പോകും വഴി പോസ്റ്റോഫീസിൽ കയറി കയ്യിലുണ്ടായിരുന്ന ബുക്കിൽ നിന്ന് ഒരു പേജ് കീറി ഞാൻ ആ വെളുത്ത മനുഷ്യന് എഴുതി: പ്രിയപ്പെട്ട സർ, എന്നെ നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനായി കണക്കാക്കിയിട്ടുണ്ടെങ്കിൽ, ഇത് എന്റെ രാജിക്കത്തായി കരുതുക.
1970ൽ മാത്രം നിലവിൽ വന്ന ഒരു സംഘടന ആ ദശകത്തിന്റെ അന്ത്യത്തോടെ കേരളത്തിലെ വിദ്യാർഥി സമൂഹത്തിന്റെ എതാണ്ട് ഐകകണ്ഠമായ അംഗീകാരവും സ്‌നേഹവും നേടിയെടുത്തു എന്നത് എസ്.എഫ്.ഐയുടെ സംഘടനാമികവും കേഡറുകളുടെ ആത്മാർപ്പണവും സർവോപരി നേതൃത്വത്തിന്റെ ദീർഘദർശിത്വവും കൊണ്ടാണെന്ന് പറയാതെ വയ്യ. ഈ സംഘടനയുടെ വളർച്ചയുടെ മുൾപ്പാതയിലൂടെ ഒപ്പം സഞ്ചരിച്ച ഒരാളെന്ന നിലയിൽ നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ അവഗണന നിരന്തരം നേരിട്ടാണ് എസ്.എഫ്.ഐ മുന്നോട്ട് കുതിച്ചതെന്ന് എത്ര ആവർത്തിച്ചു പറഞ്ഞാലും അധികമാവില്ല.
എന്നെ സംബന്ധിച്ച് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് 1975ൽ പടിയിറങ്ങിയെങ്കിലും ആ സ്ഥാപനത്തിന്റെ പരിസരത്തു തന്നെയാണ് ഞാൻ ജീവിച്ചിരുന്നത്. ഇപ്പോഴത്തെ സാഫല്യം കോംപ്ലക്‌സിൽ നിന്നിരുന്ന ‘രാമനിലയം’ എന്ന പഴയ ലോഡ്ജിലും യൂണിവേഴ്സിറ്റി ലൈബ്രറിയിലും. വിദ്യാർഥി നേതാക്കൾ മിക്കവരും ജയിലിലോ യു.ജിയിലോ ആയിരുന്നു.
തുടർന്നങ്ങോട്ട് അടിയുടെ പൂരമായിരുന്നു. ഗോപിക്കും എനിക്കുമാണ് കിട്ടുന്നത്. ഞങ്ങൾ രണ്ടാളും ഇതിന്റെ യുക്തിയെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരും.
കരുണാകരന്റെ വൈതാളികന്മാരായ ചില യുവജന വിദ്യാർഥി പ്രവർത്തകരായിരുന്നു നഗരത്തിലെ നീതിപാലനത്തിന്റെ വിളക്കുപിടിത്തക്കാർ. അത് ഞാനുൾപ്പെടുന്ന സമൂഹത്തിന് തെളിയിച്ചു തരാനെന്നോണം ആ ഇടയ്ക്ക് ഒരു സംഭവമുണ്ടായി. ഇതിൽ ഉൾപ്പെട്ട ഒരാൾ അടുത്ത കാലത്ത് അന്തരിച്ചു. കക്ഷി രാഷ്ട്രീയത്തിനു പുറത്ത് വളരെ നല്ല സൗഹൃദമുണ്ടായിരുന്ന ഒരു യുവ കോൺഗ്രസ് നേതാവ്. സംഭവം ഇങ്ങനെയാണ്: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ തെക്കു ഭാഗത്തെ കൈവരിയിൽ,
‘ചാവേർ ഗോപി’ എന്നുകൂടി അറിയപ്പെട്ടിരുന്ന ആർ. ഗോപിനാഥൻ (സർവകലാശാലയിൽ ഗവേഷകൻ), എസ്.എഫ്.ഐയുടെ സെനറ്റ് പ്രതിനിധി എ. റസലുദ്ദീൻ എന്നിവരും ഞാനും ഇരിക്കുന്നു. സമയം ചൈത്രസായന്തനം... ഇരുട്ട് വീണിട്ടും ഞങ്ങൾ അവിടെ തുടർന്നു.
ഓർക്കാപ്പുറത്ത് ഞങ്ങളുടെ മുന്നിൽ കുറേ ഖദർ ധാരികൾ. അവർ വന്നുനിന്ന് യാതൊരു പ്രകോപനവുമില്ലാതെ റസലിനെ അധിക്ഷേപിക്കുകയാണ്. പത്തുപതിനഞ്ചു പേരുണ്ട്. ഗോപി അവരുടെ നേതാവിനോട് ചോദിച്ചു; ‘‘നിങ്ങൾ ഇങ്ങനെ ഒരാളെ വെറുതേ തെറിപറയുമ്പോൾ അയാളുടെ സ്‌നേഹിതനെന്ന നിലയ്ക്ക് നിങ്ങളെന്തു കാര്യത്തിനാണീ പറയുന്നതെന്ന് ചോദിക്കാതെ പറ്റില്ല. കാര്യം പറയണം.''
തുടർന്നങ്ങോട്ട് അടിയുടെ പൂരമായിരുന്നു. ഗോപിക്കും എനിക്കുമാണ് കിട്ടുന്നത്. ഞങ്ങൾ രണ്ടാളും ഇതിന്റെ യുക്തിയെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരും. സെനറ്റിൽ നടന്ന എന്തോ സംഭവമായിരുന്നു പ്രശ്‌നം. ഗോപിയെയോ എന്നെയോ അത് ഒരു തരത്തിലും ബാധിക്കില്ല. പക്ഷെ അടി ഞങ്ങളെ ബാധിക്കുന്നുണ്ടല്ലോ.
‘റസ്സലേ പറന്നോടാ,' എന്നലറിക്കൊണ്ട് ഞങ്ങൾ മുന്നിൽ കണ്ട വഴിയിലൂടെ നിർത്താതെ പാഞ്ഞു. ഇത്ര ധൈര്യക്കുറവോ? എതാണ്ട് പതിനഞ്ച് തടിയന്മാർ നിങ്ങളെ ശാരീരികമായി തകർക്കാൻ തയാറായി മുന്നിൽ വന്നാൽ നിങ്ങളെന്തു ചെയ്യും? കഴിവതും പിടിച്ചു നിൽക്കാൻ നോക്കും. പറ്റാതെ വരുമ്പോൾ ഓടും. അതു തന്നെയാണ് ഞങ്ങൾ ചെയ്തത്. ഞാനും ഗോപിയും ഞങ്ങളുടെ പതിവ് താവളങ്ങൾ ഒഴിവാക്കി. റസൽ, ഞങ്ങൾ ഓടുമ്പോൾ പിന്നാലെ വന്ന ഒരു ബസിൽ ചാടിക്കയറി രക്ഷപ്പെട്ടു.
‘ഫാസിസ’ത്തിനെതിരേ ‘ങ്ങ്യാവു, ങ്ങ്യാവൂ' എന്ന് കരഞ്ഞ് വൻ ഫാസിസ്റ്റുകളെ തുരത്തുന്ന പണി ഞങ്ങളാണ് ചെയ്യുന്നതെന്ന് അവകാശവാദം പറയുന്ന കുട്ടി കോൺഗ്രസുകാർ പഴയ ചരിത്രമൊക്കെ ഒന്ന് തിരയുന്നത് നന്നായിരിക്കും
പിറ്റേന്ന് രാവിലെ ഞാൻ ‘രാമനിലയ’ത്തിൽ ചെന്നപ്പോൾ മാനേജർ ശ്രീകണ്ഠൻ പറഞ്ഞു; ‘ഇന്നലെ രാത്രി പൊലീസ് വന്നിരുന്നു; കുറെ നേരം തപ്പി’.
അവിടെത്തന്നെ നിന്നാൽ അപകടമാണെന്ന് മനസ്സിലാക്കി ഞാൻ ശ്രീകണ്‌ഠേശ്വരത്തേക്ക് നീങ്ങി. അവിടെ അന്ന് ആർ.എസ്.പിയുടെ പ്രധാന യുവനേതാവായ എം.എസ്. കുമാറിന്റെ നേതൃത്വത്തിൽ നടന്നിരുന്ന ‘സംഗീത’ എന്ന ഗായകസംഘത്തിന് ഒരു ഓഫീസുണ്ടായിരുന്നു. താഴെയും മുകളിലും ഒറ്റമുറികൾ മാത്രമുള്ള ഒരു അപൂർവസൗധം. Sangeetha : The House Of Music എന്ന് മനോഹരമായി ആലേഖനം ചെയ്ത ബോർഡ് അതിന്റെ ബാല്ക്കണിയിൽ ഞാന്നു കിടന്നു. അവിടെ ഞാൻ അനേകദിവസങ്ങൾ താമസിച്ചിട്ടുണ്ട്. കുമാറും ഡോക്ടർ കാലടി ശങ്കരൻ നായരുമായിരുന്നു അതിന്റെ രക്ഷാധികാരികൾ. വലിയ ചരിത്രമുള്ള ഒരു ഗായകസംഘമാണ് ‘സംഗീത’. ശങ്കരൻ നായർ വർഷങ്ങൾക്കു മുൻപേ അന്തരിച്ചു. നല്ലൊരു ഗായകനായിരുന്നു. ശാസ്ത്രീയമായി അനേകം വർഷങ്ങൾ പഠിച്ച ഗായകൻ. ആയുർവേദകോളേജിന്റെ സ്ഥാപകൻ (എന്ന് ഞാൻ കരുതുന്നു, തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക) ആയ സാക്ഷാൽ കാലടി പരമേശ്വരൻ പിള്ളയുടെ പുത്രൻ. അവരുടെ സംഘത്തിലെ ഒരു ഗായകനായിരുന്നു ഞാൻ(!). എറ്റവും സുരക്ഷിതമായ ഇടം. അങ്ങനെ ഞാൻ ‘സംഗീത’യിൽ തിരിച്ചെത്തി.
ഈ സംഭവം ഇവിടെ പറയാൻ കാരണം, ‘ഫാസിസ’ത്തിനെതിരേ ‘ങ്ങ്യാവു, ങ്ങ്യാവൂ' എന്ന് കരഞ്ഞ് വൻ ഫാസിസ്റ്റുകളെ തുരത്തുന്ന പണി ഞങ്ങളാണ് ചെയ്യുന്നതെന്ന് അവകാശവാദം പറയുന്ന കുട്ടി കോൺഗ്രസുകാർ പഴയ ചരിത്രമൊക്കെ ഒന്ന് തിരയുന്നത് നന്നായിരിക്കും എന്ന് ഓർമിപ്പിക്കാനാണ്. ആ സംഭവത്തിൽ എന്നോടൊപ്പം ഉണ്ടായിരുന്ന റസലുദ്ദീനും ഗോപിയും ഇപ്പോഴും തിരുവനന്തപുരത്തു തന്നെ ഉണ്ട്. ഗോപി രോഗഗ്രസ്തനാണെങ്കിലും വീറിന് ഒരൗൺസ് പോലും കുറവുണ്ടായിട്ടില്ല. റസലും ഭാര്യ ശാന്തയും കുറച്ചു നാൾ മുൻപ് എന്റെ വീട്ടിൽ വന്നിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ‘സംഗീത’യിൽ ധാരാളം രാഷ്ട്രീയസംവാദങ്ങൾ നടന്നിരുന്നു. ഞങ്ങളുടെ ട്രൂപ് തീർത്തും പ്രൊഫഷണൽ അല്ലായിരുന്നു. എം. എസ്. കുമാറിന്റെ സംഘടനാപാടവവും ശങ്കരൻ നായരുടെ സംഗീതപ്രേമവുമായിരുന്നു അതിന്റെ ചാലകശക്തി.
അന്ന് മിക്ക വൈകുന്നേരങ്ങളിലും സന്ദർശകനായിരുന്നു കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറി വന്ന വിനോദ് (ബാങ്ക് ഉദ്യോഗസ്ഥൻ) എന്ന ചെറുപ്പക്കാരൻ. വിനോദ് അടിയുറച്ച ആർ.എസ്.എസ് അനുഭാവി ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഇന്ദിരാഗാന്ധിയുടെ നിശിത വിമർശകനായിരുന്നു. അതിലെല്ലാമുപരി അയാൾ നല്ല ഒരു വയലിനിസ്റ്റ് ആയിരുന്നു. അങ്ങനെ ഞങ്ങളോടൊപ്പം പല പരിപാടികൾക്കും വയലിൻ വാദകനായി വിനോദ് വന്നു. മാത്രമല്ല, അന്ന് യേശുദാസിന്റെ സംഗീത സ്‌കൂളിൽ വയലിൻ വാദകനായി വന്നു ചേർന്ന രഘുവും ഞങ്ങൾക്കൊപ്പം ചേർന്നു. രഘു ആർ.ഡി. ബർമന്റെ ഓർക്കസ്ട്രയിൽ വയലിൻ വായിച്ചിരുന്നയാളാണ്.
രണ്ട് വർഷങ്ങൾക്കപ്പുറം വിനോദിന് ഒരു പെൺകുഞ്ഞ് ജനിച്ചു. ആ കുഞ്ഞിന് പാർവതി എന്ന് പേരിട്ടു. പിൽക്കാലത്ത് മലയാള ചലച്ചിത്ര ഹയറാർക്കിയെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു വ്യക്തിയായി ആ പെൺകുട്ടി വളരുമെന്ന് അന്ന് വിനോദ് ചിന്തിച്ചിട്ടുണ്ടാവുമോ?
നാട്ടിൽ നിന്ന് പോയശേഷം (കെനിയയിൽ നിന്ന്) ഒരു അവധിക്കാലത്ത് നാട്ടിൽ വന്നപ്പോൾ (1986ൽ) കുമാർ എന്നോട് പറഞ്ഞു, നമ്മുടെ വിനോദ് ഇപ്പോൾ ക്രൈസ്റ്റ് നഗർ സ്‌കൂൾ ബ്രാഞ്ചിന്റെ മാനേജരാണ്. അങ്ങനെ കുമാറിന്റെ മകളെ സ്‌കൂളിൽ കൊണ്ടുവിടുന്നതിന് സ്‌കൂളിൽ ചെന്നപ്പോൾ വിനോദിനെ കണ്ടു. അന്ന് വിനോദ് പറഞ്ഞു, ‘എന്റെ മകന്റെ പേര് കരുണാകരൻ എന്നാണ്’. രണ്ട് വർഷങ്ങൾക്കപ്പുറം വിനോദിന് ഒരു പെൺകുഞ്ഞ് ജനിച്ചു. ആ കുഞ്ഞിന് പാർവതി എന്ന് പേരിട്ടു. പിൽക്കാലത്ത് മലയാള ചലച്ചിത്ര ഹയറാർക്കിയെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു വ്യക്തിയായി ആ പെൺകുട്ടി വളരുമെന്ന് അന്ന് വിനോദ് ചിന്തിച്ചിട്ടുണ്ടാവുമോ?
മാത്രമല്ല, സ്റ്റുഡൻറ് മാസിക പുനർജ്ജീവിപ്പിക്കുന്നത് എസ്.എഫ്.ഐയുടെ ഒരു പ്രൊജക്റ്റ് ആയിരുന്നു. അതിൽ പ്രധാന പങ്ക് എനിക്കുണ്ടായിരുന്നു. തോമസ് ഐസക്ക് അപ്പോഴേക്ക് സി.ഡി.എസ്സിൽ ചേർന്നു കഴിഞ്ഞിരുന്നു. എ.ഡി. നീലകണ്ഠൻ ആയിരുന്നു ആ പ്രൊജക്റ്റിന്റെ ആദ്യത്തെ നായകൻ. നിർഭാഗ്യവശാൽ നീലകണ്ഠൻ ഒരു ബസപകടത്തിൽ മരിച്ചു. അങ്ങനെ സ്റ്റുഡൻറ് പ്രസിദ്ധീകരിക്കുക എന്നത് നീലകണ്ഠനു വേണ്ടിക്കൂടിയുള്ള ഒരു
കർത്തവ്യമാണെന്ന് എനിക്കു തോന്നി.
ഐസക്കിനൊപ്പം മിക്കവാറും ദിവസവും നീലകണ്ഠൻ ബാക്കി വച്ച ഒരു വളഞ്ഞ കാലൻ കുടയുമേന്തി നട ദുവ്വുരി എന്ന ഒരു പെൺകുട്ടിയും രാമനിലയത്തിൽ വന്നിരുന്നു. അപ്പോഴേക്ക് എന്റെ സ്‌നേഹിതനും ഫൈൻ ആർട്‌സ് കോളേജ് വിദ്യാർഥിയുമായ എസ്. രാജേന്ദ്രനെ സ്റ്റുഡൻറുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചിരുന്നു. അച്ചടിക്കുന്നത് മലയാളം ഡിപ്പാർട്ടുമെന്റിന്റെ വടക്കേ മതിലിനപ്പുറത്തെ കാത്തലിക് ഹോസ്റ്റൽ ലെയിൻ എന്ന് വിളിച്ചിരുന്ന ഇടവഴിയിലുണ്ടായിരുന്ന എം. എം. പ്രസ്സിൽ. മുഴുവൻ സമയവും അതിനുവേണ്ടി ചെലവഴിക്കാൻ കഴിയുമായിരുന്ന ഒരാൾ; സ്ഥലസാമീപ്യം കൊണ്ട് ഞാനായിരുന്നു പിന്നെ ഐസക്കും. അങ്ങനെ ആ കാലത്താണ് ഞാൻ ഐസക്കുമായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നത്. അന്ന് എനിക്കു തോന്നിയത്, തിരുവനന്തപുരത്തൊക്കെയുള്ള വിദ്യാർഥി നേതാക്കളിൽ കാണാത്ത ഒരു സ്വാതന്ത്ര്യബോധം ഉള്ള സഖാവാണ് ഐസക് എന്നാണ്.
തിരുവനന്തപുരം സഖാക്കളെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല. എനിക്ക് എറ്റവും കൂടുതൽ സ്‌നേഹവും പിന്തുണയും ലഭിച്ചിട്ടുള്ളത് തിരുവനന്തപുരത്തു നിന്ന് തന്നെയാണ്. സ്റ്റുഡന്റിന്റെ കവർ പേജിൽ സ്റ്റുഡൻറ് എന്ന് എഴുതുന്നത് സെമിനാർ മാസികയുടെ ലെറ്ററിംഗ് പാറ്റേണിലാകണം എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. അത് രാജേന്ദ്രനെക്കൊണ്ട് ഞങ്ങൾക്ക് ചെയ്യിക്കാൻ സാധിച്ചു. രാജേന്ദ്രൻ തന്നെ അതിന് മനോഹരമായ ഒരു കവറും ഡിസൈൻ ചെയ്തു. ഊണും ഉറക്കവും ഉപേക്ഷിച്ച് രാജേന്ദ്രൻ അതിനു വേണ്ടി പ്രവർത്തിച്ചു.
അൽപം വ്യത്യസ്തതക്ക് ഞങ്ങൾ കാൾ മാർക്‌സ് അദ്ദേഹത്തിന്റെ കൗമാരകാലത്തെഴുതിയ ഒരു ലേഖനവും പിന്നീട് ജെന്നിയുമായുള്ള പ്രണയകാലത്തെഴുതിയ ആദ്യത്തെ (ആണെന്നു തോന്നുന്നു) പ്രണയകവിത ഞാൻ മൊഴിമാറ്റം ചെയ്തതും ചേർത്തു.
സത്യം. ആ ആദ്യത്തെ സ്റ്റുഡൻറിൽ എൻ. പ്രഭാകരൻ ‘ദ്വാരപാലകൻ' എന്നൊരു കഥ എഴുതി തന്നതോർക്കുന്നു. അതുപോലെ, ബി. കൃഷ്ണകുമാർ (ആത്മാരാമൻ) ഞാൻ ആവശ്യപ്പെട്ടതു കൊണ്ടുമാത്രം ഒന്നാന്തരം ഒരു കവിത; എന്നുവെച്ചാൽ ഒന്നാംതരം ഒരു പ്രോലിറ്റേറിയൻ കവിത എഴുതിത്തന്നു. അതിൽ ചേർത്ത ‘‘ലൈൻ ബ്ലോക്കുകൾ'' എല്ലാം ഞാൻ തന്നെ ഒരിക്കൽ എറണാകുളത്ത് ദേശാഭിമാനി ഓഫീസിൽ പോയി അവരുടെ ഡിസ്‌കാർഡഡ് ബ്ലോക്കുകളിൽ നിന്ന് തപ്പിയെടുത്തു കൊണ്ടുവന്നവയാണ്. ഞങ്ങൾക്ക് ലൈൻ ബ്ലോക്ക് ചെയ്യിക്കാനൊന്നും സാമ്പത്തികം ഇല്ല! ഓർത്തുനോക്കണം. കെ.എസ്.യു അവരുടെ കലാശാല എന്ന മുഖപത്രത്തിന്റെ ഓഫീസായിട്ടായിരുന്നു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സെന്റർ ഉപയോഗിച്ചിരുന്നത്. ആദ്യലക്കം സ്റ്റുഡൻറ് ഇറങ്ങിക്കഴിഞ്ഞ് അധികകാലം ഞാൻ തിരുവനന്തപുരത്തുണ്ടായില്ല.
1975 അവസാനം എനിക്ക് ചിന്ത പബ്‌ളിഷേഴ്‌സിൽ നിന്ന് ഒരു സന്ദേശം വന്നു; പിറ്റേ ദിവസം അവിടെ ജോലിക്ക് ഹാജരാവണം. എന്ത് ജോലി, എത്ര ശമ്പളം ഇതൊന്നുമില്ല. ഒരു ഉത്തരവ്. എന്റെ സ്വഭാവത്തിന് ഉത്തരവുകളുമായി ചേരാത്ത ഒരു ഭാഗമുണ്ട്. പക്ഷേ അടുത്ത സ്‌നേഹിതന്റെ ഉപദേശപ്രകാരം ഞാൻ പോയി. ഇനിയുള്ള കഥാഭാഗങ്ങളിൽ ഞാൻ പേരുകൾ പറയാതിരിക്കാൻ പരമാവധി ശ്രമിക്കാം. കാരണം ജീവിച്ചിരിക്കുന്ന (എന്നു ഞാൻ വിശ്വസിക്കുന്നു) ചില വ്യക്തികൾ ഇതിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ മോഹൻലാലിന്റെ ചിന്ന വില്ലനെ അനുസ്മരിപ്പിക്കും വിധം വന്നു പോകാനിടയുണ്ട്.
അതെ അങ്ങനെ എന്റെ ചിന്താ പബ്ളിഷേഴ്‌സിലെ ‘നിർവചിക്കപ്പെടാത്ത' ഉദ്യോഗം തുടങ്ങുവാനായി ഞാനും നിർവചിക്കപ്പെട്ട എതോ ഉദ്യോഗത്തിനായി രാജഗോപാൽ എന്ന നല്ല സ്‌നേഹിതനും ഹാജരായി. എന്നെ മുകളിലേക്ക് നയിച്ചു. അവിടെ കുറേ മുറികൾ ഉണ്ടായിരുന്നിരിക്കണം. അതിൽ പ്രാമാണികമായ വാതിലുള്ള ഒരു മുറി അടച്ച നിലയിലായിരുന്നു. അതിനുള്ളിൽ ആരോ ഉണ്ടായിരുന്നിരിക്കണം. അതിനിപ്പുറത്ത് കുറെ വലിപ്പമുള്ള ഒരു മുറിയിൽ ഒരു മേശക്കുപിന്നിൽ നന്നേ വെളുത്ത ഒരാൾ ഇരുന്ന് തിരക്കിട്ട് ഒരു പുസ്തകത്തിൽ നോക്കി എന്തോ എഴുതുന്നുണ്ടായിരുന്നു. ആ ദേഹത്തിനു മുന്നിലാണ് ‘ഹാജർ’ ആവേണ്ടത്. അദ്ദേഹം തൃക്കൺ തുറന്ന് എന്നെ ഒന്നുനോക്കി. തന്റെ മുറിയിൽ കടന്നു വന്ന പാബ്‌ളോ നെരൂദയെ നെഹ്‌റു നോക്കിയതിനെപ്പറ്റി നെരൂദ ആത്മകഥയിൽ എഴുതിയിട്ടില്ലേ, (നെരൂദയുടെ ആ കള്ളക്കഥ ഞാൻ വിശ്വസിച്ചിട്ടില്ല കേട്ടോ) അതുപോലെ.
എന്നോട് ഇരിക്കാൻ പറഞ്ഞില്ല.
പക്ഷേ ഞാൻ ഇരുന്നു.
പെട്ടെന്ന് എന്നെ പിരിച്ചു വിടാനായെന്നോണം അദ്ദേഹം മൊഴിഞ്ഞു; ‘വന്നിട്ടില്ല. വരട്ടെ.', പുറത്ത് മറ്റൊരു മുറി ചൂണ്ടി, ‘അവിടെ വെയ്റ്റ് ചെയ്യൂ’ എന്നു പറഞ്ഞു.
ആ മുറിയിൽ എന്റെ പഴയ സഖാവ് സി. ഭാസ്‌കരൻ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ സ്വിച്ച് ഇട്ടതു പോലെ ആ മുഖം ഒരു ചിരിയിൽ വിടർന്നു; ‘എന്താ ഇവിടെ?'
ഞാൻ കാര്യം പറഞ്ഞു. ഭാസ്‌കരൻ ചിരിച്ചു. ‘ഇരിക്കൂ'; എന്നെ മുന്നിൽ കിടന്ന കസേരയിലേക്ക് ക്ഷണിച്ചു.
ഞാൻ ഇരുന്നു. സമയം കടന്നു പോയി.
പതിനൊന്നു മണിയായപ്പോൾ ഒരു ട്രേയിൽ ഗ്ലാസുകളുമായി ഒരാൾ കടന്നു വന്നു. കട്ടൻ കാപ്പി. അത് പകുതിയായപ്പോഴേക്ക് എനിക്ക് വിളി വന്നു. ഞാൻ ചെന്നു. വെളുത്ത ആ മനുഷ്യൻ എന്നോട് പറഞ്ഞു, ‘ദാ ആ മുറിയിലാണ് ബി. ബി. അദ്ദേഹം പറയും നിങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന്.'
ഞാൻ ആ വാതിലിൽ വിനയപൂർവം തട്ടി. വീണ്ടും. വാതിൽ മെല്ലെ തുറന്ന്, ‘അകത്തേക്ക് വരാമോ?' എന്ന് ചോദിച്ചു.
അദ്ദേഹം പറഞ്ഞ ജോലി വളരെ ലളിതം: ‘പബ്ലിക് ലൈബ്രറിയിൽ പോകുക. മുകളിൽ പ്രവേശനത്തിന് അനുമതി വാങ്ങിയിട്ടുണ്ട്. അവിടെ ചെന്നിരുന്ന് പറയുന്ന പുസ്തകം പകർത്തുക. നാലു മണിക്ക് നിർത്തുക. തിരികെ ഓഫീസിലേക്ക് പോരിക. ഇവിടെ പ്രൂഫ് നോക്കാൻ ഉണ്ടാവും. അതും കഴിഞ്ഞ് വീട്ടിൽ പോകാം.'
ഈ ജോലി ഞാൻ മൂന്നാഴ്ച ചെയ്തു. അപ്പോഴേക്ക് ഞാൻ പകർത്തിയിരുന്ന ആ പരമ്പരയുടെ എല്ലാ അധ്യായങ്ങളും എനിക്ക് ഒരാൾ തന്നു. അത് ഞാൻ ആപ്പീസിൽ പോയി മുറിയിൽ (അവിടെ വെളിച്ചം കുറവാണ്) ചെന്ന് ബി. ബിയോട് പറഞ്ഞു. സന്തോഷം കൊണ്ടയാൾ തുള്ളിച്ചാടുമെന്നോർത്ത് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ ചോദിച്ചു;
‘കുറുക്കുവഴി കണ്ടുപിടിച്ചു ല്ലേ?' ഞാൻ മറുപടി പറഞ്ഞില്ല.
ഒരു മാസം കഴിഞ്ഞു. എനിക്ക് ഒരു എൻവെലപ് കിട്ടും എന്ന് വിചാരിച്ചു. അതുണ്ടായില്ല. വീണ്ടും ഒരാഴ്ച പോയി. വിശന്നു വിശന്ന് വിശപ്പ് ചത്തു. രാവിലെ പതിനൊന്നു മണിക്ക് കിട്ടുന്ന ഫ്രീ കാപ്പി മാത്രമായിരുന്നു ഭക്ഷണം.
പിറ്റേന്നുമുതൽ ഞാൻ ഭാസ്‌കരൻ സഖാവിന്റെ ഒപ്പമായി ഇരിപ്പ്. പ്രൂഫ് നോക്കാനുള്ളതെല്ലാം അവിടെ വരും. ഞങ്ങൾ അധികം സംസാരിച്ചില്ല. ആ കെട്ടിടത്തിൽ എതോ ഒരു മുറിയിൽ അനിയേട്ടൻ (ഇ.എം. എസ്സിന്റെ മകൻ) ഉണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞാണ് ഞാൻ നേരിൽ കണ്ടത്. ഒരു മാസം കഴിഞ്ഞു. എനിക്ക് ഒരു എൻവെലപ് കിട്ടും എന്ന് വിചാരിച്ചു. അതുണ്ടായില്ല. വീണ്ടും ഒരാഴ്ച പോയി. വിശന്നു വിശന്ന് വിശപ്പ് ചത്തു. രാവിലെ പതിനൊന്നു മണിക്ക് കിട്ടുന്ന ഫ്രീ കാപ്പി മാത്രമായിരുന്നു ഭക്ഷണം. സഹികെട്ട് ഞാൻ ‘വെള്ള’ മനുഷ്യനോട് ചോദിച്ചു. അയാൾ പിറ്റേന്ന് ബി. ബിയെ കാണാൻ പറഞ്ഞു.
പിറ്റേന്ന് ബി. ബിയെ ഞാൻ കാത്തിരുന്നു.
വന്നയുടനെ ഞാൻ അയാളുടെ മുറിയിൽ ചെന്നു; ‘എനിക്കിതു വരെ ശമ്പളമൊന്നും കിട്ടിയില്ല. പണത്തിനു വല്ലാത്ത ബുദ്ധിമുട്ടുണ്ട്.' ഇത്രയും പറഞ്ഞു തീർത്ത് വീഴാതിരിക്കാൻ ഞാൻ വാതിലിൽ ചാരി. അയാൾ പ്രസംഗിക്കുന്നു. ഞാൻ ഒന്നും കേൾക്കുന്നില്ല. അവസാനം ഇതു കേട്ടു, ‘താഴെ പോയി മത്തായിയോട് അത്യാവശ്യമുള്ള പണം വാങ്ങിക്കൊള്ളു... 200ൽ കവിയണ്ട.'
പണം വാങ്ങി ഞാൻ പുറത്തേക്കു നടന്നു. പോകും വഴി പോസ്റ്റോഫീസിൽ കയറി കയ്യിലുണ്ടായിരുന്ന ബുക്കിൽ നിന്ന് ഒരു പേജ് കീറി ഞാൻ ആ വെളുത്ത മനുഷ്യന് എഴുതി: പ്രിയപ്പെട്ട സർ
എന്നെ നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനായി കണക്കാക്കിയിട്ടുണ്ടെങ്കിൽ,
ഇത് എന്റെ രാജിക്കത്തായി കരുതുക.
വിധേയൻ
(ഒപ്പ്)
യു. ജയചന്ദ്രൻ.
പിന്നീട് ഞാൻ ആ വാതിലിലൂടെ അകത്തേക്ക് പോയിട്ടില്ല; എന്റെ പുസ്തകം അവർ പബ്ലിഷ് ചെയ്‌തെങ്കിലും. ഈ പശ്ചാത്തലം എന്റെ വഴിയിൽ പൊള്ളി നില്ക്കുമ്പോഴാണ് ജി. ശക്തിധരൻ എന്നെ അറിയിക്കുന്നത്, എറണാകുളത്തേക്കു ചെല്ലാൻ പി. ജി. പറഞ്ഞിരിക്കുന്നു. എത്രയും വേഗം എത്തണം. ഒരു സബ് എഡിറ്റർ പോസ്റ്റ് ഉണ്ട്. അങ്ങനെ തിരുവനന്തപുരത്തോട് വിട പറഞ്ഞ് എറണാകുളത്തേക്ക് വണ്ടി കയറി. പ്രസ്ഥാനവുമായുള്ള കലഹങ്ങൾ തീരുന്നില്ല.▮
(തുടരും)