‘ചെങ്കൊടി' എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പാട്ട്​ റെക്കോർഡിങ് മദ്രാസിലെ എ.വി.എം തിയറ്ററിൽ നടന്നപ്പോൾ: (ഇടത്തുനിന്ന്​)​: മനോഹരൻ, ജയറാം, യു. ജയചന്ദ്രൻ, എം.ബി. ​ശ്രീനിവാസൻ, കുളത്തൂപ്പുഴ രവി, സി.ഒ. ആന്റോ

ജയചന്ദ്രൻ വന്നില്ല, എം.ബി.എസ് കുളത്തൂപ്പുഴ രവിയെ പാട്ടുകാരനാക്കി

വെയിൽക്കാലങ്ങൾ - 6

എം.ബി.എസിലെ ക്ഷിപ്രകോപി ജയചന്ദ്രനോട് ഫോണിലൂടെത്തന്നെ തന്റെ അസന്തുഷ്ടി അറിയിച്ചു. എന്നിട്ട് മറ്റു ഗായകരെ വിളിച്ചു, 'രവീ, നീയാണ് ലീഡ് സിംഗർ.' അന്നത്തെ കുളത്തൂപ്പുഴ രവി പിന്നെ രവീന്ദ്രനായി; യേശുദാസിന്റെ ശബ്ദത്തിന്റെ എല്ലാ സാധ്യതകളെയും തനിക്കാവും വിധം ഉപയോഗിച്ച് ഒന്നും പറയാതെ കടന്നു പോയി.

രു സൗത്തിന്ത്യൻ ടൂറിന്റെ ഭാഗമായി, അതിനുമുമ്പ് ഒരു പ്രാവശ്യമേ ഞാൻ മദ്രാസിൽ പോയിട്ടുള്ളു. അന്ന് ഞങ്ങൾ താമസിച്ചത് എഗ്​മൂരിലെ ‘ബുഹാരി' ഹോട്ടലിലായിരുന്നു. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്ത് പണ്ട് ‘പാം ലാൻഡ്‌സ്' എന്നൊരു ഹോട്ടലുണ്ടായിരുന്നു. ബുഹാരി ഏതാണ്ട് അത്തരം ഒരു ‘ആംബിയൻസ്' ഉള്ള സ്ഥലമായിട്ടാണ് ഞാൻ ഓർക്കുന്നത്. എനിക്ക് മദ്രാസിൽ അറിയാവുന്ന ഒരേയൊരു ഹോട്ടൽ അതായിരുന്നു. അതുകൊണ്ട് ഞാൻ ട്രെയിനിറങ്ങി ഓട്ടോറിക്ഷക്കാരനോട് എന്റെ തമിഴ്ജ്ഞാനം പ്രദർശിപ്പിച്ച് അയാളെ കുടുകുടെ ചിരിപ്പിച്ച് ബുഹാരിയുടെ മുന്നിലെത്തി. കറന്റ് ബുക്‌സ് തോമസും തോപ്പിൽ ഭാസിയും ഒന്നിച്ച് ആദ്യമായി മദിരാശിക്ക് വന്നപ്പോൾ ഓട്ടോയുടെ സാരഥിയോട് തമിഴ് ജ്ഞാനം പ്രകടിപ്പിച്ച് അബദ്ധത്തിലായതിന്റെ (നുണ) കഥ ആവർത്തിച്ചുകേട്ട് പരിചയമുള്ളതിനാൽ ആദ്യമേ ‘മന്നിപ്പ്' ചോദിച്ചിട്ടാണ് തമിഴ് വിജ്ഞാനീയം പുറത്തെടുത്തത്.

ബുഹാരിയിൽ മുറിയെടുത്തശേഷം ഞാൻ പി.ജി തന്ന ഫോൺ നമ്പറിൽ വിളിച്ചു. അങ്ങേത്തലയ്ക്കൽ കേൾക്കുന്ന ശബ്ദത്തിന്റെ ഉടമയുമായി ഞാൻ സംസാരിക്കുന്നു എന്നത് യാഥാർത്ഥ്യമാണോ എന്ന് എനിക്ക് തന്നെ സംശയമായി. ഞാൻ സ്ഥലം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു....ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ?'
‘ഇല്ല’ എന്നറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘യു ഗോ എഹെഡ് ആൻഡ് ഹാവ് യുവർ ബ്രേക്ക്ഫാസ്റ്റ്. ഐ വിൽ ബി ദെയ്ർ സൂൺ.'

ഈ നിമിഷത്തിൽ കാൾ മാർക്‌സ് ഉടലോടെ എഴുന്നേറ്റു വന്നാൽ ഞാൻ ഒന്ന് നോക്കുക പോലും ചെയ്യില്ല. ബഹുമാനക്കുറവുകൊണ്ടല്ല; ‘നളന്ദ തക്ഷശില' എന്ന പാട്ടൊരുക്കിയ മനുഷ്യന്റെ സാന്നിധ്യം വിട്ടുകളയാൻ മനസുവരില്ല.

പറഞ്ഞതുപോലെ പതിനഞ്ചു മിനിറ്റിനകം റെസ്റ്റാറന്റിൽ അദ്ദേഹം എത്തി. അദ്ദേഹത്തിന്റെ ചിരപരിചിതഭാവത്തിലുള്ള പെരുമാറ്റം എനിക്ക് അതിശയമായിരുന്നു.‘ഒട്ടും സമയം കളയാനില്ല', അദ്ദേഹം പറഞ്ഞു, ‘നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ ഞാൻ ജയനെ എന്റെ വീട്ടിൽ തന്നെ താമസിപ്പിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ അത് പറ്റില്ല. എന്തായാലും നാളെ ഈ റൂം വിടണം. എന്റെ വീടിനടുത്ത് ഒരു സ്ഥലം കണ്ടുപിടിക്കാം. വരൂ, നമുക്ക് പോകാം'- എം.ബി. ശ്രീനിവാസൻ എന്ന, നമ്മുടെ ലളിതസംഗീതത്തിന്റെ ചരിത്രം മാറ്റിയെഴുതിയ, യേശുദാസ് എന്ന ഗന്ധർവഗായകനെ നമുക്ക് സമ്മാനിച്ച മഹാപ്രതിഭ; അദ്ദേഹത്തിന്റെ ഫിയറ്റ് പ്രീമിയർ പദ്മിനി സ്വയം ഡ്രൈവ് ചെയ്ത് എന്നെ കൊണ്ടു പോകുന്നു!
ഈ നിമിഷത്തിൽ കാൾ മാർക്‌സ് ഉടലോടെ എഴുന്നേറ്റു വന്നാൽ ഞാൻ ഒന്ന് നോക്കുക പോലും ചെയ്യില്ല. ബഹുമാനക്കുറവുകൊണ്ടല്ല; ‘നളന്ദ തക്ഷശില' എന്ന പാട്ടൊരുക്കിയ മനുഷ്യന്റെ സാന്നിധ്യം വിട്ടുകളയാൻ മനസുവരില്ല.

എം.ബി. ശ്രീനിവാസൻ

എം.ബി.എസിന്റെ വീടിരിക്കുന്ന സ്ഥലം ഏതാണെന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. പക്ഷെ, പിറ്റേന്നുമുതൽ ഒരാഴ്ചക്കാലം ഞാൻ താമസിച്ചിരുന്ന ഹോട്ടലിന്റെ മുന്നിൽ നിന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ ഏതോ ഒരിടത്ത് ‘പി. സുശീല' എന്ന പേരുകണ്ടു. അത് അവരുടെ വീടാണെന്ന് ഞാൻ മനസ്സിലാക്കി. ഒരു ദിവസം ആ വീട്ടിനു മുന്നിൽ ഞാൻ ഒരു നിമിഷം നിന്നു; പട്ടുപോലെ മസൃണമായ ഒരു ഹമ്മിംഗ് ആ ജാലകത്തിലൂടെങ്ങാനും വഴിതെറ്റി എന്റെ മുന്നിൽ വന്നു വീഴുമോ എന്ന് വെറുതെ പ്രതീക്ഷിച്ചുകൊണ്ട്.

എം.ബി.എസിന് പി.ജി പാട്ടിന്റെ വരികൾ എത്തിച്ചുകൊടുത്തിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, ‘നമ്മുടെ കെ.എസ്. ജോർജ് ഉണ്ടായിരുന്നില്ലേ, അതുപോലെ വീറുള്ള ഒരു ശബ്ദം വേണം ഈ പാട്ടുപാടാൻ. പക്ഷെ അങ്ങനെയുള്ള പാട്ടുകാർ ഇപ്പോഴില്ല. ദാസിനെത്തന്നെ വിളിക്കാം എന്നാണ് വിചാരിച്ചത്. അപ്പോൾ അയാൾക്ക് സമയമില്ല. പിന്നെ ഞാൻ ജയനെത്തന്നെ വിളിക്കാം എന്ന് തീരുമാനിച്ചു. നിങ്ങൾ വന്നുകഴിഞ്ഞ് ഫൈനലൈസ് ചെയ്യാം എന്നുവിചാരിച്ചു.’
എന്റെ മനസ്സിൽ പെട്ടെന്ന് ഉദിച്ചത് ആമച്ചൽ രവി എന്ന ഗായകന്റെ പേരാണ്. അത് പറഞ്ഞപ്പോൾ അദ്ദേഹം ഓർമിപ്പിച്ചു, ‘നമുക്ക് അയാളെ അറിയിച്ച് കാത്തിരിക്കാൻ സമയമില്ലല്ലോ. ഇനിയൊരിക്കലാകാം.'

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ ഗാനത്തിൽ പാടാൻ പിറ്റേദിവസം അവിടെ വന്നവരെല്ലാം പുരുഷന്മാരാണ്. സ്ത്രീകൾക്ക് ‘ചെങ്കൊടി'യിൽ എന്തുകാര്യം അല്ലെ?

അപ്പോൾ തന്നെ അദ്ദേഹം പി. ജയചന്ദ്രനെ ഫോൺ ചെയ്ത് വിവരമറിയിച്ചു. മദിരാശിയിൽ തന്നെയുള്ള അദ്ദേഹത്തിന്റെ ‘കൊയർ' അംഗങ്ങളിൽ ചിലരെയും സി.ഒ. ആന്റോയെയും വിളിച്ചു. അപ്പോഴേക്ക് നരസിംഹൻ എന്ന അസിസ്റ്റൻറ്​ വന്നു. അയാളെയാണ് എനിക്ക് പുതിയ താമസസ്ഥലം കണ്ടുപിടിക്കാൻ എം.ബി.എസ് ഏർപ്പാട് ചെയ്തിരുന്നത്. നരസിംഹൻ നല്ലൊരു വയലിൻ വാദകനായിരുന്നു.

സി.ഒ. ആന്റോ

എം.ബി.എസിന്റെ ഓർക്കസ്ട്രയുടെ നിയന്ത്രണം ഭംഗിയായി ചെയ്തിരുന്നത് നരസിംഹനാണ്. നരസിംഹൻ എനിക്ക് താമസസ്ഥലം കണ്ടുപിടിച്ചുതന്നു എന്നുമാത്രമല്ല, മദിരാശി പട്ടണത്തിൽ എന്ത് ചെയ്യണമെങ്കിലും എപ്പോഴും കൂട്ടുവരാനും തയാറായിരുന്നു. നരസിംഹന് ഒരു ബൈക്കുണ്ടായിരുന്നതുകൊണ്ട് അയാളോടൊപ്പം പോകാൻ എനിക്ക് താൽപര്യമായിരുന്നു. ദേശാഭിമാനിയിൽ നിന്ന് പറഞ്ഞയച്ചതനുസരിച്ച് മദിരാശിയിലെ ചില മലയാളികളെ ഈ റെക്കോർഡിംഗിന്റെ വിവരം അറിയിക്കേണ്ടിയിരുന്നു. അതിലൊരാൾ തലശ്ശേരി രാഘവൻ ആയിരുന്നു. രാഘവൻ ദേശാഭിമാനിക്കുവേണ്ടി മദിരാശി ലേഖകനായി പ്രവർത്തിച്ചിരുന്നു. അദ്ദേഹം കുങ്കുമം അവാർഡ് നേടിയ (എന്നാണ് എന്റെ ഓർമ) ‘ഇളനീര്' എന്നൊരു നോവൽ എഴുതിയിരുന്നു. പിന്നെ മദിരാശിയിലെ ‘സോവിയറ്റ് ലാൻഡി'ലും റഷ്യൻ സാംസ്‌കാരിക കേന്ദ്രത്തിലും പ്രവർത്തിച്ചിരുന്ന കെ.ആർ. ശങ്കറും മറ്റു ചില മലയാളികളും (അവരെല്ലാം പി.ജിയുടെ സൗഹൃദവൃന്ദമാണ്) ഇങ്ങനെ കുറച്ചുപേരെ നേരിൽ കാണാനിടയായി.

സംഗീത സംവിധായകൻ രവീന്ദ്രൻ (കുളത്തൂപ്പുഴ രവി)

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ ഗാനത്തിൽ പാടാൻ പിറ്റേദിവസം അവിടെ വന്നവരെല്ലാം പുരുഷന്മാരാണ്. സ്ത്രീകൾക്ക് ‘ചെങ്കൊടി'യിൽ എന്തുകാര്യം അല്ലെ? അങ്ങനെ വന്നവരിൽ ഒരാളെയൊഴിച്ച് ബാക്കി എല്ലാവരെയും ഞാൻ ഓർക്കുന്നു. ജയചന്ദ്രനെ കൂടാതെ ആന്റോ, മനോഹരൻ, കുളത്തൂപ്പുഴ രവി, പിന്നെ ഒരാൾ മദിരാശിക്കാരൻ തന്നെ; ഇത്രയും പേരായിരുന്നു. ഫീമെയിൽ ശബ്ദം വേണ്ടെന്നത് എം.ബി. എസിന്റെ തന്നെ തീരുമാനമായിരുന്നു.

അദ്ദേഹം ഒരു ദിവസം എന്നോട് തന്റെ ഒരേയൊരു മകന് സംഭവിച്ച ദുരന്തത്തെപ്പറ്റി സംസാരിച്ചു. ഞാൻ അവിടെ ചെന്ന ദിവസം മകനെ കണ്ടു. പക്ഷെ അതിനുശേഷം കണ്ടിട്ടില്ല. അതേപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ ഘനഗംഭീരമായ ശബ്ദത്തിൽ ഒരു തീരാനോവിന്റെ പിടച്ചിൽ കേട്ടു. ഏതാനും ദിവസത്തെ പരിചയം മാത്രമുള്ള എന്നിൽ അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പ്രാണസഖിയുടെയും ജീവിതത്തെ നിത്യദുഃഖത്തിന്റെ നിഴലിലാഴ്ത്തിയ ഒരു സംഭവം സുരക്ഷിതമായിരിക്കും എന്ന്
എം.ബി.എസ് കരുതിയത് അദ്ദേഹത്തിന്റെ മഹാമനസ്‌കതയല്ലാതെ മറ്റെന്തായിരുന്നു? കബീറിന് കോളേജിലുണ്ടായ അനുഭവം (റാഗിങ്ങിന്റെ ഭാഗമായി നടക്കുന്ന നിർബന്ധിത മയക്കുമരുന്ന് പ്രയോഗം) ഇന്ന് മിക്കയിടങ്ങളിലും വാർത്ത പോലുമാവാതെ തമസ്‌കരിക്കപ്പെട്ട് കുഴിച്ചു മൂടപ്പെടുന്നു! എം.ബി. എസിനെപ്പോലെ അറിയപ്പെട്ട ഒരാളുടെ മകനുപോലും അത്തരം സംഘങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അന്നും കഴിഞ്ഞിരുന്നില്ല. കബീറിന്റെ കുടുംബ പശ്ചാത്തലം (അച്ഛൻ അയ്യങ്കാർ, അമ്മ ഇസ്‌ലാം) ആ സംഭവത്തിന്റെ രൂക്ഷതയ്ക്ക് മൂർച്ച കൂട്ടിയിരുന്നുവോ?

തെക്കേ ഇന്ത്യയിലെ സിനിമാസംഗീതത്തിൽ വാദ്യങ്ങൾ കൈകാര്യം ചെയ്യുന്നവരെക്കൂടി ഉൾപ്പെടുത്തി ഒരു ട്രേഡ് യൂണിയൻ സംഘടന വളർത്തിയത് എം. ബി.എസ് എന്ന മനുഷ്യനാണ്.

രണ്ടു ദിവസത്തെ റിഹേഴ്‌സൽ കഴിഞ്ഞ ഒരു ദിവസം പാട്ടുകാർക്ക് മറ്റെന്തോ പരിപാടി ഉണ്ടായിരുന്നതിനാൽ അതിനടുത്ത ദിവസം ഒരു റിഹേഴ്‌സൽ കൂടി നടത്തി പിറ്റേന്ന് റെക്കോർഡിംഗ് നടത്താം എന്നു തീരുമാനിച്ചു. ഈ ദിവസങ്ങളിൽ നരസിംഹന്റെയൊപ്പം ഞാൻ കോടമ്പാക്കം പരിസരങ്ങളിൽ ചുറ്റി. തെക്കേ ഇന്ത്യയിലെ സിനിമാസംഗീതത്തിൽ വാദ്യങ്ങൾ കൈകാര്യം ചെയ്യുന്നവരെക്കൂടി ഉൾപ്പെടുത്തി ഒരു ട്രേഡ് യൂണിയൻ ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. വളരെ ചെറിയ നിലയിൽ ആരംഭിച്ച ആ സംഘടന വളർത്തിയത് എം. ബി.എസ് എന്ന മനുഷ്യനാണ്. ഞാൻ 1978 ൽ മദിരാശിയിൽ ചെല്ലുമ്പോൾ, സിനിമാരംഗത്തെ ഏറ്റവും സംഘടിതരായ വിഭാഗം അവിടത്തെ മ്യൂസിഷ്യന്മാർ ആണെന്ന് നിസ്സംശയം പറയാം. റെക്കോർഡിംഗ് നടക്കുമ്പോൾത്തന്നെ പ്രതിഫലം നൽകുന്ന സമ്പ്രദായം ഈ സംഘടന ആവശ്യപ്പെട്ട് നിർമാതാക്കളെക്കൊണ്ട് അംഗീകരിപ്പിച്ചതാണ്. തമിഴിലൊക്കെയുള്ള വൻകിട നിർമാതാക്കൾക്ക് എം.ബി. എസിനോട് അക്കാര്യത്തിൽ നീരസം ഉണ്ടായിരുന്നിരിക്കാം. എതിർപ്പുകളിലൂടെ വളർന്ന എം.ബി.എസിന് അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. അക്കാലത്തു തന്നെ സംഗീതരംഗത്ത് പ്രവർത്തിച്ചിരുന്നവർ പണം പിരിച്ച് അവരുടേതായ ഒരു ഹാൾ നിർമിച്ചിരുന്നു. നരസിംഹൻ വളരെ അഭിമാനത്തോടെയാണ് എന്നെ അത് കാണിച്ചു തന്നത്.

പിരപ്പൻകോട് മുരളി

ഞങ്ങൾ റെക്കോർഡിംഗിന് തെരഞ്ഞെടുത്ത ഗാനത്തെക്കുറിച്ച് ഒരു കാര്യം പറയാൻ വിട്ടുപോയി. എന്നെ മദിരാശിക്ക് അയക്കുന്നതിന് രണ്ടു ദിവസം മുമ്പ് പി.ജി എന്റെ കയ്യിൽ ഒരു ഗാനസമാഹാരം തന്നിട്ട് അതിൽ നിന്ന് നല്ല ഒരു പാട്ട് തെരഞ്ഞെടുക്കാൻ പറഞ്ഞു. അതിലുണ്ടായിരുന്ന പാട്ടുകളെല്ലാം "വിപ്ലവ'ഗാനങ്ങളായിരുന്നു. അതിൽ ഈണമിട്ട, പാടാൻ നന്നായിരിക്കുമെന്ന് എനിക്ക് തോന്നിയ പാട്ട് എഴുതിയത് പിരപ്പൻകോട് മുരളി ആയിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ ആമച്ചൽ ഹരിയുടെ നേതൃത്വത്തിൽ നന്നായി നടന്നുവന്നിരുന്ന ‘ചങ്ങമ്പുഴ തീയറ്റേഴ്‌സ്' എന്ന ഗായകസംഘത്തിനുവേണ്ടി ഞാനുൾപ്പെടെയുള്ള പാട്ടുകാർ ധാരാളം ഇടങ്ങളിൽ പാടിയിട്ടുണ്ട്. ‘ചങ്ങമ്പുഴ തീയറ്റേഴ്‌സ്' എന്ന പേരിൽ തന്നെ ഒരു കാലഘട്ടത്തിന്റെ റൊമാൻസ് ഉണ്ടെന്ന് അന്നെനിക്ക് തോന്നിയിട്ടുണ്ട്. അവരോടോപ്പം പാടി നടന്നപ്പോഴാണ് ഞാൻ തിരുവനന്തപുരത്തിന്റെ കണ്ടിട്ടില്ലാത്ത ഒരു തനി ഗ്രാമീണമുഖം കണ്ടറിയുന്നത്. പിരപ്പൻകോട് മുരളി തിരുവനന്തപുരത്തുകാർക്ക് (പാർട്ടിക്കാർക്ക്) ഒരു ‘കൊച്ചു വയലാർ' ആയിരുന്നു. അദ്ദേഹത്തിന്റെ ആ ഗാനത്തിന്റെ ആദ്യവരികൾ മാത്രമേ എനിക്കിപ്പോൾ ഓർമ്മയുള്ളു: ‘ചെങ്കൊടി, ചെങ്കൊടി, ചെങ്കൊടി പുതിയ ധർമ്മനീതികൾക്കൊ- രരിയ കുങ്കുമക്കുറി, നവയുഗപ്രഭാതരാഗ- ദീപ്തിയാർന്ന പൊൻകുറി!'
ഇങ്ങനെ പൊന്നും കുങ്കുമവുമൊക്കെ ധാരാളം ചേർത്ത ഒരു ചെങ്കൊടിപ്പാട്ട്. പക്ഷെ ആ പുസ്തകത്തിലുള്ളതിൽ സംഗീതം കൊടുത്ത പാടാൻ ഏറ്റവും പറ്റിയ പാട്ട് അതുതന്നെ ആണെന്ന് എം.ബി. എസ് പറഞ്ഞപ്പോൾ എനിക്ക് സമാധാനമായി. സ്വകാര്യമായി ഇത്തിരി അഭിമാനവും. ആ അഭിപ്രായം
പിരപ്പൻകോട് മുരളിക്ക് ഒരു കോംപ്ലിമെന്റ്​ കൂടി ആയിരുന്നു.

ഗാനാലാപനത്തിലെ ജയചന്ദ്രൻവഴികളോട് മനസുകൊണ്ട് ഒട്ടും അടുപ്പമില്ലെങ്കിലും അന്നദ്ദേഹം സംസാരിച്ചതിൽ നിന്ന് ലളിതസംഗീതത്തിലെ എല്ലാ വഴികളും; ഭാഷകൾക്കതീതമായി, അദ്ദേഹത്തിന്ന് ‘കരതലാമലകം' തന്നെ ആയിരുന്നു എന്ന് ഞാനറിഞ്ഞു.

മറ്റൊരു കാര്യം സൂചിപ്പിക്കാൻ മറന്നുപോയി; ഞാൻ എം.ബി.എസിന്റെ വീട്ടിൽ ചെന്ന ദിവസം അദ്ദേഹത്തിന് ഏറ്റവും സന്തോഷം പകരുന്ന ഒരു വാർത്തയും വന്നെത്തി. അദ്ദേഹം സംഘഗാനത്തിൽ ചെയ്ത പരീക്ഷണങ്ങളും അവയുടെ അഭൂതപൂർവമായ ജനപ്രീതിയും കണക്കിലെടുത്ത് ഒരു അന്തർദേശീയസംഘടന അദ്ദേഹത്തെ ഒരു അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നു. ഞാൻ ചെന്ന ദിവസം അങ്ങനെ ഒരു വാർത്ത വന്നെത്തിയതിൽ അദ്ദേഹം ഹൃദയം തുറന്ന് ആഹ്ലാദിച്ചു.
പിറ്റേന്ന് റെക്കോർഡിംഗ് ഉച്ചയ്ക്കാണ് വച്ചിരുന്നത്. എ.വി.എം സി തീയറ്ററിൽ. ഞാൻ എം.ബി. എസിനോടൊപ്പമാണ് സ്റ്റുഡിയോയിലെത്തിയത്. അൽപം കഴിഞ്ഞ് ഗായകർ വന്നു. ആ ഗാനത്തിന് ഡ്രംസ്, ട്രംപെറ്റ് ഇങ്ങനെ മിനിമം ഓർക്കസ്ട്രയേ ഉപയോഗിച്ചുള്ളൂ. എം.ബി.എസ് പറഞ്ഞു; ‘ഇതാണ് ഞാൻ ജോർജ്ജിന്റെ കാര്യം പറഞ്ഞത്. There is no better musical instrument than the one in our throats...പ്രത്യേകിച്ച് ഇങ്ങനെയുള്ള, നല്ല ചുണയുള്ള പാട്ടുകൾക്ക് പാട്ടുകാരുടെ ശബ്ദം വലിയൊരു ഫാക്ടറാണ്. Anyway let's make the best out of our resources.'

ഇങ്ങനെയെല്ലാം പറഞ്ഞ് ഞങ്ങൾ പ്രധാന ഗായകനായ പി. ജയചന്ദ്രനുവേണ്ടി കാത്തു. എം.ബി.എസ് ക്ഷമാശീലനാണെങ്കിലും ക്ഷിപ്രകോപിയുമാണെന്ന് അന്നു ഞാൻ മനസ്സിലാക്കി. പ്രധാന ഗായകൻ വന്നില്ല. കാത്തിരിപ്പു നീണ്ടപ്പോൾ റെക്കോർഡിസ്റ്റ് അസ്വസ്ഥനായി. അപ്പോൾ എം.ബി.എസിന് ഒരു ഫോൺ കാൾ വന്നു. ഗായകൻ മറ്റൊരു റെക്കോർഡിംഗിലാണ്, അത് കഴിഞ്ഞാലുടനെ എത്തും. അപ്പോഴാണ് എം.ബി.എസിലെ ക്ഷിപ്രകോപിയെ ഞാൻ കേട്ടതും കണ്ടതും. അദ്ദേഹം ഗായകനോട് ഫോണിലൂടെത്തന്നെ തന്റെ അസന്തുഷ്ടി അറിയിച്ചു. പുറത്തുവന്ന ഗായകരെ വിളിച്ചു, "രവീ, നീയാണ് ലീഡ് സിംഗർ,' രവിക്ക് വളരെ സന്തോഷം. അക്കാലത്ത് രവി പ്രധാനമായും രവികുമാർ എന്ന നടനുവേണ്ടി ശബ്ദം കൊടുത്തുകൊണ്ടിരുന്നു. രവികുമാർ അക്കാലത്ത് പോപ്പുലറായ നടനായിരുന്നു. അങ്ങനെ രവിയും ആന്റോയും ലീഡ് ചെയ്ത ആ ഗാനം ഗംഭീരമായി കണ്ണൻ എന്ന പ്രശസ്തനായ റെക്കോർഡിസ്റ്റ് രേഖപ്പെടുത്തി. ഞങ്ങൾ അതിനുശേഷം ആ ഗാനം ഒന്നുരണ്ട് പ്രാവശ്യം കൂടെ കേട്ടു. അപ്പോഴേക്ക് ജയചന്ദ്രൻ എത്തി. എം.ബി.എസ് അദ്ദേഹത്തെയും കൊണ്ട് പുറത്തുപോയി, എന്നിട്ട് ഇത്രയും പറയുന്നത് ഞാൻ കേട്ടു, These people represent one of the biggest political organizations in Kerala, and it's important for you to have their goodwill...

അതിനുശേഷം ഞാൻ അവരോടെല്ലാം യാത്ര പറഞ്ഞ് പിറ്റേന്ന് തിരികെ എറണാകുളത്തെത്തി. എം.ബി.എസ്സിനെ പിന്നീടൊരിക്കൽ കൂടി കണ്ടു. ‘ജയൻ!' എന്നുവിളിച്ച് എന്റെ അടുത്തേക്ക് അദ്ദേഹം അതിവേഗം നടന്നുവന്നു. അത് മറ്റൊരു ഇടം, മറ്റാരുടെയോ സന്ദർഭം... എന്റെ സുഹൃത്ത് പരേതനായ കള്ളിക്കാട് രാമചന്ദ്രൻ തിരക്കഥയെഴുതിയ ‘മനസ്സിന്റെ തീർത്ഥയാത്ര' എന്ന സിനിമയുടെ ഗാനങ്ങൾ ചമയ്ക്കുവാൻ അദ്ദേഹം ‘നികുഞ്ജ'ത്തിൽ ഒ.എൻ.വിയുമൊത്ത് ഇരിക്കുമ്പോഴായിരുന്നു അത്. ഞാൻ അന്നവിടെ പോയത് മറ്റൊരാൾക്കുവേണ്ടി എം.ബി.എസിനെ കാണാൻ വേണ്ടിത്തന്നെ ആയിരുന്നു. മുറിയിൽ ഒ. എൻ. വി ഉണ്ടായിരുന്നതിനാലാവണം, ഞങ്ങൾ പുറത്തു നിന്നാണ് സംസാരിച്ചത്.

പി. ജയചന്ദ്രൻ

പി. ജയചന്ദ്രനെ 1979ൽ മോനുവിന്റെ ‘പമ്പരം' മാസികയുടെ മലയാളം പതിപ്പിനായി ഒരു അഭിമുഖത്തിന് വേണ്ടി കണ്ടു. മൂന്നുമണിക്കൂറോളം ഞങ്ങൾ സംഗീതം സംസാരിച്ചു. എന്നെ വിശ്വസിച്ച് കുറേ അണിയറക്കഥകൾ പറഞ്ഞു. ഞങ്ങൾ പോരാനിറങ്ങുമ്പോൾ കാറിനടുത്തു വന്ന് ‘പിന്നേയ്, ആ ഓഫ് ദ റെക്കോഡ് പറഞ്ഞതൊന്നും ചേർക്കല്ലേ,' എന്ന് വിനയം വിടാതെ ഓർമിപ്പിച്ചു. ഞാൻ ആ വാക്ക് പാലിച്ചു. ഗാനാലാപനത്തിലെ ജയചന്ദ്രൻവഴികളോട് മനസുകൊണ്ട് ഒട്ടും അടുപ്പമില്ലെങ്കിലും അന്നദ്ദേഹം സംസാരിച്ചതിൽ നിന്ന് ലളിതസംഗീതത്തിലെ എല്ലാ വഴികളും; ഭാഷകൾക്കതീതമായി, അദ്ദേഹത്തിന്ന് ‘കരതലാമലകം' തന്നെ ആയിരുന്നു എന്ന് ഞാനറിഞ്ഞു. പഴയ ‘ജനശക്തി ഫിലിംസി'ന്റെ പാട്ടിനെപ്പറ്റി ഞാൻ സംഭാഷണം തുടങ്ങിയപ്പോൾ തന്നെ ഓർമിപ്പിച്ചു. ആ പാട്ട് അന്നത്തേതിനുശേഷം ആരും കേട്ടില്ല. അതുകൊണ്ട് പാവം ഗായകനോട് എനിക്ക് വ്യക്തിപരമായി ഒരു നീരസവും തോന്നിയിരുന്നില്ല. ആ സമയം അത് എന്റെ വിഷയമേ അല്ലായിരുന്നു.

അന്നത്തെ കുളത്തൂപ്പുഴ രവി പിന്നെ രവീന്ദ്രനായി; യേശുദാസിന്റെ ശബ്ദത്തിന്റെ എല്ലാ സാധ്യതകളെയും തനിക്കാവും വിധം ഉപയോഗിച്ച് ഒന്നും പറയാതെ കടന്നു പോയി. മനോഹരൻ എവിടെയെന്നറിയില്ല. ആന്റോ ചേട്ടന്റെ അന്ത്യം ദാരുണമായിരുന്നെന്ന് അറിയാനിടയായി. ഓർമകൾക്ക് അപ്പോഴും ഇളവില്ല. ഒപ്പം ഒരു ഡെസ്‌ക് പകുത്ത് പഠിച്ച ടി.എൻ. ഗോപകുമാർ എന്ന ഞങ്ങളുടെ ഗോപൻ, അയാളെ വർഷങ്ങൾക്കുശേഷം കണ്ടിട്ട് തിരിച്ചറിയാനാവാതെ ഞാൻ നിന്നതും, ഗോപൻ തന്നെ ഓർമ്മയുടെ മാറാലകൾ വകഞ്ഞു മാറ്റിത്തന്നതും...
അതെല്ലാം പറയാതെ എങ്ങനെ ഈ പ്രവാഹം അവസാനിപ്പിക്കും?▮

(തുടരും)


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments