​ഭുവനേശ്വരന്റെ കൊലപാതകം;
​ജി. സുധാകരൻ പതറിപ്പോയ നിമിഷം

വെയിൽക്കാലങ്ങൾ- രണ്ട്

സാധാരണ നിലയിൽ പെട്ടെന്നൊന്നും വികാരാധീനാവുന്നയാളല്ലായിരുന്നു സുധാകരൻ ആ കാലത്ത്. പക്ഷേ ഭുവനേശ്വരന്റെ മരണം സുധാകരനെ വല്ലാതെ ബാധിച്ചു.

1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ഒരുപക്ഷേ ഇന്ത്യയിൽത്തന്നെ ആദ്യമായി നടന്ന യുവജന പ്രതിഷേധമായിരുന്നിരിക്കണം ജി. സുധാകരന്റെയും ആ വർഷം പുതിയതായി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്നത്. പുതിയ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥലത്തില്ലാഞ്ഞതിനാൽ അതിൽ പങ്കെടുത്തില്ല. പിൽക്കാലത്ത് സ്പീക്കറും മന്ത്രിയുമായ എം. വിജയകുമാർ, പിൽക്കാലത്ത് പല തവണ സർവകലാശാലാ സിൻഡിക്കേറ്റ് അംഗമായ തോമസ് എബ്രഹാം, ഔവർ കോളേജ് ഉടമയും പ്രിൻസിപ്പലുമായിരുന്ന ബാലകൃഷ്ണൻ നായരുടെ മകൻ ജെ.ബി. മോഹൻ (ഇ. എം. എസിന്റെ ആത്മസുഹൃത്തും സി.പി.എമ്മിന്റെ സാഹിത്യ നിലപാടുകളുടെ ഒരു കാലത്തെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പ്രൊഫ. എം. എസ്. ദേവദാസ് ആയിരുന്നു ഔവർ കോളജിലെ ഇംഗ്‌ളീഷ് ഡിപ്പാർട്ട്‌മെൻറ്​ നയിച്ചിരുന്നത്), ഈ അടുത്ത കാലത്ത് അകാലചരമമടഞ്ഞ എന്റെ ആത്മസുഹൃത്ത് ബി. എസ്. രാജീവ് തുടങ്ങി കുറെയേറെപ്പേർ ആ പ്രകടനത്തിൽ പങ്കെടുത്തു.

യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം സെക്രട്ടേറിയേറ്റിന്റെ തെക്കേ ഗേറ്റിൽ തടയപ്പെട്ടു. എല്ലാവരെയും കസ്റ്റഡിയിലെടുത്തു. സ്റ്റേഷൻ ലോക്കപ്പിൽ അതിക്രൂരമായി എല്ലാവരെയും മർദ്ദിച്ചു. രാജീവ് ഏറെക്കാലം നീണ്ട ചികിൽസക്കുശേഷമാണ് ഭാഗികമായെങ്കിലും ആരോഗ്യം വീണ്ടെടുത്തത്.

ബി.എസ്. രാജീവ് യൂണിവേഴ്‌സിറ്റി കോളേജിലെ ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ

ആ മർദ്ദനം തകർത്തുകളഞ്ഞ മറ്റൊരു സഖാവായിരുന്നു പിൽക്കാലത്ത് കേരള സർവകലാശാല എംപ്ലോയീസ് യൂണിയൻ നേതാവായിരുന്ന പ്രദീപ്കുമാർ.ചിന്ത പബ്ലിഷേഴ്‌സിൽ പിൽക്കാലം എന്നോടൊപ്പം ഒരേദിവസം ജോലിയിൽ പ്രവേശിക്കുകയും അവിടെത്തന്നെ തുടരുകയും അവിടന്നുതന്നെ ഉദ്യോഗത്തിൽനിന്ന് വിരമിക്കുകയും ചെയ്ത "രാത്രിവണ്ടി' രാജഗോപാൽ. (ഈവനിംഗ് കോളേജിൽ പഠിക്കാനിടയായ കാലത്ത് ആരോ ഇട്ടുകൊടുത്ത പേരാണ് "രാത്രിവണ്ടി'). രാജീവിനെ മർദ്ദിക്കാൻ പിടിച്ചു നീക്കി നിർത്തിയത് അയാളുടെ നീണ്ട മുടിയിൽ ചുറ്റിപ്പിടിച്ചാണ്. "മുടി വളർത്തിയ ഒരു വകുപ്പ് വന്നിട്ടുണ്ട്' എന്ന് ആക്രോശിച്ചാണ് രാജീവിന്റെ തല ഒരു ചാക്കുസഞ്ചിയിലേക്ക് തള്ളിക്കയറ്റി ആ മർദ്ദകവീരൻ (ആരാണെന്ന് രാജീവിനറിയില്ലായിരുന്നു) പൂണ്ടു വിളയാടിയത്. രാജീവിനേറ്റ മർദ്ദനത്തെപ്പറ്റി രാജീവ് തന്നെ പറഞ്ഞറിഞ്ഞതാണ്. അക്കൂട്ടത്തിലുള്ള ഒറ്റയാളും പൊലീസ് മർദ്ദനത്തിന്റെ ക്രൂരത അറിയാതിരുന്നില്ല.

കോടിയേരി ബാലകൃഷ്​ണനും എം.എ ബേബിയും

പിന്നീട് എസ്.എഫ്.ഐയിൽ നിന്ന് വിട്ട് മറ്റ് യുവജനപ്രസ്ഥാനങ്ങളിലേക്കും പാർട്ടിയുടെ ഘടകങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ടിരുന്ന സുധാകരനും ഭീകരമർദ്ദനമേറ്റു. ആ അനുഭവത്തെപ്പറ്റി എം.എ. ബേബി പറയുന്നു: ""എസ്.എഫ്.ഐയുടെ മുൻഗാമിയായ കെ.എസ്.എഫിന്റെ കാലം മുതൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ പ്രശ്‌നങ്ങളെ മുൻനിർത്തി കുറേ അവകാശസമരങ്ങൾ നടന്നിട്ടുണ്ട്; വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിനും സ്‌കൂൾ ഫീസും മറ്റും എടുത്തു കളയുന്നതിനു വേണ്ടിയും. അതെല്ലാം അംഗീകരിച്ചത് 1957ലെയും 1967ലെയും ഇ.എം.എസ് ഗവണ്മെന്റുകളാണ്. തുടർന്ന്, ഭൂപരിഷ്‌കരണത്തിലൂടെ ഒരു തുണ്ട് ഭൂമിയുടെ മേൽ അവകാശം കിട്ടിയ, "അധഃസ്ഥിത'രെന്ന് മുദ്രയടിക്കപ്പെട്ട് അകറ്റി നിർത്തപ്പെട്ട സമൂഹത്തിലെ തിരസ്‌കൃത വിഭാഗങ്ങൾ, അല്ലെങ്കിൽ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് അന്നുവരെ ആട്ടിപ്പായിക്കപ്പെട്ടിരുന്ന ജനങ്ങൾ- അവർക്ക് കാലുറപ്പിച്ചു നിൽക്കാൻ, ഇറക്കി വിടില്ല എന്ന ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഒരു തുണ്ട് ഭൂമി ഭൂപരിഷ്‌കരണത്തിലൂടെയും മിച്ചഭൂമി സമരത്തിലൂടെയും കിട്ടിയപ്പോൾ, അവിടെ ഉറച്ചുനിന്ന് സ്വന്തം മക്കളെ പഠിപ്പിച്ച് വലിയവരാക്കാൻ പറ്റുമോ എന്ന് നോക്കാനുള്ള ആത്മധൈര്യം അവർക്ക് കിട്ടി. അങ്ങനെ ഇടതുപക്ഷപ്രസ്ഥാനങ്ങൾ തുടർച്ചയായ സമരങ്ങളിലൂടെ സാമൂഹികമായ തുല്യത എന്ന ആശയം അവതരിപ്പിച്ച്, സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് ആശയങ്ങൾ അവതരിപ്പിച്ച്, ഈ ജനവിഭാഗങ്ങളെ സംഘടിപ്പിച്ച്, അവകാശബോധമുള്ളവരാക്കി.

കാമ്പസുകളിൽ ഒരു സംഘടന തെരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞാൽ പരാജയപ്പെട്ട സംഘടന കോളേജ് യൂണിയൻ പരിപാടികൾ കലക്കുന്ന സമീപനമാണ് മിക്ക കോളേജുകളിലും മത്സരിച്ച് പിന്തുടർന്നിരുന്നത്.

ആ അടിത്തറയിൽ നിന്ന്, സ്വന്തം മക്കൾക്ക് പഠിച്ചുവളരാൻ കഴിയണം; നിരക്ഷരരായിക്കൂടാ തങ്ങളുടെ മക്കൾ എന്ന് അവർ ചിന്തിക്കുന്ന ഒരു കാലമുണ്ടായി. അറുപതുകളിലും എഴുപതുകളിലുമൊക്കെയാണ് സ്‌കൂളുകളിലും കോളേജുകളിലേക്കുമൊക്കെ ഇങ്ങനെ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിന്നിരുന്ന വിഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കായ കുട്ടികൾ പഠിക്കാൻ കടന്നുവരുന്നത്. അവർ പതുക്കെപ്പതുക്കെ കെ.എസ്.എഫിലേക്കും 1970 മുതൽ എസ്.എഫ്.ഐയിലേക്കും ആകർഷിക്കപ്പെട്ടു. എസ്.എഫ്.ഐയുടെ ശക്തിപ്പെടലിനു വഴിതെളിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ഇതിനെ കാണണം.

സി. ഭാസ്കരൻ

പുതിയൊരു വിദ്യാർത്ഥി പ്രവർത്തനസംസ്‌കാരം സ്‌കൂളുകളിലും കോളേജുകളിലും കൊണ്ടുവരാൻ കെ.എസ്.എഫും പിന്നീട് എസ്.എഫ്.ഐയും ശ്രമിക്കുകയുണ്ടായി. ഇതിന്റെയെല്ലാം നേതൃത്വത്തിലേക്ക് കടന്നുവന്നത് ഗൗരവപൂർവ്വം കേരളത്തിലെ പ്രശ്‌നങ്ങൾ മാത്രമല്ല, ഇന്ത്യയുടെ പ്രശ്‌നങ്ങൾ, ലോകത്തിന്റെ മറ്റു കോണുകളിൽ നടക്കുന്ന സംഭവവികാസങ്ങളെല്ലാം ചർച്ച ചെയ്യാൻ കഴിവും താൽപ്പര്യവുമുള്ള നേതാക്കന്മാരായിരുന്നു. ഞാൻ കോളേജിലേക്ക് വരുമ്പോൾ സി. ഭാസ്‌കരനും ജി. സുധാകരനും ആയിരുന്നു എസ്.എഫ്.ഐയുടെ അഖിലേന്ത്യ- സംസ്ഥാന നേതാക്കന്മാർ. ഭാസ്‌കരൻ അന്ന് അഖിലേന്ത്യ പ്രസിഡൻറായിരുന്നു. എന്നാലും മുഖ്യമായും കേരളം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. കാമ്പസുകളിൽ ഒരു സംഘടന തെരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞാൽ പരാജയപ്പെട്ട സംഘടന കോളേജ് യൂണിയൻ പരിപാടികൾ കലക്കുന്ന സമീപനമാണ് മിക്ക കോളേജുകളിലും മത്സരിച്ച് പിന്തുടർന്നിരുന്നത്. അതിൽ കെ.എസ്.യുവും എസ്.എഫ്.ഐയും വ്യത്യസ്തമാണെന്ന് ഒരു പരിധി വരെ പറയാമെങ്കിലും പല സ്ഥലങ്ങളിലും ഈ മാതൃക, ഒരു തരം അരാജകമായി കാമ്പസുകളിൽ ഇടപെട്ടിരുന്നു എന്നത് നിഷേധിക്കാനാവില്ല.

എന്നാൽ എസ്.എഫ്.ഐ രൂപീകരിക്കപ്പെട്ടശേഷം ഈ സ്ഥിതിക്കൊരു മാറ്റം വരുത്താനുള്ള ബോധപൂർവ ശ്രമങ്ങൾ പ്രധാന കോളേജുകളിൽ നടന്നിട്ടുണ്ട്. 1970-'71 വർഷമാണ് ഞാൻ പ്രീഡിഗ്രി വിദ്യാർത്ഥിയായി കൊല്ലം എസ്.എൻ. കോളേജിൽ ചേരുന്നത്. അന്ന് പ്ലസ് ടു, കോളേജിന്റെ ഭാഗമാണെന്ന് ഓർക്കണം. അതേസമയം തന്നെയാവണം, അൽപം പ്രായവ്യത്യാസമുള്ള തോമസ് ഐസക്കും എസ്. രമേശനും എൻ.കെ. വാസുദേവനും മറ്റും എറണാകുളം മഹാരാജാസ് കോളേജിലും, എ.കെ. ബാലനും മറ്റും തലശ്ശേരി ബ്രണ്ണൻ കോളേജിലും എത്തുന്നത്.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ കോളേജുകളിലെല്ലാം ഏതാണ്ട് ഒരേ സമയത്താണ് എസ്.എഫ്.ഐയുടെ വിജയചരിത്രം തുടങ്ങുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 1972-'73 മുതൽ പ്രധാനപ്പെട്ട ചില സീറ്റുകളിൽ ജയിച്ച് തുടങ്ങിയ ആ ചരിത്രം മെല്ലെ തൊട്ടടുത്ത വർഷങ്ങളിൽ ഏതാണ്ടെല്ലാ പ്രധാന സീറ്റുകളിലും എസ്.എഫ്.ഐ ജയിക്കുന്ന സ്ഥിതിയിലേക്കുമാറി. എറണാകുളം മഹാരാജാസിലും തലശ്ശേരി ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ലോ കോളേജിലും ഗവൺമെന്റ് ആർട്‌സ് കോളേജിലുമടക്കം നിരവധി കോളേജുകളിൽ ഈ ഒരു തരംഗം ഉണ്ടായി. കോളേജ് യൂണിയൻ പ്രവർത്തനങ്ങളിൽ സർഗാത്മകമായ പരിപാടികൾ കോളേജിലെ വിദ്യാർത്ഥിസമൂഹത്തെ ഒന്നടങ്കം ഉൾച്ചേർത്ത് രൂപകൽപ്പന ചെയ്യാനും അതനുസരിച്ച് പ്രവർത്തികമാക്കാനും എസ്.എഫ്.ഐയുടെ യൂണിയനുകൾ ശ്രദ്ധിക്കണം എന്ന് തീരുമാനിച്ചു.

ഡോ. എ. റസലുദ്ദീൻ

പെട്ടെന്നോർമ്മ വരുന്നത് എറണാകുളത്തു നടന്ന നാടകോൽസവമാണ്. അതിനുമുൻപ്, കൊല്ലം എസ്. എൻ. കോളേജിൽ ഞാൻ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോൾ അതുവരെയുള്ള പതിവിനു വ്യത്യസ്തമായി യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥി തന്നെ മത്സരിക്കണം എന്നൊരു തീരുമാനം ഞങ്ങൾ എടുത്തു. അങ്ങനെ മലയാളം എം.എ വിദ്യാർത്ഥി ആയിരുന്ന പ്രഭാഷകനും വാഗ്മിയും എല്ലാമായ എ. റസലുദ്ദീനെ ചെയർമാനായി നിർത്താൻ തീരുമാനിച്ചു. റസലുദീൻ പിന്നീട് സി. ജെ. തോമസിന്റെ നാടകങ്ങളെപ്പറ്റി ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി.
ഞാൻ ആർട്‌സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചു. ഞങ്ങളെല്ലാം ജയിച്ചു. ആ കൊല്ലം നടത്തിയ നാടകോൽസവത്തിൽ ഞങ്ങൾ മലയാളം എം. എ വിദ്യാർത്ഥി ആയിരുന്ന മയ്യനാട് ഷാഹുൽദീൻ എന്ന കെ.എസ്.യുക്കാരൻ എഴുതിയ "താവളം' എന്ന നാടകം അവതരിപ്പിച്ചു. ബെക്കറ്റും യെനെസ്‌കോയുമെല്ലാം ലോകനാടകവേദിയിലെ വലിയ സ്വാധീനങ്ങളായി നിൽക്കുന്ന കാലം. അവരുടെയെല്ലാം സ്വാധീനം ഞങ്ങൾ അവതരിപ്പിച്ച നാടകത്തിനുണ്ടായിരുന്നിരിക്കണം. എറണാകുളം മഹാരാജാസ് അവതരിപ്പിച്ച നാടകത്തിന് കർട്ടൻ പിടിക്കാനും മറ്റും നമ്മുടെ തോമസ് ഐസക്കൊക്കെ ഉണ്ടായിരുന്നെന്നാണ് എന്റെ ഓർമ. "പ്രഭാതത്തിന്റെ ആദ്യരശ്മികൾ' എന്നായിരുന്നെന്നു തോന്നുന്നു അവരുടെ നാടകത്തിന്റെ പേര്. ഒന്നാം സമ്മാനം മഹാരാജാസ് നാടകത്തിനു തന്നെ ആയിരുന്നു. ഞങ്ങളുടെ നാടകത്തെക്കാൾ ഒരു പണമിട മികവ് കൂടുതൽ അവരുടേതിനായിരുന്നു എന്ന് സമ്മതിക്കാൻ ഇന്നും എനിക്ക് യാതൊരു മടിയുമില്ല.

1975 ജൂൺ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് ആദ്യത്തെ തുറന്ന പ്രതിഷേധമുയർന്നത് തിരുവനന്തപുരം നഗരത്തിൽ ജൂലൈ ഒന്നിനായിരുന്നു. ആ പ്രതിഷേധപ്രകടനം യൂണിവേഴ്‌സിറ്റി കോളേജിൽ ആരംഭിച്ച് കന്റോണ്മെൻറ്​ സ്റ്റേഷന് കിഴക്കു ഭാഗത്തു വച്ച് തടയപ്പെട്ടു.

ഓരോ കോളേജുകളിലെയും പ്രതിഭാശാലികളായ വിദ്യാർത്ഥികളെ അവരുടെ സർഗശേഷിക്കനുസൃതമായ മേഖലകളിൽ തിളങ്ങാനുള്ള അവസരങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാവണം കോളേജ് യൂണിയനുകൾ സർവകലാശാലാ യൂണിയനുമായി ചേർന്ന് പ്രവർത്തിക്കാൻ എന്ന് എസ്.എഫ്.ഐ അഭിപ്രായപ്പെട്ടു. മാത്രമല്ല, എസ്.എഫ്.ഐയിൽ വരുന്ന വിദ്യാർത്ഥികൾ ഓരോരുത്തരും വ്യത്യസ്തമായ ഒരു വിദ്യാർത്ഥി സംസ്‌കാരം അഥവാ വിദ്യാർത്ഥി സ്വത്വം ഉള്ളവരായിരിക്കണം. ഒരു എസ്.എഫ്.ഐ നേതാവെന്നാൽ അയാൾ അല്ലെങ്കിൽ അവൾ ചില വിലയേറിയ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തി ആയിരിക്കണം എന്നത് ഞങ്ങൾ നിഷ്‌കർഷിച്ചിരുന്നു. ഈ മൂല്യങ്ങൾ ഞങ്ങൾക്ക് പകർന്നു കിട്ടിയത് പഠനക്ലാസുകളിൽ നിന്നാണ്. പി. ഗോവിന്ദപ്പിള്ളയും മറ്റുമാണ് ഞങ്ങൾക്ക് ക്ലാസ് തന്നിരുന്നത്.

സോളമൻ മഷ്‌ളാൻഗു

അത്തരത്തിലുള്ള പഠനങ്ങളാണ് ഞങ്ങളെ സമൂഹത്തിനു ചുറ്റും നോക്കാനും സമൂഹികപ്രശ്‌നങ്ങൾ പഠിക്കാനും പ്രാപ്തരാക്കിയത്. അതുകൊണ്ടു തന്നെ 1974ൽ ഇന്ത്യയൊട്ടാകെയുള്ള റെയിൽവേ തൊഴിലാളികൾ ഒരു സമരത്തിലേക്ക് നീങ്ങിയപ്പോൾ, ഞങ്ങൾക്ക് അവരെ പിന്തുണയ്ക്കാതിരിക്കാൻ
കഴിയില്ലായിരുന്നു. അതുപോലെ തന്നെ ലോകരാഷ്ട്രങ്ങളിൽ നടക്കുന്ന സംഭവങ്ങളോട് എന്നും എസ്.എഫ്.ഐ പ്രതികരിച്ചിട്ടുണ്ട്. ഹോ ചിമിന്റെ വിയറ്റ്‌നാം വിമോചനപ്പോരാട്ടത്തിൽ, ദക്ഷിണാഫ്രിക്കയിൽ റോബൻ ഐലന്റിൽ തടവിൽക്കിടന്നിരുന്ന നെൽസൺ മണ്ഡേലയ്ക്കും രക്തസാക്ഷിയായ സോളമൻ മഷ്‌ളാൻഗു എന്ന വിദ്യാർത്ഥിക്കും വേണ്ടി, എല്ലാം എസ്.എഫ്.ഐയുടെ മുഷ്ടി ഐക്യദാർഢ്യത്തിൽ ഉയർന്നു; "ഫ്രീ മണ്ഡേല' എന്ന മുദ്രാവാക്യം കേരളമെങ്ങും ഞങ്ങൾ മുഴക്കി.

1975 ജൂൺ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് ആദ്യത്തെ തുറന്ന പ്രതിഷേധമുയർന്നത് തിരുവനന്തപുരം നഗരത്തിൽ ജൂലൈ ഒന്നിനായിരുന്നു. ആ പ്രതിഷേധപ്രകടനം യൂണിവേഴ്‌സിറ്റി കോളേജിൽ ആരംഭിച്ച് കന്റോണ്മെൻറ്​ സ്റ്റേഷന് കിഴക്കു ഭാഗത്തു വച്ച് തടയപ്പെട്ടു. എസ്.എഫ്.ഐയുടെ നേതാക്കളുൾപ്പെടെ ഏറെപ്പേർ തടങ്കലിലായി. സെക്രട്ടേറിയറ്റിനു മുന്നിൽ വരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിക്കാൻ കഴിഞ്ഞു എന്നത് ഇന്നും ഞങ്ങളെ അഭിമാന വിജ്രംഭിതരാക്കുന്നു. തുടർന്ന് അറസ്റ്റും സബ്ജയിൽ വാസവും അതിനുശേഷം സെൻട്രൽ ജയിൽ വാസവും കഴിഞ്ഞ് പ്രഗത്ഭനായ വർക്കല രാധാകൃഷ്ണന്റെ നയചാതുരിയിൽ തടവിൽ നിന്ന് പുറത്തേക്ക്.

അടിയന്തരാവസ്ഥയെ കേരളത്തിൽ ശക്തമായി ചെറുക്കാൻ ശ്രമിച്ച ഒരേയൊരു വിദ്യാർത്ഥി പ്രസ്ഥാനം എസ്.എഫ്.ഐ തന്നെ ആയിരിക്കണം. എ.ബി.വി.പി യും മറ്റും എവിടെയും ഉണ്ടായിരുന്നില്ല. ആ ചെറുത്തുനിൽപ്പിന് കേരളത്തിലെ വിദ്യാർത്ഥികൾ ഞങ്ങൾക്ക് തന്ന പാരിതോഷികമാണ് ഏകപക്ഷീയമായ വിജയങ്ങൾ.

ഞങ്ങളുടെ സഹതടവുകാരിൽ ചിലർ അഭിമാനകരമായ വിജയമാണ് ഇതിനെല്ലാം ശേഷം അവരുടെ പരീക്ഷകളിൽ നേടിയത്. പിൽക്കാലത്ത് സംസ്‌കൃതസർവകലാശാല വൈസ് ചാൻസലർ ആയ ജയപ്രസാദ് എം.എ ഒന്നാം റാങ്കിലാണ് ജയിച്ചത്. ബി. മാധവൻപിള്ള ബി.എ ഒന്നാം റാങ്കിൽ ജയിച്ചു. പിൽക്കാലത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ പ്രൊഫസറായി. പുനലൂർ മുനിസിപ്പൽ ചെയർമാനായി പിൽക്കാലത്ത് ഉയർന്ന അഡ്വ. സുരേഷ് കുമാർ എന്നിങ്ങനെ അനേകം മിന്നും താരങ്ങൾ. ജി. സുധാകരൻ, എം. വിജയകുമാർ എന്നിവരും ഞാനും സഹതടവുകാരായിരുന്നപ്പോൾ പിൽക്കാലത്ത് സഹമന്ത്രിമാരായിരിക്കുമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ല. 2006ലെ വി.എസ്. മന്ത്രിസഭയിൽ ഞങ്ങൾ മൂവരും വിവിധ വകുപ്പുകളുടെ മന്ത്രിമാരായിരുന്നു.

അടിയന്തരാവസ്​ഥയിൽ പൊലീസ്​ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് മുസ്തഫ

അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥികൾക്കു നേരെ പൊതുവിലും, എസ്.എഫ്.ഐക്കാർക്കു നേരെ പ്രത്യേകിച്ചും നടത്തിയ മനുഷ്യാവകാശധ്വംസനങ്ങളെപ്പറ്റി കൂടുതലറിയാൻ ഞങ്ങൾ ഒരു സഞ്ചാരസംഘമായി വയനാട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ച് ഓരോ ജില്ലയിലുമുള്ള വിദ്യാർത്ഥികളെ കണ്ട് സംസാരിച്ച് അവരുടെ കയ്യിൽ നിന്ന് വിശദമായ റിപ്പോർട്ടുകൾ വാങ്ങി. ആ യാത്രയിലാണ് പാലക്കാട്ടെ മുഹമ്മദ് മുസ്തഫയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ യഥാർത്ഥ വസ്തുത അറിഞ്ഞത്. മർദ്ദിച്ച് അവശനാക്കി ജയിലിലിട്ടിട്ട്, മരിച്ചു പോകുമെന്ന് സംശയം തോന്നിയപ്പോൾ മുസ്തഫയെ പുറത്തു വിട്ടു. ആ വിവരങ്ങളെല്ലാം ഞങ്ങൾക്ക് വിശദമായ റിപ്പോർട്ടുകളായി ലഭിച്ചു. അടിയന്തരാവസ്ഥയെ കേരളത്തിൽ ശക്തമായി ചെറുക്കാൻ ശ്രമിച്ച ഒരേയൊരു വിദ്യാർത്ഥി പ്രസ്ഥാനം എസ്.എഫ്.ഐ തന്നെ ആയിരിക്കണം. എ.ബി.വി.പി യും മറ്റും എവിടെയും ഉണ്ടായിരുന്നില്ല. ആ ചെറുത്തുനിൽപ്പിന് കേരളത്തിലെ വിദ്യാർത്ഥികൾ ഞങ്ങൾക്ക് തന്ന പാരിതോഷികമാണ് ഏകപക്ഷീയമായ വിജയങ്ങൾ. അതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല.''

അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെപ്പറ്റി പലരും പറയുകയും എഴുതുകയുമെല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ, അതിലൂടെ ജീവിക്കുമ്പോൾ അനുഭവിക്കുന്ന അപമാനബോധം, നിസ്സഹായത, സദാ ഉള്ളിലിരമ്പുന്ന ഷണ്ഡമായ രോഷം, ഇതെല്ലാം ചുമന്ന് "നാവടക്കി, പണിയെടുത്ത്' മുന്നോട്ട് പോകുമ്പോൾ, തനിക്കു നേരെ സേനാവ്യൂഹങ്ങളുമായി നിരക്കുന്ന അധികാരപ്രമത്തതയുടെ നേർക്ക് അചഞ്ചലനായി ഒരാൾ നിൽക്കുന്നത് നേരിൽ കാണുമ്പോൾ ഭാവി പൂർണമായും ഇരുളടഞ്ഞതല്ല എന്ന തോന്നൽ ഒരു ചെറുതിരിനാളമായി തെളിഞ്ഞിരുന്നു.

സുഭാഷ് ചന്ദ്രബോസ് എന്ന ഏകാന്ത വിപ്ലവകാരിയെ, ഞാൻ താൽക്കാലികമായി അഭയം കണ്ടെത്തിയിരുന്ന "രാമനിലയം' ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിന് മൂകസാക്ഷിയാവേണ്ടി വന്നത് അത്തരമൊരു അനുഭവമായിരുന്നു.
ബോസ് ഒരു മുൻകാല കെ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആയിരുന്നു. പെരിനാട് സ്വദേശിയായ ബോസ് കവി തിരുനല്ലൂർ കരുണാകരന്റെ ഭാര്യാസഹോദരനായിരുന്നു. ആകസ്മികമായി മരണമടയുമ്പോൾ ബോസിന് 38 വയസ്സ്. രാമനിലയത്തിലെ റൂം നമ്പർ രണ്ട് ആയിരുന്നു ബോസിന്റെ ഓഫീസ്-കം-വീട്. സ്ട്രീറ്റ് എന്ന മാസിക നടത്തിയിരുന്നു എന്നതു മാത്രമാണ് അയാൾ ചെയ്ത "കുറ്റം'. ആ മാസികയിലാണെന്ന് തോന്നുന്നു സച്ചിദാനന്ദന്റെ "വിശപ്പ്' എന്ന കവിത അച്ചടിച്ചു വന്നത്. ഞാൻ ആ പ്രസിദ്ധീകരണം കണ്ടിട്ടുണ്ട്; വായിച്ചിട്ടില്ല. ഒരു രാത്രി ബോസിനെ കൊണ്ടുപോകാൻ ഒരു വാൻ നിറയെ പൊലീസാണ് രാമനിലയത്തിന്റെ വാതിൽക്കൽ വന്നത്. ബോസ് അർദ്ധരാത്രിക്കുള്ള വിളിയെ ഒട്ടും ധൃതിയില്ലാതെയാണ് നേരിട്ടത്. മുറി തുറന്ന് പുറത്തുവന്ന ബോസിനോട് അറസ്റ്റ് ചെയ്യാൻ വന്ന എ.സി.പി "നമുക്കു പോകാം' എന്ന് പറഞ്ഞപ്പോൾ "എന്റെ സിഗരറ്റ് എടുത്തോട്ടെ' എന്നുമാത്രമേ ബോസ് പറഞ്ഞുള്ളു. എല്ലായ്‌പ്പോഴും രണ്ട് പാക്കറ്റ് ചാർമിനാർ സിഗരറ്റുമായി മാത്രമേ ഞാൻ ബോസിനെ കണ്ടിട്ടുള്ളു. അന്ന് കൊണ്ടുപോയ ബോസിനെ ഞങ്ങൾ പിന്നീട് കണ്ടത് അടിയന്തരാവസ്ഥയെല്ലാം കഴിഞ്ഞ് എല്ലാ തടവുകാരെയും വിട്ടയച്ചശേഷമാണ്. ബോസിന്റേത് വളരെ നീണ്ട മറ്റൊരു കഥയാണ്. അത് പിന്നീടൊരിടത്ത് വിശദമായി പറയേണ്ടി വരും. സന്ദർഭവശാൽ ഇത്രയും പറഞ്ഞു എന്നു മാത്രം.

പിറ്റേദിവസം വിവരം അറിയാൻ ചെന്ന ജെയിംസിനോട് പ്രിൻസിപ്പൽ ഖണ്ഡിതമായി പറഞ്ഞു; "തനിക്ക് ഈ വയലാർപ്പള്ളി നാരായണമേനോനെ ഇവിടെ കൊണ്ടുവന്ന് എന്തു കാണിക്കാനാണ്? '

അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരത്ത് കരുണാകരനെ അനുകൂലിക്കുന്ന (അപ്പോൾ "ഐ' എന്നും "എ' എന്നുമുള്ള ധ്രുവീകരണം പൂർത്തിയായിരുന്നോ എന്ന് സംശയമുണ്ട്) യുവനേതാക്കൾ ആളുകളെ ചൂണ്ടിക്കാട്ടിക്കൊടുത്ത് പക തീർത്തിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതുപോലെതന്നെ യൂണിവേഴ്‌സിറ്റി കോളേജിൽ സൂര്യനാരായണയ്യർക്കു ശേഷം പ്രിൻസിപ്പലായ (അതോ ആക്ടിംഗ് പ്രിൻസിപ്പലോ) മിസിസ് എൻ. ഐ. ജോസഫ്- അവർ കോൺഗ്രസ് നേതാവ് എൻ.ഐ. ദേവസ്സിക്കുട്ടിയുടെ ബന്ധുവായിരുന്നു- ഇന്ദിരാഗാന്ധിയെക്കാൾ വലിയ കോൺഗ്രസ് സ്‌നേഹിയാണ് താൻ എന്ന് ഭാവിച്ചിരുന്നു.

എസ്.ഇ. ജയിംസ്

ഞാൻ സ്വന്തം സഹോദരനെപ്പോലെ കണ്ടിരുന്ന, ഈയിടെ അന്തരിച്ച നോവലിസ്റ്റ് എസ്. ഇ. ജെയിംസ് അടിയന്തരാവസ്ഥക്കാലത്ത് അവിടെ വിദ്യാർത്ഥി ആയിരുന്നു. എന്റെ ഒരു വർഷം ജൂനിയർ ആയിരുന്നു കോളേജിൽ ജെയിംസ്. ഞങ്ങളൊന്നിച്ചാണ് യു.സി.എസ്.എഫ് എന്ന സർഗവേദിക്ക് രൂപം നൽകാൻ മുന്നിൽ നിൽക്കുകയും കോളേജിലെ എസ്.എഫ്.ഐയുടെ പരമ്പരാഗത ശത്രുവായ കെ.എസ്.യുവിനെ ഞെട്ടിച്ച് അതുവരെ ആ കോളേജിൽ നടത്താത്ത സാംസ്‌കാരിക പരിപാടികൾ കോളേജ് തെരഞ്ഞെടുപ്പിനൊക്കെ വളരെ മുൻപ് തന്നെ വിജയകരമായിത്തന്നെ നടത്തുകയും ചെയ്തിരുന്നത്.

ആ പരിപാടികളുടെ പോസ്റ്റർ പോലും സ്വന്തം പൈസ ചെലവാക്കി പോസ്റ്റർ കളർ വാങ്ങി രൂപപ്പെടുത്തിയതും ജെയിംസും ഞാനും കോളേജിനു പുറത്തുള്ള ചില സുഹൃത്തുക്കളും ചേർന്നാണ്. "നിന്റെ പോളിസ്റ്റർ വസ്ത്രാഞ്ചലത്തിൽ കട്ടുകടത്തിയ പാരീസിയൻ പട്ടച്ചാരായത്തിന്റെ ഗന്ധം' എന്നൊക്കെയുള്ള "ഫാൻസി' വരികൾ പോസ്റ്ററുകളിൽ ഇണക്കിച്ചേർക്കുക ഒരു വിനോദമായാണ് ജെയിംസ് കണ്ടിരുന്നത്. ആ വർഷം (1976 ആദ്യം, ഞാനപ്പോൾ അവിടെ വിദ്യാർത്ഥിയല്ല) കോളേജ് തെരഞ്ഞെടുപ്പുകൾ ഇല്ലാതിരുന്നതിനാൽ യു.സി.എസ്.എഫ് പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചുകൊണ്ടിരുന്ന വൈലോപ്പിള്ളിയെ ഉൾപ്പെടുത്തി കവി സമ്മേളനം നടത്താൻ ജെയിംസും കൂട്ടരും തുനിഞ്ഞു. പ്രിൻസിപ്പലിന്റെ അനുവാദം വാങ്ങാൻ ജെയിംസും മറ്റു ചിലരും മിസ്സിസ് ജോസഫിനെ സമീപിച്ചപ്പോൾ അവർ വൈലോപ്പിള്ളിയെപ്പറ്റി "ഒന്ന് അന്വേഷിച്ചിട്ട്' അനുവദിക്കാം എന്ന് പറഞ്ഞത്രെ. പിറ്റേദിവസം വിവരം അറിയാൻ ചെന്ന ജെയിംസിനോട് പ്രിൻസിപ്പൽ ഖണ്ഡിതമായി പറഞ്ഞു; "തനിക്ക് ഈ വയലാർപ്പള്ളി നാരായണമേനോനെ ഇവിടെ കൊണ്ടുവന്ന് എന്തു കാണിക്കാനാണ്? സർക്കാരിനെ ചീത്തപറയിക്കാനോ? അതിന് ഞാൻ അനുവാദം തരുന്നില്ല. ഈ കോളേജിനകത്ത് അയാളെ കയറ്റിപ്പോകരുത്.'

​​​​​​​എത്ര തല്ലു കിട്ടിയാലും "പരുവപ്പെടാൻ' കൂട്ടാക്കാത്ത ജനുസ് ആ "തല്ലുകൊള്ളിക'ളുടെ കൂട്ടത്തിലുണ്ടാവും എന്ന് തല്ലുന്നവർ അറിയുന്നുണ്ടോ? മരണം വരെ മനസ്സിൽ കത്തി നിൽക്കുന്ന സ്വാതന്ത്ര്യവാഞ്ഛയെ ശരീരത്തിനേറ്റ ആഘാതം വിഴുങ്ങാനനുവദിക്കാതെ കാത്തു വച്ച സൈമൺ ബ്രിട്ടോ ഒരു വ്യക്തിയല്ല, ജ്വലിക്കുന്ന പ്രതീകം തന്നെയാണ്.

ഇങ്ങനെയുള്ള അധ്യാപകരാണ് ചിലയിടങ്ങളിൽ യുവമനസ്സുകളിൽ വെറുപ്പിന്റെ ബീജാവാപം നടത്തിയിരുന്നത്. പക്ഷേ ഇന്നെന്നെ പോലെ അന്നും ഇരിക്കാൻ പറഞ്ഞപ്പോൾ ഇഴഞ്ഞു കാണിച്ച് "രാജാവിനേക്കാൾ രാജഭക്തി' തെളിയിച്ച പത്രമുത്തശ്ശിമാരോ മുത്തശ്ശന്മാരോ കേരളത്തിലെ ഏറ്റവും പുരാതനമായ കോളേജിനെ നിയന്ത്രിക്കുന്നത് ഇത്തരമൊരു അജ്ഞാനിയാണെന്ന് പൊളിച്ചു കാട്ടാൻ പേടിച്ച് ഈ വാർത്ത പത്രത്തിൽ കൊടുത്തില്ല. ദേശാഭിമാനിയുടെ എറണാകുളം പതിപ്പിൽ അപ്പോഴേക്ക് ശക്തിധരൻ സഹപത്രാധിപരായി പ്രവേശിച്ചിരുന്നു. ദേശാഭിമാനി പത്രത്തിൽ മാത്രമാണ് പ്രിൻസിപ്പലിന്റെ അജ്ഞതയിൽ വിളഞ്ഞ ധാർഷ്ട്യം "കൂപമണ്ഡൂകങ്ങൾ' എന്ന തലക്കെട്ടോടെ അച്ചടിച്ചു വന്നത്. അതിന്റെ പേരിൽ മിസ്സിസ് എൻ.ഐ. ജോസഫ് ഏതുസമരം നടന്നാലും തന്റെ കയ്യിലുള്ള "കെഡി' ലിസ്റ്റ് നോക്കി ആ ലിസ്റ്റിലുള്ളവർ കോളേജ് മുതൽ നശിപ്പിച്ചു എന്ന് പൊലീസിന് അറിവു കൊടുക്കും.
അവർ ഈ പേരുകളെല്ലാമെഴുതി കേസ് ചാർജ്ജ് ചെയ്ത് അതിലുൾപ്പെട്ട നിരപരാധികളെ അന്വേഷിച്ചു നടക്കും. മനസാ വാചാ അറിയാത്ത കേസുകളിൽ അങ്ങനെയാണ് പലപ്പോഴും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകർ കുടുങ്ങാറുള്ളത്. (ഇത് പ്രിൻസിപ്പലിന് എതിരു നിൽക്കുന്ന ഏതുപക്ഷത്തിനും ബാധകമായിരിക്കാം).

ബെർതോൾട് ബ്രെഹ്റ്റ്

അടിയന്തരാവസ്ഥയുടെ ഒരു "ഫാൾ ഔട്ട്' യുവജനങ്ങൾക്കിടയിൽ വളർന്നുവന്ന അതിശക്തമായ സ്വാതന്ത്ര്യാവബോധം തന്നെ ആയിരുന്നു. ബെർതോൾട് ബ്രെഹ്റ്റിന്റെ ""വായിക്കുന്ന ഒരു തൊഴിലാളിയുടെ സംശയങ്ങൾ'' എന്ന കവിത അച്ചടിച്ച് കോപ്പികൾ വിതരണം ചെയ്തതിന് അറസ്റ്റ് ചെയ്ത വിദ്യാർത്ഥിയോട് "നീയാണോടാ ബ്രഹ്റ്റ്? പതുങ്ങിയിരുന്ന് സായ്പ്പിന്റെ പേരുവെച്ച് ഇങ്ങനെയൊക്കെ എഴുതിയാൽ ഞങ്ങൾ കണ്ടു പിടിക്കൂല്ലെന്നു വിചാരിച്ചോടാ, നല്ലവന്റെ മോനേ' എന്നൊക്കെ പറഞ്ഞ് തല്ലി പരുവപ്പെടുത്തുമ്പോൾ അധികാരിവർഗ്ഗം എന്താവും കണക്കാക്കുന്നത്? എത്ര തല്ലു കിട്ടിയാലും "പരുവപ്പെടാൻ' കൂട്ടാക്കാത്ത ജനുസ് ആ "തല്ലുകൊള്ളിക'ളുടെ കൂട്ടത്തിലുണ്ടാവും എന്ന് തല്ലുന്നവർ അറിയുന്നുണ്ടോ? മരണം വരെ മനസ്സിൽ കത്തി നിൽക്കുന്ന സ്വാതന്ത്ര്യവാഞ്ഛയെ ശരീരത്തിനേറ്റ ആഘാതം വിഴുങ്ങാനനുവദിക്കാതെ കാത്തു വച്ച സൈമൺ ബ്രിട്ടോ ഒരു വ്യക്തിയല്ല, ജ്വലിക്കുന്ന പ്രതീകം തന്നെയാണ്.

ജി. സുധാകരന്റെ കൊച്ചനുജൻ ഭുവനേശ്വരൻ.
അടിച്ചും ഇടിച്ചും തൊഴിച്ചും ആണ് അയാളെ കോളേജ് കാമ്പസിൽ ഒരു ക്ലാസു മുറിയിലേക്കോടിച്ചു കയറ്റി പച്ചജീവനോടെ പട്ടാപ്പകൽ കൊന്നിട്ടത്. സാധാരണ നിലയിൽ പെട്ടെന്നൊന്നും വികാരാധീനാവുന്നയാളല്ലായിരുന്നു സുധാകരൻ ആ കാലത്ത്. പക്ഷേ ഭുവനേശ്വരന്റെ മരണം സുധാകരനെ വല്ലാതെ ബാധിച്ചു. ആ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിപ്പിക്കുകയെന്നത് ആ സഹോദരൻ ഒരു ജീവിതവ്രതമായിത്തന്നെ ഏറ്റെടുത്തെന്നാണ് എന്റെ അറിവ്. കുറേയേറെ രേഖകൾ അടിസ്ഥാനമാക്കി ഭുവനേശ്വരന്റെ കൊലയിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഒരു ലഘുലേഖ തയാറാക്കാൻ സുധാകരൻ എന്നെയാണ് കണ്ടെത്തിയത്. കവിതയിൽ താൽപര്യമുള്ളതിനാൽ പരിചയപ്പെട്ട കാലം മുതൽ അദ്ദേഹത്തിന് എന്നോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു.

ജി. സുധാകരന്റെ സഹോദരൻ ജി. ഭുവനേശ്വരൻ

അൽപ്പം ശ്രമകരമായിരുന്നെങ്കിലും "കലാലയത്തിലെ കാപാലികന്മാർ' എന്ന് സുധാകരൻ തന്നെ പേരിട്ട ആ ലഘുലേഖ ഞാൻ പറഞ്ഞ സമയത്തിനു മുൻപേ തീർത്തു കൊടുത്തു. അത് തെരഞ്ഞെടുപ്പിനോടടുത്ത സമയത്ത് കോളേജുകളിൽ വിതരണം ചെയ്യാനായിരുന്നു ഉദ്ദേശ്യം. ഇതിവിടെ എടുത്തു പറയാൻ കാരണം, ഇത്തരം അനേകം കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് എസ്.എഫ്.ഐ എന്ന സംഘടന അടിയന്തരാവസ്ഥ പോലെ കടുത്ത പരീക്ഷണഘട്ടം ഏൽപ്പിച്ച മുറിവുകളിൽ വ്രണപ്പെട്ട് വീഴാതെ, നിക്ഷിപ്ത താൽപര്യത്തോടെ ആ സംഘടനയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിരുന്ന വൻകിട മാധ്യമഭവനങ്ങളെ, അതിശയിപ്പിക്കുന്ന വളർച്ചയും അംഗീകാരവും യുവജനങ്ങൾക്കിടയിൽ നേടിയത്.

ജി. ഭുവനേശ്വരൻ രക്തസാക്ഷി സ്മാരകത്തിനു മുമ്പിൽ ജി. സുധാകരൻ / Photo: facebook

1977ൽ കേരളസർവകലാശാലാ യൂണിയനിൽ എസ്.എഫ്.ഐ വന്നതോടെ സർവകലാശാലാരംഗത്ത് വൈവിധ്യമാർന്ന സർഗ്ഗാത്മകപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും സുരേഷ് കുറുപ്പിന്റെ ടീമിനു കഴിഞ്ഞു. സർവകലാശാലാ യൂണിയൻ ആദ്യമായി ഫിലിം ഫെസ്റ്റിവൽ നടത്തിയത് ഇക്കാലത്താണ്. കാലാന്തരത്തിൽ അതിലൂടെ വളർന്ന ചലച്ചിത്രസംസ്‌കാരം ചലച്ചിത്രാസ്വാദന കോഴ്‌സുകൾ സർവകലാശാലാതലത്തിൽ നടത്തുകയും അനേകം കലാകാരന്മാർക്ക് പുതുവഴികൾ തുറന്നു കൊടുക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ പിന്തുടരുവാൻ ഒരു "ടെംപ്‌ളേറ്റ്' ആ യൂണിയൻ നേതൃത്വത്തിന്റെ പ്രവർത്തന പരിപാടികളിൽ ഉണ്ടായിരുന്നു. തുടർന്നു വന്ന ചന്ദ്രചൂഡന്റെ യൂണിയനുമായും സി. എൻ. ജയദേവന്റെ യൂണിയനുമായും അടുത്ത് സഹകരിക്കാൻ എനിക്ക് കഴിഞ്ഞു. ഈ മനസ്സു കൊണ്ടുള്ള മടക്കയാത്രയ്ക്ക് സാക്ഷിയാവാൻ ചന്ദ്രചൂഡനും ജയദേവനും ഇല്ലാതെ പോയല്ലോ എന്ന ചിന്ത ഒരു നേർത്ത കാർമേഘം പോലെ മനസ്സിൽ അലയുന്നു. ▮

(തുടരും)


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments