ഒരു ദിവസം ഞങ്ങൾ സംസാരിച്ചിരിക്കെ ഞാൻ മുരളിയോട് ചോദിച്ചു, ‘നിങ്ങളുടെ, അതായത് കേരള കോൺഗ്രസിന്റെ സൗന്ദര്യശാസ്ത്രം; ഈസ്‌തെറ്റിക്‌സ്; എന്താണ്?'
സ്മരണകൾ എഴുതുന്നവരെല്ലാം ‘ഹാ, ഞങ്ങളുടെ ആ പഴയ നല്ല കാലം...' എന്നുപറഞ്ഞ് അവനവന്റെ ഓർമയിലുള്ള പഴമയെ അതീവ റൊമാന്റിക്കായി അവതരിപ്പിക്കുന്ന ഒരു സമ്പ്രദായമുണ്ടല്ലോ. എഴുപതുകളെപ്പറ്റി രോമാഞ്ചം കൊള്ളുമ്പോൾത്തന്നെ, എഴുപതുകളിൽ ജീവിച്ച് ജീവിതത്തിന്റെ കയ്പ്പും മധുരവുമെല്ലാം അനുഭവിച്ച് ഇനിയും മരിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർക്ക് ജീവിതം ഒരു പ്രഹേളികയായിരുന്ന എഴുപതുകൾ തികച്ചും യഥാർത്ഥമായിരുന്നു.
സുഭാഷ് ചന്ദ്രബോസ് അറസ്റ്റ് ചെയ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷം പൊലീസ് ‘രാമനിലയ'ത്തിൽ വന്ന ബോസിന്റെ മുറിയാകെ തകിടം മറിച്ച് പരിശോധിച്ചു. ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു ബോസിന്റെ പക്കൽ. അവയ്ക്ക് എന്തുസംഭവിച്ചെന്ന് ആർക്കുമറിയില്ല. ശിക്ഷ കഴിഞ്ഞെത്തിയ ബോസിനോട് അതേപ്പറ്റി ചോദിച്ചാൽ ‘അതിനെപ്പറ്റിയൊന്നും നമുക്ക് വർത്തമാനം വേണ്ട' എന്ന മട്ടിൽ ഒഴിഞ്ഞുമാറുകയാണ് ബോസ് ചെയ്തത്. ബോസ് ജയിൽശിക്ഷ കഴിഞ്ഞുവരുമ്പോഴേക്ക് ഞാൻ ‘രാമനിലയ'ത്തിലെ ഒരു അന്തേവാസി ആയിക്കഴിഞ്ഞിരുന്നു. എന്നുവച്ചാൽ, ഗെയ്റ്റ് ക്രാഷ് ചെയ്ത് അകത്തായി.
മുരളി വളരെ വേഗം ഞങ്ങളുടെയെല്ലാം സുഹൃത്തായി. ഞാൻ ആദ്യമായാണ് ഒരു കേരള കോൺഗ്രസ്സുകാരനുമായി സൗഹൃദം സ്ഥാപിക്കുന്നത്.
ആ കാലത്ത് അവിടെ ഒരു പുതിയ താമസക്കാരൻ വന്നുചേർന്നു. കൊട്ടാരക്കരയിൽ നിന്നുവന്ന് ലോ അക്കാദമിയിൽ എൽ.എൽ.ബിക്ക് വായിക്കുകയായിരുന്ന ‘രമണൻ' എന്ന സ്വന്തം നാട്ടുകാരനെയാണ് ആ വന്നയാൾ ആദ്യം അന്വേഷിച്ചത്. വെളുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ. നെറ്റിയിൽ നല്ലൊരു വടു തെളിഞ്ഞു കിടന്നു. സൗമ്യനായ അയാൾക്ക് രമണന്റെ ശുപാർശയിൽ മാനേജർ ശ്രീകണ്ഠൻ ഒരു മുറി കൊടുത്തു. പുതിയ ആൾ ആരാണെന്ന് രമണൻ തന്നെ ഞങ്ങളെ (തോമസ് ജോർജ്ജ്, തോമസ് എബ്രഹാം, ഞാൻ) അറിയിച്ചു. വളരെ ആത്മാർത്ഥതയുള്ള ഒരു സി.പി.എം പ്രവർത്തകനായിരുന്നു രമണൻ. വന്ന പുതിയ അതിഥി കെ.എസ്.സി (പിള്ള ഗ്രൂപ്പ്) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലാണ് പഠിച്ചത്. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി ഓഫീസിൽ ജോലി കിട്ടി വന്നതാണ്. ലോ അക്കാദമിയിൽ അഡ്മിഷനു ശ്രമിക്കുന്നു. അത് കിട്ടാതിരിക്കില്ല. പേര് മുരളീധരൻ നായർ. കുടവട്ടൂർ എന്ന സ്ഥലമാണ് ജന്മദേശം.
സുന്ദരനായ മുരളി വളരെ വേഗം ഞങ്ങളുടെയെല്ലാം സുഹൃത്തായി. ഞാൻ ആദ്യമായാണ് ഒരു കേരള കോൺഗ്രസ്സുകാരനുമായി സൗഹൃദം സ്ഥാപിക്കുന്നത്. കമ്യൂണിസത്തിന്റെ വിശ്വമാനവികത എന്നെ അതിലേക്ക് ആകർഷിച്ച ഒരു പ്രധാന ഘടകമായിരുന്നു. അതേസമയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനുണ്ടായിരുന്ന നെഹ്‌റുവിയൻ ദർശനത്തിലെ ‘വസുധൈവ കുടുംബകം' എന്ന സങ്കൽപം കോൺഗ്രസിന് ഒരു മേന്മയായിരുന്നു. എന്നാൽ ‘കേരള കോൺഗ്രസ്' ഒരു വിചിത്രസംഘടനയായിട്ടാണ് ഞാൻ കരുതിയിരുന്നത്. അതുകൊണ്ട് മുരളിയ്ക്ക് ചില ‘ഗൃഹപാഠങ്ങൾ' കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിന്റെ ഭാഗമായി
ഒരു ദിവസം ഞങ്ങൾ സംസാരിച്ചിരിക്കെ ഞാൻ മുരളിയോട് ചോദിച്ചു, ‘നിങ്ങളുടെ, അതായത് കേരള കോൺഗ്രസി (ബി) ന്റെ സൗന്ദര്യശാസ്ത്രം; ഈസ്‌തെറ്റിക്‌സ്; എന്താണ്?' വെറുതെ ഒന്ന് കുഴയ്ക്കാനുള്ള ചോദ്യമെന്നതിൽക്കവിഞ്ഞ് അതിൽ കാര്യമില്ലെന്ന് മനസ്സിലായല്ലോ. മുരളി പ്രകടമായും അസ്വസ്ഥനായി. മറുപടിക്ക് തിരയുന്ന നേരത്ത് ഭാഗ്യവശാൽ മുരളിക്ക് ഒരു ഫോൺകാൾ വന്നു.
മുരളി വന്നതിനുശേഷം ‘രാമനിലയ'ത്തിലെ ടെലിഫോൺ ശബ്ദിച്ചിരുന്നത് കൂടുതലും മുരളിക്കുവേണ്ടി ആയിരുന്നു.
ഒരു ദിവസം മേശമേലിരുന്ന ഫോണിന്റെ കുഞ്ഞി ജാലകത്തിൽ പ്രിയ സഖാവ് എം.എ. ബേബിയുടെ വാട്‌സ്ആപ്പ് സന്ദേശം തെളിഞ്ഞു: Murali passed away.
ദിവസങ്ങൾ കഴിയുംതോറും മുരളിയിലെ യഥാർത്ഥ മനുഷ്യൻ സ്വയം അനാവൃതനായി. ആ കെ. എസ്.സി അലങ്കാരങ്ങൾക്കു പിന്നിൽ മനുഷ്യന്റെ ആന്തരികവ്യഥകളെ അറിയാൻ, അവയ്ക്ക് അൽപമെങ്കിലും സാന്ത്വനമേകാൻ ആത്മാർത്ഥമായി തപിക്കുന്ന ഒരു മനസ്സുണ്ടെന്ന് എനിക്ക് മനസ്സിലായി. ആ അടിയന്തരാവസ്ഥ കഴിയും മുമ്പേ മുരളിയെ ഞങ്ങൾ ഒരു ഒന്നാന്തരം എസ്.എഫ്.ഐ സഖാവായി ‘മെയ്ക്ക് ഓവർ' ചെയ്ത് സമ്പന്നനാക്കി. ലോ അക്കാദമിയിലെ പഠനവും നിരന്തരം തോമസ് ഏബ്രഹാമും രമണനും ആയുള്ള സമ്പർക്കവും മുരളിയുടെ ആ മാറ്റത്തിന്റെ ഗതിവേഗവും നാടകീയതയും വർധിപ്പിച്ചു. അതിനിടെ മുരളി ലോ അക്കാദമിയിൽ ഒരു നാടകത്തിൽ മനുഷ്യനെ തേടി പകൽവെട്ടത്തിൽ ഒരു മെഴുതിരിയുമായി ഗ്രീസിലെ തെരുവിൽ പ്രത്യക്ഷപ്പെട്ട ഡയോജനിസ് ആയി അഭിനയിച്ച് പരക്കെ പ്രശംസ നേടി. ശാസ്താംകോട്ട കോളേജിൽ ജി. ശങ്കരപ്പിള്ള സാറിന്റെ ശിക്ഷണത്തിൽ നാടകം പഠിച്ച മുരളിക്ക് ലോ അക്കാദമിയിലെ തുടക്കം ഭരത് അവാർഡിൽ എത്തിച്ചേരാൻ പോകുന്ന ഒരു ഇതിഹാസതുല്യമായ കഥയിലെ ആദ്യാക്ഷരങ്ങൾ മാത്രമായിരുന്നു എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സമ്മിശ്രവികാരങ്ങളോടെ ഞാനറിയുന്നു.
മുരളിയുടെ അന്ത്യദിനങ്ങളിൽ അയാൾ ഞാൻ ജോലി ചെയ്തിരുന്ന ദക്ഷിണാഫ്രിക്കയിൽ വന്നു. ഉദയനിധി സ്റ്റാലിന്റെ ‘ആദവൻ'എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനാണ് അയാൾ വന്നത്. ഒപ്പം നയൻതാര എന്ന ഒരു നടിയും ഉണ്ടായിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന അംടാട്ട എന്ന സ്ഥലത്തു നിന്ന് 1300 കിലോമീറ്റർ അകലെയുള്ള കേപ് ടൗൺ എന്ന മനോഹര നഗരത്തിലായിരുന്നു മുരളിയുടെ ഷൂട്ടിംഗ്. എന്റെ മകൾ അപർണ്ണയും അവളുടെ തോഴൻ അലൻ മില്ലറും കേപ് ടൗൺ വാസികളായിരുന്നതിനാൽ ഞാൻ മുരളിയെ അവരെ ഏൽപ്പിച്ചു.
അയാൾ അന്ന് സംഗീതനാടക അക്കാദമി ചെയർമാനോ മറ്റോ ആയിരുന്നല്ലോ. അതിന്റെ ഭാഗമായി നടത്താറുള്ള വാർഷികനാടകോത്സവം ആ കൊല്ലം ആഫ്രിക്കൻ തിയറ്ററിനെ കേന്ദ്രീകരിച്ചു നടത്താനായിരുന്നു പദ്ധതി. അങ്ങനെ മുരളിയെ യു.സി.ടി (യൂണിവേഴ്‌സിറ്റി ഓഫ് കേപ്ടൗൺ) യിലെ തീയറ്റർ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടുത്തിയതുമെല്ലാം അവർ ഇരുവരും ആയിരുന്നു. പക്ഷെ ആ ദിവസങ്ങളിലൊന്നിൽ ഫോൺ ചെയ്തപ്പോൾ എന്റെ മകൾ പറഞ്ഞത് ഇങ്ങനെയാണ്: ‘അച്ഛാ, ആ അങ്കിളിന് തീരെ വയ്യെന്ന് തോന്നുന്നു.'
ഷർട്ട് മാത്രമിട്ട് കൊടും തണുപ്പിൽ ചില രംഗങ്ങളിൽ (സ്റ്റണ്ട്) മുരളി പ്രത്യക്ഷപ്പെടുന്നുണ്ട്, ചിത്രത്തിന്റെ അവസാനഭാഗത്ത്. ‘തീരെ കട്ടികുറഞ്ഞ ഒരു ഷർട്ടാണ് സീനിലെല്ലാം അങ്കിളിന്റെ വേഷം. തണുക്കുന്നു എന്ന് എപ്പോഴും പറയാറുണ്ട്.'
ഞാൻ ഫോൺ ചെയ്യുമ്പോഴും അയാൾ അങ്ങനെ തന്നെ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയിലെ മഞ്ഞുകാലം മെയ് പകുതി മുതൽ ആഗസ്ത് മൂന്നാമത്തെ ആഴ്ച വരെയാണ്. ആ സമയം മഞ്ഞുപെയ്യുന്ന ഇടങ്ങൾ ആ രാജ്യത്ത് എത്ര വേണമെങ്കിലും ഉണ്ട്. സതർലാൻഡ് എന്ന കൊച്ചുപട്ടണം ആ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള ഒരു ഇടമാണ് (-25° വരെ താഴും മെർക്കുറി). കേപ് ടൗൺ പിന്നെ എപ്പോഴും മറ്റ് ദക്ഷിണാഫ്രിക്കൻ നഗരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
കുഞ്ചുപിള്ളയുടെ മൃതദേഹം ‘അൺനോൺ' എന്നു ടാഗ് ചെയ്യപ്പെട്ട് കിടക്കുന്നത് മെഡിക്കൽ കോളേജിൽ കണ്ട ഒരു ഹൗസ് സർജൻ വേണു നാഗവള്ളിയെ അറിയിച്ചതുകൊണ്ട് ആ ടാഗിലെ അനാഥത്വത്തിൽ നിന്ന് കുഞ്ചുവിന് മുക്തി ലഭിച്ചു.
മുരളി അന്ന് എന്നെ പലവുരു ക്ഷണിച്ചു, കേപ് ടൗൺ വരെ യാത്ര ചെയ്യാൻ. വേണമെങ്കിൽ രണ്ടു ദിവസത്തെ ലീവെടുത്തു പോകാമായിരുന്നിട്ടും ഞാൻ പോയില്ല. എനിക്കുപകരം എന്റെ മകൾ അവളുടെ തോഴനോടൊത്ത് മുരളിയെ ഗംഭീരമായി സൽക്കരിച്ചു. അതുകഴിഞ്ഞ് നാട്ടിലെത്തിയ മുരളി അധിക ദിവസങ്ങൾ ജീവിച്ചിരുന്നില്ല. ഒരു ദിവസം മേശമേലിരുന്ന ഫോണിന്റെ കുഞ്ഞി ജാലകത്തിൽ പ്രിയ സഖാവ് എം.എ. ബേബിയുടെ വാട്‌സ്ആപ്പ് സന്ദേശം തെളിഞ്ഞു: Murali passed away.
ഇതുപോലെ എത്ര സന്ദേശങ്ങൾ അതിനു മുൻപ് ഞാൻ വായിച്ചു. മഴ കനക്കുന്നൊരു ജൂലായ് മദ്ധ്യാഹ്നത്തിൽ പാലക്കാട്ട് ചിറ്റൂർ ഗവൺമെന്റ് കോളേജ് വിമൻസ് ഹോസ്റ്റൽ. അവിടെ എം.എക്ക് പഠിച്ചിരുന്ന എന്റെ സഖിയുമൊത്ത് കോഴിക്കോട്ടേക്ക് പോകാനിറങ്ങുമ്പോൾ അവളുടെ ഹോസ്റ്റലിലെ ഒരു അനിയത്തി മഴയത്ത് ഓടി വന്നു, "ദാ, ജയേട്ടന് ഒരു ടെലഗ്രാം ഉണ്ട്.'
ആ കുട്ടിയുടെ മുഖത്തും പരിഭ്രമം. അവിടെ നിന്ന് അത് പൊട്ടിച്ച ഞാൻ വായിച്ചു: Kunchu Pillai passed away.Rajendran.
എന്റെ സഹോദരൻ തന്നെ ആയിരുന്ന കുഞ്ചു പിള്ള. ഊറ്റുകുഴി ജങ്ഷനിൽ ‘ശ്രീനീലപത്മം' എന്ന പ്രസ്സ് നടത്തിയിരുന്ന, മുറ്റത്തൊരു ചന്ദനമരവും പവിഴമല്ലിയും വളർത്തിയിരുന്ന, മനസ്സിൽ ഒരുപാട് കവിതകളുണ്ടായിരുന്ന, എന്നാൽ കുറച്ചു മാത്രം എഴുതിയ കുഞ്ചുപിള്ള. ധാരാളം തമാശകൾ പറയുകയും നന്നായി മദ്യപിക്കുകയും ചെയ്തിരുന്ന കുഞ്ചുപിള്ളയുടെ ഒരു തമാശയിലെ ക്രൂരത തന്നോടുതന്നെ ആയിരുന്നു: ‘മുപ്പത്തിമൂന്ന് മരിക്കാൻ ഏറ്റവും നല്ല പ്രായമാണ്.
ഞാൻ മിക്കവാറും ആ പ്രായത്തിലായിരിക്കും മരിക്കുന്നത്.'
ഇങ്ങനെയൊക്കെ പറഞ്ഞുനടന്ന, വഴുതയ്ക്കാട്ടെ മാഗ്‌നെറ്റ് ഹോട്ടലിലെ ബാറിനോട് (ഇപ്പോൾ കലാഭവൻ തീയേറ്റർ ഇരിക്കുന്നയിടത്തായിരുന്നു മാഗ്‌നെറ്റ്. വളരെ പ്രസന്നമായ അന്തരീക്ഷം ഉണ്ടായിരുന്ന തിരുവനന്തപുരത്തെ അപൂർവം ബാറുകളിലൊന്ന്) ഒരു പ്രത്യേക പ്രണയമുണ്ടായിരുന്ന കുഞ്ചുപിള്ള
എന്റെ വളരെ നല്ല സുഹൃത്തായിരുന്നു. പല വലിയ പദ്ധതികളും ഉണ്ടായിരുന്നു കുഞ്ചുപിള്ളയ്ക്ക്. അതെല്ലാം ബാക്കിയാക്കി, ഒരു രാത്രി സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിലേക്ക് നിരത്ത് മുറിച്ചുകടക്കവേ, ഒരു നിമിഷാർദ്ധത്തിന്റെ വ്യത്യാസത്തിൽ പാഞ്ഞുവന്ന ഒരു വാഹനം അയാളെ ഇടിച്ചുതെറിപ്പിച്ചു കളഞ്ഞു. നഗരം മുഴുവൻ സൗഹൃദങ്ങളുണ്ടായിരുന്ന, ആ സൗഹൃദങ്ങളുടെയെല്ലാം ജീവനായി എത്രയോ സ്‌നേഹവിരുന്നുകളിൽ ആർത്തുചിരിച്ചും ചിരിപ്പിച്ചും നടന്നു പോയ കുഞ്ചുപിള്ളയുടെ മൃതദേഹം ‘അൺനോൺ' എന്നു ടാഗ് ചെയ്യപ്പെട്ട് കിടക്കുന്നത് മെഡിക്കൽ കോളേജിൽ കണ്ട ഒരു ഹൗസ് സർജൻ വേണു നാഗവള്ളിയെ അറിയിച്ചതുകൊണ്ട് ആ ടാഗിലെ അനാഥത്വത്തിൽ നിന്ന് കുഞ്ചുവിന് മുക്തി ലഭിച്ചു.
ആ ദിവസം 1981 ജൂലൈ 27 ആയിരുന്നു.
വർഷം 2011, ജൂലൈ. മൂന്നാഴ്ചത്തെ അവധിയാണ് ഞങ്ങൾക്ക് ജൂൺ- ജൂലായ് മാസങ്ങളിൽ ലഭിക്കുക. ഞങ്ങളുടെ മകൾ ഉപരിവിദ്യാഭ്യാസം ആരംഭിച്ചതോടെ ഞങ്ങൾ ഒരുമിച്ച് അവധിക്കാലത്ത് നാട്ടിൽ വരുക എന്നത് തീർത്തും നിലച്ചു. അതിനു കാരണം ഞങ്ങളുടെ പൂച്ചകൾ ആയിരുന്നു. ഒരു സമയം ഞങ്ങൾക്ക് 22 പൂച്ചകൾ വരെ ഉണ്ടായിരുന്നു. അവരെ മറ്റാരെയും ഏൽപ്പിച്ചു പോരാൻ കഴിയില്ല. പൂച്ചകൾ നായ്ക്കളെപ്പോലെ അല്ല. നായയ്ക്ക് ഭക്ഷണമാണ് പ്രധാനം. പൂച്ചയ്ക്ക് ലാളനയും, ആരെങ്കിലും അടുത്തുണ്ട് എന്ന ഒരു ധാരണയും. അതുകൊണ്ട് ഞങ്ങൾ ഊഴമിട്ടാണ് നാട്ടിൽ വന്നിരുന്നത്. ഞാൻ എപ്പോഴും മൺസൂൺ കാലം തെരഞ്ഞെടുത്തു.
ആ മൺസൂൺ കാലത്ത് എന്റെ ആത്മസുഹൃത്ത് ജോർജ്ജിന്റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ഞാൻ സംബന്ധിച്ചു. ശരീരഗീതങ്ങൾ എന്ന ഒരുപാട് അസാധാരണത്വങ്ങളുള്ള ഒരു കവിതാസമാഹാരം. ജോർജ്ജ് ഒരു ചിത്രകാരൻ കൂടി ആയതിനാൽ ചിത്രകലയിൽ ജോർജ്ജ് വാരിത്തൂവുന്ന നിറങ്ങളും നിഴലുകളും വാങ്മയങ്ങളിൽക്കൂടി സംവദിക്കുന്ന അഭൗമസുന്ദരമായ കവിതകൾ. ആ ചടങ്ങ് കഴിഞ്ഞ് ഞങ്ങൾ പ്രസ് ക്ലബ്ബിനു മുന്നിൽ കെ. പി. കുമാരേട്ടനുമായി പിരിയും മുൻപ് വർത്തമാനം പറഞ്ഞു നിൽക്കുമ്പോൾ കുമാരേട്ടൻ എന്നോട് പറഞ്ഞു, ‘ജയൻ ഇയാളെ പരിചയപ്പെട്ടിട്ടുണ്ടോ?'
ഞാൻ അയാൾ കടന്നുവന്നപ്പോൾ തന്നെ ശ്രദ്ധിച്ചിരുന്നു. ഏഷ്യാനെറ്റിലെ ടി. എൻ. ഗോപകുമാർ. നേരിൽ കാണുകയാണെങ്കിൽ അയാൾ മലയാളഭാഷയെ കൊലചെയ്യുന്നതിനെപ്പറ്റി ‘രണ്ടു വർത്തമാനം പറയണം' എന്നു ഞാൻ വിചാരിച്ചിരുന്നു. അയാൾ എന്റെ അടുത്തേക്ക് നീങ്ങിനിന്നു, എന്നിട്ട് കുമാരേട്ടനോടും എന്നോടുമായി പറയുകയാണ്, ‘എന്നെ മനസ്സിലായില്ലേ?' എന്റെ തോളിൽ പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു; "ഇത് ഗോപനാ ഗോപൻ...'
സത്യത്തിൽ എനിക്ക് വിശ്വാസം വന്നില്ല. പക്ഷെ, സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു, കുസൃതി നിറഞ്ഞ കണ്ണുകൾ. എപ്പോഴും ഒരു ‘പഞ്ച് ലൈൻ' തിരയുന്ന കണ്ണുകൾ.
‘ഒരേ ഡെസ്‌ക് ഷെയർ ചെയ്ത് രണ്ടു വർഷം ഇരുന്നിട്ട് എന്നെ അറിയില്ല... അല്ലെ... ഇയാളുടെ "സന്യാസിനീ' എന്ന പാട്ടു കേൾക്കാൻ പെൺപിള്ളേർ ധൃതി കൂട്ടുമ്പോൾ ഞാൻ പറഞ്ഞിരുന്നു, ‘എന്തൊരു ബോറൻ പാട്ടാ അത്, എന്ന്.'
പിന്നീട് ചിത്രങ്ങൾ ഒന്നൊന്നായി തെളിഞ്ഞു.
ഗോപൻ, മുരളി... ഇവരായിരുന്നു ഞാൻ എം.എക്കുചേർന്നപ്പോൾ ആ ക്ലാസിൽ എന്നോട് സഹൃദം കാണിക്കാൻ മടിക്കാതിരുന്നവർ. ഇംഗ്ലീഷ് എം.എ ക്ലാസിൽ ഒരു തരം വംശീയതയുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ മിക്ക വിഭാഗങ്ങളിലും അക്കാലത്ത് വംശീയത ഉണ്ടായിരുന്നു. മലയാളം ഡിപ്പാർട്‌മെന്റിൽ പ്രശസ്തനായ ഒരു വകുപ്പദ്ധ്യക്ഷൻ ഉണ്ടായിരുന്നു. മലയാളം എം.എക്ക് പഠിച്ചിരുന്ന എന്റെ ഒരു സ്‌നേഹിതന് പരീക്ഷ അടുത്തിരിക്കുന്ന സമയത്ത് അയാളുടെ അച്ഛൻ മരിച്ചതിനാൽ നാട്ടിൽ പോകേണ്ടി വന്നു. മൂത്ത പുത്രനാണ്. താഴെ രണ്ടു സഹോദരിമാരാണ്. അങ്ങനെ അയാൾ പോയി, എല്ലാ ചടങ്ങുകളും കഴിഞ്ഞ് തിരികെ വന്നപ്പോൾ വകുപ്പദ്ധ്യക്ഷനെ ‘മുഖം കാണിക്കാൻ' ചെന്നു. അദ്ദേഹം ചാടിക്കടിക്കുമെന്നാണ് എന്റെ സ്‌നേഹിതൻ വിചാരിച്ചത്. പക്ഷെ അത്ഭുതം! അത്ഭുതം! വരുവിൻ കാണുവിൻ! മഹാനായ അധ്യക്ഷൻ മെല്ലെ എഴുന്നേൽക്കുന്നു. എന്റെ സ്‌നേഹിതന്റെ അടുത്ത വന്ന് തോളിൽ കൈ വച്ച് സ്വതസിദ്ധമായ ഒരു പുളിച്ച ചിരിയോടെ മരണത്തെക്കുറിച്ചും ചടങ്ങുകളെക്കുറിച്ചുമെല്ലാം അന്വേഷിക്കുന്നു. അവസാനം ഒരു ഉഗ്രൻ പഞ്ച് ലൈൻ പറയുന്നു; ‘താൻ ഒരു ... ആണെന്നാ പേര് കേട്ടപ്പോൾ ഞാൻ വിചാരിച്ചത് കേട്ടോ. ... രായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നോട് പല കാര്യങ്ങളിലും കുറേക്കൂടെ ലിബറൽ ആകുമായിരുന്നു...സാരമില്ല, നോക്കാം.'
എന്റെ സ്‌നേഹിതൻ വീഴാതിരിക്കാൻ ചുമരിൽ പിടിച്ചാണ് പുറത്തുവന്നത്. ആ സ്‌നേഹിതൻ ഇന്ന് മലയാള മാധ്യമരംഗത്ത് നന്നായി അറിയപ്പെടുന്നൊരാളാണ്.
‘തന്റെ ജാതി എന്താ' എന്നു പരസ്യമായി ചോദിക്കാനാവാതെ വരുമ്പോൾ അതിനു മറ്റു കുത്സിത മാർഗ്ഗങ്ങളും ഉപയോഗിക്കേണ്ടി വരുന്ന വകുപ്പദ്ധ്യക്ഷന്മാരുടെ കാലം കഴിഞ്ഞു.
1972 മുതൽ യൂനിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ അടക്കമുള്ള ഇടതുപക്ഷവിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചു വരുന്നു എന്ന സത്യം സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ, അവയുടെ വളർച്ചയും സ്വാധീനവും കൊണ്ട് ഗുണപരമായ എന്തുമാറ്റമാണ് കലാലയസമൂഹത്തിൽ വന്നുചേർന്നിട്ടുള്ളത് എന്ന ചോദ്യവും ഉയരുന്നു. വിദ്യാർഥി സമൂഹത്തിൽ വന്നുചേർന്ന മാറ്റത്തിന്റെ ഒരു ചെറിയ ലാഞ്ഛന അധ്യാപകരും രക്ഷകർത്താക്കളുമടങ്ങുന്ന സ്റ്റെയ്ക് ഹോൾഡേഴ്‌സിൽ പ്രതിഫലിക്കുന്നുണ്ടോ? ‘തന്റെ ജാതി എന്താ' എന്നു പരസ്യമായി ചോദിക്കാനാവാതെ വരുമ്പോൾ അതിനു മറ്റു കുത്സിത മാർഗ്ഗങ്ങളും ഉപയോഗിക്കേണ്ടി വരുന്ന വകുപ്പദ്ധ്യക്ഷന്മാരുടെ കാലം കഴിഞ്ഞു. ഇന്ന് എല്ലാം പരസ്യമായിത്തന്നെ നടത്തുകയാണ് ജാതിവെറിയുടെ പൂജാരിമാർ.▮
(തുടരും)