ആഫ്രിക്കൻ
വസന്തങ്ങൾ - 54
ഐ-മാക്സിൽ സിനിമ കാണുന്നതിനെക്കുറിച്ച് കേട്ടിരുന്നെങ്കിലും അത് നേരിൽ കണ്ട് അനുഭവിക്കാൻ 1996 വരെ കാത്തിരിക്കേണ്ടി വന്നു. കേപ്ടൗണിലെ ഐ- മാക്സ് സിനിമാ ഹാളിന്റെ പുറത്ത് ചന്ദ്രനിൽ നിന്നു കൊണ്ടു വന്ന പാറക്കഷണം അതിശക്തമായ ഒരു ചില്ലു പേടകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ട് അത്ഭുതം കൂറി നിൽക്കെയാണ് ഞങ്ങളുടെ ഷോയ്ക്ക് സമയമായി എന്ന് അറിയിപ്പു വരുന്നത്.
കേപ്ടൗണിലെ ഐ-മാക്സിനെപ്പറ്റി ദക്ഷിണാഫ്രിക്കയിലുള്ളവർക്കിടയിൽ അനേകം അതിശയോക്തിപരമായ വാർത്തകൾ ഇതിനോടകം പ്രചരിച്ചിരുന്നു. ചിലപ്പോൾ അവയിൽ പലതും സത്യമായിരുന്നിരിക്കാം. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലുമൊന്നും ഐ-മാക്സ് അപ്പോൾ എത്തിയിരുന്നില്ല. അങ്ങനെയുള്ള വികസിത ഭൂഖണ്ഡത്തിൽ നിന്ന് സഞ്ചാരികൾ ഐ-മാക്സ് കാണാൻ ദക്ഷിണാഫ്രിക്കയിലേക്ക് പറ്റം പറ്റമായി വരുന്നുണ്ട് എന്നതായിരുന്നു ഒരു വാർത്ത. അത് നേരോ നുണയോ എന്ന് ഇന്നും എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.
ഐ-മാക്സിനെക്കുറിച്ചുള്ള രണ്ട് കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ശരിക്കും കണ്ണ് തള്ളിപ്പോയി. അതിൽ ഒന്നാമത്തേത് സിനിമാ ഹാളിൻെറ വലിപ്പമാണ്. നമുക്ക് സങ്കൽപിക്കാൻ പോലും സാധിക്കാത്തതിലും വലിയ ഡൈമെൻഷൻസാണ് ഐ-മാക്സ് സ്ക്രീനിന്റേത്. ഐ-മാക്സിന്റെ സൗണ്ട് ഔട്ട്പുട്ട് 50000 വാട്ട് ആണ്. കണ്ണ് തള്ളിയതിൽ അതിശയിക്കനാവുമോ?
ഞങ്ങൾ അന്നു കണ്ട ഐ-മാക്സ് ചിത്രങ്ങൾ രണ്ടും നാഷണൽ ജ്യോഗ്രഫിക് ചാനലിൻെറ ഡോക്യുമെന്ററികൾ ആയിരുന്നു. ഒന്ന് ഭൂമിയുടെ ഉത്ഭവത്തെ സംബന്ധിച്ചുള്ളതായിരുന്നു. രണ്ടാമത്തേത് മസായ് മാരാ പാർക്കിൽ നിന്നുള്ള ലക്ഷക്കണക്കു വരുന്ന വിൽഡെബീസ്റ്റ് മൃഗങ്ങളുടെ വാർഷിക കുടിയേറ്റ പലായനവുമായിരുന്നു. അത് കാണേണ്ട കാഴ്ച തന്നെയാണ്. ആ ഐ–മാക്സ് അനുഭവത്തിനു ശേഷം 2006ൽ ആണ് രണ്ടാമത് അത്തരത്തിൽ ഒരു അവസരം ലഭിക്കുന്നത്. അത് ഡർബനിലെ “ഉുംലംഗാ റോക്ക്സ്” എന്ന മാളിൽ വെച്ചായിരുന്നു.
ആ തവണ സിംഹങ്ങൾ വേട്ടയാടുന്നതിന്റെ ഡോക്യുമെന്ററിയാണ് ഞങ്ങൾ കണ്ടത്. കനാൽ വോക്കിലെ അനുഭവം കേപ്ടൗണിലേതുമായി താരതമ്യം ചെയ്യാനാവില്ല. എന്റെ മനസ്സിൽ ഇന്നും പച്ച പിടിച്ചു നിൽക്കുന്നത് ഞങ്ങളുടെ ആദ്യത്തെ ഐ-മാക്സ് അനുഭവം തന്നെയാണ്. ഇന്നിപ്പോൾ ഇന്ത്യയിലെയും കേരളത്തിലെയും പ്രധാന നഗരങ്ങളിൽ ഏത് പുതിയ ചലച്ചിത്രവും ഐ മാക്സിൽ കാണാൻ സാധിക്കുന്നു. ദൃശ്യങ്ങളെ “സ്പെക്റ്റക്കിൾസ്” ആയി മാറ്റി അനുവാചകൻ അവയിൽ പങ്കാളിയാണെന്ന് തോന്നിപ്പിക്കുകയാണ് ഐ മാക്സിന്റെ ലക്ഷ്യമെങ്കിൽ ‘സ്പൈഡർമാൻ’ പോലുള്ള സിനിമകളാണ് കൂടുതൽ മനോഹരമായി നമുക്ക് ആസ്വദിക്കാൻ സാധിക്കുക. ജെയിംസ് കാമെറോണിന്റെ സൃഷ്ടികളായ ‘ടൈറ്റാനിക്’, ‘അവതാർ’ തുടങ്ങിയ ചിത്രങ്ങൾ ഐ-മാക്സിൽ ആസ്വാദകർക്ക് ഗംഭീര അനുഭവം തന്നെ സമ്മാനിച്ചിട്ടുണ്ട്.
കേപ്ടൗൺ നഗരത്തെ “മാതൃ നഗരം” (മദർ സിറ്റി) എന്നാണ് ആഫ്രിക്കൻ ജനത വിളിക്കുന്നത്. 1652ൽ ഡച്ച് നാവികനായ യാൻ ഫാൻ റീബെക്ക് (Jan van Riebeck) തന്റെ ദൂരദർശിനിയിലൂടെ നോക്കിക്കണ്ട ഇടമാണ് അത്. വിക്ഷുബ്ധമായ കടലിൽ കര കാണാതെ ഉഴലുമ്പോൾ ദൂരെക്കണ്ട ഭൂമിയുടെ ഒരു കഷണത്തെ റീബെക്ക് ‘കേപ് ഓഫ് ഗുഡ് ഹോപ്പ്’ എന്ന് വിളിച്ചു. ഇന്നത്തെ കേപ് ടൌൺ നിൽക്കുന്നത് കേപ് പോയിന്റ് എന്ന, രണ്ടു മഹാസാഗരങ്ങൾ (ഇന്ത്യൻ, അറ്റ്ലാൻറിക് എന്നിവ) ഒത്തുചേരുന്ന മുനമ്പിൽ നിന്ന് 57 കിലോമീറ്റർ അകലെയാണ്. യഥാർത്ഥത്തിൽ കേപ് പോയിന്റ് എന്ന് അടയാളപ്പെടുത്തിയ ഇടമല്ല മുനമ്പിന്റെ അവസാന പോയിന്റ്. “കേപ് അഗുൾഹാസ്” എന്നയിടത്താണ് യഥാർത്ഥ മുനമ്പ്.
ഇവിടെ വിനോദസഞ്ചാരികൾക്കും പരിസ്ഥിതി- പ്രണയികൾക്കും വേണ്ടി പല തരത്തിലുള്ള ട്രെക്കിംഗ് സൗകര്യമുണ്ട്. വിശ്രുതമായ ‘ടേബിൾ മൗണ്ടൻ’ കൂടി ഉൾപ്പെടുത്തിയാണ് കേപ് പോയിന്റ് ടൂറിസം വികസിപ്പിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഡിസംബറിൽ 1,54000 സന്ദർശകരാണ് കേപ്ടൗൺ കാണുന്നതിനായി എത്തിയിരുന്നത് എന്നത് ഇവിടേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ ബാഹുല്യം എന്തെന്ന് വ്യക്തമാക്കുന്നു.
പ്രകൃതിയുടെ സ്വാഭാവികതയെ ഒരു വിധത്തിലും കടന്നുകയറി നശിപ്പിക്കാതെയിരിക്കാൻ അപ്പാർതൈഡ് സർക്കാർ ശ്രമിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം മാറിമാറി വന്ന എ.എൻ.സി ഗവൺമെന്റുകൾ അതിൽ കൈകടത്തിയിട്ടില്ല എന്നത് ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരല്ലാത്തവർ ഉൾപ്പെടുന്ന ചേരികളുടെ പക്വമായ ദേശീയബോധത്തിന്റെ ഏറ്റവും നല്ല അടയാളമാണ്.
ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ് പ്രവിശ്യയിലാണ് കേപ്ടൗൺ. മൂന്ന് തലസ്ഥാനങ്ങളുള്ള ദക്ഷിണാഫ്രിക്കയുടെ നിയമനിർമ്മാണ സഭാ തലസ്ഥാനമാണ് ഈ നഗരം. ഇത്രയും മനോഹരമായ ഒരു നഗരം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വേറെ ഉണ്ടാവില്ല.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം, പഴയ ബാറ്റുസ്റ്റാനുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയുടെ ഭൂമിശാസ്ത്രം തിരുത്തി എഴുതിയപ്പോഴും ഈ പടിഞ്ഞാറൻ പ്രവിശ്യ കാര്യമായ പരിക്കുകൾ പറ്റാതെ പുതിയ ദക്ഷിണാഫ്രിക്കയുടെ ഭാഗമായി. ഏറ്റവും കൂടുതൽ വെള്ളക്കാരുള്ള ഒരു പ്രദേശമാണ് പടിഞ്ഞാറൻ കേപ്ടൗൺ. ഇവിടത്തെ മെഡിറ്റെറേനിയൻ കാലാവസ്ഥ കേപ്ടൗണിനെ മറ്റ് ആഫ്രിക്കൻ നഗരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ദക്ഷിണാഫ്രിക്ക ഒന്നാന്തരം വൈനുകളുടെ നാടാണ്. വൈനുകൾ കൂടുതലും ഉൽപ്പാദിപ്പിക്കുന്നത് പടിഞ്ഞാറൻ കേപ്പിലെ മുന്തിരിത്തോട്ടങ്ങളിൽ നിന്നുമാണ്. സെപ്തംബർ ഒന്നാം തീയതി മുതൽ ദക്ഷിണാഫ്രിക്കയിൽ വസന്തം വന്നു ചേരും എന്ന് അന്നാട്ടുകാർക്ക് ഉറപ്പാണ്. ആ ദിനം ‘സ്പ്രിങ് ഡേ’ ആയി തൊഴിലിടങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റും ആഘോഷിക്കും.
വെസ്റ്റേൺ കേപ്പിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് ഔട്സുവരൺ (Oudtshoorn) എന്ന ടൗണിനടുത്തുള്ള കാങ്ഗോ ഗുഹകളാണ്. 1780ൽ ജേക്കവ് ഫാൻ സൈൽ എന്ന കർഷകനാണ് ഈ ഗുഹകൾ കണ്ടെത്തിയത്. ഇവയ്ക്ക് ദശലക്ഷക്കണക്കിനു വർഷങ്ങളുടെ പഴക്കമുണ്ട്.
പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ കാങ്ഗോ ഗുഹകൾ പൊതുജനങ്ങൾക്കായി തുറന്നത് ജോണി ഫാൻ വാസെനാർ എന്ന വ്യക്തിയാണ്. നാല് ദശകങ്ങളിലേറെ വാസെനാർ അവിടെ ജോലി ചെയ്തു. 1891ലാണ് വിനോദസഞ്ചാരത്തിനും മറ്റുമായി ഗുഹകൾ തുറന്നത്. ഗുഹകളെ മൂന്നായി തരം തിരിച്ചതും വാസെനാർ ആണെന്നാണ് കരുതുന്നത്. കാങ്ഗോ1, കാങ്ഗോ2, കാങ്ഗോ3 എന്നിങ്ങനെയാണ് ഗുഹകളെ മൂന്നായി തിരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും വലിയ ആകർഷണം കാങ്ഗോ 1 തന്നെ ആയിരുന്നു. ഗുഹകളിലെ ചേംബറുകൾക്കെല്ലാം പേരുകളുണ്ട്.
ഇവിടെയെത്തുന്ന സഞ്ചാരികളിൽ സാധാരണ കൂടുതൽ പേരും സ്റ്റാൻഡേഡ് ടൂർ ആണ് എടുക്കുക. അത് ആകെ ഒരു മണിക്കൂറെടുക്കും. പ്രധാന ചേംബറുകളെല്ലാം കാണാനുമാവും. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി അഡ്വെഞ്ചർ ടൂറും ഉണ്ട്. സാഹസികതയിൽ ഒരിഞ്ചുപോലും പുറകോട്ടു പോകാത്ത എന്റെ പ്രിയതമയും ഞങ്ങളുടെ മകളും അഡ്വഞ്ചർ ടൂർ തെരഞ്ഞെടുത്തു. അവർ അതിഗംഭീരമായി അത് പൂർത്തീകരിക്കുകയും ചെയ്തു. (ഒരു ചേംബറിൽ കൂട്ടം തെറ്റിപ്പോവുകയും, Devil’s Chimney-ൽ അപർണ്ണ കുടുങ്ങിപ്പോവുകയും ഉൾപ്പെടെ).
700 മില്യൺ വർഷങ്ങൾ പഴക്കമുണ്ട് ഈ ഗുഹകൾക്ക്. സ്റ്റാലക്റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിങ്ങനെയുള്ള ശിലാരൂപാന്തരങ്ങളാണ് കാങ്ഗോ ഗുഹകളിൽ നിറയെ. ശിലായുഗമനുഷ്യർ ഈ ഗുഹകൾ ആവാസത്തിന് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ തെളിവുകൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.കേപ്ടൗണിൻെറ മാന്ത്രികത ഒരിക്കലും കണ്ടും അനുഭവിച്ചും തീരില്ല. പല തവണ പോയിട്ടുണ്ടെങ്കിലും ഇന്നും എനിക്ക് മടുപ്പ് തോന്നാത്ത ഒരു നഗരമാണ് അത്. (തുടരും)