എൻ.കെ. വാസുദേവൻ

പാർട്ടി പുറത്തുനിർത്തിയ എൻ.കെ. വാസുദേവൻ, ചില ഓർമകൾ

വെയിൽക്കാലങ്ങൾ- 14

വാസുദേവന്റെ സഖാക്കളെ ഞെട്ടിച്ച് അയാളുടെ സെമിനാർ ഹാളിലേക്ക് കടന്നുചെന്ന് മമ്മൂട്ടി, വാസുദേവനെ, പഴയ മഹാരാജാസ് സഖാവിനെ ആലിംഗനം ചെയ്തു.

ചേർത്തല കോളേജിൽ പഠിപ്പിക്കുന്ന കാലത്താണ് അപ്പൻ സർ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില ആദ്യകാല ലേഖനങ്ങൾ എഴുതിയത്. കെ. ബാലകൃഷ്ണന്റെ ഒരുപക്ഷെ ഏറ്റവും പ്രിയപ്പെട്ട യുവവിമർശകനായിരുന്നിരിക്കും അപ്പൻ സർ; കൗമുദി വാരിക അദ്ദേഹത്തിന്റെ ലേഖനങ്ങൾക്ക് നൽകിയ പ്രാമുഖ്യം ഓർക്കുമ്പോൾ. എന്റെ ഓർമയിൽ തങ്ങിനിൽക്കുന്ന ഒരു ലേഖനം
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയും വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെക്കുറിച്ചുള്ളതായിരുന്നു. ‘പ്രതിഭയുടെ ഉന്മാദ സ്പർശമേറ്റ ഒരു കൃതി' എന്നായിരുന്നു അതിന്റെ തലക്കെട്ട് എന്നാണ് എന്റെ ഓർമ. ഖസാക്കിന്റെ ഇതിഹാസം ഓരോ ആഴ്ചയും കാത്തിരുന്ന് വായിച്ചിരുന്നുവെങ്കിലും വായനക്കാർ ധാരാളമുള്ള എന്റെ വീട്ടിൽ അതിന്റെ വിമർശകരായിരുന്നു കൂടുതൽ.
അപ്പോഴേക്ക് അത് കറന്റ് ബുക്‌സ് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു.
ഒ. വി. വിജയൻ തന്നെ കവർ ഡിസൈൻ ചെയ്ത ആ പുസ്തകം ചൂടപ്പം പോലെ വിറ്റുതീർന്നുകൊണ്ടിരുന്നു എന്ന് ഒരു ചതഞ്ഞ പഴയ മൊഴിയുപയോഗിച്ച് പറയാമായിരിക്കും.

കെ. ബാലകൃഷ്ണൻ
കെ. ബാലകൃഷ്ണൻ

അപ്പൻ സർ ചേർത്തല കോളേജിൽ ജോലി ചെയ്യുമ്പോൾ പിന്നെയും പല ലേഖനങ്ങളും എഴുതി. പലതും ആ ഇടക്കാലത്ത് പുറത്തുവന്ന പല കൃതികളെയും നിശിതമായി വിമർശിച്ചു കൊണ്ടുള്ളവയായിരുന്നു. കെ. സുരേന്ദ്രൻ അപ്പൻ സാറിന്റെ ക്രോധത്തിനുപാത്രമായ, എനിക്കേറെ ഇഷ്ടമുള്ള ഒരു എഴുത്തുകാരനായിരുന്നു. ഒരു അദ്ധ്യാപകൻ എന്ന നിലയിൽ അപ്പൻ സർ എത്രയോ ഔന്നത്യമുള്ള വ്യക്തിയാണെന്ന് ഞാൻ അറിയുന്നതും ആ വഴിയാണ്. കെ. സുരേന്ദ്രന്റെ "നോവൽസ്വരൂപം' എന്ന കൃതി പുസ്തകമായി വന്നപ്പോഴായിരുന്നു അപ്പൻ സാർ തന്റെ സരസ്വതീകടാക്ഷം ആഗ്‌നേയാസ്ത്രങ്ങളാക്കി അതിനുനേരെയും ഗ്രന്ഥകാരനുനേരെയും അളവില്ലാതെ വർഷിച്ചത്. അതേപ്പറ്റി അക്കാലത്തുതന്നെ ഞാൻ സാറിനോട് ചോദിച്ചു. സാറിനെ ചോദ്യം ചെയ്യാനൊന്നുമുള്ള ത്രാണി നമുക്കില്ലെന്ന് അറിയാവുന്നതിനാൽ ഞാൻ അത് മറ്റൊരു വിധത്തിലാണ് അവതരിപ്പിച്ചത്. കെ. സുരേന്ദ്രന്റെ ജ്വാല ആ ഇടയ്ക്ക് ഞാൻ വായിച്ചിരുന്നു.
‘അത് നല്ല നോവലല്ലേ സർ?' എന്ന അന്വേഷണത്തോടെയാണ് ഞാൻ സാറിനെ സമീപിച്ചത്. സാർ സമർത്ഥമായി ‘എന്തോ, ഞാൻ വായിച്ചില്ല' എന്ന് പറഞ്ഞൊഴിഞ്ഞു. ഞാൻ ചൂളിപ്പോയി. ആ വിഷയം അവിടെ ഞാൻ ഉപേക്ഷിച്ചു. പിന്നീടൊരിക്കൽ ക്ലാസിൽ ഒരു സന്ദർഭമുണ്ടാക്കി അദ്ദേഹം പറഞ്ഞു, താൻ സുരേന്ദ്രന്റെ നോവലുകൾ വായിക്കാറുണ്ടെന്നും കാലാന്തരത്തിൽ "ചിലപ്പോൾ' അവയ്ക്ക് പ്രസക്തി ഉണ്ടായേക്കും എന്നും. ആ കാലാന്തരം ഇതാ നമ്മുടെ മുന്നിൽ നിൽക്കുന്നു, സുഹൃത്തുക്കളേ.

ഞാൻ ഒപ്പമുള്ള സഖാവിനോട് പറഞ്ഞു, ‘നമുക്ക് വാസുദേവനെ ഒന്നുകാണാം?' അയാൾ എന്നെ ഒന്നുനോക്കി. ആ നോട്ടത്തിൽ ഒരു പ്രസ്ഥാനത്തിന്റെ മുഴുവൻ അഭിപ്രായവും ഉണ്ടായിരുന്നു; അവജ്ഞയും പുച്ഛവും വിദ്വേഷവും.

എസ്.എൻ. കോളേജ് ചേർത്തല ഒട്ടും പ്രശസ്തമായ ഒരു വിദ്യാഭ്യാസ- സ്ഥാപനമായിരുന്നില്ല, അന്ന്. പക്ഷെ, എന്റെ അനുഭവത്തിൽ സാഹിത്യത്തിലും രാഷ്ട്രീയത്തിലും മറ്റും ഗൗരവമായ വായനയും ചിന്തകളും ഉള്ള കുറെ സമപ്രായക്കാരെ ഞാൻ അവിടെ കണ്ടു. കോളേജിലെ ലൈബ്രറിയും ഒരു ചെറിയ കോളേജിന്റെ ലൈബ്രറിയെക്കാൾ സമ്പന്നമായിരുന്നു. അപ്പൻ സാറിനെ കൂടാതെ ലൈബ്രെറിയൻ ആയിരുന്ന ലെനിൻ (വയലാറിന്റെ അയൽവാസിയായിരുന്നു അദ്ദേഹം), ഇംഗ്ലീഷ് വിഭാഗത്തിലെ ജോൺ സാർ, ഹിസ്റ്ററിയിലെ പി.ആർ.ആർ. ബാബു സാർ തുടങ്ങിയവരെല്ലാം ആ കാര്യത്തിൽ ദത്തശ്രദ്ധരായിരുന്നു. ലെനിൻ സാർ ഒരു ഐഡിയൽ ലൈബ്രെറിയൻ ആയിരുന്നു. അവിടെനിന്ന് യൂണിവേഴ്‌സിറ്റി കോളേജിലെത്തിയപ്പോൾ അവിടത്തെ ഡിപ്പാർട്ടുമെന്റൽ ലൈബ്രറിയുടെ അവസ്ഥ തീർത്തും പരിതാപകരമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴുള്ള ഒരു പ്രധാന പ്രയോജനം അടുത്തുതന്നെ യൂണിവേഴ്‌സിറ്റി ലൈബ്രറി, പബ്ലിക് ലൈബ്രറി അൽപ്പം തെക്കോട്ടു നടന്നാൽ ബ്രിട്ടീഷ് കൗൺസിൽ (ഇപ്പോൾ ഇല്ല) ലൈബ്രറി അങ്ങനെ പല സമ്പന്നമായ ഗ്രന്ഥാലയങ്ങളും അടുത്തടുത്തുണ്ടായിരുന്നു എന്നതാണ്. ആ സ്ഥിതിയൊക്കെ മാറിക്കഴിഞ്ഞ് കാലമേറെയായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സ്ഥാപനത്തിൽ ഇന്ന് മൂന്നു നിലകളിലായി ലൈബ്രറിയും ഓൺലൈൻ ഗവേഷണ കേന്ദ്രവും 1,48,000 പുസ്തകങ്ങളും നാല്പതിലധികം ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി ഒരു തകർപ്പൻ മീഡിയ സെന്റർ ആ കാമ്പസിൽ തലയുയർത്തി നിൽക്കുന്നു. അഭിമാനമുണ്ട്, അത് കാണുമ്പോൾ. ഞങ്ങൾ പഠിച്ചിരുന്ന കാലത്ത് യൂണിവേഴ്‌സിറ്റി ലൈബ്രറി തന്നെ ആയിരുന്നു ഞങ്ങളുടെ പ്രധാന ആശ്രയം.

കെ. സുരേന്ദ്രൻ
കെ. സുരേന്ദ്രൻ

ചേർത്തല കോളേജിൽ അപ്പൻ സാറിനു അനേകം അനുകർത്താക്കളുണ്ടായിരുന്നു. അപ്പൻ സാറിനെപ്പോലെ മുടി ചീകി, അതുപോലെ ഷർട്ടിന്റെ സ്ലീവുകൾ മുട്ടിനുമുകൾഭാഗം വരെ വീതിയിൽ ചുരുട്ടിവെച്ച് നടന്നിരുന്നവർ. അദ്ദേഹം പഠിപ്പിച്ച മറ്റു കോളേജുകളിലും അത്തരം "ഫാൻ ക്ലബ്ബ്കൾ' ഉണ്ടായിരുന്നുവെന്നാണ് കേൾവി. അതുകൊണ്ടാണോ എന്തോ, സാർ ഒപ്പിടുമ്പോൾ ‘AppanReal' എന്ന് എഴുതുകയാണ് ചെയ്തിരുന്നത്. അപ്പൻ സാറിനെ കാണുന്നതുപോലെയാണ് അദ്ദേഹത്തിന്റെ ഭാഷയും എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അത് അനനുകരണീയമാണ്.

സാർ ഞങ്ങളെ പഠിപ്പിച്ചിരുന്ന പുസ്തകങ്ങളൊന്നും അദ്ദേഹത്തിന്റെ വായനയുടെ നിലവാരത്തിന് ചേരുന്നതല്ലായിരുന്നു. ഒന്നാം വർഷ പ്രീഡിഗ്രി (ഇപ്പോഴത്തെ പതിനൊന്നാം ക്ലാസ്) യുടെ ഒരു പ്രധാന മലയാളപുസ്തകം (നോവൽ) കോയിത്തമ്പുരാന്റെ അക്ബർ!. നാടകം ഇ. വി. കൃഷ്ണപിള്ളയുടെ സീതാലക്ഷ്മി! ഹാസ്യസാഹിത്യകാരൻ എന്ന നിലയിൽ അദ്വിതീയനായിരിക്കാം ഇ. വി. പക്ഷെ അദ്ദേഹത്തിന്റെ ആ നാടകം ഒന്ന് വായിക്കുക എന്നതുതന്നെ ഒരു ശിക്ഷയാണ്. എങ്കിലും, ആ നാടകം മുഴുവൻ വായിച്ചുതന്നെ സാർ ഞങ്ങളെ പഠിപ്പിച്ചു. അക്ബർ നോവലിനെക്കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ. എത്ര അലക്ഷ്യമായിട്ടാണ് പുതിയ തലമുറയുടെ വായനയും ചിന്തയും വളർത്താൻ ശ്രമിക്കുന്നത്!

വാസുദേവൻ എന്നെ ഒരു ‘കരടിപ്പുണർച്ച'യിൽ പൊതിഞ്ഞു. അവന്റെ കണ്ണുകൾ കലങ്ങി. ഞാൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു, ‘വാസുദേവാ, എനിക്ക് ഒരു വിവരവും അറിയണ്ട. നീ എന്നും എന്റെ സുഹൃത്തായിരിക്കും.'

ഞാൻ അവിടെ ചേർന്ന വർഷമാണ് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഐതിഹാസികമായ ഒരു സമരം നടന്നത്. അവിടെനിന്ന് പിരിച്ചുവിട്ട രണ്ട് അദ്ധ്യാപകരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ആ കാലത്ത് രൂപം കൊണ്ട എ.കെ.പി.സി.ടി.എ. (ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ) കോളേജിനുമുന്നിൽ ആദ്യമായി പന്തലുയർത്തി സമരം ആരംഭിച്ചു. ആ സമരത്തിന്റെ തീപ്പൊരി പിറന്നത് എസ്.എൻ. കോളേജിലാണ്. അന്നവിടെ അതിന് നേതൃത്വം നൽകിയവരിൽ പ്രമുഖൻ കെ.എൻ. രാജശേഖരൻ നായർ എന്ന ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ഞങ്ങളുടെ ബാച്ചിന്റെ ക്ലാസുകൾ തുടങ്ങി അധികം കഴിയും മുമ്പ് കൊല്ലം എസ്.എന്നിൽ നിന്ന് എട്ട് അദ്ധ്യാപകർ ചേർത്തലയ്ക്ക് സ്ഥലം മാറ്റമായി വന്നു. അതൊരു ശിക്ഷാനടപടിയായിരുന്നു എന്ന് ഞങ്ങളറിഞ്ഞത് പിന്നീടാണ്. വന്നവരുടെ കൂട്ടത്തിൽ എനിക്കിപ്പോൾ ഓർമയുള്ളത് രാജശേഖരൻ നായർ, ഗോപാലകൃഷ്ണൻ, ശിവരാജൻ, സത്യദേവൻ, പ്രസന്ന ടീച്ചർ, ലീലാമണി ടീച്ചർ; പിന്നെ രണ്ടു ലേഡി ലക്ച്ചറർമാരും കൂടി.
ഇത്രയും പേരിൽ ഞങ്ങളിൽ പെട്ടെന്ന് ഒരു മുദ്ര കുത്തിയത് രാജശേഖരൻ നായർ, ഗോപാലകൃഷ്ണൻ, പ്രസന്ന ടീച്ചർ എന്നിവരായിരുന്നു. അദ്ധ്യാപകർ എന്ന നിലയിൽ മൂവരും തകർപ്പൻ വ്യക്തികളായിരുന്നു.

കെ.പി. അപ്പൻ
കെ.പി. അപ്പൻ

രാജശേഖരൻ നായർ ഒരു (ഇന്നത്തെ ഭാഷയിൽ) ‘കിടിലൻ' മാഷ് തന്നെ. അദ്ദേഹം ആദ്യം പഠിപ്പിച്ച ‘ഡാഫഡിൽസ്' ഒരു അനുഭവം ആയിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചുവിരിച്ചുള്ള നടത്തവും ആരെയും കൂസാത്ത സംസാരവും ‘ഇത് ആള് വേറെയാണ്' എന്നൊരു സന്ദേശം നൽകിയിരുന്നു. കോളേജിലെ കെ.എസ്.എഫിന്റെ നേതാക്കളെയാണ് അദ്ദേഹം ആദ്യം പരിചയപ്പെടാൻ അന്വേഷിച്ചത്. അപ്പോഴേക്ക് വയലാറിൽ നിന്ന് രണ്ടു കടും ചുവപ്പ് സഖാക്കൾ കോളേജിലെത്തിയിരുന്നു. രണ്ടുപേരും ഒന്നാം വർഷം പ്രീ ഡിഗ്രി.
ചന്ദ്രമോഹൻ ആയിരുന്നു വാചാലൻ. അയാളുടെ സംഭാഷണത്തിൽ നിന്ന് അയാളാവും അവരിരുവരിൽ ‘നേതാവ്' എന്നെനിക്കു തോന്നിയിരുന്നു. ആ തോന്നൽ അമ്പേ പിശകായിരുന്നു. ഒപ്പമുള്ളയാൾ തീരെ ചെറിയ ഒരു കുട്ടി. പക്ഷെ ഒരു മീശ വയ്ക്കാനുള്ള വ്യഗ്രത ചുണ്ടുകൾക്കുമീതെ ഇരുണ്ടുവരുന്നു. അയാൾ ശാന്തനായിരുന്നു. പേര് വാസുദേവൻ. കാലം വലിയൊരു അദ്ധ്യാപകനാണ്. അന്നത്തെ വാചാലൻ ഇപ്പോൾ എവിടെയെന്ന് എനിക്കറിയില്ല. പക്ഷെ ആ കുറിയ ആൾ, മീശ വയ്ക്കാൻ ധൃതി കാണിച്ചിരുന്ന വാസുദേവൻ പിന്നീട് എന്റെ ആത്മസുഹൃത്തായ എൻ. കെ. വാസുദേവൻ ആയി. ചേർത്തലയിൽ നിന്ന് അയാൾ എറണാകുളം മഹാരാജാസിൽ പോയി. തോമസ് ഐസക്കും എസ്. രമേശനും ശിവശങ്കരനും സി. എൻ. ഉണ്ണികൃഷ്ണനും അടങ്ങുന്ന ഒരു സംഘം വിദ്യാർത്ഥി നേതാക്കളെ എസ്. എഫ്. ഐയിൽ കൊണ്ടുവരാനും മഹാരാജാസ് ഒരു ചുവപ്പ് കോട്ടയായി വളർത്താനും എൻ. കെ. വാസുദേവനാണ് നേതൃത്വം നൽകിയതെന്ന വസ്തുത എസ്.എഫ്.ഐ ‘ലോർ' താളുകളിൽ മായാതെ കിടക്കുന്നു.

ഇത് എടുത്തുപറയാൻ ഒരു കാരണമുണ്ട്. ഞാൻ ദേശാഭിമാനിയിൽ ചേർന്ന് അധികനാൾ കഴിയും മുൻപായിരുന്നു എ.കെ.ജിയുടെ ആദ്യ ചരമവാർഷികം. അതിനു തൊട്ടു മുൻപ് വാസുദേവന്റെ സുഹൃത്തുക്കളെ ഞെട്ടിച്ച ഒരു സംഭവമുണ്ടായി. അവനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അതിന്റെ കാര്യകാരണങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. എന്തെല്ലാമായാലും ഒരു പുറത്താക്കലിന് വിധേയനാവാൻ മാത്രം അധമമായ ഒരു തെറ്റും ചെയ്യാൻ വാസുദേവന് കഴിയില്ല എന്ന വിശ്വാസം അന്നും ഇന്നും എനിക്കുണ്ട്.
വാസുദേവൻ, പുറത്താകലിനുശേഷം പാതാളം എന്ന സ്ഥലത്ത് താമസമാക്കി. എ.കെ.ജിയുടെ ആ ചരമവാർഷികത്തിന് അവിടെയുള്ള ദേശാഭിമാനി സ്റ്റഡി സർക്കിൾ ഒരു അനുസ്മരണ സമ്മേളനം നടത്തി. അവിടെ പോയി രണ്ടു വാക്ക് സംസാരിക്കാൻ ഒരു പ്രധാന യുവജന നേതാവിനെ ക്ഷണിച്ചിരുന്നു. ഒപ്പം എന്നെയും. എന്റെ ഉള്ളിൽ ഒരു ആശയം ഉദിച്ചു. പാതാളത്താണ് വാസുദേവൻ താമസിക്കുന്നത്. അവനെ ഒന്ന് കാണുകയും ചെയ്യാം.

അവിടെ എത്തിയപ്പോൾ പരിപാടി തുടങ്ങാൻ അൽപ്പം സമയമുണ്ട്.
ഞാൻ ഒപ്പമുള്ള സഖാവിനോട് പറഞ്ഞു, ‘നമുക്ക് വാസുദേവനെ ഒന്നുകാണാം?'
അയാൾ എന്നെ ഒന്നുനോക്കി. ആ നോട്ടത്തിൽ ഒരു പ്രസ്ഥാനത്തിന്റെ മുഴുവൻ അഭിപ്രായവും ഉണ്ടായിരുന്നു; അവജ്ഞയും പുച്ഛവും വിദ്വേഷവും....
‘എന്താ ഈ പറയുന്നത്? ആ വൃത്തികെട്ടവനെ കാണാനോ?'

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. പക്ഷെ വാസുദേവൻ അകലെ വന്നു നിൽക്കുന്നത് ഞാൻ കണ്ടു. കൂടെയുള്ള യുവനേതാവിനോട് പറയാതെ ഞാൻ വാസുദേവന്റെയടുത്തേക്ക് നടന്നു. എന്നെ കണ്ടതും സാധാരണ ‘ഇന്റിമേറ്റ്' ആയ സ്‌നേഹപ്രകടനങ്ങൾക്കു മുതിരാത്ത വാസുദേവൻ എന്നെ ഒരു ‘കരടിപ്പുണർച്ച'യിൽ പൊതിഞ്ഞു.
അവന്റെ കണ്ണുകൾ കലങ്ങി. ഞാൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു, ‘വാസുദേവാ, എനിക്ക് ഒരു വിവരവും അറിയണ്ട. നീ എന്നും എന്റെ സുഹൃത്തായിരിക്കും.'

പാർട്ടി വാസുദേവനെ പുറത്ത് നിർത്തിയെങ്കിലും വാസുദേവൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ പാർട്ടിയോട് ചേർന്നുനിൽക്കുന്ന സംഘടനയിൽ പ്രവർത്തിച്ചു. ആ വഴിയിലൂടെ അയാൾ പല ഉന്നതസ്ഥാനങ്ങളിലും എത്തിച്ചേർന്നു.

ഞങ്ങളൊന്നിച്ച് അടുത്തുള്ള ചായപ്പീടികയിൽ കയറി ചായ കുടിച്ചു.
അയാൾ പറഞ്ഞു, ‘ഇവിടെ പ്രശ്‌നമൊന്നും ഇല്ല.’
സമ്മേളനം തുടങ്ങാറായി.
‘ഞാൻ ഇവിടെ കറങ്ങി നിൽക്കുന്നില്ല. വീട്ടിലിരുന്ന് നിന്റെ പ്രസംഗം കേൾക്കാമല്ലോ’; വാസുദേവൻ നടന്നകന്നു.

ഞാൻ പിന്നീട് വാസുദേവനെ നേരിൽ കണ്ടിട്ടില്ല. നാട്ടിൽ വന്നതിനു ശേഷം
ഫോൺ നമ്പർ കണ്ടെത്തി ഒരു പ്രാവശ്യം ഞങ്ങൾ സംസാരിച്ചു. കാണാം എന്നൊരു വാക്ക് പറഞ്ഞിട്ടുണ്ട്.

എന്റെയൊപ്പം എ.കെ.ജിയെ പ്രകീർത്തിക്കാൻ എത്തിയ സുഹൃത്ത്; അല്ല സഖാവ്, ആ പരിപാടി കഴിയുവോളവും, മടക്കയാത്രയിലും എന്നോട് ഒന്നും സംസാരിച്ചില്ല. അയാൾ എന്നെ നോക്കിയത് പോലുമില്ല.

വാസുദേവൻ പക്ഷെ പാർട്ടി വിട്ടില്ല. പാർട്ടി വാസുദേവനെ പുറത്ത് നിർത്തിയെങ്കിലും വാസുദേവൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ പാർട്ടിയോട് ചേർന്നുനിൽക്കുന്ന സംഘടനയിൽ പ്രവർത്തിച്ചു. ആ വഴിയിലൂടെ അയാൾ പല ഉന്നതസ്ഥാനങ്ങളിലും എത്തിച്ചേർന്നു. എം.എ. ബേബി പറഞ്ഞ ഒരു സംഭവം ഞാൻ ഓർമിക്കുന്നു. വാസുദേവൻ അയാളുടെ സംഘടനയുമായി ബന്ധപ്പെട്ട ഒരു ദേശീയ സെമിനാറിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി. വാസുദേവൻ സെമിനാറിൽ സംസാരിക്കുന്ന ഹാളിന്റെ താഴത്തെ നിലയിൽ നടൻ മമ്മൂട്ടി ഒരു മീറ്റിംഗിന് വന്നു. ഒരേസമയം. ആരോ മമ്മൂട്ടിയോട് പറഞ്ഞത്രേ വാസുദേവൻ മുകളിലുണ്ടെന്ന്.
ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് നടൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ‘പോയി പറയാം, നിങ്ങൾ ഇവിടെയുണ്ട്, ഒന്നുവരണം എന്ന്’; മമ്മൂട്ടിയുടെ സംഘാടകൻ പറഞ്ഞു.

ജനങ്ങൾക്കിടയിൽ ഇടതുപക്ഷത്തിന്റെ മുഖപത്രം La Cause du Peuple വിതരണം ചെയ്യുന്ന സാർത്ര് / Photo: Le Point Culture, screenshot
ജനങ്ങൾക്കിടയിൽ ഇടതുപക്ഷത്തിന്റെ മുഖപത്രം La Cause du Peuple വിതരണം ചെയ്യുന്ന സാർത്ര് / Photo: Le Point Culture, screenshot

‘ആരെ? എൻ. കെ. വാസുദേവനെ ഞാൻ ഇരിക്കുന്നിടത്തേക്ക് കൊണ്ടുവരണോ തനിക്ക്? എവിടെയാ അയാൾ ഉള്ളത്? കാണിച്ചുതരൂ'; വാസുദേവന്റെ സഖാക്കളെ ഞെട്ടിച്ച് അയാളുടെ സെമിനാർ ഹാളിലേക്ക് കടന്നുചെന്ന് മമ്മൂട്ടി, വാസുദേവനെ, പഴയ മഹാരാജാസ് സഖാവിനെ ആലിംഗനം ചെയ്തു.

ആ വാസുദേവനും ചന്ദ്രമോഹനും ചേർന്ന് ചേർത്തല ശ്രീനാരായണ കോളേജിൽ കെ.എസ്.എഫിന്റെ ഒരു യൂണിറ് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. അതിനു മുൻപേ കെ.എസ്.യു യൂണിറ്റ് അവിടെയുണ്ടായിരുന്നു.

അദ്ധ്യാപക സംഘടനയുടെ രൂപീകരണത്തിന് പുതിയ അദ്ധ്യാപകരുടെ വരവ് വഴിതെളിക്കും എന്നാണ് ഞങ്ങൾ വിചാരിച്ചത്. അദ്ഭുതമെന്നെ പറയേണ്ടു, അതുണ്ടായില്ല. ഫ്രാൻസിലെ വിദ്യാർഥികൾ നയിച്ച, ഏതാണ്ട് ഒരു രണ്ടാം ഫ്രഞ്ച് വിപ്ലവം ആകുമായിരുന്ന സോർബോൺ സർവകലാശാലയിൽ തുടങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചും തീപ്പൊരി യുവനേതാവായ ഡാനിയൽ കോഹൻ ബൻഡിറ്റിനെക്കുറിച്ചും ഞങ്ങൾ ആദ്യം കേട്ടത് അപ്പൻ സാർ പറഞ്ഞാണ്. തീവ്ര ഇടതുപക്ഷത്തിന്റെ മുഖപത്രം നിരോധിക്കപ്പെട്ടപ്പോൾ ചാൾസ് ഡി. ഗാളിന്റെ ഭരണകൂടത്തെ വെല്ലുവിളിച്ച്, ‘സ്വാതന്ത്ര്യത്തിന്റെ തടവുകാരൻ' എന്ന് സാർ തന്നെ ബഹുമാനത്തോടെ പരാമർശിച്ചിരുന്ന ഷാൻ പോൾ സാർത്ര് ആ പത്രത്തിന്റെ പ്രസിദ്ധീകരണം സ്വയം ഏറ്റെടുത്തല്ലോ.

ഷാൻ പോൾ സാർത്രിന്റെ വിപദിധൈര്യത്തെപ്പറ്റി സർ വാചാലനാവുമായിരുന്നു. വളരെ നാടകീയമായി സാർ അവതരിപ്പിച്ചിരുന്ന ഒരു ഭാഗമുണ്ട്, അന്നത്തെ ആ സമകാലീന ‘ഫേബിളിൽ'. സാർത്ര് ആ പത്രം ഏറ്റെടുത്തപ്പോൾ ഡിഗാൾ അദ്ദേഹത്തെ തടവിലാക്കേണ്ടിയിരുന്നു. എന്തുകൊണ്ട് സാർത്രിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് പത്രപ്രവർത്തകർ ചോദിച്ചപ്പോൾ ഡി ഗാൾ പറഞ്ഞത്രെ; ‘സാർത്ര് ഫ്രാൻസ് ആണ്' എന്ന്.

കെ.എസ്.യു, കെ.എസ്.എഫ് എന്ന ദ്വന്ദ്വത്തിൽ നിന്ന് വ്യത്യസ്തമായ ഒരു സംഘടനയ്ക്ക് രൂപം നൽകുക എന്നത് എന്റെ ആഗ്രഹമായിരുന്നു.

സാറിന്റെ ആ വാചാലതയൊന്നും അദ്ധ്യാപകരുടെ അവകാശങ്ങൾക്കായുള്ള സംഘടിതമായ ശ്രമങ്ങളിൽ ഞങ്ങൾ കണ്ടിട്ടില്ല; ഒരിക്കലും. മാത്രമല്ല, പുതിയതായി വന്ന അദ്ധ്യാപകരോട് അവിടെ നേരത്തെയുള്ളവർ (അപ്പൻ സാർ ഉൾപ്പെടെ) അത്ര സൗഹൃദം നിറഞ്ഞ ഒരു ഹസ്തദാനമല്ല നൽകിയതെന്ന് കോളേജിലെ പെട്ടെന്ന് മാറിയ അന്തരീക്ഷം ഞങ്ങളോട് പറഞ്ഞു. പുതിയതായി വന്നവരാകട്ടെ നല്ല അദ്ധ്യാപകർ എന്ന പേര് വളരെ വേഗം സമ്പാദിക്കയും ചെയ്തു. ക്രമേണ അദ്ധ്യാപകർക്കിടയിലെ ചേരിതിരിവ് വിദ്യാർത്ഥികൾക്കിടയിൽ പല തരത്തിലും പ്രതിഫലിക്കാൻ തുടങ്ങി.

എന്റെ രണ്ടാം വർഷത്തിലാണ് മറ്റൊരു സുഹൃത്തിനെ ഞാൻ കണ്ടുമുട്ടിയത്. ജോഷി. രണ്ടു ജോഷിമാർ ഉണ്ടായിരുന്നു; അതിൽ വർക്കലയിൽനിന്ന് വന്ന ജോഷി പരിചയപ്പെട്ടപ്പോൾ തന്നെ പറയുമായിരുന്നു, അയാൾ പ്രീ ഡിഗ്രി കഴിഞ്ഞ് പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോട്ടോഗ്രാഫി പഠിക്കാൻ പോകും എന്നും മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു കാമറമാൻ ആയിക്കഴിഞ്ഞാൽ വിൻസെന്റിനെപ്പോലെ ഒരു സംവിധായകൻ ആവും എന്നും.
അയാൾ കാമറമാൻ ആയില്ല; പക്ഷെ മലയാള ജനപ്രിയസിനിമയുടെ ചരിത്രത്തിൽ ഏറ്റവും സാങ്കേതികജ്ഞാനമുള്ള സംവിധായകൻ എന്ന പേര് സമ്പാദിച്ചു. വെറുതേ പേർ സമ്പാദിക്കുക മാത്രമല്ല, തന്റെ സിനിമകളിലൂടെ എത്രയോ ദശാബ്ദങ്ങളായി അയാൾ അത് ആവർത്തിച്ച് തെളിയിച്ചു കൊണ്ടിരിക്കുന്നു.

1974-'75 കാലത്ത് ഒരു ദിവസം ഞാൻ തിരുവനന്തപുരത്തെ എം.ജി റോഡിലൂടെ നടന്നു പോകുമ്പോൾ, അൽപ്പം മുൻപിൽ വന്നു ബ്രേക്ക് ചെയ്ത ഒരു കാറിൽ നിന്ന് ഒരാൾ ഓടി ഇറങ്ങി എന്റെ മുന്നിൽ വന്നു നിന്നു. ജീൻസും ടി ഷർട്ടുമാണ് വേഷം. ‘എന്നെ മനസ്സിലായോ?' അയാൾ ചോദിക്കുന്നു.

ജോഷി / Photo: Wikimedia Commons
ജോഷി / Photo: Wikimedia Commons

‘ജോഷി! എവിടെ പോകുന്നു?' ഞാൻ അറിഞ്ഞിരുന്നു, ജോഷി ഒരു ചിത്രം സംവിധാനം ചെയ്‌തെന്ന്. ഞാൻ കാണുന്ന അവസരത്തിൽ അയാൾ മദ്രാസിൽ പോകാനുള്ള യാത്രയിലായിരുന്നു.
‘മണിസ്വാമിയുടെ കൂടെയാണ് ഞാൻ ഇപ്പോൾ’, ജോഷി പറഞ്ഞു. (കവിയൂർ പൊന്നമ്മയുടെ ഭർത്താവായിരുന്നു, മണിസ്വാമി. എൻ. എൻ. പിള്ളയുടെ പ്രശസ്ത നാടകമായ ക്രോസ് ബെൽറ്റ് സിനിമയാക്കിയപ്പോൾ മുതൽ അദ്ദേഹം ‘ക്രോസ്സ്‌ബെൽറ്റ് മണി’ ആയി).
അതിനു ശേഷം ജോഷിയുടെ വളർച്ച ഞാൻ വിദേശത്തിരുന്ന് വീഡിയോ കാസറ്റുകളിലൂടെയാണ് കണ്ടിട്ടുള്ളത്.

കെ.എസ്.യു, കെ.എസ്.എഫ് എന്ന ദ്വന്ദ്വത്തിൽ നിന്ന് വ്യത്യസ്തമായ ഒരു സംഘടനയ്ക്ക് രൂപം നൽകുക എന്നത് എന്റെ ആഗ്രഹമായിരുന്നു. കമ്യൂണിസം മനസ്സിൽ അലിഞ്ഞുചേർന്ന ഒരു കാര്യമായിരുന്നെങ്കിലും അതിനേക്കാൾ കടുപ്പത്തിൽ ഒരു നാസ്തികത എന്റെ ഉള്ളിൽ കടന്നുകൂടിയിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി, തെരഞ്ഞെടുപ്പിൽ നിൽക്കാനോ യൂണിയൻ പിടിച്ചടക്കാനോ ഒന്നുമല്ലാതെ, ഭൗതികവാദത്തിന്റെയും ശാസ്ത്രത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കാനാണ് ‘ഫ്രീ തിങ്കേഴ്‌സ് മൂവ്‌മെൻറ്​' എന്നൊരു സംഘടനയ്ക്ക് ഞങ്ങൾ രൂപം കൊടുത്തത്. അനൗപചാരികമായി എസ്.എൻ. കോളേജ് കാമ്പസിലെ മരത്തണലുകളിൽ ഞങ്ങൾ ഒന്നിച്ചുകൂടുകയും വെറുതെ തർക്കിക്കുകയും ചെയ്തു. ജാതി, മത വേർതിരിവുകളും ദൈവവും തന്നെ ആയിരുന്നു ഞങ്ങളുടെ വിഷയങ്ങൾ. നാസ്തികത മുഖമുദ്രയാക്കിയതിനാൽ അധികം പേരെ ഞങ്ങൾക്ക് ആകർഷിക്കാനായില്ല. എന്നിട്ടും ഞങ്ങൾ തോറ്റ് പിന്മാറിയില്ല. ചെറിയ തുകകൾ പിരിച്ചും ലഞ്ച് ഉപേക്ഷിച്ചുമെല്ലാം കൊച്ചുകൊച്ച് ലഘുലേഖകൾ ആലപ്പുഴയിൽ നിന്ന് അച്ചടിച്ച് ഞാൻ തന്നെ കോളേജിൽ കൊണ്ടുവന്നു വിതരണം ചെയ്തു. അതുകൊണ്ടൊന്നും യാതൊരു പ്രയോജനവും ഉണ്ടായില്ല. നാസ്തികത പറയുമ്പോൾ ശ്രോതാക്കളിൽ നിന്ന് സഹഭാവം ആഗ്രഹിക്കരുത്. അതാണു ഗുണപാഠം. (തീരുന്നില്ല). ▮


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments