്കൊണ്ടാണ് എഴുതിച്ചത്.

ചെറിയ തോതിൽ തുടങ്ങി, ചെയ്യുന്ന ജോലിയോടുള്ള പ്രതിബദ്ധത കൊണ്ടു മാത്രം വളർന്ന ചരിത്രമാണ് സോണിയുടേത്. അവർക്ക് ഇപ്പോൾത്തന്നെ അംടാട്ടയിൽ മൂന്നോ നാലോ സ്കൂളുകളുണ്ട്. സോണിയുടെ സ്ഥിരോത്സാഹം ഇനിയും ഇനിയും അഭിവൃദ്ധിയിലേക്കുള്ള പാതകൾ വെട്ടിയൊരുക്കട്ടെ.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments